Author Image അരുൺ സൈമൺ
11 Jun 2026

മൗനങ്ങൾക്ക് ശബ്ദമാകാൻ 'സത്യപുല്ല്' തേടിയൊരു യാത്ര

ഇന്ത്യയുടെ സമകാലിക രാഷ്ട്രീയം പരിശോധിക്കുമ്പോൾ ഏറ്റവും ശക്തമായി മുന്നോട്ടുവരുന്ന അനുഭവം മുസ്ലിം ജനതയുൾപ്പെടെയുള്ള ന്യൂനപക്ഷ ജീവിതങ്ങളുടെ ഭയത്തിന്റേതാണ്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വെറും നിയമപരമായ തർക്കങ്ങൾ മാത്രമായിരുന്നില്ല. ഒരു വിഭാഗം ജനങ്ങൾ ഈ രാജ്യത്തിലെ സമ്പൂർണ്ണ പൗരന്മാരാണോ എന്ന ചോദ്യം വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ഇത്തരം ഭയങ്ങളുടെയും മൗനങ്ങളുടെയും നിർമ്മിതികളെ ദൃശ്യവൽക്കരിച്ച രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത 'സത്യപുല്ല്' എന്ന ഡോക്യുമെന്ററിയെക്കുറിച്ച് അരുൺ സൈമൺ എഴുതുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ ഏറ്റവും ശക്തമായി മുന്നോട്ടുവരുന്ന ഒരു അനുഭവം എന്നത് ന്യൂനപക്ഷ ജീവിതങ്ങളുടെ ഭയത്തിന്റേതാണ്. അത് ഒരു വ്യക്തിയുടെ സ്വകാര്യ മനഃശാസ്ത്ര പ്രശ്നമല്ല മറിച്ച് ഒരു വിഭാഗം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിന്റെ അനുഭവലോകത്തിൽ ഈ ഭയം കൂടുതൽ ഇടതൂർന്നുകിടക്കുന്ന ദൃശ്യമായി പ്രത്യക്ഷപ്പെടുന്നു. ഒരു ജനാധിപത്യ രാഷ്ട്രീയ പ്രതലത്തിൽ തുല്യ പൗരന്മാരായി ജീവിക്കേണ്ടവരെ നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രക്രിയകൾ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തിപ്പെട്ടുവരികയാണ്.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വെറും നിയമപരമായ തർക്കങ്ങൾ മാത്രമായിരുന്നില്ല. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കകളെ അവ പുറത്തുകൊണ്ടുവന്നു. ഒരു വിഭാഗം ജനങ്ങൾ ഈ രാജ്യത്തിലെ സമ്പൂർണ്ണ പൗരന്മാരാണോ എന്ന അടിസ്ഥാന ചോദ്യം പോലും ഉന്നയിക്കേണ്ടിവരുന്ന സാഹചര്യം ആശങ്ക ഉളവാക്കുന്നതാണ്. പൗരത്വം ഒരു ഭരണഘടനാ അവകാശം എന്നതിലുപരി നിരന്തരം തെളിയിക്കേണ്ട ഒരു ബാധ്യതയായി മാറുന്ന അവസ്ഥയിലേക്കാണ് ചെന്നെത്തിയത്. അതോടൊപ്പം ബീഫിന്റെ പേരിലുള്ള ആക്രമണങ്ങൾ, ലിഞ്ചിങ്ങുകൾ, വെറുപ്പ് പ്രചാരണങ്ങൾ, മാധ്യമങ്ങളിലൂടെ വ്യാപകമായി നിർമ്മിക്കപ്പെട്ട മുസ്ലിം വിരുദ്ധ പൊതുബോധം എന്നിവ സമൂഹത്തിൽ ഒരു സ്ഥിരം അസ്വസ്ഥത സൃഷ്ടിച്ചു.

ഈ സാഹചര്യത്തിൽ ഭയം ചിലരുടെ ദൈനംദിന ജീവിതത്തിന്റെ അനിവാര്യ യാഥാർത്ഥ്യമായി മാറ്റപ്പെടുന്നുണ്ട്. അത് യാത്ര ചെയ്യുമ്പോൾ, താമസസ്ഥലം തിരഞ്ഞെടുക്കുമ്പോൾ, തൊഴിൽ അന്വേഷിക്കുമ്പോൾ, പൊതുസ്ഥലങ്ങളിൽ സംസാരിക്കുമ്പോൾ പോലും ചില ശരീരങ്ങൾ മറ്റുചില ശരീരങ്ങളെക്കാൾ കൂടുതൽ നിരീക്ഷിക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുന്ന യാഥാർത്ഥ്യം രൂപപ്പെടുന്നു. ഒരേ ട്രെയിനിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഒരേ അനുഭവമല്ല ലഭിക്കുന്നത്. ഒരേ രാജ്യത്തിന്റെ പൗരന്മാരായിരുന്നാലും എല്ലാവർക്കും ഒരേ സുരക്ഷാബോധമോ സ്വാതന്ത്ര്യമോ ലഭിക്കുന്നില്ല. അങ്ങനെയാകുമ്പോൾ യാത്ര എന്നത് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കുള്ള സഞ്ചാരം മാത്രമല്ല, അത് സാമൂഹിക അധികാരബന്ധങ്ങളെയും രാഷ്ട്രീയ അസമത്വങ്ങളെയും വെളിപ്പെടുത്തുന്ന അനുഭവമായി മാറുന്നു.

ഇവിടെ ദേശീയ രാഷ്ട്രീയത്തിന്റെ വളർച്ചയോടൊപ്പം സ്വതന്ത്ര ഇന്ത്യയുടെ അർത്ഥവും വേറിട്ട രീതിയിൽ പുനർനിർവചിക്കപ്പെട്ടു. ആരാണ് യഥാർത്ഥ പൗരൻ, ആരാണ് സ്ഥിരം സംശയിക്കപ്പെടേണ്ടവർ, ആരാണ് ദേശീയ രാഷ്ട്രത്തിന്റെ ഭാഗം ആയുള്ളവർ, ആരാണ് അതിന്റെ അതിരുകളിൽ നിൽക്കുന്നവൻ എന്ന ചോദ്യങ്ങൾ കൂടുതൽ രൂപപ്പെട്ടു വന്നു. ഈ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ ആഘാതം മുസ്ലിം സമൂഹത്തിൽ മാത്രം ഒതുങ്ങുന്നില്ല. കലാകാരന്മാർ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ, മനുഷ്യാവകാശ പ്രവർത്തകർ, സാധാരണ ജീവിതം നയിക്കുന്നവർ തുടങ്ങി അനേകം വിഭാഗങ്ങളുടെ ജീവിതത്തെയും അത് ആഴത്തിൽ ബാധിക്കുന്നു. ഭയവും, മൗനവും സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന ഒരു കാലഘട്ടമാണ് നമ്മൾ അഭിമുഖീകരിക്കുന്നത്.

