Author Image ഡോ. ടി.എസ്. ശ്യാംകുമാർ
14 Oct 2026

ഇലക്ഷൻ കമ്മീഷന്റെ രാഷ്ട്രീയ വിധേയത്വം SIR-ലൂടെ വെട്ടിമാറ്റുന്ന വോട്ടവകാശവും

സ്വതന്ത്രമായ ഇലക്ഷൻ കമ്മീഷൻ എന്നത് കേവലം ഭരണപരമായ ഒരു സൗകര്യമല്ല; മറിച്ച് ജനങ്ങളുടെ സ്വതന്ത്രമായ വോട്ടിലൂടെ യഥാർത്ഥ ജനാധിപത്യ സർക്കാർ രൂപപ്പെടുത്തുന്നതിനുള്ള ഭരണഘടനാപരമായ സംരക്ഷണമാണ്. എന്നാൽ SIR-ലൂടെ ലക്ഷക്കണക്കിന് പൗരരുടെ പേരുകൾ വെട്ടിമാറ്റി പുറന്തള്ളിയതിലൂടെ യഥാർത്ഥ ജനാധിപത്യ സർക്കാർ രൂപപ്പെടുന്നതിനുള്ള സാഹചര്യമാണ് ഇല്ലാതാക്കിയിരിക്കുന്നത്. അംബേദ്കറുടെ ദർശനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ വോട്ടവകാശത്തിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രയോഗം തടയുക വഴി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വത്തെയും ഭരണഘടനാധാർമികതയെയുമാണ് ഹിന്ദുത്വം അട്ടിമറിക്കുന്നത്. ഡോ. ടി.എസ്. ശ്യാംകുമാർ എഴുതുന്നു.

ഭരണഘടനാ ധാർമികതയെക്കുറിച്ച് 1949 നവംബർ 25-ന് ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ പറഞ്ഞത്, ഭരണഘടനാ ധാർമികത മനുഷ്യരിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു വികാരമല്ലെന്നും വളർത്തിയെടുക്കേണ്ടതാണ് അതെന്നുമാണ്. ഭരണഘടന എഴുതിക്കഴിഞ്ഞാൽ ജനാധിപത്യം സ്വയം പ്രവർത്തിക്കില്ലെന്നും ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൗരന്മാരും ഭരണഘടനയുടെ മൂല്യം ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംസ്കാരം വളർത്തിയെടുക്കണമെന്നും അംബേദ്കർ മുന്നറിയിപ്പ് നൽകി. പ്രത്യക്ഷമായ ഭരണഘടനയേക്കാൾ പ്രധാനം ഭരണഘടനയനുസരിച്ച് പെരുമാറേണ്ട രീതി ജനങ്ങളിൽ ഉണ്ടായിരിക്കണം എന്നതാണെന്നും, രാജ്യത്തിന്റെ പാർലമെന്ററി ജനാധിപത്യപദ്ധതി വിജയിക്കണമെങ്കിൽ സർക്കാരും ജനങ്ങളും രണ്ടുകൂട്ടരും ഭരണഘടനയിലെ സങ്കേതങ്ങളും നീതിയും പാലിക്കേണ്ടതാണെന്നും അംബേദ്കർ ദീർഘദർശനത്തോടെ പ്രസ്താവിച്ചു (ഡോ. ബി.ആർ. അംബേദ്കർ 1950 ജൂൺ 10-ന് തിരുവനന്തപുരത്ത് ലെജിസ്ലേറ്റീവ് ചേംബറിൽ നടത്തിയ പ്രഭാഷണം).

