Author Image ഷൈൻ പി.എസ്.

ദലിത് ബൗദ്ധികതയും കേരളരാഷ്ട്രീയ ചരിത്രത്തിന്റെ ബദൽ വിഭാവനകളും: ഷൈൻ പി.എസ്.

കീഴാളപക്ഷ ചരിത്രബോധം വിമർശനാത്മക ചിന്ത എന്ന നിലയിൽ സമകാലിക കേരളീയ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതിന്റെ അനിവാര്യത എന്താണ്? ദലിത് ഇതര സാമൂഹ്യവിഭാഗങ്ങൾക്ക് ഈ ചരിത്രവീക്ഷണം രൂപപ്പെടുത്തുന്ന ജനകീയ മുന്നേറ്റങ്ങളോട് കണ്ണിചേരാൻ കഴിയുന്നതെങ്ങനെ?—ഈ ചോദ്യങ്ങളെ ചരിത്രകാരനായ പി. സനൽമോഹന്റെ “കീഴാളപക്ഷചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും” എന്ന ലേഖനസമാഹാരത്തെ മുൻനിർത്തി പരിശോധിക്കുകയാണ് ഷൈൻ പി.എസ്.

കീഴാളപക്ഷ ചരിത്രബോധം വിമർശനാത്മക ചിന്ത എന്ന നിലയിൽ സമകാലിക കേരളീയ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതിന്റെ അനിവാര്യത എന്താണ്? ദലിത് ഇതര സാമൂഹ്യവിഭാഗങ്ങൾക്ക്  ഈ ചരിത്രവീക്ഷണം രൂപപ്പെടുത്തുന്ന ജനകീയ മുന്നേറ്റങ്ങളോട് കണ്ണിചേരാൻ കഴിയുന്നതെങ്ങനെ? എന്നീ ചോദ്യങ്ങളെ ചരിത്രകാരനായ പി. സനൽമോഹന്റെ “കീഴാളപക്ഷചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും” എന്ന ലേഖനസമാഹാരത്തെ മുൻനിർത്തി പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.  

ദലിത് സാമൂഹികപ്രസ്ഥാനങ്ങളുടെ ആശയലോകത്തെയും അവ രൂപപ്പെടുത്തിയ മനോഭാവത്തയും പ്രധാനമായും അന്വേഷിക്കുന്ന പുസ്തകമാണ് പി. സനൽമോഹന്റെ "കീഴാളപക്ഷചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും” എന്ന ലേഖന സമാഹാരം. ഈ പ്രസ്ഥാനങ്ങളുടെ സവിശേഷതയായി നിരീക്ഷിക്കപ്പെടുന്ന വീണ്ടെടുപ്പിന്റെ വിവിധ അർത്ഥതലങ്ങളും രംഗഭൂമികകളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം. വീണ്ടെടുപ്പ്, പുനർവായന, മാറ്റിതീർക്കൽ എന്നിവയെ പുസ്തകത്തിലെക്കുള്ള താക്കോൽ വാക്കുകളായി തന്നെ പരിഗണിക്കാം. കോളോണിയൽ ആധുനികതയുമായുള്ള ഇടപെടലിലൂടെയാണ് ദലിത് കീഴാള പ്രസ്ഥാനങ്ങൾ വീണ്ടടുപ്പിന്റെ ചരിത്രപ്രയോഗം ആവിഷ്കരിക്കുന്നത്. ഇക്കാലത്തെ ചില സാഹിത്യസൃഷ്ടികൾ സാംസ്കാരിക പ്രവർത്തികളുടെ തലത്തിൽ വീണ്ടെടുപ്പിന്റെ വിഭാവനകളുടെ രംഗഭൂമിയായി മാറുന്നത് വിശകലനം ചെയ്യുന്നതാണ് പുസ്തകത്തിലെ രണ്ടാം ഭാഗം. ആധുനികത സംജാതമാക്കിയ സാമൂഹ്യമാറ്റങ്ങൾ കീഴാളരുടെ ദൈനംദിന ജീവിതത്തിന്റെ തലത്തിൽ പരിശോധിക്കുമ്പോൾ കേരള നവോത്ഥാനമെന്ന പരികൽപ്പന ചോദ്യം ചെയ്യപ്പെടുന്നതായി മൂന്നാം ഭാഗത്തെ ലേഖനങ്ങളിൽ കാണാം.

