Author Image ബാബുരാജ് ഭഗവതി
27 Oct 2026

പാമ്പ് പാർക്കുന്ന എലി മാളങ്ങൾ അഥവാ ശിവഗിരിയിലെ ഹിന്ദുത്വ തന്ത്രങ്ങൾ

ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് ഇത്തവണ വാർത്തകളിൽ ഇടംപിടിച്ചു. അതിന് രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത്. നിലവിലെ പ്രസിഡന്റായ സ്വാമി സച്ചിദാനന്ദ പരാജയപ്പെട്ടതാണ് ഒന്ന്. മറ്റൊന്ന് തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നടത്തിയ ഇടപെടലുമായി ബന്ധപ്പെട്ട വാർത്തയുമാണ്. നിലവിലെ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയാണ് ആ വെളിപ്പെടുത്തൽ നടത്തിയത്. ചില സന്യാസിമാർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ആർഎസ്എസ് നേതാക്കൾ കൂടെയുണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. രാഷ്ട്രീയ സ്വാധീനമുണ്ടാക്കാനുള്ള ആർഎസ്എസ് നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

വാർത്ത പുറത്തുവന്ന ഉടൻ പല കോണുകളിൽനിന്നും പ്രതികരണം പുറത്തുവന്നു. അതിൽ പ്രധാനി സിപിഎം നേതാവ് പി ജയരാജനാണ്. ശിവഗിരി കയ്യടക്കി കേരളത്തെ കീഴ്പ്പെടുത്തുക എന്നത് ദശകങ്ങൾക്ക് മുമ്പേയുള്ള ആർഎസ്എസ് അജണ്ടയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.  ജാതിക്കതീതമായും മതാതീതമായും ആത്മീയത ഉയർത്തിപ്പിടിച്ച സന്യാസിയാണ് ശ്രീനാരായണ ഗുരു. ശിവഗിരിയെ ആർഎസ്എസ്‌ വൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ശ്രീനാരായണീയർ ഒന്നിച്ചിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

ശിവഗിരി വഴക്ക്

ശിവഗിരിയെ പിടിച്ചെടുക്കാനുള്ള ശ്രമം ഇതാദ്യമല്ല. ശിവഗിരി സ്ഥാപിച്ച സമയത്തു തന്നെ അതുണ്ടായിട്ടുണ്ട്. ഗുരു ജീവിച്ചിരുന്ന കാലത്ത് അത്തരം വ്യതിയാനങ്ങളെ ഏറെക്കുറെ ഗുരുതന്നെ പ്രതിരോധിച്ചു. സഹോദരൻ അയ്യപ്പനും സി.വി. കുഞ്ഞുരാമനും അടക്കമുള്ള ഗുരുശിഷ്യന്മാർക്കു മുന്നിലാണ് ഇതൊക്കെ നടന്നത്.  സ്വാഭാവികമായും ശ്രീനാരായണ ഗുരു സമാധിക്കു ശേഷം അന്നത്തെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി.വി. കുഞ്ഞുരാമൻ ശിവഗിരിയെ വഴിതെറ്റിപ്പോകാതിരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ശിവഗിരിയിൽ ചേക്കേറിയ സവർണ സന്യാസിമാർ ശിവഗിരിയെ ബ്രാഹ്‌മണിക രീതികളിലേക്ക് നയിക്കുമെന്നായിരുന്നു സിവിയുടെ ഭയം. 

സമാധിക്കും 3 വർഷം മുമ്പ് ഗുരു ശിവഗിരിയുടെ ഭരണസംബന്ധിയായി ഒരു വിൽപ്പത്രം എഴുതി വച്ചിരുന്നു. 1101 മേടം 20-ാം തീയതി ശിവഗിരിയിൽ വലിയ കുഴിമുറിയിൽ ആലുമുട്ടിൽ കൃഷ്ണൻ ഗോവിന്ദദാസിന്റെയും വട്ടവിളവീട്ടിൽ നാരായണൻ കേശവന്റെയും ഏഴിയത്ത് കാളിശങ്കരന്റെയും സാന്നിധ്യത്തിലായിരുന്നു വിൽപ്പത്രം എഴുതിയിരുന്നത്. അതുപ്രകാരം 'ശിവഗിരി മഠത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ, സന്യാസിമഠങ്ങൾ, വിദ്യാലയങ്ങൾ, വ്യവസായശാലകൾ മുതലായ സർവ സ്ഥാവര ജംഗമസ്വത്തുക്കളുടെ അന്തരഗാമി ശിഷ്യപ്രധാനിയായ ബോധാനന്ദനായിരിക്കും. ഗുരുവിന്റെ സമാധിക്കുശേഷമായിരിക്കും ഇത് നടപ്പിൽവരുന്നത്. അദ്ദേഹത്തിന്റെ കാലശേഷം ശിഷ്യപരമ്പരയിലെ സന്യാസിമാരുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം അവരിൽനിന്ന് തിരഞ്ഞെടുക്കുന്ന സന്യാസിക്കായിരിക്കും'. 

1104 കന്നി 5-ാം തീയതി ഗുരു സമാധിയായി. നിർഭാഗ്യവശാൽ മൂന്നാംനാൾ, കന്നി 8-ന് അനന്തരാവകാശിയായ ബോധാനന്ദ സ്വാമികളും സമാധിയടഞ്ഞു. ബോധാനന്ദ സ്വാമികളുടെ സമാധിക്കുശേഷം ശ്രീനാരായണപരിപാലന യോഗം 1-ാം വാദിയായും യോഗത്തിന്റെ ജനറൽ സെക്രട്ടറി സി.വി. കുഞ്ഞുരാമൻ രണ്ടാംവാദിയായും തിരുവനന്തപുരം ജില്ലാ സിവിൽ കോടതിയിൽ ഒരു അന്യായം ഫയൽ ചെയ്തു. പ്രതിഭാഗത്ത് ഗോവിന്ദാനൻ, ധർമതീർത്ഥൻ, വിദ്യാനന്ദൻ, ചൈതന്യം, പരമേശ്വരൻ, ഡോ. പൽപു, നാണുപ്പണിക്കർ എന്നിവരായിരുന്നു. ശിവഗിരി മഠത്തിലെ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അവകാശം എസ്എൻഡിപിക്കാണെന്നായിരുന്നു സി.വിയുടെ വാദം. ഈ സംഭവം 'ശിവഗിരി വഴക്ക്' എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്വാമിയുടെ സ്ഥാപനങ്ങളുടെ അവകാശം അവർക്കു വേണമെന്നായിരുന്നു സന്യാസിമാരുടെ പക്ഷം. വിൽപ്പത്രമാണ് അവരുടെ വാദത്തിന്റെ അടിസ്ഥാനം. സ്ഥാപനങ്ങളുടെ അധികാരം യോഗത്തിന് വേണമെന്ന് യോഗക്കാരും വാദിച്ചു. 

