Author Image ഡോ. എസ്. മുഹമ്മദ് ഇർഷാദ്

തീരനഷ്ടം: ചോദ്യം ചെയ്യപ്പെടുന്ന കേരള സാമൂഹിക വികസന മാതൃക

പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിർമ്മിത ദുരന്തങ്ങളും ഒരുപോലെ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വിഭാഗം കേരളത്തിലെ തീരദേശവാസികളാണ്. കടൽക്ഷോഭം അതിന്റെ തീവ്രതയിൽ മനസിലാക്കിയ ഒരു സമൂഹം കൂടിയാണ് കേരളത്തിലെ മൽസ്യതൊഴിലാളികൾ. കടൽക്ഷോഭം ഒരു ദുരന്തമായി തീർന്നതിന് ഒരു അഞ്ചുപതിറ്റാണ്ട് പഴക്കമേയുള്ളു. പ്രത്യേകിച്ചും കടൽക്ഷോഭം തീരനഷ്ടമുണ്ടാകുന്ന അവസ്ഥ കേരളത്തിലെ വികസന നയവുമായി ബന്ധപ്പെട്ടുകൊണ്ട് കൂടി പരിഗണിക്കേണ്ടതുണ്ട്. കേരള നിയമസഭാ രേഖകളിൽ 1960-ൽ നടപ്പാക്കിയ കടൽക്ഷോഭത്തെ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങൾ കാണം. 

പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിർമ്മിത ദുരന്തങ്ങളും ഒരുപോലെ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വിഭാഗം കേരളത്തിലെ തീരദേശവാസികളാണ്. കടൽക്ഷോഭം അതിന്റെ തീവ്രതയിൽ മനസിലാക്കിയ ഒരു സമൂഹം കൂടിയാണ് കേരളത്തിലെ മൽസ്യതൊഴിലാളികൾ. കടൽക്ഷോഭം ഒരു ദുരന്തമായി തീർന്നതിന് ഒരു അഞ്ചുപതിറ്റാണ്ട് പഴക്കമേയുള്ളു. പ്രത്യേകിച്ചും കടൽക്ഷോഭം തീരനഷ്ടമുണ്ടാകുന്ന അവസ്ഥ കേരളത്തിലെ വികസന നയവുമായി ബന്ധപ്പെട്ടുകൊണ്ട് കൂടി പരിഗണിക്കേണ്ടതുണ്ട്. കേരള നിയമസഭാ രേഖകളിൽ 1960-ൽ നടപ്പാക്കിയ കടൽക്ഷോഭത്തെ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങൾ കാണം. കേന്ദ്ര ഭൂഗർഭ ജല വകുപ്പിന്റെ കണക്ക് പ്രകാരം അൻപത്തിഏഴ് ശതമാനം (57%) കേരളം തീരവും ശോഷണത്തിന് വിധേയമാകാൻ പര്യാപ്തമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. 1980ലെ കേന്ദ്ര ഭൂഗർഭ ജലവകുപ്പിന്റെ മറ്റൊരു വിലയിരുത്തലിൽ എൺപത്തിഅഞ്ചു ശതമാനം തീരവും നഷ്ടപ്പെടാൻ സാധ്യതയുള്ളതാണ്. ഇത്തരത്തിലുള്ള വിലയിരുത്തലുകൾ ഒക്കെ നടന്ന കേരളത്തിൽ എത്ര തീരം നഷ്ടപ്പെടുമെന്നോ എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നോ ഉള്ള കണക്ക് ലഭ്യമല്ല.
 