രാഷ്ട്രീയ ചരിത്രത്തിന്റെ ബദൽ വിഭാവനകൾ 

ദലിത് ബൗദ്ധികതയുടെ വികാസ പരിണാമം പരിശോധിക്കുന്ന ഭാഗത്തെ ലേഖനങ്ങളിൽ “ദലിത് ചരിത്രവും കീഴാള പഠനങ്ങളും” എന്ന ലേഖനത്തിൽ മാർക്സിസ്റ്റ് ചരിത്രവിശകലന സംവർഗങ്ങളുടെ പരിധികൾ പണ്ഡിതോചിതമായി ചൂണ്ടിക്കാട്ടുന്ന സന്ദർഭങ്ങളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ അവസ്ഥാരേഖ എഴുതുന്ന കേശവൻ വെളുത്താട്ടിന് രാഷ്ട്രീയപരം എന്ന പ്രശ്നവുമായി ശ്രേണീബന്ധമായ സമൂഹത്തിൽ അധികാരം, പദവി, വിഭവങ്ങൾ എന്നിവ വ്യത്യസ്തമായ അളവിലും നിലയിലും വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് ലഭ്യമാവുന്ന മൂർത്ത സാഹചര്യത്തെ ബന്ധപ്പെടുത്താനാവാത്തത് വഴി രാഷ്ട്രീയ ചരിത്രരചന പിന്തുടരേണ്ട സമൂലമാറ്റത്തിന്റെ ഗതി തിരിച്ചറിയാൻ  കഴിയുന്നില്ലെന്ന പി. സനൽ മോഹന്റെ വിമർശം ഇതിനുദാഹരണമാണ്. ഇവിടെ മോഹന്റെ എഴുത്തുകളെ പിന്തുടർന്ന് കേരളത്തിലെ രാഷ്ട്രീയപൊതുമണ്ഡല ചരിത്രത്തിന്റെ  ബദൽ രൂപരേഖ വിഭാവന ചെയ്യാനാണ് ലേഖനം തുടർന്നു വരുന്ന ഭാഗത്ത് ശ്രമിക്കുന്നത്. 

കേരളത്തിലെ സ്വയംസജ്ജമായ ദളിത് സാമൂഹിക - മത പ്രസ്ഥാനങ്ങൾ ആധുനികതയുടെ സങ്കൽപ്പനങ്ങളോട്  ഇടപെടുകയും ജാതി സമൂഹത്തിൽ അവയുടെ സാർവ്വലൗകികതയ്ക്കുള്ള പരിമിതികളെ വിമർശന വിധേയമാക്കുകയും ചെയ്തു. ദൈനംദിന ജീവിതത്തിൽ സ്വാതന്ത്യം,തുല്യത,നീതി മുതലായ മനുഷ്യാവകാശങ്ങളുടെ ഇല്ലായ്മ മൂർത്തമായി അനുഭവിക്കുന്ന സമുദായങ്ങളുടെ പൊതുബോധത്താൽ പ്രചോദിതമായ  ഇത്തരം പ്രസ്ഥാനങ്ങൾ ആധുനികതയുടെ പാരമ്പര്യത്തെ വിമോചനാത്മകമായി പുനർനിർമ്മിക്കാനും അവയുടെ വ്യാവഹാരിക ദ്വന്ദ്വങ്ങളുടെ അതിരുകളെ അസ്ഥിരമാക്കാനും ഇന്നും നിരന്തരം ശ്രമിക്കുന്നു എന്ന് പറയാം. ഉദാഹരണത്തിന് പൊതു ( Public) എന്ന ആധുനിക സങ്കൽപ്പനത്തിന്റെ കേരളത്തിലെ വംശാവലി പരിഗണിച്ചാൽ ഇത് മനസ്സിലാവും. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ സാർവ്വലൗകികതയുടെ പ്രതീതിക്ക് വിരുദ്ധമായി ഈ പദം വിവക്ഷിച്ചിരുന്നത് മേൽജാതിവരേണ്യ ഇടങ്ങളെയായിരുന്നു. ഇത്തരം അഭിജാത ഇടങ്ങളിലും സ്ഥാപനങ്ങളിലും ഇടം പിടിക്കാനും അവയുടെ ചിഹ്നഘടനയെ കീഴ്മേൽമറിക്കാനും സാധുജന പരിപാലന സംഘം അയ്യൻകാളിയുടെ നേതൃത്ത്വത്തിൽ ശ്രമിച്ചു. ഒരു സുപ്രധാന ആധുനികസങ്കൽപ്പത്തെ മൂർത്തമായ അനുഭവമാക്കി അതിനെ സാമൂഹികതയിൽ അർത്ഥപൂർണ്ണവും അഗാധവുമാക്കാനുള്ള പോരാട്ടമായിരുന്നു ഇതെന്നാണ് സനൽമോഹന്റെ വീക്ഷണം. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ അനുഭവത്തിൽ ആധുനികതയുടെ പ്രബലമായ ചരിത്രവീക്ഷണത്തെ പ്രശ്നവൽക്കരിക്കുന്നതായും മതപരം - മതേതരം, ഭൗതികം - ആദ്ധ്യാത്മികം മുതലായ വേർതിരിവുകളെ സംഘർഷത്തിലാക്കുന്നതായും മനസ്സിലാക്കാം. 