അത്തരം ചരിത്ര രാഷ്ട്രീയ പശ്ചാത്തലത്തിലാണ് രാംദാസ് കടവല്ലൂരിന്റെ സത്യപുല്ല് എന്ന ഡോക്യുമെന്ററി സിനിമ രൂപപ്പെടുന്നത്. സമകാലിക ഇന്ത്യയിലെ മുസ്ലിം അനുഭവങ്ങളെ, പൗരത്വത്തിന്റെ പ്രതിസന്ധികളെ, യാത്രയുടെ ഭയത്തെ, മൗനത്തിന്റെ രാഷ്ട്രീയത്തെ, humanരുടെ ആന്തരിക സംഘർഷങ്ങളെ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന ഈ സിനിമ ഒരു വ്യക്തിയുടെ കഥയെ അതിജീവിച്ച് ഒരു കാലഘട്ടത്തിന്റെ രേഖയായി മാറ്റപ്പെടുന്നു. അതുകൊണ്ടുതന്നെ സത്യപുല്ല് ഒരു യാത്രയുടെ സിനിമ മാത്രമല്ല, ആ കാഴ്ചകൾ ഒക്കെയും ഭയത്തിന്റെ രാഷ്ട്രീയ ഭൂപടം വായിക്കാനുള്ള ഒരു ശ്രമം കൂടിയായി മാറുകയാണ്.

ഒരു യാത്രയുടെ ഉടനീള ദൃശ്യാനുഭവം പങ്കുവെക്കൽ എന്ന രീതിയെക്കാൾ ഉപരി യാത്ര ചെയ്യുന്ന ആളുടെ ഉള്ളിലെ സങ്കോചവും, ആകാംക്ഷയും തുറന്നുകാണിച്ചുകൊണ്ട് സിനിമ ആരംഭിക്കുന്നു. അങ്ങനെയൊരു യാത്രയിലൂടെയാണ് രാംദാസ് കടവല്ലൂരിന്റെ സത്യപുല്ല് എന്ന ഡോക്യുമെന്ററി സാധ്യമായി ശുഭത്തിൽ എത്തുന്നത്.

ട്രെയിൻ പാളങ്ങളിലൂടെ ഒരു ദേശത്തിന്റെ ഭീതിസ്മൃതികൾ ഒരു വ്യക്തിയുടെ ഉള്ളകത്തുകൂടെ സഞ്ചരിക്കുന്ന യാത്രയായി പ്രതാപ് ജോസഫ് ക്യാമറയിലൂടെ പകർത്തി കാഴ്ചയാക്കുന്നതിൽ ഏറെ മികവ് പുലർത്തിയിട്ടുണ്ട്. ഇവിടെ ഭയം എന്നത് വ്യക്തിഗത ദൗർലഭ്യമായി മാറാതിരിക്കുന്നത്, വ്യത്യസ്തത ഏറെ നിറഞ്ഞൊരനുഭവമാക്കിയും ആ ഭയങ്ങൾ രാഷ്ട്രീയമായി നിർമിക്കപ്പെടുകയും, സാമൂഹികമായി പകരപ്പെടുകയും ആണെന്നുള്ള യാഥാർത്ഥ്യാവസ്ഥയെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിലൂടെയാണ് സത്യപുല്ല് എന്ന ഡോക്യുമെന്ററി പറയുന്ന യാത്ര, മൗനം, ഭയം എന്നിവയുടെ അന്തർമുഖം നമ്മൾ നോക്കിക്കാണേണ്ടത്.

ചില സിനിമകൾ നമ്മളെ കഥ പറഞ്ഞ് കീഴടക്കുന്നു. ചിലത് ദൃശ്യങ്ങളുടെ ഭംഗിയാൽ ആകർഷിക്കുകയും ചെയ്യുന്നു എന്നാൽ വളരെ കുറച്ച് സിനിമകളാണ് നമ്മളെ നമ്മൾ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് വായിക്കാൻ വീണ്ടും നിർബന്ധിതമാക്കുന്നത്. സത്യപുല്ല് അത്തരം ഒരു സിനിമയായി മാറുകയാണ്. ഒരു യാത്രാകഥയായി ആരംഭിക്കുകയും അതിന്റെ അവസാനത്തിൽ ഭീതിയാലും, മൗനങ്ങളാലും നിർമിക്കപ്പെട്ട ഒരു ആന്തരിക ഭൂപടം തെളിഞ്ഞുവരികയും ചെയ്യുന്നു.

തൃശൂർ രാംദാസ് തിയേറ്ററിൽ നടന്ന 'സത്യപുല്ല്' സിനിമയുടെ പ്രദർശനത്തിന് ശേഷം അണിയറപ്രവർത്തകരായ സംവിധായകൻ രാംദാസ് കടവല്ലൂർ, കവി അൻവർ അലി, റാഷിദ നസ്രിയ, സംഗീതസംവിധായകൻ വിജീഷ് എന്നിവർ കാണികളുമായി സംവദിക്കുന്നു.

