Author Image ഡോ. വിനീത വിജയൻ

ഇന്ത്യൻ ഭരണഘടന; വായിക്കേണ്ട ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

നീതി, അവകാശങ്ങൾ, സാമൂഹിക സുരക്ഷിതത്വം എന്നിവ സ്ത്രീകൾക്ക് ഉറപ്പാക്കുന്നതിൽ ഭരണഘടന വഹിക്കുന്ന പങ്ക് എന്ത് എന്നു ഡോ. വിനീത വിജയൻ പരിശോധിക്കുന്നു. 
 

ലോകത്തിലെ മറ്റൊരു ഭരണഘടനയ്ക്കും അവകാശപ്പെടാനാവാത്ത ഒരു സവിശേഷത ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. അതിന്റെ മുഖ്യശില്പി ഒരു കറതീർന്ന ഫെമിനിസ്റ്റാണ് എന്നതാണ് ആ പ്രത്യേകത. ലോകത്താകമാനം വളർന്നു തുടങ്ങിയിരുന്ന സ്ത്രീവാദ പ്രസ്ഥാ നങ്ങളെയും മുന്നേറ്റങ്ങളെയും അവർ മുന്നോട്ടുവെച്ച ആശയങ്ങളെയും കൃത്യമായ സ്ത്രീപക്ഷ വീക്ഷണത്തോടു കൂടി ഉൾക്കൊള്ളാനും ഭരണഘടനാ നിർമ്മാണഘട്ടത്തിൽ ആ ആശയങ്ങളെ പ്രയോഗതലത്തിലെത്തിക്കാനും ഡോ. അംബേദ്കർക്ക് സാധിച്ചിരുന്നു. വിദ്യാഭ്യാസത്തിലും സ്വത്തധികാരത്തിലും രാഷ്ട്രീയാധികാരത്തിലും എന്നു വേണ്ട ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്ത്രീകൾക്ക് ലഭിക്കേണ്ടുന്ന തുല്യതയെന്ന വിഷയത്തെ നേടുന്ന ഏറ്റവും ആധുനിക മൂല്യബോധത്തോടെയാണ് അദ്ദേഹം സമീപിച്ചിരുന്നത്.

സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുക മാത്രമല്ല നിയമനിർമ്മാണഘട്ടത്തിൽ അവയ്ക്ക് പരമപ്രാധാന്യം കൽപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ നിയമവ്യവസ്ഥ ലോകത്തിൽ ഏറ്റവുമധികം സ്ത്രീസുരക്ഷാനിയമങ്ങളുള്ള ഒന്നായതിൽ ചെറുതല്ലാത്ത പങ്ക് ഡോ. അംബേദ്കർക്കുണ്ട്. ജാതിവ്യവസ്ഥയുടെ രണ്ട് പ്രധാന ഇരകൾ എന്നാണ് അദ്ദേഹം അയിത്ത ജാതിക്കാരെയും സ്ത്രീകളെയും നിർണയിച്ചത്. ജാതിവ്യവസ്ഥയെ ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ഗർഭം വഴി പകരുന്നവർ എന്ന നിലയ്ക്കു ജാതിവ്യവസ്ഥയുടെ നിലനിൽപ്പും സ്ത്രീയുടെ പുരോഗമന ചിന്തയും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൃത്യമായ ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യൻ സ്ത്രീയുടെ പുരോഗമനചിന്തയും സമത്വത്തിനും തുല്യാവകാശത്തിനും വേണ്ടി നിലകൊണ്ട് ചുരുക്കം ചില നേതാക്കളേ നമുക്കുള്ളൂ. ശ്രീബുദ്ധൻ, ജോതിറാവു ഫുലെ, സാവിത്രിബായ് ഫുലെ, ഇ. വി രാമസ്വാമി, ഡോക്ടർ അംബേദ്കർ, മഹാത്മാ അയ്യൻകാളി എന്നിങ്ങനെ വിരലിലെണ്ണാവുന്നവർ! ഇവരിൽ നിന്ന് ഡോ. അംബേദ്കർക്കുള്ള വ്യത്യസ്തത അദ്ദേഹത്തിന് തന്റെ ശ്രമങ്ങളെ സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷണ ഉപാധികളായ നിയമങ്ങളാക്കി മാറ്റാൻ ഭരണഘടനയിലൂടെ സാധിച്ചു എന്നതാണ്.

