ജെ.എൻ.യു. സർവകലാശാലയിൽ 2026–27 പി.എച്ച്.ഡി. പ്രവേശനത്തിൽ വലിയ തോതിലുള്ള എസ്.സി/എസ്.ടി സംവരണ അട്ടിമറിയാണ് നടന്നിരിക്കുന്നത്. ഇതിനെതിരെ BAPSA-യുടെ നേതൃത്വത്തിൽ സർവകലാശാലക്ക് മുൻപിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ സർവകലാശാലകളിലെ അറിവിന്റെ അധികാരഘടന ആരുടെ നിയന്ത്രണത്തിലാണ്, ഗവേഷണത്തിന്റെ മേഖലയിലേക്ക് ആരെ പ്രവേശിപ്പിക്കുന്നു, ആരുടെ സാമൂഹികാനുഭവങ്ങൾക്കാണ് അക്കാദമിക സാധുത ലഭിക്കുന്നത് എന്നീ അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഈ പ്രക്ഷോഭം ഉയർത്തുന്നത്. ജാതിവ്യവസ്ഥ നിയന്ത്രിച്ചുപോന്ന വിജ്ഞാനമേഖലകളിൽ സാമൂഹികനീതി ഇന്നും കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഈ പ്രക്ഷോഭം ഉയർത്തുന്നുണ്ട്.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു.) 2026–27 അധ്യയനവർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിൽ വലിയ തോതിലുള്ള എസ്.സി/എസ്.ടി സംവരണ അട്ടിമറിയാണ് നടന്നിരിക്കുന്നത്. സർവകലാശാലയിലെ പട്ടികവർഗ, പട്ടികജാതി വിഭാഗങ്ങളുടെ സംവരണ വിഹിതത്തിൽ വൻ കുറവുണ്ടെന്നും ഇത് അർഹരായ വിദ്യാർഥികളെ ആസൂത്രിതമായി പുറംതള്ളുന്നതിന് കാരണമായെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (BAPSA) നേതൃത്വത്തിൽ ഒക്ടോബർ 23 മുതൽ സർവകലാശാലക്ക് മുൻപിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. സംവരണ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ജെ.എൻ.യു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ബാപ്സ പറയുന്നു. പട്ടികവർഗ്ഗ വിഭാഗത്തിന്റെ വെട്ടിക്കുറച്ച 15 സീറ്റുകളും പട്ടികജാതി വിഭാഗത്തിന്റെ 4 സീറ്റുകളും പുനർവിജ്ഞാപനം ചെയ്യണമെന്നതാണ് BAPSA-യുടെ പ്രധാന ആവശ്യം. ഒക്ടോബർ 28 ബുധനാഴ്ച, അനിശ്ചിതകാല സമരത്തിന്റെ ആറാം ദിവസം ജെ.എൻ.യു. ഭരണാധികാരികളുടെ കോലം കത്തിച്ച് സംഘടന പ്രതിഷേധിക്കുകയും പ്രക്ഷോഭത്തിൽ പങ്കുചേരാൻ ബിരുദ, ബിരുദാനന്തര വിദ്യാർഥികളോട് BAPSA അഭ്യർഥിക്കുകയും ചെയ്തു.
ജെ.എൻ.യു.വിലെ ഗവേഷണ സീറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള തർക്കമല്ലിത്. സർവകലാശാലകളിൽ ആരാണ് ഗവേഷണം നടത്തേണ്ടത്, ആരുടെ അറിവിനാണ് അക്കാദമിക അംഗീകാരം ലഭിക്കുന്നത്, ഗവേഷണത്തിന്റെ ഭാവി നിർണയിക്കുന്ന സ്ഥാപനങ്ങളിൽ ഏതെല്ലാം സാമൂഹികവിഭാഗങ്ങൾക്കാണ് പ്രാതിനിധ്യം ഉണ്ടാകേണ്ടത് തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഈ പ്രക്ഷോഭം ഉന്നയിക്കുന്നത്.
