Author Image ഡോ. രതീഷ് ശങ്കരൻ

പഠിക്കുകയും പോരാടുകയും ചെയ്ത ഒരു വിദ്യാർത്ഥി ജീവിതത്തിൻ്റെ ഓർമ്മയ്ക്ക്

പഠനത്തോടൊപ്പം തന്നെ പല തൊഴിലുകളിലുമേർപ്പെട്ട് ജെ.ആർ.എഫും (JRF) ഡോക്ടറേറ്റും നേടിയ, എഴുത്തുകാരനും സർഗ്ഗാത്മക പ്രതിഭയുമായിരുന്ന ഷൈജു വി. 42-ാം വയസ്സിൽ ജീവിതത്തിൽ നിന്നും വിടവാങ്ങുമ്പോൾ അദ്ദേഹം ഏതു നിമിഷവും തൊഴിൽ നഷ്ടം സംഭവിക്കാവുന്ന ഒരു 'അതിഥി' അധ്യാപകനായിരുന്നു. ക്ലാസ് മുറികളിലെ ബെഞ്ചിലിരിക്കും മുൻപ് ഒരു വിദ്യാർത്ഥി ഏതെല്ലാം പടവുകൾ താണ്ടിക്കൊണ്ടിരിക്കുന്നുണ്ടെന്ന അജ്ഞാതമായ സത്യം അധ്യാപക-വിദ്യാർത്ഥി പൊതുസമൂഹത്തിന് അറിവായി മാറേണ്ടതുണ്ട്. അധ്യാപകനും എഴുത്തുകാരനുമായ ഡോ. രതീഷ് ശങ്കരൻ, അകാലത്തിൽ വിടപറഞ്ഞ ഷൈജു വി.യെക്കുറിച്ച് ഓർമ്മകൾ പങ്കുവെക്കുന്നു.

ഉൾക്കൊള്ളാൻ പ്രയാസമാണെങ്കിലും നേരിൽ കാണാൻ ഇനി ഷൈജു ഇല്ല എന്ന അതി തീവ്രയാഥാർത്ഥ്യം ബാക്കി വെച്ച് ഷൈജു വി. യാത്രയായി. കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷകനായും ദീർഘകാലം ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും മറ്റ് ഗവ: കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ച ഷൈജു ഇക്കഴിഞ്ഞ ഡിസംബർ 21 ന് വിട വാങ്ങി. ഹൃദയാരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിലിരിക്കേയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് മരണപ്പെട്ടത്. ഒട്ടേറെ സക്രിയമായ കർമ്മവഴികളും ജീവിതമോഹങ്ങളും ബാക്കിയാക്കി പിപഠിഷുവായ ഒരാൾ തൻ്റെ 42-ാം വയസ്സിൽ ജീവിതത്തിൽ നിന്നും പിൻവാങ്ങുമ്പോൾ അതേൽപ്പിക്കുന്ന ആഘാതം അപരിഹാര്യമായ ചോദ്യങ്ങളെ മാത്രം അവശേഷിപ്പിക്കുന്നു. 

സജീവമായ തൻ്റെ അധ്യാപനകാലയളവിൽ സ്വരുക്കൂട്ടിയ വിദ്യാർത്ഥികൾ, അധ്യാപകർ മറ്റു അസംഖ്യം സുഹൃത്തുക്കൾ എല്ലാവരെയും തൻ്റെ രോഗാതുരമായ ഹൃദയത്തിലേക്ക് ആവാഹിച്ച മാന്ത്രികത തന്നെയാണ് അദ്ദേഹത്തിൻ്റെ അസ്തിത്വം. സൗഹൃദം എങ്ങനെയാണ് ഒരു കാലത്തിൻ്റെ രോഗശമനിയാകുന്നതെന്ന് തൻ്റെ സാന്നിധ്യത്തിലൂടെയാണയാൾ തെളിയിച്ചത്. കാരണം കാഴ്ച്ചപ്പാടുകൾ കൊണ്ടും മനോനിലകൾ  കൊണ്ടും രാഷ്ട്രീയം കൊണ്ടും ജാതിജന്മത്വം, സമ്പദ്/അധീശത്വം കൊണ്ടുമൊക്കെ നിരന്തരം വേർതിരിഞ്ഞു ചിതറാൻ സജ്ജമായ മനുഷ്യരുടെ ഇടയിൽ അയാൾ  ഏതൊരാളെയും ചേർത്തണയ്ക്കുന്ന നേർമയായി നില കൊണ്ടു. ആ ദൈനംദിനജൈവികത പരിപൂർണ്ണമായും നമ്മുടെ അധികാരബദ്ധമായ "മഹദ്" വ്യവസ്ഥകളോട് ഇടഞ്ഞു നിൽക്കുന്നതായിരുന്നു. കാരണം ബിരുദ-ബിരുദാനന്തരപഠനവും ഗവേഷണ ബിരുദവും ദീർഘകാല അധ്യാപനപരിചയവും മതിയായ ഗവേഷണപഠനങ്ങളുമൊക്കെ കൈവശമുള്ള ഒരു ഉദ്യോഗാർത്ഥി തൻ്റെ 42-ാം വയസ്സിൽ മരണപ്പെടുമ്പോഴും അദ്ദേഹം ഏത് നിമിഷവും തൊഴിൽ നഷ്ടം സംഭവിക്കാവുന്ന അതിഥി അധ്യാപകനായിരുന്നു. പല പി.എസ്.സി. റാങ്ക് ലിസ്റ്റുകളിലും ഷൈജുവുണ്ടായിരുന്നു. കോഴയും രാഷ്ട്രീയ-മതാധികാര പിൻബലവും മുഖ്യമായ ' മഹദ് ' സ്ഥാപനങ്ങൾ അത് കലാലയങ്ങളാകട്ടെ, സർവകലാശാലകളാകട്ടെ അത്തരമിടങ്ങളിൽ നിന്നെല്ലാം നിരുപാധികം പിന്തള്ളപ്പെടാനുള്ള ദരിദ്രത ഇന്നും തൊഴിൽ കേണു നിൽക്കുന്ന ഞങ്ങളടക്കമുള്ള അസംഖ്യം ഗവേഷക ഉദ്യോഗാർത്ഥികളെപ്പോലെ ഷൈജുവിനും കൈമുതലായുണ്ടായിരുന്നു.

