Author Image ഡോ. മധുസൂദൻ നാഗ് | ശകുന്തള ഗഡായി
15 Jul 2026

നഗരങ്ങളെ കെട്ടിപ്പടുക്കുന്ന കുടിയേറ്റ മനുഷ്യർ എവിടെ എണ്ണപ്പെടും?

നഗരം വളരുന്നത് അവിടെ കുട്ടികൾ ജനിക്കുന്നത് കൊണ്ട് മാത്രമല്ല, തൊഴിലാളികൾ അവിടം കെട്ടിപ്പടുക്കുന്നത് കൊണ്ട് കൂടിയാണ്. നഗരവൽക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തിയാണ് കുടിയേറ്റ തൊഴിലാളികൾ. അതുകൊണ്ടാണ് 2027-ലെ സെൻസസ് വളരെയധികം പ്രാധാന്യമുള്ള ഒന്നായി മാറുന്നത്. നഗര സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ കുടിയേറ്റ മനുഷ്യർ സ്ഥിതിവിവരക്കണക്കുകളിൽ ഇപ്പോഴും ഗ്രാമീണരായി തുടരുന്നതിലെ വൈരുധ്യവും, അത് ഭാവി ഇന്ത്യയുടെ അടിസ്ഥാനസൗകര്യ ആസൂത്രണത്തെ എങ്ങനെ ബാധിക്കുമെന്നും മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. മധുസൂദൻ നാഗ്, സി.ഡി.എസ്. ഗവേഷക ശകുന്തള ഗഡായി എന്നിവർ പരിശോധിക്കുന്നു.

ലോക ജനസംഖ്യാ ദിനം സാധാരണയായി ജനസംഖ്യയുടെ വലിപ്പത്തിലേക്ക് പൊതുജനശ്രദ്ധ തിരിച്ചുവിടാറുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 140 കോടിയാണോ, 145 കോടിയാണോ അതോ 150 കോടിയാണോ? ജനനനിരക്ക് കുറഞ്ഞിട്ടുണ്ടോ? ഏത് സംസ്ഥാനങ്ങളാണ് കൂടുതൽ വേഗത്തിൽ വളരുന്നത്? ഏത് പ്രദേശങ്ങൾക്കാണ് രാഷ്ട്രീയ സ്വാധീനം കൂടുകയോ കുറയുകയോ ചെയ്തിട്ടുള്ളത്? ഈ ചോദ്യങ്ങൾ ഒക്കെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ച്, മറ്റൊരു ചോദ്യം കൂടി ഇതേപോലെ പ്രധാനമാണ്: ജനങ്ങളെ എവിടെയാണ് എണ്ണപ്പെടുന്നത്?

ജനസംഖ്യ എന്നത് വെറും ജനന-മരണങ്ങളുടെ മാത്രം കാര്യമല്ല. ജനസംഖ്യാശാസ്ത്രത്തിൽ (Demography), നാല് ഘടകങ്ങളിലൂടെയാണ് ഏതൊരു പ്രദേശത്തെയും ജനസംഖ്യയിൽ മാറ്റമുണ്ടാകുന്നത്: ജനനം, മരണം, ആ പ്രദേശത്തേക്കുള്ള കുടിയേറ്റം (In-migration), അവിടുന്ന് പുറത്തേക്കുള്ള കുടിയേറ്റം (Out-migration). ഒരു നഗരം വളരുന്നത് അവിടെ കുട്ടികൾ ജനിക്കുന്നത് കൊണ്ട് മാത്രമല്ല, തൊഴിലാളികൾ അവിടേക്ക് മാറിത്താമസിക്കുന്നത് കൊണ്ട് കൂടിയാണ്. ഒരു ഗ്രാമം ചുരുങ്ങുന്നത് അവിടെ ആളുകൾ മരിക്കുന്നത് കൊണ്ട് മാത്രമല്ല, ആളുകൾ അവിടെ നിന്ന് വിട്ടുപോകുന്നത് കൊണ്ട് കൂടിയാണ്. അതുകൊണ്ട് തന്നെ, ജനസംഖ്യാ കണക്കുകളിലെ ഒരു ഉപകഥ മാത്രമല്ല കുടിയേറ്റം എന്നത്. അത് നഗരവൽക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തികളിൽ ഒന്നാണ്. അതുകൊണ്ടാണ് 2027-ലെ സെൻസസ് വളരെയധികം പ്രാധാന്യമുള്ള ഒന്നായി മാറുന്നത്.

ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011-ലാണ്. അന്ന് രാജ്യത്തെ നഗര ജനസംഖ്യ 37.71 കോടിയായിരുന്നു, അതായത് ആകെ ജനസംഖ്യയുടെ 31.2 ശതമാനം. ഗ്രാമീണ ഇന്ത്യ അപ്പോഴും 68.8 ശതമാനമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 16 വർഷത്തിനിടയിൽ ദ്രുതഗതിയിലുള്ള കുടിയേറ്റം, നഗരപ്രാന്തങ്ങളുടെ (peri-urban) വികാസം, നിർമ്മാണ മേഖലയിലെ വളർച്ച, കാലാവസ്ഥാ വ്യതിയാന പ്രതിസന്ധികൾ, പുതിയ വ്യവസായ ഇടനാഴികൾ, പുതിയ ചേരികൾ (informal settlements) എന്നിവയ്ക്ക് സാക്ഷ്യം വഹിച്ച ഒരു രാജ്യത്തെ സംബന്ധിച്ച് 2011 എന്നത് ഇപ്പോൾ വളരെ പഴയൊരു അടിസ്ഥാനരേഖയാണ്. ലോകബാങ്കിന്റെ കണക്കുകൂട്ടലുകൾ പ്രകാരം 2036 ആകുമ്പോഴേക്കും ഇന്ത്യയിലെ ടൗണുകളിലും നഗരങ്ങളിലുമായി 60 കോടി ജനങ്ങൾ ജീവിക്കും, അതായത് മൊത്തം ജനസംഖ്യയുടെ 40 ശതമാനം. നഗരപ്രദേശങ്ങൾ ഇപ്പോൾത്തന്നെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (GDP) ഏകദേശം 70 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ടെന്നും ലോകബാങ്ക് കണക്കാക്കുന്നു. കൂടാതെ, 2036-ഓടെ ഇന്ത്യയ്ക്ക് നഗര അടിസ്ഥാന സൗകര്യ വികസനത്തിനായി 84,000 കോടി ഡോളറിന്റെ (840 ബില്യൺ ഡോളർ) നിക്ഷേപം ആവശ്യമായി വരുമെന്നും അത് കണക്കാക്കുന്നുണ്ട്.

ഇന്ത്യയുടെ നഗര സ്വപ്നങ്ങളെല്ലാം — സ്മാർട്ട് സിറ്റികൾ, വികസിത് ഭാരത് 2047, metro ശൃംഖലകൾ, ഭവന നിർമ്മാണം, കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, മുൻസിപ്പൽ ധനകാര്യ പരിഷ്കരണങ്ങൾ എന്നിവയെല്ലാം — ഒരൊറ്റ അടിസ്ഥാന സ്ഥിതിവിവരക്കണക്കിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്: അത് നഗര ഇന്ത്യയിലെ സെൻസസ് കണക്കെടുപ്പാണ്.

സംസ്ഥാന സർക്കാരിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 34.85 ലക്ഷം കുടിയേറ്റ തൊഴിലാളികൾ കേരളത്തിലുണ്ട്. 2018-ലെ പ്രളയക്കെടുതിക്ക് ശേഷമാണ് ഈ കണക്കുകൾ തിട്ടപ്പെടുത്തിയത്. എണ്ണത്തിൽ ഇത്രയധികം കൂടുതലാണെങ്കിലും, തൊഴിലാളികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

നഗര ഇന്ത്യയെ എങ്ങനെയാണ് കണക്കാക്കുന്നത്?

നഗരവൽക്കരണം സാധാരണയായി ഒരു ലളിതമായ അനുപാതമായിട്ടാണ് രേഖപ്പെടുത്താറുള്ളത്:
നഗരവൽക്കരണ നിരക്ക് = നഗര ജനസംഖ്യ / ആകെ ജനസംഖ്യ × 100

എന്നാൽ ഈ ലാളിതവൽക്കരണം വഞ്ചനാപരമായ ഒരു നടപടിയാണ്. നഗര ജനസംഖ്യ എന്ന സംഖ്യ സ്വാഭാവിക വസ്തുതയല്ല. അത് സെൻസസ് വർഗ്ഗീകരണത്തിലൂടെ (census classification) രൂപപ്പെടുത്തിയെടുക്കുന്ന ഒന്നാണ്.