ജെഎൻയുവിന്റെ 2026–27 പി.എച്ച്.ഡി. ഇ-പ്രോസ്പെക്ടസിൽ പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗ വിഭാഗത്തിന് 7.5 ശതമാനവും സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ 711 സീറ്റുകളുള്ള പ്രവേശന പട്ടികയിൽ പട്ടികവർഗ വിഭാഗത്തിന് 38 സീറ്റുകൾ മാത്രമാണുള്ളത്. ഇത് ഏകദേശം 5.3 ശതമാനമാണ്. 7.5 ശതമാനം കണക്കാക്കുമ്പോൾ ഏകദേശം 53 സീറ്റുകൾ ആണ് ലഭിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ 15 സീറ്റുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
കൂടാതെ, പ്രവേശനം പ്രഖ്യാപിച്ച 84 പ്രോഗ്രാമുകളിൽ 56 എണ്ണത്തിലും ഒരു എസ്.ടി. സീറ്റ് പോലുമില്ലെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. എന്നാൽ ഇതിൽ 24 പ്രോഗ്രാമുകളിൽ മുന്നോക്ക സമുദായങ്ങളിലെ "സാമ്പത്തികമായി പിന്നാക്കം" നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) സീറ്റുകൾ നൽകിയിട്ടുണ്ട്. സംവരണ തത്വങ്ങൾക്ക് വിരുദ്ധമായി എസ്.ടി. സീറ്റുകളേക്കാൾ EWS സീറ്റുകൾക്ക് മുൻഗണന നൽകുന്ന സമീപനമാണിത്. കഴിഞ്ഞ നാല് പ്രവേശന ഘട്ടങ്ങളിലായി 30 പ്രോഗ്രാമുകളിൽ ആകെ 351 സീറ്റുകൾ ഉണ്ടായിരുന്നിട്ടും ഒരു എസ്.ടി. സീറ്റുപോലും അനുവദിക്കാത്ത സാഹചര്യം നിലവിലുണ്ട്.
സർവകലാശാലാതലത്തിൽ നിശ്ചിത ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില ഗവേഷണ പ്രോഗ്രാമുകളിൽ സംവരണ വിഭാഗങ്ങൾക്ക് സീറ്റുകൾ ലഭിക്കാത്ത സാഹചര്യം നിലനിക്കുന്നുണ്ട്. വലിയ പഠന വകുപ്പുകളിൽ പോലും സംവരണ സീറ്റുകൾ വെട്ടിക്കുറയ്ക്കപ്പെടുന്ന പ്രവണതയാണുള്ളത്. 14 കേന്ദ്രങ്ങളും 21 പ്രോഗ്രാമുകളുമുള്ള സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ (SIS) പ്രതീക്ഷിച്ചിരുന്ന 8 എസ്.ടി. സീറ്റുകളിൽ 4 എണ്ണം മാത്രമാണ് അനുവദിച്ചത്. അതായത് 50 ശതമാനത്തിന്റെ കുറവ്. സ്കൂൾ ഓഫ് കമ്പ്യൂട്ടേഷണൽ ആൻഡ് ഇന്റഗ്രേറ്റീവ് സയൻസസ് (SCIS), സ്കൂൾ ഓഫ് ബയോടെക്നോളജി (SBT), സ്കൂൾ ഓഫ് സംസ്കൃതം ആൻഡ് ഇൻഡിക് സ്റ്റഡീസ് (SSIS) തുടങ്ങിയ കേന്ദ്രങ്ങളിൽ ഒരു എസ്.ടി. സീറ്റുപോലും ലഭ്യമല്ല. ചില ശാസ്ത്രപഠന സ്കൂളുകളിലും ഒരു പട്ടികവർഗ സ്കോളറിന് പോലും പ്രവേശനം നൽകിയിട്ടില്ല. സ്കൂൾ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസ് എന്നിവടങ്ങളിലെ 19 പ്രോഗ്രാമുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് പട്ടികവർഗ ഗവേഷകർക്ക് പ്രവേശനം നൽകിയിട്ടുള്ളത്.