ഹിന്ദു ശാസ്ത്രങ്ങളും സ്മൃതികളും അനുശാസിച്ചിരുന്ന നിയമവ്യവസ്ഥകൾക്കും വിലക്കുകൾക്കും അകത്തു കഴിഞ്ഞിരുന്ന, സ്വതന്ത്രബോധമോ ചിന്തയോ പോലും വിലക്കപ്പെട്ട് മൃഗതുല്യമായ അടിമ ജീവിതം അവസാനിപ്പിക്കണം എങ്കിൽ അവളെ വിദ്യാഭ്യാസം ചെയ്യിക്കുകയേ നിവൃത്തിയുള്ളൂ എന്ന് അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. സ്ത്രീശാക്തീകരണം എന്നത് ബഹുതലസ്പർശിയും വിഭിന്നമാർഗ്ഗങ്ങളിലൂടെ മാത്രം സാധ്യമാകുന്ന ഒന്ന് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ ഡോ. അംബേദ്കർ അതിനുള്ള ഏറ്റവും കരുത്തുറ്റ ആയുധമെന്ന് തന്നെയാണ് വിദ്യാഭ്യാസത്തെ പരിഗണിച്ചിരുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസപരമായി അക്കാലം വരെ നിലനിന്നിരുന്ന വിലക്കുകൾ എടുത്തു മാറ്റാനും വിദ്യാഭ്യാസം സാർവത്രികമാക്കാനുമുള്ള ഇടപെടലുകളായിരുന്നു അവയിൽ പ്രധാനം. പുരോഗതി നേടിയ സമൂഹം എന്നാൽ അതിനർത്ഥം പുരോഗതി നേടിയ സ്ത്രീകൾ എന്നുതന്നെയാണ് എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞതും അക്കാരണം കൊണ്ടു തന്നെയാണ് .

ഡോ. അംബേദ്കറുടെ സ്ത്രീദർശനത്തിന് ബുദ്ധമതത്തിലെ സ്ത്രീപക്ഷ ദർശനങ്ങളുമായി അഭേദ്യബന്ധമുണ്ട്. മനുവിന്റെയും ബുദ്ധന്റെയും സ്ത്രീ വീക്ഷണങ്ങളിലെ വിപരീതത്വം ഡോ. അംബേദ്കർ തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും ആവർത്തിച്ചു പറയാറുണ്ട്. ബുദ്ധൻ സ്ത്രീകളോട് തികഞ്ഞ ബഹുമാനത്തോടും സ്നേഹത്തോടും കൂടി ഇടപെടണമെന്ന് ഉപദേശിക്കുകയും സ്ത്രീയുടെ ലിംഗപദവിയെ വിലകുറച്ച് കാണരുതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അദ്ദേഹം സ്ത്രീകൾക്ക് ധമ്മവും തത്ത്വചിന്തയും ഉപദേശിച്ചിരുന്നു. വൈശാലിയിലെ അമപാലിയെയും വിശാഖയെയും ഗൗതമിയെയും റാണി മല്ലികയെയും പ്രസേനജിത്തിന്റെ റാണിയേയും പോലുള്ള സ്ത്രീകൾ ബുദ്ധനെ ധമ്മദീക്ഷയ്ക്കായി സമീപിച്ചതും അദ്ദേഹം അവർക്ക് ധമ്മം ഉപദേശിച്ചതായുമുള്ള കഥകൾ ഡോ. അംബേദ്കർ ഉദ്ധരിക്കാറുണ്ട്. ഡോ. അംബേദ്കർ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം ഇതേ ബുദ്ധദർശനത്തിന്റെ  തന്നെ തുടർച്ചയായി കാണാവുന്നതാണ്.

