Author Image സുദേഷ് എം. രഘു
16 Aug 2026

സുതാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടുന്ന പി.എസ്.സിയും നിയമന-സംവരണ അട്ടിമറികളും

ഇന്ത്യ പോലൊരു രാജ്യത്ത് വിഭവങ്ങളുടെ ന്യായമായ പുനർവിതരണം സാധ്യമാകണമെങ്കിൽ, അതിനനുസൃതമായ ഭരണസംവിധാനം അനിവാര്യമാണ്. ആ ഭരണസംവിധാനം സൃഷ്ടിക്കുന്നതിൽ പി.എസ്.സി. പോലെയുള്ള സ്ഥാപനങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. പി.എസ്.സി.യുടെ വിശ്വാസ്യത തകരുന്നത് ഒരു റിക്രൂട്ടിങ് ഏജൻസിയുടെ മാത്രം പ്രശ്നമല്ല; ജനാധിപത്യത്തിന്റെ തന്നെ തകർച്ചയുടെ ലക്ഷണമാണ്. പി.എസ്.സി. നിയമനങ്ങൾ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ ലക്ഷക്കണക്കിന് നിയമനങ്ങൾ ദലിത്-പിന്നാക്ക-പാർശ്വവത്കൃത സമുദായങ്ങൾക്ക്  നഷ്ടപ്പെട്ടതായി മനസ്സിലാക്കാം. എന്നാൽ അത്തരത്തിലുള്ള പരിശോധന നടത്താൻ സർക്കാർ തയ്യാറല്ല. പി.എസ്.സി. നിയമനങ്ങളിലെ സംവരണ അട്ടിമറി പുറത്തുകൊണ്ടുവന്ന സാമൂഹിക വിമർശകൻ സുദേഷ് എം. രഘു എഴുതുന്നു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) കേരളത്തിലെ ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും, ഏറെ വിശ്വാസ്യതയുള്ള സ്ഥാപനമാണ്. മറ്റു റിക്രൂട്ടിങ് ഏജൻസികളെ അപേക്ഷിച്ച് പി.എസ്.സിക്ക് കൂടുതൽ വിശ്വാസ്യതയുണ്ടാകാനുള്ള പ്രധാന കാരണം, അതിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളാണ്. സംവരണതത്ത്വം പാലിക്കുന്ന സ്ഥാപനം കൂടിയായതിനാൽ, വിവിധ പിന്നാക്ക സമുദായങ്ങൾക്കും പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്കും മുസ്ലീങ്ങൾക്കും ദലിത് ക്രൈസ്തവ-ലത്തീൻ-എസ്.ഐ.യു.സി. നാടാർ തുടങ്ങിയ ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ സർവീസിൽ പ്രാതിനിധ്യം ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണത്. അതുകൊണ്ടുതന്നെ, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും പി.എസ്.സിക്ക് എക്കാലത്തും സവിശേഷമായ വിശ്വാസ്യത നിലനിൽക്കുന്നുണ്ടായിരുന്നു.

എന്നാൽ, അടുത്തകാലത്തായി പി.എസ്.സി. റാങ്ക് ലിസ്റ്റുകളെയും നിയമനങ്ങളെയും സംബന്ധിച്ചു പുറത്തുവരുന്ന പല വാർത്തകളും ആ വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടുന്ന രീതിയിലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളായാലും കരാർ നിയമനങ്ങളായാലും പി.എസ്.സിക്കു വിടാത്ത സ്ഥാപനങ്ങളിലെ നിയമനങ്ങളായാലും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളായാലും അവയ്ക്കൊന്നും പി.എസ്.സിയുടേതുപോലുള്ള വിശ്വാസ്യതയോ സുതാര്യതയോ കാര്യക്ഷമതയോ ഇല്ല എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. യോഗ്യതയും മെറിറ്റും സംവരണതത്ത്വവും കൃത്യമായി പാലിക്കാതെ, ഏതാനും സമുദായക്കാർക്കും ഭരണകക്ഷിയുമായി ബന്ധമുള്ളവർക്കും പാർട്ടി അനുഭാവികൾക്കും മാത്രം നിയമനം ലഭിക്കുന്ന സാഹചര്യമാണ് അവയിലെല്ലാമുള്ളത്. വിവിധ തരത്തിലുള്ള ശിപാർശകളും രാഷ്ട്രീയ ഇടപെടലുകളും നിയമനങ്ങളിൽ സ്വാധീനം ചെലുത്തുന്നുവെന്നത് കേരളത്തിലെ പൊതുസമൂഹത്തിന് അറിയാവുന്ന കാര്യവുമാണ്.

