മലബാർ കലാപം : ജാതി അടിമത്ത സാമൂഹ്യതയും ടിപ്പുവിന്റെ ഇടപെടലുകളും
ജന്മിത്തം സൃഷ്ടിച്ച സാമൂഹിക ദുരന്തങ്ങളെ മറികടക്കാനുള്ള കീഴാള ജനതയുടെ വിമോചനസമരങ്ങളാണ് "മലബാർ കലാപങ്ങൾ". ടിപ്പുവിന്റെ പടയോട്ടം മലബാറിലെ സവർണ്ണ ജാതി - ജന്മിത്ത മേൽക്കോയ്മയെ ദുർബലപ്പെടുത്തുന്നതായിരുന്നു. ജാതീയതയിൽ നിന്ന് രക്ഷപെടാൻ ഇസ്ളാം മതം സ്വീകരിച്ചിരുന്ന അയിത്തജാതി ജനങ്ങൾ സവർണ - നായർ ജന്മിമാരുടെ അധീശത്തിൽ അരങ്ങേറിയിരുന്ന ചൂഷണത്തിനും കൊടും പീഢനത്തിനും ടിപ്പുവിന്റെ വരവോടുകൂടി തിരിച്ചടി നൽകാൻ തുടങ്ങി. ഇതിന്റെ തുടർചലനങ്ങളായിരുന്നു പിന്നീട് നടന്ന മാപ്പിള കലാപങ്ങൾ എന്ന് ചരിത്ര അധ്യാപകനായ ഷിത്തോർ പി.ആർ. എഴുതുന്നു.
മാപ്പിള കലാപത്തെക്കുറിച്ച് അക്കാദമിക-രാഷ്ട്രീയതലങ്ങളിൽ കൂടുതൽ വ്യവഹാരങ്ങൾ സമകാലികമായി കടന്നുവരുന്നതിന്റെ കാരണം 1921 കലാപത്തിന്റെ നൂറാം വാർഷികം മാത്രമല്ല, ഇന്ത്യയൊട്ടുക്കും ബാധിച്ച ഹിന്ദുത്വ വ്യാപനത്തിന്റെ പശ്ചാത്തലവുമുണ്ട്. മലബാറിനെ സംബന്ധിച്ച് സാമൂഹിക വിപ്ളവത്തിന്റെ പാതയൊരുക്കുന്നതിൽ ചെറുതും വലുതുമായ മാപ്പിള കലാപങ്ങൾക്ക് വലിയ പങ്കാണുള്ളത്. ജന്മിത്തം സൃഷ്ടിച്ച സാമൂഹിക ദുരന്തങ്ങളെ മറികടക്കാനുള്ള കീഴാള ജനതയുടെ വിമോചനസമരങ്ങളാണ് കലാപങ്ങൾ. നായർ സവർണജന്മിമാർ ഒരു വശത്തും അവരെ പിന്തുണച്ച് കൊളോണിയൽ അധികാരം മറ്റൊരു വശത്തും മുരടിപ്പിച്ചു കൊണ്ടിരുന്ന അവർണ വിഭാഗങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ തുടക്കം കാണാനാവുക ടിപ്പു സുൽത്താന്റെ വരവോടുകൂടിയാണ്. ഹിന്ദു ജന്മിത്തത്തിന്റെ ഘടനക്ക് മേലുള്ള ആദ്യകാല യുദ്ധപ്രഖ്യാപനമായുരുന്നു ടിപ്പുവിന്റെത്. കൊളോണിയൽ സൈനികരേഖകളെ ഉദ്ധരിച്ച് ഹിന്ദുവിരുദ്ധ ലേബൽ ഒട്ടിക്കാനാണ് പല എഴുത്തുകാരും ശ്രമിച്ചിട്ടുള്ളത്. ആ പടയോട്ടത്തിൽ തകർച്ച പറ്റാൻ തുടങ്ങിയത് നായർ മേധാവിത്തത്തിനും അവരുടെ കുലാഭിമാനത്തിനുമായിരുന്നു. 18ാം നൂറ്റാണ്ടിൽ തന്നെ മലബാറിലെ ഉൾപ്രദേശങ്ങളിൽ കൃഷിവൃത്തിയിൽ ഏർപ്പെട്ടിരുന്ന കീഴ്ജാതിക്കാരിൽ പലരും ഇസ്ളാമതം സ്വീകരിക്കുകയുണ്ടായെന്ന് പറയപ്പെടുന്നു[1] “തുച്ഛ മായ പ്രതിഫലത്തിന്, പലപ്പോഴും മേൽജാതിക്കാരുടെ പലതരം ജോലികൾ ചെയ്യേണ്ടിവരുന്ന അവസ്ഥയിൽ നിന്ന് മതം മാറുന്നതോടെ അവർ മോചിതരാവും"[2]. ഉൾനാടുകളിൽ നടന്ന മാപ്പിള - നായർ സംഘർഷങ്ങൾക്ക് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇത്തരത്തിലുള്ള സവർണ-അവർണ വ്യത്യാസങ്ങൾ തന്നെയാണ്. "18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (1789-ൽ) തെക്കെ മലബാറിലെ ഒരു കടവ് രണ്ടു നായൻമാർക്ക് അശുദ്ധമാകാതെ ആദ്യം കടക്കാൻ രണ്ടു മാപ്പിളമാർ വഴിമാറിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ സംഘട്ടനത്തിൽ നായൻമാർക്കും മാപ്പിളമാർക്കും കഠിനമായി പരുക്കേറ്റ സംഭവം ഇംഗ്ളിഷുദ്യോഗസ്ഥൻമാർ രേഖപ്പെടുത്തുന്നുണ്ട്"[3]. കുമാരനാശാന്റെ 'ദുരവസ്ഥ'യിൽ മതം മാറിയ അടിയാളരുടെ രോഷത്തിൽ നിന്നാണ് കലാപമുണ്ടായത് എന്ന സൂചനയെ എം. ഗംഗാധരൻ പക്ഷേ വിമർശിക്കുകയാണ്. അത് ആശാന്റെ ജാതിവിരുദ്ധ നിലപാടിന്റെ പ്രതിഫലനം മാത്രമായാണ് എം. ഗംഗാധരൻ കാണുന്നത്.