എസ്.സി. സംവരണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ മൂന്ന് സീറ്റുകളുടെയും എൻജിനീയറിങ്ങിൽ രണ്ട് സീറ്റുകളുടെയും കുറവുണ്ട്. കഴിഞ്ഞ ഏഴ് പ്രവേശന ഘട്ടങ്ങളിലായി എസ്.സി. വിഭാഗത്തിന്റെ സീറ്റ് വിഹിതം ഒരിക്കൽപോലും നിശ്ചിത 15 ശതമാനം ലക്ഷ്യം കൈവരിച്ചിട്ടില്ല. 3.4 ശതമാനം മുതൽ 14.4 ശതമാനം വരെയുള്ള കുറവാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
സംവരണത്തിന്റെ ഫലപ്രാപ്തി പരിശോധിക്കുമ്പോൾ ആകെ സീറ്റുകളുടെ എണ്ണം മാത്രം പരിഗണിച്ചാൽ മതിയാകില്ല. ഓരോ പഠന വിഭാഗത്തിലും സെന്ററുകളിലെ ഗവേഷണ പ്രോഗ്രാമിലും എങ്ങനെയാണ് സീറ്റുകൾ വിഭജിക്കപ്പെടുന്നത് എന്നത് ഏറെ പ്രധാനമാണ്.
സാമൂഹികമായി പുറംതള്ളപ്പെട്ട ഒരു വിഭാഗത്തിന് സർവകലാശാലാതലത്തിൽ സംവരണം ലഭിക്കുന്നുണ്ടെങ്കിലും ചില പഠനമേഖലകളിൽ പ്രവേശനസാധ്യത ഇല്ലാതാകുന്നുണ്ടെങ്കിൽ, അതിന്റെ പ്രത്യാഘാതം ദീർഘകാലത്തേക്കുള്ളതാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹികശാസ്ത്രം, ഭാഷാപഠനം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിൽ എല്ലാ സാമൂഹികവിഭാഗങ്ങൾക്കും പ്രവേശനം ലഭിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വിജ്ഞാനമേഖലകൾ ചില പ്രത്യേക സാമൂഹികവിഭാഗങ്ങളുടെ മാത്രം കുത്തക ഇടങ്ങളായി തുടരും.
വൈവയും ജാതീയ വ്യവസ്ഥാപിത പുറത്താക്കലും
പി.എച്ച്.ഡി. പ്രവേശനത്തിലെ മറ്റൊരു നിർണായക ഘട്ടമാണ് വൈവ (അഭിമുഖം). എഴുത്തുപരീക്ഷയിലൂടെ വിദ്യാർത്ഥികളുടെ വിഷയപരമായ അറിവും അക്കാദമിക യോഗ്യതയും വിലയിരുത്തിയശേഷം അഭിമുഖത്തിലൂടെ ഗവേഷണശേഷി, വിഷയത്തെക്കുറിച്ചുള്ള അറിവ്, വിമർശനാത്മക ചിന്താശേഷി എന്നിവ പരിശോധിച്ചാണ് ഗവേഷണത്തിന് പ്രവേശനം നൽകുന്നത്. എന്നാൽ ഈ വിലയിരുത്തൽ വ്യക്തമായ മാനദണ്ഡങ്ങൾക്കനുസരിച്ചും വിവേചനരഹിതമായും നടക്കേണ്ടതാണ്. ജെ.എൻ.യു.വിൽ എഴുത്തുപരീക്ഷയ്ക്ക് 70 ശതമാനവും വൈവക്ക് 30 ശതമാനവും മാർക്കാണ് നൽകുന്നത്. എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന സംവരണ വിഭാഗം വിദ്യാർഥികൾക്ക് പോലും വൈവയിൽ വളരെ കുറഞ്ഞ മാർക്ക് (0, 1, 2) നൽകി പ്രവേശനം നിഷേധിക്കുന്ന പ്രവണതയുണ്ടെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ കമ്മീഷനുകൾ കണ്ടെത്തിയിട്ടുണ്ട്. 2012-ലെ രാജീവ് ഭട്ട് റിപ്പോർട്ട് പ്രകാരം, ജനറൽ വിഭാഗം അപേക്ഷകരേക്കാൾ 19 മുതൽ 20 ശതമാനം വരെ കുറവ് മാർക്കാണ് വൈവയിൽ എസ്.സി./എസ.ടി. വിദ്യാർഥികൾക്ക് മനഃപൂർവം നൽകിയിരുന്നത്. രാജീവ് ഭട്ട് കമ്മിറ്റി, തോറാട്ട് കമ്മിറ്റി, നഫേയ് കമ്മിറ്റി തുടങ്ങിയ സമിതികൾ വൈവയിലെ അനീതികളും അപാകതകളും വിവേചനങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.
