Author Image ദി റൂട്സ് ഡെസ്ക്
21 Dec 2025

റാം നാരായണന്റെ ആൾക്കൂട്ട വംശീയ കൊലപാതകം: പ്രതിഷേധ ധർണ നടത്തി

റാം നാരായണന്റെ ആൾക്കൂട്ട വംശീയ കൊലപാതകത്തിൽ പ്രതിഷേധിച്ചു ജസ്റ്റിസ് ഫോർ റാം നാരായൺ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ ധർണ നടത്തി.

ഛത്തീസ്ഗഢിൽ നിന്നെത്തിയ റാം നാരായണൻ എന്ന ദളിത് തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ തൃശൂരിൽ ചേർന്ന യോഗത്തിൽ വെച്ച് 'ജസ്റ്റിസ് ഫോർ റാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി' രൂപീകരിച്ചു. ആക്ഷൻ കമ്മറ്റിയുടെ മുൻകൈയ്യിൽ വൈകുന്നേരം 4 മണിക്ക് തൃശൂർ കോർപ്പറേഷൻ ഓഫീസ് പരിസരത്ത് പ്രതിഷേധ ധർണ നടത്തി.

ഉത്തരേന്ത്യയിൽ സംഘപരിവാരങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ കേരളത്തിലടക്കം വ്യാപകമാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ജനങ്ങളിൽ വംശീയവും മതപരവും ജാതീയവുമായ വിദ്വേഷങ്ങൾ വളർത്തി അപരനെ തല്ലിക്കൊല്ലുന്ന രാഷ്ട്രീയ പദ്ധതിക്ക് കേരളത്തിൽ ഇടം നൽകാതിരിക്കാൻ ജനകീയ പ്രതിരോധങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും ആക്ഷൻ കമ്മറ്റി ധർണയിൽ പറഞ്ഞു.

റാം നാരായണിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുക, കൊല്ലപ്പെട്ട റാം നാരായണൻ്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരമെന്ന നിലയിൽ 25 ലക്ഷം രൂപ അനുവദിക്കുക, 2018ലെ തെഹ്സിൻ പൂനെ വാല V/s. യൂണിയൻ ഗവ. ഓഫ് ഇന്ത്യ വിധിയിലെ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഈ കേസിൽ പാലിക്കപ്പെടുമെന്ന് ഉറപ്പു വരുത്തണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

എ.എം. ഗഫൂർ നേതൃത്വം നൽകിയ യോഗത്തിൽ ആക്ഷൻ കമ്മറ്റി കൺവീനർ അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു. ചെയർമാൻ കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ചിന്തകനുമായ കെ. അരവിന്ദാക്ഷൻ ധർണ ഉത്ഘാടനം ചെയ്തു. ഐ. ഗോപിനാഥ്, അഡ്വ. നിസാർ (വെൽഫെയർ പാർട്ടി ), പി.എൻ. പ്രൊവിൻ്റ് ( സി.പി.ഐ.എം.എൽ. റെഡ്സ്റ്റാർ), ഡോ. കെ. ബാബു (എസ്.യു.സി.ഐ.), അഡ്വ. പ്രമോദ് പുഴങ്കര, ടി.ആർ. രമേഷ്, ഹരി (ജനകീയ മനഷ്യാവകാശ പ്രസ്ഥാനം), റെനി ആൻ്റണി (പി.യു.സി.എൽ.), ടി.കെ. മുകുന്ദൻ (കേരള അസംഘടിത വിമോചന പ്രസ്ഥാനം) എന്നിവർ സംസാരിച്ചു. ധർണക്ക് ജയപ്രകാശ് ഒളരി നന്ദി പറഞ്ഞു. 

The Roots Media - TOWARDS SOCIAL DEMOCRACY

Share this link