തമിഴ്നാട് മധുരക്കടുത്തുള്ള വൈഗാനദീതടത്തിലെ 'കീഴടി' ഉദ്ഖനനത്തിൻ്റെ തെളിവുകൾ സംഘകാല സംസ്കാരത്തിന്റെയും ബൗദ്ധ പാരമ്പര്യത്തിന്റെയും പ്രബുദ്ധതയാണ് വെളിവാക്കുന്നത്. അതിപുരാതനമെന്നും സാംസ്‌കാരസമ്പന്നമെന്നും കൊട്ടിഘോഷിക്കുന്ന ആർഷഭാരത മിത്തുകളെ തകിടം മറിക്കുന്നതാണ് കീഴടിയിലെ പുരാവസ്തു തെളിവുകളെന്ന് കാലടി സർവ്വകലാശാല അസോ. പ്രൊഫസറും ചരിത്രകാരനുമായ ഡോ. അജയ്ശേഖർ.
പത്ത് വർഷത്തിലധികമായി ലോകശ്രദ്ധയിലേക്ക് വന്നിട്ടുള്ള ഒരു ചരിത്ര പുരാവസ്തു ഇടമാണ് തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള കീഴടി എന്ന സ്ഥലം. കീഴടി എന്നും കീളടി എന്ന് നാട്ടുതമിഴിലും കീളാടി എന്നും ഒക്കെ പല രീതിയിൽ പ്രാദേശിക ഭേദങ്ങളോട് കൂടി ഈ കീഴടി അറിയപ്പെടുന്നുണ്ട്. കീഴടി എന്നാൽ യഥാർത്ഥത്തിൽ മലയാളത്തിലും അർത്ഥപൂർണമായിട്ടുള്ള ഒരു വാക്കാണ്. കീഴടി എന്ന് പറഞ്ഞാൽ കാലടികൾ എന്ന് തന്നെയാണ് അർത്ഥം.
അശോകൻ ബുദ്ധകാലത്ത് തുടങ്ങിയ ബുദ്ധന്റെ പാദമുദ്രകൾ അതായത്, അശോകൻ ഉപയോഗിച്ച ധർമ്മചക്രം പോലെ, ബോധിവൃക്ഷം പോലെ ഒരു പ്രധാനപ്പെട്ട ബൗദ്ധമായ മുദ്രയാണ് ഈ കാലടികൾ അല്ലെങ്കിൽ കീഴടികൾ എന്ന് പറയുന്നത്. അടികൾ എന്നാൽ പാദമുദ്ര, ശ്രീപാദങ്ങൾ തന്നെയാണ്. തെന്നിന്ത്യയിലെ മഹത്തായിട്ടുള്ള അശോകൻ സംഘസംസ്കാരത്തിന്റെ അവശിഷ്ടമായിട്ടാണ് ആ പ്രദേശത്തിന് കീഴടി എന്ന പേര് വന്നത്. അവിടെ വൈഗ നദിയുടെ അരികിലുള്ള പള്ളിചന്തം എന്ന് പറയുന്ന പ്രദേശത്ത് ഏതാണ്ട് 2013-14 കാലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും, തമിഴ്നാട് ആർക്കിയോളജി വകുപ്പും ഒക്കെ ചേർന്ന് നടത്തിയ നിരവധി ഉദ്ഘനനങ്ങളുടെ, പര്യവേഷണങ്ങളുടെ ഭാഗമായിട്ടാണ് വളരെ വിപുലമായിട്ടുള്ള, വളരെ പഴക്കമുള്ള, വളരെ പ്രാചീനമായിട്ടുള്ള ഒരു നാഗരിക സഭ്യത അല്ലെങ്കിൽ വൈഗാവാലി നദീതട സംസ്കാരം പുറത്തേക്ക് വരുന്നത്.
എന്നാൽ, അടുത്തകാലത്ത് അത് വലിയ വിവാദമായി. കേന്ദ്രഭരണകൂടം തന്നെ ആർക്കിയോളജിക്കൽ സർവേയുടെ ഒക്കെ നേതൃത്വത്തിൽ കീഴടി സൈറ്റ് അടച്ചുപൂട്ടണമെന്നും അതിൻറെ ലഭ്യമായിട്ടുള്ള പുരാവസ്തു അവശിഷ്ടങ്ങൾ ഡെറാഡൂണിലേക്കോ, ഉത്തരേന്ത്യയിലേക്കോ കൊണ്ടു പോകണം എന്നതരത്തിലുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും അടുത്ത കാലത്തായി വന്നിട്ടുണ്ട്. അതിൻറെ ഏറ്റവും അടുത്തിടെ നടന്നിട്ടുള്ള (2025ൽ) ഒരു ഡെവലപ്മെൻറ് എന്ന് പറയുന്നത് കീഴടി റിപ്പോർട്ട് എഴുതിയ രാമകൃഷ്ണനോട് ആ റിപ്പോർട്ട് തിരുത്തണം എന്ന് ആവശ്യപ്പെട്ടതാണ്. ആ റിപ്പോർട്ടിന്റെ പല ഭാഗങ്ങളും വാദങ്ങളും, പ്രത്യേകിച്ചും കീഴടി എന്ന പുരാവസ്തു ഇടത്തിന്റെ പഴക്കത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ബിസി ആറാം നൂറ്റാണ്ട് വരെ പോകുന്ന അല്ലെങ്കിൽ ബിസി ആറാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് പോകുന്ന പഴക്കം പല പുരാവസ്തുക്കൾക്കും തെളിഞ്ഞു വന്ന സാഹചര്യത്തിൽ ആ റിപ്പോർട്ട് തന്നെ തിരുത്തണം എന്ന രീതിയിൽ ആണ് രാമകൃഷ്ണയോട് ഭരണ നേതൃത്വങ്ങൾ അല്ലെങ്കിൽ അധികാരികൾ ആവശ്യപ്പെട്ടത്. എന്നാൽ അദ്ദേഹം അതിന് തയ്യാറാകാതിരിക്കുകയും അതിന്റെ പേരിൽ അദ്ദേഹത്തെ പലതവണ ട്രാൻസ്ഫർ ചെയ്യുകയും ഉണ്ടായി. അങ്ങനെ വന്നപ്പോഴാണ് കേന്ദ്ര ഭരണകൂടത്തിന്റെ വലിയ അജണ്ടകൾ നമ്മുടെ ചരിത്രത്തിലും, പുരാവസ്തു വിജ്ഞാനീയത്തിലും, പര്യവേഷണങ്ങളിലും, ശാസ്ത്രീയമായിട്ടുള്ള സംസ്കാര പഠനങ്ങളിലും ഒക്കെ, ഭരണകൂടം അമിതമായിട്ടുള്ള ആശങ്കകളും താലപര്യങ്ങളും പ്രകടമാക്കുന്നു എന്ന കാര്യം ജനങ്ങൾക്ക് വ്യക്തമാകുന്ന തലത്തിലേക്ക് വന്നത്. ഇവിടെ ഈ ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുന്നത് അല്ലെങ്കിൽ അവരെ പ്രകോപിപ്പിച്ചിരിക്കുന്നത്, അവർക്ക് അസ്കിത ഉളവാക്കുന്നത് എന്താണ് എന്നാണ് നാം യഥാർത്ഥത്തിൽ പരിശോധിക്കേണ്ടത്.