സത്യപുല്ല് സാങ്കൽപ്പിക കഥ നിർമിക്കുന്നതിൽ അഭിലാഷം പുലർത്തുന്നതായി തോന്നിയിട്ടില്ല. വ്യക്തമായ സംഭവങ്ങളുടെ അടയാളപ്പെടുത്തലുകൾ ഇവിടെ രേഖപ്പെടുത്തുന്നില്ലെങ്കിലും ഓരോരോ സംഭവങ്ങൾക്കിടയിലെ ഇടവേളകളുടെ വ്യക്തിാനുഭവങ്ങൾ സിനിമ സൂക്ഷ്മമായി പകർത്തുന്നുണ്ട്. അവിടെ സംഭാഷണങ്ങൾ കുറവാകുകയും, വിശദീകരണങ്ങൾ ഇല്ലാതെതന്നെ മിനിമലിസം ഒരു സൗന്ദര്യ ദർശനം മാത്രമല്ല അത് സിനിമയുടെ രാഷ്ട്രീയ നിലപാടുകൂടിയാണെന്ന് സംവിധായകൻ പറയാതെ പറയുന്നുണ്ട്. അതിനുള്ള കാരണംതന്നെ ഇന്നത്തെ ഇന്ത്യയിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് വാക്കുകളുടെ അധികാരമല്ല മറിച്ച് മൗനത്തിലൂടെയുള്ള നിയന്ത്രണമാണ് എന്ന ബോധ്യത്തിലേക്കു വെളിച്ചം പകരുന്നുണ്ട്.

ഭയം എന്ന വികാരം ഉടനീളം നിഴലിടുമ്പോഴും, വ്യക്തമായ ഒരു വില്ലൻ പരിവേഷം ഇവിടെ ഇല്ലാതാകുന്നു. അത്തരം ഭയങ്ങൾ ഒരു വ്യക്തിയിൽ നിന്നോ ഒരു സംഭവത്തിൽ നിന്നോ ഉരുത്തിരിയുന്നതായി എങ്ങും കാണാൻ സാധിക്കുന്നില്ല. എന്നാൽ അവയൊക്കെയും സിനിമ സഞ്ചരിക്കുന്ന അന്തരീക്ഷത്തിൽ ലയിച്ചിരിക്കുകയും മതപരമായ തിരിച്ചറിവുകളും, ശരീരങ്ങളുടെ നിറവും, പേരുകളും, वേഷങ്ങളും ഒക്കെ ഭയത്തിന്റെ വികാര സ്രോതസ്സുകൾ അല്ല എന്ന് പറയുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്. അതൊക്കെത്തന്നെയും സാമൂഹികമായി നിർമിക്കപ്പെട്ടൊരു അവസ്ഥയാണെന്ന ബോധ്യം കണ്ണ് തുറപ്പിക്കുന്നതാണ്.

ഒരുപക്ഷേ ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ ഇരിക്കുന്ന ശരീരങ്ങൾ നിരപരാധികളായിരിക്കാം, എന്നാൽ സിനിമ നമ്മെ പഠിപ്പിക്കുന്നത് എല്ലാ ശരീരങ്ങളും ഒരേ രീതിയിൽ വായിക്കപ്പെടേണ്ടതില്ല എന്ന് തന്നെയാണ്. ചില ശരീരങ്ങൾ ഏറെയും സുരക്ഷിതമാണ് എന്നാൽ ചിലത് ഇപ്പോഴും സംശയാസ്പദത്തിൽ നിലകൊള്ളുന്നുണ്ട്. അവിടെ ചില മുഖങ്ങൾ ചോദ്യം ചെയ്യപ്പെടുന്നില്ല. ചിലത് നിശബ്ദമായി നിരീക്ഷണത്തിന് വിധേയപ്പെടുന്നു. ഈ പ്രോജക്ടിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടൽ കേന്ദ്രീകരിക്കപ്പെടുന്നത് ഇവിടെയാണ്, എന്തെന്നാൽ, ഇന്ത്യയിൽ സാധാരണ യാത്രക്കാരൻ എന്നൊരാശയം യാഥാർത്ഥ്യത്തിൽ ഇല്ല എന്നുള്ളതാണ്. ജാതി, മതം, ലിംഗം, വസ്ത്രധാരണം എല്ലാം ചേർന്നുനിൽക്കുമ്പോൾത്തന്നെ ഒരു ശരീരത്തിന് സുരക്ഷിതത്വവും, അപകടവും ഉണ്ടാക്കപ്പെടുന്നുണ്ട് എന്ന് സത്യപുല്ല് വലിയ പ്രഖ്യാപനങ്ങളില്ലാതെ പ്രേക്ഷകരെ അനുഭവിപ്പിച്ചറിയിക്കുന്നു.

റാഷിദ നസ്രിയ എന്ന കഥാപാത്രം സിനിമയുടെ ഹൃദയഭാഗത്തുതന്നെയാണ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത്. അവളുടെ സാന്നിധ്യം പലപ്പോഴും ശബ്ദമില്ലാത്ത ചലനങ്ങളിലൂടെ സിനിമയിൽ യാത്ര ചെയ്യുന്നു. അത്തരം ചലനങ്ങളിൽ അവൾ ചുമക്കുന്ന രാഷ്ട്രീയ ഭാരം അതിശക്തമാണെന്ന് മനസ്സിലാക്കുകയും ഒരു മുസ്ലിം സ്ത്രീ എങ്ങനെയാണ് ഇരട്ട അടിച്ചമർത്തലുകൾ അനുഭവിക്കുന്നത് എന്നതിന്റെ ദൃശ്യാവിഷ്കരണമായിക്കൂടി മാറുകയാണ് പ്രധാന കഥാപാത്രമായി കടന്നുവരുന്ന റാഷിദ നസ്രിയ സിനിമക്ക് നൽകുന്ന സംഭാവന. ഒരു വശത്ത് പിതൃമേധാവിത്വത്തിന്റെ നിയന്ത്രണങ്ങളും, മറുവശത്ത് സാമുദായിക രാഷ്ട്രീയത്തിന്റെ സ്ഥിരം സംശയങ്ങളും അവളുടെ മൗനം ദൈർഘ്യമേറിയതാക്കുന്നു. അത്തരം നിശ്ശബ്ദതകൾ ഒരു ദൗർലഭ്യമല്ലാത്തതായി മനസ്സിലാക്കുകയും അതൊക്കെയും അവളുടെ ജീവൻ രക്ഷിച്ചെടുക്കാൻ സ്വയം ആർജ്ജിച്ചെടുത്ത ഒരു ഭാഷയായി ഇവിടെ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.