പി.എസ്.സി.യുടെ വിശ്വാസ്യതയ്ക്കു സംഭവിക്കുന്ന അപചയം

കഴിഞ്ഞ കുറേ വർഷങ്ങളായി, പി.എസ്.സി. റാങ്ക് ലിസ്റ്റുകളിൽ പിന്നാക്ക സമുദായങ്ങളിൽ- വിശേഷിച്ച് ഈഴവർ, മുസ്ലീങ്ങൾ, വിശ്വകർമ്മജർ തുടങ്ങിയ വിഭാഗങ്ങളിൽ-പെട്ട ധാരാളം പേർ, മെറിറ്റ് ലിസ്റ്റ് എന്നറിയപ്പെടുന്ന മെയിൻ ലിസ്റ്റിൽ യോഗ്യത നേടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ സമുദായങ്ങൾ, വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും മക്കളുടെ വിദ്യാഭ്യാസത്തിനായി ആ സമുദായങ്ങളിലെ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്തതാണു കാരണം. തത്ഫലമായി, പി.എസ്.സി. പോലെയുള്ള റിക്രൂട്ടിങ് ഏജൻസികളിലേക്ക് അപേക്ഷിക്കുന്നവരുടെയും പരീക്ഷ എഴുതുന്നവരുടെയും റാങ്ക് ലിസ്റ്റുകളിൽ പ്രവേശിക്കുന്നവരുടെയും എണ്ണം വർധിച്ചു. സ്വാഭാവികമായും പല റാങ്ക് ലിസ്റ്റുകളിലും ഈ വിഭാഗങ്ങളിൽപ്പെട്ടവർ ഒന്നാം റാങ്കിലും ആദ്യ പത്തു റാങ്കിലും ആദ്യ നൂറു റാങ്കിലും ഉൾപ്പെടുന്ന സാഹചര്യം ഉണ്ടായി.

ഇത് പി.എസ്.സിയുടെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും ഉള്ളിലുള്ള ചില നിക്ഷിപ്ത താൽപര്യങ്ങൾക്ക്, വിശേഷിച്ച് സവർണ വിഭാഗങ്ങളിൽപ്പെട്ട നിക്ഷിപ്ത താൽപര്യക്കാർക്ക്, പ്രശ്നമായി മാറിയെന്നതാണു യാഥാർത്ഥ്യം. പല റാങ്ക് ലിസ്റ്റുകളിലെയും നിയമനങ്ങളിൽ പലതരത്തിലുള്ള തിരിമറികൾ നടക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില ലിസ്റ്റുകളിൽ നിയമനം തന്നെ നടത്താതെ മാറ്റിവെക്കുന്ന സാഹചര്യവും ഓപ്പൺ കോമ്പറ്റീഷനിലും സംവരണ വിഭാഗത്തിലും പിന്നാക്ക സമുദായക്കാർ തന്നെ കടന്നുവരുമെന്ന ആശങ്കയിൽ, ചില ലിസ്റ്റുകളുടെ നിയമനം വൈകിപ്പിച്ച് ലിസ്റ്റിന്റെ സാധുത ഇല്ലാതാക്കുന്ന പ്രവണതയും ഉദ്യോഗവൃന്ദങ്ങളിൽ നിലനിൽക്കുന്നുണ്ട്.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഉദ്യോഗസ്ഥ സംവിധാനത്തിനകത്ത് പണ്ടു മുതലേ പ്രവർത്തിച്ചുവരുന്ന സവർണ ബ്യൂറോക്രസി ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുവെന്നതാണ്. അതോടൊപ്പം, രാഷ്ട്രീയ തലത്തിലുള്ള ഇടപെടലുകളും, വിശേഷിച്ച് ഭരണകക്ഷിയുടെ രാഷ്ട്രീയ ഇടപെടലുകളും ചേരുമ്പോൾ, പി.എസ്.സി.യെ സംബന്ധിച്ചു നേരത്തെയുണ്ടായിരുന്ന വിശ്വാസ്യത വലിയ തോതിൽ തകരുന്ന സാഹചര്യമാണുണ്ടാകുന്നത്.

