ജനാധിപത്യപരമെന്ന് തോന്നിക്കുന്ന മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ ജനാധിപത്യത്തെ കൈപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകൾ കൃത്യമായി നടക്കുന്നുണ്ടെങ്കിലും ഭരണകൂടത്തിന് തെരഞ്ഞെടുപ്പ് പരാജയം സംഭവിക്കാത്ത വിധത്തിൽ കളിക്കളം ക്രമേണ മാറ്റപ്പെടുന്നു. മാധ്യമങ്ങളെ വരുതിയിലാക്കിക്കൊണ്ടും സാമ്പത്തിക ശക്തിയിൽ കുത്തക സ്ഥാപിച്ചുകൊണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കൈപ്പിടിയിലൊതുക്കിക്കൊണ്ടും സി.ബി.ഐ, ഇ.ഡി. എന്നിവയെ ദുരുപയോഗം ചെയ്തുമാണ് "ജനാധിപത്യത്തിന്റെ കൈപ്പെടുത്തൽ" നടക്കുന്നത്. എസ്.ഐ.ആർ, മണ്ഡല പുനർനിർണ്ണയം, ഒരു രാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പ് എന്നിവയിലൂടെ സ്ഥിരമായ ഒരു ഘടനാമാറ്റത്തിന്റെ രൂപം പ്രാപിക്കുകയുമാണ്. ബി.ജെ.പി.ക്ക് സ്ഥിരമായ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ഈ ആസൂത്രണത്തിനെതിരെയുള്ളതാണ് നിലവിലെ പ്രതിഷേധങ്ങൾ. രാഷ്ട്രീയ ചിന്തകനായ യോഗേന്ദ്ര യാദവ് എഴുതുന്നു.
ഇനി എന്താണ് അടുത്തത്? ഡൽഹിയിൽ പലതരം പ്രതിഷേധങ്ങൾ അരങ്ങേറുന്ന ഈ സാഹചര്യത്തിൽ, അടുത്തതായി എന്താണ് പ്രതീക്ഷിക്കേണ്ടത്? ബംഗാളി മാർക്കറ്റിലിരുന്നാണ് ഞാൻ ഈ ചോദ്യത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നത്. പ്രശസ്തിക്കൊത്ത രുചിയില്ലാതിരുന്ന 'ചോലെ ഭട്ടൂരെ'യിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആ ചിന്ത ഒരു നല്ല മാർഗ്ഗമായിത്തീർന്നു.
ഈ ചോദ്യം ചോദിക്കാൻ ഏറ്റവും അനുയോജ്യമായ നിമിഷമായിരുന്നു അത്. ഒക്ടോബർ 12 തിങ്കളാഴ്ചയായിരുന്നു റാം മനോഹർ ലോഹ്യയുടെ ഓർമ്മദിനം; "ജീവനുള്ള ജനത അഞ്ച് വർഷം കാത്തിരിക്കില്ല" (zinda kaumein paanch saal tak intezar nahin karti) എന്ന പ്രശസ്തമായ പ്രസ്താവന നടത്തിയത് അദ്ദേഹമായിരുന്നു. കഴിഞ്ഞ 10 ദിവസങ്ങൾക്കിടയിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിന് അഞ്ച് തവണയാണ് എന്നെ തടഞ്ഞുവെച്ചത് —ബലമായി പിടിച്ച്, വലിച്ചിഴച്ച്, തള്ളിയും ഉന്തിയും പോലീസ് വാനുകളിലേക്ക് കയറ്റുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തപ്പെടാതെ രക്ഷപ്പെട്ട അപൂർവം ദിവസങ്ങളിലൊന്നായിരുന്നു അന്നത്തേത്.
സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് ഞങ്ങൾ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഇതൊരു ജുഡീഷ്യറി വിരുദ്ധ പ്രതിഷേധമായിരുന്നില്ല; കോടതികളിൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമവുമായിരുന്നില്ല. മറിച്ച്, കഴിഞ്ഞ വാരാന്ത്യത്തിൽ ഡൽഹിയിലെ തെരുവുകളിൽ തകർന്നുപോയ സുപ്രീം കോടതിയുടെ അന്തസ്സും മഹത്വവും വീണ്ടെടുക്കാനുള്ള ഒരു ശ്രമമായിരുന്നു. എല്ലാറ്റിനുമുപരിയായി, ഏതാണ്ട് കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, ഭീകരതയുടെ ഒരു ചെറിയ പതിപ്പിന് സാക്ഷ്യം വഹിക്കുകയും ചെയ്ത ദേശീയ തലസ്ഥാനത്ത്, സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ മൗലികാവകാശം സ്ഥാപിച്ചെടുക്കാനായിരുന്നു ആ പ്രക്ഷോഭം നടത്തിയത്. ഞങ്ങൾ തെരുവുകൾ തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
അടുത്ത നീക്കം എന്തായിരിക്കണം? വ്യക്തമായും, ഈ മുന്നേറ്റം ഭൂമിശാസ്ത്രപരമായും സാമൂഹികപരമായും വ്യാപിപ്പിക്കേണ്ടതുണ്ട്. പതിവ് തെരുവ് പ്രകടനങ്ങൾക്ക് പുറമേ, ചില പുതിയ സമരമുറകൾ ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. പുതിയ ചില സ്ഥാപനപരമായ സമ്മർദ്ദ കേന്ദ്രങ്ങൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഈ പ്രക്ഷോഭത്തിന്റെ തന്ത്രങ്ങളും രീതികളും രൂപപ്പെടുത്തുമ്പോൾ, എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്തെയും സഞ്ചരിക്കേണ്ട വഴിയെയും കുറിച്ചുള്ള വ്യക്തമായ ധാരണ മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകമാകും.
നാം സാക്ഷ്യം വഹിച്ചുവരുന്ന വിവിധങ്ങളായ വ്യവസ്ഥാപിത 'അടച്ചപൂട്ടലുകളെ' (systemic “closures”) തുറക്കാനുള്ള ഒരു വഴിയെന്ന നിലയിൽ, നിലവിലെ പ്രതിഷേധങ്ങളെ "പുനർ-ജനാധിപത്യവൽക്കരണത്തിന്റെ" (redemocratisation) സന്ദർഭമായാണ് സുഹാസ് പൽഷിക്കർ വിശേഷിപ്പിക്കുന്നത് (‘Crackdown on Jantar Mantar 2.0, amid other closures, calls for redemocratisation’, IE, October 13). 2014-ൽ ആരംഭിച്ച, ഞാൻ "ജനാധിപത്യത്തെ കൈപ്പെടുത്തൽ” (Democracy Capture) എന്ന് വിശേഷിപ്പിച്ച പ്രക്രിയയുടെ അനന്തരഫലമാണ് ഈ "അടച്ചിടലുകൾ"—ജനാധിപത്യപരമെന്ന് തോന്നിക്കുന്ന മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ ജനാധിപത്യത്തെ കൈയടക്കുന്നതാണിത്.
ഇതിന്റെ പ്രധാന ഉപകരണം ""ജനാധിപത്യത്തെ കൈപ്പെടുത്തൽ" ആണ്. തെരഞ്ഞെടുപ്പുകൾ കൃത്യമായി നടക്കുന്നുണ്ടെങ്കിലും, ഭരണകൂടത്തിന് തിരഞ്ഞെടുപ്പ് പരാജയം സംഭവിക്കാത്ത വിധത്തിൽ കളിക്കളം ക്രമേണ അവർക്ക് അനുകൂലമായി മാറ്റപ്പെടുന്നു. മാധ്യമങ്ങളെ വരുതിയിലാക്കിക്കൊണ്ടും സാമ്പത്തിക ശക്തിയിൽ കുത്തക സ്ഥാപിച്ചുകൊണ്ടും തുടങ്ങിയ ഈ പ്രക്രിയ, തെരഞ്ഞെടുപ്പ് കമ്മീഷനെ കൈപ്പിടിയിലൊതുക്കിയതിലൂടെയും സി.ബി.ഐ., ഇ.ഡി. എന്നിവയുടെ ദുരുപയോഗത്തിലൂടെയും കൂടുതൽ ശക്തമായി. ഒടുവിൽ എസ്.ഐ.ആർ. (SIR), മണ്ഡല പുനർനിർണ്ണയം (delimitation), ഒരേ രാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പ് (One-Nation-One-Election) എന്നിവയിലൂടെ സ്ഥിരമായ ഘടനാമാറ്റം രൂപം പ്രാപിക്കുകയുമാണ്. ബി.ജെ.പി.ക്ക് സ്ഥിരമായ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ഈ ആസൂത്രണത്തിനെതിരെയുള്ളതാണ് നിലവിലെ പ്രതിഷേധങ്ങൾ.