തലമുറകളായി കൈമാറപ്പെട്ട ഒരു സാമൂഹിക ഓർമയായിട്ടാണ് ഭയം ഇവിടെ വർത്തിക്കുന്നത്. ഈ സിനിമ മുസ്ലിം സ്വത്വത്തിൽ ജീവിക്കുന്ന സ്ത്രീകളെ ഇരകളായി ചിത്രീകരിക്കുന്നില്ല, മറിച്ച് അവർ എങ്ങനെ ഈ ഭയത്തിനുള്ളിൽ ജീവിക്കാൻ പഠിക്കുന്നു എന്നതിനെ കൃത്യമായി ഓരോരോ ടേക്കുകളിലും അടയാളപ്പെടുത്തിപ്പോകുന്നുണ്ട്.

സത്യപുല്ലിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത എന്നത് അതിന്റെ സൗണ്ട് ഡിസൈൻ ആണ്. മൗന ശബ്ദങ്ങൾ ഏറിനിൽക്കുന്നിടത്ത് പശ്ചാത്തല സംഗീതം ലഘുവായി തോന്നപ്പെടുന്നുണ്ട്. ട്രെയിനിന്റെ ശബ്ദങ്ങൾ, ചക്രങ്ങളുടെ ഘർഷണം, ആളുകളുടെ ശ്വാസം, പശ്ചാത്തല ശബ്ദം, കവിതകൾ ഇവയെല്ലാം ചേർന്ന സിനിമയുടെ ശബ്ദലോകം ഷൈജു എം., വിജീഷ് ലാൽ, അയാന എന്നിവരും അയാഷി മ്യൂസിക്കും ചേർന്ന് രസകരമായി രൂപപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോഴൊക്കെ ഈ ശബ്ദങ്ങൾ അസ്വസ്ഥതയിലേക്കും നയിക്കപ്പെടുന്നൊരനുഭവം ഉണ്ടായിട്ടുണ്ട്. കാരണം സിനിമ യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുംതോറും സംഗീതം പ്രേക്ഷകനെ പലപ്പോഴും ആശ്വസിപ്പിക്കുന്നതായി തോന്നിയിട്ടില്ല.

കവിയും എഴുത്തുകാരനുമായ അൻവർ അലി, മൗനങ്ങളാൽ മൂടപ്പെട്ടുപോയ ചരിത്രങ്ങളുടെയും, അനുഭവങ്ങളുടെയും ചിതലരിച്ച ബൗദ്ധിക ഭൂമികയിൽ ഇപ്പോഴും ഈർപ്പം നിലനിർത്തുന്ന വേരുകളെ തന്റെ കവിതകളിലൂടെ വീണ്ടും ഉണർത്തുകയും ജീവിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരർത്ഥത്തിൽ മൗനം ഇവിടെ ശൂന്യതയല്ലാതാകുകയും, അത് ഒരു ഭയത്തിന്റെ ഭാഷയായി പ്രതിലോമകരമായി പ്രവർത്തിക്കുന്നുണ്ട് എന്ന് തുറന്നു കാട്ടുന്നു. സംസാരങ്ങൾ അധികമില്ലാത്ത സുരക്ഷിതമായ ഒരു സാമൂഹിക അന്തരീക്ഷമായാണ് സിനിമ വരച്ചുകാട്ടുന്നത്, ഒന്നുംതന്നെ പറയാതിരുന്നാൽ രക്ഷപ്പെടുകയും, എന്നാൽ തുറന്നുപറഞ്ഞാൽ അപകടത്തിലേക്ക് പോകുന്ന ലോകത്തിലാണ് സിനിമ യാത്ര ചെയ്യുന്നത്.

സിനിമയുടെ ക്യാമറക്കണ്ണ് ഒരിക്കൽപോലും ആക്രമണപരതയെ ഒപ്പിയെടുക്കുന്നതായി കണ്ടിട്ടില്ല. എന്തെന്നാൽ അത് കഥാപാത്രങ്ങളെ പിന്തുടരുന്നില്ല, മറിച്ച് അവരോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ക്ലോസ് അപ്പുകൾ ഒക്കെയും വളരെ സൂക്ഷ്മമായി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ദീർഘമായ സ്റ്റാറ്റിക് ഷോട്ടുകൾ പ്രേക്ഷകനെ പഠിപ്പിക്കുന്നത്‌ നോക്കുന്നതെങ്ങനെയാണെന്നും, കാത്തിരിപ്പിന്റെ ഭാരം എന്താണെന്നും, അസ്വസ്ഥതയോട് ഒത്തുചേരുന്നതെങ്ങനെയാണെന്നുമൊക്കെയാണ്. ഒരു ദേശത്ത് ഭയം വ്യാപകമാകുന്നത് യാദൃച്ഛികമായല്ല. അത്തരം ഭയങ്ങളിൽ അപകടങ്ങളും ഉണ്ടാകുന്നില്ല. ഭയം ഒരു ഭരണസാങ്കേതികവിദ്യയാണ്. ആരാണ് സുരക്ഷിതരെന്നും, ആർക്കാണ് സംശയമെന്നും, ആരാണ് പൗരനെന്നും, ആരാണ് സ്ഥിരം പ്രതിയെന്നും നിർണയിക്കുന്ന ഒരു അധികാരോപാധിയായാണ് പ്രവർത്തിക്കുന്നത്. രാംദാസ് കടവല്ലൂരിന്റെ സത്യപുല്ല് ഈ സത്യത്തെ സൗന്ദര്യത്തിന്റെ ഭാഷയിൽ, കൃത്യമായ രാഷ്ട്രീയ മൂർച്ചയോടെ തുറന്നുകാട്ടുന്ന അപൂർവമായ ഒരു ഡോക്യുമെന്ററി ആയി ഒരുക്കിത്തീർക്കുമ്പോൾ അക്ഷയ് ജോസ് ആ നിശ്ചലതകളെയും, ചലനങ്ങളെയും കണ്ണിമയ്ക്കുന്ന വേഗതയിൽ കൂട്ടിച്ചേർക്കുന്നു.

