Author Image കെ.കെ. കൊച്ച് I ഡോ. എ.കെ. വാസു

എന്നിൽ അംബേദ്കർ, ഗാന്ധി, മാർക്സ്

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അംബേദ്കർ കൃതികളിൽ ഭൂരിഭാഗവും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പ്രകാശനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഗാന്ധിയൻ മാർക്സിയൻ ലിറ്ററേച്ചറുകൾ പോലെ പൊതുസമൂഹം അംബേദ്കർ കൃതികൾ ഏറ്റെടുത്തെന്ന് പറയാനാവില്ല. അംബേദ്കർ കൃതികളിലെ ആശയ പ്രചാരണത്തിന് ദലിത് സമൂഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കെ.കെ. കൊച്ചിന്റെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിലും എഴുത്തു ജീവിതത്തിലും അംബേദ്കറിസത്തിന്റെ ഏതെല്ലാം ധാരകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത് ? 

ഇന്ത്യയിൽ 1980കളിൽ രൂപം കൊണ്ട പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളിലാണ് മഹാരാഷ്ട്ര ഗവൺമെന്റ് "Dr. Baba Saheb Ambedkar Writings and Speeches' എന്ന പേരിൽ 18 വോള്യങ്ങളിലായി ഡോ. ബി.ആർ.അംബേദ്ക്കറിന്റെ കൃതികൾ പ്രസിദ്ധീകരിക്കുന്നത്. ഈ സംരഭത്തിന് ഒട്ടേറെ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. മുസ്ലീം സമുദായാംഗമായിരുന്ന മുഖ്യമന്ത്രി എ.ആർ. ആന്തുലെക്കെതിരെ, പിൽക്കാലത്ത് ബി.ജെ.പിയുടെ കേന്ദ്രമന്ത്രി സഭാംഗമായിരുന്ന അരുൺ ഷൂരി നിരവധിയായ കെട്ടിച്ചമച്ച അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിന്റെ ഫലമായി അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നു. ബാബാ സാഹേബിന്റെ കൃതികളിലെ പ്രശസ്തമായ രാമന്റെയും കൃഷ്ണന്റെയും പ്രഹേളിക എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചതോടെ ബോംബെ തെരുവുകളിൽ സവർണഹിന്ദുക്കളുടെ പ്രതിഷേധവും അതിനെതിരായ ദലിത് യുവാക്കളുടെ പ്രതിരോധവും രൂപപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പ്രബന്ധത്തിൽ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ള വീക്ഷണങ്ങളുമായി ഗവൺമെന്റ് യോജിക്കുന്നില്ല എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിക്കേണ്ടി വന്നു. എന്നാൽ ചരിത്രം മറ്റൊരു ദിശയിലൂടെയാണ് യാത്ര ചെയ്തത്.