ഭരണഘടനാ ധാർമികത എന്നത് ഭരണഘടനയുടെ രൂപത്തെ മാത്രമല്ല, അതിലെ സ്ഥാപനങ്ങളെയും അവയുടെ പ്രവർത്തനരീതിയെയും ആദരിക്കുന്ന മനോഭാവമാണെന്നും അംബേദ്കർ വ്യക്തമാക്കി. "എനിക്ക് അധികാരമുണ്ട്, അതിനാൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാം" എന്നതല്ല ഭരണഘടനാ ധാർമികത എന്നും "അധികാരമുണ്ടെങ്കിലും ഭരണഘടന എന്നെ നിയന്ത്രിക്കുന്നു" എന്നതാണ് ഭരണഘടനാ ധാർമികത എന്നും അംബേദ്കർ സ്പഷ്ടമാക്കി. അധികാരത്തിലുള്ള പാർട്ടി പ്രതിപക്ഷത്തെ അടിച്ചമർത്തുക, ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി കീഴ്പ്പെടുത്തുക, നിയമത്തെ സ്വന്തം താൽപ്പര്യത്തിന് ഉപയോഗിക്കുക, ന്യൂനപക്ഷാവകാശങ്ങളെ അടിച്ചമർത്തുക, ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുക തുടങ്ങിയ അവസരങ്ങളിൽ ഭരണഘടന നിലനിൽക്കുന്നുണ്ടെങ്കിലും ഭരണഘടനാധാർമികത ദുർബലപ്പെടും എന്ന് അംബേദ്കർ താക്കീത് നൽകി. ഏതൊരവസരത്തിലും ഭരണഘടനാപരമായ മാർഗ്ഗങ്ങൾ (Constitutional Methods) ഉപേക്ഷിക്കരുതെന്ന് അംബേദ്കർ ജാഗ്രതപ്പെടുത്തി. അംബേദ്കറുടെ ഭരണഘടനാധാർമികത എന്നത് ഭരണഘടനയെ ഒരു നിയമപുസ്തകമായി മാത്രം കാണാതെ ജാതിയും പദവിക്രമവും ഭൂരിപക്ഷാധിപത്യവും സമത്വത്തിന് മുകളിൽ സ്ഥാപിക്കപ്പെടാതിരിക്കാനുള്ള ജനാധിപത്യ സംസ്കാരത്തെ വളർത്തിയെടുക്കാനുള്ള വഴിയായി കാണുന്നു.

രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനയുടെ ഈ അടിസ്ഥാനധാർമികതയിൽ നിന്ന് വ്യതിചലിക്കാൻ പാടില്ലെന്ന് ഭരണഘടനാ വിധാതാക്കൾ വ്യവസ്ഥ ചെയ്തിരുന്നു. 1949 ജൂൺ 15-ന് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള വ്യവസ്ഥ അവതരിപ്പിക്കുമ്പോൾ അംബേദ്കർ പറഞ്ഞത്, "തിരഞ്ഞെടുപ്പിന്റെ ശുദ്ധിയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായി, തിരഞ്ഞെടുപ്പുകൾ ഭരണകൂടത്തിന്റെ ഏതുതരത്തിലുള്ള ഇടപെടലിൽ നിന്നും സ്വതന്ത്രമാകണം" (".. in the interests of purity and freedom of elections... they should be freed from the executive of the day", Constituent Assembly Debates 15 June 1949) എന്നാണ്. എന്നാൽ ഹിന്ദുത്വ ഭരണകൂടം എതിരഭിപ്രായങ്ങൾക്ക് ഇടനൽകാതെ ഏകപക്ഷീയമായി തിരഞ്ഞെടുക്കുന്ന ഇലക്ഷൻ കമ്മീഷൻ എക്സിക്യൂട്ടിവിന്റെ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാണെന്ന് കരുതാൻ നിർവാഹമില്ല. യോഗ്യതയില്ലാത്ത ഒരാളോ എക്സിക്യൂട്ടിവിന്റെ സ്വാധീനത്തിന് കീഴിൽ പ്രവർത്തിക്കാൻ സാധ്യതയുള്ള ഒരാളോ ഇലക്ഷൻ കമ്മീഷണർ ആകുന്നത് തടയാനുള്ള മതിയായ സുരക്ഷ ഭരണഘടനയിലെ നിർദ്ദേശത്തിലില്ലെന്ന ആശങ്ക അംബേദ്കർ പ്രകടിപ്പിച്ചിരുന്നു ("..... there is no provision in the constitution to prevent either a fool or knave or a person who is likely to be under the thumb of the executive", Constituent Assembly Debates, 1949 June 16).

ഭരണഘടനാ നിർമ്മാണ സഭയിൽ അംബേദ്കർ വ്യക്തമാക്കിയത് ഇലക്ഷൻ കമ്മീഷൻ രൂപീകരിക്കുമ്പോൾ തിരഞ്ഞെടുപ്പ് സംവിധാനത്തെ എക്സിക്യൂട്ടിവിന്റെ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കണം എന്നതായിരുന്നു. എന്നാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പോലും ഒഴിവാക്കി ഭരണകൂടം തന്നെ നേരിട്ട് ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്നതിലൂടെ അംബേദ്കർ പറഞ്ഞ എക്സിക്യൂട്ടിവിന്റെ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാകുന്നതിന് പകരം അതിന് വിധേയപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ശുദ്ധിയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ എക്സിക്യൂട്ടിവിന്റെ ഇടപെടലിൽ നിന്നും ഇലക്ഷൻ കമ്മീഷനെ സ്വതന്ത്രമാക്കേണ്ടത് അത്യാവശ്യമാണ് എന്ന നിലപാടാണ് ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ കൈക്കൊണ്ടത്.