2000-ൽ വന്ന നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സർക്കാർ സർവീസ് പ്രാതിനിധ്യത്തിലെ വലിയ കുറവുകളിലേക്കു വിരൽചൂണ്ടിയിരുന്നു. മുസ്ലീങ്ങൾ, ലത്തീൻ കത്തോലിക്കർ, ധീവരർ തുടങ്ങിയ ഒ.ബി.സി. വിഭാഗങ്ങൾക്കു വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അവരുടെ ബാക്ക്ലോഗ് നികത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.

ഈ ബാക്ക്ലോഗ് എങ്ങനെ ഉണ്ടായി എന്നു പരിശോധിക്കുമ്പോൾ, അക്കാലത്തെ മെയിൻ ലിസ്റ്റുകളിലും സപ്ലിമെന്ററി ലിസ്റ്റുകളിലും ഈ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ എണ്ണം താരതമ്യേന കുറവായിരുന്നത് ഒരു കാരണമായി ചൂണ്ടിക്കാണിക്കാം. എന്നാൽ പിന്നീട് വിദ്യാഭ്യാസ രംഗത്ത് ഈ സമുദായങ്ങൾ കൂടുതൽ മുന്നേറി. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ, പല ലിസ്റ്റുകളിലും പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർ കൂടുതലായി എത്തുന്ന സാഹചര്യം ഉണ്ടായി. ഇത്തരം മാറ്റങ്ങൾ, ജനാധിപത്യ സമൂഹത്തിൽ സ്വാഭാവികമായും സ്വാഗതം ചെയ്യേണ്ടതാണ്. എന്നാൽ ഈ മാറ്റം, ചില നിക്ഷിപ്ത താൽപര്യങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും റാങ്ക് ലിസ്റ്റ് തന്നെ അട്ടിമറിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുകയുമാണു ചെയ്യുന്നത്. റാങ്ക് ലിസ്റ്റിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ പിന്നോക്ക-ദലിത് വിഭാഗങ്ങളിൽ നിന്നുണ്ടെങ്കിൽ നിയമന ഒഴിവ് രേഖപ്പെടുത്താതെ ഇരിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ടെന്നും കേൾക്കുന്നു.

നിയമനം വൈകുന്നതിൽ പ്രതിഷേന്ധിച്ച് കേരള എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ പുല്ലുതിന്ന് സമരം ചെയ്യുന്നു.

കേരള സംസ്ഥാനം രൂപം കൊണ്ട് സംവരണചട്ടങ്ങൾ ക്രോഡീകരിച്ചതു മുതൽ, 50 ശതമാനം ഓപ്പൺ കോമ്പറ്റീഷനും 50 ശതമാനം സംവരണവും എന്ന രീതിയിലാണു പി.എസ്.സി. നിയമനങ്ങൾ നടന്നുവന്നിരുന്നത്. 1958-ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസിൽ അക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. സംവരണേതര സീറ്റുകളെ മെറിറ്റ് സീറ്റുകൾ എന്നല്ല പി.എസ്.സി. വിശേഷിപ്പിക്കുന്നത്, മറിച്ച് “ഓപ്പൺ കോമ്പറ്റീഷൻ” എന്നാണ്. ബാക്കി വരുന്ന പകുതി സീറ്റുകളെയാണ് സംവരണ സീറ്റുകൾ എന്നു പറയുന്നത്.