ഈ കേസിനെക്കുറിച്ച് വാർത്ത പുറത്തുവന്നതോടെ സി.വിക്കെതിരെ ശകാരവർഷങ്ങളുടെ പെരുമ്പറയുണ്ടായി. വെറുമൊരു അധികാരത്തർക്കം എന്നായിരുന്നു പലരും ഇതിനെ കണ്ടത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് സഹോദരൻ അയ്യപ്പൻ സഹോദരൻ പത്രത്തിൽ ഏതാനും കുറിപ്പുകൾ എഴുതി: 

'സ്വാമിയുടെ ഏകജാതി സന്ദേശത്തെ സന്യാസിമാർ മുറുകെ പിടിച്ചിരിക്കുന്നതിൽ സന്തോഷിക്കേണ്ടതാണ്. എന്നാൽ അതു നടപ്പാക്കാനുള്ള പ്രായോഗിക മാർഗത്തെ അവർ വിസ്മരിക്കുന്നതിലാണ് ഞങ്ങൾക്കു വിഷമം. ശ്രീനാരായണഗുരുസ്വാമികളെ ആരാധിക്കുന്നതും അവിടത്തെ സന്ദേശങ്ങളെ സ്വീകരിക്കുന്നതും നടപ്പാക്കാൻ ശ്രമിക്കുന്നതും തീയ്യരെന്ന ഒരൊറ്റ സമുദായം മാത്രമാണ്. സാമാന്യത്തെ ദൃഢീകരിക്കുന്ന മാതിരിയുള്ള ചില വ്യത്യാസങ്ങളൊഴിച്ചാൽ സ്വാമിയുടെ സ്വത്തുക്കൾ മുഴുവൻ സമുദായം കൊടുത്തതാണ്. അന്യജാതിക്കാരിൽപ്പെട്ട സ്വാമി ശിഷ്യന്മാർക്കും തീയ്യ സുദായത്തിലല്ലാതെ അവർ ജനിച്ച സമുദായങ്ങളിൽ അവരുടെ പ്രേരണ പ്രയോഗിക്കാനോ സ്വാമി സന്ദേശം പരത്താനോ കഴിഞ്ഞിട്ടില്ല. അതിനവർ ശ്രമിക്കുന്നില്ല. സ്വംഗതികളിങ്ങനെയായതു സ്വാമിയുടെയോ തീയ്യരുടെയോ കുറ്റമല്ല. ജാതി വ്യത്യാസമുറച്ചുനിൽക്കുന്ന ഈ രാജ്യത്തുനിന്ന് ജാതി ബുദ്ധി ഉച്ചാടനം ചെയ്യാൻ വേഗം സാധിക്കുകയില്ല. ഒരുവക യുക്തിക്കസർത്തുകൊണ്ടും പൂച്ചുപണികൊണ്ടും നിഷേധിക്കാൻ പാടില്ലാത്ത ഈ പരമാർത്ഥം സ്വാമിശിഷ്യന്മാരുമോർക്കണം. സ്വാമിസന്ദേശപ്രചാരണത്തിനുവേണ്ടി സ്വാമിയുടെ സ്ഥാപനങ്ങളുടെ താക്കോൽ മറ്റു സമുദായങ്ങൾക്കും വേണമോ എന്ന് അങ്ങോട്ട് ചോദിച്ചുകൊണ്ടു ചെന്നാൽ അവരിൽ സുപരീക്ഷിതരല്ലാത്ത ചില വ്യക്തികൾ കൈനീട്ടി വാങ്ങിയേക്കുമെങ്കിലും ആ സമുദായങ്ങൾ സ്വാമിയോട് മമത കാണിക്കുകയോ സ്വാമിസന്ദേശം സ്വീകരിക്കുകയോ ഉണ്ടാകുകയില്ല. നേരെ മറിച്ച് സ്ഥാപനങ്ങളോട് ഒരു വമ്പിച്ച സമുദായത്തിന് ഇപ്പോഴുള്ള മമത പോകുക മാത്രമായിരിക്കും ഫലം'- കേവലം അറുപതോളം മാത്രമുള്ള ഒരു സമിതിയുടെ കൈയിലേക്ക് നിയന്ത്രണാധികാരം വരുന്നതിനേക്കാൾ ആ സമയത്ത് അറുപതിനായിരത്തിൽ കൂടുതൽ അംഗങ്ങളുള്ള ഒരു സമിതിയുടെ നിയന്ത്രണത്തിലേക്ക് പോകുന്നത് കൂടുതൽ ജനാധിപത്യപരമായിരിക്കുമെന്നായിരുന്നു സഹോദരന്റെ അഭിപ്രായം. 

തുടർന്ന് അദ്ദേഹം പ്രധാനമായ മറ്റൊരു കാരണവും ജനങ്ങൾക്കു മുന്നിൽവച്ചു. 'ഗുരുവിന് സവർണവിഭാഗത്തിൽപ്പെട്ടവർകൂടി ശിഷ്യന്മാരായുള്ളതുകൊണ്ട് അവർ ഭാവിയിൽ ജാതിപാലിക്കാനുള്ള സ്ഥാപനങ്ങളാക്കി ശിവഗിരിയെ മാറ്റുമെന്ന് സഹോദരൻ ദീർഘദർശനം ചെയ്തു. അദ്ദേഹം ഇങ്ങനെ എഴുതി: ഭിന്നജാതിയിൽപ്പെട്ടവർ സ്വാമിയുടെ സന്യാസി പരമ്പരയിലുണ്ടാതിൽ ദോഷമില്ല. സ്ഥാപനങ്ങൾ സമുദായത്തിന്റെ വകയല്ലാത്തതുകൊണ്ടേ ദോഷമുള്ളൂ. സ്ഥാപനങ്ങളിന്മേൽ ഇപ്പോഴത്തെ മാതിരി വ്യവസ്ഥയുള്ള സന്യാസി സംഘത്തിന് പൂർണാധികാരമായാൽ അത് അന്യാധീനപ്പെടാൻ വളരെ എളുപ്പമാണ്. ഈഴവർ, അരയന്മാർ മുതലായ സമുദായങ്ങളിലെ സന്യാസിമാരുടെ മാത്രം കൈവശത്തിലായാലും ആ തരക്കേടില്ലായിരുന്നു. അവർ അത് ജാതി പാലിക്കാനുള്ള സ്ഥാപനമായി ഉപയോഗിക്കില്ലെന്ന് വിശ്വസിക്കാം. ഈഴവരെ അകറ്റി നിർത്തുന്ന സമുദായങ്ങളിൽപ്പെട്ട സുപരീക്ഷിതരല്ലാത്ത ചില വ്യക്തികളുടെ കയ്യിലാകുന്നതിലാണ് ഭയം'- ഗോവിന്ദാനന്ദസ്വാമികളുടെ കാലം കഴിയുന്നതോടെ സ്വാമിമാർ ഈഴവരെ അടിച്ചുപുറത്തുപായിക്കുമെന്ന് സന്യാസിസംഘത്തെക്കുറിച്ച് പരിചയമുള്ളവരോട് പ്രത്യേകം പറയേണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്വാമിയുടെ സ്ഥാപനങ്ങൾ തീയ്യസമുദായത്തിന്റെ വകയാണ്. അതുകൾ സമുദായത്തിന്റെ വകയല്ലാതായിത്തീരരുതെന്നും അദ്ദേഹം സ്വാമിമാരോട് അപേക്ഷിച്ചു. കൂട്ടത്തിൽ അതിൽ അഭിമാനഭംഗവും ധർമലോപവും തോന്നുന്ന സ്വാമിമാരോട് തീയ്യരുടെ വകയായത് അവർക്ക് കൊടുത്ത് സ്വന്തം സ്ഥാപനങ്ങളുണ്ടാക്കട്ടെയെന്നും ഉപദേശിച്ചു. മുഴുവനായി കിട്ടിയാലേ വേണ്ടു എന്ന സന്യാസിമാരുടെ നിലപാടിനോട് സഹോദരൻ യോജിച്ചില്ലെന്നു മാത്രമല്ല, വിമർശിക്കുകയും ചെയ്തു. ശിവഗിരിയിൽ വ്യവസ്ഥകൾ ഏർപ്പെടുത്തുമ്പോൾ തീയ്യർക്ക് ഒരു പുരോഹിത സംഘം ഉണ്ടാകുന്നതുപോലെയാവരുതെന്നായിരുന്നു സഹോദരന്റെ ഉപദേശം. 