ഇലക്ഷൻ കമ്മീഷൻ ഭരണഘടനാധാർമികത പരിപാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഭരണഘടനയിലെ വാക്കുകൾ മാത്രം പാലിക്കുന്നതല്ല ഭരണഘടനാ ധാർമികത. ഭരണഘടന സ്ഥാപിച്ച ജനാധിപത്യ മൂല്യങ്ങളും സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന രീതിയിൽ അധികാരം വിനിയോഗിക്കുന്നത് കൂടിയാണ് ഭരണഘടനാ ധാർമികത.

ഇലക്ഷൻ കമ്മീഷന്റെ കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കൽ, എക്സിക്യൂട്ടിവിന്റെ ഇടപെടൽ ഒഴിവാക്കൽ, എല്ലാ രാഷ്ട്രീയ കക്ഷികളോടും സ്ഥാപനപരമായ നിഷ്പക്ഷത പാലിക്കൽ, വോട്ടവകാശത്തിന്റെ സംരക്ഷണം, തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കൽ, അധികാരം ഉപയോഗിക്കുമ്പോൾ നിയമവും ഭരണഘടനയും പരിപാലിക്കൽ, തീരുമാനങ്ങൾക്ക് ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിക്കലും അതിന്റെ സുതാര്യത നിലനിർത്തുക എന്നിവ പ്രധാനമാണ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ വോട്ട് വെട്ടിയ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടവകാശത്തെ സംരക്ഷിക്കുകയാണോ എന്ന് ന്യായമായും ആരും സംശയിക്കും. ഫോം 7-ലൂടെ പ്രത്യേക ജനവിഭാഗങ്ങളുടെ പേരുകൾ വോട്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനും അതുവഴി തിരഞ്ഞെടുപ്പ് ഫലത്തെ നിർണ്ണായകമായി സ്വാധീനിക്കാനും കഴിയും. കർണ്ണാടകത്തിൽ ആയിരക്കണക്കിന് ആളുകളെ ഒഴിവാക്കാൻ ഇത്തരത്തിൽ ഫോം 7 സമർപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുദ്രയ്ക്ക് പകരം BJP-യുടെ മുദ്ര പതിഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുദ്രണങ്ങൾ പുറത്തുവന്നത് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു. സ്ഥാപനപരമായ നിഷ്പക്ഷത പാലിക്കേണ്ട കമ്മീഷൻ ഭരണകക്ഷികളുടെ വിദ്വേഷപ്രസംഗങ്ങൾക്ക് മുൻപിൽ മൗനം പാലിച്ച് വിധേയപ്പെടുകയും, പ്രതിപക്ഷ കക്ഷികൾക്കെതിരായി നടപടികൾ കൈക്കൊള്ളുകയും ചെയ്തതിലൂടെ സ്ഥാപനപരമായ നിഷ്പക്ഷത ഏറെ അകലത്താണെന്ന് തെളിഞ്ഞു കഴിഞ്ഞു. കമ്മീഷനിലെ തന്നെ മറ്റ് അംഗങ്ങളുടെ പതിനാലോളം വിയോജിപ്പുകളെ മറികടന്നുകൊണ്ട് ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടതിലൂടെ ഭരണഘടനാപരമായ നടപടിക്രമങ്ങൾ തന്നെ അട്ടിമറിക്കപ്പെടുകയാണുണ്ടായത് എന്നും സുവ്യക്തം.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ജനാധിപത്യത്തെ നിലനിർത്തുന്നതിന് അതിനിർണ്ണായകമാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അനുച്ഛേദം 324 ഇലക്ഷൻ കമ്മീഷന് പ്രധാനപ്പെട്ട അധികാരം നൽകുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഉത്തരവാദിത്വം ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ഉണ്ടെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് (Association for Democratic Reforms & Anr Versus Union of India & others). അതിനാൽ 1949-ലെ അംബേദ്കർ അവതരിപ്പിച്ച ഇലക്ഷൻ കമ്മീഷനെ സംബന്ധിച്ച ഭരണഘടനാ ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ ചോദ്യം ഇതാണ്; ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പിൽ നിഷ്പക്ഷത, സ്വാതന്ത്ര്യം, വോട്ടവകാശം, ജനാധിപത്യ സമത്വം എന്നിവ ഭരണഘടനാ ധാർമികതയോട് പൊരുത്തപ്പെടുത്താവുന്ന രീതിയിലാണോ ഉപയോഗിക്കുന്നത്?

