ഊതനിറമുള്ള കവിതകള്‍: കനിമൊഴിയുടെ കവിതക്ക് എം.ആര്‍. രേണുകുമാറിന്റെ പഠനം
കവികളുടെയും കലാകാരരുടേയും ബാല്യകാലത്തെ സാധാരണമട്ടില്‍ ഇതരരുടെതുമായി താരതമ്യം ചെയ്യുന്നതില്‍ അപാകമുണ്ട്. ജീവശാസ്ത്രപരമായ പ്രായവുമായി ഒത്തുപോകുന്ന ഒന്നല്ല കവിതയിലെ/കലയിലെ 'പ്രായ' മെന്ന് സാരം. കുട്ടികളില്‍ കുട്ടിത്തം ഉണ്ടായിരിക്കട്ടെ, അവരുടെ ഭാവുകത്വത്തിലും അതുണ്ടാവണമെന്ന് മുതിര്‍ന്നവര്‍ ആഗ്രഹിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കാരണം കവിതയുടെ/കലയുടെ ആഴം നിര്‍ണയിക്കുന്നത് പ്രായമോ കാലയളവോ അല്ല; സര്‍ഗാത്മകതയാണ്. കനുവിന്റെ കവിതകളുടെ വായനയാണ് എന്നെ ഇതേവിധം ചിന്തിപ്പിച്ചത്.കനിമൊഴി ടിയുടെ 'പറന്ന് പോകുന്ന വാടക വീടുകൾ' കവിതാസമാഹാരത്തിന് എം.ആര്‍. രേണുകുമാറിന്റെ പഠനം.
'ലോക' എന്ന സിനിമയില്‍ കല്ല്യാണി പ്രിയദര്‍ശന്റെ കുട്ടിക്കാലം അഭിനയിക്കുന്നത് ദുര്‍ഗ എന്ന ബാലനടിയാണ്. പ്രായത്തില്‍ കുട്ടിയാണെങ്കിലും ആയോധനകലയില്‍ ദുര്‍ഗയൊരു 'കുട്ടി'യല്ല. അവളൊരു ആയോധനകലാ ട്രെയിനറാണ്. കനുവിന്റെ കവിതകള്‍ വായിച്ചപ്പോള്‍ ഇതേവിധമൊരു തോന്നലാണ് എന്റെ മനസിലുണ്ടായത്. പതിനൊന്നു മുതല്‍ പതിനാറ് വയസുവരെയുള്ള കാലയളവില്‍ കനു എഴുതിയ ഒരുപിടി കവിതകളാണ് 'പറന്നുപോകുന്ന വാടകവീടുകള്‍' എന്ന ഈ സമാഹാരത്തിലുള്ളത്. കവിതകളുടെ ഉളള് തൊട്ടറിഞ്ഞ ചിത്രങ്ങളിലൂടെ സച്ചീന്ദ്രന്‍ കാറഡുക്ക ഈ പുസ്തകത്തെ അനന്യമായൊരു ചിത്രകവിതാ സമാഹാരം കൂടി ആക്കിയിരിക്കുന്നു.
എഴുത്തിന്റെ ശൈലിയിലും വിഷയങ്ങളുടെ സ്വീകരണത്തിലും അവതരണത്തിലും ഏതെങ്കിലും തരത്തിലുള്ള അമെച്വര്‍ ലക്ഷണങ്ങള്‍ കനുവിന്റെ കവിതകള്‍ പ്രകടിപ്പിക്കുന്നില്ല. ആറാം ക്ലാസുമുതലെ കവിതയെഴുതി തുടങ്ങിയതുകൊണ്ടാവാം എഴുത്തിനുമേല്‍ കനുവിന് ഇത്ര കൈയടക്കം. തന്റെ മാതാപിതാക്കളിലൂടെയും അധ്യാപകരിലൂടെയും വായനയിലൂടെയും ലഭിച്ച മെച്ചപ്പെട്ട സര്‍ഗാത്മക അന്തരീക്ഷവും ഇതിന് കാരണമാകാം. കൈവന്ന അനുകൂല സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ കനുവിന് സിദ്ധിച്ച വായനാലോകവും ഭാവുകത്വ പരിസരവുമാവാം 'കുട്ടിക്കവിതകളു'ടെ നിയതലോകത്തിന് പുറത്തേക്ക് അവളുടെ കവിതകളെ പടര്‍ത്തിയത്.
