Author Image പ്രൊഫ. എം.എച്ച്. ഇല്യാസ്

അവകാശങ്ങളിൽ നിന്ന് അതിജീവനത്തിലേക്ക് മാറിയ മുസ്ലിം രാഷ്ട്രീയം

ഇന്ന് അതിജീവനത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് മുസ്‌ലിങ്ങൾ പോകുന്നത്. കാരണം റൈറ്റ് ടു എജുക്കേഷൻ അല്ലെങ്കിൽ റൈറ്റ് ടു ഫ്രീഡം ഓഫ് എക്‌സ്‌പ്രഷൻ തുടങ്ങിയ ഭരണഘടനാ അവകാശങ്ങൾക്ക് പകരം 'Right not to be killed' അല്ലെങ്കിൽ 'Right not to be lynched' എന്ന നിലയിലേക്ക് ഇന്ത്യ മാറി. മുസ്‌ലിങ്ങൾ കൊല ചെയ്യപ്പെടാതിരിക്കാനോ അല്ലെങ്കിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയാകാതിരിക്കാനോ ഉള്ള ഒരു അവകാശമാണ് ഇപ്പോഴത്തെ അവകാശം. അത്തരം അവകാശങ്ങളിലേക്ക് മാറിയിരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസറായ എം.എച്ച്. ഇല്യാസ് എഴുതുന്നു.

ദില്ലി സർവ്വകലാശാലയിലെ പ്രൊഫസർ ആയിരുന്ന നീര ചന്തോക്കിന്റെ ഒരു നിരീക്ഷണമുണ്ട്. ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ വളരെ ചേരുന്ന ഒരു നിരീക്ഷണമാണ് അത്. കഴിഞ്ഞ 30 വർഷം അതല്ലെങ്കിൽ 40 വർഷം—കുറച്ചുകൂടി പിന്നോട്ടു പോയാൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം—ഇന്ത്യൻ രാഷ്ട്രീയം അല്ലെങ്കിൽ ഇന്ത്യൻ ജനത മനസ്സിലാക്കിയതും അനുഭവിച്ചറിഞ്ഞതും പരിചയപ്പെട്ടതുമായ ഒരുപാട് സമരങ്ങളുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ ബലപ്പെടുത്തുന്ന, പ്രത്യേകിച്ച് ഒരു ആരോഗ്യമുള്ള സിവിൽ സൊസൈറ്റിയെ രൂപപ്പെടുത്തുന്ന തരത്തിലുള്ള, അതിലേക്ക് വഴി വെക്കുന്ന പല രാഷ്ട്രീയ ഇടപെടലുകളും, സാമൂഹ്യ പ്രസ്ഥാനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും പുറത്തുള്ള സംഘടനകളിൽ നിന്നും ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി കഴിഞ്ഞ കുറേ കാലമായിട്ട് നമ്മൾ പലതരത്തിലുള്ള അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. അടിയന്തരാവസ്ഥ കാലത്തിനുശേഷമോ, 90-കളുടെ ആദ്യത്തിലോ അല്ലെങ്കിൽ 2000-ത്തിന്റെ ആദ്യത്തിലോ നമ്മൾ നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന പല അവകാശങ്ങളുണ്ട്. ഭരണകൂടവും ഈ അവകാശങ്ങളെ മനസ്സിലാക്കുവാനും അതിനോട് പ്രതികരിക്കുവാനും തുടങ്ങുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഇന്ത്യയിൽ പതുക്കെ പതുക്കെ ഉണ്ടാകുന്നുണ്ട്. ഇത്തരം ചർച്ചകളെ അവഗണിക്കാൻ ഭരണകൂടങ്ങൾക്കുതന്നെ സാധിക്കാത്ത ഒരവസ്ഥ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ട്.

ആർ.ടി.ഐ. എന്ന് പറയുന്ന റൈറ്റ് ടു ഇൻഫർമേഷൻ ആക്ട്, വിദ്യാഭ്യാസത്തിനുള്ള അവകാശം, അഥവാ ആർ.ടി.ഇ. എന്ന് പറയുന്ന റൈറ്റ് ടു എജുക്കേഷൻ, ഇങ്ങനെ ഒരുപാട് അവകാശങ്ങളുടെ കാലഘട്ടമായിരുന്നു ഈ കഴിഞ്ഞ കുറെ വർഷങ്ങൾ. പക്ഷെ അതിൽ നിന്ന് കഴിഞ്ഞ 15 വർഷക്കാലത്തേക്ക് എന്ത് മാറ്റങ്ങൾ ഉണ്ടായി? ഈ ഓരോ അവകാശങ്ങളും എടുത്തുമാറ്റിക്കൊണ്ട്, ജോർജിയോ അഗംബൻ പറഞ്ഞപോലെ തൊലി ഉരിഞ്ഞു ഉരിഞ്ഞു പോയിടം അവസാനം, വെറും ശരീരമായി, ഒരു 'ബെയർ മിനിമം ലൈഫ്' (Bare Life) എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്ന അധികാര അവകാശങ്ങളുടെ എടുത്തുകളയൽ ഈ കാലഘട്ടത്തിൽ ഭംഗിയായിട്ട് നടക്കുന്നുണ്ട്. പ്രത്യേകിച്ചും മുസ്ലീങ്ങളുടെ കാര്യത്തിൽ. 

