Author Image ധന്യ എം.ഡി.
01 Oct 2025

കയം

 

ധന്യ എം.ഡിയുടെ കവിത 'കയം'

അറ്റം കാണാക്കയം
ഇരുട്ടതില്‍
തണുപ്പ്
ഇല വീഴാത്ത
കനത്ത നിശബ്ദത
നോക്കി നോക്കിയിരിക്കുന്തോറും
നോവേറുന്ന
പരന്ന നിശ്ചലത

സമയം
കല്ലിച്ച
തിരയറ്റ കടല്‍
അതിന്‍ കോണില്‍
മുന്‍പെന്നോ
കുടുങ്ങിക്കിടക്കുന്ന ഞാന്‍

ആര്‍ക്കും കാണാത്ത
നീരാളി വള്ളി ചുറ്റി
ഇടറിപ്പോകും ശ്വാസം
ഹൃദയത്തിന്‍ ഗതിവേഗം

ഒഴിഞ്ഞ കൈകളുമായൊറ്റയ്ക്ക്
പോരാടുമൊരുത്തി
നിസ്സംഗമായ്
തുഴഞ്ഞ് കുഴയുന്നു

എവിടെയാണാ
നീലാകാശം
തിളങ്ങും വാഗ്ദത്തഭൂമി
പുതിയ കാറ്റുകള്‍
വന്മരങ്ങള്‍
പടര്‍ത്തും ഇളം തണല്‍
ഏത് മാറാദാഹവും
തീര്‍ക്കും നീര്‍
ചലിക്കും ലോകത്തിന്‍ ശബ്ദം

ഈയിരുട്ടൊന്നടങ്ങുവാന്‍
ഇപ്പൊഴും
പണ്ടത്തെപ്പോലെ
ഒന്നു മുതല്‍ക്കെണ്ണി
ഒരു മൂലയിലൊറ്റയ്ക്ക്
കണ്ണടച്ചിരിക്കുന്നു
ക്ഷമ നശിച്ചിരിക്കുന്നു.

Share this link