Author Image ദി റൂട്സ് ഡെസ്ക്

അവകാശ സംരക്ഷണത്തിനായി സ്വാഭിമാന സമരം: സംവരണ സംരക്ഷണ സമിതി

എസ്.സി./എസ്.റ്റി. ഫണ്ട് അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക, ഇ-ഗ്രാന്‍റ് മുടക്കമില്ലാതെ സമയബന്ധിതമായി നല്കുക, ദലിത് ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, ദലിതര്‍ക്കെതിരെ നടക്കുന്ന പോലീസ് പീഢനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നവംബര്‍ 15ന് തിരുവനന്തപുരത്ത് സ്വാഭിമാന സമരം സംഘടിപ്പിക്കുമെന്ന് സംവരണ സംരക്ഷണ സമിതി.

എസ്.സി./എസ്.റ്റി. ഫണ്ട് അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക, ഇ-ഗ്രാന്‍റ് മുടക്കമില്ലാതെ സമയബന്ധിതമായി നല്കുക, ദലിത് ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, ദലിതര്‍ക്കെതിരെ നടക്കുന്ന പോലീസ് പീഢനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നവംബര്‍ 15ന് തിരുവനന്തപുരത്ത് സ്വാഭിമാന സമരം സംഘടിപ്പിക്കുമെന്ന് സംവരണസംരക്ഷണ സമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവെയ്ക്കുന്ന എസ്.സി./എസ്.റ്റി. ഫണ്ട് വ്യാപകമായി വകമാറ്റി ചിലവഴിക്കുകയും, ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നത്. വിദ്യാഭ്യാസം, സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സുരക്ഷ, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പു മുഖേനയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും നൽകേണ്ട ഫണ്ടുകളുടെയും പദ്ധതികളുടെയും നിര്‍വ്വഹണത്തിലും വലിയ അട്ടിമറി നടക്കുന്നുണ്ട്. എസ്.സി. ഫണ്ടില്‍ നിന്ന് 500 കോടി രൂപയും എസ്.ടി. ഫണ്ടില്‍ നിന്ന് 50 കോടി രൂപയും വെട്ടിക്കുറച്ചു. വിവിധ പദ്ധതികളിലായി 158 കോടി രൂപ വകമാറ്റി ചിലവഴിച്ചതായും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ദലിത് വിദ്യാര്‍ത്ഥികള്‍ക്ക്  ഇ-ഗ്രാന്‍റ് കൃത്യമായി ലഭിക്കാറില്ല. ഇതുമൂലം പട്ടികജാതി, പട്ടികവര്‍ഗ്ഗ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും സംവരണ സംരക്ഷണ സമിതി പത്രസമ്മേളനത്തിൽ പറഞ്ഞു.

ദലിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള ജാതി അതിക്രമങ്ങളും, പോലീസ് പീഢനങ്ങളും കേരളത്തില്‍ ഒരു തുടര്‍ക്കഥയായി മാറി. കേരളത്തില്‍ നൂറിലധികം കേസ്സുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കെതിരെയുള്ള ജാതി അതിക്രമങ്ങളില്‍ പോലീസ് ഗൗരവതരമായ നിയമ ഇടപെടല്‍ നടത്താതിരിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ കാരണമാകുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം (1989) പോലും കര്‍ശനമായി നടപ്പിലാക്കുവാന്‍ പോലീസ് തയ്യാറാകുന്നില്ല. ദലിത് ആദിവാസികള്‍ക്ക് നേരെ കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ കണക്ക് പുറത്തുവരാതിരിക്കുവാനുള്ള അധികാരികളുടെ ബോധപൂര്‍വ്വമായ ഇടപെടലും നടക്കുന്നുണ്ടെന്ന് സംവരണ സംരക്ഷണ സമിതി ആരോപിച്ചു.
        
കോളനികളുടെ പേര് മാറ്റിയതുകൊണ്ടോ, അതിദാരിദ്ര്യവിമുക്ത പ്രഖ്യാപനം നടത്തിയതുകൊണ്ടോ അവസാനിക്കുന്നതല്ല ഇത്തരം ദലിത് വിരുദ്ധമനോഭാവം. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥവും ശക്തവുമായ നടപടികള്‍ ഉണ്ടായെങ്കില്‍ മാത്രമെ ഈ സാഹചര്യങ്ങള്‍ മറികടക്കുവാന്‍ സാധിക്കുകയുള്ളു. പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി മാറ്റിവെയ്ക്കുന്ന ഫണ്ടും പദ്ധതികളും അട്ടിമറിക്കുന്നതും, വകമാറ്റി ചിലവഴിക്കുന്നതും, ലാപ്സാക്കുന്നതും തടയുവാന്‍ നിയമ നിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്‍റും സ്കോളര്‍ഷിപ്പും സമയബന്ധിതമായ വിതരണം ചെയ്യുവാനും, സ്കോളര്‍ഷിപ്പ് തുകയും ഇ-ഗ്രാന്‍റും കാലോചിതമായി വര്‍ദ്ധിപ്പിക്കുവാനും നടപടി സ്വീകരിക്കുകയും, ഇവ കൃത്യമായി വിതരണം ചെയ്യുന്നതിന് പ്രത്യേക മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കുകയും വേണമെന്ന് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ദലിത് ആദിവാസി വിഭാഗങ്ങളോടുള്ള പോലീസിന്‍റെ ശത്രുതാ മനോഭാവം, വിവേചനാപൂര്‍വ്വമായ സമീപനം, അതിക്രമങ്ങള്‍ എന്നിവ അടിയന്തിരമായി അവസാനിപ്പിക്കുവാനും, ദലിത് ആദിവാസികള്‍ക്കെതിരെ അതിക്രമം നടത്തുന്ന പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനും നടപടിയുണ്ടാവണം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടാണ് സംവരണ സംരക്ഷണ സമിതി നേതൃത്വത്തില്‍  നവംബര്‍ 15 ന് സ്വാഭിമാന സമരം സംഘടിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. 