1990 കളിൽ വി.പി. സിംഗ് പ്രധാനമന്ത്രിയായിരിക്കെ കേന്ദ്രഗവര്മെന്റിന്റെ സാമൂഹ്യക്ഷേമ വകുപ്പ് രൂപീകരിച്ച ഡോ. അംബേദ്ക്കർ ഫൗണ്ടേഷൻ ഹിന്ദിയിലും മറ്റ് 10 ഇന്ത്യൻ ഭാഷകളിലും അംബേദ്ക്കർ കൃതികൾ പ്രസിദ്ധീകരിക്കാൻ തീരുമാനമെടുക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികസഹായമടക്കം ലഭിച്ചതോടെയാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡോ.അംബേദ്ക്കർ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കുന്നത്. പൊതുസമൂഹം എന്ന് താങ്കൾ ഉദ്ദേശിക്കുന്ന ദലിതേതര വിഭാഗങ്ങൾ അംബേദ്ക്കർ കൃതികൾ വായിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എന്റെ ഉത്തരം ഉണ്ടെന്ന് തന്നെയാണ്. സംസ്ഥാനത്തെ നിരവധി വായനശാലകളിലും സ്കൂൾ കോളേജ് ലൈബറികളിലും അംബേദ്ക്കർ കൃതികൾ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ കാര്യം ഇപ്രകാരമാണെങ്കിലും ഇന്ത്യക്കകത്തും വിദേശരാജ്യങ്ങളിലും അംബേദ്ക്കർ വിപുലമായി വായിക്കപ്പെടുന്നുണ്ട്. ഇതിന് കാരണം ലോകമെമ്പാടും ദലിതർക്ക് സമാനമായ വംശങ്ങളും സമൂഹങ്ങളും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിനിധാനത്തിനായുള്ള പോരാട്ടത്തിലാണ്. മാത്രമല്ല ഒട്ടേറെ രാജ്യങ്ങളിലെ ജനങ്ങൾ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തെ പൊളിച്ചെഴുതാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതൊരു സവിശേഷമായ ജനാധിപത്യ അവബോധമായി മാറിയിട്ടുണ്ട്. മുൻചൊന്ന സാമൂഹ്യ വിഭാഗങ്ങൾക്കെന്നെ പോലെ വിപുലമായ ജനവിഭാഗങ്ങളുടെ ജനാധിപത്യാവബോധത്തിന്റെ പ്രത്യയശാസ്ത്ര ഭൂമിക എന്ന നിലയിലാണ് അംബേദ്ക്കർ കൃതികൾ വായിക്കപ്പെടുന്നത്. ചുരുക്കത്തിൽ ഒരു ജനാധിപത്യ സമൂഹസൃഷ്ടിയുടെ ആശയസംഹിതയെയാണ് അംബേദ്ക്കർ പ്രതിനി ധാനം ചെയ്യുന്നത്.

കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ഒരു കുടുംബത്തിലായിരുന്നു എന്റെ ജനനം. അതുകൊണ്ട് തന്നെ പ്രത്യയശാസ്ത്രപരമായിട്ടല്ലെങ്കിലും വികാരപരമായി കമ്മ്യൂണിസവുമായിട്ടായിരുന്നു എനിക്ക് രക്തബന്ധമുണ്ടായിരുന്നത്. അതേ സമയം എന്റെ ബന്ധുക്കളിൽ ചിലർ കോൺഗ്രസുകാരായിരുന്നു. തന്മൂലം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കോൺഗ്രസ്സിനും അപ്പുറമുള്ള രാഷ്ട്രീയം എനിക്ക് അപരിചിതമായിരുന്നു. അച്ഛനും സഹോദരങ്ങളും നല്ല വായനക്കാരായിരുന്നെങ്കിലും അംബേദ്ക്കറേയോ എന്തിനേറെ അയ്യങ്കാളിയെപറ്റിയോ അറിവുള്ള വരായിരുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് ഞാനേറെ വായിച്ചിരുന്നത് നോവലുകളായിരുന്നു. പിന്നീട് കോളേജിലെത്തിയപ്പോൾ സിപിഎമ്മിനേക്കാൾ ഞാൻ ആഭിമുഖ്യം പുലർത്തിയത് സിപി ഐ ( എം. എൽ) നോടായിരുന്നു. കോളേജിൽ കല്ലറ സുകുമാരൻ നേതൃത്വം കൊടുത്ത കേരള ഹരിജൻ ഫെഡറേഷന്റെ വിദ്യാർത്ഥി സംഘടനയായ കേരള ഹരിജൻ വിദ്യാർത്ഥി ഫെഡറേഷന്റെ (കെ.എച്ച്.എസ്.എഫ്. ) നിശബ്ദസാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അതൊരു ജാതിസംഘടനയാണെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും കരുതിയതിനാൽ സഹകരിച്ചിരുന്നില്ല. അക്കാലത്ത് ഞാൻ വായിച്ച് വൈജ്ഞാനിക കൃതികളിൽ അംബേദ്ക്കറില്ലായിരുന്നു. അതിന് കാരണം പുസ്തകങ്ങൾ ലഭ്യമാകാതിരുന്നതാണ്. കോളേജ് വിദ്യാഭ്യാസകാലത്ത് വയനാട്ടിൽ താമസമാക്കിയപ്പോൾ ഞാൻ ആദിവാസികൾക്കിടയിലാണ് കുറേനാൾ പ്രവർത്തിച്ചിരുന്നത്. അതാകട്ടെ, ജാതീയവും സാമുദായികവുമായ തെരഞ്ഞെടുപ്പായിരുന്നില്ല. മറിച്ച്, ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ വ്യക്തമായി നിർവചിക്കപ്പെട്ടൊരു പ്രത്യയശാസ്ത്ര അവബോധം അനിവാര്യമായിരുന്നില്ല.