വൈവയിൽ മാർക്ക് നൽകുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങളില്ലെങ്കിൽ, അഭിമുഖം നടത്തുന്ന സമിതിയിലെ അംഗങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങൾക്കും മുൻവിധികൾക്കും കാരണമായിതത്തീരും. ഇത് അക്കാദമിക യോഗ്യതയുള്ള വിദ്യാർത്ഥിയെ ഗവേഷണത്തിൽ നിന്ന് പുറംതള്ളുന്നതിനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ജാതി, വംശം, സാമൂഹിക പശ്ചാത്തലം, ഭാഷ എന്നിവയെല്ലാം വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനും ഉന്നതവിദ്യാഭ്യാസത്തിനും യോഗ്യത നേടുന്നതിനെ തടയുന്ന ഘടകങ്ങളായി നിലനിൽക്കുന്നുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി. വിഭാഗങ്ങളിലെ വിദ്യാർഥികൾക്കെതിരെ വൈവാ ഘട്ടത്തിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നടക്കുന്നുവെന്ന് BAPSA തെളിവുകൾ നിരത്തി പറയുന്നുണ്ട്.
എസ്.സി, എസ്.ടി, ഒ.ബി.സി. വിഭാഗങ്ങളിലെ പി.എച്ച്.ഡി. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ചും BAPSA സമരത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. 2024–25 അധ്യയനവർഷത്തിൽ യു.ജി.സി./സി.എസ്.ഐ.ആർ. നെറ്റ്, നെറ്റ്-ജെ.ആർ.എഫ്., ഗേറ്റ് തുടങ്ങിയ പരീക്ഷകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകേണ്ട സെന്ററുകളിൽ ഏകദേശം 200 സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നുവെന്ന് സംഘടനയുടെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ കണക്കുകൾ പ്രസിദ്ധീകരിക്കാത്തത് പ്രവേശനപ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്നുവെന്നും BAPSA പറയുന്നു.
അധ്യാപക പ്രാതിനിധ്യവും ഗവേഷണാവസരങ്ങളും
അധ്യാപകരുടെ പ്രാതിനിധ്യവും ഗവേഷണവിദ്യാർഥികളുടെ പ്രവേശനവും ഗൈഡൻഷിപ്പും തമ്മിൽ നിർണ്ണായക ബന്ധമുണ്ട്. പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്ന് വരുന്ന വലിയൊരു ശതമാനം അധ്യാപകരും ആദിവാസി, ദലിത്, പിന്നാക്ക, ബഹുജൻ വിദ്യാർത്ഥികളെ ഗവേഷണത്തിന് എടുക്കുകയും നിർദ്ദേശങ്ങൾ നൽകുകയും സാമൂഹിക സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ പിൻതുണ നൽകുകയും ചെയ്യാറുണ്ട്. അധ്യാപകരുടെ പ്രാതിനിധ്യം സർവകലാശാലകളിലും വിവിധ പഠനവകുപ്പിലും ഇല്ലാത്തത് ഏറ്റവും അധികം ബാധിക്കുന്നത് പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ്. ഒരു അധ്യാപകന് ഗവേഷണവിദ്യാർഥികളെ എടുക്കുന്നതിനുള്ള പരിധി കുറച്ചത് ഈ വിഭാഗം വിദ്യാർത്ഥികളെ കാര്യമായി ബാധിക്കുന്നുണ്ട്. അസി. പ്രൊഫസർക്ക് നാല്, അസോ. പ്രൊഫസർക്ക് ആറ്, പ്രൊഫസർക്ക് എട്ട് എന്നിങ്ങനെയാണ് മാർഗനിർദേശത്തിനുള്ള പരിധി. അതോടൊപ്പം, എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങളിലെ അധ്യാപകരുടെ പ്രമോഷനുകളിൽ “നോട്ട് ഫൗണ്ട് സ്യൂട്ടബിൾ” (NFS) എന്ന നിലപാട് സ്വീകരിക്കുന്നതിലൂടെ ഈ വിഭാഗങ്ങളിലെ അധ്യാപകരുടെ അക്കാദമിക മുന്നേറ്റം തടസ്സപ്പെടുന്നു എന്നുമാത്രമല്ല ഗവേഷണ മാർഗനിർദേശത്തിനുള്ള പരിധി കുറയുകയും ഗവേഷണ പ്രവേശനത്തിനുള്ള വിദ്യാർത്ഥികളുടെ സാധ്യതകൾ കുറയുകയുമാണ് ചെയ്യുന്നത് എന്ന് BAPSA പ്രസ്താവനയിൽ അടിവരയിടുന്നു.