ഈ പ്രതിഷേധങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും (electoral integrity) പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ളതാണ്. അതിൽ കുറഞ്ഞൊന്നുമല്ല, അതിൽ കൂടുതലുമില്ല. ഔദ്യോഗികമായ അജണ്ടകളോ ചാർട്ടറോ ഇല്ലെങ്കിൽപ്പോലും, പ്രതിഷേധിക്കുന്ന എല്ലാവരും പ്രധാനമായും മൂന്ന് ആവശ്യങ്ങൾ പങ്കുവെക്കുന്നുണ്ട്:
1. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയോ ഇംപീച്ച്മെന്റോ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനവും വിശ്വാസ്യതയും വീണ്ടെടുക്കുന്നതിനായുള്ള ഒരു പ്രതീകാത്മക നടപടിയാണിത്.
2. എസ്.ഐ.ആർ. പിൻവലിക്കൽ: ജനാധിപത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വോട്ടവകാശ നിഷേധത്തെ റദ്ദാക്കുന്നതിന് വേണ്ടിയാണിത്.
3. 2023-ലെ നിയമം റദ്ദാക്കൽ: ഇലക്ഷൻ കമ്മീഷനിലേക്ക് തങ്ങൾക്ക് താല്പര്യമുള്ള ആരെയും നിയമിക്കാനുള്ള അനിയന്ത്രിതമായ അധികാരവും, അങ്ങനെ നിയമിക്കപ്പെടുന്നവർക്ക് പൂർണ്ണമായ സംരക്ഷണവും നൽകുന്ന 2023-ലെ നിയമ നിർമ്മാണം പിൻവലിക്കുക.
ഈ ആവശ്യങ്ങൾക്ക് പിന്നിലുള്ള അടിസ്ഥാനപരമായ പ്രേരണ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിനായുള്ള അന്വേഷണമാണ് —കുറഞ്ഞത് 2014-ൽ ബി.ജെ.പി.യെ അധികാരത്തിലേറ്റിയ തെരഞ്ഞെടുപ്പ് എത്രത്തോളം സ്വതന്ത്രവും നിഷ്പക്ഷവുമായിരുന്നോ, അത്രയെങ്കിലും. അതിൽ കുറഞ്ഞതൊന്നും പര്യാപ്തമാവില്ല.
അതേസമയം, ഈ പ്രതിഷേധം ഭരണമാറ്റത്തിന് വേണ്ടിയുള്ളതല്ല. ഈ പ്രതിഷേധത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പല ശക്തികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം എത്രയും വേഗം അവസാനിച്ച് കാണാൻ ആഗ്രഹിക്കുന്നവരായിരിക്കാം. എന്നാൽ സാധാരണക്കാരായ ജനങ്ങളെ തെരുവിലേക്കിറക്കുന്ന വികാരം അതല്ല; കുറഞ്ഞത് ഇതുവരെയെങ്കിലും. നിലവിലെ സാഹചര്യത്തിൽ, ജനാധിപത്യപരവും സമാധാനപരവുമായ അധികാര കൈമാറ്റത്തിനുള്ള സുതാര്യമായ സാധ്യതകൾ തുറന്നുതരുന്ന ഒരു ഭരണഘടനാ വ്യവസ്ഥയെ പുനഃസ്ഥാപിക്കുക എന്നതാണത്.