1930 മെയ് 31, ജൂൺ 1 തീയതികളിൽ കോഴിക്കോട് നടന്ന എസ്എൻഡിപി യോഗത്തിന്റെ 27-ാം വാർഷിക യോഗത്തിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിൽ സി.വി. കുഞ്ഞുരാമൻ തന്നെ ഇതിന് നേരിട്ട് വിശദീകരണം നൽകി. ഇതര സമുദായക്കാരും സ്വസമുദായക്കാരായ ചിലരും ചേർന്നുകൊണ്ട് ശിവഗിരിയെ അന്ധവിശ്വാസങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതിനെതിരേയും ഈഴവസമുദായത്തെ അടിച്ചുപുറത്താക്കുന്നതിനെതിനെതിരേയും സി.വി. പൊട്ടിത്തെറിച്ചു: 

"നമ്മുടെ സമുദായക്കാർ കേരളക്കരയിൽ താമസം തുടങ്ങിയ കാലം മുതൽ ഇതുവരെ അനേകം ധർമ്മസ്ഥാപനങ്ങൾക്കായി പണം ചെലവാക്കിയിട്ടുണ്ട്. അവയിൽ ഒന്നും തന്നെ നമ്മുടെ കൈവശം ഇപ്പോൾ ഇല്ല. ചില ധർമ്മസ്ഥാപനങ്ങളുടെ സമീപസ്ഥലങ്ങളിൽ കൂടി സഞ്ചരിക്കുവാൻ നമുക്ക് പാടില്ലെന്നും വന്നിരിക്കുന്നു. അതുപോലെ ഇപ്പോഴുള്ള ധർമ്മ സ്ഥാപനങ്ങളും എലി മാളമുണ്ടാക്കി പാമ്പിന് പാർക്കുവാൻ കൊടുക്കും പോലെ നാം ഉണ്ടാക്കിയവ നമ്മുടെ കൈവശം വച്ചുകൊള്ളാതെ മറ്റു വല്ലവരെയും ഏൽപ്പിക്കുകയാണോ വേണ്ടത് എന്ന് മാത്രമേ ഇക്കാര്യത്തിൽ ആലോചിക്കേണ്ടതായുള്ളൂ. സന്യാസിമാരുടെ കൂട്ടത്തിൽ നമ്മളുടെ സമുദായത്തിൽപ്പെട്ട ചിലരും കൂടി ഉണ്ടെന്നത് വ്യസനകരം തന്നെ. ഈ വ്യസനത്തോടുകൂടിയാണ് യോഗത്തിൽ നിന്ന് വഴക്ക് കൂടെ കഴിക്കാൻ പല പ്രയത്നങ്ങളും ചെയ്തു വിഫലമായ ശേഷം കേസിന് പോയത്. കേസ് കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടായിരുന്ന ഒരു പ്രയോജനം ഇപ്പോൾതന്നെ വന്നു കഴിഞ്ഞിട്ടുണ്ട്. ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങൾ സമുദായത്തിന്റെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നശിപ്പിച്ചു അവരുടെ ഇടയിൽ സദ് വിശ്വാസങ്ങളെയും സദാചാരങ്ങളെയും പ്രചരിപ്പിക്കുവാൻ അവതരിച്ച ഒരു മഹാത്മാവായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ എന്ന് ഭാവിക്കുന്ന സന്യാസിമാരിൽ പലരും സമുദായത്തിൽ നിന്നും നശിച്ചുപോയ അന്ധവിശ്വാസങ്ങളുടെ സ്ഥാനത്ത് പുതിയ ചില അന്ധവിശ്വാസങ്ങളെ മുളപ്പിക്കാൻ ശ്രമിക്കുന്നതായി കണ്ടതുകൊണ്ട് ഈ സന്യാസ ബാധയിൽ നിന്ന് സമുദായത്തിന് രക്ഷകിട്ടുവാൻ എന്താണ് വഴിയെന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ കേസ് വന്നു കൂടിയത്. കേസിന്റെ അവസാനം എങ്ങനെ ഇരുന്നാലും ഈ ബാധ ഇപ്പോൾ ഒഴിഞ്ഞു പോയിരിക്കുന്നത് സ്വാമിതൃപ്പാദങ്ങളുടെ അനുഗ്രഹ വിശേഷം കൊണ്ടാണെന്ന് തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു."

ഗുരു ജീവിച്ചിരിക്കെത്തന്നെ ശിവഗിരിയിൽ കടന്നുകൂടിയ ബ്രാഹ്‌മണിക ചിന്ത സമാധിയോടെ കൂടുതൽ ശക്തമാകുമെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ നേതാക്കളാണ് അതിന് തടയിടാൻ ശ്രമിച്ചത്. സിവിയുടെ നേതൃത്വത്തിൽ നടന്ന ഈ ശ്രമങ്ങൾക്ക് സഹോദരൻ തന്റെ മാസികയിലൂടെ പിന്തുണ നൽകി. എങ്കിലും കേസുംകൂട്ടവും ഒരുപാട് നീട്ടിക്കൊണ്ടുപോകാൻ സി.വിയോ അയ്യപ്പനോ ആഗ്രഹിച്ചില്ല. കുറച്ചുകൊല്ലങ്ങൾക്കുശേഷം ഇരുപക്ഷവും കൂടിയാലോച്ചിച്ച് കേസ് രാജിയായി. 

യഥാർത്ഥത്തിൽ സി.വിയെയോ അയ്യപ്പനെയോ സംബന്ധിച്ചിടത്തോളം അക്കാലത്ത് സ്വത്ത് വകകൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നവരോടുള്ള വിയോജിപ്പിയിരുന്നില്ല കേസിന് പിന്നിൽ. മറിച്ച് ഭാവിയിൽ സംഭവിക്കാനിടയുള്ള ഒരു അട്ടിമറിയെക്കുറിച്ച ഭയമായിരുന്നു. താമസിയാതെ സിവിയും സഹോദരനും പങ്കുവച്ചിരുന്ന ഭയം യാഥാർത്ഥ്യമായി. അത് വികസിച്ച് 1990-കളോടെ ശിവഗിരി മഠം പുതിയൊരു ഘട്ടത്തിലേക്ക് കടന്നു. 

ചെങ്കോട്ടുകോണം മഠം

മേൽഭാഗത്ത് നാം ചർച്ച ചെയ്തത് ചരിത്രപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കാനിടയുള്ള ഒന്നിനോടുള്ള ശ്രീനാരായണീയരുടെ ആകാംക്ഷ കലർന്ന ഭയമായിരുന്നെങ്കിൽ ഇനി വിവരിക്കാൻ പോകുന്നത് യഥാർത്ഥത്തിൽ നടന്നതാണ്. 1990-കളിലാണ് ശിവഗിരി കേന്ദ്രീകരിച്ച് പുതിയൊരു നീക്കം നടക്കുന്നത്. ബാബരി മസ്ജിദിനെതിരേയുള്ള സംഘപരിവാർ കുപ്രചാരണങ്ങൾക്കൊണ്ട് ശബ്ദമുഖരിതമായിരുന്നു അക്കാലത്തെ കേരളീയ സമൂഹം. ആർഎസ്എസ്സിന്റെ മുൻകയ്യിൽ നടന്നിരുന്ന ഗൂഢനീക്കങ്ങൾ പതുക്കെപ്പതുക്കെ ശിവഗിരിയിലേക്കും പ്രവേശിക്കാൻ തുടങ്ങി. ഇതിലേക്ക് ശ്രദ്ധതിരിക്കും മുമ്പ് ചെങ്കോട്ടുകോണം ആശ്രമത്തെക്കുറിച്ച് ചില സൂചനകൾ നൽകേണ്ടതുണ്ട്. 