അറക്കൽ രാജാവും ചിറക്കൽ രാജാവും തമ്മിൽ ഒരു താഴികക്കുടത്തിന്റെ പേരിൽ ഉണ്ടായിരുന്ന ഒരു പ്രശ്നത്തെക്കുറിച്ച് വില്യം ലോഗൻ വിശദീകരിക്കുന്നുണ്ട്. "കണ്ണൂരിലെ ആലിരാജ, ഹിന്ദുമതത്തിന്നേൽപ്പിക്കാൻ കഴിയുന്ന ഏറ്റവും കൊടിയ അവമതി വരുത്തിവെച്ചതായി കോലത്തിരി രാജാവ് തലശ്ശേരിയിലെ ഇംഗ്ളീഷ് ഫാക്ടറി മേധാവിയോട് 1761 മാർച്ച് 11ന് ആവലാതിപ്പെടുകയുണ്ടാതി. ആലിരാജ തന്റെ പള്ളികളിലൊന്നിന് സ്വർണ്ണത്താഴികക്കുടം വെച്ചതായിരുന്നു ആക്ഷേപാർഹമായി കോലത്തിരി കണ്ടത്"[4]. ചില ഹൈന്ദവ ക്ഷേത്രങ്ങളിലൊഴികെ മറ്റൊരു ആരാധനത്തിലും സ്വർണ്ണത്താഴികക്കുടം വെക്കാൻ പാടില്ല എന്നതായിരുന്നുവെത്രേ നിലനിന്നുവന്ന ആചാരം. ഇത്തരത്തിലുള്ള ചില സംഘർഷങ്ങൾക്കൂടി ഉള്ളതുകൊണ്ട് ആലിരാജക്ക് ഹൈദരലിയുടെ വരവ് പ്രതീക്ഷ ഉയർത്തിയെന്നും ലോഗൻ എഴുതുന്നു. ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും ഭരണകാലഘട്ടം മലബാറിൽ കീഴാളരെ സംബന്ധിച്ച് ആശ്വാസത്തിന് വക നൽകുന്നവയായിരുന്നു. നായർപ്പടയെ ഹൈദരാലിയുടെ കുതിരപ്പട നേരിടുന്നതും അതിൽ രക്ഷപ്പെട്ടവരെ പിന്നീട് വന്ന 'മാപ്പിള ഭീകരന്മാർ' കശാപ്പ് ചെയ്യുന്നതിനെക്കുറിച്ചും ലോഗൻ പരാമർശിക്കുന്നുണ്ട്. ഹൈദരാലി മലബാറിൽ പുറപ്പെടുവിച്ച ഒരു ശാസനത്തിൽ ഇങ്ങിനെ കാണുന്ന പരാമർശം ലോഗൻ വിവരിക്കുന്നു. “നായൻമാർ ഇനിമേലിൽ മറ്റെല്ലാ സമുദായക്കാരുടെയും ഏറ്റവും അടിയിലുള്ള കീഴ്ജാതിയായി പരിഗണിക്കേണ്ടതാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇതേവരെ, ബ്രാഹ്മണർ ഒഴിച്ചുള്ള മറ്റു സമുദായങ്ങൾ നായർക്കു വഴങ്ങുകയും വണങ്ങുന്നതിനും പകരം അവരെയെല്ലാം ഇനിയങ്ങോട്ട് നായൻമാർ വഴങ്ങിക്കൊള്ളണം. ഇതേവരെ വാളെടുത്തു നടക്കാൻ മറ്റു ജാതിക്കാർക്ക് അവകാശമുണ്ടായിരുന്നില്ല. ഇനിമേലിൽ ഇതു നേരെ മറിച്ചായിരിക്കും. മേലാൽ ഏതെങ്കിലും നായർ വാളേന്തി നടക്കുന്നത് കണ്ടാൽ ഇതരസമുദായക്കാരായ ആർക്കും തൽക്ഷണം ആയുധധാരിയായ നായരെ വധിക്കാൻ അവ കാശമുണ്ട്"[5]. വഴിയിൽ അബദ്ധത്തിൽപ്പെട്ടു പോയാലും കീഴാളരെ അയിത്തത്തിന്റെ പേരിൻ തന്റെ വാളാൽ നായൻമാർ വെട്ടിവീഴ്ത്തുന്ന കാലത്തെ വെല്ലുവിളിക്കുന്ന ശാസനമായിരുന്നു ഹൈദരലിയുടെത്.
