Author Image കെ. സന്തോഷ് കുമാർ
31 Mar 2026

പട്ടയഭൂമി ഇനി സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാം; അന്യാധീനപ്പെടുന്നത് ലക്ഷക്കണക്കിന് ഏക്കർ ഭൂമി

പട്ടയഭൂമി സ്വകാര്യ-വാണിജ്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ കഴിയുന്ന ഭൂപതിവ് ചട്ട ഭേദഗതിക്ക് മാർച്ച് 13-ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിരിക്കുകയാണ്. മലയോര ജനതയുടെ ഭൂപ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ഈ ഉത്തരവിന്റെ മറവിൽ ലക്ഷക്കണക്കിന് ഏക്കർ സർക്കാർ ഭൂമി വൻകിട ലോബികൾക്കും ഭൂമാഫിയകൾക്കും മതസ്ഥാപനങ്ങൾക്കും ഇനി നിയമപ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയും. കാർഷിക ആവശ്യങ്ങൾക്കും പാർപ്പിടത്തിനുമായി ഉപാധികളോടെ നൽകിയ പട്ടയഭൂമിയിൽ, മൂന്നാറിലും ഇടുക്കിയിലുമടക്കം നടന്ന വൻകിട അനധികൃത നിർമ്മാണങ്ങൾക്ക് കൂടി നിയമസാധുത നൽകുന്നതാണ് ഈ ചട്ട ഭേദഗതി.

പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി. മാർച്ച് 13-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കൃഷിക്കും പാർപ്പിടത്തിനും കാർഷിക ആവശ്യങ്ങൾക്കുമായി നൽകിയ പട്ടയഭൂമി സ്വകാര്യ/വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ 1964-ലെ ഭൂമി പതിച്ചുനൽകൽ ചട്ടങ്ങളിൽ (Kerala Land Assignment Rules) ഭേദഗതി വരുത്തി 'ചട്ടങ്ങൾ 2026' (പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകൽ) രൂപീകരിക്കുന്നതിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

കേരളത്തിലെ മലയോര ജനത പതിറ്റാണ്ടുകളായി നേരിടുന്ന ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. എന്നാൽ ഇതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ഭൂമാഫിയകളും റിസോർട്ട്-ഹോട്ടൽ ലോബികളും വൻകിട വ്യവസായ-കച്ചവട ലോബികളും മതസ്ഥാപനങ്ങളും ആയിരിക്കും. ഭൂപതിവ് ചട്ട ഭേദഗതിയുടെ ഗുണഭോക്താക്കൾ കൃഷിക്കാരും സാധാരണക്കാരും ചെറുകിടക്കാരും ആകുന്ന തരത്തിൽ സർക്കാരിന് മാനദണ്ഡം കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്യാമായിരുന്നു. എന്നാൽ അത്തരത്തിലുള്ള യാതൊരു നീക്കവും സർക്കാർ നടത്താതെ ഉപാധികളോടെ നൽകിയ പട്ടയഭൂമി ഏത് വൻകിടക്കാർക്കും കുത്തകകൾക്കും റിസോർട്ട്-ഭൂമാഫിയകൾക്കും ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും പട്ടയഭൂമിയിൽ അനധികൃതമായി നിർമ്മിച്ച വ്യവസായ-വാണിജ്യ കെട്ടിടങ്ങൾക്ക് നിയമസാധുത നൽകാൻ ക്രമപ്പെടുത്താനുമുള്ള നീക്കമാണ് ഭേദഗതിയിലൂടെ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.

മുൻപ് കാർഷിക ആവശ്യങ്ങൾക്കോ വീട് വെക്കാനോ നൽകിയിട്ടുള്ള പട്ടയഭൂമിയിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ (ഉദാഹരണത്തിന് കടകൾ, ക്ലിനിക്കുകൾ, ചെറിയ വ്യവസായങ്ങൾ) നടത്തുന്നത് നിയമവിരുദ്ധമായിരുന്നു. പുതിയ ഭേദഗതിയിലൂടെ ഈ നിയന്ത്രണം നീക്കം ചെയ്യപ്പെടും. ഏറ്റവും അപകടകരമായ ഒരു വസ്തുത, പട്ടയഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് നിശ്ചിത ഫീസ് അടച്ച് ക്രമപ്പെടുത്താൻ (Regularization) ഈ ഭേദഗതി വഴിയൊരുക്കുന്നുണ്ട്. പട്ടയഭൂമിയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്കും വ്യവസായ-വാണിജ്യ-കച്ചവട സ്ഥാപനങ്ങൾക്കും ഇനി നിയമപ്രശ്‌നം നേരിടേണ്ടി വരില്ല എന്ന് മാത്രമല്ല, മൂന്നാറിലെയും ഇടുക്കിയിലെയും സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മുഴുവൻ കെട്ടിടങ്ങൾക്കും ഇതിലൂടെ നിയമപരിരക്ഷ ലഭിക്കും. കൃഷിക്കും വീടുവെക്കാനും നൽകിയിട്ടുള്ള ആയിരക്കണക്കിന് വ്യക്തിഗത പട്ടയങ്ങൾ കൈക്കലാക്കിയാണ് മൂന്നാർ-ഹൈറേഞ്ച് മേഖലകളിൽ അനധികൃതമായി പല വൻകിട റിസോർട്ടുകളും ഹോട്ടലുകളും വാണിജ്യ കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഇവയ്‌ക്കെല്ലാം ഈ ഭേദഗതിയിലൂടെ ഇനി നിയമപരിരക്ഷ ലഭിക്കും. സ്വകാര്യ ആവശ്യങ്ങൾക്കായി ഭൂമി മാറ്റം വരുത്തി ഉപയോഗിക്കുമ്പോൾ സർക്കാർ നിശ്ചയിക്കുന്ന പ്രത്യേക ഫീസ് (Conversion Fees) നൽകിയാൽ മാത്രം മതിയാകും.