നീലകണ്ഠഗുരുപാദർ നേതൃത്വം നൽകിയിരുന്ന ശ്രീരാമദാസ ആശ്രമം 1920-കളിൽ ചെങ്കോട്ടുകോണത്താണ് സ്ഥാപിക്കപ്പെട്ടത്. 1970 അവസാനവും 1980 തുടക്കത്തോടെയും ഈ മഠം പൂർണാർത്ഥത്തിൽ ഹിന്ദുത്വരാഷ്ട്രീയവുമായി ചേർന്നുപോകാൻ തുടങ്ങി. ചെങ്കോട്ടുകോണം സ്വാമി എന്നറിയപ്പെട്ടിരുന്ന  സ്വാമി സത്യാനന്ദ സരസ്വതിയാണ് ഇക്കാലത്ത് മഠാധിപതി. ബിജെപി കേരളത്തിൽ വലിയൊരു ശക്തിമായി മാറുന്നതിനു മുമ്പ് സ്വാമി സത്യാനന്ദ സരസ്വതി തന്റെ പ്രവർത്തനമാരംഭിച്ചു. മുസ്ലിംകളെയും ക്രിസ്താനികളെയും കടുത്ത ഭാഷയിലാണ് സ്വാമി ആക്രമിച്ചിരുന്നത്. ഹിന്ദുമതത്തെയും ഹിന്ദു നേതാക്കളെയും നശിപ്പിക്കാൻ മുസ്ലിംകളും ക്രൈസ്തവരും ഗൂഢാലോചന നടത്തുന്നുവെന്ന് അദ്ദേഹം വാദിച്ചു. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുരാഷ്ട്രശരീരത്തിലെ രോഗാണുക്കൾ എന്നായിരുന്നു അദ്ദേഹം വിശേഷിച്ചത്. എൺപതുകളിൽ നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ സ്വാമി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. 1982-ലെ വിശാലഹിന്ദുസമ്മേളനത്തിന് നേതൃത്വം നൽകി. 1983-ലെ നിലയ്ക്കൽ പ്രക്ഷോഭവും സ്വാമിജിയുടെ മുൻകയ്യിലാണ് സംഘടിപ്പിച്ചത്. ഹിന്ദു ഐക്യവേദിയുടെ സ്ഥാപകനെന്നനിലയിൽ അറിയപ്പെടുന്നതും ഇദ്ദേഹംതന്നെ. ഈ പ്രവർത്തനങ്ങളിലൊക്കെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ കൂടെനിന്നു. 

അറിഞ്ഞിടത്തോളം കുമ്മനവും സ്വാമി സത്യാനന്ദ സരസ്വതിയുമാണ് ആദ്യം ശിവഗിരി മഠവുമായി ബന്ധം സ്ഥാപിക്കുന്നത്. സ്വാഭാവികമായും അവർക്ക് നേരിട്ട് ഇടപെടാൻ പരിമിതികളുണ്ട്. അതൊഴിവാക്കാൻ ഏതാനും നോമിനികളെ അദ്ദേഹം അവിടെ കണ്ടെത്തി. ഒരാളെ ബോധപൂർവം മഠത്തിലെത്തിച്ചു. ശിവഗിരിയിലെ കൈവല്യാനന്ദസ്വാമിയായിരുന്നു ആർഎസ്എസ് ബോധപൂർവം ശിവഗിരിയിൽ എത്തിച്ച ആദ്യ സന്യാസി. മഠത്തിലെത്തുംമുമ്പ് അദ്ദേഹം ആർഎസ്എസ് പ്രചാരകനായിരുന്നുവെന്ന് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സ്വാമി ശാശ്വതികാനന്ദ പറയുന്നുണ്ട്. കൈവല്യാനന്ദസ്വാമികൾ ശിവഗിരിയിലെ പാഠ്യപദ്ധതി അട്ടിമറിച്ച ആളാണ്. ബ്രഹ്മവിദ്യാലയത്തിലെ ഗുരു അംഗീകരിച്ച സിലബസിന് പകരം ചാതുർവർണ്യത്തിലധിഷ്ഠിതമായ വേദാന്തഭാഷ്യം അടിച്ചേൽപ്പിച്ചു. ബ്രഹ്മസൂത്രത്തിലെ വിവാദമായ അപശൂദ്രാധികരണം ശങ്കരാചാര്യ മഠങ്ങളിലെ സമ്പ്രദായത്തിലാണ് കൈവല്യാനന്ദസ്വാമി പഠിപ്പിച്ചിരുന്നത്. അതനുസരിച്ച് ശൂദ്രന് വേദാധികാരമില്ല. അങ്ങനെയുള്ള കൈവല്യാനന്ദ സ്വാമികൾ ശിവഗിരി മഠത്തിൽ നിന്ന് കണ്ടെത്തിയ ഹിന്ദുത്വപക്ഷപാതിയായിരുന്നു ശിവഗിരി ആക്ഷന്റെ സമയത്ത് സർക്കാർ മുൻകയ്യിൽ മഠത്തിൽ അധികാരത്തിലെത്തിയ പ്രകാശാനന്ദ സ്വാമികൾ. 1990-കളിൽ കുമ്മനം ശിവഗിരിയിലെത്തി പ്രകാശാനന്ദ സ്വാമികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രകാശാനന്ദസ്വാമിക്കാവട്ടെ ചിന്മയാനന്ദനും മാതാ അമൃതാനന്ദസ്വാമികളുമായും സ്വാമി സത്യാനന്ദ സരസ്വതിയുമായും ബന്ധമുണ്ടായിരുന്നു. 

വലപൊട്ടിച്ച് ശാശ്വതികാനന്ദ

ശിവഗിരിയിലെ അക്കാലത്തെ പ്രധാനിയായിരുന്ന ശാശ്വതികാനന്ദ സ്വാമികളെ സ്വാധീനിക്കാനും ചെങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതി ശ്രമം നടത്താതിരുന്നില്ല. ശിവഗിരി തങ്ങൾക്കൊപ്പം നിന്നാൽ കേരളം നമ്മുടെ കയ്യിലിരിക്കുമെന്ന് സ്വാമി സത്യാനന്ദ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതനുസരിച്ച് ഹിന്ദുക്കളുടെ അനൈക്യമാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം. അതായത് ശിവഗിരിയുടെ ഹൈന്ദവവൽക്കരണമായിരുന്നു അവരുടെ ഉദ്ദേശ്യം. അവർക്ക് ശിവഗിരിയെ ഈഴവരുടെ തീർത്ഥാനടകേന്ദ്രമാക്കി നിലനിൽത്തിയാൽപ്പോര, ലോകത്തുള്ള എല്ലാ ഹിന്ദുക്കളുടെയും തീർത്ഥാനട കേന്ദ്രമാക്കി മാറ്റണം. കാശിപോലെയോ പുരിപോലെയോ ശിവഗിരിയും ഹിന്ദു ദൈവപ്രതിഷ്ഠകളുടെ കോംപ്‌ളക്‌സായി മാറ്റണം. ഈ നീക്കത്തെക്കുറിച്ച് ശിവഗിരിയിലെ പോലിസ് ആക്ഷനെക്കുറിച്ചുള്ള കുറിപ്പിൽ എം.എസ്. മണി എഴുതി: 

