Author Image വിപിൻ ദാസ് തോട്ടത്തിൽ
09 Aug 2026

വികസനത്തിനും അതിജീവനത്തിനുമിടയിലെ തീരദേശ ജീവിതങ്ങൾ

കേരളത്തിന്റെ വികസന മാതൃകയിലും സാമൂഹിക ജീവിതത്തിലും എന്നും പുറന്തള്ളപ്പെട്ടുപോയ ജനവിഭാഗമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. തീരശോഷണം, പ്രകൃതിദുരന്തങ്ങൾ, വികസന പദ്ധതികളുടെ ആഘാതം എന്നിവ സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികൾ കേവലം ക്ഷേമപദ്ധതികൾ കൊണ്ട് പരിഹരിക്കാൻ കഴിയില്ല. ഇതൊരു സമഗ്രമായ സാമൂഹിക-രാഷ്ട്രീയ പ്രശ്നമായിത്തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. കടൽ ആവാസവ്യവസ്ഥ മത്സ്യത്തൊഴിലാളികൾക്ക് വെറുമൊരു തൊഴിലിടമല്ല; അത് അവരുടെ സംസ്കാരവും സ്വത്വവും അതിജീവനവുമാണ്. സ്വന്തം ആവാസവ്യവസ്ഥയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ അതിജീവന രാഷ്ട്രീയത്തെക്കുറിച്ച് വിപിൻ ദാസ് തോട്ടത്തിൽ എഴുതുന്നു.

കേരളത്തിന്റെ വികസന മാതൃകകളെക്കുറിച്ചും സാമൂഹിക മുന്നേറ്റങ്ങളെക്കുറിച്ചും കേരളീയർ അഭിമാനത്തോടെ സംസാരിക്കാറുണ്ട്. എന്നാൽ, ഈ പരിപ്രേക്ഷ്യങ്ങൾക്ക് പുറത്ത് കേരളം നിർത്തുന്ന ജനതയാണ് പരമ്പരാഗത മത്സ്യബന്ധന സമൂഹങ്ങൾ. കടലും കടൽ ആവാസവ്യവസ്ഥയുമായി താതാത്മ്യം പ്രാപിച്ചു ജീവിക്കുന്ന ഈ തദ്ദേശീയ ജനവിഭാഗം നേരിടുന്ന ജീവൽ പ്രശ്നങ്ങളും തൊഴിൽ പ്രതിസന്ധികളും തീരശോഷണവും അപരിഹാര്യമായി തുടരുകയാണ്. മാറിമാറിവരുന്ന സർക്കാരുകൾക്കും മുഖ്യധാര സമൂഹങ്ങൾക്കും ഇതൊരു പരിഗണനാവിഷയം അല്ലാതായി മാറുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം, അവരുടെ ആവാസവ്യവസ്ഥ, പ്രകൃതിദുരന്തങ്ങൾ, വികസന പദ്ധതികൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ എന്നിവ കേവലം ചില ക്ഷേമപദ്ധതികൾ കൊണ്ട് പരിഹരിക്കാവുന്നതല്ല; മറിച്ച് അവ സമഗ്രമായി വിലയിരുത്തപ്പെടേണ്ട സാമൂഹികവും അവകാശപ്രശ്നങ്ങളുമാണ്.

നിർവ്വചനമില്ലാത്ത കടൽമനുഷ്യർ

കേരളത്തിന്റെ പശ്ചാത്തലത്തിൽ ആര്, അല്ലെങ്കിൽ എന്താണ് ഒരു 'മത്സ്യത്തൊഴിലാളി' എന്നതിന് ഔദ്യോഗികവും കൃത്യവുമായ നിയമപരമായ നിർവ്വചനമില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. തീരദേശ മാനേജ്‌മെന്റ് കമ്മിറ്റിയുടെ (CRZ) ഭേദഗതി ഉത്തരവുകളിൽ കടൽത്തീരത്ത് താമസിക്കുന്ന ഏവരെയും 'തീരദേശവാസികൾ' എന്ന ഒറ്റക്കുടക്കീഴിൽ കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി കടൽ തീരത്ത് താമസിക്കുന്ന, കടലിനെ വെറും കാഴ്ചയായി മാത്രം കാണുന്ന റിസോർട്ട് ഉടമകളും വൻകിട ടൂറിസം വ്യവസായികളും വരെ തീരദേശവാസികളായി കണക്കാക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്.