അംബേദ്കറുടെ കാഴ്ചപ്പാടിൽ സ്വതന്ത്രമായ ഇലക്ഷൻ കമ്മീഷൻ എന്നത് കേവലം ഭരണപരമായ ഒരു സൗകര്യമല്ല; മറിച്ച് ജനങ്ങളുടെ സ്വതന്ത്രമായ വോട്ടിലൂടെ യഥാർത്ഥ ജനാധിപത്യ സർക്കാർ രൂപപ്പെടുത്തുന്നതിനുള്ള ഭരണഘടനാപരമായ സംരക്ഷണമാണ്. എന്നാൽ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് അർഹരായവരുടെ പേരുകൾ വെട്ടിമാറ്റി പുറന്തള്ളിയതിലൂടെ യഥാർത്ഥ ജനാധിപത്യ സർക്കാർ രൂപപ്പെടുന്നതിനുള്ള സാഹചര്യമാണ് ഇല്ലാതാക്കിയിരിക്കുന്നത്. അംബേദ്കറുടെ ദർശനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ വോട്ടവകാശത്തിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രയോഗം തടയുക വഴി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വത്തെയും ഭരണഘടനാധാർമികതയെയുമാണ് ഹിന്ദുത്വം അട്ടിമറിക്കുന്നത്.

ഇലക്ഷൻ കമ്മീഷൻ നടത്തുന്ന SIR (Special Intensive Revision) പൗരത്വ നിയമത്തിന്റെ മറുവഴി നടപ്പിലാക്കലാണെന്ന് അതിലെ ചോദ്യാവലികൾ തന്നെ തെളിയിക്കുന്നുണ്ട്. SIR-ലൂടെ കോടിക്കണക്കിന് മനുഷ്യരാണ് വോട്ടവകാശമില്ലാത്ത പൗരരല്ലാതായത്. വോട്ടവകാശം അനുച്ഛേദം 326 പ്രകാരമുള്ള അടിസ്ഥാന ജനാധിപത്യ അവകാശമാണ്. അതിനാൽ അർഹനായ ഒരാളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ജനാധിപത്യ പ്രക്രിയയെ തന്നെ ബാധിക്കുന്ന വിഷയമാണ്. അംബേദ്കർ മുന്നോട്ടുവെച്ച ഭരണഘടനാ ധാർമികതയുടെ ഭാഷയിൽ പറഞ്ഞാൽ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം മാത്രമല്ല, വോട്ടർ പട്ടികയിൽ തുടരാനുള്ള അവകാശവും ജനാധിപത്യത്തിന്റെ വിശ്വാസ്യതയുടെ ഭാഗമാണ്. അർഹനാ(യാ)യ ഒരു പൗര(യ)ന്റെ പേര് നീക്കം ചെയ്യപ്പെടാതിരിക്കാൻ ഇലക്ഷൻ കമ്മീഷൻ പരമാവധി ഭരണഘടനാപരമായ ജാഗ്രത പുലർത്തിയോ എന്ന ചോദ്യം പ്രസക്തമാണ്.

പൗരന്റെ പേര് പ്രാദേശിക ഓഫീസർമാർക്ക് ഉൾപ്പെടുത്താൻ സാധിക്കാത്തവിധം അത് കേന്ദ്രീകരിച്ചതോടെ ഇലക്ഷൻ കമ്മീഷൻ ഭരണഘടനാപരമായ ജാഗ്രത കാണിച്ചില്ല എന്ന് പറയേണ്ടിവരും. 1949 ജൂൺ 15-ന് ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ പ്രസ്താവിച്ചു: "ഭരണഘടന പ്രകാരം ഇലക്ടറൽ റോളിൽ ഉൾപ്പെടാൻ അവകാശമുള്ള ഒരു പൗരനും അനീതി സംഭവിക്കാതിരിക്കണം" (So that no injustice may be done to any citizen in India, who under this Constitution is entitled to be brought on the electoral rolls). എന്നാൽ ഇന്നത്തെ ഇന്ത്യയിൽ കോടിക്കണക്കിന് ഇന്ത്യക്കാർ ഈ അനീതി നേരിട്ടുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമാകാത്തിടത്തോളം ഇന്ത്യക്ക് ഒരു ജനാധിപത്യ രാജ്യമാകാൻ കഴിയില്ല. ഇലക്ഷൻ കമ്മീഷൻ നടപ്പാക്കിയ SIR-ലൂടെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ ധാർമികതയും നിഷ്പക്ഷതയും നിസ്സംശയം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. വോട്ടവകാശം സംരക്ഷിക്കാൻ ഇന്ത്യയുടെ പൗരർക്ക് തെരുവിൽ കിടക്കേണ്ടി വരുമ്പോൾ ഭരണഘടനാ ധാർമികത ഇലക്ഷൻ കമ്മീഷനോട് ആയിരക്കണക്കിന് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കും.

Share this link