"ശിവഗിരിയിൽനിന്ന് ശ്രീനാരായണ ഗുരുദേവനെ മാറ്റിയാൽ പിന്നെവിടെ എന്താണ് അവശേഷിക്കുന്നത്. അതാണ് ചില ഹിന്ദുമത നേതാക്കന്മാരും ആചാര്യന്മാരും ശിവഗിരിയിൽ നടന്നു കാണാൻ ആഗ്രഹിക്കുന്നത്. ഹിന്ദുമതത്തിന് വേലികെട്ടി അവർണ്ണ വിഭാഗങ്ങളെ മറ്റു മതക്കാരിൽ നിന്നു അകറ്റിനിർത്താനാണ് അവരുടെ ശ്രമം. ഇതിന്റെ ഭാഗമാണ് ശിവഗിരിയെ ഹൈന്ദവവൽക്കരിക്കാനുള്ള നീക്കം. ആ ഹൈന്ദവവൽക്കരണ പ്രക്രിയ ഇങ്ങനെയാണ്. ശിവഗിരി ഈഴവരുടെ മാത്രം തീർത്ഥാടന കേന്ദ്രമായാൽ പോരാ. ലോകത്തുള്ള എല്ലാ ഹിന്ദുക്കളുടെയും തീർത്ഥാടനകേന്ദ്രമാകണം. കാശിയെയും പുരിയെയും പോലെ ശിവഗിരിയും ഹിന്ദുദൈവ പ്രതിഷ്ഠകളുടെ ഒരു കോംപ്ലക്‌സായി മാറണം. അങ്ങനെ ശിവഗിരിക്ക് വ്യക്തവും സുദൃഢവുമായ ഒരു ഹൈന്ദവ പരിവേഷം നൽകാനാവാണം. അതുകൈവന്നു കഴിഞ്ഞാൽ അഹിന്ദുക്കളായ ശ്രീനാരായണീയരുടെ മനസ്സിൽ ശിവഗിരി വിസ്മൃതമായിക്കൊള്ളും. ഈഴവരിൽ നിന്നു ഗുരുദേവ ദർശനത്തിന്റെ കാതലായ മതസഹിഷ്ണുത മാറ്റിയെടുക്കാനും കഴിയും. ക്രമേണ ശ്രീനാരായണദർശനങ്ങൾ പുരാവസ്തുശേഖരത്തിലേക്ക് നീക്കപ്പെടും. പകരം ഹിന്ദുത്വം അവിടെ വേരുറപ്പിച്ച് വളർന്ന് പന്തലിക്കുകയും ചെയ്യും. ഇതിനെല്ലാം മൂകസാക്ഷിത്വം വഹിക്കുന്ന ഗുരുദേവ പ്രതിമയെ കാലം ചെല്ലുമ്പോൾ ഒരു ഉപപ്രതിഷ്ഠയുടെ പദവിയിലേക്ക് ഒതുക്കാനും കഴിയും. ശ്രീനാരായണനെ ശിവഗിരിയിൽനിന്ന് മാറ്റുക എന്ന ഗ്രാൻഡ് ഡിസൈൻ ആണ് അതെന്ന് അദ്ദേഹം എഴുതി. 

എന്നാൽ ഇതരമതവിരോധത്തെ വെച്ചുപൊറുപ്പിക്കാത്ത, ശ്രീനാരായണഗുരുശിഷ്യനായ ശാശ്വതികാനന്ദ സ്വാമികൾ ആ കെണിയിൽ വീണില്ല. എന്നു മാത്രമല്ല, ശക്തമായ പ്രതിരോധവും ഉയർത്തി. അയോധ്യ ശിലാന്യാസത്തിന്റെ ഭാഗമായ ഇഷ്ടിക മാർച്ചിന് ശിവഗിരിയെ ഉപയോഗിക്കാനുള്ള ആർഎസ്എസ് ശ്രമം ശാശ്വതികാനന്ദ ഇടപെട്ട് തകർത്തു. ശിലാന്യാസത്തിനായുള്ള തെക്കൻ ജാഥയുടെ ദീപശിഖ അരുവിപ്പുറം ക്ഷേത്രത്തൽനിന്ന് കൊളുത്തണമെന്നായിരുന്നു അവരുടെ പദ്ധതി. അത് ശാശ്വതികാനന്ദ സ്വാമികൾ അനുവദിച്ചില്ല. കൂടാതെ ആർഎസ്എസ്സിന്റെ യോഗത്തിൽ പ്രസംഗിച്ച സ്വാമി സുപ്രഭാനന്ദയെ ട്രസ്റ്റ് ബോർഡ് താക്കീതും ചെയ്തു. സ്വാഭാവികമായും ആർഎസ്എസ്സിനെ പിന്തുണക്കുന്ന സ്വാമിമാരും ഗുരുവിന്റെ പാത പിന്തുടരുന്ന സ്വാമിമാരും തമ്മിലുള്ള പോര് തുറന്ന യുദ്ധമായി. അതിനൊടുവിലാണ് ശിവഗിരിയിലെ തിരഞ്ഞെടുപ്പ് പ്രതിസന്ധി ഉടലെടുത്തത്. ശിവഗിരിയിലെ ആർഎസ്എസ്സ് പദ്ധതിയിലെ പ്രധാന നീക്കങ്ങളിലൊന്നായിരുന്നു അത്. കൈവല്യാനന്ദസ്വാമികളിലൂടെയാണ് ആർഎസ്എസ് ഈ പദ്ധതി നടപ്പാക്കിയത്. പ്രകാശാനന്ദസ്വാമികൾ അതിനു കൂട്ടുനിൽക്കുകയും ചെയ്തു. 

ശിവഗിരി ആക്ഷൻ

ശിവഗിരി ഭരണത്തെ കോടതിയിൽ കുടുക്കി ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു ആർഎസ്എസ് തന്ത്രം. അങ്ങനെയായാൽ ആറ്റിങ്ങൽ സബ് കോടതിയിൽനിന്ന് തുടങ്ങി ജില്ലാ കോടതി, ഹൈക്കോടതി, സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച് എന്നിവ താണ്ടി സുപ്രിംകോടതിയിലെത്താൻ വർഷങ്ങൾ വേണ്ടിവരും. ഈ ഭരണസ്തംഭനത്തിനിടയിൽ ആർഎസ്എസ്സിന് ഹൈന്ദവവൽക്കരണ പ്രക്രിയ പൂർത്തിയാക്കാം. ഇതായിരുന്നു പദ്ധതി. 1994 ജൂലൈയിൽ നടന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി അവർ തിരഞ്ഞെടുത്തു. 

1959 മാർച്ച് 26- തീയതിയിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അനുവദിച്ച ട്രസ്റ്റ് നിയമാവലി അനുസരിച്ച് ട്രസ്റ്റ് ബോർഡിൽ ഏഴിൽ കുറയാതെയും പതിനൊന്നിൽ കൂടാതെയും അംഗങ്ങളുണ്ടാവണം. 5 വർഷമാണ് ബോർഡിന്റെ കാലാവധി. 1994 ജൂലൈ 26-നായിരുന്നു ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ ശാശ്വതികാനന്ദ സ്വാമികളുടെ പാനലിൽ ഉൾപ്പെട്ടിരുന്ന മൂന്നു പേർ അസാധാരണ കാരണങ്ങളാൽ നോമിനേഷൻ നൽകിയില്ല. ഈ സാഹചര്യം മറികടക്കാനെന്ന വണ്ണം ശിവഗിരി ബ്രഹ്‌മവിദ്യാലയത്തിന്റെ ആചാര്യനായ സ്വാമി കൈവല്യാനന്ദസ്വാമികൾ തന്റെ ശിഷ്യരായ മൂന്നു സന്യാസിമാരെക്കൊണ്ട് നോമിനേഷൻ കൊടുപ്പിച്ചു. ആ സമയത്ത് ലണ്ടനിലായിരുന്ന ശാശ്വതികാനന്ദ സ്വാമികൾ ഇതറിഞ്ഞില്ല. എങ്കിലും കൈവല്യാനന്ദസ്വാമികൾ പറഞ്ഞത് വിശ്വസിച്ച് അദ്ദേഹം ഈ അഡ്ജസ്റ്റ്‌മെന്റിനെ പിന്തുണച്ചു. ബോർഡിൽ ആർഎസ്എസ് നോമിനികളെ തിരുകിക്കയറ്റാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് ശാശ്വതികാനന്ദ സ്വാമിക്ക് ഇത് മനസ്സിലായത്. കൈവല്യാനന്ദസ്വാമികളുടെ നീക്കങ്ങൾ നിഗൂഢമാണെന്നും താമസിയാതെ ബോധ്യപ്പെട്ടു. 