തിരുവിതാംകൂറിൽ പൊതുമണ്ഡലത്തിന്റെ ആവിർഭാവ ഘട്ടത്തിൽ ദളിത് സാമൂഹിക വിഭാഗങ്ങൾ പ്രതിനിധാനം ചെയ്യപ്പെടുന്നതിന്റെ യുക്തി പരിഷ്കരണവാദം കൊണ്ട് മറയ്ക്കപ്പെടുന്ന ആധിപത്യഭാഷയാണെന്ന് ഗ്രന്ഥകർത്താവ്  അദ്ദഹത്തിന്റെ അടിമത്ത ആധുനികത അധിനിവേശ കേരളത്തിലെ ജാതി അസമത്വത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ എന്ന തന്റെ വിഖ്യാത കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്  ആധിപത്യഭാഷയുടെ ‘പൊതു’ സ്വീകാര്യതയുടെ ഒരു പ്രധാനകാരണം അതിന്റെ ആന്തരികമായ വൈരുദ്ധ്യങ്ങളാണെന്ന് കാണാം. ദലിത്കീഴാളരുടെ സ്വയംസജ്ജമായ രാഷ്ട്രീയഭാവനകളെ പുറന്തള്ളുകയോ, കീഴ്പ്പെടുത്തി ഉൾപ്പെടുത്തുകയോ ചെയ്യുന്ന ഈ അധീശ ആഖ്യാനങ്ങൾ സാർവ്വലൗകികത ദ്യോതിപ്പിക്കുന്ന ഭാഷയിലാണ് പൊതുഇടത്തിൽ ആവിഷ്കരിക്കപ്പെട്ടത്. തുടർന്ന്  ദേശരാഷ്ട്രത്തിന്റെ അധീശ വ്യവഹാരങ്ങൾക്കുള്ളിൽ പ്രബലജാതികൾ സ്വന്തം സമുദായത്തിനുള്ളിലെ പരിഷ്കരണത്തിലൂടെ ദേശീയതയുമായി കണ്ണിചേർന്നതായി പുസ്തകത്തിൽ സൂചിപ്പിക്കുന്നു. 1970 കളോടെ പ്രധാനമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ - സാംസ്കാരിക പ്രയോഗങ്ങളിലൂടെ സമഗ്രാധിപത്യം നേടിയ അപൂർണ്ണമായ ദേശീയ - ജനകീയം (Incomplete national-popular) ജാതിവരേണ്യതയെ നവീകരിച്ചുവെന്ന് (Refurbished caste) ജെ ദേവിക, നിസ്സിംമന്നത്ത്കാരൻ എന്നിവരുടെ വിമർശനാത്മക സാമൂഹികശാസ്ത്രപഠനങ്ങൾ വാദിക്കുന്നു. ഈ അപൂർണ്ണമായ ദേശീയ - ജനകീയത്തിന്റെ സാമൂഹിക - സാംസ്കാരിക യുക്തിയാണ് ഇന്നും അധികാരം - പദവി-വിഭവങ്ങൾ എന്നിവ വ്യത്യസ്തമായ അളവിലും നിലയിലും വിവിധ സമുദായങ്ങൾക്കു ലഭ്യമാവുന്നതിന്റെ പ്രധാന കാരണം. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലും തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലും ( Electoral politics) ദലിത് സമുദായങ്ങൾ  സ്ഥിര ന്യൂനപക്ഷമായി ( Permanent Minority) തുടരുന്ന സാഹചര്യവുമായി ഇതിന് ആഴത്തിൽ ബന്ധമുണ്ട്. സൗത്ത്ബറോ കമ്മീഷന് മുമ്പാകെയുള്ള തെളിവുകൊടുക്കലുകളിൽ യഥാർത്ഥമായ താൽപ്പര്യങ്ങളും, രാഷ്ട്രീയ നിർവ്വാഹകത്വവും തെരഞ്ഞെടുപ്പ്/പ്രാതിനിത്യ രാഷ്ട്രീയത്തിൽ ഒരിക്കലും നിയമനിർമ്മാണത്തിലൂടെ ( Legislation) അംഗീകരിക്കപ്പെടാത്ത സാമൂഹിക വിഭാഗങ്ങളെ  സ്ഥിര ന്യൂനപക്ഷങ്ങളായി അംബേദ്കർ അടയാളപ്പെടുത്തുന്നത് കേരളത്തിലെ സവിശേഷമായ സാഹചര്യത്തിലും പ്രസക്തമാണ്. 