കീഴടി വളരെ ഗ്രാമീണമായിട്ടുള്ള ഒരു നാട്ടിൻപുറമാണ്. നോക്കിയാൽ പാടങ്ങളും തെങ്ങിൻതോപ്പുകളും മാത്രമേ അവിടെ കാണാനുള്ളൂ, പക്ഷേ അവിടെ നൂറുകണക്കിന് ട്രഞ്ചുകൾ എടുത്തുകൊണ്ടാണ് ആർക്കിയോളജിക്കൽ സർവേയും തമിഴ്നാട് ആർക്കിയോളജി വകുപ്പും കഴിഞ്ഞ 10 വർഷത്തിൽ അധികമായി പഠനങ്ങൾ നടത്തിയത്. അത് വൈഗയുടെ പല തടങ്ങളിൽ, പ്രത്യേകിച്ചും നമ്മുടെ കേരളത്തിലെ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്ന തേനി കമ്പം വാലി അടക്കമുള്ള വൈഗയുടെ കരകൾ മുഴുവൻ കുഴിച്ചുകൊണ്ട് ഈ രണ്ട് ഡിപ്പാർട്ട്മെന്റുകളും ചേർന്ന് ഒരുപാട് പര്യവേഷണങ്ങൾ കഴിഞ്ഞ 10 വർഷത്തിൽ അധികമായി നടത്തുകയാണ്. അതിൻറെ ഭാഗമായിട്ട് ഏതാണ്ട് 290 ലധികം സൈറ്റുകൾ വൈഗാതടങ്ങളിൽ മാത്രം അവർ ഐഡന്റിഫൈ ചെയ്തു. പുരാവസ്തു പ്രാധാന്യമുള്ള നിരവധി പുരാവസ്തുക്കൾ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ അതിന്റെ ഒരു ശേഖരം തന്നെയുള്ള 290 ൽ അധികം സൈറ്റുകൾ അവര് ഐഡന്റിഫൈ ചെയ്യുകയും അവിടെയൊക്കെ ചെറിയ രീതിയിലുള്ള പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വന്നപ്പോഴാണ് മധുരയുടെ തെക്കുപടിഞ്ഞാറായിട്ടുള്ള, സൗത്ത് ഇന്ത്യയിലെ തെൻമധുരയിൽ ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള ഒരു ലിവിങ് സിറ്റിയാണ്, 'ലോങസ്റ്റ് ലിവിങ് സിറ്റി ഇൻ ദ വേൾഡ്' എന്ന് വരെ അവകാശപ്പെടുന്ന ഒരു പട്ടണമാണ് തെൻധുരൈ.
ബൗദ്ധകാലത്ത്, അശോകന്റെ കാലത്ത് തികച്ചും ബൗദ്ധവും, അശോകൻ സംഘങ്ങളുടെ തന്നെ ഒരു കേന്ദ്രവും പിന്നീട് ജൈന കാലത്ത് ജൈനമായിട്ടുള്ള മധുരയായി അറിയപ്പെട്ടിട്ടുള്ള കേന്ദ്രവും പിന്നീട് ബ്രാഹ്മണികമായിട്ടുള്ള ശൈവവും വൈഷ്ണവവും ആയിട്ടുള്ള രീതിയിൽ ഇന്നത്തെ മധുരൈ മീനാക്ഷി അമ്മൻ കോവിലും ഒക്കെ ഇരിക്കുന്ന മധുരൈ ഒരു നാഗരിക കേന്ദ്രമാണ്. അപ്പോൾ അതിന്റെ തൊട്ടടുത്ത് 12 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറി ഈ വൈഗ നദിയുടെ തീരത്താണ് വിപുലമായിട്ടുള്ള ഈ സംസ്കാര നാഗരിക അവശേഷിപ്പുകൾ തെളിഞ്ഞു വന്നിട്ടുള്ളത്.