മറ്റുപല അവകാശങ്ങളിൽ നിന്നൊക്കെ മാറി ഇപ്പോൾ അതിജീവനത്തിനുള്ള അവകാശത്തെക്കുറിച്ച് ചിന്തിക്കുവാനുള്ള അവസ്ഥയിലേക്കാണ് മുസ്ലിങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. കാരണം റൈറ്റ് ടു എജുക്കേഷൻ അല്ലെങ്കിൽ റൈറ്റ് ടു ഫ്രീഡം ഓഫ് എക്സ്പ്രഷൻ തുടങ്ങിയ ഭരണഘടനാ അവകാശങ്ങൾക്ക് പകരം 'Right not to be killed' അല്ലെങ്കിൽ 'Right not to be lynched' എന്ന നിലയിലേക്ക് സാഹചര്യങ്ങൾ മാറി. കൊല ചെയ്യപ്പെടാതിരിക്കാനോ അല്ലെങ്കിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയാകാതിരിക്കാനോ ഉള്ള ഒരു അവകാശമാണ് ഇപ്പോഴത്തെ അവകാശം.

ഇന്ത്യയിലെ പൗരന്മാർ എന്ന് പറയുന്ന ഒരു അവസ്ഥയിൽ നിന്ന് പോപ്പുലേഷൻ എന്ന് പറയുന്ന രീതിയിലേക്ക് മുസ്ലിങ്ങൾ മാറുന്ന അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒരാൾക്കൂട്ടം അല്ലെങ്കിൽ ഒരു ജനത. ദളിതർക്കും സമാനമായ ഒരു അവസ്ഥ ഉണ്ടെങ്കിലും കൂടുതൽ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് മുസ്ലിം ജീവിതത്തിൽ നിന്നാണ്.

പൗരത്വം എന്ന് പറയുന്നത് അത് വിഭാവനം ചെയ്യുന്ന രീതിയിൽ ഉൾച്ചേർന്നിട്ടുള്ള പലതരത്തിലുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ടാണ്. ഇന്ന് നമ്മൾ ഒരു റൈറ്റ് ബെയറിംഗ് സിറ്റിസൺ (Right-bearing citizen) ആണ്. ഇന്ത്യയുടെ ഒരു സിറ്റിസൺ എന്ന് പറയുമ്പോൾ നമ്മൾക്ക് ചില അവകാശങ്ങൾക്ക് അർഹതയുണ്ട്. ആ എന്റൈറ്റിൽമെന്റ് എപ്പോഴും പ്രധാനമാണ്. അത്, നിയമപരമായ അവകാശങ്ങളുണ്ടാവാം, പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾക്കുള്ള അവകാശങ്ങളുണ്ടാവാം, സ്വത്തവകാശമുണ്ടാവാം. ഇങ്ങനെ ഒരുപാട് അവകാശങ്ങളുടെ ഒന്നിച്ചുചേർന്ന രൂപമാണ് നമ്മളുടെ പൗരത്വം. ഈ പൗരത്വം ഒരു ഗ്യാരന്റിയാണ്. ഈ ഗ്യാരന്റി ഭരണകൂടം തരുന്നതാണ്. അല്ലെങ്കിൽ ഒരു കോൺട്രാക്റ്റിന്റെ ഭാഗമായിട്ട് നമ്മളും ഭരിക്കുന്ന ഗവൺമെന്റും തമ്മിൽ, നമ്മൾ വോട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ട് അല്ലെങ്കിൽ നമ്മൾ ഒരു ലെജിറ്റിമസി (Legitimacy) കൊടുക്കുന്നതിന്റെ ഭാഗമായിട്ട് നമുക്ക് തരുന്ന ചില അവകാശങ്ങളാണ്.

ഈ അവകാശങ്ങളെല്ലാം പറിച്ചെറിയപ്പെട്ട ഒരു ജനതയായി മുസ്ലിങ്ങൾ കഴിഞ്ഞ കുറച്ചു കാലമായിട്ട് വളരെ കൃത്യമായിട്ട് കാണുന്നുണ്ട്. അതിനു മുമ്പ് ഉണ്ടായിരുന്നോ ഉണ്ടായിരുന്നില്ലേ എന്നൊക്കെയുള്ളത് വേറെ ചോദ്യം. പക്ഷെ ഈ പ്രശ്നം വളരെ വ്യക്തമായി കാണാൻ പറ്റുന്ന തരത്തിലുള്ള ഒരു ജീവിതമായിട്ട് മുസ്ലിം ജീവിതം ഇന്ന് മാറിയിട്ടുണ്ട്.

അതിൽ ഒന്ന് ഏറ്റവും പ്രധാനപ്പെട്ട സംഗതി മുസ്‌ലിംവിരുദ്ധമായ ഒരു പശ്ചാത്തലം ഒരുക്കലാണ്. ഈ പശ്ചാത്തലം സൃഷ്ടിക്കാൻ ഏറ്റവും സഹായകമായ കാര്യം മുസ്ലിം വ്യക്തി നിയമ പരിഷ്കരണമാണ്. ഇത്തരം പരിഷ്കരണങ്ങൾ എന്ന് പറയുന്നത് പലപ്പോഴും സാധാരണ ജനാധിപത്യപരമായ രീതിയിൽ ചർച്ച ചെയ്തോ, അല്ലെങ്കിൽ നിയമത്തിലൂടെയോ സാധ്യമാക്കേണ്ടുന്ന ഒന്നാണ്. മറിച്ച് ഈ രണ്ടു പരിഷ്കരണ രീതികളിൽ നിന്ന് മാറി, 'ശിക്ഷിക്കലൂടെ’ പരിഹരിക്കേണ്ട ഒരു പ്രശ്നമായിട്ടാണ് ഇതിനെ കാണുന്നത്.

