ഡോ. ബാബാസാഹെബ് അംബേദ്കർ 1929-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ സൈമൺ കമ്മീഷനുമുമ്പാകെ ബഹിഷ്കൃതഹിതകാരിണിസഭയുടെ പ്രതിനിധിയായി നൽകിയ റിപ്പോർട്ടിലെ "ഗവർണറുടെ പദവിയും അധികാരങ്ങളും" എന്ന ഭാഗമാണിത്. കേരള സർക്കാരും ഗവർണറും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളുടെയും അനൈക്യത്തിന്റെയും ഗവർണറുടെ ഭരണഘടനാവിരുദ്ധ ഇടപെടലുകളുടെയും സമകാലീന സന്ദർഭത്തിൽ ഗവർണറുടെ ചുമതലകൾ എന്തെല്ലാമെന്ന് ഡോ. അംബേദ്‌കർ അക്കമിട്ട് നിരത്തുന്ന ആ റിപ്പോർട്ടിലെ പ്രസക്തമായ ഭാഗങ്ങൾ മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്.
ഇന്ത്യൻ ദേശരാഷ്ട്രം നിലനിൽക്കുന്നത് ഫെഡറൽ തത്വങ്ങളിലാണ്. എന്നാൽ, ബി.ജെ.പി. കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതു മുതൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്തി ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് കേന്ദ്രീകൃത അധികാരവ്യവസ്ഥ സ്ഥാപിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി പല സംസ്ഥാനങ്ങളിലും അവർ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് ഗവർണറെയാണ്. അഴിമതിക്കെതിരെ, സ്വജനപക്ഷപാതത്തിനെതിരെ ഗവർണർ ഇടപെടുന്നൂവെന്നു തോന്നാമെങ്കിലും അടിസ്ഥാനപരമായി ദുർബലപ്പെടുത്തുന്നത് ഫെഡറലിസത്തെയാണ്.
ഡോ. ബാബാസാഹെബ് അംബേദ്കർ 1929-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ സൈമൺ കമ്മീഷനുമുമ്പാകെ ബഹിഷ്കൃതഹിതകാരിണിസഭയുടെ പ്രതിനിധിയായി നൽകിയ റിപ്പോർട്ടിലെ "ഗവർണറുടെ പദവിയും അധികാരങ്ങളും" എന്ന ഭാഗമാണിത്. കേരള സർക്കാരും ഗവർണറും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളുടെയും അനൈക്യത്തിന്റെയും ഗവർണറുടെ ഭരണഘടനാവിരുദ്ധ ഇടപെടലുകളുടെയും സമകാലീന സന്ദർഭത്തിൽ ഗവർണറുടെ ചുമതലകൾ എന്തെല്ലാമെന്ന് ഡോ. അംബേദ്‌കർ അക്കമിട്ട് നിരത്തുന്ന ആ റിപ്പോർട്ടിലെ പ്രസക്തമായ ഭാഗങ്ങൾ മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്.
"നിലവിലുള്ള ഭരണഘടനയനുസരിച്ച് പ്രവിശ്യയുടെ ഗവർണർ കൃത്യമായി നിർവചിക്കപ്പെട്ട പദവി വഹിക്കുന്നില്ല. പ്രവിശ്യാഭരണത്തിന്റെ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പ്രവിശ്യയിൽ രാജാധികാരത്തെ പ്രതിനിധാനം ചെയ്യുന്ന വ്യവസ്ഥാപിത ഭരണത്തലവന്റെ പദവി അദ്ദേഹത്തിനില്ല.