സൈന്ധവ നാഗരികതയോളം പഴക്കമുള്ള; സൈന്ധവ നാഗരികത എന്ന് പറയുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായിട്ടുള്ള നാഗരികതയാണ്. ഇന്ത്യക്ക് ഇന്ത്യ എന്നും ഹിന്ദു എന്നൊക്കെയുള്ള പദങ്ങൾ പോലും വരുന്നത് സിന്ധു അല്ലെങ്കിൽ ഇൻഡസ് എന്ന് പറയുന്ന നദിയുടെ പേരിൽ നിന്നാണെന്ന് നമുക്കറിയാം. ലോകത്തെ തന്നെ പ്രാചീനമായിട്ടുള്ള യൂഫ്രട്ടീസ്, ടൈഗ്രീസ്, ഈജിപ്ഷ്യൻ, സുമേറിയൻ, ചൈനീസ്, ഇങ്ങനെയൊക്കെയുള്ള വിപുലമായ പ്രാചീന നാഗരികതകളുമായി കിടപിടിക്കാവുന്ന തരത്തിലുള്ള വിപുലമായിട്ടുള്ള വളരെ സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള, പരിഷ്കൃതമായ ബ്രോൺസ് ബേസ്ഡ് ആയിട്ടുള്ളൽ അല്ലെങ്കിൽ ആ തരത്തിലുള്ള ലോഹ നാഗരികത ആയിരുന്നു സിന്ധു നദിതട നാഗരികത എന്ന് പറയുന്നത്. അപ്പോൾ അതിനോളം പഴക്കം എന്ന് പറഞ്ഞാൽ ബിസി 1500നും അപ്പുറത്തേക്ക് പോകുന്ന രീതിയിലുള്ള ഒരു പഴക്കം, പുരാവസ്തു തെളിവുകൾ, വിപുലമായിട്ടുള്ള എടുപ്പുകൾ, വാസ്തുശിൽപങ്ങൾ, അതിന്റെ അവശിഷ്ടങ്ങൾ ആയിട്ടുള്ള ചുട്ട ഇഷ്ടികയിലുള്ള വലിയ എടുപ്പുകൾ, കെട്ടുകൾ, അടിത്തറകൾ, പാത്രങ്ങൾ, നാണയങ്ങൾ അതുപോലെതന്നെ പലതരത്തിലുള്ള പോർട്ട് ഷെഡ്സ് എന്ന് പറയുന്ന ഇന്ത്യൻ റൂലേറ്റഡ് വെയർ, ബ്ലാക്ക് ആൻഡ് റെഡ് വെയർ, അതുപോലെ ആംഫോറ മെഡിറ്ററേനിയൻ പോട്ടറി, നമ്മുടെ നാട്ടിൽ തന്നെയുള്ള സൗത്ത് ഇന്ത്യയിലെ പല സൈറ്റുകളുമായി ബന്ധപ്പെട്ട പട്ടണം അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള പട്ടണം വേർ എന്ന് പറയുന്ന ബുദ്ധ ജൈനഭിക്ഷുക്കൾ ഒക്കെ ഉപയോഗിച്ചുകൊണ്ടിരുന്ന ഭിക്ഷാപാത്രങ്ങൾ, എഴുത്തിന്റെ അവശിഷ്ടങ്ങൾ പ്രത്യേകിച്ചും തമിഴ് ബ്രാഹ്മിയിലുള്ള ലിഖിതങ്ങൾ അതാണ് ഏറ്റവും അധികം പഴക്കമുള്ളത്.
ബിസി ആറാം നൂറ്റാണ്ടോളം പോയിരിക്കുകയാണ്. ബിസി ആറാം നൂറ്റാണ്ട് എന്ന് പറഞ്ഞാൽ ബുദ്ധന്റെ കാലമാണ്. അശോകനും മുമ്പ് അശോകന്റെ മിഷണറി സംഘങ്ങളാണ് സൗത്ത് ഇന്ത്യയിൽ അശോകന്റെ ധമ്മലിപി എന്ന് പറയുന്ന 'അശോകൻ ബ്രാഹ്മി' കൂടുതൽ പ്രചരിപ്പിക്കുകയും അടിസ്ഥാന ജനതയിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തിട്ടുള്ളത്. അപ്പോൾ അശോകനും മുമ്പ് തമിഴ് ബ്രാഹ്മിയുടെ വഴക്കങ്ങൾ രൂഡമൂലമായിട്ടുള്ള സൈന്ധവ ചിത്രലിപികളുമായി പോലും വളരെ സൂക്ഷ്മമായ സാദൃശ്യം ചെലുത്തുന്നുണ്ട് സൈന്ധവ ചിത്രലിപി. സൈന്ധവ ലിപി പൂർണമായും ഡിസൈഫർ ചെയ്തിട്ടില്ല, അതിനെകുറിച്ച് പഠനങ്ങൾ നടക്കുന്നതേ ഉള്ളൂ. ഐരാവത മഹാദേവന്റെയാകട്ടെ, ആസ്കോ പർപോളയുടെയാകട്ടെ നിരവധി പഠനങ്ങളും സിദ്ധാന്തങ്ങളും ഒക്കെ നിൽക്കുകയാണ്. തൃശ്ശൂരിലെ പ്രൊഫസർ കോവൂർ രാഘവൻ അടക്കം അതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ലോകമെമ്പാടും ഏറ്റവുമധികം പഠനങ്ങൾ നടക്കുന്നത് സൈന്ധവ ലിപിയെ കുറിച്ചാണ്. അത്ര പ്രാചീനമായിട്ടുള്ള സൈന്ധവ ചിത്രലിപികളുമായി പോലും വളരെ സൂക്ഷ്മമായ സാദൃശ്യം ചെലുത്തുന്ന പല ലിഖിതങ്ങളും, ചിത്രങ്ങളും നമുക്ക് കീഴടിയിൽ നിന്ന്, മധുരയുടെ ഹൃദയഭാഗത്തിൽ നിന്ന്, അശോകന്റെ മകനായിട്ടുള്ള മഹിന്ദന്റെ ഇന്ദിരവിഹാരം ഒക്കെ ഉണ്ടായിരുന്ന തെൻമധുരയ്ക്ക് തൊട്ടടുത്തു നിന്ന് കിട്ടി.
