Author Image കെ. സന്തോഷ് കുമാർ
23 Mar 2026

ദാക്ഷായണി വേലായുധൻ അവാർഡ്: പ്രഖ്യാപനത്തിലൊതുങ്ങിയ ആദരം

സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽക്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വനിതകൾക്കായി ദാക്ഷായണി വേലായുധന്റെ പേരിൽ ഒന്നാം പിണറായി സർക്കാർ വലിയ അഭിമാനത്തോടെ പ്രഖ്യാപിച്ച 'ദാക്ഷായണി വേലായുധൻ അവാർഡ്' ഇതുവരെയും ആർക്കും നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 

സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽക്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വനിതകൾക്കായി ദാക്ഷായണി വേലായുധന്റെ പേരിൽ ഒന്നാം പിണറായി സർക്കാർ വലിയ അഭിമാനത്തോടെ പ്രഖ്യാപിച്ച 'ദാക്ഷായണി വേലായുധൻ അവാർഡ്' ഇതുവരെയും ആർക്കും നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വനിതാ ശിശുവികസന വകുപ്പ് 2026 മാർച്ച് 9-ന് അഡ്വ. എൻ.എസ്. ജ്യോതികുമാറിന് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇത് സൂചിപ്പിച്ചിട്ടുള്ളത്.

2019-ൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് അന്നത്തെ ധനമന്ത്രി ടി.എം. തോമസ് ഐസക് സർക്കാരിന്റെ അഭിമാന പദ്ധതിയായി ഈ പുരസ്കാരം ആദ്യമായി പ്രഖ്യാപിച്ചത്. ഇതിനായി രണ്ട് കോടി രൂപ സർക്കാർ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെത്തുടർന്ന് വൈകിയ പദ്ധതിക്ക് 2021 ജനുവരി 25-നാണ് സർക്കാർ ഭരണാനുമതി നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 2021-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ നൽകുമെന്ന് അന്നത്തെ വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഒരു സ്ത്രീക്കും അവാർഡ് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.

കുറഞ്ഞത് കഴിഞ്ഞ അഞ്ച് വർഷമെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും, സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും ഉതകുന്ന രീതിയിൽ പ്രവർത്തിക്കുന്നവരുമായിരിക്കണം അപേക്ഷകർ എന്ന് നിബന്ധനയുണ്ടായിരുന്നു. ഏറെ ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങൾ ആർജ്ജിച്ച വനിതകൾക്കും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ വനിതകൾക്കും മുൻഗണന നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പുരസ്കാരത്തിനുള്ള അപേക്ഷകൾ ജില്ലാതലത്തിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസുകളിലാണ് സ്വീകരിക്കുന്നത്. ലഭ്യമായ അപേക്ഷകൾ കളക്ടർ അധ്യക്ഷനായുള്ള ജില്ലാ സെലക്ഷൻ കമ്മിറ്റി പരിശോധിക്കും. ജില്ലാ വനിതാ ശിശുവികസന ഓഫീസർ കൺവീനറായ കമ്മിറ്റിയിൽ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ കളക്ടർ നോമിനേറ്റ് ചെയ്യുന്ന രണ്ട് സന്നദ്ധ സംഘടന പ്രതിനിധികൾ, ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എന്നിവർ അംഗങ്ങളായിരിക്കും. അപേക്ഷ പരിശോധിച്ചു ശുപാർശ ചെയ്യുന്ന നാമനിർദ്ദേശങ്ങൾ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് മുഖേന സർക്കാരിലേക്ക് സമർപ്പിക്കും. 14 ജില്ലകളിൽ നിന്നും ലഭിക്കുന്ന നോമിനേഷനുകൾ സർക്കാർ തലത്തിൽ രൂപീകരിക്കുന്ന ജെൻഡർ അഡൈ്വസറുടെ നേതൃത്വത്തിലുള്ള അവാർഡ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കും എന്നായിരുന്നു സർക്കാർ തീരുമാനം.

"ദാക്ഷായണി വേലായുധൻ കേരളത്തിന് മാത്രമല്ല, ഇന്ത്യക്ക് തന്നെ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വലിയൊരു മഹിളാരത്നമാണ്. 2019-ൽ ബഹുമാനപ്പെട്ട തോമസ് ഐസക് അവരുടെ പേരിൽ അവാർഡ് പ്രഖ്യാപിക്കുമ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. ആ സന്തോഷം കൊണ്ടാണ് അവാർഡ് ആർക്കൊക്കെ നൽകി എന്നറിയാൻ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞത്. എന്നാൽ ഇതുവരെ ഒരു സ്ത്രീക്കും ആ അവാർഡ് നൽകിയിട്ടില്ല എന്നറിഞ്ഞത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. വലിയ അനീതിയാണിത്. മന്നത്ത് പത്മനാഭന്റെയോ, അല്ലെങ്കിൽ ഉയർന്ന സമുദായത്തിലെ ഏതെങ്കിലും ഒരു ഉന്നത വ്യക്തിയുടെയോ പേരിലുള്ള അവാർഡാണ് ഇത്തരത്തിൽ പ്രഖ്യാപിക്കപ്പെട്ടതെങ്കിൽ സർക്കാർ നൽകാതിരിക്കുമോ? ഒരു ദലിത് സ്ത്രീയുടെ പേരിലുള്ള അവാർഡ് ആയതുകൊണ്ടല്ലേ സർക്കാർ ഇങ്ങനെ ചെയ്യുന്നത്?" എന്ന് വിവരാവകാശ രേഖ സമ്പാദിച്ച അഡ്വ. എൻ.എസ്. ജ്യോതികുമാർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ നൂറുകണക്കിന് സ്ത്രീകളാണ് സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനായും അവകാശങ്ങൾക്കായും പ്രവർത്തിക്കുന്നത്. ഇവരിൽ നിന്ന് ഒരാളെപ്പോലും അവാർഡിനായി കണ്ടെത്താൻ കഴിയാതെ പോകുന്നത് സർക്കാരിന്റെ ഭരണപരാജയത്തെയാണ് സൂചിപ്പിക്കുന്നത്.

The Roots Media - TOWARDS SOCIAL DEMOCRACY

Share this link