പ്രവിശ്യയിലെ കാര്യങ്ങളുടെ പൂർണ്ണനിയന്ത്രണം ഏല്പിക്കത്തക്കവിധത്തിലുമല്ല അദ്ദേഹത്തിന്റെ പദവി. എന്നാൽ രണ്ടും ചേർന്നതാണുതാനും. സ്വേച്ഛാധിപതിയായും വൃവസ്ഥാപിത ഭരണത്തലവനായും അദ്ദേഹത്തിന് ഇരട്ടവേഷം കെട്ടേണ്ടി വരുന്നു. ഗവർണറുടെയോ ഭരണത്തിന്റേയോ സുഗമമായ നടത്തിപ്പിന്റെയോ കാഴ്ചപ്പാടിൽ ഈ സ്ഥിതി ഒട്ടും ആശാസ്യമല്ല."
"പ്രവിശ്യാ എക്‌സിക്യൂട്ടീവിൽ രാജാധികാരത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ക്യാബിനറ്റിലേക്കു നിയമനം നടത്താൻ ഗവർണ്ണർക്ക് അധികാരം ഉണ്ടായിരിക്കും. അതേ നിലയിൽത്തന്നെ, ഭരണത്തിന്റെ ഏതു ശാഖയെയും സംബന്ധിക്കുന്ന ഏതു കാര്യത്തിലും മന്ത്രി നിർദേശിക്കുന്ന ഏതു നടപടിയും അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള അന്തിമാധികാരം അദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കും. നിയമസഭയിൽ രാജാധികാരത്തെ പ്രതിനിധാനം ചെയ്യുന്ന നിലയ്ക്ക്, കൗൺസിൽ പാസാക്കുന്ന ബില്ലുകൾക്ക് (1) അനുമതി നൽകാനും (2) ചക്രവർത്തിയുടെ ഇംഗിതം അറിയുന്നത് വരെ അനുമതി നീട്ടിവെയ്ക്കാനും (3) അനുമതി നിഷേധിക്കാനും അദ്ദേഹത്തിന് അധികാരമുണ്ടായിരിക്കും.
ഗവർണർക്കു നൽകുന്ന ഈ അധികാരങ്ങൾ വിനിയോഗിക്കുന്നത് നിയമസഭയോടുത്തരവാദിത്വമുള്ള മന്ത്രിമാരുടെ ഉപദേശമനുസരിച്ചായിരിക്കണമെന്ന് സ്വാഭാവികമായും വ്യവസ്ഥ ചെയ്യേണ്ടതുണ്ട്. മന്ത്രിമാരോടു വിയോജിക്കാനുള്ള വിവേചനാധിഷ്ഠിതമായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരിക്കുകയില്ലെന്ന് ഇതിനർഥമില്ല. നേരേമറിച്ച്, മന്ത്രിമാരോട് അവരുടെ നയം താൻ അംഗീകരിക്കുന്നില്ലെന്നു പറയാൻ മാത്രമല്ല, തനിക്കെതിർപ്പുള്ള നയത്തിൽ ഉറച്ചുനിൽക്കുന്ന മന്ത്രിമാരെ പിരിച്ചുവിടാൻ കൂടിയുള്ള സ്വാതന്ത്ര്യം അദ്ദേഹം നിലനിർത്തുന്നതായിരിക്കും. കാരണം, നിയമസഭയോട് ഉത്തരവാദിത്വമുള്ള മന്ത്രിയെ അനുസരിക്കാൻ വ്യവസ്ഥാപിത ഭരണത്തലവനെ നിർബന്ധിക്കുന്ന യാതൊരു ബാധ്യതയും ഉണ്ടാവുക സാധ്യമല്ലതന്നെ. സമ്മതിദായകരുടെ പൊതു ആഗ്രഹമനുസരിച്ചു പ്രവർത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കടപ്പാടിന്റെ പൊരുൾ.