ഇന്ത്യയിലെ ചേരന്മാരുടെയും പാണ്ട്യൻമാരുടെയും മാത്രമല്ല ശ്രീലങ്കയിലെ ദേവാനാമ്പിയ തിസ്സയുടെ പോലും തിസ എന്ന് എഴുതിയ ലിഖിതങ്ങളും അതുപോലെതന്നെ തിസയുടെ നാണയം അടക്കം നമുക്ക് കീഴടിയിൽ നിന്ന് കിട്ടിയിരിക്കുകയാണ്. അതുപോലെ പോട്ട്ഷെഡ്സ്ൽ ആണെങ്കിൽ ഭിക്ഷാപാത്രം പോലെയുള്ള ബ്ലാക്ക് ആൻഡ് റെഡ് വെയറിൽ ഒക്കെ എഴുതിയിരിക്കുന്നത് ആദൻ എന്നാണ്. ആദൻ എന്ന് പറഞ്ഞാൽ പഴയ ചേര രാജാക്കന്മാരുടെ ഒരു സാമൂഹ്യ ബിരുദമായിരുന്നു. അർഹതൻ എന്നതിന് തുല്യമായിട്ടുള്ള, ബൗദ്ധ മുനിമാരെയാണ് അർഹതന്മാർ എന്ന് പറയുന്നത്. വലിയ തേരവാദ മുനിമാരെ പോലെയുള്ള ഭിക്ഷുക്കളെ ആ സാമൂഹ്യ പദവി നേടുന്ന അർഹത പദപ്രാപ്തരെയാണ് അർഹതൻ അല്ലെങ്കിൽ നെടുംചേരൽ ആദൻ എന്ന് വിളിക്കുന്നത്. പല ചേരരാജാക്കന്മാർക്കും ആ ബിരുധം ഉണ്ടായിരുന്നു. അപ്പോൾ ആദൻ എന്നും തിസൻ എന്നും എഴുതിയിട്ടുള്ള നിരവധി തമിഴ് ബ്രാഹ്മി ലിഖിതങ്ങളും, അക്ഷരങ്ങളും പല പോർട്ട്ഷെഡുകളിൽ നിന്നും, ചിതറിപ്പോയ മൺപാത്ര പിഞ്ഞാണ കഷണങ്ങളിൽ നിന്നും കിട്ടുകയുണ്ടായി. ഇതിന്റെയൊക്കെ കൂടെ പുരാവസ്തുക്കളുടെ ശാസ്ത്രീയമായ ഡേറ്റിങ്ങും കൂടി തെളിഞ്ഞു വന്നപ്പോഴാണ് ഭരണകൂടത്തിന് ആകെ ഒരു ഹാലിളക്കം ഉണ്ടായിരിക്കുന്നത്. എന്താണെന്നുവെച്ചാൽ ബിസി ആറാം നൂറ്റാണ്ടിനപ്പുറത്തേക്കും പഴക്കമാകാവുന്ന ചില സ്പെസിമനുകൾ, ചില പുരാവസ്തുക്കൾ അവിടെ നിന്ന് കിട്ടുകയുണ്ടായി. കാർബൺ ഡേറ്റിങ്ങും അതുപോലെതന്നെ ഐസോടോപ്പുകളുടെ ഒക്കെ ശാസ്ത്രീയവും സൂക്ഷ്മവും ആയിട്ടുള്ള, ലഭ്യമായിട്ടുള്ളതിൽ തന്നെ ഏറ്റവും പുതിയ സാങ്കേതിക ജ്ഞാനം അനുസരിച്ചിട്ടുള്ള ഡേറ്റിങ് ആണ് അതിൽ വന്നിട്ടുള്ളത്.
ബിസി ആറാം നൂറ്റാണ്ടിനപ്പുറത്തേക്ക്, ബുദ്ധന്റെ കാലത്തേക്ക് പോലും പഴക്കമുള്ള ഒരു സംസ്കാരം, ഒരു നാഗരികതയാണ് കീഴടിയിൽ കണ്ടെത്തിയത്. അതായത് സിന്ധു നാഗരികതയുമായിട്ട് വളരെ അടുത്ത എഴുത്ത് സാദൃശ്യങ്ങൾ പുലർത്തുന്ന, സാംസ്കാരികമായിട്ട് അതുമായിട്ട് താതാത്മ്യയിൽ അല്ലെങ്കിൽ അതിന്റെയൊരു തുടർച്ചയിൽ വരാവുന്ന, ഒരുപക്ഷേ അതിനോളം തന്നെ പഴക്കം അവകാശപ്പെടാവുന്ന വലിയ ഒരു സൗത്ത് ഇന്ത്യൻ നാഗരികത. ഇത് കണ്ടെത്തുകയും ഇവിടെ തമിഴകത്ത്, നമ്മുടെ സൗത്ത് ഇന്ത്യയിൽ ഉയർന്നുവരുന്നു എന്ന് കണ്ടതോടുകൂടി ഈ ഹൈന്ദവ ദേശീയവാദ കക്ഷിക്ക് ആകെ പ്രശ്നമാവുകയും അവർ ഇത്തരം ഭരണകൂട ഉപാധികൾ ഉപയോഗിച്ചുകൊണ്ട്, അലക്സാണ്ടർ കണ്ണിൻഹാമും ജെയിംസ് പ്രിൻസപ്പും നേരിട്ട് സ്ഥാപിച്ചെടുത്ത ഗയ അടക്കമുള്ള സ്ഥലങ്ങളിൽ ബൗദ്ധ പുരാവസ്തു പഠനങ്ങൾ നടത്തി അവരൊക്കെ ഉണ്ടാക്കിയെടുത്ത ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്ന ഇൻസ്‍റ്റിറ്റ്യുഷൻസ് തന്നെ ഉപയോഗിച്ചുകൊണ്ട് ഇതിനെ ഒതുക്കാനും, അടച്ചുകെട്ടാനും, മാറ്റിപ്പിടിക്കാനും, അതിൻറെ പഴക്കത്തെ തടയാനും ഒക്കെയുള്ള വിപുലമായ സമ്മർദ്ധ തന്ത്രങ്ങളാണ് ഭരണകൂടം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. സത്യത്തെ അധികനാൾ തടഞ്ഞു നിർത്താൻ ആവില്ല. എങ്കിൽ പോലും അതിനെ ഔദ്യോഗികമായ അധികാരം ഉപയോഗിച്ചുകൊണ്ട് തന്നെ ഔദ്യോഗിക ചരിത്രത്തിന്റെ പരിവട്ടങ്ങളിൽ നിന്ന് മാറ്റി നിർത്താനോക്കെയുള്ള നടപടികൾ മുറയ്ക്ക് നടക്കുന്നുണ്ട് .