പൊതു ഇടങ്ങളെ സൃഷ്ടിക്കാനും പുനർനിർവചിക്കാനും ദളിത് സാമൂഹികപ്രസ്ഥാനങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ ലേഖനത്തിൽ മുമ്പു പരാമർശിച്ചല്ലോ. എങ്കിലും സമകാലിക സാഹചര്യത്തിൽ പൊതുവിടങ്ങൾ അസമത്വം പുനരുൽപ്പാദിപ്പിക്കപ്പെടുന്ന അഭിജാത ഇടങ്ങളായി നിലനിൽക്കുന്നതിന്റെ ചരിത്ര സാഹചര്യം വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടതാണ്. 1960കളോടെ രൂപപ്പെടുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയരൂപീകരണം (Political formation) ഘടനാപരമായ മാറ്റത്തിനായി പോരാടിയ കീഴാള സാമൂഹികഭാവനയെ കൈവശപ്പെടുത്തുകയും അതിൽ നിന്ന് ആർജിച്ച പുരോഗമനപരിവേഷം മൂലധനമായി സമാഹരിക്കുകയും ചെയ്തു. മുഖ്യധാരാരാഷ്ടീയ പ്രയോഗങ്ങളും സാമുദായികസ്വത്ത് സമാഹരണത്തിറെ ഘടനകളുമായുള്ള ( Social structures of accumulation) പരസ്പരം ശക്തിപകരുന്ന ബന്ധത്തെക്കുറിച്ച് രവിരാമൻ അദ്ദഹത്തിന്റെ പഠനങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇതൊരു ഉദാഹരണം കൊണ്ട് വിശദമാക്കാം. സമകാലിക കേരളത്തിലെ ജനകീയ ധാരണയിൽ പൊതുവിദ്യാഭ്യാസമെന്ന സംവർഗത്തിൽ സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളും വരും. വിദ്യാഭ്യാസമെന്ന സാംസ്കാരിക വിഭവത്തിന്റെ സാർവ്വലൗകികമായ പ്രാപ്തിക്ക് അവ പങ്ക് വഹിക്കുന്നുവെന്നത് കുറച്ചൊക്കെ വാസ്തവമാണ്. പക്ഷെ നിയമനങ്ങളിലൂടെ വിനിയോഗിക്കപ്പെടുന്ന പൊതുവിഭവങ്ങളുടെയും വിതരണം ചെയ്യപ്പെടുന്ന പദവികളുടെയും ഗുണഭോക്താക്കൾ സംസ്ഥാനത്തെ പ്രബല മത - ജാതി സമുദായങ്ങൾ മാത്രമാകുന്നതിന്റെ പൊള്ളുന്ന അനീതിയെയാണ് ഒ. പി. രവീന്ദ്രൻ 'പൊതുവിദ്യാഭ്യാസരംഗത്തെ ജാതി കോളനികൾ' എന്ന തന്റെ അന്വേഷണത്തിലൂടെ തുറന്ന് കാട്ടിയത്. മൂലധന സമാഹരണവും ജാതിയുമായുള്ള ബന്ധത്തെ രാഷ്ട്രീയസമ്പദ്ശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളുടെ അടിസ്ഥാനത്തിൽ സൈദ്ധാന്തിക സൂക്ഷ്മതയോടെ വിലയിരുത്തുന്ന “ജാതിയും മൂലധനരൂപീകരണവും” എന്ന സനൽമോഹന്റെ ലേഖനം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. 