കവികളുടെയും കലാകാരരുടേയും ബാല്യകാലത്തെ സാധാരണമട്ടില്‍ ഇതരരുടെതുമായി താരതമ്യം ചെയ്യുന്നതില്‍ അപാകമുണ്ട്. ജീവശാസ്ത്രപരമായ പ്രായവുമായി ഒത്തുപോകുന്ന ഒന്നല്ല കവിതയിലെ/കലയിലെ 'പ്രായ' മെന്ന് സാരം. ബാലനായ ക്ലിന്റ് ആറുവയസില്‍ വരച്ച ചിത്രങ്ങള്‍ അറുപതാമത്തെ വയസ്സിലും ഒരു ചിത്രകാരന് അപ്രാപ്യമായിരിക്കുന്നത് അതുകൊണ്ടാണ്. മുതിര്‍ന്നവര്‍ സമ്മാനിക്കുന്ന ബാലസാഹിത്യകൃതികള്‍ ഉപേക്ഷിച്ച് വായനാഭിരുചിയുള്ള കുട്ടികള്‍(കൗമാരത്തിലെങ്കിലും) ബഷീറിന്റെയും എം.ടി.യുടെയും പൗലോ കൊയ്ലോവിന്റെയും കൃതികള്‍ തേടിപ്പോകുന്നത് സാധാരണമാണല്ലോ. കുട്ടികളില്‍ കുട്ടിത്തം ഉണ്ടായിരിക്കട്ടെ അവരുടെ ഭാവുകത്വത്തിലും അതുണ്ടാവണമെന്ന് മുതിര്‍ന്നവര്‍ ആഗ്രഹിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കാരണം കവിതയുടെ/കലയുടെ ആഴം നിര്‍ണയിക്കുന്നത് പ്രായമോ കാലയളവോ അല്ല; സര്‍ഗാത്മകതയാണ്. കനുവിന്റെ കവിതകളുടെ വായനയാണ് എന്നെ ഇതേവിധം ചിന്തിപ്പിച്ചതെന്ന് പറയേണ്ടതില്ലല്ലോ.
കുട്ടികളുടെ കവിതകള്‍ 'കുട്ടിക്കവിതകള്‍' ആയിരിക്കണമെന്ന് ആയതിനെ കുറിച്ച് പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ വെച്ചുപലര്‍ത്തുന്നവര്‍ക്ക് ശഠിക്കാം. എനിക്ക് അത്തരം സങ്കല്‍പ്പങ്ങളില്ല; ശാഠ്യങ്ങളും. കനുവിന്റെ കവിതകള്‍ വായിക്കുമ്പോള്‍ അതില്‍ തെളിഞ്ഞുവരുന്നത് 'കുട്ടിത്തം' നിറഞ്ഞൊരു അനുഭവലോകമോ ഭാവനാലോകമോ അല്ല, മറിച്ച് മുതിര്‍ന്നൊരു എഴുത്തുകാരിയുടെ ലോകമാണ്. കനു ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ 'കത്തി'യെന്ന കവിത ഇതിന് അടിവരയിടുന്നു.
എന്നാല്‍
ഒരോ
കത്തിയൂടെ മുഖവും
അതിന്റെ
യജമാനന്റെ
മനസ്സ് പോലെയിരിക്കും'.
ഉപജീവനാര്‍ത്ഥം തുടര്‍ച്ചയായി വാടകവീടുകള്‍ മാറേണ്ടിവരുന്ന സാഹചര്യം പുതിയകാല ജീവിതപരിസരത്തില്‍ പലര്‍ക്കും ഒഴിവാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇരുപത്തിരണ്ട് വര്‍ഷം അഞ്ച് വാടകവീടുകളിലായി ജീവിതം ഉന്തിത്തള്ളേണ്ടിവന്ന ഒരാളാണ് ഞാന്‍. ആറാമത്തെ വീട്ടിലേക്ക് മാറാനുള്ള സാഹചര്യം കോളറിന് കുത്തിപ്പിടിച്ച ഘട്ടത്തിലാണ്, നിരന്തരമുള്ള വീടുമാറ്റങ്ങള്‍ തനിക്കുണ്ടാക്കുന്ന ട്രോമയെപ്പറ്റി മകനെന്നോട് സംസാരിക്കുന്നത്. ഞാനത് കുറച്ചൊക്കെ മനസിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, എന്റെ മനസിലാക്കലുകള്‍ക്ക് അപ്പുറത്തായിരുന്നു അവന്റെ കുട്ടിമനസിലെ നോവുകള്‍. 'ഇനി നമ്മള്‍ മാറുക നമ്മുടെ സ്വന്തം വീട്ടിലേക്കായിരിക്കുമെന്നൊ'രു തീരുമാനം എന്നെക്കൊണ്ട് എടുപ്പിച്ചത് അവനാണ്. അതുകൊണ്ടാവാം കനുവിന്റെ 'പറന്നുപോകുന്ന വാടകവീടുകള്‍' എന്ന കവിത വായിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നത്. ആ കവിത തീരുന്നത് ഇങ്ങനെയാണ്.