സ്ത്രീക്ക് വിദ്യാഭ്യാസം നൽകുന്നതും പുരുഷന് വിദ്യാഭ്യാസം നൽകുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ബാബാസാബ് ഡോ.അംബേദ്കർ പറയുന്നത് ഇപ്രകാരമാണ് "ഒരു ആൺകുട്ടിക്ക് വിദ്യാഭ്യാസം നൽകുമ്പോൾ അത് ഒരു വ്യക്തിക്ക് മാത്രമാണ് നൽകപ്പെടുന്നത് എന്നാൽ ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകുമ്പോൾ അത് നൽകപ്പെടുന്നത് അവൾ ഉൾപ്പെടുന്ന കുടുംബത്തിന് മുഴുവനായാണ്"

ലക്ഷ്യങ്ങളെയും അടിസ്ഥാനതത്വങ്ങളെയും എല്ലാം സമഗ്രമായി ഉൾക്കൊള്ളുന്ന സുപ്രധാനരേഖയാണ് ഇന്ത്യൻ ഭരണഘടനാ. മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇടത്താണ് ഭരണഘടന ആദ്യമായി സ്ത്രീയെ അഭിസംബോധന ചെയ്യുന്നത്. അത് ഇങ്ങനെയാണ് "മതത്തിന്റെയോ ലിംഗത്തിന്റെയോ അല്ലെങ്കിൽ അവയിലേതെങ്കിലും ഒന്നിന്റെയോ അടിസ്ഥാനത്തിൽ ഭരണകൂടം പൗരന്മാരോട് വിവേചനം കാണിക്കില്ല. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്നതിൽ നിന്ന് ഇത് ഭരണകൂടത്തെ തടസപ്പെടുത്തുന്നില്ല". മൗലിക അവകാശങ്ങളെക്കുറിച്ചുള്ള പ്രാഥമികമായ വിവരണത്തിൽ ഇത്രയും വ്യക്തവും കൃത്യവുമായി സ്ത്രീയുടെ അവകാശമെന്ന്, തുല്യതയെ സമതയെ അടയാളപ്പെടുത്തിയിരിക്കുന്നു ഈന്ത്യൻ ഭരണഘടനയിൽ.

വിദ്യാഭ്യാസത്തിലും സ്വത്ത് അധികാരത്തിലും രാഷ്ട്രീയ അധികാരത്തിലും എന്ന വേണ്ടി ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്ത്രീകൾക്ക് ലഭിക്കേണ്ടുന്ന തുല്യനീതി എന്ന വിഷയത്തെ വളരെ ആധുനികമായ മൂല്യബോധത്തോടെയാണ് അദ്ദേഹം ഉൾകൊണ്ടിരുന്നത്. ഒരു ഇന്ത്യൻ പൗരന് തന്റെ പൗരത്വത്തിന്റെ അടിസ്ഥാന അവകാശമെന്ന് സ്ഥാപിക്കാൻ ആവുന്ന ഒന്നാണ് പ്രായപൂർത്തി വോട്ടവകാശം. അന്നുവരെ നികുതി അടയ്ക്കാൻ മാത്രം ഭൂസ്വത്ത് ഉള്ള പുരുഷനു മാത്രം പ്രാപ്തമായിരുന്ന വോട്ട് അവകാശത്തെ സ്ത്രീപുരുഷ ഭേദമില്ലാതെ പ്രായപൂർത്തി എന്ന ഒറ്റ മാനദണ്ഡം മാത്രം അടിസ്ഥാനമാക്കി നിയമപരമായ അവകാശമാക്കി വ്യവസ്ഥ ചെയ്യാൻ വേണ്ടി ശബ്ദിച്ചത് ബാബാസാഹേബ് അംബേദ്കർ ആണ്. അതിനെതിരെ ഇന്ന് മോദിസർക്കാർ കോടികളുടെ പ്രതിമസ്ഥാപി ച്ച് ആഘോഷിച്ച് ആദരിച്ച സർദാർ വല്ലഭായി പട്ടേൽ അടക്കമുള്ളവർ വലിയ എതിർപ്പാണ് നിയമസഭയിൽ അടക്കം ഉന്നയിച്ചത്. മൊണ്ടേഗു ചെംസ്ഫോർഡ് റിഫോംസ് മാത്രമായിരുന്നു അതുവരെ ഇന്ത്യയിലെ ചുരുക്കം ചില പ്രവിശ്യകളിൽ എങ്കിലും പ്രായപൂർത്തി വോട്ടവകാശം നാമമാത്രമായെങ്കിലും നടപ്പിലാക്കിയത്.