റാഷിദ എന്ന കഥാപാത്രം ഒരാളുടെ കഥയായി മാത്രം നിലകൊള്ളുന്നില്ല. റാഷിദയിൽ നാം കാണുന്നത് ഒരു തലമുറയുടെ അസ്വസ്ഥതയാണ്. തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്ന പൗരത്വം, സംശയിക്കപ്പെടുന്ന ശരീരം, നിരീക്ഷിക്കപ്പെടുന്ന ശ്വാസം ഒക്കെയും കഥാപാത്രത്തിന് സ്വീകാര്യമായ മാനസികാവസ്ഥയായി മാറുന്നില്ല എന്നതാണ്. എന്നാൽ സത്യപുല്ല് ഈ ഭയത്തെ മനഃശാസ്ത്രത്തിലേക്ക് ഒതുക്കാതെ അതിന്റെ ഭൂതകാല രാഷ്ട്രീയ വേരുകൾ തുറന്നുകാട്ടുന്നു. അത്തരം ബോധോദയങ്ങളെ വേണ്ടവിധം പ്രതിഫലിപ്പിക്കാൻ ഭാഗമാകുന്ന അമൃത അംറിയും, നിരഞ്ജനും അസാധ്യമായ അഭിനയ മികവും കാഴ്ചവെക്കുന്നുണ്ട്.

ഈ ക്യാമറഭാഷ നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്,
നിങ്ങൾ ഒരു നിരപരാധിയായ നിരീക്ഷകനാണോ?
അതോ ഈ മൗനത്തിന്റെ ഭാഗമാണോ നിങ്ങളും?

സത്യപുല്ല് എവിടെയും ഉത്തരങ്ങൾ നൽകുന്നതായി കാണാൻ കഴിയുന്നില്ല. എന്നാൽ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ചുപോകുന്നുണ്ട്.
അവിടെ, പ്രതിരോധങ്ങൾ ഒരു വ്യക്തിയുടെ ഏറെ ചെറിയ ചലനങ്ങൾ മാത്രമായി മാറപ്പെട്ടുപോകുന്നുണ്ട്. ആ മൗനത്തിലാണ് പ്രേക്ഷകരിലേക്കും, വ്യവസ്ഥകൾ ഭാണ്ഡക്കെട്ടുകളായി ചുമലിൽ വഹിക്കുന്ന സമൂഹത്തിലേക്കും ചോദ്യങ്ങൾ വർഷിച്ചുകൊണ്ടിരിക്കുന്നത്. സത്യപുല്ല് ഒരു അധീനപ്രദേശത്തു മാത്രം സംഭവിക്കുന്ന സിനിമയായി തോന്നുക അസാധ്യമാണ്. എന്തെന്നാൽ മാറിമറിയുന്ന ഓരോരോ സീനുകളുടെയും അർത്ഥം എന്നത് തന്നെ പ്രതിരോധങ്ങളാണ്. അത് എല്ലാവിധ അതിർത്തികളെയും ഭേദിക്കുന്ന ചോദ്യ സാധ്യതകൾ തുറന്നുവെക്കപ്പെടുന്നുണ്ട്. ഇവയൊക്കെയായാലും വലിയ വിപ്ലവങ്ങളിലൂടെയല്ല. ഒരു നോക്ക്, ഒരു ചെറിയ സഹായം, ഒരു മനുഷ്യബന്ധം ഇവയിലൂടെയാണ് കഥാപാത്രത്തിന്റെ പ്രതിരോധങ്ങൾ ഏറെയും പ്രകടമാകുന്നത്. അത് തന്നെയാണ് ഈ ഡോക്യുമെന്ററിയുടെ ഏറ്റവും മനുഷ്യസ്നേഹം നിറയുന്ന ഭാഗങ്ങൾ എന്ന് പറയുന്നത്. ഈ പ്രതിരോധങ്ങൾ വലിയ പ്രഖ്യാപനങ്ങളില്ലാതെതന്നെ എവിടെയും നടക്കുന്നുണ്ട്. കാരണം ഇന്നത്തെ ഈ ലോകത്ത് പലപ്പോഴും ശബ്ദമുള്ള പ്രതിരോധങ്ങൾ ഇപ്പോഴും സാധ്യമല്ലാതെ പോകുന്നുണ്ട്. ചിലപ്പോൾ ജീവിച്ചിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രതിരോധവും പ്രവർത്തനവും.

ആഗോള സിനിമാ പരമ്പരയിൽ സത്യപുല്ല് ലോക സിനിമാ വീക്ഷണത്തിൽ നോക്കിക്കണ്ടാൽ ഇറാനിയൻ മിനിമലിസ്റ്റ് സിനിമകളുടെയും, ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയ റിയലിസത്തിന്റെയും, ഇന്ത്യൻ നിയോ റിയലിസത്തിന്റെയും സ്വാധീനം ഉൾക്കൊള്ളുന്ന ഒരു കൃതിയായി മനസ്സിലാക്കാവുന്നതാണ്. ഇത് വിനോദത്തിനായി മാത്രം നിർമിച്ച ഒരു സിനിമയാകുന്നില്ല, മറിച്ച് ഒരു സാമൂഹിക രേഖകൂടിയയായി നിലനിൽക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ഒരു വാർത്തയല്ല എന്നാൽ ഇന്ത്യയുടെ ഉള്ളറകളിൽ ജീവിക്കുന്ന ഭാവനാത്മകതയിലും ഉപരിയായ ഒരു സത്യമാണെന്ന് മനസ്സിലാക്കത്തക്കവിധം സിനിമയിൽ വ്യക്തതയേറുന്നുണ്ട്.

ഒരുപോലെ വിതരണം ചെയ്യപ്പെടാത്ത ഒന്നായാണല്ലോ ഭയം എന്ന വികാരം ഓരോ സമൂഹത്തിലും നിലകൊള്ളുന്നത്. ചിലർക്ക് സുരക്ഷിതത്വത്തിന്റെ മേൽ ഉണ്ടാകുന്ന ആഘാതങ്ങൾ ഭയമായി മാറുമ്പോൾ മറ്റു ചിലർക്ക് ജീവിക്കാൻ വേണ്ട അടിസ്ഥാന ബോധം തന്നെ തകർന്നുപോകുന്ന അവസരത്തിൽ ഭയം ഒരു ദൈനംദിന അനുഭവമായി മാറുന്നുണ്ട്. മുസ്ലിം ശരീരങ്ങൾ, ദലിത് ആദിവാസി ശരീരങ്ങൾ, സ്ത്രീ ശരീരങ്ങൾ ഇവയെല്ലാം നിരന്തരം വിശദീകരിക്കപ്പെടേണ്ടതും, ന്യായീകരിക്കേണ്ടതും, സംശയങ്ങളിൽ നിന്നും രക്ഷപ്പെടേണ്ടതുമായ അവസ്ഥയിലേക്കാണ് തള്ളപ്പെടുന്നത്. ഇവിടെ സത്യപുല്ല് ഇത്തരം അസമത്വങ്ങൾ നിശബ്ദമായി എന്നാൽ മൂർച്ചയോടും കൂടെ രേഖപ്പെടുത്തുന്നു.