ഇത് ഒരു കാരണവശാലും തമിഴകത്തെ ജനതയോ അവരുടെ ജനകീയ സർക്കാരുകളോ, പ്രത്യേകിച്ചും ദ്രാവിഡിയൻ പ്രസ്ഥാനങ്ങളും പാർട്ടികളും ഒരിക്കലും അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അവർ ഒരു പബ്ലിക് ലിറ്റിഗേഷൻ കൊടുത്തുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു, അതിനാൽ ഈ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയും അവിടത്തെ വലിയ പുരാവസ്തുക്കളുടെ ശേഖരം ജനങ്ങൾക്കും ലോകത്തിനും വേണ്ടി കീഴടിയിൽ തന്നെ ഒരു സൈറ്റ് മ്യൂസിയം ആയിട്ട് തുടങ്ങുകയും സ്റ്റാലിൻ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠിതാക്കളും ഗവേഷകരും പൊതു ടൂറിസ്റ്റുകളും അടക്കം അവിടെ വരികയും ഇത് കാണുകയും ചർച്ചയാവുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഈ വലിയ പാരമ്പര്യത്തെ, സംഘ സംസ്കാരത്തിന്റെ, സാഹിത്യത്തിന്റെയൊക്കെ മൂർത്തമായ പുരാവസ്തു ചരിത്ര തെളിവുകളാണ് പുറത്തേക്ക് വന്നിരിക്കുന്നത്. നാണയങ്ങൾ, വിവിധതരത്തിലുള്ള പാത്രങ്ങൾ, പിഞ്ഞാണ പാത്രങ്ങൾ, വിവിധ തരത്തിലുള്ള ആയുധങ്ങൾ, ബീഡുകൾ, മുത്തുകൾ, കാർണ വീടുകൾ, പവിഴങ്ങൾ, എക്സ്ചേഞ്ചുകൾ നടത്തിയിട്ടുള്ള മുദ്രകൾ, സീലുകൾ, എഴുത്ത് ചിത്രങ്ങൾ, ഹെട്രോഗ്ലിഫിക്സ് എന്നൊക്കെ പറയാവുന്ന പെട്രോഗ്ലിഫിക്സും, അതുപോലെ ചിത്രലിപികൾ ആയിട്ടുള്ള വിവിധതരത്തിലുള്ള എഴുത്തുകൾ, ഒരുപാട് വലിയ മൺകെട്ടുകൾ, ടെറക്കോട്ടയുടെ വയറുകൾ, ടെറക്കോട്ട റിങ്ങുകൾ ഉള്ള കിണറുകൾ. ഏറ്റവും വലിയ ഡ്രെയിനേജിനെ കുറിച്ചും അവരുടെ വാട്ടർ ഇറിഗേഷൻ സിസ്റ്റത്തെ കുറിച്ചും ഒക്കെ പറയുമ്പോൾ ഏത് ചതുപ്പിലും പ്ലേസ് ചെയ്യാവുന്ന റിങ്ങുകൾ. ഇന്ന് കോൺക്രീറ്റ് കൊണ്ടുള്ള റിംങ് ഇറക്കി നാം ചതുപ്പുകളിൽ കിണർ ഉണ്ടാക്കുന്നതു പോലെ ഈ പറയുന്ന 2600 വർഷം മുമ്പ് അല്ലെങ്കിൽ അത്രയും പഴക്കമുള്ള ബുദ്ധകാലത്ത്, സൈന്ധവ നാഗരികത്ക്ക് തുല്യമായിട്ടുള്ള അതിന്റെ ഒരു സഹോദര സംസ്കാരം ഒരു തെക്കൻ വഴക്കം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എന്നതിനുദാഹരണമായി റിംവെല്ലുകൾ തന്നെ അവിടെ റീപ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പട്ടണത്തിൽ നിന്നൊക്കെ കിട്ടിയതുപോലെ വലിയ ചുട്ട ഇഷ്ടികയുടെ ബ്രിക്ക് വർക്കുകൾ. ഇപ്പോഴത്തെ ആധുനിക എൻജിനീറിങ്ങിലാണ് അത്രയും വിപുലമായിട്ടുള്ള ബ്രിക്ക് വർക്ക് വന്നിട്ടുള്ളത്. അപ്പോൾ അത്രയും വലിയ ചുട്ട ഇഷ്ടികയിലുള്ള ബ്രിക്ക് വർക്കുകൾ അടക്കം ഒരുപാട് കാര്യങ്ങൾ ഇതിനകത്ത് വന്നിട്ടുണ്ട്. മറ്റൊരു കാര്യം എന്താണെന്നുവെച്ചാൽ പ്രാചീനത സൈന്ധവത്തിലേക്കും ഇൻഡസ്‌ലേക്കും പോകുന്നു എന്ന് മാത്രമല്ല, ഇതിനകത്ത് ഒരു ഹിന്ദു ദേവീദേവന്മാരുടെ ലിംഗങ്ങളോ, ശിൽപങ്ങളോ, മൂർത്തികളോ, വിഗ്രഹങ്ങളോ ഒന്നും തന്നെ വന്നിട്ടുമില്ല. അപ്പോൾ യഥാർത്ഥത്തിൽ ഈ ഹൈന്ദവ ദേശീയവാദ കക്ഷികളെയും ഭരണകൂടത്തെയും ഏറ്റവുമധികം പ്രകോപിപ്പിക്കുന്നത് അതിൻറെ പ്രാചീനതയാണ്.