'മതിലിനപ്പുറത്തെ
തീരാത്ത ഓര്‍മ്മകളുമായി
മറ്റൊരു വാടകവീട്ടിലേക്ക്
ഞാന്‍ പറന്നുപോകുന്നു'.
'ചെരുപ്പ്' എന്ന പേരിലുള്ള കനുവിന്റെ കവിത ചെരുപ്പിനക്കുറിച്ചുള്ള കവിതയല്ല. മറിച്ച് ചെരുപ്പ് അതിന്റെ കഥ അഥവാ ഭാഗം പറയുന്ന കവിതയാണ്. വിഷയം തന്നെ അതിന്റെ കര്‍തൃത്വം ഏറ്റെടുത്ത് സ്വന്തം കഥ പറയുന്നത് കേള്‍ക്കാന്‍ ഒരു പുതുമയുണ്ട്. പുതുമലയാള കവിതയില്‍ കനു എത്രത്തോളം കാലികമാണെന്ന് സുചിത കവിത തെളിയിക്കുന്നു. ചില വരികള്‍ ഇങ്ങനെ നീളുന്നു.
'കൈവിരലുകളിലെ
ഒട്ടിച്ചുവെച്ച വിലയില്‍
അവളെന്നെ സ്വന്തമാക്കി
ചില്ലിന്‍ കൂട്ടിലെ
എന്റെ സുഖവാസം
അതോടെ അവസാനിച്ചു.
.
.
അവസാനം
തേഞ്ഞുതീര്‍ന്നൊടുങ്ങിയ
എന്നെ അവള്‍
തോട്ടിലേക്ക് വലിച്ചെറിഞ്ഞു.
ഞാന്‍ മാനം നോക്കി
ദൂരേക്ക് ഒഴുകിപ്പോയി'.
കനുവിന്റെ മിക്കവാറും കവിതകള്‍ മാതൃഭൂമി, കലാകൗമുദി, ഗൃഹലക്ഷ്മി, ചന്ദ്രിക വാരാന്തപ്പതിപ്പ്, യുറീക്ക തുടങ്ങിയ ആനുകാലികങ്ങില്‍ പ്രിദ്ധീകരിക്കപ്പെട്ടവയാണ്. തന്റെ പരിസരലോകത്തിന് പുറത്തുനിന്നും വിഷയങ്ങള്‍ സ്വീകരിക്കുന്നത് കനുവിന്റെ കവിതകളുടെ ഒരു പ്രത്യേകതയാണ്. മഗ്ദല മറിയവും, ഫ്രിഡാ കാലോയും, നിര്‍ഭയയും, മതപ്പോലീസുകാരാല്‍ കൊല്ലപ്പെട്ട ഇറാനിയന്‍ പെണ്‍കുട്ടി മഹ്സ അമിനിയും ഒക്കെ കനുവിന്റെ കവിതകളിലെത്തുന്നു. കനുവിന്റെ കവിതകള്‍ സ്ത്രീവാദം തുറന്ന് പ്രകടപ്പിക്കുന്നില്ല. പക്ഷെ 'പെണ്‍പാവ'കളായും 'പെണ്‍ചേല'കളായും 'പെണ്‍കാറ്റു'കളായും 'പെണ്ണക്ഷരങ്ങ'ളായും 'തട്ടമിട്ടമുഖങ്ങ'ളായും 'മണിപ്പൂരികളാ'യും പെണ്മയുടെ രാഷ്ട്രീയം കനുവിന്റെ കവിതകളില്‍ കലര്‍ന്നുകിടപ്പുണ്ട്. ഒരു കവിതാശകലം ശ്രദ്ധിക്കുക.