ചില ശരീരങ്ങൾക്ക് രാഷ്ട്രം സംരക്ഷണമാകുമ്പോൾ ചില ശരീരങ്ങളുടെമേൽ അതേ രാഷ്ട്രം തന്നെ ഭീഷണിയായി തോന്നിപ്പോകുന്നുണ്ട്. മുസ്‌ലിം ശരീരങ്ങൾ പ്രത്യേകിച്ച് മുസ്ലിം സ്ത്രീ ശരീരം നിരന്തരം വിശദീകരിക്കപ്പെടേണ്ട അല്ലെങ്കിൽ തെളിയിച്ചു സ്വയം ന്യായീകരിക്കപ്പെടേണ്ടുന്ന ഒരു രാഷ്ട്രീയ വസ്തുവായി മാറിയിരിക്കുന്നുണ്ട്. സത്യപുല്ല് ഈ അവസ്ഥകളെയൊക്കെ മുദ്രവാക്യങ്ങളിലൂടെയല്ല മറിച്ച് ശരീരത്തിനുള്ളിൽ നിന്നും പതിഞ്ഞ സ്വരങ്ങളായാണ് അടയാളപ്പെടുത്തുന്നത്, ഭയങ്ങൾ ഒരിക്കലും അതീവ ഉച്ചത്തിൽ സംസാരിക്കുന്നില്ല അതൊക്കെയാകും അതിനുള്ള കാരണങ്ങളായി സംവിധായകൻ മനസ്സിലാക്കുന്നതും. അത്തരം ഒരു ആഖ്യാനരീതിയിൽ സിനിമ വിജയിച്ചിട്ടുണ്ട്. പരമ്പരാഗതമായ ഡോക്യുമെന്ററികളിലെ സംസാരിക്കുന്ന തലകൾ ഇവിടെ ഇല്ലാതാകുന്നു. പകരം ശിഥിലമായ ദൃശ്യങ്ങളും, ഇടവേളകളും, ശബ്ദങ്ങളില്ലായ്മകളും ഒക്കെയായി ഈ നിറക്കൂട്ടിന് രാംദാസ് ഇവിടെ അർത്ഥം നിർമിക്കുന്നുണ്ട്. സിനിമ യാതൊരു തരത്തിലും യാദൃച്ഛികമല്ലാതാകുന്നത് ഇന്നത്തെ രാഷ്ട്രീയം പ്രവർത്തിക്കുന്നത് ശബ്ദത്തിലൂടെ അല്ല എന്നുള്ളിടത്താണ്. സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെയും, സംശയങ്ങളിലൂടെയും മെല്ലെ സാധാരണവൽക്കരിക്കുന്ന ഹിംസയിലൂടെയുമാണ് അത് പ്രവർത്തിക്കുന്നതെന്ന് തുറന്നുകാട്ടുന്നുണ്ട്.

ട്രെയിൻ എന്ന ദൃശ്യം സത്യപുല്ലിൽ ആവർത്തിച്ചുവരുന്നു. ട്രെയിൻ യാത്ര പുരോഗതിയുടെ പ്രതീകമായി നമ്മൾ പലപ്പോഴും വായിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ അത് മറ്റൊരു അർത്ഥം കൈവരിക്കുന്നു. ട്രെയിൻ കടന്നുപോകുന്ന ഓരോ സ്റ്റേഷനും, ഓരോ നഗരവും, ഓരോ അതിർത്തിയും അവിടെയൊക്കെ ചരിത്രം അടിഞ്ഞുകൂടിക്കിടക്കുന്നുണ്ട്. മലപ്പുറത്തുനിന്ന് ദില്ലിയിലേക്കും അവിടെനിന്ന് അതിർത്തികളിലേക്കും നീങ്ങുന്ന ദൃശ്യങ്ങൾ, ഇന്ത്യ എന്ന ആശയം എത്രമാത്രം ഭിന്നതകളാൽ നിറഞ്ഞതാണെന്ന് ഓർമ്മിപ്പിക്കുന്നു. ഒരേ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കിടയിൽ പോലും സുരക്ഷയും ഭയവും ഒരുപോലെയല്ല എന്നുള്ള സത്യം സിനിമയുടെ ധാർമിക വശമായി അടയാളപ്പെടുന്നുണ്ട്.

സിനിമയുടെ പ്രധാന ഒബ്ജക്റ്റ് ആയ ട്രെയിൻ ഇവിടെ ഒരു പ്രധാന ദൃശ്യ ചിഹ്നം തന്നെയാണ്. ഇന്ത്യൻ രാഷ്ട്രീയ ഭാഷയിൽ ട്രെയിൻ പലപ്പോഴും വികസനത്തിന്റെ പ്രതീകമാണ്. എന്നാൽ ആ ദൃശ്യ ചിഹ്നമായ ട്രെയിൻ ഒരു ചോദ്യം ഉയർത്തുന്നുണ്ട്‌. ഒരേ ട്രെയിനിൽ യാത്ര ചെയ്യുന്ന ജനങ്ങൾ ഒരേ രാജ്യത്താണോ ജീവിക്കുന്നത്? മലപ്പുറത്തുനിന്നും ദില്ലിയിലേക്കും അവിടെനിന്നും അതിർത്തിയിലേക്കും നീങ്ങുന്ന ക്യാമറ ഇന്ത്യ എന്ന ആശയം എത്രമാത്രം അസമത്വപരവും, പിളർന്നതുമായിരുന്നുവെന്ന് യാത്രകളൊക്കെയും ഓർമ്മിപ്പിക്കുന്നുണ്ട്. ചിലർക്ക് ട്രെയിൻ ഒരു യാത്രാമാർഗ്ഗമാണ് എന്നാൽ ചിലർക്കത് സ്ഥിരമായി ഉണ്ടാകുന്ന പരിശോധനയുടെയും, സംശയത്തിന്റെയും ഇടമാണ്. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ദേശസ്നേഹം എന്ന വാക്ക് പലപ്പോഴും ഭീഷണിയായി മാറിയിരിക്കുന്നു. അത്തരം ഭീഷണികൾ ആരെല്ലാം രാജ്യത്തിനുള്ളിലാണ്, ആരെല്ലാം പുറത്താണ് എന്നൊരു കഠിനമായ രേഖ വരച്ചുകാട്ടുന്നു.