ഡോ. അംബേദ്കർ, പ്രായപൂർത്തി വോട്ടവകാശം വഴി ഇന്ത്യ മുഴുവനും ബാധകമായ നിയമമായത് വ്യവസ്ഥ ചെയ്തപ്പോൾ സ്ഥാപിക്കപ്പെട്ടത് മൗലികാവകാശമായി വാഗ്ദാനം ചെയ്യപ്പെട്ട സമതയുടെ ആദ്യ ജനാധിപത്യ അടിസ്ഥാനംതന്നെ ആയിരുന്നു. ആർട്ടിക്കിൾ 326 പ്രകാരം പ്രായപൂർത്തി വോട്ടവകാശം നിയമപരമായ അവകാശമായി സ്ഥാപിച്ചതിന് പുറമേ ഇന്ത്യൻ സ്ത്രീയുടെ ആത്മാഭിമാനത്തെ അന്തസുള്ള ജീവിതത്തിനും അടിസ്ഥാനമാകുന്ന ഒട്ടേറെ നിയമപരിരക്ഷകൾ ഡോ. അംബേദ്കറുടെ ശ്രമഫലമായി ഭരണഘടനയിൽ സാധിച്ചു. സ്ത്രീ തൊഴിൽ സംരക്ഷണ നിയമം, പിതൃസ്വത്തിൻമേലുള്ള അവകാശം, പ്രായപൂർത്തി വിവാഹ നിയമം, ജീവനാംശ അവകാശം, തുല്യവേതനാവകാശം, പ്രസവകാല വേതനാവകാശം, സ്ത്രീകളെ കൊണ്ട് അപകടകരമായ ഖനികളിൽ തൊഴിലെടുപ്പിക്കുന്നത് വിലക്കുന്ന നിയമം, തുടങ്ങി ഇന്നും ഇന്ത്യൻ സ്ത്രീയുടെ അന്തസ്സോടെയുള്ള ജീവിതം സാധ്യമാക്കുന്ന സംരക്ഷണ വ്യവസ്ഥകൾ ഉൾച്ചേർന്ന ഇന്ത്യൻ ഭരണഘടന പൂർണ്ണാർത്ഥത്തിൽ ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ തന്നെയാണ്.

Educate, Agitate ,Organaise ഈ ആപ്തവാക്യം ഡോ. അംബേദ്കറുടേതാണ്. ഇത് പിൽക്കാലത്ത് എസ്എഫ്ഐ അതിന്റെ ആപ്തവാക്യമായി സ്വീകരിച്ചു. ഡോ. അംബേദ്കർ ഈ വാക്യത്തിന് ഒരു അധിക വിശദീകരണവും നൽകിയിട്ടുണ്ട് .അതാണ് പ്രധാനം "education is fruitless without educated women, agitation is incomplete without the Strength of and organisations are meaningless with- out the accompaniment of women" സ്ത്രീകൾക്ക് നൽകപ്പെടുന്നില്ല എങ്കിൽ വിദ്യാഭ്യാസമെന്നത് സമൂഹത്തിന് ഒരു ഗുണവും ചെയ്യില്ല. സ് ത്രീകളുടെ പങ്കാളിത്തത്തോടു കൂടിയല്ലാത്ത ഏതു സമരവും അപൂർണ്ണമാണ്. സ്ത്രീകളുടെ പങ്കാളിത്തമില്ലാത്ത കൂട്ടായ്മകൾ അർത്ഥരഹിതമാണ്.