'ഉടലിന്റെ
പൗരുഷം
ഇനി
ഉപേക്ഷിച്ചുകളയുക
എന്നിലെ
അവള്‍
ചെവിയില്‍
മന്ത്രിച്ചുകൊണ്ടിരുന്നു'
.
.
'കുപ്പിവളകളും
പാദസരങ്ങളും
കമ്മലുകളും
കണ്‍മഷിയെഴുതിയ
ഇമകളുമൊക്കെയാണ്
എന്റെ
പെണ്ണക്ഷരങ്ങളായി
എന്നില്‍ ഉത്തരമായത്.
എന്റെ മരണം
ഇനി അസാധ്യമാണ്
പെണ്‍ചേലയില്‍
ഉടുത്തൊരുങ്ങി
മഴയിലും
വേനലിലും
ഒരു പെണ്‍കാറ്റായി
ഇനി ഞാന്‍ ഒഴുകിനടക്കും'.
(പെണ്‍കാറ്റ്)
കനിമൊഴിയുടെ ആദ്യ കവിതാസമാഹാരം 'പറന്നു പോകുന്ന വാടക വീടുകളു'ടെ പ്രകാശനം
പെണ്മയുടെ സവിശേഷമായ മാറ്റിനൊപ്പം ഈ കവിതയില്‍ ആണ്മയില്‍നിന്ന് പെണ്മയിലേക്കുള്ള പ്രയാണത്തിന്റെ ലിംഗഭേദ രാഷ്ട്രീയം കൂടി ഉള്ളടക്കം ചെയ്തിരിക്കുന്നു. പെണ്മ കനുവിന്റെ കവിതകളില്‍ എഴുന്നുനില്‍ക്കുകയല്ല. അത് സ്വാഭാവികമായി കവിതകളില്‍ അന്തര്‍ലീനമായിരിക്കുന്നു. അത് 'നരകവധു' എന്ന കവിതയില്‍
'നാരങ്ങാവെളിച്ചത്തില്‍
വെള്ളിക്കൊലുസുകള്‍ കൊണ്ട്
ആണ്‍മൂത്രം നാറുന്ന
വെള്ളവിരിപ്പില്‍
ചിത്രങ്ങല്‍ വരച്ചുവെക്കു'ന്നു.
'സത്യത്തെ ആരാണ് തുറുങ്കിലടച്ചത്' എന്ന കവിതയില്‍ അത് ' ചോര പടര്‍ന്ന പെണ്‍ചേലയില്‍ ഇലകള്‍ പറിച്ചെടു'ക്കുന്നു.
അമ്മമാരോടും അമ്മുമ്മമാരോടും കടലമ്മയോടും പെണ്ണുങ്ങളോടുമുള്ള കനുവിന്റെ കവിതകള്‍ക്കുള്ള സഹജഭാവം അനന്യമാണ്. അത് ഒപ്പം നില്‍ക്കലായും ചേര്‍ത്തുപിടിക്കലായും മിണ്ടിപ്പറച്ചിലായും തുറന്നുവിടലായും കൂടെക്കൂടുന്നു. ഭാവനയില്‍ കലരുകയും വേര്‍പെടുകയും ചെയ്യുന്ന അച്ചമ്മയും കലമ്മയും ഒരു 'ചില്ലിട്ട ഫ്രെയിമില്‍' വിഷയീഭവിക്കുന്ന കവിതയിലെ ചിലവരികള്‍ കാണുക.