എന്നാൽ 2019-ൽ ഇ.ഡബ്ല്യു.എസ്. സംവരണം വന്നതോടെ ഇതിൽ വലിയ മാറ്റമുണ്ടായി. സംവരണേതര സീറ്റുകളിൽ നിന്ന് 10 ശതമാനം എടുത്ത് സവർണ ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങളിലെ ദുർബലവിഭാഗങ്ങൾക്ക് ഇ.ഡബ്ല്യു.എസ്. എന്ന പേരിൽ കൊടുത്തു. അതോടെ, സംവരണം 60 ശതമാനവും ഓപ്പൺ കോമ്പറ്റീഷൻ സീറ്റുകൾ 40 ശതമാനവുമായി. ഇത് നേരത്തെ സംവരണത്തിന്റെ ഗുണം ലഭിച്ചിരുന്ന പിന്നാക്ക, ദലിത് വിഭാഗങ്ങൾക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. കാരണം 50 ശതമാനം ഓപ്പൺ കോമ്പറ്റീഷനിൽ സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും മത്സരിക്കാമായിരുന്നു. അവരുടെ സംവരണ വിഹിതത്തിനു പുറമേ ഓപ്പൺ കോമ്പറ്റീഷനിലൂടെയും നിയമനം നേടാനുള്ള സാധ്യത അവർക്കുണ്ടായിരുന്നു. എന്നാൽ ഓപ്പൺ കോമ്പറ്റീഷൻ 50 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറച്ചതോടെ, മത്സരിക്കാനുള്ള സീറ്റുകളിൽ പത്തു ശതമാനത്തിന്റെ കുറവുവന്നു. എന്നിട്ടും, ഇ.ഡബ്ല്യു.എസ്. കൊണ്ട് പിന്നാക്ക വിഭാഗക്കാർക്കു നഷ്ടമൊന്നും സംഭവിക്കുന്നില്ല എന്ന പച്ചക്കള്ളമാണ് കേരളത്തിൽ ഇ.ഡബ്ല്യു.എസ്. നടപ്പാക്കിയ ഇടതുപക്ഷ സർക്കാരിനെ നയിച്ചിരുന്നവർ ഇപ്പോഴും പറയുന്നത്.
ഭരണഘടനയുടെ അന്തഃസത്തയേയും സംവരണ തത്ത്വത്തെയും അട്ടിമറിച്ചുകൊണ്ടും സവർണവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് സംബന്ധിച്ച് എംപിരിക്കൽ ഡാറ്റ ഒന്നുമില്ലാതെയുമാണ് കേന്ദ്ര ബിജെപി സർക്കാർ ഇ.ഡബ്ല്യു.എസ്. നടപ്പാക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ടുപേർ എതിർത്തിട്ടും ഭൂരിപക്ഷ ജഡ്ജിമാരുടെ വിധിപ്രകാരം കോടതിയും അതംഗീകരിച്ചതോടെ ഇന്ത്യയിൽ സംവരണമില്ലാത്ത ഒരു വിഭാഗവും ഇല്ലെന്നായി. (എന്നാലും ‘സംവരണേതരർ’ എന്നാണ് സവർണർ ഇപ്പോഴും സ്വയം വിശേഷിപ്പിക്കുന്നത്)

പി.എസ്.സിയുടെ റൊട്ടേഷൻ സംവിധാനവും പിന്നാക്ക വിഭാഗങ്ങൾക്ക് തിരിച്ചടിയാകുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നതെന്ന് പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ള വ്യക്തിയാണു ഞാൻ. അതു സംബന്ധമായി രണ്ടു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. എന്നാൽ, പിന്നാക്ക സമുദായ സംഘടനകളുടെ ബൗദ്ധിക പാപ്പരത്തം മൂലം ആ അനീതി ഇന്നും അഭംഗുരം തുടരുകയാണ്. പി.എസ്.സിയുടെ 20 യൂണിറ്റ് റൊട്ടേഷൻ സമ്പ്രദായം ക്രമീകരിച്ചിരിക്കുന്നതുതന്നെ, ഓപ്പൺ കോമ്പറ്റീഷൻ സീറ്റുകൾ ഏതാണ്ടു പൂർണമായി സവർണ വിഭാഗങ്ങൾക്കു ലഭിക്കുന്ന രീതിയിലാണ്. ചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്തി ഈ അപാകം പരിഹരിക്കാനുള്ള ഇച്ഛാശക്തിയുള്ള സർക്കാർ നാളിതുവരെ കേരളത്തിൽ വന്നിട്ടില്ല എന്നു ഖേദപൂർവം പറയട്ടെ.

ഓപ്പൺ കോമ്പറ്റീഷൻ എന്ന വാക്കിന്റെ അർത്ഥം തന്നെ തുറന്ന മത്സരമാണ്. എല്ലാ സമുദായങ്ങളിൽപ്പെട്ടവർക്കും അതിലേക്കു മത്സരിച്ചു പ്രവേശിക്കാനുള്ള അവസരമുണ്ടാകണം. ഉയർന്ന മാർക്ക് നേടിയ സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ഓപ്പൺ കോമ്പറ്റീഷനിൽ നിയമനം ലഭിക്കണം. എന്നാൽ 20 യൂണിറ്റ് റൊട്ടേഷൻ സമ്പ്രദായം ഈ സാധ്യത പരിമിതപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതു വരെ നടന്ന പി.എസ്.സി. നിയമനങ്ങൾ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ ലക്ഷക്കണക്കിന് നിയമനങ്ങൾ പിന്നാക്ക സമുദായങ്ങൾക്കു നഷ്ടപ്പെട്ടതായി മനസ്സിലാക്കാം. എന്നാൽ അത്തരത്തിലുള്ള സമഗ്രമായ പരിശോധന നടത്താൻ പി.എസ്.സി.യോ സർക്കാരോ തയ്യാറല്ല.