ഈ വികസിതസൂത്രവാക്യത്തിന്റെ അർത്ഥവ്യാപ്തി നമ്മുടെ സമൂഹം ഉൾക്കൊണ്ട് തുടങ്ങിയിരിക്കുന്നു എന്നതിന്റെ ശുഭലക്ഷണങ്ങളാണ് ശബരിമല വിധിയെ തുടർന്നു അന്നുണ്ടായ ആചാര കോലാഹലങ്ങൾക്കെതിരെ പുരോഗമന പക്ഷത്ത് നിരന്ന സ്ത്രീജനങ്ങളുടെ വലിയ പങ്കാളിത്തം. ഇതിൽ എടുത്തുപറയേ മുന്നേറ്റങ്ങളാണ് ആർത്തവം അശുദ്ധിയല്ല എന്ന് പ്രഖ്യാപിച്ച്, കൊച്ചിയിൽ നടന്ന ആർപ്പോ ആർ ത്തവം ,ആചാരങ്ങളല്ല ഭരണഘടനാ മൂല്യങ്ങളാണ് ഉയർത്തിപ്പിടിക്കേണ്ടത് എന്ന് ആഹ്വാനം ചെയ്ത തിരുവനന്തപുരത്ത് നടന്ന വീ ദി പീപ്പിൾ, ബ്രാഹ്മണാധിപത്യത്തിനെതിരെ ദലിത്, സ്ത്രീകളുടെ നേതൃത്വത്തിൽ എരുമേലിയിലേക്ക് നടത്തിയ വില്ലുവണ്ടി യാത്ര, സ്ത്രീയുടെ ആത്മാഭിമാനമു യർത്തി തൃശൂരിൽ സംഘടിപ്പിക്ക പ്പെട്ട, സ്ത്രീ സ്വാഭിമാന സദസ്സ്, അ വസാനം സമതക്കായി കേരളം കൈ കോർത്ത വനിതാ മതിൽ. ഈ മുന്നേറ്റങ്ങളിലെ സ്ത്രീ പങ്കാളിത്തവും കർതൃത്വങ്ങളും കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ പൊളിച്ചെഴുത്തുകൂടിയാണ്. നവോത്ഥാന പ്രക്ഷോഭങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും കലാപങ്ങളും സ്ത്രീപുരുഷന്മാരുടെ തുല്യപങ്കാളിത്തത്തോടെയാണ് നടന്നതെങ്കിലും പുരുഷകർതൃത്വങ്ങൾ മാത്രമാണ് ചരിത്രത്തിൽ ഇടംനേടിയത്. ചാന്നാർ ലഹളയിൽ, കല്ലുമാല സമരത്തിൽ, ഊഴിയവേല വിരുദ്ധസമരത്തിൽ ഒക്കെ നേതൃത്വപരമായ പങ്കുവഹിച്ച കീഴാള സ്ത്രീ സാന്നിധ്യങ്ങൾ അപ്പാടെ മറയ് ക്കപ്പെട്ടു പോവുകയായിരുന്നു. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരേ ഒരുപേര് ചേർത്തലക്കാരിയായ നങ്ങേലിയുടേതാണ്. എന്നാൽ നങ്ങേലിയുടെ കഥ കെട്ടുകഥയാണ് എന്നാണ് സവർണ്ണ സംഘ അവകാശവാദം. യഥാർത്ഥ ചരിത്രത്തെ കെട്ടുകഥകൾ ആക്കാനും കെട്ടുകഥകളെ യഥാർത്ഥ ചരിത്രമെന്ന് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എക്കാലവും അവർ നടത്തിയിട്ടുണ്ട്.

നവോത്ഥാനസമരങ്ങളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും സ്ത്രീകൾക്കുണ്ടായ അടയാള അദൃശ്യത പക്ഷേ ഹിന്ദുസമുദായ പരിഷ്കരണവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ പിന്തുണച്ച് പ്രവർത്തിച്ച സവർണ്ണ സ്ത്രീകൾക്ക് ഉണ്ടായില്ല. അതുകൊണ്ടാണല്ലോ പാർവതി നെന്മേനി മംഗലവും പാർവതി മനാഴിയും ആര്യാ പള്ളവും ഒക്കെ കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ പേരുകളായെങ്കിലും ഇടം പിടിച്ചതും ഒരു കീഴാള സ്ത്രീയുടെ പേരുപോലും ആ ചരിത്രത്തിൽ ഇല്ലാതെ പോയതും. അടയാളപ്പെടുത്തപ്പെട്ട പേരുകൾ ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കുന്നതിൽ സന്തോഷം തീർച്ചയായുമുണ്ട്. എന്നാൽ രേഖപ്പെടുത്തപ്പെട്ടതു മാത്രമല്ല ചരിത്രമെന്നും അനാചാരങ്ങൾക്കും മതങ്ങൾക്കും ജാതികൾക്കും വേണ്ടി കൊലചെയ്യപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകളുടെ അടയാളപ്പെടാത്ത ആത്മത്യാഗങ്ങളുടേതു കൂടിയാണത്.