യഥാർത്ഥത്തിൽ കടലിനെ വെറുമൊരു ഉപജീവനമാർഗ്ഗമായി മാത്രമല്ല, തങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ആവാസവ്യവസ്ഥയായി കാണുന്ന വലിയൊരു ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗമുണ്ട്. എന്നാൽ നിലവിലെ പൊതുനിർവ്വചനത്തിൽ വൻകിട ട്രോളിംഗ് ബോട്ടുകളും കടൽ വിഭവങ്ങളെ വൻതോതിൽ ചൂഷണം ചെയ്യുന്ന കമ്പനികളും പരമ്പരാഗത തൊഴിലാളികൾക്കൊപ്പം ഇടംപിടിക്കുന്നു. വൻകിട യന്ത്രവൽകൃത ബോട്ടുകളിൽ ഭൂരിഭാഗവും ഇന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ്.

മുനമ്പം, ചെല്ലാനം, തോപ്പുംപടി, കോഴിക്കോട് ഹാർബറുകൾ, മുതലപ്പൊഴി, നീണ്ടകര തുടങ്ങിയ മത്സ്യബന്ധന മേഖലകളിലെ ട്രോളിംഗ് ബോട്ടുകളിൽ പണിയെടുക്കുന്നവരിൽ 90 ശതമാനവും ബീഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം മുതലപ്പൊഴി ഹാർബറിൽ കണ്ട ട്രോളിംഗ് ബോട്ടിൽ മറ്റ് സമുദായങ്ങളിൽ നിന്ന് പോക്കറ്റ് മണിക്ക് വേണ്ടി എത്തിയ പുതിയ ചെറുപ്പക്കാരുമുണ്ടായിരുന്നു. സിസിടിവി ക്യാമറകൾ അടക്കമുള്ള വലിയ ബോട്ടുകളുടെ മുകളിലിരുന്ന് വലയെറിയുന്ന പണി മാത്രമേയുള്ളൂ, അതിന് പ്രത്യേക വൈദഗ്ധ്യമോ ഉപ്പുവെള്ളം നനയേണ്ട ആവശ്യമോ വരുന്നില്ല. അതുകൊണ്ട് ഭരണകൂട സംവിധാനങ്ങളും ഇതിനെ അത്ര ഗൗരവമായി കാണുന്നില്ല. ആർക്കും ബോട്ടിലോ വള്ളത്തിലോ പോകാമല്ലോ എന്ന മനോഭാവമാണ് ഇതിന് കാരണം. ഇതിനാലാണ് നമ്മൾ തദ്ദേശീയരായ ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികൾ എന്ന് കൃത്യമായി വേർതിരിച്ച് സംസാരിക്കേണ്ടത്. കാരണം, കടലിനെ വെറും ഉപജീവനമാർഗ്ഗം എന്നതിനപ്പുറം തങ്ങളുടെ ആവാസവ്യവസ്ഥയായും സാംസ്കാരിക, സാമൂഹിക ഇടങ്ങളായും കാണുന്നത് ഇവരാണ്.