അതിനു തടയിടാനുള്ള നിരവധി നീക്കങ്ങൾ ശാശ്വതീകാനന്ദ സ്വാമികൾ നടത്തി. തനിക്കൊപ്പമുള്ളവരെ രാജിവപ്പിച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തി പ്രശ്‌നം ഒഴിവാക്കാനായിരുന്നു ശ്രമം. ട്രസ്റ്റിൽ ഭരിക്കാനുള്ള ആളില്ലാതായതോടെ ട്രസ്റ്റ് ജനറൽബോഡി പുതിയ തിരഞ്ഞെടുപ്പിന് അനുമതി നൽകി. പക്ഷേ, കൈവല്യാനന്ദസ്വാമികൾ, സ്വതന്ത്രമായി മൽസരിച്ച് ജയിച്ച പ്രകാശാനന്ദസ്വാമികളുടെ സഹായത്തോടെ കരുക്കൾ നീക്കി. പുതിയ തിരഞ്ഞെടുപ്പ് എന്ന ജനറൽ  ബോർഡിയുടെ ആവശ്യം തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രകാശാനന്ദയും കൈവല്യാനന്ദസ്വാമികളും അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരും ചേർന്ന് ആറ്റിങ്ങൽ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. രാജി വച്ചവരുടെ ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ കോടതി നിർദേശിച്ചു. പ്രകാശാനന്ദ അതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. 

തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് തുളസീദാസിന്റെ ബെഞ്ച് തള്ളി. 1994 ഡിസംബർ 25-ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദയുടെ പാനലിൽ ഉൾപ്പെട്ടവർ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചു. അപകടം മണത്ത കൈവല്യാനന്ദസ്വാമികൾ പല കാരണങ്ങളാൽ മഠത്തിൽനിന്ന് ശിക്ഷാനടപടികളുടെ ഭാഗമായി പുറത്തുപോയവരെ കൂട്ടുപിടിച്ച് കൂടുതൽ ഗൂഢാലോചന നടത്തി. ആദ്യതിരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദയുടെ കൂടെ രാജിവച്ച് ഒഴിഞ്ഞിരുന്ന സ്വാമികളിൽ ഒരാളെ സ്വാധീനിച്ച് രാജി പിൻവലിപ്പിച്ചു.

ഈ സമയത്ത് ഹൈക്കോടതിയിൽ തുളസീദാസിന്റെ ബെഞ്ചിൽനിന്ന് കേസ് ജസ്റ്റിസ് മുഹമ്മദിന്റെ ബെഞ്ചിലെത്തിയിരുന്നു. അദ്ദേഹം അവധിയിലായിരുന്ന സമയത്ത് കേസ് ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്‌മണ്യന്റെ ബെഞ്ചിലെത്തി. അദ്ദേഹമാകട്ടെ മുമ്പ് കേട്ടിരുന്ന ബെഞ്ചിലേക്ക് കേസ് മടക്കിയയക്കാതെ തുടർനടപടികൾ തന്റെ ബെഞ്ചിൽതന്നെ വരുന്ന രീതിയിൽ 'പാർട്ട് ഹേർഡ്' എന്നെഴുതി മാറ്റിവച്ചു. പിന്നീട് ആ കേസ് ജസ്റ്റിസ് മുഹമ്മദിന്റെ കോടതിയിലേക്ക് പോയില്ല. അങ്ങനെയാണ് വിവാദമായ ഉത്തരവ് ഹൈക്കോടതിയിൽനിന്നുണ്ടാവുന്നത്. ആറ്റിങ്ങൽ സബ്‌കോടതിയിൽനിന്ന് അവസാന ഉത്തരവുണ്ടാകുംവരെ 1994 ജൂലൈയിൽനടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്നവരിൽ രാജിവച്ച് ഒഴിഞ്ഞവരെ മാറ്റിനിർത്തി ബാക്കിയുള്ളവരെ വച്ച് ബോർഡ് ഭരണം നടത്തുക എന്നായിരുന്നു ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്‌മണ്യന്റെ വിധി. അതായത്, 1994 ഡിസംബറിൽ വിജയിച്ചവർ 1994 ജൂലൈയിലെ തിരഞ്ഞെടുപ്പിൽ ജയിച്ചവരിൽ രാജി വയ്ക്കാതെ അവശേഷിക്കുന്നവർക്ക് ഭരണം കൈമാറുക. ചുരുക്കത്തിൽ പ്രകാശാനന്ദയും കൈവല്യാനന്ദയും അടക്കമുള്ള അഞ്ച് പേരിലേക്ക് അധികാരം കൈമാറുക. അഞ്ച് പേരടങ്ങുന്ന ബോർഡ് ട്രസ്റ്റിന്റെ നിയമാവലിയനുസരിച്ച് നിയമവിരുദ്ധമാണ്. കോടതി ഇതൊന്നും പരിഗണിച്ചില്ല. 

ഈ വിധി നടപ്പാക്കാനെന്ന പേരിലാണ് 1995 ഒക്ടോബർ 11-ാം തീയതി മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പോലിസ് ശിവഗിരിയിലെത്തി അക്രമം അഴിച്ചുവിട്ടത്. പോലിസ് നടപടിയിൽ നിരവധി സ്വാമിമാർക്കും എസ്എൻഡിപിയുടെ നേതാവ് പ്രതാപ് സിങ്ങ് അടക്കമുള്ള ശ്രീനാരായണീയർക്കും ശിവഗിരിയിലെ സവർണനീക്കങ്ങൾക്കെതിരെ നിരാഹാരസമരം നടത്തിയിരുന്ന മോഹൻ ശങ്കറിനും പരിക്കുപറ്റി. ശിവഗിരിയുടെ ഹൈന്ദവവൽക്കരണത്തിനെതിരെ നിരാഹാരമനുഷ്ഠിച്ച, മുൻ മുഖ്യമന്ത്രി ആർ. ശങ്കറിൻ്റെ മകനായ മോഹൻ ശങ്കർ പിന്നീട് ബിജെപി ടിക്കറ്റിൽ കൊടുങ്ങല്ലൂരിൽ നിന്ന് മത്സരിച്ചു എന്നതാണ് മറ്റൊരു വൈരുധ്യം. പോലീസ് നടപടിക്കുള്ള എല്ലാ നീക്കങ്ങളും രഹസ്യമായാണ് നടന്നത്. ആയിരത്തിന് മുകളിൽ പോലിസുകാരെ എ.കെ. ആന്റണി അണിനിരത്തി. രമൺ ശ്രീവാസ്തവയുടെ ഭാര്യാസഹോദരൻ അരവിന്ദ് രഞ്ജൻ പോലിസിനെ നയിച്ചു. 