എന്നാൽ ചരിത്രകൃതികളും ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള പുസ്തകങ്ങളും വായിച്ചപ്പോഴാണ് മാർക്സിസം എന്നെ പഠിപ്പിച്ച വർഗ്ഗാവസ്ഥയ്ക്കപ്പുറം ദേശീയതയെ ഒരു വികാരമായി ഞാൻ ഉൾക്കൊള്ളുന്നത്. വായിച്ച ദേശീയ സ്വാതന്ത്യ സമരത്തെക്കുറിച്ചുള്ള കൃതികളിൽ ഇ.എം.എസ്. എഴുതിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം എന്ന കൃതിയിലാണ് അംബേദ്ക്കറൈക്കുറിച്ചുള്ള വിമർശനം ഉള്ളത്. അതാകട്ടെ ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലിന്റെ 'ദി എപ്പിക് ഫാസ്റ്റ്' എന്ന ഗ്രന്ഥത്തിലെ വിവരണത്തെ ആധാരമാക്കിയായിരുന്നു. വിഷയം സെപ്പറേറ്റ് ഇലക്ട്രെറ്റിനെ എതിർത്ത ഗാന്ധിയുടെ സത്യാഗ്രഹമായിരുന്നു. അക്കാലത്ത് എനിക്ക് അംബേദ്ക്കറെക്കുറിച്ചോ സംവരണത്തെക്കുറിച്ചോ കൃത്യമായി അറിവില്ലാതിരുന്നതിനാൽ പ്രശ്നവത്ക്കരണമായി കരുതിയില്ല. അതേസമയം വയനാട്ടിൽ നിന്നും കോട്ടയത്തുള്ള കല്ലറയിൽ താമസമാക്കിയപ്പോഴാണ് ജാതി ഒരു വ്യവഹാരമണ്ഡലമാകുന്നത്. നാട്ടിലെ സർവ്വതോത്മുഖമായ മാറ്റത്തിന് അനുസൃതമായി ദലിതർ മാറിയില്ലെന്ന തിരിച്ചറിവാണ് വേറിട്ടൊരു പ്രത്യയശാസ്ത്ര അന്വേഷണത്തിന് വഴിയൊരുക്കിയത്. ഇതോടെ ലഭ്യമായ അംബേദ്ക്കറിന്റെ ഒന്നോ രണ്ടോ ലഘുഗ്രന്ഥങ്ങളും സീഡിയൻ പ്രവർത്തകരിൽ നിന്ന് ലഭിച്ച അറിവുകളുമായിരുന്നു എന്റെ അംബേദ്കർ വിജ്ഞാനം. ഈ അറിവിലൂടെ അംബേദ്ക്കറിസത്തെയും മാർക്സിസത്തെയും സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1988 ൽ മാർക്സിസം - ലെനിനിസം മാവോ - അംബേദ്ക്കർ ചിന്തകളും ഇന്ത്യയിലെ ജാതി വർഗ്ഗ രാഷ്ട്രീയ പ്രശ്നങ്ങളും എന്ന ലേഖനം ഞാനെഴുതുകയുണ്ടായി. ഇപ്പോഴും ഞാൻ മുൻചൊന്ന ലേഖനത്തെ മുൻനിർത്തി എതിർക്കപ്പെടുന്നുണ്ട്. എന്നാൽ വിമർശകർ വസ്തുതകളാണ് വിസ്മരിക്കുന്നത്. അക്കാലത്ത് എനിക്കെന്നല്ല ഇന്ത്യയിലാർക്കും അംബേദ്ക്കർ കൃതികൾ ലഭ്യമായിരുന്നില്ല. പിന്നീട് അംബേദ്ക്കർ കൃതികളുടെ വിപുലമായ വായനാനുഭവത്തിലൂടെ ദലിത് പ്രശ്നങ്ങൾ മാത്രമല്ല സാമ്പത്തിക വിഷയങ്ങളിൽ പോലും അംബേദ്ക്കർ ചിന്തകളെ ഞാൻ മാർഗ്ഗദർശകമാക്കിയിട്ടുണ്ട്. അതേ സമയം ഇതര വിജ്ഞാന മേഖലകളിൽ നിന്നും മുഖം തിരിച്ച് അംബേദ്ക്കർ മാത്രമാണ് അവസാന വാക്കെന്നെ സമീപനം ഞാൻ പുലർത്തിയിട്ടില്ല, പുലർത്തുകയുമില്ല.