സത്യപുല്ല് ഈ രേഖയുടെ ക്രൂരതയെ നേരിട്ട് പ്രസ്താവിക്കുന്നില്ല, പക്ഷേ റാഷിദ നസ്രിയ തന്റെ അനുഭവങ്ങളിലൂടെ അത് നമ്മൾക്ക് അനുഭവപ്പെടുത്തിത്തരുന്നുണ്ട്. അവളുടെ എഴുത്തും, മൗനവും, ശരീരഭാഷയും ചേർന്ന് പറയുന്ന ഒന്നിതാണ്, ഒരു ദേശം ഒരാളെ തുടർച്ചയായി സംശയിക്കുമ്പോൾ ആ സംശയം അവളുടെ ആത്മാവിലേക്ക് പടർന്നുകയറുന്നുണ്ട്. അതൊക്കെയും സുൽഫത്തിന്റെ ലയമാർന്ന ശബ്ദത്തിലൂടെ തുടർച്ചയായ വിവരണമായി അവതരിക്കപ്പെടുന്നത് പ്രത്യേകിച്ച് ഇമ്പമേറിയ അനുഭവമാക്കുന്നു.

സത്യപുല്ല് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഒരു കേന്ദ്രവിരുദ്ധതയെ തുറന്നുകാട്ടുന്നുണ്ട്. ജനാധിപത്യം നിലനിൽക്കുന്നു എന്ന ഔപചാരിക അവകാശത്തിനൊപ്പം തന്നെ ജനങ്ങളിൽ വലിയൊരു വിഭാഗം സ്ഥിരം ഭയാവസ്ഥയിൽ ജീവിക്കേണ്ടിവരുന്നു. പൗരത്വ നിയമ ഭേദഗതികൾ, ലിഞ്ചിങ്, വെറുപ്പ് പ്രചാരണം, മുസ്ലിം വിരുദ്ധ പൊതുബോധ നിർമാണം ഇവയെല്ലാം ചേർന്ന് ഒരു ശത്രു പൗരനെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. ഇവിടെ ഈ പ്രക്രിയയെ ഒരു സ്ത്രീയുടെ ശരീരത്തിലൂടെ വായിക്കുന്നു. അതുവഴി, രാഷ്ട്രീയം എത്രമാത്രം വ്യക്തിയുടെ ആന്തരിക ജീവിതത്തിലേക്ക് കടന്നുകയറുന്നുവെന്ന് സിനിമ വിദഗ്ധമായി തെളിയിക്കുന്നു.

സിനിമയിലെ സ്ത്രീശരീരത്തിന്റെ രാഷ്ട്രീയവും ശ്രദ്ധേയമാണ്. വിവേചനത്തിന്റെയും, വെറുപ്പിന്റേയും ആദ്യ ചിഹ്നം എന്നത് പലപ്പോഴും സ്ത്രീകളാകുന്നത് യാദൃച്ഛികമല്ല. കാരണം അവർ ഒരേസമയം ലിംഗപരമായും, വംശീയപരമായും മതപരവുമായ അധികാരങ്ങളുടെ കൽപ്പനകൾ ഏറ്റുവാങ്ങേണ്ടിവരുന്നു. സത്യപുല്ല് മുസ്ലീം സ്ത്രീകളുടെ ഈ ബഹുസ്തര അനുഭവങ്ങളെ കരുണയോടെ, പക്ഷേ റൊമാന്റിസൈസ് ചെയ്യാതെ അവതരിപ്പിക്കുന്നു. വിക്ടിംഹുഡിൽ ഒതുങ്ങാതെ, അവരുടെ ബുദ്ധിയും പ്രതിരോധവും ആത്മബോധവും സിനിമ അംഗീകരിക്കുന്നു.