മുത്തലാഖ് നടപ്പാക്കുന്ന രീതി ചർച്ച ചെയ്യപ്പെടേണ്ടതാണ്, ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അല്ലെങ്കിൽ മുസ്ലിം സ്വത്തവകാശത്തിൽ പ്രശ്നമുണ്ടെന്ന് നമ്മൾ കാലങ്ങളായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നത് മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന ഇത്തരം സംഗതികളെ ക്രിമിനൽ കുറ്റമായി കണ്ടോ, മുസ്ലീങ്ങളെ ക്രിമിനൽ ആയി കണ്ടോ ആണ്.

ഈ പരിഷ്കരണം എന്ന് പറയുന്നത്- പലപ്പോഴും അറബ് രാജ്യങ്ങളുടെ കാര്യത്തിൽ എ.കെ. രാമകൃഷ്ണൻ സൂചിപ്പിക്കാറുള്ള സംഗതിയുണ്ട്—പരിഷ്കരിക്കുക എന്ന് പറയുന്നത് ഒരു ഭീഷണിയാണ്. അമേരിക്ക അറബ് രാജ്യങ്ങളോട് നിങ്ങളെ ജനാധിപത്യപരമായി പരിഷ്കരിച്ചുകളയും എന്നാണ് പറയാറ്. ഇതൊരു ഭീഷണിയാണ്. പല അറബ് ഭരണകൂടങ്ങളോടും നിങ്ങൾ ഞങ്ങളുടെ വരുതിക്ക് വന്നില്ലെങ്കിൽ നിങ്ങളെ ഞങ്ങൾ ജനാധിപത്യപരമായി പരിഷ്കരിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തുന്നു. നിങ്ങളെ പരിഷ്കരിക്കുന്നത് യുദ്ധത്തിലൂടെയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ശിക്ഷയിലൂടെയാണ്. ഇത്തരം പരിഷ്കരണ വാദങ്ങൾ പലപ്പോഴും അവരോടുള്ള ഒരു ഭീഷണിയായിട്ടാണ് തോന്നാറുള്ളത്. ട്രിപ്പിൾ തലാഖിന്റെ വിഷയമായാലും മുസ്ലിം സ്വത്തവകാശത്തിന്റെ വിഷയമായാലും- ഇവയെല്ലാം ശരിക്കും ഒരു ഇക്വാലിറ്റിയുടെ പ്രശ്നമാണ്. അതൊക്കെ നീണ്ട ചർച്ചയ്ക്ക് വിധേയമാവേണ്ട ഒന്നാണ്. അതിൽ നിന്ന് മാറി, കൃത്യമായിട്ട് ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രം മാറ്റാൻ പറ്റുന്ന സംഗതിയായിട്ട് ഇത് മാറി.