ഇക്കഴിഞ്ഞ കാലംവരെ സമുദായ പരിഷ്കർത്താക്കൾ എന്ന് അഭിസംബോധന ചെയ്യപ്പെട്ടിരുന്ന മഹാത്മാ അയ്യൻകാളിയെയും ശ്രീനാരായണ ഗുരുവിനെയും നവോത്ഥാന നായകർ എന്ന് തിരുത്തി വിളിക്കാൻ കാണിച്ച ആർജ്ജവത്തോടെ അടയാളപ്പെടാനനുവദിക്കാത്ത പെൺപോരാട്ടങ്ങളെ പുനർവായനക്കെടുക തന്നെ ചെയ്യും പുതിയ കാലം എന്നതിന്റെ തർക്കരഹിതമായ സാക്ഷ്യപ്പെടുത്തൽ കൂടിയായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടർന്ന് കേരളം സാക്ഷ്യം വഹിച്ച സംഭവ വികാസങ്ങൾ.

സമരങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും സ്ത്രീകളുടെ പങ്കാളിത്തവും സജീവ നേതൃത്വവും ഉറപ്പുവരുത്താൻ എക്കാലവും ശ്രദ്ധിച്ചിരുന്ന നേതാവാണ് ഡോ. അംബേദ്കർ. സമൂലമാറ്റങ്ങളിലേക്ക് സമൂഹത്തെ നയിക്കുവാൻ സ്ത്രീകൾക്കേ കഴിയൂ എന്നദ്ദേഹം ഉറപ്പിച്ചുപറയുകയും ചെയ്തു. 1927 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാഡ് സത്യാഗ്രഹത്തിൽ 25000 സ്ത്രീകൾ പങ്കെടുത്തിരുന്നു .ആ വേദിയിൽ വെച്ചാണ് അദ്ദേഹം മനുസ്മൃതി കത്തിക്കുന്നത്. അതിനദ്ദേഹം പറഞ്ഞ കാരണമാണ് ശ്രദ്ധിക്കേണ്ടത് “സ്ത്രീകൾക്കും ശൂദ്രർക്കും പരമ വിനാശകാരിയായ നിയമം എന്ന നിലയ്ക്കാണ് ഞാൻ മനുസ്മൃതി കത്തിക്കുന്നത്.

സവർണ്ണ ഹിന്ദു വർഗീയത സൃഷ്ടിച്ചിരിക്കുന്ന കപടമായ ഹിന്ദു സാമാന്യബോധം എത്തരത്തിലാണ് സമൂഹത്തെ അപകടപരമായി ബാധിച്ചിരിക്കുന്നത് എന്ന തിരിച്ചറിവ് ഈ ഒരു ഘട്ടത്തില്ലെങ്കിലും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഹിന്ദു സാമാന്യബോധം ആണ് യഥാർത്ഥത്തിൽ ഹൈന്ദവ ഫാസിസത്തിന് അടിസ്ഥാനം. ഇന്ത്യൻ പൗരബോധം അഥവാ ഇന്ത്യൻ സാമാന്യ ബോധം എന്നത് ഹിന്ദു സാമാന്യ ബോധമായി പരിവർത്തിപ്പിക്കാനുള്ള സംഘപരിവാറിന്റെ ജാഗ്രതയോടു കൂടിയ ശ്രമങ്ങളാണ്. എക്കാലത്തും ഹൈന്ദവ ഫാസിസം വളർത്തിയതും അതുവഴി ഇന്ത്യയിലെ സ്ത്രീകളുടെ ദലിതരുടെയും മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും അതിജീവനവും മുന്നോട്ടുപോക്കും ആ ശങ്കയിലാഴ്ത്തിയതും. ദലിതർ ഹൈന്ദവതയുടെ കപട ചേർത്തുപിടിക്കലിൽ നിന്ന് കുതറിമാറിയാണ് അത്തരം ശ്രമങ്ങളെ ചെറുത്തുതോൽപ്പിച്ചത്. ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങൾ തങ്ങളുടെ സ്വത്വബോധത്തിൽ ഉറച്ച രാഷ്ട്രീയ നിലപാടുകളിലൂടെയും അതിനെ പ്രതിരോധിച്ചു.

