Author Image ദി റൂട്സ് ഡെസ്ക്
29 Apr 2026

ഭരണകൂട വീഴ്ചകൾക്കെതിരെ പ്രതികരിക്കുന്നവർക്കുള്ള പ്രതിഫലം തടവറ: ഡോ. കഫീൽ ഖാൻ

"സത്യം തുറന്നു പറഞ്ഞ തന്നെ ഭരണകൂടം നിരന്തരമായി വേട്ടയാടി. ഭക്ഷണവും വെള്ളവും പോലും നൽകാതെ ഏകാന്തതടവിൽ പാർപ്പിച്ചു. ഭരണകൂടത്തിനെതിരെ ഇനി സംസാരിക്കരുതെന്ന് പറഞ്ഞപ്പോൾ ഞാനവർക്ക് മറുപടിയായി ഒരു പുസ്തകമെഴുതി"-ആരോഗ്യ രംഗത്തെ നീതിനിഷേധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ‘കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്’ എന്ന പേരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച മെഡിക്കൽ സമ്മിറ്റിൽ യു.പിയിലെ ആരോഗ്യപ്രവർത്തകൻ ഡോ. കഫീൽ ഖാൻ പറഞ്ഞു. ആരോഗ്യമേഖലയിലെ വരേണ്യതയും ജാതി വിവേചനവും ചർച്ചയായ സംഗമത്തിൽ 'രോഹിത് ആക്ട്' നടപ്പാക്കണമെന്ന പ്രമേയവും സമ്മിറ്റിൽ അവതരിപ്പിച്ചു.

ഭരണകൂട വീഴ്ചകൾക്കെതിരെ പ്രതികരിക്കുന്നവർക്കുള്ള പ്രതിഫലം തടവറയാണെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ ഡോ. കഫീൽ ഖാൻ. ‘കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയും മെഡിക്കൽ ഫ്രറ്റേൺസും സംയുക്തമായി കോഴിക്കോട് നിതിൻ രാജ് നഗറിൽ സംഘടിപ്പിച്ച മെഡിക്കൽ സമ്മിറ്റിൽ യു.പി. ഖൊരഖ്‌പൂരിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം തുറന്നു പറഞ്ഞ തന്നെ ഭരണകൂടം നിരന്തരമായി വേട്ടയാടി. ഭക്ഷണവും വെള്ളവും പോലും നൽകാതെ ഏകാന്തതടവിൽ പാർപ്പിച്ചു. ഭരണകൂടത്തിനെതിരെ ഇനി സംസാരിക്കരുതെന്ന് പറഞ്ഞപ്പോൾ ഞാനവർക്ക് മറുപടിയായി ഒരു പുസ്തകമെഴുതി. അനീതിക്കെതിരെ ഒരിക്കലും നിശ്ശബ്ദരാവരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുപ്പത്തിലധികം മേഖലകളിൽ നിന്നായി അറുനൂറിലധികം മെഡിക്കൽ വിദ്യാർത്ഥികളും പ്രൊഫഷണലുകളും പങ്കെടുത്ത മെഡിക്കൽ സമ്മിറ്റ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ ക്യാമ്പസുകളിൽ നിലനിൽക്കുന്ന വരേണ്യത ദലിത്-പിന്നാക്ക വിഭാഗങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും വിവേചനങ്ങൾക്ക് ഇരയാക്കുന്നുണ്ട്. ഇതിന് പരിഹാരമായി രോഹിത് ആക്ട് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ വാർ സർജനും ഓർത്തോപെഡിക്സ് & എമർജൻസി മെഡിസിൻ പ്രൊഫസറുമായ ഡോ. എസ്.എസ്. സന്തോഷ് കുമാർ, ഇന്റർനാഷണൽ പബ്ലിക് ഹെൽത്ത് എക്സ്പെർട്ടും പ്രമുഖ എഴുത്തുകാരനുമായ ഡോ. എസ്.എസ്. ലാൽ, പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധയും ആരോഗ്യ നയ വിശകലന വിദഗ്ധയുമായ ഡോ. സിൽവിയ കർപ്പഗം, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എ. അൽത്താഫ്, കേരള ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സൈജു ഹമീദ്, മീഡിയ വൺ അക്കാദമി ഡയറക്ടർ ഡോ. സാദിഖ് പി.കെ, ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ മുബാറക് ഓമശ്ശേരി, ഇഖ്‌റ ഹോസ്പിറ്റൽ ഫിസിയോതെറാപ്പി വിഭാഗം മേധാവി ഡോ. മുഹമ്മദ് നജീബ് കെ, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ തുടങ്ങിയ പ്രമുഖർ സമ്മിറ്റിൽ സംവദിച്ചു.
 

 ഫ്രറ്റേണിറ്റി മൂവ്മെന്റ് മെഡിക്കൽ സമ്മിറ്റിൽ ഡോ. കഫീൽ ഖാൻ സംസാരിക്കുന്നു.

ജാതി വിവേചനം, ഇസ്ലാമോഫോബിയ എന്നിവ ഇല്ലാതാക്കുന്നതിനായി കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കണമെന്ന പ്രമേയം സമ്മിറ്റിൽ അവതരിപ്പിച്ചു. സമ്മേളന നഗരിയിൽ "The last Sky" എന്ന പേരിൽ ഡോ. സന്തോഷ് കുമാറിന്റെ ഗസ്സയിലെ അനുഭവങ്ങൾ ചിത്രീകരിക്കുന്ന എക്സിബിഷൻ നടന്നു. ആരോഗ്യ മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത മെഡിക്കൽ സമ്മിറ്റ് രാത്രി 9 മണിയോടുകൂടി കൾച്ചറൽ നൈറ്റോടെ സമാപിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. മുഹമ്മദ് സഈദ്, വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, സെക്രട്ടറി ഷിബിൻ റഹ്‌മാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. അഹ്സൻ അലി, പി.എ. ഫസീല, ജില്ലാ പ്രസിഡന്റ് ആയിഷ മന്ന, മെഡിക്കൽ ഫ്രറ്റേൺസ് സംസ്ഥാന കൺവീനർ ഇഷ്മ സലീം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഡോ. നബീൽ ആമീൻ, ഡോ. ഷെബിൻ മുഹമ്മദ്, അഫ്ര മുജീബ്, മെഡിക്കൽ സമ്മിറ്റ് കൺവീനർ ഫഹദ തുടങ്ങിയവർ വിവിധ സെഷനുകളിലായി സംസാരിച്ചു.

Share this link