സൈന്ധവ നാഗരികതയിലേക്ക് പോകാവുന്ന, ബിസി 1000 ത്തിലേക്കും ബിസി 1500 ലേക്കും അതിനും അപ്പുറത്തേക്കും പോകാവുന്ന ഒരു പ്രാചീനത, പിന്നെ ഹൈന്ദവം എന്ന് പറയുന്ന ഇന്നത്തെ ശൈവിസത്തിന്റെയോ വൈഷ്ണവിസത്തിന്റെയോ ലിംഗയോനികളോ മൂർത്തികളോ ബിംബങ്ങളോ ഒന്നും തന്നെ അവിടുന്ന് കിട്ടുന്നില്ല. കിട്ടുന്നതോ അശോകൻ ഉപയോഗിച്ച അശോകൻ ബ്രാഹ്മി, അതിന്റെ തെക്കൻ വഴക്കമായിട്ടുള്ള തമിഴ് ബ്രാഹ്മി ലിഖിതങ്ങളൊക്കെയാണ് അവിടെനിന്ന് കിട്ടിയത്. ബുദ്ധിസവുമായിട്ടാണ് അതിൻറെ ബന്ധം. അശോകൻ ഉപയോഗിച്ച ആ ബ്രാഹ്മി ബുദ്ധ ഭിക്ഷുണിമാരും ഭിക്ഷുക്കളുമാണ് സൗത്ത് ഇന്ത്യയിലും ശ്രീലങ്കയിലും അടക്കം പടർത്തിയത്. അവിടെ നിന്നാണ് പിന്നെയത് ഏഴു എട്ട് നൂറ്റാണ്ടോടുകൂടി തമിഴകത്ത് വട്ടെഴുത്ത് എന്നു പറയുന്ന ഒരു ശൈലി വന്നത്. ആ വട്ടെഴുത്തിൽ നിന്നാണ് നമ്മുടെ ആധുനിക മലയാള ലിപി പോലും പരിണമിച്ചുണ്ടായിട്ടുള്ളത്. 17-ആം നൂറ്റാണ്ടിൽ ഹോർത്തൂസ് മലബാറിക്കസിന്റെ ആമുഖ സർട്ടിഫിക്കറ്റ് ഇട്ടിയച്ചുതൻ വൈദ്യര് എഴുതി കൊടുക്കുമ്പോൾ ഈ വട്ടെഴുത്തിന്റെ എഴുത്ത് ശൈലിയായ കോലെഴുത്ത് ശൈലിയിലാണ് അത് എഴുതിയിരിക്കുന്നത്. ആലില വരച്ചിട്ട് അതിനകത്താണ് അദ്ദേഹം ഒപ്പിട്ടിരിക്കുന്നത്.
ആലില എന്ന് പറയുന്നത് സഹോദരൻ പത്രത്തിന്റെ ലോഗോ ആയിരുന്നു. ബുദ്ധിസത്തിന്റെ ഗ്ലോബൽ ലോഗോയാണ് ആലില എന്ന് പറയുന്നത്. അപ്പോൾ പതിനേഴാം നൂറ്റാണ്ട് അല്ലെങ്കിൽ പതിനെട്ടാം നൂറ്റാണ്ട് മുതൽ ആധുനികകാലം വരെ നിലനിന്ന ഒന്നാണ് ഈ വട്ടെഴുത്ത്. വട്ടെഴുത്ത് വരുന്നത് അശോകൻ ബ്രാഹ്മിയിൽ നിന്നാണ്. ഇൻഡസ് ബ്രാഹ്മിയിലേക്ക് ഏറ്റവും പ്രാചീനമായ ബ്രാഹ്മിയുടെ അല്ലെങ്കിൽ ധമ്മലിപിയുടെ യഥാർത്ഥ ബൗദ്ധമായിട്ടുള്ള പേര് ധമ്മലിപി എന്നാണ്. കാരണം ബുദ്ധന്റെ ധർമ്മം തൻറെ ഭരണഘടനയായി അശോകൻ അംഗീകരിക്കുകയും അതിനെ എഴുതി വെക്കുകയും കല്ലിൽ രേഖപ്പെടുത്തുകയും ചെയ്തു. അപ്പോ ബുദ്ധധർമ്മം എഴുതാൻ ഉപയോഗിച്ചതുകൊണ്ടാണ് ധമ്മലിപി എന്ന പേര് അതിന് വന്നത്. പിന്നീടു ഓറിയന്റലിസ്റ്റുകളും ഇൻഡോളജിസ്റ്റുകളും ഒക്കെയാണ് അതിന് ഈ പറയുന്ന ബ്രാഹ്മി എന്ന ഒരു പേര് കൊടുത്തിട്ടുള്ളത്. അപ്പോൾ അത്രയും പഴക്കമുള്ള ഒരു നാഗരീകമാണ് നമ്മുടെ മുൻപിൽ തെളിഞ്ഞു വന്നിട്ടുള്ളത്.