BAPSA ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ജെ.എൻ.യു. ഭരണകൂടം വിശദീകരണം നൽകേണ്ടതുണ്ട്. 711 സീറ്റുകളിൽ 38 എസ്.ടി. സീറ്റുകൾ മാത്രമുള്ളതിന്റെ കാരണം എന്താണ്? ഭരണഘടനാ അവകാശമായ 7.5 ശതമാനവും അനുവദിച്ച കണക്കും തമ്മിലുള്ള വ്യത്യാസം എങ്ങനെ രൂപപ്പെട്ടു? വിവിധ ഗവേഷണ സെന്ററുകളിൽ സീറ്റുകൾ നിർണയിക്കുന്നതിന് ഏത് റോസ്റ്ററാണ് ഉപയോഗിച്ചത്? പ്രവേശനത്തിന്റെ ഓരോ ഘട്ടത്തിലും ഒഴിവുള്ള സീറ്റുകൾ എങ്ങനെയാണ് കൈകാര്യം ചെയ്തത്? വൈവക്ക് മാർക്ക് നൽകുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്? ഈ ചോദ്യങ്ങൾക്ക് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലുള്ള മറുപടിയാണ് വേണ്ടത്.
സർവകലാശാലയുടെ ആകെ സീറ്റ് പട്ടിക പ്രസിദ്ധീകരിക്കുന്നതോടൊപ്പം പ്രോഗ്രാം തിരിച്ചുള്ള സീറ്റ് വിവരങ്ങളും വിഭാഗം തിരിച്ചുള്ള കണക്കുകളും പുറത്തുവിടണം. സംവരണ സീറ്റുകൾ നിർണയിച്ച രീതി, ഒഴിവുകൾ ഉണ്ടായാൽ അവ കൈകാര്യം ചെയ്യുന്ന നടപടിക്രമം, പ്രവേശന സമിതികളുടെ തീരുമാനങ്ങൾ എന്നിവയും സുതാര്യമായി പരിശോധിക്കാനാകണം. ഇത് BAPSAയുടെ മാത്രം ആവശ്യമല്ല; പൊതുഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സർവകലാശാലയുടെ ഭരണപരമായ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. സംവരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സുതാര്യമായിരിക്കുമ്പോഴാണ് അവയുടെ നിയമസാധുതയും സാമൂഹികനീതിയോടുള്ള പ്രതിബദ്ധതയും വിലയിരുത്താൻ കഴിയുക.
ജെ.എൻ.യു.വിലെ സംവരണ അട്ടിമറി പരിഹരിക്കുന്നതിനും സർവകലാശാലയിൽ ഘടനാപരമായ പരിഷ്ക്കരണം കൊണ്ടുവരുന്നതിനും അനിശ്ചിതകാല സമരത്തിലൂടെ ബാപ്സ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്:
2026–27 വർഷത്തെ പ്രവേശനത്തിനായി ഇ-പ്രോസ്പെക്ടസിൽ തിരുത്തൽ വരുത്തി 15 എസ്.ടി. സീറ്റുകൾ കൂടി അനുവദിച്ച് സംവരണ ആനുപാതിക സീറ്റായ 53 സീറ്റുകൾ ഉറപ്പാക്കുക.
സീറ്റുകൾ വെട്ടിക്കുറച്ചതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഭരണകൂടം ഔദ്യോഗിക വിശദീകരണം നൽകുക.
രാജീവ് ഭട്ട്, സുഖ്ദേവ് തോറാട്ട്, നഫേയ് കമ്മിറ്റികളുടെ ശുപാർശകൾ പൂർണ്ണമായി നടപ്പിലാക്കുക.