1781 കാലഘട്ടത്തിൽ എഴുതപ്പെട്ട "വെള്ളയുടെ ചരിത്രം സമകാലിക സംഭവങ്ങളെക്കുറിച്ച് ചില വിവരങ്ങൾ നൽകുന്നുണ്ട്. "നഭാവും പൂരുഷാരവും വെള്ളനാടുകരയും വന്ന് പെൺപിള്ളയെയും ബ്രാഹ്മണരെയും കണ്ടവരെ പിടിച്ചുകൊണ്ടു പോകുകയും ക്ഷേത്രങ്ങളും ഭവനങ്ങളും ചുടുകയും പലരെയും തൂക്കുകയും വെട്ടിക്കൊല്ലുകയും ചെയ്തു“. “വെട്ടത്തുനാട്ടിൽ ക്ഷേത്രങ്ങളും ഇല്ലങ്ങളും ഭവനങ്ങളും ചുടുകയും ബിംബഹാനി ഒരുപന്തി എല്ലാടവും വെട്ടത്തുനാട്ടിൽ വിശേഷിച്ച് പലരെയും തൊപ്പി ഇടീക്കയും ചെയ്തു''[6]. "നീചന്മാര പലരും കടന്നു ചൊനകരും കടന്നു ശ്രീകോലകത്തു കടന്ന് പല അശുദ്ധികളുമിട്ട ദക്ഷിണാമൂർത്തിയെ പറിച്ചെടുത്തിട്ട അശുദ്ധികളും വളരെ ചെയ്തു"[7]. ക്ഷേത്രങ്ങൾ ഭരണാധികാരികളുടെ അധികാരസ്ഥാപനങ്ങളും കൂടി ആയിരുന്നതുകൊണ്ട് ചരിത്രത്തിൽ ക്ഷേത്രങ്ങൾ ആക്രമിക്കുക പതിവായിരുന്നു. മുസ്ളീം ഭരണാധികാരികൾ മാത്രമല്ല ഹിന്ദുരാജാക്കന്മാരും ഇത്തരത്തിൽ ക്ഷേത്രധ്വംസനങ്ങളുടെ ഭാഗമായിരുന്നിട്ടുണ്ട്. യുദ്ധങ്ങളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ഇടയ്ക്ക് നാടുവാഴികളൊക്കെ ചെയ്യാറുള്ളതും മാർത്താണ്ഡവർമയെപ്പോലുള്ള കേരള രാജാക്കന്മാർ തന്നെ ചെയ്തതുമായ കാര്യങ്ങളെ ഇവിടെ ടിപ്പുസുൽത്താൻ നടത്തിയിരുന്നുവെന്നും അത്തരം ചെയ്തികൾ പക്ഷേ അദ്ദേഹത്തെ ഹിന്ദുമത ദ്രോഹിയായി ചിത്രീകരിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചിരുന്നുവെന്നും ഇ. എം. എസ് നമ്പൂതിരിപ്പാട് വിലയിരുത്തുന്നു.
നായൻമാർ സൈനികർകൂടി ആയതുകൊണ്ട് മൈസൂർ ഭരണാധികളുടെ അപ്രീതിക്കിടയാവുകയും മതം മാറ്റമടക്കമുള്ള പരിഹാരക്രിയകൾ ചെയ്തിരുന്നു വെന്ന് ചില രേഖകൾ സൂചിപ്പിക്കുന്നുണ്ട്. ടിപ്പുവിന്റെ ശാസനത്തിൽ നായൻമാരുടെ സാമൂഹിക അവസ്ഥ പ്രതിഫലിപ്പിക്കുന്നു."നിങ്ങൾക്കിടയിൽ ഒരു സ്ത്രീ പത്തു പുരുഷനെ പ്രാപിക്കുക എന്ന ദുഷിച്ച സമ്പ്രദായമുള്ളത് അവസാനിപ്പിക്ക, നിങ്ങൾ നിങ്ങളുടെ അമ്മമാരെയും പെങ്ങൻമാരെയും അനിയന്ത്രിതമായ ദുർവൃത്തികൾ ചെയ്യാൻ അനുവദിക്കുന്നു. അങ്ങിനെ നിങ്ങളെല്ലാം ജാരസന്തതികളത്രേ. ലൈംഗികബന്ധങ്ങളിൽ മൃഗങ്ങളിലും അധ:പ്പതിച്ചവരാണ് നിങ്ങൾ. ഈ നീചപ്രവർത്തികൾ നിങ്ങൾ ഉപേക്ഷിക്കുകയും ഇതര മനുഷ്യരെപ്പോലെ ജീവിക്കുകയും ചെയ്യണമെന്ന് ഇതിനാൽ ആവശ്യപ്പെട്ടുകൊള്ളുന്നു. ഈ കല്പനകൾ നിങ്ങൾ അനുസരിക്കാതിരുന്നാൽ നിങ്ങളെ ഒന്നടങ്കം ഇസ്ളാംമതാവലംബികളാക്കി ബഹുമാനിക്കാനും നിങ്ങളുടെ നാട്ടുമുഖ്യസ്ഥന്മാരെ മുഴുവൻ എന്റെ ഗവർമെണ്ട് ആസ്ഥാനത്തേക്ക് കൊണ്ടു പോകാനും ഞാൻ നിരന്തര പ്രതിജ്ഞാബദ്ധമാണെന്നും തെര്യപ്പെടുത്തുന്നു". ടിപ്പുവിന്റെ ആത്മകഥയിൽ രേഖപ്പടുത്തിയ ഈ കാര്യങ്ങൾ ലോഗൻ മാന്വലിൽ ചേർത്ത് എഴുതിയിട്ടുണ്ട്. “ടിപ്പുവിന്റെ ഭരണം എന്ന് ഇന്നുവരെ അതിനെ ആരും വിളിച്ചിട്ടില്ല. അത് പടയോട്ടം തന്നെ; ഇസ്ളാമിക ഭ്രാന്തിന്റെ കൊലവാളും ചുഴറ്റി മൈസൂരിൽ നിന്നെത്തിയ ഒരു രാക്ഷസൻ നാടാകെ തലകൊയ്തു നടത്തിയ പടയോട്ടം"[8] എന്ന് പി.കെ.ബാലകൃഷ്ണൻ ടിപ്പുവിനെതിരെ നിലനിന്നുവന്നിരുന്ന സവർണപൊതുബോധത്തെ കാണിക്കുവാൻ രേഖപ്പെടുന്നു.