 കുഞ്ഞുന്നാൾ തൊട്ടേ ഷൈജുവിന് ഹൃദയാരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പിൽക്കാലത്ത് ഹൃദയവാൽവ് മാറ്റി വെക്കുന്ന മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായി തുടർന്ന് മരുന്നുകളോടും നിരന്തരപരിരോധനകളോടും ചേർന്നുള്ളൊരു അതിജീവനമായിരുന്നു. ചേളന്നൂർ എസ്.എൻ. കോളേജിലായിരുന്നു ബിരുദ പഠനം. പഠനത്തോടൊപ്പം തന്നെ പല തൊഴിലുകളിലുമേർപ്പെട്ടു. പ്രായമായ മാതാപിതാക്കളും സ്ഥിര വരുമാനമില്ലാത്ത സഹോദരനുമടങ്ങുന്ന കുടുംബത്തെ പരിരക്ഷിക്കുന്നതിനും തന്നെ നിലനിർത്തുന്നതിനുമുള്ള മരുന്നുകൾക്കുമുള്ള വഴി കണ്ടെത്താൻ അയാൾ പ്രയത്നിച്ചു. കല്യാണ വീഡിയോകളും സ്റ്റുഡിയോ ജോലികളും സമാന്തരമായി നിർവഹിച്ചു. അതോടൊപ്പം തന്നെ കലാലയ രാഷ്ട്രീയത്തിലും മറ്റ് സർഗ്ഗാത്മക പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടു. കോളേജിൽ ഫൈൻ ആർട്സ് സെക്രട്ടറിയായിരുന്നു. പ്രിയ സുഹൃത്ത് പി.കെ. ശോഭിത്തുമായി ചേർന്ന് നിരവധി നാടകങ്ങളിൽ അഭിനയിച്ചു. തുടർ പഠനങ്ങളെ രേഖീയമായി കൊണ്ട് പോകത്തക്കവിധത്തിലുള്ള സാഹചര്യമില്ലാത്തതിനാൽ ഇടമുറിഞ്ഞ വിദ്യാഭ്യാസമായിരുന്നു. സംസ്കൃത സർവകലാശാല പ്രാദേശികകേന്ദ്രം കൊയിലാണ്ടിയിൽ വർഷങ്ങളോളം  അതിഥി അധ്യാപകനായിരുന്നു. അന്തരിച്ച ഡോ. പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ  സ്നേഹശാസനകളും പ്രേരണകളും ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ ഷൈജു പലപ്പോഴായി പങ്കുവെച്ചിരുന്നു. 