മറ്റൊരു പ്രധാനപ്പെട്ട കാര്യം മുസ്ലിം ചരിത്രമാണ്. മുഗൾ ചരിത്രത്തെ എൻ.സി.ആർ.ടി. (NCERT) സിലബസിൽ നിന്നോ സി.ബി.എസ്.ഇ. (CBSE) സിലബസിൽ നിന്നോ എടുത്തു മാറ്റുന്നതിനെക്കുറിച്ചല്ല പറയുന്നത്. മറിച്ച് മുസ്ലിം ചരിത്രത്തെ എങ്ങനെ ഈ പശ്ചാത്തലത്തേക്ക് ഘടിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ്. “ഏഴാം നൂറ്റാണ്ടിലെ ചരിത്രം” തുടങ്ങി ഒരു “പ്രീ-മോഡേൺ” ചരിത്രം വരെ എങ്ങനെ മുസ്ലീങ്ങളുടെ ചരിത്രം അവതരിപ്പിക്കപ്പെടുന്നു എന്നത് പ്രധാനമാണ്. എപ്പോഴും ഈ പരിഷ്കരണത്തെ ന്യായീകരിക്കാൻ വേണ്ടിയിട്ട് മുസ്ലീങ്ങളുടെ ഒരു പ്രത്യേക ചരിത്രം അവതരിപ്പിക്കാറുണ്ട്. ഈ അവതരിപ്പിക്കുന്ന ചരിത്രം പലപ്പോഴും യഥാർത്ഥ മുസ്ലിം ചരിത്രത്തെ നിരാകരിക്കുന്നതാണ്. മുസ്ലിങ്ങൾക്കിടയിൽ നടന്ന റിഫോം മൂവ്‌മെന്റുകൾ എന്ന് പറയുന്ന നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ഒരിക്കലും ഇത് വില കൊടുക്കാറില്ല. സർ സയ്യിദ് അഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ ഉണ്ടായിട്ടുള്ള വലിയൊരു മൂവ്‌മെന്റ് ഉണ്ട്—അലീഗഢ് മൂവ്‌മെന്റ്. ജാമിയ പോലത്തെ ഇൻസ്റ്റിറ്റ്യൂഷനുകൾ ഉണ്ടാക്കിയിട്ടുള്ള വലിയ മാറ്റങ്ങളുണ്ട്. ഈ മാറ്റങ്ങളെ ഒരിക്കലും അഡ്രസ്സ് ചെയ്യുന്ന രീതിയിലല്ല ഈ 'പരിഷ്കരണത്തിന്റെ വക്താക്കൾ’ കാര്യങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിനായി വളരെ ഫെമിലിയർ ആയിട്ടുള്ള ഒരു പാറ്റേൺ ഇതിന്റെ വക്താക്കൾ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് സൂഫിസത്തെ ഉപയോഗിച്ച്. സൂഫിസം എന്ന് പറയുമ്പോൾ നമുക്ക് പെട്ടെന്ന് മനസ്സിൽ കടന്നുവരുന്നത് ആത്മീയതയുടെയും, സ്നേഹത്തിന്റെയും സംഗീതത്തിന്റെയും ആയി ഒരുപാട് കാര്യങ്ങളാണ്. എന്നാൽ അത്തരം അർത്ഥങ്ങളുള്ള ഒരു സംഗതിയല്ല ഇന്ന് ഭരണകൂടം ഉപയോഗിക്കുന്ന സൂഫിസം. സൂഫിസം എളുപ്പത്തിൽ കടന്നുചെല്ലാവുന്ന, ഭരണകൂടത്തിന് ഇടപെടാവുന്ന, ഒരു പ്രത്യേക ജനതയെ മാറ്റിയെടുക്കാവുന്ന ഒരു സംഗതിയായിട്ട് മാറിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പല സൂഫി നേതാക്കന്മാരായിട്ട് പ്രധാനമന്ത്രിക്ക് വളരെ നല്ല ബന്ധമുണ്ട്. വിശ്വാസപരമായി ഇടപെടേണ്ട ഒരു സമൂഹം എന്ന നിലയ്ക്കല്ല, മറിച്ച് രാഷ്ട്രീയമായി എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന "നല്ല മുസ്ലിം പൗരന്മാർ" എന്ന നിലക്കാണ് സൂഫികളെ കാണുന്നത്. യഥാർത്ഥത്തിൽ എല്ലാത്തരം അധികാര രൂപങ്ങളോടും കലഹിക്കുന്ന ഒരു പാരമ്പര്യമാണ് സൂഫിസത്തിനുള്ളത്.

രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഹിലാൽ അഹമ്മദ് ഒരു നിരീക്ഷണത്തിൽ രണ്ടു തരത്തിൽ മുസ്ലിം സ്വത്വത്തെ (Muslimness) കാണാം എന്ന് പറയനുണ്ട്. ഒന്ന് സബ്സ്റ്റന്റീവ് (Substantive) ആയിട്ടുള്ള ഒരു മുസ്ലിം സ്വത്വം. അതിൽ സാധാരണമായി ജീവിക്കുന്ന മുസ്ലിങ്ങളെ കുറിക്കുന്നതാണ്—ലിവ്ഡ് ഇസ്‌ലാം (Lived Islam). മുസ്ലീങ്ങളുടെ ഇടയിൽ ജാതിയുണ്ട്, വിവേചനങ്ങളുണ്ട്, ഭാഷാപരമായ വ്യത്യാസങ്ങളുണ്ട്.

ഇന്ത്യയിൽ നടക്കുന്ന രാഷ്ട്രീയ ചർച്ചകളിൽ മുസ്ലീങ്ങളുടെ ജീവിതത്തെ ഇവർ എത്രത്തോളം മനസ്സിലാക്കുന്നുണ്ട്? അതിനു പകരം വേറൊരു സംഗതിയാണ് പലപ്പോഴും മുൻതൂക്കം നേടുന്നത്. വ്യവഹാരത്തിലെ ഇസ്‌ലാം (Islam in discourse). ആ ഒരു പരികല്പനയിലാണ് ഇന്ത്യയിലെ മുസ്ലിങ്ങളെ ഫിക്സ് ചെയ്തിരിക്കുന്നത്.

അതിന്റെ ചരിത്രം എന്ന് പറയുന്നത് ഏഴാം നൂറ്റാണ്ടിലെ ചരിത്രമാണ്. വ്യവഹാരത്തിലെ ഈ ഇസ്‌ലാം എന്നത് ആശയപരമായി നിർമ്മിച്ചെടുത്തിട്ടുള്ള (Conceptually created) ഒന്നാണ്. അത് ടിവിയിൽ കാണുന്ന മുസ്ലിമാണ്. സ്ട്രീറ്റ് ലെവൽ ഇന്ററാക്ഷനിലൂടെ മനസ്സിലാക്കാൻ പറ്റുന്ന മുസ്ലിമല്ല അത്. ആ മുസ്ലിമിനെ ഏഴാം നൂറ്റാണ്ടിലെ നന്മയോ തിന്മയോ ഒക്കെയായിട്ടാണ് കണക്ട് ചെയ്യുന്നത്.

