Author Image ദി റൂട്സ് ഡെസ്ക്

ബ്രസീലിലെ COP30 ഉച്ചകോടിയിൽ തദ്ദേശീയ ജനതയുടെ പ്രക്ഷോഭം

"ഞങ്ങളുടെ വനങ്ങൾ വില്പനക്കുള്ളതല്ല. നമുക്ക് പണം ഭക്ഷിക്കാൻ കഴിയില്ല. ഞങ്ങളുടെ ഭൂമി കാർഷിക ബിസിനസ്സ്, എണ്ണ പര്യവേക്ഷണം, നിയമവിരുദ്ധ ഖനനം, നിയമവിരുദ്ധ മരംമുറിക്കൽ എന്നിവയിൽനിന്ന് മുക്തമാക്കണം". ബ്രസീലിലെ COP30 കാലാവസ്ഥാ ഉച്ചകോടിയിൽ തദ്ദേശീയ ജനതയുടെ വൻ പ്രക്ഷോഭം.

ബ്രസീലിലെ ബെലേം നഗരത്തിൽ നടക്കുന്ന  ഐക്യരാഷ്ട്രസഭയുടെ മുപ്പതാമത് വാർഷിക കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ (COP30) രണ്ടാം ദിനം തദ്ദേശീയ പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. കാലാവസ്ഥാ നടപടി ആവശ്യപ്പെട്ടും തദ്ദേശീയ അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചും നൂറുകണക്കിന് ആളുകളാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. യുഎൻ കാലാവസ്ഥാ ഉച്ചകോടി വേദിയിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെ, ചൊവ്വാഴ്ച വൈകുന്നേരം പത്തിലേറെ തദ്ദേശീയ പ്രതിഷേധക്കാർ കോൺഫറൻസിലേക്ക് പ്രതിഷേധിച്ചു കടന്നു. പ്രതിഷേധകർ സുരക്ഷാ ബാരിക്കേഡുകൾ ലംഘിച്ചതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിസ്സാരമായ പരിക്കേൽക്കുകയും വേദിക്ക് നേരിയ കേടുപാടുകൾ വരുത്തുകയും ചെയ്തതായും യുഎൻ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.  

ബ്രസീലിയൻ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തദ്ദേശീയ സമൂഹങ്ങളെ ഈ വർഷത്തെ COP30 ചർച്ചകളിലെ പ്രധാന പങ്കാളികളായി ഉയർത്തിക്കാട്ടിയതിനിടയിലാണ് പ്രതിഷേധം. കഴിഞ്ഞ ആഴ്ച നടന്ന നേതാക്കളുടെ ഉച്ചകോടിയിൽ ലുല, COP30 ഉച്ചകോടി  "തദ്ദേശീയ ജനതയിൽ നിന്നും പരമ്പരാഗത സമൂഹങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണം" എന്ന് പറഞ്ഞിരുന്നു. ലുലയുടെ ഭരണകാലത്തും കോർപറേറ്റുകളും   പല വ്യവസായങ്ങളും ആമസോൺ മഴക്കാടുകളിലേക്ക് അതിക്രമിച്ചു കടക്കുന്നത് തുടരുന്നതിലെ സംഘർഷമാണ് പ്രതിഷേധം ഉയർത്തിക്കാട്ടിയത്.

ബ്രസീലിലെ ബെലേമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് (COP30) നടക്കുന്ന വേദിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറാൻ ശ്രമിക്കുന്നതിനിടെ, ചൊവ്വാഴ്ച ഒരു സുരക്ഷാ ജീവനക്കാരൻ തദ്ദേശീയ പ്രവർത്തകനെ തടഞ്ഞുനിർത്തുന്നു. [Anderson Coelho/Reuters]

ബ്രസീലിലെ തപാജോസ് നദിയുടെ താഴ്ന്ന ഭാഗത്തിനടുത്തുള്ള ടുപിനംബ ഗോത്രത്തിലെ നേതാവായ ഗിൽമാർ പ്രതിഷേധത്തിനിടെ ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ വനങ്ങൾ വില്പനക്കുള്ളതല്ല. നമുക്ക് പണം ഭക്ഷിക്കാൻ കഴിയില്ല. ഞങ്ങളുടെ ഭൂമി കാർഷിക ബിസിനസ്സ്, എണ്ണ പര്യവേക്ഷണം, നിയമവിരുദ്ധ ഖനനം, നിയമവിരുദ്ധ മരംമുറിക്കൽ എന്നിവയിൽ നിന്ന് മുക്തമാക്കണം".

'യാകു മാമ' പ്രതിഷേധ ഫ്ലോട്ടിലയുടെ സംഘാടകരിൽ ഒരാളായ ലിയോ സെർഡ തദ്ദേശീയ ജനത മനുഷ്യരാശിക്ക് വേണ്ടിയാണ് പ്രകൃതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും "മിക്ക രാജ്യങ്ങൾക്കും ഞങ്ങളുടെ വിഭവങ്ങൾ വേണം, പക്ഷേ അവർ തദ്ദേശീയ ജനതയുടെ അവകാശങ്ങൾ ഉറപ്പുനൽകാൻ തയ്യാറല്ല." എന്നും പറഞ്ഞു.

"ഏകദേശം 340 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്ന (carbon sink) ഒരു പ്രദേശമെന്ന നിലയിൽ, ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ ഏറ്റവും ഫലപ്രദമായ ലഘൂകരണ, പൊരുത്തപ്പെടുത്തൽ തന്ത്രങ്ങളിൽ (mitigation and adaptation strategies) ഒന്നാണെന്ന്" ആമസോൺ തടത്തിലെ തദ്ദേശീയ ജനത പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ നാല് വർഷങ്ങളിലായി നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടികളിൽ ഏകദേശം 5,350 ഫോസിൽ ഇന്ധന ലോബിയിസ്റ്റുകൾ പങ്കെടുത്തതായി 'ദി ഗാർഡിയൻ' പത്രം റിപ്പോർട്ട് ചെയ്യുന്നു.

The Roots Media - TOWARDS SOCIAL DEMOCRACY