Author Image ദി റൂട്സ് ഡെസ്ക്

പുനരധിവാസ ടൗൺഷിപ്പ്: വയനാട്ടിൽ സർക്കാർ ഏറ്റെടുക്കാനുള്ളത് 60000-ത്തോളം ഏക്കർ തോട്ടംഭൂമി

കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമാണ് വയനാട് മുണ്ടക്കൈ, ചൂരൽ മല, പുഞ്ചിരിമട്ടം മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടൽ. മരിച്ചവരുടെ എണ്ണം 358 ആണ്. 227 മരണങ്ങൾ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക ആഘാതം അതിഭീകരമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിർമ്മിച്ചു നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആഗസ്റ്റ് 3 ന് പ്രഖ്യാപിക്കുകയുണ്ടായി. 352 വീടുകൾ പൂർണ്ണമായും ഭാഗികമായി 122 വീടുകൾ തകർന്നെന്നുമാണ് സർക്കാർ കണക്ക്. 668 വീടുകൾ പൂണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ടെന്ന് ജനപ്രതിനിധികൾ പറയുന്നു. ഉരുൾപൊട്ടൽ ബാധിച്ച മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിൽ 1721 വീടുകളിലായി 4833 പേരാണ് താമസിച്ചിരുന്നത്. 

ദുരന്തം നേരിട്ട് ബാധിച്ച കുടുംബങ്ങളെ ടൗൺഷിപ്പ് നിർമ്മിച്ച് അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതിനൊപ്പം പ്രകൃതി ദുരന്തം വളരെപ്പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ള കുടുംബങ്ങളെയും സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇതിനായി നൂറുകണക്കിന് ഏക്കർ ഭൂമി സർക്കാരിന് ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക ഞെരുക്കവും കടബാധ്യതയും കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക ആഘാതം വളരെ വലുതാണ്. ദുരന്തബാധിതരുടെ പുനരധിവാസത്തിനും അതിജീവനത്തിനായും ക്രിയാത്മകമായി വിനിയോഗിക്കേണ്ടുന്ന പണം ഒരു കാരണവശാലും ഭൂമി ഏറ്റെടുക്കലിന് സർക്കാർ ഉപയോഗിക്കരുത്. കാരണം, സ്വാതന്ത്യത്തിന് മുൻപ് വിദേശ തോട്ടംകുത്തകകളും സ്വകാര്യവ്യക്തികളും കൈവശപ്പെടുത്തിയതും ഇപ്പോൾ നിയമവിരുദ്ധമായും വ്യാജ ആധാരത്തിലൂടെയും വെച്ചിരിക്കുന്നതുമായ 60000 ത്തോളം ഏക്കർ ഭൂമിയാണ് വയനാട്ടിൽ ഏറ്റെടുക്കാനുള്ളത് എന്നാണ് സ്‌പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട്. 

മേപ്പാടി, പുത്തുമല, ചൂരൽമല ഡിവിഷനിൽ മാത്രം ഹാരിസൺ മലയാളം കൈയടക്കി വെച്ചിരിക്കുന്നത് 10000 ൽ അധികം ഏക്കർ ഭൂമിയാണ്. വയനാട്ടിൽ ഹാരിസൺസിന് മാത്രം 30000 ത്തോളം ഏക്കർ ഭൂമിയുണ്ട്. ഹാരിസൺസ് മലയാളം തോട്ടംഭൂമി കൈയടക്കി വെച്ചിരിക്കുന്നത് വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധവുമായാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭൂമി ഏറ്റെടുക്കാൻ 2015 ൽ  സ്‌പെഷ്യൽ ഓഫീസർ ആയിരുന്ന ഡോ. രാജമാണിക്യം ഐ.എ.എസ്. ഉത്തരവ് ഇറക്കി നടപടി തുടങ്ങിയെങ്കിലും 2016 ൽ അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ മുഴുവൻ ഭൂമി ഏറ്റെടുക്കൽ നടപടികളും അട്ടിമറിക്കുകയായിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന് ഹാരിസൺസ് കൈവശംവെക്കുന്ന തോട്ടംഭൂമി സർക്കാർ ഭൂമിയാണെന്ന് 2017 മാർച്ച് 2 ന് നിയമസഭയിൽ പറയേണ്ടി വന്നു. വയനാട് ഉൾപ്പെടെയുള്ള ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇ. ചന്ദ്രശേഖരന്‍ 2019 ൽ പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം ഉറപ്പാക്കാന്‍ സിവില്‍ കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയതാണ്. എന്നാൽ ഇതെല്ലം വെറും പ്രഖ്യാപനങ്ങളായി മാറി. എന്നുമാത്രമല്ല, ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാർ തോട്ടംകുത്തകൾക്ക് വേണ്ടി ദുർബലപ്പെടുത്തിയത് കൊണ്ടാണ് ഭൂമിയുടെ ഉടമസ്ഥത ഉറപ്പിക്കുന്നത് സംബന്ധിച്ചുള്ള കേസ് സിവിൽ കോടതിയിലേക്ക് നീങ്ങിയത്.  