കേരളത്തിൽ ദലിതരുടെ സംഘടിത രൂപങ്ങൾ വികാസം നേടിയത് ഉപജാതീയ കൂട്ടായ്മകളിലൂടെയാണ്. ശക്തിയുള്ള സംഘടനകളാകാൻ കെ.പി.എം.എസ്, കെ. എസ്. എസ്, സിദ്ധനർ സഭ, സ്വജന സഭ തുടങ്ങിയ ജാതി രൂപങ്ങൾക്കേ കഴിയുന്നുള്ളൂ. അപ്പോഴും ദലിത് സമൂഹത്തിന്റെ പൊതു ഐക്കണായി അംബേദ്കർ സ്വീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് കരുതാനാവുമോ? അത്തരത്തിലൊരു ഐക്യം സാധ്യമായിട്ടുണ്ടോ?

കേരളത്തിൽ നവോത്ഥാനത്തിന് മുമ്പും നിരവധി ജാതികളും ഓരോ ജാതിക്കും അനേകം ഉപജാതികളുമുണ്ടായിരുന്നു. ജാതികൾ തമ്മിലെന്ന പോലെ ഒരു ജാതിയും അതിന്റെ ഉപജാതികളും തമ്മിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പുലർത്തുകയും മിശ്രഭോജനമോ മിശ്രവിവാഹമോ നടത്താറില്ലായിരുന്നു. മാത്രമല്ല ആചാരാനുഷ്ടാനങ്ങളും വ്യത്യസ്തമായിരുന്നു. നവോത്ഥാനമാണ് ജാതി സമ്പ്രദായത്തെ ദുർബലമാക്കുന്നത്. ഇതിനാധാരമായത് പൊതുവായ ആവശ്യങ്ങൾക്കായുള്ള കൂട്ടായ്മയും സംഘടനാപരമായ പ്രവർത്തനങ്ങളുമായിരുന്നു. മാത്രമല്ല ഒരു പരിധിവരെ ആചാരപരിഷ്ക്കരണവും മിശ്രവിവിവാഹത്തിന് ലഭിച്ച അംഗീകാരവുമായിരുന്നു. ഇതൊരു ജാതിയും അതിന്റെ ഉപജാതിയുമായുള്ളതായിരുന്നു. ഇന്ന് ഏറെക്കുറേ ഉപജാതി സമ്പ്രദായം ഇല്ലാതായി. ഉദാഹരണമായി പുലയരുടെ കാര്യം പരിശോധിക്കുക. നവോത്ഥാനത്തിന് മുമ്പ് പുലയർക്ക് 13 ഉപജാതികളുണ്ടായിരുന്നത് ഇന്ന് ഏറെക്കുറെ ഉപജാതി സമ്പ്രദായം ഇല്ലാതായി. പുലയർ എന്ന വിഭാഗം മാത്രമാണ് ഉള്ളത്. ഈ വിഭാഗത്തെ കണക്കാക്കപ്പെടുന്നത് ജാതി ആയിട്ടല്ല, മറിച്ച് സമുദായമായിട്ടാണ്. അതായത് പുലയ സമുദായത്തിലെ ഇതേ മാറ്റം സാംബവരിലും വേട്ടുവരിലും വേലന്മാരിലും സംഭവിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ കെ.പി.എം.എസ്സോ അതേ പോലെയുള്ള സംഘടനകൾ ജാതി സംഘടനകളല്ല, സമുദായ സംഘടനകളാണ്. മാറിയ കാലത്ത് ഇത്തരം സംഘടനകൾക്ക് സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങളും കൈവരിക്കാനായില്ല. സിവിൽ അവകാശങ്ങൾ സംരക്ഷി ക്കാനും അത് കൊണ്ടാണ് അവ എല്ലാ എതിർപ്പുകളെയും മറികടന്ന് നിലനിൽക്കുന്നത്. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയിരിക്കുന്നു. സംഘടനാ ലക്ഷ്യം സാമുദായിക അവകാശങ്ങളായി ഭൂമി, സംവരണം, സ്വകാര്യമേഖലയിലെ പ്രാതിനിധ്യം സർവോപരി സ്വത്തവകാശം കൈവരിക്കലുമായിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ മുന്നോട്ട് വെയ്ക്കാൻ മുൻചൊന്ന സംഘടനകൾക്ക് കഴിയില്ലെന്ന് തെളിഞ്ഞിരിക്കുന്നതിനാലാണ് പുതിയ ദലിത് പ്രസ്ഥാനങ്ങൾ അനിവാര്യമായിരിക്കുന്നത്.