സൗത്ത് ഇന്ത്യയുടെ പ്രത്യേക ചരിത്രം, അശോകൻ ഒക്കെ ഇടപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള സംഘചരിത്രം, സംഘസംസ്കാരം, സംഘസാഹിത്യം, തിരുവള്ളൂരുടെ തിരുക്കുറലും, ചാത്തനാരുടെ മണിമേഖലയും, ഇളങ്കോവടിയുടെ ചിലപ്പതികാരവും, അതുപോലെതന്നെ മറ്റ് കുണ്ടലകേശി, നിലകേശി, ജീവകചിന്താമണി, വളയാപത്തി, ഐം പെരുങ്കാപ്പിയം, ഐംതിണയ വഴക്കം തുടങ്ങിയ വലിയ വിപുലമായ, വ്യത്യസ്തമായ, പാരിസ്ഥിതികമായ, സജീവ ലാവണ്യ ചിന്തയുള്ള, പഞ്ചശീലത്തിൽ അടിയുറച്ച ഐം പെരുങ്കായവും ഐംതിണയ വഴക്കവും പഞ്ചത്തിന്റെ അഞ്ചിന്റെ കണക്കിലാണ്. അങ്ങനെ 18 മേൽക്കണക്കും 18 കീഴ്കണക്കും ഒക്കെയുള്ള ഈ വിപുലമായിട്ടുള്ള സംഘസാഹിത്യം, സംഘസംസ്കാരം അതിൻറെ പുരാവസ്തു ചരിത്ര തെളിവുകളും കൂടിയാണ് ഇപ്പോൾ കീഴടിയിൽ നിന്ന് പുറത്തേക്ക് വന്നിട്ടുള്ളത്. സമാന്തരമായി നമ്മുടെ പടിഞ്ഞാറൻ തീരത്ത് കേരളത്തിൻറെ ചേരനാട്ടിൽ, ചേരമക്കളുടെ നാട്ടിൽ അശോകനാണ് ആദ്യമായിട്ട് ചേരമക്കളെ 'കേരപുത്തോ' എന്ന് പാലിഭാഷയിൽ ഈ ധമ്മലിപിയിൽ എഴുതിയിരിക്കുന്നത്. ഗുജറാത്തിലും ഒഡീഷയിലും ഒക്കെയുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെയും പതിമൂന്നാമത്തെയും ലിഖിതങ്ങളിലാണ് അശോകൻ ഇടിക്ട്കളിലാണ് 'ചേര പുത്തോ' 'കേതല പുത്തോ' എന്നൊക്കെയുള്ള പരാമർശം. കേരളത്തെക്കുറിച്ചുള്ള ചേരമക്കളെ കുറിച്ചുള്ള ആദ്യത്തെ ചരിത്ര പ്രസ്താവം. അപ്പോൾ നമ്മുടെ ചേരനാട്ടിൽ നിന്നാണ്. ഈ പട്ടണത്തിൽ നിന്ന് ഇതിന് സമാന്തരമായിട്ടുള്ള, പ്രാചീനമായിട്ടുള്ള ബ്രാഹ്മി ലിഖിതങ്ങളും എഴുത്തുകളും പുരാവസ്തുക്കളും ഒക്കെ വന്നിട്ടുണ്ട്. അപ്പോൾ ഇത് വൈഗാതീരത്ത് മാത്രം ഒതുങ്ങുന്നതല്ല സൗത്ത് ഇന്ത്യൻ സംഘ സംസ്കാര നാഗരീകത എന്ന് പറയുന്നത്.
അതുപോലെ താമരപർണിയുടെ ഒരു സംസ്കാരം പുറത്തേക്ക് വരുന്നുണ്ട്. തമിഴ്നാട് സർക്കാർ അതും ആഘോഷിച്ച് പുറത്തേക്ക് കൊണ്ടുവരുകയാണ്. അതുപോലെതന്നെ പെരിയാറിന്റെ കരയിൽ നിന്നാണ് നമ്മുടെ പട്ടണം വരുന്നത്. അപ്പോൾ പേരാർ ആകട്ടെ, പെരിയാർ ആകട്ടെ, താമരപർണി ആകട്ടെ, വൈഗ ആകട്ടെ, കാവേരി ആകട്ടെ തമിഴകത്തിന്റെ ചേര ചോള പാണ്യ പല്ലവ നാടുകളുടെ, സൗത്ത് ഇന്ത്യയുടെ വളരെ പ്രബുദ്ധമായ സംഘ സംസ്കാരം, അശോകൻ സംഘസംസ്കാരം എന്നൊക്കെ പറയാവുന്ന പ്രബുദ്ധമായ സംസ്കാരമാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. കാവേരി തടത്തിൽ നിന്നാണ് ഏറ്റവുമധികം ബുദ്ധശിൽപങ്ങൾ കണ്ടെടുത്തിട്ടുള്ളത്. ഏകദേശം 60 ലധികം ബുദ്ധശിൽപങ്ങൾ ഇതിനകം തന്നെ ഡോക്ടർ ജമ്പുലിംഗത്തെ പോലെയുള്ള പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഇതുതന്നെയാണ് ഹൈന്ദവ ദേശീയവാദ ഭരണകൂടത്തെ അതിന്റെ ബ്രാഹ്മണിക മൂല്യവ്യവസ്ഥയെ ഒക്കെ ഇളക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇതിനെ ഒതുക്കി വെക്കാനും മറയ്ക്കാനും ഉള്ള പരിശ്രമം ഔദ്യോഗിക തലത്തിൽ പുറത്തേക്ക് വന്നിരിക്കുന്നത് എന്ന് വളരെ വ്യക്തമായി മനസ്സിലാകുന്ന സംഗതിയാണ്.
