ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരവുമായി നിതിൻ രാജ് ആക്ഷൻ കൗൺസിൽ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പൂർണ്ണമായും തള്ളി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അധ്യാപകനെന്ന നിലയിലുള്ള തന്റെ പദവി ദുരുപയോഗം ചെയ്ത് ഇത്രയും ഭീകരമായ വിദ്വേഷവും പീഡനവും നടത്തിയ പ്രതിക്ക് ഈ കേസിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സ്വന്തം സഹപാഠികളുടെ മുന്നിൽവെച്ച് ഇത്തരത്തിൽ മാനസികമായി തകർക്കപ്പെടുന്ന ഒരു വിദ്യാർത്ഥിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും, ഇത്തരം തരംതാണ പെരുമാറ്റങ്ങളിൽ നിന്ന് അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 'മനുഷ്യത്വരഹിതം' എന്ന വാക്ക് മാത്രമാണ് ഈ സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത്. വിദ്യാർത്ഥികളോട് ക്രൂരത കാണിക്കുന്ന അധ്യാപകർ തങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ പ്രത്യാഘാതം എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
കേസിൽ ഡോ. റാമിന് ജാമ്യം നിഷേധിക്കപ്പെടുന്നത് ഇത് ആദ്യമായിട്ടല്ല. പോലീസ് സ്വമേധയാ എടുത്ത കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ. നേരത്തെ തലശ്ശേരി സെഷൻസ് കോടതിയും തുടർന്ന് ഹൈക്കോടതിയും പ്രതിയുടെ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. എന്നാൽ, കീഴ്ക്കോടതികൾ ജാമ്യം നിഷേധിച്ച ഘട്ടത്തിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു നീക്കവും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ കണ്ടെത്താനോ അന്വേഷണം ഊർജ്ജിതമാക്കാനോ ആഭ്യന്തര വകുപ്പ് തയ്യാറായില്ലെന്ന് നിതിൻ രാജ് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ സണ്ണി എം. കപിക്കാട് പറഞ്ഞു.
പ്രതി ഒളിവിൽ പോയാൽ ഉടൻ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുക എന്നത് പോലീസിന്റെ സാധാരണ നടപടിക്രമമാണ്. എന്നാൽ അതുപോലും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രതി കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയും നാളായിട്ടും പ്രതിയെ പിടികൂടാൻ ആഭ്യന്തര വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതി ഒളിവിലാണെന്ന് കോടതിയെ അറിയിക്കുന്നതിനപ്പുറം, ഇയാളെ കണ്ടെത്താൻ ആഭ്യന്തര വകുപ്പ് എന്ത് ചെയ്തു എന്ന കൃത്യമായ മറുപടിയാണ് പൊതുസമൂഹത്തിന് ലഭിക്കേണ്ടതെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. സുരേഷ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡിനെ നിയമിച്ചിട്ടുണ്ടോ? ഇത്രയും നാളത്തെ അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ലഭ്യമാണോ? ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ പ്രതി ഒളിവിലാണെന്ന് മാത്രം ആവർത്തിക്കുന്നത് പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും കടുത്ത വീഴ്ചയും ദലിത്-ആദിവാസി വിഭാഗങ്ങളോടുള്ള വലിയ വിവേചനവും അനീതിയുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോടതി കേസിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രതിയുടെ ജാമ്യം നിഷേധിച്ചിട്ടും ആഭ്യന്തര വകുപ്പ് നിഷ്ക്രിയത്വം തുടരുന്നതിനെതിരെ ശക്തമായ ജനകീയ സമരങ്ങൾ വരും ദിവസങ്ങളിൽ നിതിൻ രാജ് ആക്ഷൻ കൗൺസിൽ രൂപം നൽകുമെന്ന് സണ്ണി എം. കപിക്കാട് പറഞ്ഞു. ഇതിന്റെ തുടക്കമെന്നോണം ഡോ. റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജൂലൈ 28, 29 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ 24 മണിക്കൂർ രാപ്പകൽ സമരവും നീതി സംഗമവും സംഘടിപ്പിക്കും. എന്നിട്ടും സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ തുടർസമര പരിപാടികൾ ആരംഭിക്കുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.