2011ലെ കണക്കുപ്രകാരം 493.3 ഹെക്ടർ തീരമാണ് കേരളത്തിൽ നഷ്ടമായത്. ചില പ്രദേശങ്ങൾ ഒറ്റക്കെടുത്തു പഠിച്ചാൽ സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ഇവിടങ്ങളിലേ തീരനഷ്ടം എന്ന് കണക്കാക്കാം. ഇത്രയും ഏക്കർ തീരം നഷ്ടപ്പെടുന്നു എന്നാൽ അത്രയും തീരദേശവാസികൾക്ക് തൊഴിലും, പാർപ്പിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെടുന്നു എന്നും മനസിലാക്കണം. എന്നാൽ ഈ നഷ്ടത്തെ കേരളം നേരിടുന്നതിൽ ഉണ്ടായ വീഴ്ചകളെ കൂടിവിലയിരുത്തേണ്ടതുണ്ട്. തീരദേശത്തെ നിർമാണ പ്രവർത്തനങ്ങളും പ്രത്യേകിച്ചും മൽസ്യബന്ധനവുമായി ബന്ധപ്പെട്ട പശ്ചാത്തല വികസനം തീരനഷ്ടം ഉണ്ടാക്കിയിട്ടുണ്ട് എന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ തീരശോഷണം സംഭവിച്ച പ്രദേശങ്ങളിൽ ഒന്നായ കൊല്ലം ജില്ലയിലെ ഇരവിപുരത്തെ കേന്ദ്രീകരിച്ചു നടത്തിയ ഒരു പഠനത്തിൽ കാണാൻ കഴിഞ്ഞത് 1998ൽ പൂർത്തിയാക്കിയ തങ്കശേരി ഹാർബറിന്റെ നിർമാണത്തോടെയാണ് ഇരവിപുരത്തെ തീരം നഷ്ടപ്പെട്ടു തുടങ്ങിയത് എന്നാണ്. 

പൊതുവേ മഴക്കാലങ്ങളിൽ ഈ തീരം അശാന്തമാണ്, ഹാർബർ നിർമ്മാണം തുടങ്ങുന്നതു വരെ ഇതൊരു താത്കാലിക പ്രതിഭാസമായിരുന്നു. എന്നാൽ ഇന്ന് ഈ തീരങ്ങളിൽ മൽസ്യബന്ധനം പോലും നടക്കാത്ത തരത്തിൽ തീരനഷ്ടം ഉണ്ടായി എന്നതാണ് വസ്തുത. പ്രദേശത്തെ നാലോളം പുനരധിവാസ കോളനികളിലായി ഒരുകൂട്ടം മൽസ്യതൊഴിലാളികൾ പുനരധിവസിക്കപ്പെട്ടു. അതേസമയം കഴിഞ്ഞ ഇരുപതുകൊല്ലത്തിനിടെ ഈ പ്രദേശത്തുനിന്നും എത്ര കുടുംബങ്ങൾ കുടിയൊഴിക്കപ്പെട്ടു എന്ന കണക്ക് കൃത്യമായി ആരുടേയും പക്കലില്ല. കേരള സർക്കാർ പ്രദേശത്തെ സന്നദ്ധസംഘടനകളുടെ സഹായത്തോടെ മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അരസെന്റ് വസ്തുവും ചെറിയ വീടും ഗുണഭോക്തൃ വിഹിതമായി പതിനയ്യായിരം രൂപ ഈടാക്കിവെച്ച് നൽകി എന്നതൊഴിച്ചാൽ മറ്റൊരു സാധ്യതയും സർക്കാരിന് മുന്നോട്ട് വെക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റം പരിമിതമായ ഒരിടത്ത് ജീവിതം തളച്ചിടപ്പെട്ടു എന്നതാണ്. ഇവരുടെ പരമ്പരാഗതമായ ജീവിതരീതികളിൽ വലിയമാറ്റം ഉണ്ടായി. അതിൽ പ്രധാനം തൊഴിൽ രീതിയിൽ ഉണ്ടായ മാറ്റങ്ങളാണ്. തനതു രീതികളിൽ നിന്നും മാറി തികച്ചും ഹാർബറിനെ മാത്രം ആശ്രയിച്ചു ജീവിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായത്. സ്വന്തമായി വള്ളവും വലയും ഉപയോഗിച്ച് മൽസ്യബന്ധനം നടത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി അതോടൊപ്പം വരുമാനവും തൊഴിൽദിനങ്ങളിലും വലിയ കുറവാണ് ഉണ്ടായത്. ഈ  പ്രദേശത്തെ ഒരു മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പ്രകാരം വരുമാനത്തിലും തൊഴിൽദിനങ്ങളിലും വലിയ കുറവുണ്ടായിട്ടുണ്ട് (പട്ടിക ഒന്ന് നോക്കുക).