മന്ത്രി സമ്മതിദായകരുടെ ഇച്ഛയെ പ്രതിനിധാനം ചെയ്യുന്നുവെന്ന 'സങ്കല്പത്തിലാണ് അദ്ദേഹം മന്ത്രിയുടെ ഉപദേശം ചെവിക്കൊള്ളുന്നത്. എന്നാൽ, മന്ത്രി പൊതു സമ്മതിദായകരുടെ ഇച്ഛയെ ശരിയായി പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്നു സംശയിക്കേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാവാം. അതുകൊണ്ട്, എല്ലാ ഉത്തരവാദ ഗവർമെന്റുകളുടെയും ഭരണഘടനകൾ ഈ സാധ്യത അംഗീകരിക്കുക മാത്രമല്ല, ജനങ്ങളുടെ ഇച്ഛ എന്താണെന്നു കണ്ടുപിടിക്കുന്നതിനുള്ള പ്രായോഗികമായ എല്ലാ ഉപാധികളും യഥാർഥത്തിൽ ഗവർണർക്കു നൽകുക കൂടി ചെയുന്നുണ്ട്. മന്ത്രിമാരെ പിരിച്ചുവിടാനും നിയമസഭ പിന്തുണ നൽകുമെന്ന പ്രതീക്ഷയിൽ, അഭിമതരായവരെ മന്ത്രിമാരായി നിയമിക്കാനും ഓരോ ഉത്തരവാദ ഗവണ്മെന്റിന്റെയും ഭരണഘടന ഗവർണറെ അനുവദിച്ചിരിക്കുന്നു. നിയമസഭ പുതിയ മന്ത്രിമാർക്കു പിന്തുണ നൽകാത്ത പക്ഷം ഉത്തരവാദ ഗവണ്മെന്റിന്റെ ഭരണഘടനയനുസരിച്ച് ഗവർണർക്കു മറ്റൊരു മാർഗം അവലംബിക്കാം: പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിൽ സമ്മതിദായകരെ നേരിട്ട് അഭിസംബോധന ചെയ്യുക. ഈ മാർഗങ്ങളോരോന്നും സ്വീകരിക്കാൻ പ്രവിശ്യാ ഗവർണറെ അനുവദിക്കേണ്ടതാണ്. എന്നാൽ, ഇതിൽക്കൂടുതൽ അധികാരങ്ങൾ ഒരു ഭരണഘടനയും അദ്ദേഹത്തിനു നൽകുന്നില്ലെന്നുകൂടി ഓർത്തിരിക്കണം. സമ്മതിദായകരുടെ ഇച്ഛ പരിശോധിച്ചറിയുമ്പോൾ തീരുമാനം തനിക്കെതിരാണെന്നു കണ്ടാൽ കീഴടങ്ങുകയോ സ്വയം അധികാരമൊഴിയുകയോ തീരുമാനത്തിനെതിരായി പൊരുതുകയോ അല്ലാതെ അല്ലാതെ മറ്റു വഴിയൊന്നും ഗവർണർക്ക് ഉത്തരവാദ ഗവർമെന്റിന്റെ ഭരണഘടന അനുവദിച്ചുകൊടുക്കുന്നില്ല. പ്രവിശ്യാഗവർണർ ഈ മാർഗങ്ങൾകൊണ്ട് തൃപ്തനായിരിക്കണം.
ഇപ്പോഴത്തെ ഭരണഘടനയനുസരിച്ച് ഉള്ളതുപോലെ നിയമസഭാ പാസാക്കാത്ത നിയമം പ്രമാണീകരിക്കാനോ നിയമസഭ നിരാകരിക്കുന്ന ധനാഭ്യർത്ഥന അംഗീകരിക്കാനോ മന്ത്രിമാരെ പിരിച്ചുവിടുകയും നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും ചെയ്ത് ഭരണഘടനയുടെ പ്രവർത്തനം നിറുത്തിവെക്കാനോ ഉള്ള സ്വാതന്ത്രാധികാരം യാതൊരു സാഹചര്യത്തിലും അദ്ദേഹത്തിന് ഉണ്ടായിരിക്കുകയില്ല. അപ്പോൾ, ഗവർണറെ വ്യവസ്ഥാപിത ഭരണത്തലവനാക്കണമെങ്കിൽ, പ്രമാണീകരിക്കാനും ഭരണഘടനയുടെ പ്രവർത്തനം നിറുത്തിവെക്കാനുമുള്ള അദ്ദേഹത്തിന്റെ അധികാരം എടുത്തുകളയുകയും, അങ്ങനെ നിയമസഭയോടുത്തരവാദിത്വമുള്ള മന്ത്രിമാരെ ആശ്രയിക്കാതെ പ്രവർത്തിക്കുക അദ്ദേഹത്തിന് അസാധ്യമാക്കിത്തീർക്കുകയും ചെയ്യേണ്ടതാവശ്യമാണെന്ന് വരുന്നു.