വളരെ ലളിതമായ ഈ ആവശ്യം തടയപ്പെടുകയും, പരിഹാരത്തിനുള്ള എല്ലാ നിയമപരമായ വഴികളും അടഞ്ഞുനിൽക്കുകയും ചെയ്താൽ, നിലവിലെ ഈ പ്രതിഷേധം ഭരണമാറ്റത്തിനായുള്ള ഒരു ജനകീയ പ്രക്ഷോഭമായി മാറിയേക്കാം. അത്തരമൊരു വൻ പ്രക്ഷോഭമുണ്ടാക്കുന്ന മാനുഷികവും വ്യവസ്ഥാപിതവുമായ ആഘാതങ്ങൾ വളരെ ഭയാനകമായിരിക്കും. ഭാഗ്യവശാൽ, നാം ഇതുവരെ ആ അവസ്ഥയിൽ എത്തിയിട്ടില്ല. നിയന്ത്രണ സ്ഥാപനങ്ങളുടെ ശേഷിക്കുന്ന ശേഷിയും ഭരണകക്ഷിയുടെ ദീർഘകാല സ്വാർത്ഥതാല്പര്യങ്ങളും അത്തരമൊരു വൻ ദുരന്തം ഒഴിവാക്കുമെന്ന് നമുക്ക് തുടർന്നും പ്രത്യാശിക്കാം. തെരുവുകളിലെ ജനകീയ മുന്നേറ്റങ്ങൾ ഭരണഘടനാപരമായ ക്രമത്തെ മറികടക്കുന്നില്ല; മറിച്ച്, ഭരണകൂടം പ്രയോഗിക്കുന്ന അമിതാധികാരത്തിനെതിരെ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ പോന്ന ഒരു പ്രതിരോധ സമ്മർദ്ദമാണ് അത് സൃഷ്ടിക്കുന്നത്.
പ്രതിഷേധങ്ങളെ ഈ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന് വിവിധ ശക്തികളുടെ ഒരു പുനഃസംഘടന (realignment) ആവശ്യമാണ്. ഇതുവരെ, ഈ പ്രതിഷേധങ്ങൾ "താനേരൂപപ്പെട്ട ഏകോപനത്തിന്റെ" (spontaneous synchronisation) മികച്ചൊരു മാതൃകയാണ്; അതായത്, കേന്ദ്രീകൃതമായ ആഹ്വാനമോ ഏകോപനമോ ഇല്ലാതെ തന്നെ സുസംഘടിതമായ കൂട്ടായ പ്രവർത്തനങ്ങൾ രൂപപ്പെടുന്ന അവസ്ഥ. വ്യത്യസ്ത സംഘടനകൾ, ആളുകൾ പരസ്പരം പ്രതികരിച്ചുകൊണ്ട്, ബോധപൂർവ്വമായ യാതൊരു ആസൂത്രണമോ പ്ലാനോ കൂടാതെ തന്നെ തങ്ങളുടെ പ്രവർത്തനങ്ങളെ ക്രമേണ ഏകോപിപ്പിക്കുമ്പോൾ സംഭവിക്കുന്ന ഒന്നാണിത്.
"ഉത്കണ്ഠാകുലരായ പൗരന്മാർ" (ഈ ലേഖകനടക്കം) നൽകിയ ആഹ്വാനം ഒക്ടോബർ 2 മുതൽ 4 വരെ വിവിധ തെരുവ് പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചതും, സി.ജെ.പി. (CJP) ആദ്യം ആഹ്വാനം ചെയ്ത ഒക്ടോബർ 10-ലെ പ്രതിഷേധവും, ഒക്ടോബർ 6 മുതൽ 12 വരെ 'ഇന്ത്യ' മുന്നണി നടത്തിയ പ്രതിഷേധ പരമ്പരകളും മുൻകൂട്ടി ഏകോപിപ്പിച്ച തീരുമാനങ്ങളായിരുന്നില്ല. എന്നാൽ ഇതിന്റെ അനന്തരഫലം, ഒരു ഓർക്കസ്ട്ര പോലെ അല്ലെങ്കിൽ ബാറ്റൺ കൈമാറിക്കൊണ്ടേയിരിക്കുന്ന ഒരു റിലേ റേസ് പോലെയാണ് ദൃശ്യമായത്.