ആദ്യകാലങ്ങളിൽ അംബേദ്കറുടെ ജന്മദിനങ്ങൾ ആഘോഷിച്ചത്, വീട്ടിൽ അംബേദ്കറുടെ ചിത്രം പ്രതിഷ്ഠിച്ചത് എല്ലാം ദലിത് കുടുംബങ്ങൾ മാത്രമായിരുന്നു. ദലിത് വിഭാഗങ്ങൾക്കു പുറത്തുള്ളവരിലേക്ക് അംബേദ്കറിസം പുതിയ സാഹചര്യത്തിൽ കടന്നു ചെന്നിട്ട് ഉള്ളതായി താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

തീർച്ചയായും എത്തിയിട്ടുണ്ട്.
വളരെയേറെക്കാലം അംബേദ്കർ ചിന്താപദ്ധതികൾ അടച്ച് പിടിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഇന്ത്യയിലെ ഇടതുപക്ഷങ്ങൾ അടുത്തകാലത്ത് ലാൽസലാമിനൊപ്പം നീൽസലാം വിളിക്കുന്ന കാഴ്ച നാം കണ്ടു. ഈ മാറ്റത്തെ എങ്ങനെയാണ് കാണുന്നത്. അംബേദ്കർ ചിന്താപദ്ധതികളെ ഒതുക്കി നിർത്താൻ കഴിയില്ല എന്നതിന് തെളിവാണല്ലോ നീൽസലാം എന്ന മുദ്രാവാക്യം ഇടതുപക്ഷവും വിളിക്കുന്നതിലുള്ളത്? ഇന്ത്യയിലെ ദലിതർ സാർവത്രികമായി ഉപയോഗിക്കുന്നത് ജെയ് ഭീം ആണ്. എന്നാൽ രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ദലിത് മുന്നണികൾ ലാൽസലാമിനെ അനുകരിച്ചാണ് നീൽ സലാം എന്ന മുദ്രാവാക്യം ഉയർത്തിയത്. അതായത് നീൽ സലാം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണ്. അതിനെ സാർവത്രിക അംഗീകാരം ലഭിക്കുമോ എന്നതിനായി കാത്തിരിക്കണ്ടി വരും.

അംബേദ്കറിസവും അംബേദ്കറുടെ പ്രവർത്തന പദ്ധതികളും വ്യാപകമായി സ്വീകരിക്കപ്പെടുമ്പോൾ തന്നെ എന്തുകൊണ്ടാണ് അംബേദ്കർ സ്വീകരിച്ച ബുദ്ധമതം ദലിതരിൽ വലിയൊരു വിഭാഗത്തിന് സ്വീകരിക്കാൻ ഇന്നും കഴിയാതിരിക്കുന്നത്?