വർഷംതോറും തീരനഷ്ടം ഉണ്ടാകുന്ന മറ്റൊരു പ്രദേശമാണ് കൊല്ലം ജില്ലയിലെ ചവറ. ഇവിടെ നിന്നുമാത്രം 13 ഹെക്ടർ തീരം നഷ്ടപെട്ടു എന്നാണ് National Institute For Interdisciplinary Science and Technology നടത്തിയ പഠനം ചൂണ്ടിക്കാണിച്ചത്. കരിമണൽ ഖനനവും തീരനഷ്ടവും പൊന്മന, വെള്ളാനാംതുരുത്ത് എന്നീ രണ്ടു തീരദേശ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കി. എന്നാൽ കേരളത്തിൽ ചില ഒറ്റപ്പെട്ട പത്രറിപ്പോർട്ടുകൾ അല്ലാതെ ഈ പ്രദേശങ്ങളെ കുറിച്ച് വലിയ വാർത്തകൾ ഒന്നും തന്നെ വരാറില്ല. സ്വാഭാവികമായി സംഭവിക്കുന്നതിനപ്പുറം വികസന പ്രവർത്തനമൂലം കേരളത്തിൽ തീരനഷ്ടം ഉണ്ടാകുന്നു എന്ന് പല പഠനങ്ങളും തെളിയിച്ചതാണ്. കൂടാതെ വികസനത്തിൽ മാതൃകയായ കേരളത്തിൽ, തീര സംരക്ഷണത്തിന് ഒരു മാതൃക രൂപപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നതും വസ്തുതയാണ്. കടൽഭിത്തി, പുലിമുട്ട് തുടങ്ങിയ സാമ്പ്രദായിക രീതികൾ ഫലപ്രദമല്ല എന്ന് തെളിയിക്കപ്പെട്ടതാണ്. അതോടൊപ്പം കേരളത്തിൽ ഇനിയും ഫിഷിങ് ഹാർബറുകൾ ആവശ്യമുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ ഫിഷറീസ് വകുപ്പും, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പും നിലനിൽക്കുന്നതുതന്നെ തീരമേഖലയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനംകൊണ്ടാണ് എന്ന് പറയേണ്ടിവരും. വകുപ്പുകൾക്ക് എന്തുകൊണ്ട് തീരനഷ്ടത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ചുള്ള അറിവുകൾ ഉണ്ടാക്കാൻ കഴിയുന്നില്ല എന്നത് കേരളത്തിൽ ഉയർന്നുവരേണ്ട ഒരു ചോദ്യമാണ്. 
 

ഓരോ വർഷവും ഉണ്ടാകുന്ന തീരനഷ്ടം ആനുപാതികമായി മൽസ്യത്തൊഴിലാളികളെ കുടിയിറക്കുന്നതിന് കാരണംകൂടിയാകുന്നുണ്ട്. സർക്കാരിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 19000 കുടുംബങ്ങൾ തീരത്തുനിന്നും 50 മീറ്റർ പരിധിയിൽ താമസിക്കുന്നുണ്ട്. സർക്കാരിന്റെ തന്നെ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവരെ പുനധിവസിപ്പിക്കാനാണ് സർക്കാർ ശ്രമം. പുനർഗേഹം പദ്ധതി ഒരുതരത്തിൽ അടിച്ചേൽപ്പിക്കലാണ്. ഈ പദ്ധതി അംഗീകരിച്ചാൽ മാത്രമേ ഇവർക്ക് നഷ്ടപരിഹാരമായ പത്തുലക്ഷം രൂപ വിലവരുന്ന വീടും ഭൂമിയും കിട്ടുകയുള്ളു. എന്നാൽ നിലവിലെ കേരള സാഹചര്യത്തിൽ തീരനഷ്ടം കൂടുന്നതോടെ കുടിയിറങ്ങേണ്ടി വരുന്ന കുടുംബങ്ങളുടെ എണ്ണവും വർധിക്കും. പുനർഗേഹം പോലെയുള്ള പദ്ധതികളിൽ ഇടംപിടിച്ചു എന്നതൊഴിച്ചാൽ മൽസ്യതൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും സാമൂഹിക ജീവിതവും സർക്കാർ അജണ്ടകളിൽ ഇല്ലാ എന്നതാണ് വസ്തുത.
 