അത് ഇനി മുന്നോട്ട് പോകുന്നതിനുള്ള ഒരു വഴിയല്ല. ഭരണകൂടം ഒരിഞ്ചുപോലും പിന്നോട്ടുപോകില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെങ്കിൽ, പ്രതിഷേധിക്കുന്നവർ തങ്ങളുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം കണ്ടെത്തേണ്ടതുണ്ട്. CJP-യും ഇന്ത്യ സഖ്യവും യുവജനസംഘടനകളും സിവിൽ സമൂഹവും ഒരേ കുടക്കീഴിൽ വരണമെന്നില്ല; അങ്ങനെ വരേണ്ട ആവശ്യവുമില്ല. എന്നാൽ, അവർ പരസ്പരവിരുദ്ധമായ ദിശകളിൽ പ്രവർത്തിക്കുന്നില്ലെന്നും അവരുടെ ഊർജം പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് തിരിച്ചുവിടാൻ കഴിയില്ലെന്നും ഉറപ്പാക്കണം.
ഭാഗ്യവശാൽ, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ഒരു സാധ്യത തുറന്നിട്ടിട്ടുണ്ട്. വ്യത്യസ്തമോ സമാന്തരമോ ആയ പ്രതിഷേധങ്ങൾ ഒന്നുമില്ലെന്നും എല്ലാ പ്രതിഷേധങ്ങളും ഒന്നാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ഈ മുന്നേറ്റത്തിന്റെ വിവിധ ധാരകൾ തമ്മിലുള്ള ആപേക്ഷിക ശക്തിയിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് വിവിധ ശക്തികളുടെ പുനഃക്രമീകരണത്തിന് സാധ്യതയൊരുക്കുന്നു. ഈ പ്രസ്ഥാനത്തിന്റെ വിജയം അതിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജൂലൈയിലെ യുവജനപ്രക്ഷോഭത്തിന്റെ നട്ടെല്ലായിരുന്ന, സ്വാഭാവികമായി സംഘടിച്ചെത്തിയതോ സ്വയം മുൻകൈയെടുത്ത് സമരരംഗത്തിറങ്ങിയതോ ആയ പ്രതിഷേധക്കാരുടെ ശക്തി ഇവിടെ നിർണായകമാണ്. ഈ യുവപ്രതിഷേധകർ ഏതെങ്കിലും സംഘടനയോട് പ്രതിബദ്ധതയുള്ളവരല്ല. പരസ്പരവിരുദ്ധമായ സന്ദേശങ്ങളാണ് ലഭിക്കുന്നതെന്ന് അവർക്ക് തോന്നിയാൽ അവരുടെ ആവേശം കെട്ടടങ്ങിയേക്കാം. അതിനാൽ, ഒരു സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന് പകരം, പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയുള്ള ഒരു 'പൗര പ്രസ്ഥാനം' (citizens' movement) കാണാനാണ് അവർ ആഗ്രഹിക്കുന്നത്.
ഞാൻ കുടിച്ചുകൊണ്ടിരുന്ന രുചിയില്ലാത്ത "മെഷീൻ കോഫി" തീർന്നതോടെ എന്റെ ചിന്തകളുടെ തുടർച്ചയും മുറിഞ്ഞുപോയി. ഇനി മുതൽ ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫിയല്ലാതെ മറ്റൊന്നും ഓർഡർ ചെയ്യില്ലെന്ന് ഞാൻ തീരുമാനിച്ചു. അതുപോലെ, ഗ്യാനേഷ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള 'അവധി' കിട്ടുന്നതുവരെ ഞാനും അവധിയെടുക്കില്ലെന്ന് തീരുമാനിച്ചു.