ഇന്ത്യയിലെ ജാതിവ്യവസ്ഥ എന്നത് ബ്രാഹ്മണകല്പിതമായ ചാതുർവർണ്യ വ്യവസ്ഥ തന്നെയാണ്. ജാതിവ്യവസ്ഥയുടെ രണ്ട് പ്രധാന ഇരകളാണ് സ്ത്രീകളും ദലിതരും. ജാതിവ്യവസ്ഥയെ ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്ക് സംക്രമിപ്പിക്കുന്നത് സ്ത്രീയുടെ ഗർഭപാത്രമാകയാലാണ് അവർ സ്തീയെ തങ്ങളുടെ നിയന്ത്രണത്തിൽ ഒതുക്കിനിർത്താനുള്ള വ്യവസ്ഥകൾ ചെയ്തിരുന്നത്.  ജാതിവ്യവസ്ഥയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യാനും ഇല്ലായ്മ ചെയ്യാനുമുള്ള പ്രാപ്തി പുരോഗമനചിന്തയുള്ള സ്ത്രീയുടെ ഗർഭപാത്രത്തിനുണ്ട് എന്ന അവരുടെ ജാഗ്രതയാണ് അത്തരത്തിലുള്ള പുരോഗമന ബോധ്യങ്ങളിലേക്ക് സ്ത്രീകൾ കടന്നുവരാനുള്ള സാഹചര്യങ്ങളെയെല്ലാം സൂക്ഷ്മതയോടുകൂടി ഒഴിവാക്കി നിർത്തിയിരുന്നത്.

ജാതിവ്യവസ്ഥയുടെ നിലനിൽപ്പും സ്ത്രീകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയത് കൊണ്ടാണ് ഹിന്ദുകോഡ് ബിൽ തയ്യാറാക്കിയപ്പോൾ ഹിന്ദു സമൂഹത്തിലെ സ്ത്രീകളുടെ തുല്യതക്കും അവസരസമത്വത്തിനും വേണ്ടിയുള്ള ഉപാധികൾ ഡോ.അംബേദ്കർ അതിൽ കൃത്യമായി ചേർത്തത്. സ്വത്തിന്മേലും ദായക്രമത്തിലും വിവാഹത്തിലും വിവാഹമോചനത്തിലും രക്ഷാകർതൃത്വത്തിലും ഉൾപ്പെടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്ത്രീക്ക് സമത്വവും സ്വാതന്ത്യവും ഉറപ്പുവരുത്തുന്നതായിരുന്നു അദ്ദേഹം മുന്നോട്ടു വച്ച ഹിന്ദുകോഡ് ബിൽ. പാരമ്പര്യവാദികളായ ഗാന്ധിയുൾപ്പെടെയുള്ളവർ അതിനെ നിശിതമായി എതിർത്തു. അവരാണിന്ന് സ്ത്രീ അവകാശ പോരാളികൾ എന്നു വാഴ്ത്തപ്പെടുന്നത്.

ഹിന്ദുകോഡ് ബില്ലിനെ എതിർത്തുകൊണ്ട് ഗോൾവർക്കർ പറഞ്ഞത് അത് ഹിന്ദുസമുദായത്തെ ദുർബലപ്പെടുത്തും എന്നാണ്. എന്തൊക്കെ ഗുണഫലങ്ങൾ ഇന്നാട്ടിലെ സ്ത്രീകൾക്കും ജനങ്ങൾക്കും അതു മൂലമുണ്ടായാലും ശരി ഹിന്ദുസമുദായത്തിന്, ജാതിവ്യവസ്ഥയ്ക്ക്, ബ്രാഹ്മണ അധികാരത്തിന് അത് ദോഷം ചെയ്യുന്നെങ്കിൽ അത് വേണ്ട എന്നു പറയാൻ അവർക്ക് ഒരു കാലത്തും മടിയില്ലായിരുന്നു.