JRF നേടിയാണ് അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണത്തിനെത്തിയത്. ചിന്ത രവീന്ദ്രൻ്റെ ധൈഷണിക ലോകത്തെ മുൻനിർത്തിയുള്ള പഠനമാണ് നിർവഹിച്ചത്. അകലങ്ങളിലെ മനുഷ്യരിലേക്കുള്ള രവീന്ദ്രൻ്റെ പ്രയാണങ്ങൾ എങ്ങിനെയാണ്  മാർക്സിയൻ സൗന്ദര്യശാസ്ത്രങ്ങളെയും യാത്രാവിവരണം പോലുള്ള ആഖ്യാന ജനുസ്സുകളെയും പുന:ക്രമീകരിക്കുന്നതെന്ന അന്വേഷണങ്ങൾ അതിൽ ശക്തമാണ്. " ഞാൻ കണ്ട ദേശങ്ങൾ " എന്ന നിലയിൽ "ഞാൻ" വിരാജിച്ച യാത്രാപഗ്രഥനത്തിൽ നിന്ന് വ്യത്യരക്തമായി ഞാൻ ഇതെന്തു കൊണ്ട് കാണുന്നു എന്ന ഉൺമയെയാണ് രവീന്ദ്രൻ പ്രശ്നവൽക്കരിക്കുന്നത്. ഗ്രാമങ്ങളുടെ പരിപാവനതയെ റദ്ദാക്കുന്ന ഇന്ത്യൻവിചാരലോകത്തെ ഈ പ്രബന്ധത്തിൽ സമഗ്രമായി അടയാളപ്പെടുത്തുന്നു. ആന്ധ്രയിലെയും ഒഡീഷയിലേയുമൊക്കെ പുകയുന്ന ഗ്രാമങ്ങളിലെ ദലിതരുടെയും ഭോഗസ്ത്രീകളുടെയും വ്രണിത ദൈനംദിനത്തെ അപഗ്രഥിക്കുന്ന രവീന്ദ്രൻ്റെ ആലോചനകളെ രാഷ്ട്രീയമായി അനുസ്യൂതമാക്കാനാണ് ഷൈജു വി. തൻ്റെ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്. പി.എച്ച്.ഡി. പൂർത്തിയാക്കിയ ശേഷം പാലക്കാട് ചിറ്റൂർ ഗവ. കോളേജിൽ അധ്യാപകനായി ജോലി ചെയ്യവേ സ്ട്രോക് വന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് അത്ഭുതകരമായി തിരിച്ചുവരികയുമുണ്ടായി. പക്ഷേ ഇടക്കാലത്ത് വന്ന ന്യൂമോണിയയും സ്ട്രോക്കും അദ്ദേഹത്തെ നന്നേ തളർത്തുകയായിരുന്നു.

ഷൈജു തൻ്റെ എഴുത്തു ജീവിതം ആരംഭിക്കുന്നത് തന്നെ കഥകളെഴുതിക്കൊണ്ടാണ്. ശ്രദ്ധേയമായ ആ രചനാശ്രമങ്ങൾക്ക് തുടർച്ചയുണ്ടായില്ല.  പിന്നീടദ്ദേഹം സുഹൃത്തുക്കളുടെയും അധ്യാപകരുടെയും രചനകൾക്ക് വായനക്കാരനായും നിർദ്ദേശകനായും ഒതുങ്ങി. വ്യക്തിപരമായി ഷൈജുവിൻ്റെ അഭാവം ബാക്കിയാക്കുന്നത് അതിതീവ്രമായ വിഷാദം മാത്രമാകുമ്പോഴും ജീവിതത്തിൽ ഒരിക്കലും അവൻ വിഷാദിയായിരുന്നില്ല. പരിചയപ്പെട്ട മുതൽ ഒരു കാലത്തും അകലാത്ത വിധത്തിലുള്ളൊരു അടുപ്പത്തിൻ്റെ മാന്ത്രികത അവനിലുണ്ടായിരുന്നു. നൈസർഗ്ഗികമായും സൗമ്യമായും എങ്ങനെ മനുഷ്യരിൽ പടരാമെന്നയാൾ പഠിപ്പിച്ചു. എല്ലാവരോടും അവൻ ചേർന്നു നിന്നു. ഒന്നിൽ നിന്നും അകന്നിരുന്നില്ല. അഹംഭാവങ്ങളില്ലാതെ, നേർമയോടെ പതുക്കെ ചിരിച്ചു കൊണ്ട് മാത്രം സംസാരിച്ചു. നിസ്വാർത്ഥമായും സ്വയം വിലപേശാതെയും അതിജീവിക്കുക സാധ്യമല്ലാത്തൊരു  കാലത്തിന് തന്നെ അപവാദമായി. വിദ്യാർത്ഥിത്വം  എന്ന സാമൂഹിക- രാഷ്ട്രീയ ചേതനയ്ക്ക് സ്വയം മാതൃകയായണയാൾ കളമൊഴിഞ്ഞത്. ക്ലാസ്സ് മുറികളിലെ ബെഞ്ചിലിരിക്കും മുമ്പ് ഒരു വിദ്യാർത്ഥി അവൻ ഏതെല്ലാം പടവുകൾ താണ്ടിക്കൊണ്ടിരിക്കുന്നുണ്ടെന്ന അജ്ഞാതമായൊരു സത്യം അധ്യാപക-വിദ്യാർത്ഥി പൊതു സമൂഹത്തിനും അറിവായി മാറേണ്ടതുണ്ട്. അധ്വാനിക്കുകയും പഠിക്കുകയും പോരാടുകയും ചെയ്യുന്ന വിദ്യാർത്ഥിത്വമാണ് ഷൈജുവിൻ്റെ അനന്യതയും അടയാളപ്പെടുത്തലും. ആ ഓർമ്മകൾക്ക് മുന്നിൽ ആത്മാദരങ്ങൾ.

The Roots Media - TOWARDS SOCIAL DEMOCRACY