സ്ത്രീകളെക്കുറിച്ചുള്ള ഈ സിനിമയുടെ നിലപാട് പ്രത്യേകം ശ്രദ്ധേയമാണ്. മുസ്ലിം സ്ത്രീകൾ ഇരട്ട ചൂഷണത്തിന് ഇരയാകുമ്പോഴും, ഒരുവശത്ത് പിതൃസത്തയും മറുവശത്ത് വംശീയ മത രാഷ്ട്രീയവും വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുമ്പോഴും സത്യപുല്ല് അവരെ വെറും ഇരകളായി ചിത്രീകരിക്കുന്നില്ല. അവരുടെ ബുദ്ധിയും, എഴുത്തും ആത്മബോധവും, പ്രതിരോധവും സിനിമ അംഗീകരിക്കുന്നു. എന്നാൽ അതിനൊപ്പം തന്നെ ഈ പ്രതിരോധം എത്രമാത്രം ക്ഷീണിപ്പിക്കുന്നതും ഒറ്റപ്പെടുത്തുന്നതുമാണെന്നും സിനിമ മറച്ചുവെക്കുന്നില്ല. സ്ഥിരം ജാഗ്രതയിൽ ജീവിക്കേണ്ടിവരുന്ന ഒരാളുടെ മാനസിക വിലയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഈ ഡോക്യുമെന്ററി നമ്മളോട് ഒരു പ്രധാന ചോദ്യം ഉന്നയിക്കുന്നു, ഭയം എന്തുകൊണ്ടാണ് ചില ശരീരങ്ങളിൽ മാത്രം ഇത്രയും കനത്തതായി അടിഞ്ഞുകൂടുന്നത്? അതിന് ഉത്തരം സിനിമ നൽകുന്നത് ആഗോള രാഷ്ട്രീയപരമായാണ് ശീതയുദ്ധാനന്തര ലോകത്ത് വംശീയതയും, മതവൈരവും എങ്ങനെ രാഷ്ട്രീയ ആയുധങ്ങളായി മാറിയെന്നത് ഇന്ത്യൻ സാഹചര്യത്തിൽ വായിക്കപ്പെടുന്നു. ഇസ്ലാമോഫോബിയ ഒരു സ്വാഭാവിക സാമൂഹിക പ്രതികരണമല്ല. അത് ക്രമബദ്ധമായി നിർമ്മിക്കപ്പെട്ട ഒരു രാഷ്ട്രീയ ഉപാധിയാണ് എന്ന തിരിച്ചറിവ് സത്യപുല്ല് ശക്തമായി മുന്നോട്ടുവെക്കുന്നു. കൂടാതെ അതൊക്കെയും എങ്ങനെ മൂലധനാധിഷ്ഠിത രാഷ്ട്രത്തിന് ഉപകാരപ്പെടുന്ന ആയുധങ്ങളായി മാറിയെന്ന് സത്യപുല്ല് സൂചിക്കുന്നു. ഇസ്ലാമോഫോബിയ ഒരു സ്വാഭാവിക സാമൂഹിക വികാരമല്ല. അത് സാമ്രാജ്യത്വവും, കോർപറേറ്റ് മൂലധനവും ചേർന്ന് വളർത്തിയ ഒരു രാഷ്ട്രീയ ഉൽപ്പന്നമാണ്. അത് ഇന്ത്യയിൽ രാഷ്ട്രീയത്തിന്റെ കൈകളിൽ കൂടുതൽ മൂർച്ചയാർന്ന ആയുധമായി മാറി.

സിനിമ ഇവിടെ നിരാശയിൽ അവസാനിക്കുന്നില്ല, സത്യപുല്ല് എന്ന പേര് തന്നെ ഒരു പ്രതീക്ഷയുടെ സൂചനയാണ്. വേദനക്ക് മരുന്നാകുന്ന ഒരു പുല്ല്. അത്ഭുതകരം എന്നർത്ഥത്തിൽ മാത്രമല്ല, മനുഷ്യൻ സൃഷ്ടിക്കുന്ന പ്രതിരോധത്തിന്റെ ലാളിത്യത്തെ സൂചിപ്പിക്കുന്നതാണ് സത്യപുല്ല് എന്ന മാജിക്കൽ ചെടി, അതുപോലെ നമ്മൾ ആശ്രയിക്കുന്ന കവിത, എഴുത്ത്, ഓർമ, സ്നേഹം ഇവയെല്ലാം ഭയത്തെ പൂർണമായി ഇല്ലാതാക്കിയില്ലെങ്കിലും അതിനെ നേരിടാനുള്ള ശക്തി നൽകുന്നുണ്ട്.

രാംദാസ് കടവല്ലൂരിന്റെ ഈ സിനിമ ഉത്തരവാദിത്വബോധമുള്ള ഒരു രാഷ്ട്രീയ കലയുടെ ഉദാഹരണമാണ്. അത് പ്രേക്ഷകരോട് എന്ത് ചിന്തിക്കണം എന്ന് നിർദ്ദേശിക്കുന്നില്ല. പകരം എങ്ങനെ കാണണം എന്ന ബോധ്യം നൽകുന്നു. ഇന്നത്തെ ഇന്ത്യയിൽ കാഴ്ചതന്നെ രാഷ്ട്രീയമായി നിയന്ത്രിക്കപ്പെടുന്ന കാലത്ത് ഇത് തികച്ചും ചെറുതല്ലാത്ത ഒരു ഇടപെടലാണ്. സത്യപുല്ല് നമ്മുടെ ചുറ്റുമുള്ള മൗനങ്ങളെ മനസ്സിലാക്കാനും, നമുക്കില്ലാത്ത ഭയങ്ങൾ അത് വഹിക്കുന്ന മറ്റുള്ള ശരീരങ്ങളിൽ തിരിച്ചറിയാനും കരുണ കാണിക്കുന്ന മനുഷ്യർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ഒടുവിൽ സത്യപുല്ല് നമ്മളോട് ചോദിക്കുന്ന ചോദ്യം ലളിതമാണ്, ഒരുപക്ഷേ നമ്മളെ അസ്വസ്ഥമാക്കുന്നതുമാണ്. നമ്മൾ ജീവിക്കുന്ന ഈ രാജ്യത്ത്, ആർക്കെല്ലാം ശ്വാസം മുട്ടാതെ ജീവിക്കാൻ സമൂഹം അനുവാദം നൽകുന്നു? ആ ചോദ്യം ഉന്നയിക്കുന്നതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ രാഷ്ട്രീയം എന്നത്. ഭയം ഒരു വികാരമല്ല, ഒരു ഭരണരീതിയാണ് എന്ന തിരിച്ചറിവ് നൽകുന്ന സത്യപുല്ല്, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമായ ഒരു കലാപ്രവർത്തനമാണ്. ശാന്തവും, സൗന്ദര്യപരവും, അതിനേക്കാൾ അധികം അപകടകരവുമായ ഒരു പ്രവർത്തനംതന്നെയാണ്.

അവസാനം, സത്യപുല്ല് ഒരു സിനിമ മാത്രമല്ല. അത് ഒരു നൈതിക അഭ്യർത്ഥനയാണ്. ഭയം നമ്മെ വിഭജിക്കാൻ ഉപയോഗിക്കുന്ന ഒരു കാലത്ത്, ആ ഭയത്തിന്റെ നിർമ്മിതിയെ തുറന്നുകാട്ടുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഈ ഡോക്യുമെന്ററി അതാണ് ചെയ്യുന്നത്. സൗന്ദര്യത്തോടെയും, സത്യസന്ധതയോടെയും ഇത് നമ്മളോട് ചോദിക്കുന്നു.

നാം ഈ മൗനത്തിന്റെ ഭാഗമായാണോ, അതോ അതിനെ ചോദ്യം ചെയ്യുന്നവരായാണോ നിലകൊള്ളുന്നത് ?

Share this link