യു.എൻ മാനദണ്ഡങ്ങൾ പ്രകാരം പ്രകൃതിവിഭവത്തെ ആശ്രയിച്ച്, തനതായ ഭാഷയും സംസ്കാരവും സാമ്പത്തിക സമ്പ്രദായങ്ങളും വെച്ചുപുലർത്തുന്ന തദ്ദേശീയ ജനസമൂഹങ്ങളെ ആദിവാസി (Tribal Community) എന്നാണ് വർഗ്ഗീകരിക്കുന്നത്. കടലിൽ നിന്നും ലഭിക്കുന്ന ലാഭം തുല്യമായി വീതിച്ചെടുക്കുന്ന സവിശേഷമായ എക്കണോമിക് സിസ്റ്റവും, തനതായ ഭാഷയും സംസ്കാരവും ഭക്ഷണ ക്രമങ്ങളും ആചാര അനുഷ്ഠാനങ്ങളും പ്രകൃതിയോടിണങ്ങി ജീവിക്കുകയും ദൈനംദിന ആവശ്യങ്ങൾക്ക് മാത്രം മീൻപിടിത്തം നടത്തുകയും ചെയ്യുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സവിശേഷതയാണ്. എന്നാൽ, ഇന്ത്യയിൽ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ആദിവാസി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട പല നിയമപരമായ പരിരക്ഷകളും മത്സ്യത്തൊഴിലാളി സമൂഹത്തിന് ലഭിച്ചിട്ടില്ല. ഇവർ പൊതുസമൂഹത്തിന് മുന്നിൽ മാറ്റിനിർത്തപ്പെടാത്തവരാണെന്ന തെറ്റായ പൊതുബോധമാണ് ഇതിന് കാരണം. എന്നാൽ യാഥാർത്ഥ്യത്തിൽ, സമൂഹത്തിന്റെയും പോളിസികളുടെയും എല്ലാത്തരം പശ്ചാത്തലങ്ങളിൽ നിന്നും ഏറ്റവും ഇൻവിസിബിൾ ആക്കപ്പെട്ട ജനവിഭാഗമായി ഇവർ മാറിക്കഴിഞ്ഞു.

മുതലപ്പൊഴി കടലിൽ കാണാതായ ഷിജിനെ എട്ട് ദിവസമായിട്ടും കണ്ടെത്താത്തതിനെ തുടർന്ന് ഭാര്യ സ്റ്റിജിയും മക്കളും തീരദേശ പോലീസ് സ്റ്റേഷന് മുന്നിൽ പെരുമഴയത്ത് റോഡിൽ പ്രതിഷേധിക്കുന്നു.

"കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് നൽകും" എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് മുദ്രാവാക്യമാണ്. എന്നാൽ ആരാണ് കടലിന്റെ മക്കൾ എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിനോ രാഷ്ട്രീയ പാർട്ടികൾക്കോ ഇനിയും വ്യക്തമായ ധാരണയില്ല. നൂറ്റാണ്ടുകളായി കടലെന്ന പ്രകൃതിവിഭവത്തെ ആശ്രയിച്ച് ജീവിക്കുന്ന, തനതായ ഭാഷയും ജീവിതരീതികളും സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളുമുള്ള കമ്മ്യൂണിറ്റികളാണ് ഇന്ന് ഭീഷണി നേരിടുന്നത്.

സർക്കാർ ആനുകൂല്യങ്ങളും മുൻഗണനകളും വിഭജിക്കുമ്പോൾ ഏറ്റവും കൂടുതൽ പാർശ്വവത്കരിക്കപ്പെടുന്നത് ഈ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. വികസന പദ്ധതികൾ വരുമ്പോൾ മുഴുവൻ നഷ്ടം അനുഭവിക്കേണ്ടി വരുന്നതും കടലിനെ 'അമ്മ'യായി കരുതുന്ന ഈ വിഭാഗത്തിനാണ്. പോക്കറ്റ് മണിക്ക് വേണ്ടിയോ താൽക്കാലികമായോ വരുന്ന അതിഥി തൊഴിലാളികൾക്കോ മറ്റ് കമ്മ്യൂണിറ്റികൾക്കോ വികസനം മൂലം ഒന്നും നഷ്ടപ്പെടുന്നില്ല.