സവർണാഭിമുഖ്യമുള്ള ചരിത്രകാരൻമാർ ടിപ്പു സാമൂഹികരംഗത്ത് ഉണ്ടാക്കിയ ചലനങ്ങളെ അവഗണിച്ചുകളയാനാണ് ശ്രമിച്ചിട്ടുള്ളത്. പി.കെ. ബാലകൃഷ്ണൻ പറയുന്നതുപോലെ മതഭ്രാന്ത് വാസ്തവത്തിൽ ടിപ്പുവിനായിരുന്നില്ല, മറിച്ച് സവർണഹിന്ദുക്കളിലായിരുന്നു. ടിപ്പുവിന്റെ ആകമങ്ങളോട് കെ. മാധവൻനായർ നടത്തുന്ന നിരീക്ഷണം സവർണ മധ്യവർഗ്ഗങ്ങളിൽ നിലനിന്നിരുന്ന ബോധങ്ങളെ വരച്ചുകാണിക്കുന്നു. ഈ കാലത്ത് കേരളത്തിലെ ഹിന്ദുക്കൾ അനുഭവിച്ച സങ്കടങ്ങൾ മുമ്പുണ്ടായിരുന്നോവെന്ന് സംശയമാണെന്നും എത്രയോ ആയിരം ഹിന്ദുക്കളെ അക്കാലത്ത് നിർബന്ധമായി മതത്തിൽ ചേർത്തതെന്നും അദ്ദേഹം പറയുമ്പോൾ ഇത്തരത്തിലുള്ള ധാരണയാണ് അക്കാലത്തെ ദേശീയപ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന സവർണർക്കു ഉണ്ടായിരുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. 1921നു മുമ്പ് നടന്ന മാപ്പിളകലാപങ്ങളെക്കുറിച്ച് പരാമർശിക്കുന്ന വേളയിൽ മാധവൻ നായർ ഇങ്ങിനെ പറയുന്നു. “നിർബന്ധിതമായി മതത്തിൽ ചേർക്കുന്നത് തെറ്റാണെന്ന് ഇസ്ളാം ഘോഷിക്കുന്നുണ്ടെങ്കിലും അക്കാര്യത്തിൽ അവർ മാർഗദർശിയാക്കിയെടുത്തിട്ടുള്ളത് മുഹമ്മദ് നബിയെയല്ല, ടിപ്പു സുൽത്താനെയാണ്". സ്വാതന്ത്രസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. മാധവൻനായരെപ്പോലെ നിരവധിപേർ ഇത്തരത്തിലാണ് ടിപ്പുവിനെ സമൂഹമധ്യത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. പൊതുസമൂഹ ചിന്താധാരയെ സ്വാധീനിക്കാൻ കഴിവുള്ളവർ ഇത്തരത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ അതിന്റെ പ്രത്യാഘാതം സാധാരണക്കാർക്കിടയിൽ കൂടുതൽ തീവ്രമായിട്ടായിരിക്കും പതിച്ചിട്ടുണ്ടാകുക.
കച്ചവടസംഘങ്ങൾ ലോകമെങ്ങും വിവിധ മതപ്രചാരണങ്ങൾക്ക് ഏറെ സഹായകരമായി നിന്നിട്ടുണ്ട്. അത്തരം സംഘങ്ങളോടൊപ്പം വരാൻ സാധിക്കുമായിരുന്ന മതപ്രചാരകർ തങ്ങളുടെ മതങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. മലബാറിൽ ഈ രീതിയിൽ നിരവധിപേർ മതം സ്വീകരിച്ചു. കൂടുതലും അവർണ സമുദായങ്ങളിൽ നിന്നാണ് പുതിയ മതങ്ങളിലേക്ക് പോയിരുന്നത്. ഹിന്ദുജന്മിമാരുടെ ക്രൂരമായ ചൂഷണവും പീഢനവും സഹിക്കവയ്യാതെ നിരവധി പേരാണ് ഈ രീതിയിൽ മതം സ്വീകരിച്ചത്. സാമൂതിരി രാജാവ് മുക്കുവസമുദായത്തിലുള്ളവരെ ഇസ്ളാം മതത്തിലേക്ക് മാറുവാൻ വേണ്ടി പ്രോത്സാഹനം കൊടുത്തിരുന്നവെന്ന് ചില രേഖകളിൽ പരാമർശമുണ്ട്. സാമൂതിരിയുടെ ഹൃദയവിശാലതയിൽ നിന്നു രൂപം കൊണ്ടതായിരുന്നില്ല ഈ പ്രോത്സാഹനം. മറിച്ച് സ്വരക്ഷയുടെ ഭാഗമായിരുന്നു. കൂഞ്ഞാലിമരക്കാരുടെ കടൽ സൈന്യത്തിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് ആയിരുന്നു അത്.
ഇസ്ളാം മതം സ്വീകരിച്ചിരുന്ന അടിസ്ഥാന വിഭാഗങ്ങളിൽപ്പെട്ടവർ പിന്നീട് ടിപ്പുവിനെ ഒരു രക്ഷകൻ എന്ന നിലക്കാണ് കണ്ടിരുന്നത്. അന്നുവരെ സവർണ-നായർ ജന്മിമാരുടെ അധീശത്തിൽ അരങ്ങേറിയിരുന്ന ചൂഷണത്തിനും കൊടും പീഢനത്തിനും തിരിച്ചടി കിട്ടാൻ തുടങ്ങിയത് ടിപ്പുവിന്റെ വരവോടുകൂടിയായിരുന്നു. അതിന്റെയൊക്കെ തുടർചലനങ്ങളായിരുന്നു പിന്നീട് നടന്ന മാപ്പിളകലാപങ്ങൾ എന്നു പറയാവുന്നതാണ്. ടിപ്പുവിന്റെ ഭരണം അന്നുവരെ നിലനിന്നിരുന്ന പല സാമൂഹിക നിതികേടിനോടുള്ള വെല്ലുവിളിയായിരുന്നു. സാമൂഹികഘടനയിലുള്ള മാറ്റങ്ങൾക്ക് തുടക്കമാകാൻ അതൊരു നിമിത്തമായി. അയിത്തജാതിവിഭാഗങ്ങൾക്ക് മാറുമറക്കാൻ തിരുവിതാംകൂറിൽ സമരം നടക്കുന്നത് 1859 ലാണ്. അതിനു വർഷങ്ങൾക്കു മുന്നേയാണ് മലബാറിൽ വിപ്ളവകരമായ തീരുമാനങ്ങൾ ടിപ്പു സുൽത്താൻ കൈക്കൊണ്ടത്. 