ചാതുർവർണ്യകാലത്തിലാണ് ബുദ്ധിസം രൂപം കൊള്ളുന്നത്. അസ്പശ്യരുടെ, ഇന്നത്തെ ദലിതരുടെ മതമായിട്ടല്ല അത് രൂപം കൊള്ളുന്നത്. ആര്യൻ സംസ്കാരത്തിനും ആര്യൻ ദൈവങ്ങൾക്കും (ബാഹ്മണരുടെ മൂല്യ വ്യവസ്ഥകൾക്ക് ആധാരമായ വേദോപനിഷത്തുകൾക്കും സ്മൃതികൾക്കും ശ്രുതികൾക്കും എതിരായിട്ടായിരുന്നു. ബുദ്ധിസത്തിന്റെ ആത്യന്തിക ലക്ഷ്യം സാമൂഹ്യപരിഷ്ക്കരണത്തിലൂടെ അക്കാലത്തെ ഗോത്രസമൂഹങ്ങളെ കാർഷികസമൂഹമായി പരിവർത്തനപ്പെടുത്തുകയായിരുന്നു. തന്മൂലം അസ്ശ്യരോടൊപ്പം ബ്രാഹ്മണരും ക്ഷത്രിയരും ശൂദരും ബുദ്ധിസത്തിൽ ഉൾച്ചേർന്നു. ഇന്നും ആ സ്ഥിതി തുടരുന്നുണ്ട്. മഹാമനീഷികളായ രാഹുൽ സാംതൃത്യായൻ, ഡി.ഡി. കൊസാംബി തുടങ്ങി മലയാളത്തിലെ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ ബുദ്ധിസ്റ്റുകളാണ്.

ചാതുർവർണ്യ കാലത്ത് ബുദ്ധിസം സക്രിയവും സജീവമായിരുന്നു. പിൽക്കാലത്ത് പല കാരണങ്ങളാൽ ആ മതം അനേകമായി ചിതറി തെറിക്കുകയും ചെയ്തു. ഇപ്രകാരം ബുദ്ധിസം ക്ഷയിച്ചതോടെ വിവിധ മതധാരകൾ രൂപം കൊള്ളുകയും അവയിൽ ഭൂരിഭാഗത്തെയും ഹിന്ദുത്വം സ്വാംശീകരിക്കുകയും ചെയ്തു. പിന്നീട് ദേശീയ പ്രസ്ഥാനകാലത്ത് നടന്ന മതപരിഷ്ക്കരണങ്ങൾ ദലിതർക്ക് കൂടി ബാധകമായതോടെ ദലിതരും ഹിന്ദുത്വത്തിന്റെ ഭാഗമായി തീർന്നു. അതേ സമയം അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരിഷ്ക്കരണം അടിയന്തിര പ്രാധാന്യമുള്ള കാര്യമായതിനാൽ സാമൂഹിക പരിഷ്ക്കരണത്തെ മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഇത്തരം ഒരു അവസ്ഥയിലാണ് ഒരു ജ്ഞാനവ്യവസ്ഥയായി നിർവചിച്ചും ബുദ്ധമതം സ്വീകരിക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് അംബേദ്കറിന്റെ അനുയായികളല്ലാത്തവർ ബുദ്ധിസം സ്വീകരിക്കാൻ വിസമ്മതിച്ചതെന്ന് തോന്നുന്നു. ഇതിനർത്ഥം അംബേദ്ക്കറിനെ മാതൃകയാക്കി ബുദ്ധിസത്തെ ദലിതരുടെ ഒരേകീകൃത അദ്ധ്യാത്മികധാരയാക്കാൻ കഴിയില്ലെന്നാണ്. അതേസമയം ദലിതർ സാമുഹ്യപരിഷ്ക്കരണത്തെ മുന്നോട്ട് കൊണ്ടുപോവുകയാണങ്കിൽ ബുദ്ധിസം ദലിതരുടെ ഒരേകീകൃത ആത്മീയധാരയാകും. ഇന്നത്തെ സാഹചര്യത്തിൽ വ്യത്യസ്ത ആത്മീയധാരകളുടെ സഹവർത്തിത്വമായിരിക്കും അഭികാമ്യമെന്നാണ് എനിക്ക് തോന്നുന്നത്.