അനുരഞ്ജനത്തിനുള്ള പല വഴികളും കേരള കൗമുദിയുടെ പത്രാധിപർ എം.എസ്. മണിയുടെ നേതൃത്വത്തിൽ നടന്നെങ്കിലും അതിനൊന്നും കൈവല്യാനന്ദസ്വാമികളും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ആർഎസ്എസ്സ് മേലാളരും വഴങ്ങിയില്ല. അനുരഞ്ജനശ്രമത്തിന്റെ ഭാഗമായി എത്തിച്ചേർന്ന തീരുമാനം പോലും ഈ സംഘം അവസാന ഘട്ടത്തിൽ ലംഘിച്ചു. മന്ത്രിസഭയിലെ സി.വി. പത്മരാജനെ പോലുള്ള ചില മന്ത്രിമാരും സർക്കാരിന്റെ നിയമോപദേശകരും അക്കാലത്തെ എസ്എൻഡിപി നേതൃത്വത്തിലുള്ള കെ.കെ. രാഹുലനും കെ. ഗോപിനാഥനും അനുരഞ്ജനമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തി. ഹൈന്ദവൽക്കരണ ആരോപണം വെറും തോന്നലാണെന്നായിരുന്നു ഗോപിനാഥന്റെ വാദം. ശാശ്വതികാനന്ദ സ്വാമിക്കുവേണ്ടി കേരള കൗമുദി കണ്ടുപിടിച്ചതാണ് ഹൈന്ദവൽക്കണമെന്ന് രാഹുലനും വാദിച്ചു. ശാശ്വതികാനന്ദസ്വാമികളെ നിഷ്പ്രഭമാക്കാൻ അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണങ്ങൾപ്പോലും ഹിന്ദുത്വരും അവരുടെ പിന്തുണക്കാരും ഉന്നയിച്ചു. 

ശിവഗിരിയിലെ പോലിസ് ആക്ഷനും ആഖ്യാനങ്ങളും

ശിവഗിരിയിലെ പോലിസ് നടപടിക്കെതിരെ എല്ലാ പാർട്ടികളും അണിനിരന്നു. കെ. കരുണാകരൻ, ഉമ്മൻചാണ്ടി, അച്യുതാനന്ദൻ, ഗൗരിയമ്മ, നായനാർ, മഅദനി തുടങ്ങിയ രാഷ്ട്രീയനേതാക്കൾ പോലിസ് നടപടിയെ അപലപിച്ചു. മന്ത്രി സി.വി. പത്മരാജൻ ആന്റണിയെ അനുകൂലിച്ചു. പോലിസ് നടപടി ഹിമാലയത്തോളം വലിയ മൗഢ്യമാണെന്ന് ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ പ്രസ്താവിച്ചു. എൻഎസ്എസ് നേതാവ് പി.കെ. നാരായണപ്പണിക്കർ പോലും പ്രതിഷേധിച്ചു. 

ബിജെപിയും അവരുടെ നേതാവ് ഒ. രാജഗോപാലുമാണ് ആന്റണിയെ അനുകൂലിച്ചവരിൽ പ്രധാനികൾ. ശിവഗിരി ഒരു ഹൈന്ദവമഠമാണെന്നും ഗുരു ഒരു ഹിന്ദുയോഗിയുമാണെന്നായിരുന്നു രാജഗോപാലിന്റെ നിലപാട്. ശിവഗിരിയെ ജാതീയവൽക്കരിക്കാൻ ശ്രമിക്കുന്നവരാണ് ഹൈന്ദവൽക്കരണമെന്ന് മുറവിളികൂട്ടുന്നത്. ഗുരു ഹിന്ദുസന്യാസിയായതിനാൽ വീണ്ടും ഹൈന്ദവവൽക്കരിക്കേണ്ട ആവശ്യമില്ല. കോടതി പറഞ്ഞതുപ്രകാരം അധികാരം കൈമാറുകയാണ് വേണ്ടത്. ശിവഗിരി മഠത്തെ 'മഅദനിവൽക്കരിക്കാ'നും ശ്രമിക്കുന്നുണ്ട്. കോടതി വിധി അംഗീകരിക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ട്. അതിന്റെ ഭാഗമായിരുന്നു പോലിസ് നടപടി. പോലിസ് അതിക്രമം നടത്തിയിട്ടില്ല. അത് ചെയ്തത് ശിവഗിരിയിൽ തമ്പടിച്ച പിഡിപിക്കാരാണ്- ശാശ്വതീകാനന്ദ സ്വാമികൾക്കും ശിവഗിരിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്ന മഅദനിയുടെയും പിഡിപിയുടെയും നിലപാടിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ശിവഗിരി പോലിസ് നടപടിയെ മറ്റൊരു 'ഒക്ടോബർ വിപ്ലവ'മാണെന്നും രാജഗോപാൽ വിശേഷിപ്പിച്ചു. 

സിപിഎം മറുപക്ഷത്തായിരുന്നെങ്കിലും ഇഎംഎസ്സിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. ശിവഗിരിയിലെ സന്യാസമാർ കപട ആനന്ദന്മാരാണെന്നും ശിവഗിരിയിലേത് വെറും സ്വത്ത് തർക്കമാണെന്നും ഇഎംഎസ് എഴുതി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തർക്കത്തിന്റെ ഒരു ഭാഗത്ത് ആന്റണിയും രാജഗോപാലും ഒരു വിഭാഗം സന്യാസിമാരുമാരുമാണുള്ളത്. മറുപക്ഷത്ത് മഅദനിയും പിഡിപിയും മറ്റൊരു കൂട്ടം സന്യാസിമാരും. ശിവഗിരിയിലെ സന്യാസിമാർ കള്ളക്കടത്തുകാരാണ്. കേന്ദ്രത്തിൽ ചന്ദ്രസ്വാമി എന്ന ഒരു കള്ളസ്വാമിയേ ഉള്ളുവെങ്കിൽ ശിവഗിരിയിൽ രണ്ട് സ്വാമിമാരുണ്ട്. ഇവർ തമ്മിൽ അടികൂടുകയാണ്. രണ്ടു കളളന്മാർക്കും ഇടയിൽ നിന്നു മുതലെടുക്കാനാണ് ആന്റണിയും മറ്റു വർഗീയവാദികളും ശ്രമിക്കുന്നത്- ഇതായിരുന്നു ഇഎംസിന്റെ നിലപാട്. എന്നാൽ ഈ ആഖ്യാനത്തിൽനിന്ന് ഇഎംഎസ് താമസിയാതെ പിൻമാറി. പോലിസ് ആക്ഷനെ സുവർണക്ഷേത്രത്തിലെ സൈനിക ഇടപെടലുമായി സമീകരിച്ചു. 

പോലിസ് ആക്ഷനോട് കേരളകൗമുദി പത്രം ശക്തമായി പ്രതികരിച്ചു, പ്രതിരോധമുയർത്തി. ശിവഗിരി പോലിസ് ചവിട്ടിപ്പൊളിച്ചുവെന്നായിരുന്നു കേരളകൗമുദിയുടെ ശീർഷകം. വി.ടി. രാജശേഖറിന്റെ ദലിത് വോയ്‌സ് പത്രം ആർഎസ്എസ്സ് ശ്രമങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. നായരായ കൈവല്യാനന്ദസ്വാമികളുടെ മുൻകയ്യിൽ നടക്കുന്നത് ബ്രാഹ്‌മണവൽക്കരണമാണെന്നായിരുന്നു രാജശേഖറിന്റെ നിലപാട്. 'ശിവഗിരി: അധികാരക്കൈമാറ്റത്തിന് ബലപ്രയോഗം: ഒട്ടേറെ പേർക്ക് പരിക്ക്' എന്ന് മാതൃഭൂമി എഴുതി. വേറെ വഴിയില്ലായിരുന്നുവെന്ന ആന്റണിയുടെ ന്യായീകരണത്തിനും അവർ സ്ഥലമനുവദിച്ചു. മലയാള മനോരമ പത്രവും അവരുടെ ലേഖകരുമാണ് ആർഎസ്എസ് ശ്രമങ്ങളുടെ നാവായി പ്രവർത്തിച്ചത്. 'ശിവഗിരിയിൽ അധികാരമാറ്റം: ഏറ്റുമുട്ടലിൽ പോലിസിനും സ്വാമിമാർക്കും പരുക്ക്' എന്നായിരുന്നു അവരുടെ ശീർഷകം. 