'കുപ്പായമിടീക്കൽ' എന്ന വാക്കുതന്നെ ആ കാലത്തെ അയിത്തജാതിക്കാരെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തിൽ ബ്രാഹ്മണിക്കൽ കോഡ് നിഷ്ക്കർച്ചിരുന്ന വസ്ത്രധാരണയെ അട്ടിമറിക്കുന്ന ഒന്നായിരുന്നു. ഇത്തരം ചരിത്രസംഭവങ്ങളെ ചരിത്രപുസ്തകങ്ങൾ അവഗണിക്കുകയും അതേസമയം കൊളോണിയൽ ഭാഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഹിന്ദുവിരുദ്ധൻ എന്ന ലേബൽ ടിപ്പുവിന് ചാർത്തിക്കൊടുക്കുകയും ചെയ്തു. 1895 മെയ് 1നു നടന്ന ഒരു സംഭവത്തെക്കുറിച്ച് വില്ല്യം ലോഗൻ വിവരിക്കുന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. ഇസ്ളാമിലേക്ക് മതം മാറിയ കുട്ടിക്കരിയൻ എന്നയാൾ പിന്നിട് അത് ഉപേക്ഷിച്ച് തിരിച്ചുവരികയും അതിനാൽതന്നെ കൊലചെയ്യപ്പെടുന്നു [9]. ലോഗൻ വിവരിച്ച ഈ സംഭവം ഒരു മതപരിവർത്തനത്തിന്റെ വിഷയമായി മാത്രം വിലയിരുത്തപ്പെടേണ്ട ഒന്നല്ല. കീഴാള ജാതികളിൽ നിന്ന് ജന്മിപീഢനം ഭയന്ന് മറ്റു മതങ്ങളിലേക്ക് മതം മാറിയവരെ തിരിച്ച് ചില ജന്മിമാർ മാറിയ മതം ഉപേക്ഷിക്കുവാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ട്. ജന്മിമാരുടെ സാമൂഹിക മേൽകോയ്മ തുടർന്നു കൊണ്ടുപോകുന്നതിന് ഇത്തരത്തിൽ കീഴാളരെ നിലനിർത്തേണ്ട ആവശ്യമുണ്ട്. ഇങ്ങനെ മാറിയ മതം ഉപേക്ഷിച്ചു തിരികെ പോയവരെ ജന്മിപക്ഷത്ത് നിർത്തിയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ. ഇതുപോലെ തന്നെ ഒരു പിഷാരടിയെ ഉണ്ണിമുഹമ്മദ് എന്നയാൾ വെട്ടിക്കൊല്ലുന്നുണ്ട്. രക്തസാക്ഷിത്വം വഹിക്കാൻ ആണ് അത് ചെയ്തത് എന്നു പറയപ്പെടുന്നുണ്ടെങ്കിലും "സത്യം മറ്റൊന്നായിരുന്നു. വധിക്കപ്പെട്ട പിഷാരടി, അയർലണ്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഭൂമി വിഴുങ്ങി ആയിരുന്നു. തങ്ങളുടെ ഭൂമി പിഷാരടി വിഴുങ്ങുമെന്ന് മനസ്സിലാക്കിയ കൃഷിക്കാരായ മാപ്പിളമാർ ഉണ്ണിമമ്മതിനെ ഒരുപകരണമാക്കി മാറ്റുകാണുണ്ടായത്"[10].
മേൽപ്പറഞ്ഞ സാമൂഹിക അന്തരീക്ഷത്തിൽ കൂടിവേണം 1921നു മുമ്പ് നടന്ന വിവിധ കലാപങ്ങളെ വിലയിരുത്തേണ്ടത്. നായർ - സവർണ ജന്മിമാർക്കെതിരെയുള്ള ഈ കലാപങ്ങൾ ജന്മിത്തത്തിന്റെ അധികാരഘടനയെ പ്രഹരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിശ്വാസമൊക്കെ ഇത്തരം പ്രതിഷേധങ്ങളുടെ ഒരു മാർഗ്ഗമായാണ് വന്നിട്ടുള്ളത്. സവർണവിഭാഗക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്രാപിക്കാൻ ഇസ്ളാംമതം സ്വീകരിച്ച കീഴാള വിഭാഗങ്ങളുടെ പിന്നീടുള്ള ജീവിതക്രമം സവർണജീവിതങ്ങളുടെ പരമ്പരാഗത ആഢ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ളതായിരുന്നു. തിരൂരങ്ങാടിയിൽ 1840 കളിൽ നടന്ന ഒരു സംഭവം ഒരു ഉദാഹരണമായെടുക്കാം. ഗുണ്ടർട്ടിന്റെ കത്തുകളിലാണ് മേൽപ്പറഞ്ഞ പരാമർശമുള്ളത്. അവിടെയുള്ള ഒരു സവർണ അധികാരി മേൽക്കുപ്പായമിട്ടുവന്ന കീഴ്ജീവനക്കാരിയോട് അതഴിക്കാൻ ആവശ്യപ്പെടുകയാണ്. അധികാരിയെ നീ എന്നു വിളിക്കാനുള്ള ആർജ്ജവം ഈ അവസരത്തിൽ കാണിക്കുന്നു. മതം മാറ്റത്തിനു മുമ്പാണെങ്കിൽ അടിമയെപ്പോലെ ജീവിക്കേണ്ടിവന്നിരുന്ന ഈ വിഭാഗം അനീതിക്കെതിരെ ചോദ്യം ചെയ്യാൻ തുടങ്ങുന്നത് ജന്മിവിരുദ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തിൽകൂടിയാണ് ( മമ്പുറം തങ്ങൾ 'നിങ്ങൾ' എന്ന ബഹുവചനം നായർമാരെ അഭിസംബോധനം ചെയ്യുക എന്ന വിപ്ലവകരമായ ആഹ്വാനം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്). ഈ വിവരം അറിഞ്ഞ മാപ്പിളമാർ അധികാരിയെ ചോദ്യചെയ്യുകയും പിന്നീട് വധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തര ത്തിലുള്ള ഒരോ സംഭവങ്ങളും സവർണതക്കെതിരെയുള്ള പോരാട്ടമായിത്തന്നെ വിലയിരുത്തപ്പെടേണ്ടതാണ്.