ഇവർ കടലിനെ സുസ്ഥിരമായി (sustainable) ഉപയോഗിക്കാൻ വൈദഗ്ധ്യമുള്ളവരാണ്. തിരുവനന്തപുരം, കൊല്ലം മേഖലകളിലാണ് പരമ്പരാഗത ചെറുകിട തൊഴിലാളികൾ കൂടുതലായുള്ളത്. ഇവർ വടക്കൻ ജില്ലകളിലേക്കും മംഗലാപുരത്തേക്കുമെല്ലാം കുടിയേറിയിട്ടുണ്ട്. കാസർഗോഡ് ബേക്കൽ ഫോർട്ടിന് തെക്കുവശത്ത് തിരുവനന്തപുരത്ത് നിന്ന് കുടിയേറിയ ഒരു വലിയ കമ്മ്യൂണിറ്റി ജീവിക്കുന്നുണ്ട്. അവർ അവിടെ സ്വന്തമായി പള്ളിയും സ്കൂളുമെല്ലാം ഉണ്ടാക്കി തങ്ങളുടെ തനത് സംസ്കാരവും ഭാഷയും മത്സ്യബന്ധന രീതികളും നിലനിർത്തുന്നു. അവിടുത്തെ ധീവര, വാലൻ സമുദായങ്ങൾ തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തുമ്പോൾ, കൂടുതൽ ആഴമുള്ള കടലിലെ പാരകളിൽ നിന്ന് (reefs) മീൻ പിടിക്കാൻ വൈദഗ്ധ്യമുള്ളത് ഈ കുടിയേറിയ തൊഴിലാളികൾക്കാണ്.

അതുകൊണ്ടുതന്നെ ഇവിടുത്തെ മത്സ്യത്തൊഴിലാളികളെ ആദിവാസി/തദ്ദേശീയ കമ്മ്യൂണിറ്റിയായി ഭരണകൂടം അംഗീകരിച്ചിട്ടില്ല. പൊതുസമൂഹത്തിൽ ഇവർ ഇൻവിസിബിൾ അല്ല എന്ന ന്യായമാണ് ഇതിന് പറയുന്നത്. എന്നാൽ യാഥാർത്ഥ്യത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയും ഇൻവിസിബിൾ ആകുകയും ചെയ്ത ജനവിഭാഗമാണിത്.

ഏതാനും ദിവസം മുൻപ് കടലിൽ കാണാതായ ജോണിന്റെ മകളായ ജിജി പിഎച്ച്ഡി ചെയ്യുന്ന യുവതി വന്ന് സംസാരിച്ചപ്പോൾ പൊതുസമൂഹം അത്ഭുതത്തോടെയാണ് കണ്ടത്. ഇവർ സമൂഹത്തിൽ നിന്ന് എന്നും മാറ്റിനിർത്തപ്പെടേണ്ടവരാണ് എന്ന പൊതുബോധമാണ് ഇതിന് കാരണം. ജനപ്രതിനിധികൾ പോലും "അത് കടപ്പുറമല്ലേ, അവിടുത്തെ അവസ്ഥ അറിയാമല്ലോ" എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഇത് അധിക്ഷേപിക്കുന്നതിനേക്കാൾ വലിയ രീതിയിലുള്ള പാർശ്വവത്കരണമാണ്.

വിഴിഞ്ഞം പദ്ധതിയുടെ പശ്ചാത്തലത്തിലും മത്സ്യത്തൊഴിലാളികൾക്കെതിരെ 'വികസനവിരുദ്ധർ' എന്ന പ്രൊപ്പഗണ്ടയാണ് നിർമ്മിച്ചെടുത്തത്. വിഴിഞ്ഞത്ത് മാത്രമല്ല, ആലപ്പാട് കാലങ്ങളായി നടക്കുന്ന കരിമണൽ ഖനനത്തിനെതിരെയും തോട്ടപ്പള്ളിയിൽ നടക്കുന്ന നിരാഹാര സമരങ്ങളിലുമെല്ലാം ജനങ്ങൾ പ്രതിഷേധിക്കുമ്പോൾ അവരെ 'തീവ്രവാദികൾ' എന്നും 'വികസന വിരോധികൾ' എന്നും മുദ്രകുത്തി ആക്ഷേപിക്കാനാണ് ശ്രമിക്കുന്നത്.

2017-ലെ ഓഖി ദുരന്തത്തിന് ശേഷമാണ് അറബിക്കടലിൽ അപകടങ്ങൾ രൂക്ഷമായത്. കഴിഞ്ഞ 10 വർഷത്തിനിടെ 467 മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടെന്നാണ് സർക്കാറിന്റെ കണക്ക്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും നദികൾ വഴി കടലിലേക്ക് എത്തുന്നതും, ഡ്രെഡ്ജിംഗ് കാരണം പാരകൾ നശിക്കുന്നതും കടലിന്റെ താപനില ഉയർത്തുന്നു. ഇതിനാൽ തണുപ്പുള്ള വെള്ളം തേടി മീനുകൾ കൂടുതൽ ആഴക്കടലിലേക്ക് പോകുന്നു. മീനുകളെ പിന്തുടർന്ന് ആഴക്കടലിലേക്ക് പോകുന്ന തൊഴിലാളികളാണ് ചുഴലിക്കാറ്റുകളിലും എക്സ്ട്രീം വെതർ ഈവന്റുകളിലും പെട്ട് അപകടത്തിൽപ്പെടുന്നത്.

ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളെ മാറ്റാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ ഓഖി കഴിഞ്ഞ് 9 വർഷം തികയുമ്പോഴും കേരളത്തിലെ രക്ഷാപ്രവർത്തന സംവിധാനങ്ങൾ പഴയപടി തന്നെയാണ്. ഇതിന് ഉദാഹരണമാണ് സംസ്ഥാന ബജറ്റിൽ മാറ്റിവെച്ച 450 കോടി രൂപയുടെ 'മിഷൻ സമുദ്ര' പദ്ധതി. ഇത് മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കോ അതിജീവനത്തിനോ ഉള്ളതല്ല; മറിച്ച് കടലിലെ ധാതുശേഖരം ഖനനം ചെയ്ത് വിറ്റ് ലാഭമുണ്ടാക്കാനുള്ളതാണ്.

വിഴിഞ്ഞം തുറമുഖത്ത് വലിയ കപ്പലുകൾ അടുപ്പിക്കുന്നതിന് ചെറിയ മത്സ്യബന്ധന യാനങ്ങൾ തടസ്സമാകുന്നു എന്ന പരാതിയിൽ അവിടുത്തെ മീൻപിടുത്തം വിലക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. അദാനിയുമായുള്ള കരാറിൽ 10 കിലോമീറ്റർ പ്രദേശം 'നോൺ-ഫിഷിംഗ് സോൺ' പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് കടലിന്റെ പരിസ്ഥിതിയെ നശിപ്പിക്കാത്ത പരമ്പരാഗത തൊഴിലാളികളുടെ ചൂണ്ടയിട്ടുള്ള മീൻപിടുത്തം (hook and line fishing) തൊഴിൽ പൂർണ്ണമായി ഇല്ലാതാക്കും. ചുരുക്കത്തിൽ, വികസനത്തിന്റെ പേരിൽ ഇവരുടെ ഭൂമിയും തൊഴിലും ഒരുപോലെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

കടലിൽ നിന്ന് മനുഷ്യരെ പിഴുതുമാറ്റി കടലിനെ സംരക്ഷിക്കാനാകുമോ?

തീരദേശ മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ പലപ്പോഴും അവിടുത്തെ മനുഷ്യരുടെ ജീവിതത്തെയും ഉപജീവനത്തെയും സാമൂഹിക ബന്ധങ്ങളെയും ആഴത്തിൽ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജീവിതത്തിൽ കടൽ ഒരു തൊഴിൽസ്ഥലം മാത്രമല്ല; അവരുടെ സാമൂഹികവും സാംസ്കാരികവും മാനസികവുമായ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. എന്നാൽ വികസനത്തിന്റെ പേരിൽ ഇവരെ അവരുടെ സ്വാഭാവിക ജീവിതപരിസരങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര ചർച്ച നടക്കുന്നില്ല.

വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചതിന് ശേഷം വലിയതുറ, ശംഖുമുഖം തുടങ്ങിയ വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങൾ വലിയ തോതിലാണ് കടലെടുത്ത് പോകുന്നത്. വലിയതുറയിൽ നിന്നുള്ള ചിത്രം.