ജെ.എൻ.യു. എംപ്ലോയീസ് അസോസിയേഷൻ (JNUEE) പ്രവേശനം പുനഃസ്ഥാപിക്കുകയും നെറ്റ്-ജെ.ആർ.എഫ്. അടിസ്ഥാനമാക്കിയുള്ള പ്രവേശന രീതി നടപ്പാക്കുകയും ചെയ്യുക.
സംവരണ സീറ്റുകളുടെ കാര്യത്തിൽ സമഗ്രമായ പഠന-ഗവേഷണ സെൻററുകളും വകുപ്പുകളിലും ഓഡിറ്റും വൈവയുടെ സുതാര്യതയും ഉറപ്പാക്കുക.
സാമൂഹിക നീതി പൂർണ്ണമായും ഹനിക്കപ്പെടുന്ന ഈ സാഹചര്യത്തിനെതിരെ ശക്തമായ വിദ്യാർഥി പ്രസ്ഥാനം കെട്ടിപ്പടുക്കുമെന്നും ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിരന്തരമായ പ്രക്ഷോഭങ്ങൾ തുടരുമെന്നും ബാപ്സ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം പ്രവേശനകവാടം തുറന്നുകൊടുക്കുന്നതിൽ അവസാനിക്കുന്നില്ല. ഗവേഷണവിദ്യാഭ്യാസത്തിലേക്ക് കടക്കാനും അക്കാദമിക അംഗീകാരം നേടാനും അധ്യാപകരാകാനും സ്ഥാപനങ്ങളുടെ തീരുമാനപ്രക്രിയയിൽ പങ്കാളികളാകാനും എല്ലാ സാമൂഹികവിഭാഗങ്ങൾക്കും തുല്യമായ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്.
അക്കാദമിക ജീവിതത്തിൽ പി.എച്ച്.ഡി. പ്രവേശനം നിർണായകമായ ഘട്ടമാണ്. ഗവേഷണം, അധ്യാപനം, സർവകലാശാലാ ഭരണസംവിധാനം, നയരൂപീകരണം, അറിവിന്റെ ഉൽപാദനം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണത്. പി.എച്ച്.ഡി. ബിരുദം നേടുന്നവർ ഭാവിയിൽ സർവകലാശാലകളിലെ അധ്യാപകരായും ഗവേഷകരായും അക്കാദമിക സ്ഥാപനങ്ങളുടെ നയരൂപീകരണത്തിൽ പങ്കാളികളായും മാറുന്നു. അതിനാൽ ഗവേഷണതലത്തിലെ സാമൂഹിക പ്രാതിനിധ്യം അടുത്ത തലമുറയിലെ അക്കാദമിക അധികാരഘടനയെയും നിർണ്ണായകമായി സ്വാധീനിക്കുന്നുണ്ട്. ചരിത്രപരമായി വിദ്യാഭ്യാസാവസരങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ട പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഗവേഷണരംഗത്ത് തുല്യമായ പ്രവേശനം ലഭിക്കാത്തപക്ഷം, ഉന്നതവിദ്യാഭ്യാസത്തിലെ സാമൂഹിക അസമത്വം പുതിയ രൂപത്തിൽ പുനരുത്പാദിപ്പിക്കപ്പെടും. പ്രവേശനത്തിലെ അസമത്വം പിന്നീട് അധ്യാപക നിയമനങ്ങളിലും ഗവേഷക നിയമനത്തിലും ഗവേഷണ മാർഗനിർദേശത്തിലും അക്കാദമിക നേതൃത്വത്തിലും പ്രതിഫലിക്കും. ഇവിടെയാണ് സംവരണത്തിന്റെ സാമൂഹിക പ്രസക്തി കൂടുതൽ വ്യക്തമാകുന്നത്. സംവരണം ചില വ്യക്തികൾക്ക് പ്രവേശനം നൽകുന്ന സംവിധാനം മാത്രമല്ല; വിജ്ഞാനമേഖലകളുടെ സാമൂഹിക ഘടനയെ കൂടുതൽ ജനാധിപത്യപരമാക്കാനുള്ള മാർഗം കൂടിയാണ്. അതിനാൽ ഗവേഷണവിദ്യാഭ്യാസത്തിലെ സംവരണവീഴ്ചയെ ഒരു ഭരണപരമായ കണക്കുപിശകായി മാത്രം കാണാനാവില്ല.