പി.എസ്.സി.യുടെ തന്നെ ഇൻസ്പെക്ഷൻ വിഭാഗം അത്തരമൊരു പഠനം നടത്തിയതായി വർഷങ്ങൾക്കു മുൻപു കേരള കൗമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 യൂണിറ്റിനു പകരം 100 യൂണിറ്റാക്കി ചില റാങ്ക് ലിസ്റ്റുകൾ പരിശോധിച്ചപ്പോൾത്തന്നെ വലിയ വ്യത്യാസം കണ്ടെത്തിയതായി ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നുവെന്നു പത്രം പറഞ്ഞു. എന്നാൽ ആ ഇൻസ്പെക്ഷൻ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിടുകയോ അതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. 20 യൂണിറ്റിൽ നിന്ന് 100 യൂണിറ്റിലേക്കു മാറിയാൽ കുറച്ചു വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും 100 യൂണിറ്റ് റൊട്ടേഷൻ കൊണ്ടുവന്നാൽ, പ്രശ്നം പൂർണമായി പരിഹരിക്കപ്പെടില്ലെന്നു എന്റെ പുസ്തകത്തിലൂടെ സ്പഷ്ടമാക്കിയിട്ടുണ്ട്. അതുപോലും ചെയ്യാൻ തയ്യാറല്ലാത്ത സവർണ ലോബി പി.എസ്.സിയ്ക്കകത്തു പ്രവർത്തിക്കുന്നുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു.

പി.എസ്.സി. ആരുടെ ആശ്രയം?

പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ പോകുന്നത് പിന്നാക്ക ജനവിഭാഗങ്ങളും ദലിത്-ആദിവാസികളും മുസ്ലീങ്ങളും മറ്റു ന്യൂനപക്ഷങ്ങളുമാണ്. കാരണം, സർക്കാർ സർവീസിലേക്കു പ്രവേശിക്കുന്നതിനുള്ള, താരതമ്യേന സുതാര്യമായ സംവിധാനമാണു പി.എസ്.സി. പുറമ്പോക്കിൽ കിടക്കുന്നവരിൽ നിന്നും ദരിദ്രരിൽ നിന്നുമാണ് കേരളം ഏറ്റവും കൂടുതൽ വിഭവങ്ങൾ സമാഹരിക്കുന്നതെന്ന് മദ്യ-ലോട്ടറി ഉപഭോഗത്തെ ആസ്പദമാക്കി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പുറമ്പോക്ക് നിവാസികളും ദരിദ്രരും കൂടുതലും ആദിവാസി-ദലിത്-പിന്നാക്ക ജനതയാണെന്ന കാര്യത്തിൽ സംശയമില്ല. അവർക്കു പക്ഷേ വിഭവങ്ങളുടെ പുനർവിതരണക്കാര്യത്തിൽ ഈ വിഭാഗങ്ങൾ അവഗണിക്കപ്പെടുന്നത് ഭരണാധികാരത്തിൽ ഇവർ മതിയായ തോതിൽ ഇല്ലാത്തതാണ്. അതുകൊണ്ടു തന്നെ, പി.എസ്.സിയുടെ വിശ്വാസ്യത നശിപ്പിക്കാനുള്ള ഏതു നീക്കവും, പി.എസ്.സി. വഴിയുള്ള നിയമനങ്ങളിലൂടെ അധികാരത്തിന്റെ ഇടനാഴികളിലേക്കു പ്രവേശിക്കാനുള്ള ഈ ജനതയുടെ അവസരം തട്ടിത്തെറിപ്പിക്കുന്ന ഹീനമായ പ്രവൃത്തിയാണ്. ഈ ജനസമൂഹം സാമ്പത്തികമായും സാമൂഹികമായും ഉയരുന്നതിന് ആശ്രയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴി സർക്കാർ ഉദ്യോഗമാണ്. പാർശ്വവത്കൃത വിഭാഗങ്ങളുടെ ഈയൊരു സാധ്യതയും പ്രതീക്ഷയുമാണ് പി.എസ്.സിയുടെ വിശ്വാസ്യത തകരുന്നതിലൂടെ ഇല്ലാതാക്കുന്നത്.

ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന വലിയ മേഖലയാണ് കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖല. അവിടെ സംവരണതത്ത്വം പാലിക്കുന്നില്ല. ചില പിന്നാക്ക സമുദായങ്ങൾക്ക് സ്കൂളുകളും കോളേജുകളും ഉള്ളതിനാൽ മാനേജ്മെന്റ് കോട്ടയിലും കമ്മ്യൂണിറ്റി കോട്ടയിലും കുറച്ചെങ്കിലും പ്രാതിനിധ്യം ലഭിക്കുന്നുണ്ട്. എന്നാൽ ദലിത്-ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂരിപക്ഷം പിന്നാക്ക സമുദായങ്ങൾക്കും അധ്യാപക–അനധ്യാപക നിയമനങ്ങളിൽ പ്രവേശിക്കാൻ കഴിയുന്നില്ല. ഈ തിക്തയാഥാർഥ്യം ഒരുവശത്തുള്ളപ്പോൾ, സംവരണതത്ത്വം പാലിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നത് ഈ വിഭാഗങ്ങളെ ഏറ്റവും ഗുരുതരമായി ബാധിക്കും.

എല്ലാ മേഖലകളിലും—എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും ലെജിസ്ലേച്ചറിലും—എല്ലാ സമുദായങ്ങൾക്കും മതിയായതും അർഹമായതുമായ പ്രാതിനിധ്യം (due and adequate representation) ലഭിക്കുമ്പോഴാണ് ഇന്ത്യയിലെ ഉദ്യോഗസ്ഥ സംവിധാനങ്ങൾ നീതിപൂർവകമായും സുതാര്യമായും പ്രവർത്തിക്കുക. അത്തരം നീതിപൂർവകമായ സ്ഥാപനങ്ങളിലൂടെ മാത്രമാണ് എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉയർച്ച സാധ്യമാകൂ. അപ്പോഴാണ് ഒരു ജനാധിപത്യ സമൂഹം സൗഹാർദത്തോടും സന്തോഷത്തോടും കൂടി മുന്നോട്ടു പോകുക. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സാമൂഹിക സംഘർഷങ്ങൾ കുറയ്ക്കാനും വിഭവങ്ങളുടെ ന്യായമായ പുനർവിതരണം ഉറപ്പാക്കാനും ഇതിലൂടെ കഴിയും.

ഇന്ത്യ പോലെയുള്ള രാജ്യത്ത് വിഭവങ്ങളുടെ ന്യായമായ പുനർവിതരണം സാധ്യമാകണമെങ്കിൽ, അതിനനുസൃതമായ ഭരണ സംവിധാനവും അനിവാര്യമാണ്. ആ ഭരണ സംവിധാനം സൃഷ്ടിക്കുന്നതിൽ പി.എസ്.സി. പോലെയുള്ള സ്ഥാപനങ്ങൾക്കു നിർണായക സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ, പി.എസ്.സി.യുടെ വിശ്വാസ്യത തകരുന്നത് ഒരു റിക്രൂട്ടിങ് ഏജൻസിയുടെ മാത്രം പ്രശ്നമല്ല; ജനാധിപത്യത്തിന്റെ തന്നെ തകർച്ചയുടെ ലക്ഷണമാണ്.

രാഷ്ട്രീയ നിയമനങ്ങളും സ്വജനപക്ഷപാതവും

കരാർ നിയമനങ്ങളിൽ സംവരണതത്ത്വം പാലിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, സ്വജനപക്ഷപാതിത്വവുമുണ്ടെന്ന് എല്ലാവർക്കും അറിയാം. ഓരോ രാഷ്ട്രീയ പാർട്ടിയും അധികാരത്തിലെത്തുമ്പോൾ അവരുടെ രാഷ്ട്രീയ വിഭാഗത്തിൽപ്പെട്ടവർക്കും പാർട്ടി അനുഭാവികൾക്കും നിയമനം നൽകുന്ന രീതിയാണു പലപ്പോഴും കാണുന്നത്. എന്നാൽ ഈ രാഷ്ട്രീയ നിയമനങ്ങളിൽപ്പോലും പിന്നാക്ക വിഭാഗങ്ങൾക്കും ദലിതർക്കും മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. സവർണ വിഭാഗത്തിൽപ്പെട്ടവർക്കാണ് ഇത്തരം രാഷ്ട്രീയ നിയമനങ്ങളിലും കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്നത്.

കേരളത്തിലെ 5.27 ലക്ഷം സർക്കാർ ഉദ്യോഗങ്ങളിൽ 22–23 ശതമാനം കരാർ നിയമനങ്ങളാണെന്നു കേൾക്കുന്നു. ഏകദേശം 1.20 ലക്ഷത്തോളം നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരം നിയമനങ്ങളിൽ കൃത്യമായ സംവരണതത്ത്വമോ സുതാര്യമായ റിക്രൂട്ട്മെന്റ് സംവിധാനമോ പാലിക്കപ്പെടുന്നില്ല.