ഓഖി ദുരന്തത്തിന്റെ ഭാഗമായി കടൽ കയറി വീടുകൾ നഷ്ടപ്പെട്ട നിരവധി പേരെ സർക്കാർ പുനർഗേഹം പദ്ധതിയിലൂടെ ഫ്ലാറ്റുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വീടില്ലാത്തവർക്ക് സുരക്ഷിതമായ താമസസ്ഥലം നൽകുക എന്നത് ആവശ്യമായ നടപടിയാണ്. എന്നാൽ ഒരു വീടിനെ വെറും നാല് ചുവരുകളായി മാത്രം കാണാനാകില്ല. വലിയ അസൗകര്യങ്ങൾ ഈ ഫ്‌ളാറ്റുകൾക്കുണ്ട്. തീരദേശത്ത് ജീവിച്ചിരുന്ന ആളുകളുടെ ജീവിതത്തിൽ കടപ്പുറത്തിന് വലിയ സാമൂഹികവും മാനസികവുമായ പ്രാധാന്യമുണ്ടായിരുന്നു. കടൽത്തീരത്ത് ഇരിക്കുക, കുട്ടികൾ അവിടെ കളിക്കുക, സ്ത്രീകൾ പരസ്പരവും സംസാരിക്കുക, ജീവിതത്തിലെ പ്രശ്നങ്ങളും മാനസിക ഭാരങ്ങളും പങ്കുവയ്ക്കുക തുടങ്ങിയവ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു.

അതുകൊണ്ടുതന്നെ വീടിനൊപ്പം കടപ്പുറവും നഷ്ടപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് ഒരു കെട്ടിടമോ ഭൂമിയോ മാത്രമല്ല; ഒരു ജീവിതപരിസരമാണ്. ഫ്ലാറ്റുകളിൽ കഴിയുന്ന 50 ശതമാനത്തോളം ആളുകളും കഠിനമായ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി കാണാം. കടലിനോടും കടപ്പുറത്തോടും ചേർന്നുള്ള തുറന്ന സാമൂഹിക ജീവിതത്തിൽ നിന്ന് പരിമിതമായ ഫ്ലാറ്റ് ജീവിതത്തിലേക്കുള്ള മാറ്റമാണ് ഇതിന് കാരണം. എന്നാൽ ഇത്തരം പ്രശ്നങ്ങളെ സർക്കാർ ഇന്നും വേണ്ടത്ര ഗൗരവത്തോടെ അഭിസംബോധന ചെയ്തിട്ടില്ല.

മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും അവ സൂക്ഷിക്കുന്നതിനുമെല്ലാം കടപ്പുറം അനിവാര്യമാണ്. കടപ്പുറം നഷ്ടപ്പെട്ടതോടെ പല മത്സ്യത്തൊഴിലാളികൾക്കും തങ്ങളുടെ യാനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഒടുവിൽ ചിലർ മത്സ്യബന്ധന യാനങ്ങൾ വിറ്റ് ഇലക്ട്രീഷ്യൻമാരായി, കൂലിപ്പണിക്കാരായി തുടങ്ങിയ മറ്റു തൊഴിലുകളിലേക്ക് മാറേണ്ടിവരുന്നു.

അങ്ങനെ നോക്കുമ്പോൾ, വികസനത്തിന്റെ പേരിൽ സംഭവിക്കുന്നത് ഒരു സമൂഹത്തിന്റെ സ്വത്വവും തൊഴിലും ജീവിതരീതിയും ഒരുമിച്ച് പിഴുതെറിയപ്പെടുന്ന പ്രക്രിയയാണ്. സംസ്ഥാന സർക്കാരിനും പൊതുസമൂഹത്തിനും വേണ്ടിയുള്ള വികസനം നടപ്പാക്കുമ്പോൾ തദ്ദേശീയരായ പരമ്പരാഗത സമൂഹത്തിന്റെ സ്വത്വാവകാശങ്ങളും ജീവിതാവകാശങ്ങളും ഇല്ലാതാക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല.