എന്തുകൊണ്ടാണ് കേരളത്തിലെ തീരപ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ നാലുപതിറ്റാണ്ടായി നടക്കുന്ന ഈ കുടിയിറക്കിനെപ്പറ്റി പൊതുചർച്ചകളോ, രാഷ്ട്രീയ മുന്നേറ്റങ്ങളോ നടക്കാതെപോകുന്നത്? ഒരു ഗവേഷകൻ എന്ന നിലയിൽ ഈ ലേഖകനെപോലെയുള്ളവർക്ക് ഇതൊരു വലിയ സാമൂഹിക പ്രശ്നവും ഇത്തരം പഠനങ്ങൾക്ക് അക്കാഡമിക് പ്രാധാന്യവും ഉള്ളതാണ്. എന്നാൽ കേരളം നേടിയെടുത്ത വികസന നയത്തിൽ മൽസ്യതൊഴിലാളികൾക്കും തീരദേശത്തിനും ഇടമില്ലാത്തത്കൊണ്ട് കൂടിയാണ് ഈ നഷ്ടത്തിന്റെ വ്യാപ്തിയെകുറിച്ച് കേരളം മനസിലാകാതെ പോകുന്നത് എന്ന ഒരു നിരീക്ഷണത്തിലാണ് ഇത്തരം അന്വേഷണങ്ങൾ എത്തുന്നത്. ഫിഷറീസ് വകുപ്പിന്പോലും ഇതുവരെ കേരളത്തിൽ എത്ര മൽസ്യതൊഴിലാളികൾ കുടിയിറക്കപ്പെട്ടു എന്ന കണക്കില്ല. കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ഇടപെടുന്ന ഒരു വിഭാഗമാണ് മത്സ്യത്തൊഴിലാളികളും തീരദേശമേഖലകളും, അതുകൊണ്ട് ഈ കുടിയിറക്ക് സർക്കാർ ഉത്തരവാദിത്തം കൂടിയാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിഷേധത്തിനുള്ള ഒരു സാധ്യതയും മൽസ്യത്തൊഴിലാളികൾക്കില്ല. കൃത്യമായി പറഞ്ഞാൽ സർക്കാർ ക്ഷേമപദ്ധതികളുടെ നിയന്ത്രണത്തിൽ ജീവിക്കുന്ന ഒരു സമൂഹം എന്നനിലയിൽ പലപ്പോഴും സർക്കാരിനെതിരെ സമരം ചെയ്യാൻപോലും ഈ സമൂഹത്തിന് കഴിയുന്നില്ല എന്നതാണ് വസ്തുത. 
കേരള പൗര സമൂഹം മൽസ്യതൊഴിലാളികളിൽ നിന്നും ഇത്രത്തോളം അകന്നാണ് നിൽക്കുന്നത് എന്ന് വെളിവാക്കപ്പെട്ടതാണ് ഓഖി ചുഴലിക്കാറ്റ്. മത്സ്യതൊഴിലാളികളിൽ സൃഷ്ടിച്ച പ്രതിസന്ധികളോട് കേരളസർക്കാരും പൊതുസമൂഹവും പ്രതികരിച്ച രീതിതന്നെ കേരള വികസന മാതൃകയുടെ പ്രതിസന്ധിയുടെ ആഴത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

തീരങ്ങൾ ഇല്ലാതാകുന്നതോടെ സ്വതന്ത്ര മൽസ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടും. കേരളത്തിൽ ഏറ്റവും കൂടുതൽ തീരനഷ്ടമുണ്ടായ കൊല്ലം ജില്ലയിലെ ഇരവിപുരത്തെ മൽസ്യത്തൊഴിലാളികളിൽ നിന്നും മനസിലായത് മൽസ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനോ മത്സ്യബന്ധനത്തിനായി നേരിട്ട് കടലിലേക്ക് ഇറങ്ങാനോ കഴിയാത്തതു മൂലം സ്വന്തം മൽസ്യബന്ധന ഉപാധികൾ ഉപേക്ഷിച്ച് ബോട്ടിൽ തൊഴിലാളികളായി മാറിയെന്നാണ്. ഉപേക്ഷിക്കാൻ കഴിയാത്തവർ ഒറ്റക്കോ കൂട്ടംചേർന്നോ അതിരാവിലെ തന്നെ ലോറികളിലും ചരക്കു കടത്തുന്ന ഓട്ടോറിക്ഷകളിലും ബോട്ടുകൾ തുറമുഖത്തെത്തിച്ച് മൽസ്യബന്ധനത്തിന് പോകുന്നുമുണ്ട്. സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലുംഇപ്പോഴും ഇത്തരത്തിൽ മൽസ്യബന്ധനം നടത്തുന്ന നിരവധി തൊഴിലാളികളെ ഈപ്രദേശത്തു കാണാൻ കഴിയും.