തോട്ടംകുത്തകൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാൻ 2019 ൽ റവന്യൂ വകുപ്പ് ഉത്തരവിറക്കുകയും സർക്കാരിന്റെ ഉടമസ്ഥത ഉറപ്പിച്ച് ഭൂമി ഏറ്റെടുക്കാൻ സിവിൽ കേസ് നൽകുന്നതിന് ജില്ലാ കളക്ടറെ 2021 ൽ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒന്നുംതന്നെ ജില്ലാ ഭരണകൂടവും സർക്കാരും നടത്തിയില്ല. കേസ് നൽകുന്നത് ഇപ്പോഴും അനന്തമായി നീളുകയാണ്.

"സംസ്ഥാന സ്പെഷ്യൽ ഓഫീസ് (ഗവ ലാൻഡ് റിസപ്ഷൻ ) തയ്യാറാക്കിയ കണക്കു പ്രകാരം 48 സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈവശമാണ് വിദേശ തോട്ടം ഭൂമി. കണക്ക് പ്രകാരം ഏറ്റവുമധികം ഭൂമി കൈവശം വെച്ചിരിക്കുന്ന ഹാരിസൺസ് കമ്പനിയാണ്. അച്ചൂരാനം വിലേജിൽ അച്ചൂർ എസ്റ്റേറ്റ് 30, 658 ഏക്കറുണ്ടെന്നാണ് കണക്ക്.

വെള്ളരിമല വില്ലേജിലെ പാരിസ് ആൻഡ് കോ ഹോപ് വില്ല ആൻഡ് എൽഫിസ്റ്റൻ എസ്റ്റേറ്റ് - 9363 ഏക്കർ, മേമുട്ടിൽ എസ്റ്റേറ്റ് ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് ഓപ്പറേറ്റീവ് ഹോൾസെയിൽ സൊസൈറ്റി - 195 ഏക്കർ, മേപ്പാടി വയനാട് ഓപ്പറേറ്റിവ് - 948 ഏക്കർ, ചോയിമല എസ്റ്റേറ്റ് (ഈസ്റ്റ് ഇന്ത്യ ടി ആൻഡ് പ്രൊഡ്യൂസ് കോപ്പറേറ്റീവ്) - 268 ഏക്കർ, ഈസ്റ്റ് ഇന്ത്യ ആൻഡ് പ്രൊഡ്യൂസിംഗ് കോപ്പറേറ്റീവ് എസ്റ്റേറ്റ്- 332 ഏക്കർ, സെമാക്സ് പ്ലാന്റേഷൻ - 118 ഏക്കർ, വനറാണി പ്ലാൻ്റേഷൻ-115 ഏക്കർ, സെമാക്സ് പ്ലാന്റേഷൻ (അബ്ദുൽ നിസാർ) -120 ഏക്കർ, വെള്ളരിമല ഡോ. ചുമ്മാ ചാണ്ടിയും രണ്ട് പേരും-99 ഏക്കർ വിദേശ തോട്ടം ഭൂമിയുണ്ടെന്നാണ് കണക്ക്.