വൈകുന്നേരം മൂന്നു മണിയ്ക്ക് പാളയം രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് സ്വാഭിമാന റാലി ആരംഭിക്കും. സംഘാടക സമിതി വൈസ്. ചെയർമാൻ മണ്ണന്തല വിജയന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന സ്വാഭിമാന സമ്മേളനം സാമൂഹ്യ ചിന്തകന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും. അയ്യനവര്‍ മഹാജന സംഘം സംസ്ഥാന പ്രസിഡന്‍റ് ഡോ.എസ്. ശശിധരന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് ചീഫ് കോര്‍ഡിനേറ്റര്‍ ബിജോയ് ഡേവിഡ് സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ റ്റി.ആര്‍. ഇന്ദ്രജിത്ത് മുഖ്യ പ്രഭാഷണവും നിര്‍വ്വഹിക്കും. വേലന്‍ ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജീവ് നെല്ലിക്കുന്നേല്‍, ദലിത് സമുദായ മുന്നണി ജനറല്‍സെക്രട്ടറി അഡ്വ. പി.എ. പ്രസാദ്, പി.ആര്‍.ഡി.എസ്. ഹൈകൗണ്‍സില്‍ അംഗം കെ. ദേവകുമാര്‍, ആദിവാസി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് എം.ഐ. ശശീന്ദ്രന്‍, വള്ളുവ സമുദായ സംഘം സംസ്ഥാന പ്രസിഡന്‍റ് വി.സി. വിജയന്‍, കേരള വേലന്‍ സമാജം രക്ഷാധികാരി പി. പത്മനാഭന്‍, സംവരണ സംരക്ഷണ സമിതി ട്രഷറര്‍ കെ.വത്സകുമാരി, കേരള സാംബവ സഭ സംസ്ഥാന പ്രസിഡന്‍റ് മഞ്ചയില്‍ വിക്രമന്‍, ദലിത് വിമെന്‍ കളക്ടീവ് സംസ്ഥാന സെക്രട്ടറി തങ്കമ്മ ഫിലിപ് , കേരളാ സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് ഹരീഷ് മുളഞ്ചേരി, കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് ജോഷി പരമേശ്വരന്‍, പടന്ന മഹാസഭ സംസ്ഥാന പ്രസിഡന്‍റ് സി.വി. മണി, അയ്യനവര്‍ മഹാജന സഭ ജനറല്‍ സെക്രട്ടറി രമേശന്‍. സി., പി.ആര്‍.ഡി.എസ്. ഹൈകൗണ്‍സില്‍ അംഗം പി.റ്റി. ദേവകുമാര്‍, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി മാങ്കാകുഴി രാധാകൃഷ്ണന്‍, അജികുമാര്‍ കറ്റാനം (രക്ഷാധികാരി, സാധുജന വിമോചന സംയുക്തവേദി), മണികണ്ഠന്‍ കാട്ടാമ്പള്ളി (സെക്രട്ടറി, DEPA), വേലായുധന്‍ കറുകപുത്തൂര്‍ (സെക്രട്ടറി ജഅടട) കെ. സേതുമാധവന്‍ (ജനറല്‍ സെക്രട്ടറി, എം.വി.എസ്.എസ്.), എം.ഇ. ഉണ്ണികൃഷ്ണന്‍ (സംസ്ഥാന പ്രസിഡന്‍റ്, ഡി.എസ്.എസ്), പി.കെ. സന്തോഷ്കുമാര്‍ (സംസ്ഥാന ട്രഷറര്‍ ACT), പ്രശാന്ത് വി.എം. (സെക്രട്ടറിയേറ്റ് അംഗം, ഡി.എസ്.എം), കെ.സന്തോഷ് കുമാര്‍ (EYM), അജിത് എസ്. (കണ്‍വീനര്‍, സംഘാടക സമിതി), ഗോവിന്ദന്‍ കിളിമാനൂര്‍ (ജനറല്‍ കണ്‍വീനര്‍, സംഘാടക സമിതി) എന്നിവര്‍ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമെന്നും പത്രസമ്മേളനത്തിൽ അറിയിച്ചു.

സംവരണ സംരക്ഷണ സമിതി ചെയര്‍മാന്‍ സണ്ണി എം കപിക്കാട്, ജനറല്‍ കണ്‍വീനര്‍ റ്റി.ആര്‍. ഇന്ദ്രജിത്ത്, ചീഫ് കോര്‍ഡിനേറ്റര്‍ ബിജോയ് ഡേവിഡ്, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എസ്. ശശിധരന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഗോവിന്ദന്‍ കിളിമാനൂര്‍, രമേശന്‍ അയ്യനവര്‍, കെ. സന്തോഷ്കുമാര്‍, വൈസ് ചെയര്‍മാന്‍ വിജയന്‍ മണ്ണന്തല, കണ്‍വീനര്‍ അജിത എസ്. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

The Roots Media - TOWARDS SOCIAL DEMOCRACY