ഹാർബറുകൾ കേന്ദ്രീകരിച്ചുള്ള മൽസ്യബന്ധനമാണ് കേരളത്തിൽ ഇപ്പോൾ പ്രചാരത്തിലുള്ളത്. സർക്കാരിനും ഈ രംഗത്തെ ഇടനിലക്കാർക്കും ഗുണകരമാകുന്നത് ഹാർബർ കേന്ദ്രീകരിച്ചുള്ള മൽസ്യവിപണനമാണ്. കേരളത്തിലെ വളർന്നുവരുന്ന മുതലാളിത്ത മത്സ്യോത്പാദനരീതി പ്രാദേശിക വിപണ സംവിധാനങ്ങൾ അപ്രസക്തമാക്കി, കൂടാതെ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ എല്ലാംതന്നെ ഹാർബർ കേന്ദ്രീകൃതമാണ്. തൊഴിലാളികൾക്ക് അവരുടെ സാമൂഹിക നിലനിൽപ്പിന് സർക്കാറിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പിന്തുണ ആവശ്യമാണ്. അത്തരം ആശ്രയങ്ങൾ ഒരു തരത്തിൽ മൽസ്യതൊഴിലാളികളെ സ്വതന്ത്ര മൽസ്യതൊഴിലിൽ നിന്നും തുറമുഖ കേന്ദ്രീകൃത മൽസ്യബന്ധനത്തിന്റെ ഭാഗമാകാൻ പ്രേരിപ്പിക്കുന്നു. നിലവിൽ ചെലവ് കഴിഞ്ഞുള്ള ലേലത്തുകയുടെ നാൽപ്പതു ശതമാനം തൊഴിലാളികൾക്കും അറുപതുശതമാനം ബോട്ടുടമസ്ഥർക്കും എന്ന രീതിയിലാണ് വരുമാനം പങ്കുവയ്ക്കുന്നത്. കൊല്ലം ജില്ലയിലെതന്നെ അഴീക്കൽ ആലപ്പാട് പ്രദേശങ്ങളിൽ നിന്നും മനസിലായത് അഞ്ചും ആറും ദിവസം കടലിൽ പണിയെടുക്കുന്ന ബോട്ടുതൊഴിലാളിക്ക് ഒരു ദിവസം കിട്ടുന്ന ശരാശരി വരുമാനം അഞ്ഞൂറുരൂപ മുതൽ എഴുന്നൂറ് രൂപവരെയാണ്. ശരാശരി കണക്കാണിത്. അതുകൊണ്ടുതന്നെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

ഈ മേഖലയിൽ ഉണ്ടാകുന്ന വലിയ തോതിലുള്ള മത്സരവും ആഴക്കടൽ മൽസ്യബന്ധനത്തിന് വിദേശ ട്രോളറുകൾ അടക്കമുള്ളവക്ക് നൽകിയ അനുമതിയും, കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലിന്  തടസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ മീനകുമാരി കമ്മീഷൻ റിപ്പോർട്ടിൽ ഇന്ത്യയിൽ ആഴക്കടൽ മൽസ്യ സമ്പത്തിനെ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നും, അതിലേക്കായി വിദേശ കപ്പലുകൾക്ക് അനുമതി നൽകണം എന്നും അതിനനുസരിച്ചു തീരദേശ പശ്ചാത്തല വികസനത്തിൽ മാറ്റംവരുത്തണം എന്നും നിർദേശിച്ചിരുന്നു. കേരളത്തിൽ വലിയതോതിലുള്ള ചർച്ചകൾക്കോ വിശകലനത്തിനോ ഈ  റിപ്പോർട്ട് ഇടയാക്കിയില്ല, കൊച്ചി ആസ്ഥാനമായ കേരള മറൈൻ ഫിഷറീസ് ഗവേഷണ കേന്ദ്രത്തിന്റെ ഗൗരവമല്ലാത്ത ഒരു കുറിപ്പ് വന്നു എന്നല്ലാതെ ഗൗരവമായ ഒരു വിശകലനം മീനകുമാരി കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് കേരളത്തിൽ നടന്നിട്ടില്ല.
 