'കവിളിലെ
ചുളിവുകള്‍
മറച്ച്
ചിരികള്‍
കിനാവുകണ്ട്
തൂങ്ങിയാടിയ
കാതില്‍
കടലലകള്‍ കേട്ട്
മുറുക്കി
ചുവപ്പിച്ച
തിരമാലകള്‍
തൊട്ട്
അവസാനത്തെ
വെളിച്ചവും
തുടച്ചുനീക്കി
പുപ്പലുപടര്‍ന്ന
കണ്ണുകള്‍
അവര്‍
ചില്ലിട്ടുപാകി'
(കടലമ്മ/അച്ചമ്മ)
'എല്ലായിടത്തും ഉണ്ടായിരിക്കാന്‍ തനിക്ക് കഴിയാത്തതിനാലാണ് ദൈവം അമ്മമാരെ സൃഷ്ടിച്ചതെന്ന്' ഇംഗ്ലീഷ് സാഹിത്യകാരാനായ റുഡ്യാര്‍ഡ് കിപ്ലിംങ്(1855-1936) എഴുതിയിട്ടുണ്ട്. ഇരുളുപോലെ പരക്കുന്ന സമകാലിക അരക്ഷിതാവസ്ഥയില്‍ ആരില്‍നിന്നൊക്കെയാണ് ഒരമ്മ തന്റെ പെണ്‍മക്കളെ രക്ഷിക്കേണ്ടത്. അവരുടെ സമാനതകളില്ലാത്ത ആന്തലും ഭാരവും കനു 'നഗരരാത്രികള്‍' എന്ന കവിതയില്‍ ഇങ്ങനെ വരച്ചുചേര്‍ക്കുന്നു.
മെക്സിക്കന്‍ ചിത്രകാരിയായ ഫ്രിഡാ കാലോ(1907-54) യുടെ 'വേദനകളുടെയും കാമനകളുടെയും ഉദ്യാനത്തില്‍' എന്ന പുസ്തകത്തിന്റെ വായന കനുവിന് 'ഓര്‍മ്മകളുടെ തിരുപ്പുതപ്പ്' എന്നൊരു കവിത സമ്മാനിക്കുന്നു.
കനു അതിന് തീപിടിപ്പിക്കുന്നു. മതാചാര പോലീസുകാരാല്‍ ആക്രമിക്കപ്പെട്ട് ലോകത്തോട് വിടപറയേണ്ടിവന്ന മഹ്സ അമിനി എന്ന പെണ്‍കുട്ടിക്കുവേണ്ടി കനു ഇങ്ങനെ എഴുതുന്നു.
അണഞ്ഞ
മെഴുകുതിരി
തെളിയിച്ച്
ചുവന്ന സൂര്യനെ
സാക്ഷിയാക്കി
നിറം മാറുന്ന
മഹാസമുദ്രങ്ങളെ
ധ്യാനിച്ച്
നിശബ്ദതയുടെ
ആഴക്കടലിലേക്ക്
ഞാന്‍ എടുത്തുചാടി'.
(സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍)
ഒരു വികാരത്തെ/ഭാവനയെ കവിതയില്‍ കൊണ്ടുവരാന്‍ കനു തന്റെ പദശേഖരത്തില്‍നിന്നും തിരഞ്ഞെടുക്കുന്ന വാക്കുകള്‍ ഏറെ തനിമയും പുതുമയും ആഴവുമുള്ളതാണ്. ചില ഉദാഹരണങ്ങള്‍ പെറുക്കിക്കൂട്ടുന്നു. 'വവ്വാല്‍ മേഘങ്ങള്‍', 'ചെമ്പന്‍ പുഴ',(അവസാനത്തെ അധ്യായം), 'സുബഹ് വാങ്ക്', 'നിര്‍ജലനേത്രങ്ങള്‍',(കഴുമരം), 'കുതിരമേഘങ്ങള്‍', 'നങ്കൂരമുഖപ്പ്',(നഗരരാത്രികള്‍), 'തിരുപ്പുതപ്പ്'(ഓര്‍മ്മകളുടെ തിരുപ്പുതപ്പ്), 'രാത്രീടറ്റം'(കടലമ്മ/അച്ചമ്മ), 'പരദേശിപ്പക്ഷി'(അവസാനത്തെ മോഷണം), 'നാരങ്ങാവെളിച്ചം'(നരകവധു). അങ്ങനെ നീളുന്നു കനുവിന്റെ വാക്കുകള്‍, തനിമകള്‍.
കനുവിന്റെ പേരിടാത്ത ഒരു കവിതയിലെ വരികള്‍ എടുത്തെഴുതിക്കൊണ്ട് ഈ കുറിപ്പ് ചുരുക്കുകയാണ്. കനുമോള്‍ക്കും കവിതകള്‍ക്കും എല്ലാവിധ ആശംസകളും സ്നേഹവും നേരുന്നു.
'കടല്‍ത്തിരകള്‍ കൊണ്ട്
ചേല തുന്നണം
മായിച്ചാലും പോവാത്ത
ഓര്‍മ്മകളില്‍
സ്നേഹത്തിന്റെ
ചില്ലുകള്‍ പാകണം'.