ഈ ഹൈന്ദവ ദേശീയവാദ ഭരണകൂടത്തിന്റെയും സംഘപരിവാരത്തിന്റെയും ഹിന്ദു വംശീയവാദികളുടെയും ഒക്കെ വനാശ്രമ സനാതന ധർമ്മവാദികളുടെ നിരന്തരമായിട്ടുള്ള പ്രചരണം അല്ലെങ്കിൽ അവകാശവാദമാണ് ഏറ്റവും പ്രാചീനമായ സംസ്കാരം തങ്ങളുടേതാണ് എന്നത്. സൈന്ധവത്തിന് സമാന്തരമായി കെട്ടുകഥയുടെ ഒരു സാരസ്വത സംസ്കാരത്തെ പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അതിന് പുരാവസ്തു തെളിവുകൾ ഒന്നും തന്നെയില്ല. രാമായണവും മഹാഭാരതവും പോലെ മൈത്തോളജി എന്നു പറയുന്ന ആ കാവ്യേതിഹാസ പുരാണലീലകളിൽ ആഖ്യാനപരമായി ഉരുതിരിഞ്ഞു കൊണ്ടുവരുന്ന ഒരു വാദം മാത്രമാണ്. അത്തരത്തിലുള്ള ഒരു തെളിവുകളും നമുക്ക് ഈ സൗത്ത് ഇന്ത്യയുടെ വൈഗാവാലി സിവിലൈസേഷനിൽ നിന്ന്, കീഴടിയിൽ നിന്ന്, പള്ളിചന്തത്തിൽ നിന്ന് കിട്ടിയിട്ടില്ല. എന്ന് മാത്രമല്ല സൗത്ത് ഇന്ത്യയിൽ ഒരിടത്തു നിന്നും ഈ പറയുന്ന സംസ്കൃത ഇതിഹാസപുരാണങ്ങളുടെയും സ്മൃതിപുരാണങ്ങളുടെയും ശ്രുതിപുരാണങ്ങളുടെയും വേദ ഇതിഹാസങ്ങളുടെയും പാരമ്പര്യത്തിലുള്ള ഒരു പുരാവസ്തുക്കളും അത്തരം ഒരു ലിഖിതങ്ങളും പുറത്തേക്ക് വരുന്നില്ല. കാരണം ദേവനാഗരി സംസ്കൃതം എഴുതുന്ന ദേവനാഗരി എന്ന പറയുന്ന ലിപി പോലും 14ആം നൂറ്റാണ്ടിനു ശേഷം പരിണമിച്ചുണ്ടായിട്ടുള്ളതാണ്, അതിന്റെയും ഒറിജിൻ ധമ്മലിപിയിൽ നിന്നാണ് അല്ലെങ്കിൽ ബ്രാഹ്മിയിൽ നിന്ന് തന്നെയാണ്.
പുരാവസ്തു ശാസ്ത്രീയ ചരിത്ര പഠനങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഹൈന്ദവ പ്രാചീനതയുടെയും പുണ്യപുരാണ ആർഷ എന്ന് പറയുന്ന, സഹോദരൻ അയ്യപ്പൻ ഒക്കെ പറഞ്ഞതുപോലെ ആർഷത്തിന്റെ അമക്ക് എന്ന് പറയുന്നത് തന്നെ അത്തരത്തിലുള്ള ഒരു ഹെജിമോണിക് ആയിട്ടുള്ള ഒരു സമ്മർദ്ധ തന്ത്രം മാത്രമാണ്.
"യഥാർത്ഥത്തിൽ ദേശീയം ജയി വിളിക്കുവോർ
സർവ്വോദയം ജപിക്കുവോർ
വിവേചനം പഴിക്കുവോർ
ഫലത്തിൽ ജാതിവാദികൾ"
എന്ന് പറഞ്ഞതുപോലെ കാവ്യേതിഹാസ പുരാണങ്ങളുടെ പ്രാചീനത അവകാശപ്പെടുന്നതുപോലെയുള്ള ഒരു കെട്ടുകഥയാണ് അല്ലെങ്കിൽ ഫാബ്രിക്കേറ്റഡ് ആണ് ഇത്തരത്തിലുള്ള അവകാശവാദങ്ങൾ എന്നാണ് ഈ ചരിത്രപഠനങ്ങൾ തെളിയിക്കുന്നത്. സിന്ധു നദീതടത്തിൽ നിന്നോ വൈഗാനദി തടത്തിൽ നിന്നോ പെരിയാറ്റിൽ നിന്നോ ഒരിടത്തു നിന്ന് പോലും ഇത്തരത്തിലുള്ള സംസ്കൃത പുരാണ ഇതിഹാസങ്ങളും ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട ശൈവവൈഷ്ണവ അവശിഷ്ടങ്ങൾ ഒന്നും തന്നെ പുറത്തേക്ക് വരുന്നില്ല എന്നുള്ളതും കൂടിയാണ് യഥാർത്ഥത്തിൽ ഭരണകൂടത്തെ ഏറ്റവുമധികം പ്രകോപിപ്പിക്കുകയും, ഫണ്ടിന്റെ അലോക്കേഷന്റെ ഒക്കെ പ്രശ്നം പറഞ്ഞുകൊണ്ട് ഇത് എങ്ങനെയെങ്കിലും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന ധൃതിയിലേക്ക് അവരെ കൊണ്ടുവന്നിരിക്കുന്നതും എന്നുള്ളത് വളരെ വ്യക്തമാണ്.
The Roots Media - TOWARDS SOCIAL DEMOCRACY I For the Ambedkar age