നേരത്തെ സൂചിപ്പിച്ചത് പോലെ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള മൽസ്യബന്ധനം കൂടുതൽ തുറമുഖങ്ങളുടെ ആവശ്യകതയിലേക്കെത്തിച്ചു എന്നതാണ് വസ്തുത. ഇതിന്റെ മറുവശമാണ് കേരളത്തിലെ തീരനഷ്ടം. എന്നാൽ ഈ പ്രതിഭാസത്തെ ഒറ്റപ്പെട്ട പ്രശ്നമായി കണ്ട് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കടൽഭിത്തി, പുലിമുട്ട് എന്നിവയുടെ നിർമ്മാണങ്ങളിൽ ഒതുങ്ങിനിൽക്കുന്നതാണ് കേരളത്തിലെ തീരസംരക്ഷണം. കൊല്ലം ആലപ്പുഴ ജില്ലകളിലെ അഴീക്കൽ പ്രദേശം കടൽഭിത്തി എത്രത്തോളം അപ്രായോഗികമാണ് എന്നതിന്റെ തെളിവാണ്. വലിയ തോതിൽ കരിമണൽ ഖനനവും അവിടെ തന്നെയുള്ള തുറമുഖ നിർമ്മാണവുംമൂലം ഉണ്ടാകുന്ന കടൽകയറ്റം കാരണം കടൽഭിത്തി ഇടിഞ്ഞുവീഴുന്നതു തുടർക്കഥയാണ്. ഇങ്ങനെ കടൽഭിത്തികൾ പ്രായോഗികമല്ല എന്നതിന് നിരവധി തെളിവുകൾ ഉണ്ട്. ഇതുപോലെതന്നെയാണ് പുലിമുട്ടിന്റെ കാര്യവും കാലക്രമേണ പുലിമുട്ടുകൾ കടലിൽ നഷ്ടപ്പെടുന്നു എന്നതാണ് വസ്തുത. മറ്റ് ബദലുകളുടെ അന്വേഷണം കേരളത്തിൽ ഇല്ലാതായി. സർക്കാരും ഫിഷറീസ് വകുപ്പും മുന്നോട്ട് വയ്ക്കുന്നതും ഇത്തരം സംരക്ഷണരീതികൾ തന്നെയാണ്. മൽസ്യതൊഴിലാളികളുടെ മുന്നിൽ മറ്റൊരു സാധ്യതയും നിലനിൽക്കുന്നില്ല.

കേരളത്തിലെ മറ്റേതൊരു സമൂഹത്തേക്കാൾ ഒരുപക്ഷേ സർക്കാർ സേവനങ്ങളെ വളരെയേറെ ആശ്രയിക്കുന്ന ഒരു വിഭാഗം മത്സ്യത്തൊഴിലാളികളാണ്. ജനനം മുതൽ മരണം വരെ മൽസ്യത്തൊഴിലാളികൾ ഏതെങ്കിലും തരത്തിലുള്ള സർക്കാർ പദ്ധതികളുടെ ഗുണഭോക്തളാണ്. ഇത്തരം പദ്ധതികളാണ് കുറയുന്ന വരുമാനത്തിലും ഈ സമൂഹത്തെ പിടിച്ചുനിർത്തുന്നത്. സർക്കാരിന്റെ ഇത്തരം നിയന്ത്രണം പലപ്പോഴും തീരദേശത്തെ പ്രകൃതി വിഭവങ്ങളെ കൂടി നിയന്ത്രിക്കുന്നതിലേക്ക് എത്തുന്നുണ്ട്. അതിനുദാഹരണമാണ് തീരദേശ സംബന്ധമായ എല്ലാ തീരുമാനങ്ങളൂം ഏകപക്ഷീയമായി പോകുന്നത്. പുനർഗേഹം പദ്ധതിയിലും ഈ  ഏകപക്ഷീയത കാണാൻ കഴിയും. കേരളത്തിൽ പ്രകൃതിക്ഷോഭങ്ങൾമൂലം പുനരധിവസിപ്പിക്കേണ്ടിവന്ന ഒരു സമൂഹവും സാമൂഹിക മുഖ്യധാരയിൽ എത്തിയിട്ടില്ല. അതുകൊണ്ട് തീരശോഷണംമൂലം കുടിയൊഴിപ്പിക്കേണ്ടി വരുന്ന ജനങ്ങളെ സാമൂഹിക മുഖ്യധാരയിൽ നിന്നുകൂടി മാറ്റിനിർത്തുന്ന ഒന്നാണ് കേരളത്തിൽ നടപ്പിലാക്കുന്ന തീരസംരക്ഷണ പദ്ധതികൾ. കാലക്രമത്തിൽ ഈ  പറിച്ചുനടൽ സൃഷ്ടിക്കുന്ന സാമൂഹിക സമ്പത്തികനഷ്ടം കേരള വികസന മാതൃകയുടെ പരാജയമായി വിലയിരുത്തപ്പെടാം.