കൽപ്പറ്റ വില്ലേജിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 534 ഏക്കർ, പൊഴുതന വില്ലേജിലെ കുറിച്ച്യമല പ്ലാന്റേഷൻ - 266 ഏക്കർ, അമ്പലവയൽ കുപ്പമുടി എസ്റ്റേറ്റ് - 395 ഏക്കർ, ഇരുളം പാമ്പ്രാ കോഫി പ്ലാന്റേഷൻ - 826 ഏക്കർ, കോട്ടത്തറ മുട്ടിൽ സൗത്ത് മാധവ വർമ്മ ജെയിൻ -184 ഏക്കർ, മുട്ടിൽ സൗത്ത് എം.പി ശാന്തി വർമ്മ ജെയിൻ - 62 ഏക്കർ, കൽപ്പറ്റ എൽസ്റ്റോൺ ടി എസ്റ്റേറ് - 631 ഏക്കർ, കോട്ടപ്പടി കാദൂർ എസ്റ്റേറ്റ്- 411 ഏക്കർ, ചൂണ്ടിൽ വെങ്കക്കോട്ട എസ്റ്റേറ്റ് - 329 ഏക്കർ, ജി റോമാലി കമ്പനി - 810 ഏക്കർ, കോട്ടപ്പടി ചുണ്ടേൽ പോദർ പാൻ്റേഷൻ - 123 ഏക്കർ, ചുണ്ടേൽ ചേലോട്ട് എസ്റ്റേറ്റ് - 799 ഏക്കർ, എൻ.എസ്.എസ് എസ്റ്റേറ്റ് - 1250 ഏക്കർ, തവിഞ്ഞാൽ ചിറക്കര എസ്റ്റേറ്റ് (പാരിസൺ) -1223 ഏക്കർ, തലപ്പുഴ ടി എസ്റ്റേറ്റ് (പാരിസൺ)- 1082 ഏക്കർ, എടവക തേറ്റമല എസ്റ്റേറ്റ് (പാരിസൺ)- 671 ഏക്കർ, മാനന്തവാടി ജെസി എസ്റ്റേറ്റ് (പാരിസൺ)-1049 ഏക്കർ കോട്ടപ്പടി ചെമ്പ്ര എസ്റ്റേറ്റ്-1929 ഏക്കർ, ചുലീക്ക എസ്റ്റേറ്റ് -883 ഏക്കർ എന്നിങ്ങനെയാണ് സ്പെഷ്യൽ ഓഫീസ് തയാറാക്കിയ കണക്ക്"[1] 
2018 ലെയും 2019 ലെയും പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും അഭയാർത്ഥികൾ ആകേണ്ടി വന്നത് ആയിരക്കണക്കിന് മനുഷ്യർക്കാണ്. ലക്ഷക്കണക്കിന് മനുഷ്യരാണ് ഭൂരഹിതരും കാർഷിക ജീവിതത്തിൽ നിന്ന് പുറംതള്ളപ്പെട്ടും അതിപിന്നോക്കമായ സാമൂഹിക സാമ്പത്തികാവസ്ഥയിൽ കേരളത്തിൽ ജീവിക്കുന്നത്. ആദിവാസി ദലിത് സമൂഹങ്ങളിൽ 80 ശതമാനത്തോളം കോളനികളിലും പുറംമ്പോക്കിലും ലയങ്ങളിലും ചേരികളിലുമാണ് കഴിയുന്നത്. ഭൂരഹിതരിൽ വലിയൊരു ശതമാനവും ഈ ജനസമൂഹങ്ങളാണ്. സാമൂഹിക യാഥാർഥ്യം ഇതായിരിക്കെയാണ് കേരളത്തിന്റെ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും [2] തോട്ടംകുത്തകളും സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കൈയടക്കി വെച്ചിരിക്കുന്നത്. ഈ ഭൂമി  നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കാൻ കഴിയുമെന്ന സമഗ്ര റിപ്പോർട്ട് ഡോ. രാജമാണിക്യം ഐ.എ.എസ്. സർക്കാരിന് നൽകിയിട്ടുണ്ട്.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട, വീടും ഭൂമിയും കാർഷിക ഭൂമിയും ഉപജീവന മാർഗങ്ങളും കന്നുകാലികളും ഒരായുഷ്‌ക്കാലം കൊണ്ടുണ്ടാക്കിയ സമ്പത്തും സർവ്വതും നഷ്ടപ്പെട്ട, മരണതുല്യമായി ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ പുനരധിവാസം ഏറ്റവും അടിയന്തിരമായി നടപ്പാക്കേണ്ടുന്ന കേരളത്തിന്റെ ആവശ്യമാണ്. അതിന് ആവശ്യമായ സുരക്ഷിതവും കാർഷിക യോഗ്യവും വാസയോഗ്യവുമായ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് മേപ്പാടിക്ക് സമീപങ്ങളിൽ ഹാരിസൺസ് മലയാളവും സ്ഥാപനങ്ങളും വ്യക്തികളും കൈയടക്കി വെച്ചിരിക്കുന്നത്. ഈ ഭൂമി ഏറ്റെടുത്ത് വയനാട് ദുരന്തബാധിതരുടെ അതിജീവനം സാധ്യമാകുന്ന പുനരധിവാസം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്.
 
1 . ഡോ. ആർ. സുനിൽ, മാധ്യമം റിപ്പോർട്ട് 
2 . രാജമാണിക്യം റിപ്പോർട്ട്