എത്രയോ കാലം ഇവിടെ ജീവിച്ച, പ്രത്യേകിച്ച് കേരളത്തെപ്പോലെയുള്ള സ്ഥലത്ത് പല ജാതികൾക്കും മുൻപേ ഉണ്ടായ ഒരു ജനവിഭാഗമാണ് മുസ്ലിങ്ങൾ. ഈ മുസ്ലിങ്ങളുടെ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വ്യവഹാരങ്ങൾ നമ്മൾക്ക് അറിയാം. പക്ഷെ നമ്മൾ ഇത് മനസ്സിലാക്കുന്നത് ദേശീയമായി സെറ്റ് ചെയ്തിട്ടുള്ള ഒരു വ്യവഹാരത്തിലൂടെയാണ്. ഇതിനെ ചലഞ്ച് ചെയ്യാൻ പറ്റുന്ന ഇടപെടലുകൾ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇല്ല എന്ന് തന്നെ പറയാം. ചില മൂവ്‌മെന്റുകൾ മാത്രമാണ് അതിനെ അഡ്രസ്സ് ചെയ്യുന്നത്.

നമ്മൾ സാധാരണ 'മുസ്ലിം', 'ഇസ്‌ലാം' എന്ന് പറയുന്നത് രണ്ടും വ്യത്യസ്തമാണ്. അർത്ഥതലത്തിലും വിശ്വാസതലത്തിലും വ്യത്യാസമുണ്ട്. ഇത് പലപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. മുസ്ലിം എന്ന് പറയുമ്പോൾ ഒരു സമുദായത്തിൽ പെടുന്ന, കളക്ടീവ് ആയി ജീവിക്കുന്ന ആളുകളാണ്. മറിച്ച് ഇസ്‌ലാം എന്ന് പറയുന്നതിന് നമുക്കൊരു ധാരണയുണ്ട്—അതിനൊരു തിയോളജി ഉണ്ട്, ടെക്സ്റ്റ് ഉണ്ട്. ഹദീസ്, ശരീഅത്ത് എന്നൊക്കെ പറയുന്ന ഉപടെക്സ്റ്റുകളുണ്ട്. ഇസ്‌ലാമിനെ കോൺസ്റ്റിറ്റ്യൂഷണലൈസ് (Constitutionalize) ചെയ്യുക എന്നത് ഇപ്പോഴും നമുക്ക് വലിയൊരു പ്രശ്നമാണ്.

അതുപോലെ 'മുസ്ലിം', 'ഇസ്‌ലാം' എന്ന് പറയുന്നത് അർത്ഥതലത്തിലും വിശ്വാസതലത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു, ഇത് പലപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. മുസ്ലിങ്ങൾ എന്ന് പറയുമ്പോൾ ഒരു സമുദായത്തിൽ പെടുന്ന, കളക്ടീവ് ആയി ജീവിക്കുന്ന ആളുകളാണ്. മറിച്ച് ഇസ്‌ലാം എന്ന് പറയുന്നതിന് മറ്റൊരു ആശയതലമുണ്ട്. അതിനൊരു തിയോളജി ഉണ്ട്, ടെക്സ്റ്റ് ഉണ്ട്. ഹദീസ്, ശരീഅത്ത് എന്നൊക്കെ പറയുന്ന ഉപടെക്സ്റ്റുകളുണ്ട്. ഇസ്‌ലാം ഒന്നാണ് എന്നാൽ മുസ്ലിങ്ങൾ പലതരമാണ്. ആധുനികതയടക്കം ചരിത്രത്തിന്റെ പലതരം അടരുകളാണ് വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മുസ്ലിം സമൂഹങ്ങളെ രൂപപ്പെടുത്തിയിട്ടുള്ളത്. അസീസുൽ ആസ്മ എന്ന് പറയുന്ന അറബ് ചിന്തകൻ അദ്ദേഹത്തിന്റെ പുസ്തകത്തിന് കൊടുത്തിരിക്കുന്ന പേര് 'Islams and Modernities' എന്നാണ്. കാശ്മീരിലെ മുസ്ലീങ്ങളും ലക്ഷദ്വീപിലെ മുസ്ലീങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങളും അറബ് ലോകത്തെ മുസ്ലീങ്ങളും വ്യത്യസ്തരാണ്. കേരളത്തിൽ തന്നെ പലതരം വിശ്വാസപരവും സാമൂഹികവുമായ വ്യത്യാസങ്ങളുണ്ട്.

രാഷ്ട്രീയ ഭാവനകളിൽ പോലും വ്യത്യാസമുണ്ട്. ഉത്തരേന്ത്യൻ മുസ്ലീങ്ങളുടെ ദേശീയപൂർവ്വ രാഷ്ട്രീയം തുർക്കിയിൽ നിന്നോ സെൻട്രൽ ഏഷ്യയിൽ നിന്നോ വന്നവരുടെ രാഷ്ട്രീയ ഭാവനയുമായി ബന്ധപ്പെട്ടതാണ്. അത് ഭൂ-കേന്ദ്രീകൃത (land-centric) ആയിട്ടുള്ള സാമ്രാജ്യങ്ങളുടെ ചരിത്രമാണ്. എന്നാൽ കേരള മുസ്ലീങ്ങളുടെ രാഷ്ട്രീയ ഭാവന വ്യത്യസ്തമാണ്. ഇവിടുത്തെ ദേശീയത അല്ലെങ്കിൽ പൊളിറ്റിക്കൽ ഇമാജിനേഷൻ രൂപപ്പെടുന്നത് ഇന്ത്യൻ ഓഷ്യൻ റീജിയണിലൂടെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പല ഭാഗങ്ങളിലായി ജീവിച്ചിരുന്ന ആളുകളുടെ ജീവിതരീതി പങ്കിട്ട് അതിനെ ഷെയർ ചെയ്യുന്ന ഒരു കമ്മ്യൂണിറ്റിയാണിത്. അതുകൊണ്ടാണ് മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനം കേരളത്തിൽ പരിചയപ്പെടുത്താൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടു പോയത്. ഖിലാഫത്ത് എന്നത് ഉത്തരേന്ത്യക്കാരന് പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാവുന്ന സംഗതിയാണ്. എന്നാൽ കേരള മുസ്ലിങ്ങളെ സംബന്ധിച്ച് തുർക്കിഷ് ഖലീഫ കണക്ട് ചെയ്യാൻ പറ്റുന്ന രാഷ്ട്രീയ ബിംബമായിരുന്നില്ല.