ക്ലാസ് ഫോർ ജീവനക്കാരെയോ സാധാരണ ക്ലറിക്കൽ ജീവനക്കാരെയോ മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥർ മുതൽ അധ്യാപകർ വരെയുള്ളവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ടത്രേ. ഇത് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് സമൂഹത്തിലെ ഏറ്റവും മാർജിനലൈസ്ഡ് വിഭാഗങ്ങളെയാണ്. അധികാര ഘടനയ്ക്കകത്ത് അവർക്കു മതിയായ സാന്നിധ്യമില്ലാത്തതിനാൽ ഇത്തരം നിയമനങ്ങളുടെ ഗുണഭോക്താക്കളാകാൻ അവർക്കു സാധിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളിലും വേണ്ടത്ര റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.

മറ്റൊരു ഗുരുതരമായ പ്രശ്നവും നിലനിൽക്കുന്നുണ്ട്. ഒരു സ്ഥാപനത്തിൽ പത്ത് ഒഴിവുകൾ ഒരുമിച്ചുണ്ടാകുമ്പോൾ, അവ റിപ്പോർട്ട് ചെയ്താൽ, ഒ.ബി.സി., ദലിത്, ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സംവരണ വിഭാഗങ്ങൾക്കു സീറ്റുകൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ പത്ത് ഒഴിവുകൾ ഒരുമിച്ചു റിപ്പോർട്ട് ചെയ്യുന്നതിനുപകരം, ഒന്നോ രണ്ടോ ഒഴിവുകൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന രീതി നിലവിലുണ്ടത്രേ. അങ്ങനെ വരുമ്പോൾ, സംവരണ വിഭാഗങ്ങൾക്കു പ്രയോജനം ലഭിക്കാതെ വരും. ഇങ്ങനെ, വേക്കൻസി റിപ്പോർട്ട് ചെയ്യുന്നതിൽത്തന്നെ അട്ടിമറി നടക്കുമ്പോൾ, സംവരണതത്ത്വം പ്രായോഗികമായി ദുർബലമാകുന്നു. സുപ്രീം കോടതിയുടെ ചില വിധികളിൽ, സിംഗിൾ പോസ്റ്റായാലും റൊട്ടേഷൻ കൊണ്ടുവരേണ്ടതിനെക്കുറിച്ചു നിർദേശങ്ങളുണ്ടെന്നു മനസ്സിലായിട്ടുണ്ട്. എന്നാൽ അതൊന്നും നടപ്പാക്കപ്പെടുന്നില്ല.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളിൽ സംവരണതത്ത്വം പാലിക്കണമെന്ന നിബന്ധനയുണ്ട്. എന്നാൽ അവിടെയും പാർട്ടി ശിപാർശകൾ പലപ്പോഴും നിർബന്ധമാണ്. എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്കു വിടുന്നുമില്ല. അതിലെല്ലാം ശക്തമായ രാഷ്ട്രീയ ഇടപെടലുകളുമുണ്ട്.

ആരോഗ്യവകുപ്പിലെ പാർട്ട് ടൈം കണ്ടിജൻസി ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ആണെങ്കിലും, ഭരിക്കുന്ന പാർട്ടിയുടെ ഇടപെടൽ അതിലെല്ലാം ഉണ്ടാകാറുണ്ടെന്ന് എനിക്കു നേരിട്ടറിയാവുന്നതാണ്. ഈ പാർട്ട് ടൈം കണ്ടിജൻസി നിയമനങ്ങൾ സ്ഥിരനിയമനമാണുതാനും.

സ്വതന്ത്ര റിക്രൂട്ടിങ് അഥോറിറ്റിയുടെ അനിവാര്യത

ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രധാന മാർഗം, സുതാര്യമായ നിയമന സംവിധാനമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്കും കരാർ നിയമനങ്ങൾക്കും സുതാര്യമായ റിക്രൂട്ട്മെന്റ് സംവിധാനം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. പി.എസ്.സിയ്ക്ക് പുറത്തുള്ള സർക്കാർ നിയമനങ്ങളായ ഇവയെ എല്ലാം നിരീക്ഷിക്കുന്ന, സുതാര്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന, നിയമന വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്ന സ്വതന്ത്ര സംവിധാനമാണു വേണ്ടത്.