നിർഭാഗ്യകരമെന്ന് പറയട്ടെ, എം.കെ. സാനു, സുകുമാർ അഴിക്കോട് തുടങ്ങിയ ഈഴവ ബുദ്ധിജീവികൾ ആർഎസ്എസ്സിനു അനുകൂലമായ  കുറ്റകരമായ ആഖ്യാനങ്ങൾ നിർമിച്ചു. 'ശിവഗിരി കത്തിച്ചാലും തനിക്കൊന്നുമില്ലെന്നും കേരളത്തിൽ ചന്ദ്രസ്വാമിയില്ലാത്തതിന്റെ പോരായ്മ ശാശ്വതികാനന്ദ പരിഹരിച്ചെന്നും മതവും രാഷ്ട്രീയവും ഇടകലർത്താനുള്ള ശ്രമമാണ് നടന്നതും ആന്റണി അതിനെ മുളയിലേ നുള്ളി'യെന്നും അഴിക്കോട് അഭിപ്രായപ്പെട്ടു. ആന്റണിക്ക് എം.കെ. സാനുവും പിന്തുണ പ്രഖ്യാപിച്ചു. വിശാലമനസ്‌കതകൊണ്ട് ആന്റണി ദുർബലനാവുമോയെന്ന് താൻ സംശയിച്ചുവെന്നുപോലും അദ്ദേഹം പറഞ്ഞുവച്ചു. ജുഡീഷ്യൽ അന്വേഷണത്തിൽ മഠത്തിന്റെ പത്തുവർഷക്കാലം കൂടി ഉൾപ്പെടുത്തിയാൽ അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ശാശ്വതികാനന്ദ പിടികൂടപ്പെടുമെന്ന സംഘപരിവാർ ആഖ്യാനങ്ങൾ അതേപടി ആവർത്തിച്ചു. 

ശിവഗിരിയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തുവെന്ന് മുഖ്യമന്ത്രി ആന്റണി ആദ്യം പറഞ്ഞെങ്കിലും പിന്നീട് അതിൽ വല്ലാതെ ഊന്നിയിരുന്നില്ല. എസ്എൻഡിപി നേതാക്കളാകട്ടെ ആ ആരോപണം പിന്നെയും ആവർത്തിച്ചു. മറ്റൊരു കേസിൽ തൊണ്ടിമുതലായി സൂക്ഷിച്ച ആയുധങ്ങളാണ് ശിവഗിരിയിൽ നിന്ന് പിടിച്ചെടുത്തതായി പോലിസ് അവകാശപ്പെട്ടതെന്ന വാർത്ത അപ്പോഴെക്കും പുറത്തുവന്നിരുന്നു. എന്നിട്ടും മഅദനിയെയും പിഡിപിയെയും ബന്ധിപ്പിച്ച് അവരത് ആവർത്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ എസ്എൻഡിപി കൗൺസിലർമാർ യോഗം നേതൃത്വത്തെ അനുസരിക്കാൻ തയ്യാറായില്ല. ഇവരെ ചുമക്കാൻ ഇനിയാവില്ലെന്ന് പറഞ്ഞ് ബഹുഭൂരിപക്ഷവും അവരെ തള്ളിക്കളഞ്ഞപ്പോൾ ശിവഗിരി ഹൈന്ദവവൽക്കരണത്തെ ചെറുക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചു. പക്ഷേ, അപ്പോഴേക്കും സമയം വൈകിയിരുന്നു. 

ആർഎസ്എസ്സിന്റെ ഗൂഢപദ്ധതികളെ എതിർത്ത് ശിവഗിരിയെ ഹിന്ദുത്വമുക്തമാക്കാൻ ശ്രമിച്ച ശാശ്വതികാനന്ദ സ്വാമികൾക്കെതിരെ വ്യക്തിഹത്യ തുടങ്ങി പല ആയുധങ്ങളും സംഘപരിവാർ ഉപയോഗിച്ചിരുന്നു. അദ്ദേഹം ബലാൽസംഗിയാണെന്നും ഗുണ്ടയുടെ മകനാണെന്നും കഥകളുണ്ടാക്കി. ഒറ്റപ്പെടുത്താൻ ശ്രമിച്ചു. 2002 ജൂലൈ ഒന്നാം തീയതി അദ്ദേഹം ശിവഗിരി ഡയറക്ടർ ബോർഡ് യോഗത്തിനായി ആലുവയിലെത്തി പെരിയാറിൽ കുളിക്കാനിറങ്ങി. ഏറെ നേരം കഴിഞ്ഞും കാണാതെ വന്നപ്പോൾ അന്വേഷിച്ചു. മുങ്ങിമരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. മരണത്തിൽ വളരെയേറെ ദുരൂഹതകളുണ്ടായിരുന്നു. ആദ്യം പൊലീസും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ അന്വേഷണങ്ങൾ മരണകാരണം മുങ്ങിമരണമാണെന്നാണ് കണ്ടെത്തി കേസ് തീർക്കുകയായിരുന്നു. മരണത്തിൽ സംശയങ്ങളുന്നയിച്ച് സിബിഐ അനേഷണം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്‌തെങ്കിലും 2025-ൽ കേരള ഹൈക്കോടതി ആ ആവശ്യം തള്ളി. ശാശ്വതികാനന്ദസ്വാമികളുടെ സമാധിയോടെ ഹിന്ദുത്വ നീക്കങ്ങളുടെ ശക്തനായ എതിരാളി ഇല്ലാതായി. ശിവഗിരി പിടിക്കാനുള്ള ഹിന്ദുത്വശ്രമം ഇന്നും തുടരുന്നു. ഈഴവ സമൂഹം ജാഗ്രത പാലിക്കേണ്ട സമയമാണ്.

ഉപയോഗിച്ച ഗ്രന്ഥങ്ങളും രേഖകളും:

എസ്എൻഡിപി യോഗ ചരിത്രം, പ്രൊഫ. പി.എസ്. വേലായുധൻ 
സഹോദരൻ അയ്യപ്പന്റെ ജീവചരിത്രം, കെ.എ. സുബ്രഹ്‌മണ്യൻ 
ശിവഗിരിക്കു മുകളിൽ തീമേഘങ്ങൾ, എം.എസ്. മണി  

ജന്മഭൂമി, ദലിത് വോയ്‌സ്, മലയാള മനോരമ പത്രം തുടങ്ങിയവയിലെ ലേഖനങ്ങളും ഏതാനും വാർത്തകളും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നു. 

("പാമ്പ് പാർക്കുന്ന എലി മാളങ്ങൾ": ശിവഗിരി പിടിച്ചെടുക്കുന്നതിനുള്ള സവർണശ്രമങ്ങളെക്കുറിച്ച് 1930-ൽ സി.വി. കുഞ്ഞുരാമൻ എഴുതിയ എസ്എൻഡിപി വാർഷിക റിപ്പോർട്ടിൽ ഉപയോഗിച്ച ഉപമ)

Share this link