അറക്കൽ ബീവി എന്നൊരു ഭരണാധികാരി ഉണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഭാഗം ഭരിച്ചിരുന്ന രാജവംശത്തിന്റെ അധിപ. അവരുടെ ബന്ധം തൊട്ടടുത്ത തമിഴ്നാട്ടിലോ കർണാടകയിലോ ഉള്ളവരേക്കാൾ കൂടുതൽ ഒമാനിലെ ഭരണാധികാരികളുമായിട്ടായിരുന്നു. അവർക്ക് ലക്ഷദ്വീപുമായി വലിയ ബന്ധമുണ്ടായിരുന്നു. അറക്കൽ ബീവിയുടെ ആങ്ങള മരിക്കുമ്പോൾ തുർക്കിയിലെ സുൽത്താൻ കത്തയക്കുന്നുണ്ട്. അത്രയും വലിയ ബന്ധങ്ങളുണ്ടായിരുന്നു അവർക്ക്. കേരളത്തിലെ മുസ്ലീങ്ങൾ മാത്രമല്ല യഹൂദരായാലും ക്രിസ്ത്യാനികളായാലും, പൊതുവിൽ വെസ്റ്റ് ഏഷ്യയിൽ നിന്ന് വന്നവരുടെ ദേശീയപൂർവ്വ രാഷ്ട്രീയ ഭാവനകൾ ഇന്ത്യൻ മഹാ സമുദ്രത്തിലെ പല ഭൂപ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടന്നിരുന്നു.

സയ്യിദ് ഫസൽ മമ്പുറം തങ്ങളുടെ കാര്യം നോക്കുക. ബ്രിട്ടീഷുകാർ അദ്ദേഹത്തെ മലബാറിൽ നിന്നും നാടുകടത്തി. മമ്പുറം തങ്ങളെ നാടുകടത്തിയത് മലബാർ പോരാട്ടത്തിന്റെ വലിയൊരു ഹേതുവായിരുന്നു. അദ്ദേഹം പുറത്താക്കപ്പെട്ടപ്പോൾ നേരെ പോയത് ജിദ്ദയിലേക്കാണ്. അവിടെ അദ്ദേഹം സയ്യിദ് ഫസൽ ഹദറമി എന്നറിയപ്പെട്ടു. അതുകഴിഞ്ഞ് അദ്ദേഹം ഒമാനിൽ ഗവർണറായി. അവിടെ അദ്ദേഹത്തെ സയ്യിദ് ഫസൽ മാപ്പിള എന്ന് വിളിച്ചിരുന്നു. അദ്ദേഹം അവസാനം തുർക്കിയിലെ ഖലീഫ ഹാമിദ് പാഷ രണ്ടാമന്റെ ഉപദേശകനായിരുന്നു. അവിടെ അദ്ദേഹം സയ്യിദ് ഫസൽ പാഷ എന്നറിയപ്പെട്ടു. അദ്ദേഹത്തിന് നാല് വ്യത്യസ്തമായ ജീവിതങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സയ്യിദ് ഫദലിന്റെ ജീവിതം കേരള ചരിത്രത്തിൽ നേരാംവണ്ണം ചർച്ചചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഇത്തരം ബൃഹത്തായ ജീവിതങ്ങളെ മനസ്സിലാക്കാൻ നമ്മുടെ സ്റ്റാൻഡേർഡ് ഹിസ്റ്ററിയിൽ ഇടമില്ല.

യഹൂദ കച്ചവടക്കാരനായ എസക്കിയേൽ റഹാബിയുടെ കാര്യം നോക്കുക. റെഡ് സീ പോർട്ടുകളിൽ അദ്ദേഹത്തിന് കപ്പലുകളുണ്ടായിരുന്നു.