തദ്ദേശീയ ജനവിഭാഗങ്ങളാണ് പ്രകൃതിവിഭവങ്ങളുടെ ആദ്യ കാവൽക്കാരെന്ന ആശയം അന്താരാഷ്ട്രതലത്തിൽ പോലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. തലമുറകളായി ഒരു പ്രകൃതിവിഭവവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യർക്ക് ആ വിഭവത്തിന്റെ സ്വഭാവവും മാറ്റങ്ങളും അപകടസാധ്യതകളും ഏറ്റവും അടുത്തറിയാം. അതിനാൽ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഭരണകൂടങ്ങളുടെ മാത്രം ഉത്തരവാദിത്തമായി കാണാനാകില്ല. ആ വിഭവങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങൾ അതിന്റെ സംരക്ഷണത്തിലെ പ്രധാന പങ്കാളികളാണ്. പക്ഷേ, കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളെ തന്നെ അവിടെനിന്ന് പിഴുതുമാറ്റിയാൽ കടലിന്റെ സംരക്ഷണത്തിൽ അവരുടെ അറിവും അനുഭവവും എങ്ങനെ ഉപയോഗപ്പെടുത്തും?

ഇന്ന് ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാണ്. ഇന്ത്യ അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളിൽ പങ്കാളിയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് (SDG) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റിപ്പോർട്ടുകൾ സമർപ്പിക്കുന്നു. FAO ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ വേദികളിലും ഇന്ത്യ വിവിധ പദ്ധതികളും നേട്ടങ്ങളും അവതരിപ്പിക്കുന്നു. കേരളവും സുസ്ഥിര വികസനം, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയ മേഖലകളിൽ നിരവധി ഇടപെടലുകൾ നടത്തുന്നുവെന്ന് അവകാശപ്പെടുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അവകാശങ്ങൾ നിരന്തരം നിഷേധിക്കപ്പെടുകയാണ്.

ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തിൽ സമുദ്രത്തിന് നിർണായക സ്ഥാനമുണ്ട്. കടലിലെ താപനിലയിലും സമുദ്രപരിസ്ഥിതിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ആഗോള കാലാവസ്ഥയെ ബാധിക്കുന്നു. അത്തരമൊരു പ്രധാനപ്പെട്ട പ്രകൃതിവിഭവവുമായി തലമുറകളായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരെ തന്നെ അവിടെനിന്ന് മാറ്റിനിർത്തിക്കൊണ്ട് കടലിനെ എങ്ങനെ സംരക്ഷിക്കാനാകും? കടലിനെ സംരക്ഷിക്കണമെങ്കിൽ കടലുമായി ജീവിക്കുന്ന മനുഷ്യരെയും സംരക്ഷിക്കേണ്ടതുണ്ട്.

തീരദേശ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നവർക്കെതിരെ പലപ്പോഴും 'വികസനവിരുദ്ധർ' എന്ന മുദ്ര പതിപ്പിക്കപ്പെടുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതികൊണ്ട് തീരവും വീടും തൊഴിലും നഷ്ടപ്പെട്ടപ്പോൾ, ഇതിനെതിരെ സമരം ചെയ്ത സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ ഭീകരവാദികൾ എന്നുവരെ വിളിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. വികസന പദ്ധതികളെ ചോദ്യം ചെയ്യുന്നവരെ ഭരണകൂടത്തിന്റെ എതിരാളികളായി ചിത്രീകരിക്കുകയും, ചില സാഹചര്യങ്ങളിൽ കള്ളക്കേസുകൾ ചുമത്തുകയും, തീവ്രവാദികളെന്നോ വികസനവിരുദ്ധരെന്നോ മുദ്രകുത്തുകയും ചെയ്യുന്ന സമീപനങ്ങൾ ഉണ്ടാകുന്നു. ഇത് വികസനത്തെക്കുറിച്ചുള്ള ജനാധിപത്യപരമായ സംവാദത്തെ ദുർബലപ്പെടുത്തുന്നു. വികസനം വേണമോ വേണ്ടയോ എന്നത് മാത്രമല്ല ചർച്ച ചെയ്യേണ്ടത്. ആരുടെ വികസനം, ആരുടെ ചെലവിൽ, ആരുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തി എന്നതാണ് പ്രധാന ചോദ്യം.