1921 ലെ കലാപത്തെക്കുറിച്ച് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഇങ്ങനെ എഴുതുന്നു, "1921ൽ മലബാറിൽ നടന്ന സമരത്തെ മാപ്പിളലഹളയെന്നോ, മലബാർ ലഹളയെന്നോ പറയുന്നത് ശരിയല്ല. 'മാപ്പിള വിപ്ളവം' അഥവാ 'ഖിലാഫത്ത് വിപ്ളവം' എന്നു പറഞ്ഞാൽ അത് ഏറെക്കുറെ ശരിയായിരിക്കും''[11] കേരളത്തിന്റെ വിപ്ളവചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു മലബാർ കലാപം. സാമൂഹിക രാഷ്ട്രീയ അനീതികൾക്കെതിരെയുള്ള സമരമായിരുന്നു അത്. ജന്മികൾ കൂടുതലും നമ്പൂതിരി സമുദായത്തിൽപ്പെട്ടവരായതുകൊണ്ട് ആദ്യകാലത്ത് അവർക്കെതിരെയാണ് കലാപകാരികൾ തിരിഞ്ഞിരുന്നത് [12]. "ലഹളയുടെ ആദ്യ ദിവസങ്ങളിൽ കൊലപാതകങ്ങൾ വളരെ കുറവായിരുന്നുവെന്നതും കൊള്ളക്കാരിൽ നിന്ന് ഏറ്റവുമധികം കഷ്ടപ്പാടു കൾ സഹിക്കേണ്ടിവന്നത് ധനികരായ നമ്പൂതിരിമാരായിരുന്നു എന്നതും ഒരു വസ്തുതയാണ് [13]. കലാപം നടക്കുന്നകാലത്ത് സവർണഹിന്ദുക്കളാണ് ആദ്യം നാടുവിട്ടു പൊയ്ക്കൊണ്ടിരുന്നത്. 'കലാപകാലത്ത് അഭയാർത്ഥികളായി കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിൽ എത്തിയത് നമ്പൂതിരിമാരും നായൻമാരുമായിരുന്നുവെന്നത് ഈ വിഭാഗക്കരോടുള്ള കലാപകാരികളുടെ കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നതാണ് [14]. ബ്രീട്ടീഷുകാർക്കെതിരെ എന്നപോലെതന്നെ സവർണരുടെ ചൂഷണാത്മകജീവിതത്തോടുമുള്ള പോരാട്ടമായിരുന്നു. ബ്രാഹ്മണഹത്യ മഹാപാപമാണെന്നാണ് ഇന്ത്യൻ മിത്തോളജി പഠിപ്പിച്ചിട്ടുള്ളത്. ജാതിപീഢനങ്ങൾകൊണ്ട് അത്രയെറെ കീഴാളജനങ്ങൾ ചരിത്രത്തിൽ കൊല്ലപ്പെട്ടിട്ടുമുണ്ട്. ബ്രാഹ്മണഹത്യ പാപമാണെന്ന് ബ്രാഹ്മണർ തന്നെ അടി ച്ചേൽപ്പിച്ച നിയമങ്ങളാണ്. അത്തരമൊരു രാഷ്ട്രീയ അന്തരീക്ഷത്തിന്റെ മേലിലാണ് ഈ കലാപകാലത്ത് ചൂഷണം ജീവിതോപാധിയാക്കിയ നമ്പൂതിരിമാർ കൊല്ലപ്പെടുന്നത്. ഇന്ത്യൻ സാമൂഹിക ചരിത്രത്തിലും അതൊരു വിപ്ളവമാണ്.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ മാത്രമല്ല, അവരെ പിന്തുണച്ചുവന്നിരുന്ന ഹിന്ദു ജന്മിമാർക്കെതിരെയും കലാപം ഉണ്ടാകുമെന്ന് ബ്രീട്ടീഷുകാർ കരുതിയിരുന്നു. അന്നത്തെ കലക്ടർ തോമസിന്റെ ഒരു നോട്ടീസിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. “ഏറനാട് താലൂക്കിൽ തുടർച്ചയായി അനേകം ഖിലാഫത്ത് സഭകൾ കൂടുവാൻ ആലോചനയുണ്ടെന്നും അതിന്റെ ഫലമായി അറിവില്ലാത്ത മാപ്പിളമാർക്ക് ഗവൺമെന്റിന്റെ നേരെ മാത്രമല്ല ഹിന്ദുജന്മികളുടെ നേരെയും വിദ്വേഷം വർധിക്കുവാൻ ഇടയുണ്ടെന്നും അതു നിമിത്തം സമാധാനലംഘനം മാത്രമല്ല ലഹള ആളുകൾക്കു ജീവനാശത്തിനും കൂടെ സംഗതിയുണ്ടാകുന്നതാണെന്നും ഡിസ്ട്രിക് മജിസ്ട്രേറ്റിന് അറി വായിരിക്കുന്നു"[15]. നോട്ടീസിൽ പ്രതിപാദിച്ച പോലെത്തന്നെയായിരുന്നു പിന്നീട് നടന്നത്. 1921 ലെ കലാപത്തിന് മുമ്പ് 19-ാം നൂറ്റാണ്ടിൽ നടന്നിരുന്ന ജന്മിമാർക്കെതിരെയുള്ള സമരങ്ങളുടെ തുടർച്ചതന്നെ 1921 ലെ കലാപത്തിൽ പരക്കെ കാണാവുന്നതാണ്. ദരിദ്രപശ്ചാത്തലത്തിലുള്ള മാപ്പിളമാരാണ് ഈ കലാപങ്ങളിലൊക്കെ നയിച്ചിരുന്നതും പങ്കെടുത്തിരുന്നതുമെന്ന് കാണാവുന്നതാണ്. “രാവിലെ പറമ്പിൽ കൂലിപ്പണി എടുത്തിരുന്നവനാണ് ഉച്ചയ്ക്ക് കൊള്ള ചെയ്യുവാൻ വന്നിരുന്നത്. അപ്പോഴേക്കും അവന്റെ ഭാവവും വേഷവുമെല്ലാമൊന്നു മാറിയിരിക്കും. ഈ കാലത്ത് നമുക്ക് ഏറ്റവും പരിചയമുള്ള മാപ്പിളമാരുടെ നമ്മോടുള്ള പെരുമാറ്റം ദിവസംതോറും മണിക്കുറുതോറും മാറിയിരുന്നവെന്ന് പലർക്കും അനുഭവപ്പെട്ട സംഗതികളാണ്. വക്കീൽ ഈശ്വരയ്യരുടെ മഠത്തിൽ കന്നു നോക്കിയിരുന്ന ഒരു മാപ്പിളയാണ് ഉച്ചതിരിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചാരുകസേരയിൽ കയറിയിരുന്ന് അദ്ദേഹത്തോട് പരുഷസ്വരത്തിൽ പണം വെക്കാൻ പറഞ്ഞത്"[16]. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഇക്കാലഘട്ടത്തിൽ നടന്നിട്ടുണ്ട്.