ഗാന്ധിസം മാർക്സിസം അംബേദ്കറിസം, ഈ ചിന്താ പദ്ധതികളെല്ലാം ഏതാണ്ട് ഒരു കാലത്താണ് ഇന്ത്യയിൽ ഉരുത്തിരിയുന്നത്. എന്നിരുന്നാലും ഗാന്ധിയൻ / മാർക്സിയൻ ധാരകളെ പോലെ ആദ്യകാ ങ്ങളിൽ അംബേദ്കറിസത്തിന് തുടർച്ചയുണ്ടാക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇരു ധാരകൾക്കും മേലെ അംബേദ്കർ ചിന്താപദ്ധതികൾക്ക് മേൽക്കെ നേടാൻ കഴിയുന്നത് പുതിയ കാലത്തു മാത്രമാണ്. ഇതിനെ എങ്ങനെയാണ് കാണുന്നത് ?

ഗാന്ധിസം, മാർക്സിസം, അംബേദ്ക്കറിസം എന്നിവ ഒരേകാലത്താണ് നിലനിന്നിരുന്നത്. ഇവയിൽ അംബേദ്കറിസം ഒഴിച്ചുള്ളവക്ക് വൻതോതിൽ ജനങ്ങളെ അണിനിരത്താൻ കഴിഞ്ഞു. അംബേദ്റിസത്തെ സംബന്ധിച്ചിടത്തോളം ഒരേ സമയം രണ്ട് കടമകളാണ് നിർവഹിക്കാനുണ്ടായിരുന്നത്. ഒരു ഭാഗത്ത് ദലിതരുടെ അവകാശ അധികാരങ്ങൾ ഉറപ്പിക്കുന്നതോടൊപ്പം സമൂഹത്തിനും ബാധകമാകുന്ന വിധം ഇന്ത്യക്ക് അനുയോജ്യമായൊരു ജനാധിപത്യ സമ്പ്രദായം സൃഷ്ടിക്കുക. ഈ ദൗത്യത്തിന് കാര്യമായ പിന്തുണ ലഭിച്ചില്ല. തന്മൂലം ഗാന്ധിസത്തിനും മാർക്സിസത്തിനും അംബേദ്ക്കറിസത്തെ അദൃശ്യമാക്കാൻ കഴിഞ്ഞു.

സമത്വം ഒരു രാഷ്ട്രീയ ലക്ഷ്യമാണ്. അംബേദ്ക്കർ അതിന്റെ അടിവേരുകൾ കണ്ടെത്തുന്നത് ബുദ്ധിസത്തിലാണ്. ഇതിനർത്ഥം യൂറോപ്പിൽ നിന്നും ഭിന്നമായി ഇന്ത്യയിൽ സമത്വം എന്ന രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാൻ കേവലം രാഷ്ട്രീയ പരിഷ്ക്കരണം മാത്രമല്ല സാമൂഹ്യപരിഷ്ക്കരണവും അനിവാര്യമാണെന്നാണ്. മാത്രമല്ല ഈ രണ്ട് ലക്ഷ്യങ്ങളെയും സമന്വയിപ്പിക്കുകയും വേണം.

ഡോ. അംബേദ്കർ മുന്നോട്ടുവച്ച സ്ത്രീ സങ്കല്പ്പം എന്തായിരുന്നു?