ദലിത് ബൗദ്ധികത : സാംസ്കാരിക മുൻവിധികളുടെ വിമർശം 
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതൽ അടിമജാതികളായ കീഴാളരുടെ തീവ്രമായ സാമൂഹിക അനുഭവങ്ങൾ കോളോണിയൽ ആധുനികതയുടെ ആശയലോകവുമായുള്ള സംവാദത്തിലൂടെ സംജാതമാക്കിയ ദളിത് ബൌദ്ധികതയുടെ (Dalit intellectualism) വികാസപരിണാമത്തെ പ്രധാനപ്രമേയമാക്കുന്നു എന്നതാണ് കൃതിയുടെ സവിശേഷതകളിലൊന്ന്. കുറഞ്ഞത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലെങ്കിലും ദളിത് ബൌദ്ധികത പിൻബലമേകിയ വിവിധ സാമുഹിക-മത പ്രസ്ഥാനങ്ങൾ കേരളത്തിൽ സജീവമായിരുന്നു. അവയുടെ സാംസ്കാരിക - സാമൂഹിക പ്രയോഗങ്ങളിൽ ഉൾചേർന്ന വീണ്ടെടുപ്പിന്റെ രാഷ്ട്രീയം സമകാലിക കേരളീയ പൊതുജീവിതം അടിയന്തിരമായി ആവശ്യപ്പെടുന്നു എന്ന് നിരീക്ഷിക്കാവുന്നതാണ്.
 
ദളിത് ബൗദ്ധികത എന്ന സങ്കൽപ്പനം തന്നെ കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിന്റെ അധീശ ബലതന്ത്രം കീഴ്മേൽ മറിക്കാൻ പര്യാപ്തമാണ്. സംസ്കാരം എന്ന ആശയം മനുഷ്യന്റെ സൃഷ്ടിപരമായ പ്രവർത്തികളിലെ ലോലതലങ്ങളായ സാഹിത്യം, കലാപ്രവർത്തനം എന്നിവയുമായി ഉൾച്ചേർന്നാണ് പൊതുബോധത്തിൽ ഉറച്ചിരിക്കുന്നത്. മനുഷ്യന്റെ ഭൗതിക - സാമൂഹിക അസ്തിത്വത്തിൽ നിന്ന് വേറിട്ട ഒന്നായി അത് സംസ്കാരത്തെ കാണുന്നു. സംസ്കാരത്തെ കുറിച്ചുള്ള ഈ അധീശപരമായ വിഭാവന മനുഷ്യ ജീവിതരൂപങ്ങളെയും പ്രവർത്തികളെയും ശ്രേഷ്ഠമായും - നീചമായും മുൻധാരണ ചെയ്യുന്നുണ്ട്. ജാതി സമൂഹത്തിൽ കീഴാള സമൂഹങ്ങൾക്ക് പ്രാവീണ്യമുള്ള കായികാധ്വാനം ആവശ്യമുള്ള പ്രവർത്തികൾ നീചമായും ജാതിഅധികാരം വഴി ഉപരിജാതികളുടെ കുത്തകയായിരുന്ന ബൌദ്ധിക-കല മേഖലകൾ ശ്രേഷ്ഠമായും വ്യവഹരിക്കപ്പെട്ടു.ദളിത് ബൌദ്ധികതയ്ക്ക് കേന്ദ്രപരിഗണന നൽകി മോഹൻ വികസിപ്പിക്കുന്ന മേൽപ്പറഞ്ഞ സാംസ്കാരികമുൻവിധികളുടെ വിമർശം കേരളീയ സിവിൽസമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് അനിവാര്യമാണ്. ഈ വിമർശാവബോധത്തോടാണ് ദളിത് ഇതര സാമൂഹിക വിഭാഗങ്ങൾക്ക് കണ്ണിചേരാനുള്ള സാധ്യതയുള്ളത്. ദളിത് ബൌദ്ധികതയുടെ ദിശാമാറ്റത്തിന്റെ സൂചകമായി ചെങ്ങറ, അരിപ്പ ഭൂസമരങ്ങളെ ഗ്രന്ഥകാരൻ പരിഗണിക്കുന്നു. കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തെ വിഭാവന ചെയ്യുന്ന മുന്നേറ്റങ്ങളാണിവ. ഇവ പൊതുയുക്തിയുടെയും ഭാവശക്തിയുടെയും സ്വരങ്ങളിൽ പൊതു സമൂഹവുമായി സംവദിക്കുന്നു. ഉദാഹരണത്തിന് തങ്ങൾക്ക് കൃഷിഭൂമി ലഭിക്കേണ്ടതിന്റെ ആവശ്യകത തങ്ങൾ ഈ മണ്ണിന്റെ അവകാശികളായതിനാലും നിലനിൽക്കുന്ന സമൂഹത്തിൽ ഏറ്റവും ആവശ്യമായ കാർഷികോൽപ്പാദനത്തിൽ  ഏർപ്പെട്ടിരിക്കുന്നവരായതിനാലും അനിവാര്യമാണന്ന് അവർ യുക്തിഭദ്രമായി ആവശ്യപ്പെടുന്നു. അതേ സമയം മാധ്യമീകൃതമായ പൊതുമണ്ഡലത്തിൽ ദളിത് ശരീരങ്ങളുടെയും അനുഭവങ്ങളുടെയും  വർദ്ധിച്ച ദൃശ്യത ഭാവശക്തിയുടെയും ധാർമ്മികതയുടെയും തലത്തിൽ സ്വാധീനം ചെലുത്തുന്നതായി ചില സമകാലിക മാധ്യമപഠനങ്ങൾ നിരീക്ഷിക്കുന്നു.