നിർബന്ധിത മതംമാറ്റം കലാപത്തിന്റെ അവസാനഘട്ടങ്ങളിൽ നടന്നിരുന്നുവെന്ന് പലരും എഴുതിയിട്ടുണ്ട്. അതും ഒരു സമരതന്ത്രം എന്ന നിലക്കാണ് കലാപകാരികൾ എടുത്തിട്ടുള്ളത്. ബ്രിട്ടിഷു കാരെ പിന്തുണക്കുന്ന നിലപാടാണ് ജന്മികുടുംബങ്ങളിൽ പലരും എടുത്തിരുന്നത്. അത്തരം കുടുംബങ്ങളിൽപ്പെട്ടവരെയാണ് കൂടുതലും മതംമാറ്റത്തിന് വിധേയമാക്കിയിരുന്നത്. വാരിയൻകുന്ന് കുഞ്ഞഹമ്മദ് ഹാജി കലാപത്തിന്റെ അവസാനഘട്ടത്തിൽ 'ഹിന്ദുക്കളെ ദ്രോഹിപ്പാനും കൊല്ലുവാനും മതം മാറ്റുവാനും തുടങ്ങി'യെന്നാണ് മാധവൻ നായർ പറയുന്നത്. മാപ്പിളമാർക്ക് നേരിട്ട അനർഥം ചില ഹിന്ദുക്കൾക്ക് സന്തോഷം നൽകിയെന്നും മാപ്പിളമാരെ കൊള്ളചെയ്യാനും അത് കൊട്ടിഘോഷിക്കാനും ചിലർ തയ്യാറായിയെന്നും ആ പ്രവൃത്തി വലിയ അപകടമായിരുന്നെന്നും മാധവൻ നായർ നിരീക്ഷിക്കുന്നുണ്ട്. ആ അപകടത്തിന്റെ ഫലമാണ് കലാപത്തിന്റെ അവസാനഘട്ടത്തിൽ സംഭവിച്ചകാര്യങ്ങൾ. കലാപങ്ങളെ ബ്രിട്ടീഷുകാർ നേരിട്ടതിനെ പിന്തുണച്ചിരുന്ന ഹിന്ദുക്കളെയും മുസ്ളീങ്ങളെയും വർധിതവീര്യത്തോടെയാണ് മാപ്പിളമാർ നേരിട്ടത്. ഇത്തരത്തിൽ നേരിടുമ്പോൾ ജന്മി - സവർണവർഗ്ഗത്തിൽപ്പെടാത്ത ചിലർക്കെതിരെയും സ്വാഭാവികമായി എതിരിടേണ്ടിവന്നിരുന്നുവെന്നാണ് ചരിത്രവസ്തുത. ഇ.എം.എസ് എഴുതുന്നു, "പട്ടാളക്കാർ വന്ന് ലഹളയെ അമർത്താനുള്ള ശ്രമം തുടങ്ങിയപ്പോഴാണ്, ഹിന്ദുക്കളിലൊരു ഗണ്യമായ വിഭാഗം നാടുവിട്ടു പോകുകയും ഇവിടെത്തന്നെ നിന്നവർ പട്ടാളത്തിന്റെ ഒറ്റുകാരായി പ്രവർത്തിക്കുകയും ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഖിലാഫത്ത് പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കപ്പെട്ടിരുന്ന ഹിന്ദു - മുസ്ളിം ഐക്യം തികച്ചും പൊളിഞ്ഞത്. ഇതോടുകൂടി ഹിന്ദുക്കൾക്കെതിരായ പല അക്രമങ്ങളും നടത്താൻ മാപ്പിളമാർ തുനിയുകയും ശരിയായ ഒരു സാമുദായിക ലഹളയുടെ മുഴുവൻ സ്വഭാവങ്ങളും അതിനുണ്ടാവുകയും ചെയ്തു"[17]
ഹിന്ദുസമൂഹത്തിൽ നിലനിന്നിരുന്ന അയിത്തജീവിതത്തിന്റെയും ജാതിവിഭാഗീയതയുടെയും ഫലമാണ് ഹിന്ദുക്കൾക്കേറ്റ തിരിച്ചടിയെന്നാണ് കെ. മാധവൻനായർ പറയുന്നത്. ''നായരും നമ്പൂതിരിയും തിയ്യനും ചെറുമനും യോജിച്ച് ഒരു കെട്ടായി നിന്നിരുന്നുവെങ്കിൽ അക്രമികളായ ലഹളക്കാരോട് ചെറുത്തു നിൽക്കുവാൻ അവർക്ക് ചിലേടങ്ങളിലെങ്കിലും സാധിക്കുമായിരുന്നു. പക്ഷേ നമ്പൂതിരി നായരേയും നായർ തിയ്യനേയും തിയ്യൻ കണക്കനേയും കണക്കൻ ചെറുമനേയും ചെറുമൻ നായാടിയേയും അനേകം ശതവർഷങ്ങളോളം ദ്രോഹിച്ചതിന്റെ ഫലമായി തങ്ങൾക്ക് നേരിട്ട ആപത്തിന്നിടയിൽക്കൂടി തങ്ങളിലും ഉയർന്ന ജാതിക്കാരുടെ ആപത്തിൽ അവരിൽ പലരും സന്തോഷിക്കാതിരുന്നിട്ടില്ല [18]. മാധവൻ നായരും മേൽവിവരണം കടുത്ത ജാതിവിവേചനങ്ങളെ നേരിടേണ്ടിവന്നിരുന്ന അയിത്തജാതിക്കാർ സവർണ സമുദായങ്ങൾക്ക് വന്നുപെട്ട തിരിച്ചടിയെ എങ്ങനെയാണ് കാണുന്നതെന്ന് സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകളായി അയിത്തജാതിക്കാരെ അടിമകാളാക്കിവെക്കുകയും അവരെ ക്രൂരമായ പീഢനങ്ങൾക്ക് വിധേയരാക്കുകയും ചെയ്ത മേൽജാതിസമുദായങ്ങൾക്കെതിരെ നിശ്ശബ്ദമായ പിന്തുണ ഹിന്ദുക്കളിലെ ഭൂരിപക്ഷം വരുന്ന കീഴാളസമുദായങ്ങൾക്ക് ഉണ്ടായിരുന്നുവെന്നുവേണം കരുതാൻ. '150 കൊല്ലത്തെ ബ്രീട്ടീഷുഭരണം കൊണ്ട് ഉശിരുപൗരുഷവും ആയുധവും അഭ്യാസവും പോയി, ആഭിജാത്യവും അനാചാരവും മാത്രം ശോഷിച്ച് ദുർബലന്മാരായിത്തീർന്ന ഹിന്ദുക്കൾ ആയുധധാരികളായി മരിക്കുവാൻ കോപ്പിട്ടുവരുന്ന ലഹളക്കാരെ ഭയപ്പെട്ട് ഓടിപ്പോകുന്നതിൽ അത്ഭുതമൊന്നുമില്ല' എന്ന് മാധവൻ നായർ പറയുമ്പോൾ ഭൂരിപക്ഷം വരുന്ന കീഴാളസമുദായങ്ങളെയടക്കം ഹിന്ദുഗണത്തിൽപ്പെടുത്തിയിരിക്കുകയാണ്. അത്തരത്തിലുള്ള ആയുധവും അഭ്യാസവും കയ്യിലില്ലാതാക്കിയ നൂറ്റാണ്ടുകൾ നീണ്ട യാതനകളുടെ ചരിത്രമാണ് ഈ സമുദായങ്ങൾക്കുണ്ടായിരുന്നത്. പൊതുവായ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. പിന്നോക്കവിഭാഗങ്ങൾക്ക് അടുത്തുകൂടിവരാൻ പറ്റാത്ത ക്ഷേത്രങ്ങളാണ് അന്നു നിലവിൽ ഉണ്ടായിരുന്നത്. മേൽജാതി ക്ഷേത്രങ്ങൾക്കെതിരെയുള്ള അക്രമങ്ങളെ മൊത്തം ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾക്കെതിരെയുള്ള അക്രമമായാണ് പലരും വിവരിച്ചുകാണുന്നത്. ബാഹ്യരൂപത്തിൽ ഹിന്ദു കമ്യൂണിറ്റിയുടെ സ്വഭാവം കൈവരിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ടിപ്പു /മാപ്പിള കലാപങ്ങൾ മുൻനിറുത്തി സവർണനേതൃത്വം നടത്തിയിട്ടുണ്ട്. അത് ഇപ്പോളും തുടർന്നുവരുന്നു. ഹിന്ദുക്കളിൽ ഭൂരിപക്ഷമായ കീഴാളജാതികൾക്ക് സാമൂഹികപരമായ സുരക്ഷയൊരുക്കുന്നതിൽ ടിപ്പുവിന്റെ വരവും മാപ്പിളകലാപങ്ങളും വഴിയൊരുക്കിയെന്ന ചരിത്രസത്യത്തെ മൂടിവെക്കാനുള്ള ശ്രമവും ഇക്കൂട്ടർ നടത്തിവരുന്നു.
റെഫെറൻസസ് :-
1. പേജ് 15, മാപ്പിളപഠനങ്ങൾ, എം ഗംഗാധരൻ, ഡി.സി.ബുക്സ്, കോട്ടയം, 2012.
2. 22, മാപ്പിള പഠനങ്ങൾ, എം ഗംഗാധരൻ
3. 22, മാപ്പിള പഠനങ്ങൾ, എം ഗംഗാധരൻ
4. പേജ് 267, മലബാർ മാന്വൽ, വില്യം ലോഗൻ
5. 276, മലബാർ മാന്വൽ, വില്യം ലോഗൻ
6. പേജ്, 61,62 വെള്ളയുടെ ചരിത്രം, എൻ. എം. നമ്പൂതിരി,1998, വള്ളത്തോൾ വിദ്യാപീഠം
7. പേജ് 67, വെള്ളയുടെ ചരിത്രം, എൻ. എം. നമ്പൂതിരി
8. പേജ് 141, പി,കെ.ബാലകൃഷ്ണൻ, ടിപ്പുസുൽത്താൻ, ഡി.സി.ബുക്സ്, 2016
9. പേജ് 368 മലബാർ മാന്വൽ, വില്യം ലോഗൻ, മാതൃഭൂമി
10. 369, മലബാർ മാന്വൽ, വില്യം ലോഗൻ
11. പേജ് 17, ഖിലാഫത്ത് സ്മരണകൾ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
12. പേജ് 55, ഖിലാഫത്ത് സ്മരണകൾ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
13. പേജ് 229, മാപ്പിള പഠനങ്ങൾ, എം ഗംഗാധരൻ
14. പേജ് 232, മാപ്പിള പഠനങ്ങൾ, എം ഗംഗാധരൻ
15. കെ. മാധവൻ നായർ, മലബാർ കലാപം
16. കെ. മാധവൻ നായർ, മലബാർ കലാപം
17. ഇ.എം.എസ് നമ്പൂതിരിപ്പാട്, കേരളം മലയാളികളുടെ മാതൃഭൂമി
18. കെ. മാധവൻ നായർ, മലബാർ കലാപം
The Roots Media - TOWARDS SOCIAL DEMOCRACY I For the Ambedkar age