നമ്മുടെ രാഷ്ട്രീയ ഭാവനകൾ എപ്പോഴും ഇടുങ്ങിയതായിരുന്നു. കൊച്ചിയിൽ നിന്ന് തിരുവിതാംകൂറിലേക്ക് പോയാൽ രാജ്യം വിട്ടു എന്ന് കരുതുന്ന ഒരു ജിയോഗ്രഫിക്കൽ ഇമാജിനേഷൻ ആയിരുന്നു നമുക്ക്. കടൽ കടന്നാൽ ജാതി പോകും എന്ന് വിശ്വസിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. അടുത്ത കാലത്ത് ഒരു ഒബ്‌സർവേഷൻ കണ്ടു—തിരുവനന്തപുരത്ത് പാർവ്വതി പുത്തനാർ എന്ന വലിയ തോട് നിർമ്മിച്ചതിനെക്കുറിച്ച്. കടലിലൂടെ പോയാൽ ജാതി പോകുമെന്നതിനാൽ, ജാതി സംരക്ഷിച്ചുകൊണ്ട് യാത്ര ചെയ്യാൻ വേണ്ടി കടലിന് പാരലൽ ആയി ഒരു തോട് നിർമ്മിക്കുകയായിരുന്നു. അത്രയ്ക്ക് ഇടുങ്ങിയ ലാൻഡ് സെൻട്രിക് ജീവിതമായിരുന്നു നമുക്കുണ്ടായിരുന്നത്. അത്തരം ഇടുങ്ങിയ ഭാവനകളെ ഉല്ലംഘിച്ചിരുന്നത് ഇവിടത്തെ താഴ്ന്ന ജാതിയിൽ ഉള്ളവരായിരുന്നു. പ്രത്യേകിച്ചും കടൽ യാത്ര നടത്തി അന്യദിക്കുകളിൽ കപ്പൽ പണിക്കുപോയിരുന്ന മരപ്പണിക്കാരെ പോലുള്ളവർ.

മുസ്ലിങ്ങളുടെ സമകാലീന സാമൂഹ്യ അവസ്ഥയിലേക്ക് വന്നാൽ സാമൂഹികമായി താരതമ്യപ്പെടുത്തേണ്ട ജനത സിഖുകാരാണ്. ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ച് നമ്മൾക്കറിയാം. 3000-ത്തോളം പേരെയാണ് ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം കൊന്നുകളഞ്ഞത്. യഹൂദ കൂട്ടക്കൊലയ്ക്ക് സമാനമായ കാര്യങ്ങളാണ് ഡൽഹിയിൽ നടന്നത്. ഞാൻ 89-ലാണ് ആദ്യമായി ഡൽഹിയിൽ ചെല്ലുന്നത്. സിഖ് ഡ്രൈവർമാർ ഓടിക്കുന്ന റിക്ഷകളിലും ടാക്സികളിലും യാത്ര ചെയ്യരുതെന്ന ഉപദേശങ്ങൾ അപ്പോഴും നിലനിൽക്കുന്നുണ്ടായിരുന്നു.

സർദാർമാർ അന്നത്തെ കാലത്ത് സിനിമയിലും സാഹിത്യത്തിലും ഒരു ക്യാരിക്കേച്ചർ മാത്രമായിരുന്നു. ആളുകൾ ചിരിച്ചു തള്ളുന്ന ഒരു കോമാളി രൂപം. എന്നാൽ സർദാർമാർ എങ്ങനെ ഈ ന്യൂനപക്ഷ പ്രതിസന്ധിയെ മറികടന്നു എന്നത് വലിയൊരു മാതൃകയാണ്. അവർ വൈലൻസ് കൊണ്ടല്ല, ബുദ്ധിപരമായിട്ടാണ് അതിനെ മറികടന്നത്.

ദില്ലിയിലും ഉത്തരേന്ത്യയിലെ പല പട്ടണങ്ങളിലും ചെറിയ കടകൾ നടത്തിയിരുന്ന, ടാക്സി ഓടിച്ചിരുന്ന സിഖുകാർ കാനഡയിലേക്കോ ഇംഗ്ലണ്ടിലേക്കോ പോയി സാമ്പത്തികമായി മെച്ചപ്പെട്ടു. അവർ ആ സമ്പത്ത് ഇവിടെ സാംസ്കാരിക മൂലധനമാക്കി (Cultural capital) മാറ്റി. ഇന്ന് ഇന്ത്യയിലെ പല ചാനലുകളും സിനിമ വിതരണവും ഒക്കെ നിയന്ത്രിക്കുന്നത് സിഖുകാരാണ്. ഇന്ന് സിനിമാരംഗത്ത് അവർ കോമാളികളല്ല, 'സിംഗ് ഈസ് കിംഗ്' എന്ന അവസ്ഥയാണ്.

സമാനമായ ഒരു മാറ്റം മുസ്ലീങ്ങളിലും ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇപ്പോൾ ഷഹീൻ ബാഗ് സമരം നോക്കുക. അതിനെ വ്യത്യസ്തമാക്കുന്നത് അതിൽ പങ്കെടുത്ത ആളുകളാണ്—സ്ത്രീകളും കുട്ടികളും. വിദ്യാർത്ഥികളുടെ ഒരു വലിയ പൊളിറ്റിക്കൽ ഇന്റർവെൻഷൻ ആയിരുന്നു അത്. പൗരത്വ പ്രശ്നങ്ങളെ തെരുവിലേക്ക് കൊണ്ടുവന്നത് അവരാണ്. ഷഹീൻ ബാഗ് ഏതാണ്ട് ഒരു സ്റ്റേറ്റ് ഓഫ് എക്‌സെപ്ഷൻ (State of exception) എന്ന അവസ്ഥ നിലനിൽക്കുന്ന ഇടം പോലെയാണ്.