ഇന്ത്യയിൽ, മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, കന്റോൺമെന്റ് ബോർഡുകൾ, നോട്ടിഫൈഡ് ടൗൺ ഏരിയകൾ തുടങ്ങിയ നിയമപരമായ നഗര പ്രദേശങ്ങളെയാണ് (statutory towns) 'നഗരം' എന്നതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം 'സെൻസസ് ടൗണുകളും' (census towns) ഇതിൽ ഉൾപ്പെടുന്നു; അതായത്, നിയമപരമായി നഗരങ്ങളല്ലെങ്കിലും താഴെ പറയുന്ന മൂന്ന് മാനദണ്ഡങ്ങൾ പാലിക്കുന്ന ജനവാസ മേഖലകളാണിവ:

കുറഞ്ഞത് 5,000 ജനസംഖ്യ ഉണ്ടായിരിക്കണം, ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ കുറഞ്ഞത് 400 പേർ ആയിരിക്കണം, പ്രധാന പുരുഷ തൊഴിലാളികളിൽ കുറഞ്ഞത് 75 ശതമാനമെങ്കിലും കാർഷികേതര ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരായിരിക്കണം.

ഇതിനർത്ഥം, പ്രധാനപ്പെട്ട മൂന്ന് ചോദ്യങ്ങളിലൂടെയാണ് നഗര ഇന്ത്യയെ കണക്കാക്കുന്നത് എന്നാണ്: ഒരു ജനവാസ മേഖലയിൽ എത്ര ആളുകളെ കണക്കാക്കുന്നു, ആ പ്രദേശം എത്രത്തോളം ജനസാന്ദ്രതയുള്ളതാണ്, കൂടാതെ അവിടുത്തെ പ്രധാന പുരുഷ തൊഴിലാളികൾ ഏത് തരത്തിലുള്ള ജോലിയാണ് ചെയ്യുന്നത് എന്നിവയാണത്.

നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഈ മൂന്ന് ഘടകങ്ങളെയും സ്വാധീനിക്കുന്നുണ്ട്.

കുടിയേറ്റ തൊഴിലാളികളെ അവർ ചെന്നെത്തുന്ന നഗര സ്ഥലത്താണ് കണക്കാക്കുന്നതെങ്കിൽ, അത് ആ നഗരത്തിലെ ജനസംഖ്യയും ജനസാന്ദ്രതയും തൊഴിൽ മേഖലയുടെ സ്വഭാവവും വർദ്ധിപ്പിക്കും. എന്നാൽ അവരെ അവരുടെ ജന്മനാട്ടിലാണ് (origin) കണക്കാക്കുന്നതെങ്കിൽ, ആ നഗരം അതിന്റെ ദൈനംദിന ജീവിതത്തിലുള്ളതിനേക്കാൾ ചെറുതായിട്ടായിരിക്കും ഔദ്യോഗിക വിവരങ്ങളിൽ കണക്കാക്കപ്പെടുക. ഇനി തൊഴിലാളികൾ അവിടെ ഇല്ലാതിരിക്കുകയോ, അവർക്ക് പകരം മറ്റാരെങ്കിലും വിവരങ്ങൾ നൽകുകയോ (proxy-counted), തെറ്റായി രേഖപ്പെടുത്തുകയോ അല്ലെങ്കിൽ കണക്കെടുപ്പിൽ വിട്ടുപോവുകയോ ചെയ്താൽ, നഗരവൽക്കരണ നിരക്ക്, സെൻസസ് ടൗൺ വർഗ്ഗീകരണം, നഗരതലത്തിലുള്ള സേവനങ്ങളുടെ ആവശ്യകത എന്നിവയെല്ലാം വികലമാക്കപ്പെടാം. ഇത് വെറുമൊരു സ്ഥിതിവിവരക്കണക്കിന്റെ (statistical) പ്രശ്നം മാത്രമല്ല. നഗര സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വിഷയം കൂടിയാണ്.