അംബേദ്കർ ബോംബെയിലെ കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികളെ അഭിസംബോധന ചെയ്തതായി ഗെയിൽ ഓംവെദത്ത് എഴുതിയിട്ടുണ്ട്. ഇന്ത്യൻ ദേശീയപ്രസ്ഥാനം സ്ത്രീകളെ പുരാണ കഥാപാത്രങ്ങളായ സാവിതിയും സീതയുമായി വാർത്തെടുത്തപ്പോൾ ഗാന്ധി ചാരിത്യവതികളായ ലൈംഗികതയെ സഹനത്തിലൂടെ മറികടക്കുന്ന ഉത്തമ കുടുംബിനികളായാണ് നിർമ്മിച്ചത്. ഇത്തരം നിർവചനങ്ങൾക്ക് വിരുദ്ധമായ ജീവിതം നയിച്ച സ്ത്രീകളെ അംബേദ്കർ അഭിസംബോധന ചെയ്യാൻ കാരണം, അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. ഇന്ത്യയിലെ ബ്രാഹ്മണരടക്കമുള്ള ഹിന്ദുക്കൾ പവിതവും ദൈവീകവുമായി കരുതുന്ന വിശുദ്ധഗ്രന്ഥങ്ങളെല്ലാം അടക്കം തന്നെ ശൂദ്രരടക്കമുള്ള കീഴാള ജാതി സ്ത്രീകളോടൊപ്പം സ്ത്രീകളെയും അടിച്ചമർത്തുന്നു. അതുകൊണ്ട് ഹിന്ദുത്വത്തിനെതിരായ സമരം സ്ത്രീകൾളുടെ മോചനത്തിനും വേണ്ടിയുള്ളതാകുന്നു. കേന്ദ്ര കാബിനറ്റിൽ നിയമമന്ത്രിയായിരുന്ന അംബേദ്ക്കർ ഹിന്ദു സമുദായത്തിലെ സ്ത്രീകൾക്ക് തുല്യതയും സ്വത്തവകാശവും ലഭിക്കുന്നതിനായി ഹിന്ദു കോഡ് ബിൽ അതവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

ജാതി പോലുള്ള ഇന്ത്യയുടെ സങ്കീർണ്ണ പ്രശ്നങ്ങൾ ചർച്ചക്കെടുക്കുന്നതിൽ ഗാന്ധിസത്തിന്റെയും മാർക്സിസത്തിന്റെയും പരിമിതികൾ ചർച്ചയായിട്ടുണ്ട്. ആ പരിമിതികൾ മറികടന്ന്, ബഹുസ്വരതയിലധിഷ്ഠിതമായ നവജനാധിപത്യത്തിന്റെ ആശയ ഉറവിടമായി അംബേദ്കറിസം വർത്തമാനകാലത്ത് ചർച്ചയായി. ആധുനികോത്തരകാലത്തും അംബേദ്കർ ചിന്തകൾ വെളിച്ചം പകരുന്നതിൽ ഒരു രാഷ്ട്രീയ ചിന്തകൻ എന്ന നിലയിലുള്ള താങ്കളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

വർത്തമാനകാലത്ത് തൊഴിലവകാശത്തേക്കാൾ സ്വത്തവകാശം മുഖ്യമായുള്ള രാഷ്ട്രീയസമരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുൻപന്തിയിലുള്ളത് ഗാന്ധിയുടെ സവർണ പരിഷ്ക്കരണവാദികളോ മാർക്സിന്റെ വർഗ്ഗങ്ങളോ അല്ല. ദലിതർ, ആദിവാസികൾ, പിന്നോക്കക്കാർ, മത ന്യൂനപക്ഷങ്ങൾ, കാർഷിക തൊഴിൽ മേഖലകളിലെ അടിച്ചമർത്തപ്പെടുന്നവർ, പ്രാന്തവൽകൃതർ എന്നിവരാണ്. ഈ വിശാല ജനവിഭാഗങ്ങളുടെ ലക്ഷ്യം ജനാധിപത്യത്തെ ഒരു ഭരണരൂപമെന്നതിലുപരി ഒരു ജീവിത രീതിയാക്കുകയാണ്. ഈ മാറ്റത്തിന് അനിവാര്യമായിട്ടുള്ളത് വിവിധ സാമൂഹിക വിഭാഗങ്ങളുടെയും വർഗ്ഗങ്ങളുടെയും തുല്യഅവകാശമാണ്. തന്മൂലം വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വം രൂപം കൊളേളണ്ടതുണ്ട്. ഈ പരികല്പനയ്ക്ക് അംബേദ്ക്കർ വിഭാവനം ചെയ്ത കമ്മ്യൂണൽ അവാർഡ് ദേശീയ മാതൃകയായതിനാലാണ് പുതിയ രാഷ്ട്രീയ സമരത്തിൽ അംബേദ്ക്കർ പ്രസക്തനാകുന്നത്.