തീരദേശ സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് 'മത്സ്യത്തൊഴിലാളികൾ ആരാണ്' എന്ന് കൃത്യമായി നിർവചിക്കുകയാണ് ചെയ്യേണ്ടത്. ദുരന്തനിവാരണ പദ്ധതികളിലും ആക്ഷൻ പ്ലാനുകളിലും മുൻഗണനാ വിഭാഗങ്ങളെ നിർവചിക്കാറുള്ളതുപോലെ തന്നെ വികസനപദ്ധതികൾ ഉണ്ടാകുമ്പോൾ ചെറുകിട, പരമ്പരാഗത, തദ്ദേശീയ മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾ സമരം ചെയ്തുനേടേണ്ട ഒരു കാര്യം മാത്രമായി കാണാൻ കഴിയില്ല. ഒരു ക്ഷേമരാഷ്ട്രം ബോധപൂർവം ഉറപ്പാക്കേണ്ട അവകാശങ്ങളാണ് ഇവ. അവരുടെ തൊഴിൽ, തൊഴിൽസ്ഥലം, അവർ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങൾ എന്നിവയിലെ അവകാശബന്ധം വ്യക്തമായി രേഖപ്പെടുത്തണം.

ദുരന്തനിവാരണ സംവിധാനങ്ങൾ കേവലം രക്ഷാപ്രവർത്തനത്തിൽ മാത്രം ഒതുങ്ങരുത്. പ്രത്യേകിച്ച് കടലിനെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹങ്ങളുടെ കാര്യത്തിൽ. വീടുകളും തൊഴിൽസ്ഥലങ്ങളും സംരക്ഷിക്കണം, മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം, ദുരന്ത സമയത്ത് മുൻഗണനാ സംരക്ഷണവും പുനരധിവാസത്തിൽ തൊഴിൽ അവകാശവും ഉറപ്പാക്കണം, മാനസികാരോഗ്യത്തിന് ആവശ്യമായ പിന്തുണ നൽകണം. കടലുമായുള്ള അവരുടെ സാമൂഹികവും സാംസ്കാരികവുമായ ബന്ധം പരിഗണക്കണം.

തീരദേശ വികസനത്തിന്റെ പേരിൽ ഒരു സമൂഹത്തെ അവരുടെ സ്വാഭാവിക ജീവിതപരിസരത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്നത് വികസനത്തിന്റെ ഏക മാനദണ്ഡമാകരുത്. ഒരു സമൂഹത്തിന്റെ വീടും തൊഴിലും കടലുമായുള്ള ബന്ധവും സാമൂഹികജീവിതവും നഷ്ടപ്പെടുത്തിയ ശേഷം നൽകുന്ന പുതിയ താമസസ്ഥലത്തെ മാത്രം പുനരധിവാസമായി കാണാനാകില്ല. യഥാർത്ഥ പുനരധിവാസം എന്നത് മനുഷ്യരുടെ ജീവിതത്തെ പുനഃസ്ഥാപിക്കലാണ്. വികസനവും സംരക്ഷണവും പരസ്പരവിരുദ്ധങ്ങളല്ല. എന്നാൽ മനുഷ്യരെ അവരുടെ അവകാശങ്ങളിൽ നിന്ന് പിഴുതെറിഞ്ഞുകൊണ്ടുള്ള വികസനം സുസ്ഥിര വികസനമല്ല. അതുകൊണ്ട് തീരദേശ നയങ്ങളുടെ കേന്ദ്രത്തിൽ കടലിനെയും അതിന്റെ വിഭവങ്ങളെയും മാത്രമല്ല, കടലുമായി ജീവിക്കുന്ന മനുഷ്യരെയും അവരുടെ അവകാശങ്ങളെയും സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.

Share this link