അവിടെ ബാങ്കുകളില്ല, ഒഫീഷ്യൽ വാട്ടർ സപ്ലൈ ഇല്ല. അങ്ങനത്തെ ഒരിടത്തു നിന്നാണ് സ്ത്രീകൾ മുന്നോട്ടുവന്നത്. പഴയ കോൺഗ്രസ് സിസ്റ്റം ഉണ്ടാക്കിക്കൊണ്ടുവന്ന 'മുസ്‌ലിം എലീറ്റ്' രാഷ്ട്രീയത്തെ അത് തകർത്തു. ഇമാംമാരെയോ സൽമാൻ ഖുർഷിദിനെപ്പോലെയുള്ള നേതാക്കളെയോ അല്ല അവർ പിൻപറ്റിയത്. അത് പുതിയൊരു തുറക്കലായിരുന്നു. കോവിഡ് വന്നതുകൊണ്ട് അതിന്റെ സാധ്യതകൾ മങ്ങിയെങ്കിലും അതൊരു വലിയ സാധ്യതയായിരുന്നു.

ഉത്തരേന്ത്യൻ മുസ്ലിം രാഷ്ട്രീയത്തിന് ഇന്ത്യാവിഭജനത്തിന്റെ വലിയൊരു ബാധ്യത ചുമക്കേണ്ടി വരുന്നുണ്ട്. എന്നാൽ, 90-കളിലും 2000-ത്തിലും ദളിത് രാഷ്ട്രീയം ഭരണഘടനയെ കൈയിലെടുത്തത് പോലെ മുസ്ലിം രാഷ്ട്രീയവും ഭരണഘടനയെ ഉയർത്തിപ്പിടിക്കാൻ തുടങ്ങി. ഫാസിസ്റ്റുകളെ വിറളി പിടിപ്പിക്കുന്ന രീതിയിൽ അവർ ഭരണഘടനയിലെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചു. ഇതൊരു പ്രധാനപ്പെട്ട മാറ്റമാണ്.

ദളിത് ജനവിഭാഗങ്ങളുടെ അനുഭവങ്ങളെ മുൻനിർത്തി ഗോപാൽ ഗുരുവും സുന്ദർ സരൂക്കായിയും നിരീക്ഷിച്ചതുപോലെ അപമാനം (Humiliation) അനുഭവിക്കുന്ന ജനതയിൽ പുതിയ പൊളിറ്റിക്കൽ സബ്ജക്ടിവിറ്റികൾ ഉണ്ടാകുന്നുണ്ട്.

1921-ലെ മലബാർ കലാപത്തിന് ശേഷം കേരളത്തിലെ മുസ്ലീങ്ങൾ അടിച്ചൊതുക്കപ്പെട്ടപ്പോൾ അവർ വിദ്യാഭ്യാസത്തിലും സ്ഥാപനങ്ങളിലും ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങി. അതിന്റെ ഫലമാണ് ഇന്ന് നമ്മൾ കാണുന്നത്. ഉത്തരേന്ത്യയിലും ഇപ്പോൾ സമാനമായ മാറ്റം വരുന്നുണ്ട്. അസം, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വലിയ തോതിൽ ഐ.എ.എസ് കാർ വരുന്നു, പുതിയ സ്ഥാപനങ്ങൾ വരുന്നു. ഇത് ബുദ്ധിപരമായ ഒരു മുന്നേറ്റമാണ്.

കേരളത്തിലേക്ക് വന്നാൽ വിദ്യാർത്ഥികളുടെ മൊബിലിറ്റി വലിയൊരു ഘടകമാണ്. സെൻട്രൽ യൂണിവേഴ്സിറ്റികളിലും വിദേശ സർവകലാശാലകളിലും പഠിക്കാൻ പോകുന്നവരുടെ എണ്ണം കൂടുന്നു. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വലിയ തോതിൽ ഉയർന്നു. ഹൈലി എജുക്കേറ്റഡ് ആയ പെൺകുട്ടികൾ ഇന്ന് അഭിപ്രായ രൂപീകരണത്തിൽ (Decision making) വലിയ പങ്കുവഹിക്കുന്നു. വിദ്യാർത്ഥികൾ പതുക്കെ ഒരു മുസ്ലിം ഇന്റലിജൻഷ്യ (Muslim Intelligentsia) ആയി മാറുന്നുണ്ട്. സാധാരണ സുന്നി ഗ്രൂപ്പുകളിൽ നിന്നുള്ള കുട്ടികളാണ് ഇന്ന് ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് നേടി വിദേശത്ത് പോകുന്നത്—ദാറുൽ ഹുദ, മർക്കസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നൊക്കെ. ഇതൊരു ഹുമിലിയേഷനെ മറികടക്കാനുള്ള ശ്രമമാണ്.

ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടക്കാവുന്ന പല 'തുറക്കലുകളും' ഇപ്പോൾ ഉണ്ടാകുന്നുണ്ട്. ഇതിനെയെല്ലാം സ്ഥൂലത്തിലും സൂക്ഷ്മത്തിലും മനസ്സിലാക്കിയാൽ മാത്രമേ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ, ഇസ്‌ലാം വിരുദ്ധ സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയൂ. കൂടുതൽ ജനാധിപത്യപരമായിട്ടുള്ള ചർച്ചകൾക്കും ഇടപെടലുകൾക്കുമായിരിക്കും ക്രിയാത്മക പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാൻ കഴിയുക.

(സമദർശി ഫെബ്രുവരി 26-27 നു തൃശൂരിൽ "ദളിതരുടെയും മത ന്യൂനപക്ഷങ്ങളുടെയും സാമൂഹ്യ ഇടപെടൽ" എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിച്ചതിന്റെ കേട്ടെഴുത്ത്)

The Roots Media - TOWARDS SOCIAL DEMOCRACY