ഹിന്ദുകോഡ് ബില്ലിന് എതിരെ മാത്രമല്ല ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയും കടുത്ത വിമർശന മുന്നയിക്കുകയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന് ശേഷവും "നമ്മൾ ഹിന്ദുക്കൾ ഭരണഘടനയെ അംഗീകരിക്കേണ്ടതില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമല്ല. ഇന്ത്യക്ക് ഒരു ഔദ്യോഗിക മതം ഉണ്ട്, അത് ഹിന്ദുമതമാണ്. ഹിന്ദുമതത്തിന് ഒരു ഭരണഘടനയുണ്ട്, അത് മനുസ്മൃതിയാണ്. ഇന്ത്യയുടെ ഔദ്യോഗിക മതമായ, ഹിന്ദുമതത്തിന്റെ ഭരണഘടനയായ മനുസ്മൃതിയാണ് ഭരണഘടനയായി അംഗീകരിക്കേണ്ടത് “എന്നു പറഞ്ഞ ഗോൾവർക്കർ ഹിന്ദു കോഡ് ബില്ലിനെ എതിർത്തതിൽ അതിശയം വിചാരിക്കേണ്ട കാര്യമില്ല!

എന്തായാലും ഹിന്ദുകോഡ് ബിൽ പാസാക്കപ്പെട്ടില്ല. രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ ഏറ്റവും ഗുണപരമായി പരിവർത്തിപ്പിക്കാൻ കഴിയുമായിരുന്ന ഏറ്റവും മഹത്തായ പദ്ധതിയുടെ നിരാശാജനകമായ അന്ത്യം കൂടിയായിരുന്നു അത്. നിയമനിർമ്മാണസഭ അംഗത്വം രാജിവച്ചു ഡോ.അംബേദ്കർക്ക് പിൻവാങ്ങേണ്ടിവന്നു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന അസഹിഷ്ണുതയ്ക്കും അസ്വസ്ഥതയ്ക്കും രാഷ്ട്രീയമായ പ്രതിവിധി ആവേണ്ടിയിരുന്ന, പൂർവപര മാതൃകകളില്ലാത്ത താരതമ്യരഹിതമായ ഹിന്ദു കോഡ് ബിൽ അംഗീകരിക്കപ്പെടാതെ പോകയാൽ രാജ്യം നേരിടാൻ പോകുന്ന വലിയ ദുരന്തത്തെ പറ്റി അദ്ദേഹം കൃത്യമായി എഴുതിവച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ഉദ്ധരിക്കട്ടെ, 'മേൽത്തട്ട് കീഴ്ട്ട് ബന്ധങ്ങളെ, വർഗ വംശ വൈരുദ്ധ്യങ്ങളെ, ലിംഗ ലൈംഗിക ഭിന്നതകളെ, അവയെ അടിസ്ഥാനമാക്കിയുള്ള അസ്മത്വങ്ങളെ എല്ലാം സൃഷ്ടിച്ചത് സവർണ്ണ ഹൈന്ദവ സംഹിതയാണ്. ഇവ വരുംകാലത്ത് നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കും. ഭരണഘടനയുടെ ഫലദായകമായ സംവേദന ശക്തിക്കു മുന്നിൽ പ്രഹേളികയായി മാറും". എത്ര ദീർഘവീക്ഷണത്തോടെയാണ് അദ്ദേഹം രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ അന്നേ കണ്ടത് എന്നറിയുമ്പോഴാണ് ഡോ.ബി.ആർ. അംബേദ്കറുടെ ആശയങ്ങളും ദർശനങ്ങളും ഭരണഘടനയ്ക്ക് നൽകേണ്ടുന്ന അധികമൂല്യത്തിനുള്ള രാഷ്ട്രീയ പ്രസക്തി പുനർവിചിന്തനം ചെയ്യേണ്ടത് അനിവാര്യമായി മാറുന്നത്.