ചട്ട ഭേദഗതിയിലൂടെ വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മിതികള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മിതികള്‍ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കും. കൂടാതെ 5000 സ്ക്വയര്‍ഫീറ്റിന് താഴെ വിസ്തീര്‍ണമുള്ള കൊമേഴ്സ്യൽ/ഇന്‍ഡസ്ട്രിയൽ കെട്ടിടങ്ങള്‍ക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. 5000 - 10,000 സ്ക്വയര്‍ഫീറ്റിനിടയിലുള്ള കെട്ടിടങ്ങള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ ന്യായവിലയുടെ ഒരു ശതമാനം ഈടാക്കും. 10,000 സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ന്യായവിലയുടെ രണ്ട് ശതമാനം ഈടാക്കും. ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയ്ക്ക് ന്യായവിലയുടെ അഞ്ച് ശതമാനം ഈടാക്കും. ക്വാറി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ 50% ഫീസ് നൽകി ക്രമവൽക്കരിക്കാം.

ലക്ഷക്കണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മതസ്ഥാപനങ്ങൾക്കുമായി സർക്കാർ ഉപാധികളോടെ പട്ടയം നൽകിയിരിക്കുന്നത്. എൽ.ഡി.എഫ്. സർക്കാർ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 4,10,958-ത്തിലധികം പട്ടയങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്. നിയമസഭാ രേഖകളും റവന്യൂ വകുപ്പിന്റെ ഔദ്യോഗിക കണക്കുകളും റവന്യൂ മന്ത്രിയുടെ നിയമസഭയിലെ മറുപടി പ്രകാരവും ഒന്നാം പിണറായി സർക്കാർ 2016 - 2021 കാലയളവിൽ 1,77,011 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ 2021 മെയ് മുതൽ 2025 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 2,33,947 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. മുൻ സർക്കാരുകളുടെ കാലത്ത് ഉപാധികളോടെ വിതരണം ചെയ്ത പട്ടയങ്ങൾ വേറെയുമുണ്ട്. ലക്ഷക്കണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ് ഈ പട്ടയങ്ങളിലൂടെ വിതരണം ചെയ്തിട്ടുള്ളത്. ഈ ഭൂമി മുഴുവൻ ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതോടെ ഹൈറേഞ്ച് മേഖലയിൽ ഭൂമാഫിയകളും കോർപ്പറേറ്റുകളും വർഷങ്ങളായി നേരിട്ട നിയമപ്രശ്നമാണ് ഇല്ലാതാകാൻ പോകുന്നത്.

2013-16 കാലത്ത് നടന്നിരുന്ന ടാറ്റ-ഹാരിസൺ ഉൾപ്പെടെയുള്ള മുഴുവൻ ഭൂമി ഏറ്റെടുക്കൽ നടപടികളെയും ഇടതുപക്ഷ സർക്കാർ അധികാരമേറ്റയുടൻ അട്ടിമറിക്കുകയാണ് ചെയ്തത്. സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ സത്യസന്ധമായി കോടതികളിൽ കേസ് വാദിക്കുകയും സമയബന്ധിതമായി തെളിവ് ഹാജരാക്കുകയും സർക്കാരിന് അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടർ സുശീല ആർ. ഭട്ടിനെ അധികാരമേറ്റയുടൻ മാറ്റുകയാണ് ഒന്നാം പിണറായി സർക്കാർ ചെയ്തത്. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ചിരുന്ന ഡോ. രാജമാണിക്യം ഐ.എ.എസിന്റെ സ്പെഷ്യൽ ഓഫീസ് സർക്കാർ ദുർബലപ്പെടുത്തി. അതോടെ മുഴുവൻ ഭൂമി ഏറ്റെടുക്കൽ നടപടികളും അട്ടിമറിക്കപ്പെട്ടു. ടാറ്റയ്ക്കും ഹാരിസൺ മലയാളത്തിനും ഉൾപ്പെടെയുള്ള തോട്ടം കുത്തകകൾക്ക് എതിരായ കേസുകൾ എങ്ങുമെത്താത്ത സ്ഥിതിവിശേഷമായി. ഈ വസ്തുതകൾ കൂടി ചേർത്ത് വായിക്കുമ്പോഴാണ് ഭൂപതിവ് ചട്ടങ്ങളിൽ ഇടതുപക്ഷ സർക്കാർ ഭേദഗതി കൊണ്ടുവരുന്നതിന്റെ യഥാർത്ഥ ലക്ഷ്യം ബോധ്യപ്പെടുകയുള്ളൂ.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, മധ്യകേരളത്തിലെയും ഇടുക്കി പോലുള്ള മലയോര മേഖലകളിലെയും വോട്ടർമാരെ സ്വാധീനിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഇടതുപക്ഷം കരുതുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഭൂമാഫിയകൾക്കും കുത്തകകൾക്കും വൻകിട റിസോർട്ട്-ഹോട്ടൽ ശൃംഖലകൾക്കും വേണ്ടിയുള്ള നീക്കമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത് എന്ന് വ്യക്തം.

Share this link