സനൽമോഹന്റെ ചരിത്ര പ്രയോഗം

സനൽമോഹൻ എന്ന ചരിത്രകാരന്റെ ബൗദ്ധികപ്രയോഗങ്ങളും സവിശേഷമായ ഗവേഷണ രീതിശാസ്ത്രവും ഭൂതകാലത്തിന്റെ വീണ്ടെടുപ്പും ഇന്നിന്റെ മാറ്റിതീർക്കലും കേന്ദ്രസ്ഥാനത്ത് നിർത്തുന്നു.സാമൂഹികഘടനയുടെ ഭാരം പേറേണ്ടി വന്ന ദളിത് കീഴാളരുടെ ശാരീരിക-വൈകാരിക യാതനകളുടെ അനുഭവങ്ങളെ വീണ്ടെടുക്കുന്നത് തലമുറകളിലേക്ക് കൈമാറാനുള്ള കഥയായല്ല മറിച്ച് വർത്തമാനകാലത്തിലെ ജീവിക്കുന്ന ഓർമ്മയായാണ്. ഈ രാഷ്ട്രീയസ്ഥാനപ്പെടലിൽ നിന്ന് ഉരുവം കൊള്ളുന്നതാണ് തെളിവുസാമഗ്രികളുടെയും ( source material) പാഠങ്ങളുടെയും ( texts) തെരഞ്ഞെടുപ്പും ഗവേഷണരീതിശാസ്ത്രവും. അടിമത്ത ആധുനികത എന്ന തന്റെ ഗ്രന്ഥത്തിൽ മോഹൻ പറയുന്നത് കേൾക്കുക “ ചരിത്രപരമായ ചോദ്യത്തിന്റെ അന്വേഷണത്തിന് എത്തനോഗ്രാഫിയുടെ സങ്കേതങ്ങൾ ഉപയോഗിക്കുക വഴി സംഭവങ്ങളുടെ വിവിധങ്ങളായ അർത്ഥങ്ങളെ ഇഴപിരിചെടുക്കാനുള്ള സാധ്യത തുറക്കുന്നു. പുരാശേഖര വിശകലനത്തോടൊപ്പം  വിഷയികളെ തീക്ഷണമായി നിരീക്ഷിക്കുകയും അവരുടെ ആഖ്യാനങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഉദയകുമാർ അവതാരികയിൽ സൂചിപ്പിക്കുന്നത് പോലെ ഭൂതകാലത്തിന്റെ വീണ്ടെടുക്കലും വർത്തമാനകാലത്തിന്റെ മാറ്റി തീർക്കലും സനൽമോഹന്റെ ചരിത്രപ്രയോഗത്തിൽ ഒരുമിക്കുന്നത് ഇങ്ങനെയാണ്. പുസ്തകത്തിലൂടെ തെളിയുന്ന നിലനിൽക്കുന്ന സാമൂഹികശാസ്ത്ര വിജ്ഞാനത്തോടുള്ള സനൽമോഹന്റെ സംവാദങ്ങളിലും, ഇടപെടലുകളിലും ദളിത് കീഴാള സമൂഹത്തിന്റെ ശാരീരിക - വൈകാരിക അനുഭവങ്ങളുടെ വീണ്ടെടുക്കലാണ് വിജ്ഞാനപരമായി നിർണ്ണായകമാവുന്നത്. 