മന്ത്രിയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാനുള്ള ഗവർണറുടെ ബാധ്യത വ്യവസ്ഥ ചെയ്യുന്ന സെക്ഷന്റെ കൃത്യമായ ഭാഷാരീതി തെല്ലു പ്രധാനമാണ്. ഇക്കാര്യം പ്രതിപാദിക്കുന്ന സെക്ഷൻ 52(3) ൽ വാക്കുകളുപയോഗിച്ചിരിക്കുന്നത് വളരെ അവ്യക്തമായിട്ടാണെന്നു തോന്നുന്നു. അതുകൊണ്ട് അഭീഷ്ടലക്ഷ്യം ഉറപ്പുവരുത്താൻ ആ സെക്ഷനു കഴിയുന്നില്ല. “ഗവർണർ അദ്ദേഹത്തിന്റെ മന്ത്രിമാരുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുന്നതായിരിക്കും' എന്നതിനുപകരം “മന്ത്രിയുടെ മേലൊപ്പ് ഇല്ലാത്തിടത്തോളം ഗവർണറുടെ യാതൊരുത്തരവിനും നിയമസാധുത ഉണ്ടായിരിക്കുകയില്ല' എന്നു പറയുന്നതായിരിക്കും കൂടുതൽ നന്ന്"
"ഗവർണറെ സ്വതന്ത്രനായി നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം എക്സിക്യൂട്ടീവിൽ നിന്ന് അകറ്റുകതന്നെ. ഗവർണർ രാഷ്ട്രീയവിവാദങ്ങളിൽ നേരിട്ടു പങ്കെടുക്കുന്നത്ര മറ്റൊന്നും തന്നെ അദ്ദേഹത്തിന്റെ നിഷ്പക്ഷമായ തീർപ്പിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ അടിത്തറ തോണ്ടുകയില്ല. നിയമസഭയും എക്‌സിക്യൂട്ടീവും തമ്മിലുള്ള തർക്കത്തിൽ അദ്ദേഹം പങ്കുകൊള്ളുന്നതിന്റെ ഫലം അതുതന്നെ ആയിരിക്കുമെന്നതിൽ സംശയമില്ല. നീതിയുക്തമെന്നു പരിഗണിക്കത്തക്കരീതിയിൽ അദ്ദേഹത്തിന്റെ ധർമം നിർവഹിക്കേണ്ടതുണ്ടെങ്കിൽ അദ്ദേഹം കക്ഷികൾക്ക് അധീനനായിരിക്കണമെന്നത് വളരെ പ്രധാനമാണ്. നിയമസഭയിൽ നിന്നു വേർപെട്ടതുപോലെ എക്സിക്യൂട്ടീവിൽ നിന്നും അദ്ദേഹം വിമുക്തനായിരിക്കണം. അതുകൊണ്ട്, ഗവർണർ എക്‌സിക്യൂട്ടീവിന്റെ ഭാഗമായിരിക്കുകയില്ലെന്നും അതിൽ അധ്യക്ഷത വഹിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടായിരിക്കുകയില്ലെന്നും വ്യവസ്ഥ ചെയ്യണമെന്നാണ് എന്റെ ശിപാർശ."
Dr. Babasaheb Ambedkar Writings and Speeches, Volume 2 See less