ആർക്കൊക്കെ എവിടെയൊക്കെ നിയമനം ലഭിച്ചു, അവരുടെ യോഗ്യത എന്താണ്, ഏതു നിയമനരീതിയിലൂടെയാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത് തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്കു പരിശോധിക്കാനാകണം. നിയമനം രാഷ്ട്രീയ ശിപാർശയുടെ അടിസ്ഥാനത്തിലാണെങ്കിലും അതിന്റെ സ്വഭാവം പൊതുസമൂഹത്തിനു മനസ്സിലാകുന്ന തരത്തിലുള്ള സുതാര്യത ഉണ്ടാകണം. ഇന്നത്തെ ഡിജിറ്റൽ കാലത്ത് ബുദ്ധിമുട്ടുള്ള കാര്യമല്ലിത്. നിയമനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ നിയമനവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമാക്കാൻ കഴിയും. അങ്ങനെ വസ്തുതകൾ പുറത്തുവന്നാൽ, കരാർ നിയമനങ്ങളിൽ സംവരണം പാലിക്കപ്പെടുന്നുണ്ടോ എന്നും രാഷ്ട്രീയ നിയമനങ്ങളിൽ പിന്നാക്ക–ദലിത് വിഭാഗങ്ങൾക്കു പ്രാതിനിധ്യം ലഭിക്കുന്നുണ്ടോയെന്നും കൃത്യമായി മനസ്സിലാക്കാൻ കഴിയും.

ഈ റിക്രൂട്ടിങ് അഥോറിറ്റിക്ക് വ്യക്തമായ, നിയമപരമായ അധികാരങ്ങൾ ഉണ്ടായിരിക്കണം. അതിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ മോണിറ്ററിങ് സംവിധാനവും ആവശ്യമാണ്. സാധ്യമെങ്കിൽ ജുഡീഷ്യൽ മോണിറ്ററിങ് ഉൾപ്പെടുന്ന രീതിയിലുള്ള സംവിധാനം തന്നെ രൂപവത്കരിക്കണം. കാരണം, നിയമനം എന്നത് ഒരു വ്യക്തിക്കു ജോലി നൽകുന്നതു മാത്രമല്ല; അത് ഒരു സമൂഹത്തിന് അധികാര ഘടനയിലേക്കു പ്രവേശിക്കാനുള്ള വഴികൂടിയാണ്. ആ വഴി സുതാര്യവും നീതിപൂർവകവുമല്ലെങ്കിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുന്നത് ഇതിനകം തന്നെ അധികാര ഘടനയുടെ പുറത്തു നിൽക്കുന്ന ജനവിഭാഗങ്ങൾക്കായിരിക്കും.

അതുകൊണ്ട് പി.എസ്.സി.യുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനൊപ്പം, പി.എസ്.സിയ്ക്കു പുറത്തുള്ള എല്ലാ സർക്കാർ നിയമനങ്ങളിലും സംവരണവും മെറിറ്റും സുതാര്യതയും ഉറപ്പാക്കേണ്ടത് അടിയന്തരമായ സാമൂഹിക–ജനാധിപത്യ ആവശ്യമാണ്. പി.എസ്.സിയെ സംരക്ഷിക്കേണ്ടത് അതിനെതിരായ വിമർശനങ്ങളെ അടിച്ചമർത്തിയല്ല; മറിച്ച് അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങളെ സുതാര്യമായി പരിശോധിച്ചും പരിഹരിച്ചുമാണ്.

ഇന്ന് ഇന്ത്യയിൽ, ജന്തർ മന്ദറിൽ നടന്നതുപോലെയുള്ള വലിയ പ്രക്ഷോഭങ്ങൾ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ അഴിമതിക്കെതിരെ നടക്കുന്നുണ്ട്. കേരളത്തിലെ പുതിയ തലമുറയും (Gen Z) കക്ഷിരാഷ്ട്രീയ ബന്ധനങ്ങൾക്കതീതമായി, പി.എസ്.സിയിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും അട്ടിമറികൾക്കുമെതിരെ മുന്നോട്ടുവരേണ്ടതുണ്ട്. സ്വന്തം ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ, ജാതിമത ഭേദമെന്യേ പിന്തുണ ലഭിക്കുന്ന ഇത്തരം പോരാട്ടങ്ങൾക്കു നേതൃത്വം നൽകാൻ പുതിയ തലമുറയ്ക്കു സാധിക്കുമെന്നാണു പ്രത്യാശിക്കുന്നത്.

Share this link