”ദലിത് വിരുദ്ധമായിരുന്ന വിമോചനസമരം” എന്ന ലേഖനം ഇടതുപക്ഷ ആഖ്യാനങ്ങളിൽ പോലും കടന്ന് വരാത്ത വിമോചനസമരകാലത്തെ ദളിത് വേട്ടയെയാണ് വീണ്ടെടുക്കുന്നത്. വിമോചനസമരം ജനാധിപത്യ പുനസ്ഥാപനമായിരുന്നുവെന്ന സവർണ്ണ ക്രിസ്ത്യാനികളുടെ വാദത്തെ ദളിത് ക്രൈസ്തവരായ കുട്ടനാട്ടിലെ കർഷകതൊഴിലാളികളുടെയും വെള്ളിക്കരയിലെ "ഹരിജൻ" സംഘടനാ നേതാക്കളുടെയും സവിശേഷമായ ആഖ്യാനങ്ങളിലൂടെയാണ് മോഹൻ ഖണ്ഡിക്കുന്നത്. മലബാറിലേക്ക് കുടിയേറിയ ദളിത്ക്രൈസ്തവർ വിമോചനസമരകാലത്ത് അനുഭവിക്കേണ്ടി വന്ന കൊടിയ ജാതി മർദ്ദനത്തിന്റെ അനുഭവങ്ങളിലൂടെ കേരളത്തിലെ അധീശവൽക്കരണം ആഴത്തിൽ ജാതി വേരുകളുള്ളതാണ് എന്ന വാദം അദ്ദഹം മുന്നോട്ട് വെക്കുന്നു. ക്രൈസ്തവർ ഭൂരിപക്ഷമുള്ള കടുത്തുരുത്തിയിലും മുട്ടുചിറയിലും വിമോചനസമരകാലത്ത് കമ്മ്യൂണിസ്റ്റ് അനുഭാവികളും അല്ലാത്തവരുമായ പുലയർക്കെതിരെ “ പെലേനെ തല്ലാൻ ഞാനുമുണ്ട്” എന്നു പറഞ്ഞ് കൊണ്ട് സവർണ്ണ ക്രിസ്ത്യാനികൾ അതിക്രമങ്ങൾ അഴിച്ചുവിട്ടതിന്റെ വിവരണം കെ. കെ. കൊച്ചിന്റെ ആത്മകഥയായ ദലിതനിലുമുണ്ട്. വിമോചന സമരത്തോടെ സാമൂഹികമായി പ്രബലരായ വിഭാഗങ്ങളുടെ പ്രത്യേകാവകാശങ്ങളുടെ പുനസ്ഥാപനത്തിന് സിനിമയും സാഹിത്യവും പോലെയുള്ള സാംസ്കാരിക പ്രവർത്തികളുടെ ഭൂമികയിലൂടെ എങ്ങനെയാണ് പൊതുഅവബോധത്തിൽ സമ്മതി ലഭിക്കുന്നത് എന്ന പഠനം ചരിത്രകാരനായ ദിലീപ് എം. മേനോൻന്റെതായുണ്ട്. ഇത്തരം പഠനങ്ങളിലേക്ക് പുതിയ തെളിവ് സാമഗ്രികളും  സാമൂഹിക സംവാഹകത്വമുള്ള വിഷയികളുടെ അനുഭവാഖ്യാനങ്ങളും കൂട്ടിചേർക്ക വഴി അവയുടെ ചരിത്രപരത ഉറപ്പിക്കുകയാണ് സനൽമോഹൻ ചെയ്യുന്നത്.