തൊഴിലാളി നഗരപ്രദേശത്തുള്ളയാളായിരിക്കാം; പക്ഷേ സ്ഥിതിവിവരക്കണക്ക് ഗ്രാമീണമായി തന്നെ തുടരാം

ഇന്ത്യയിലെ നഗരങ്ങൾ ചലിക്കുന്നത് കുടിയേറ്റ തൊഴിലാളികളുടെ കരുത്തിലാണ്. ഒഡീഷ, ബിഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ബെംഗളൂരു, സൂറത്ത്, ഹൈദരാബാദ്, ഡൽഹി എൻ.സി.ആർ. (Delhi NCR), മുംബൈ, പുണെ, ചെന്നൈ, കൊച്ചി തുടങ്ങിയ നിരവധി നഗര സമ്പദ്‌വ്യവസ്ഥകളെ കെട്ടിപ്പടുക്കുന്നതും അവിടുത്തെ സേവനങ്ങൾ ലഭ്യമാക്കുന്നതും.

നിർമ്മാണം, ടെക്സ്റ്റൈൽസ്, ലോജിസ്റ്റിക്സ്, ശുചീകരണം, ഗാർഹിക ജോലികൾ, സെക്യൂരിറ്റി, തെരുവ് കച്ചവടം, ഹോട്ടലുകൾ, ഫാക്ടറികൾ, പ്ലാറ്റ്‌ഫോം സേവനങ്ങൾ എന്നിവയിലെല്ലാം കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്നു. അവരുടെ അദ്ധ്വാനം പൂർണ്ണമായും നഗര കേന്ദ്രീകൃതമാണ്. എന്നാൽ അവരുടെ രേഖകൾ, ജാതി സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡുകൾ, വോട്ടർ ഐഡന്റിറ്റി, കുടുംബപരമായ ബാധ്യതകൾ, സാമൂഹിക അംഗീകാരം എന്നിവ പലപ്പോഴും ഗ്രാമങ്ങളുമായി തന്നെ ബന്ധപ്പെട്ടു കിടക്കുന്നു.

ഇത് 'സ്ഥിതിവിവരക്കണക്കുകളിലെ ഗ്രാമീണത' (statistical rurality) എന്ന് വിളിക്കാവുന്ന ഒരു അവസ്ഥ സൃഷ്ടിക്കുന്നു: അതായത് നഗര സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിരിക്കുകയും എന്നാൽ ഔദ്യോഗിക കണക്കുകളിൽ ഗ്രാമീണരായി രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന മനുഷ്യരാണ് നഗര കുടിയേറ്റക്കാരായ തൊഴിലാളികൾ.

ഗ്രാമീണ ഒഡീഷയിൽ നിന്ന് വന്ന് ബെംഗളൂരുവിൽ ജീവിക്കുന്ന ഒരു തൊഴിലാളിയുടെ കാര്യം തന്നെയെടുക്കുക. അദ്ദേഹത്തെ ബെംഗളൂരുവിലാണ് കണക്കാക്കുന്നതെങ്കിൽ, അദ്ദേഹം കർണാടകയിലെ നഗര ജനസംഖ്യയുടെ ഭാഗമാകും. എന്നാൽ അദ്ദേഹത്തെ സ്വന്തം ഗ്രാമത്തിലാണ് കണക്കാക്കുന്നതെങ്കിൽ, അദ്ദേഹം ഒഡീഷയിലെ ഗ്രാമീണ ജനസംഖ്യയിൽ തന്നെ തുടരും. ഇതിലൂടെ ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ല. പക്ഷേ, ജനസംഖ്യയുടെ ഭൂമിശാസ്ത്രപരമായ ഘടന മാറുന്നു. യഥാർത്ഥ സാമ്പത്തിക പ്രവർത്തനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ, കർണാടകയിലെ നഗര ജനസംഖ്യ കുറച്ചുകാണിക്കപ്പെടുകയും ഒഡീഷയിലെ ഗ്രാമീണ ജനസംഖ്യ കൂട്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു.

ഈ സാഹചര്യം നഗര ധനകാര്യ വിനിയോഗം, കുടിവെള്ള വിതരണ സംവിധാനം, ശുചിത്വ സേവനങ്ങൾ, ഭവനനയം, ഉഷ്ണതരംഗ (Heat Action) പ്രതിരോധ ആസൂത്രണം, പൊതുഗതാഗതം, വാർഡ് അടിസ്ഥാനത്തിലുള്ള ജനസംഖ്യാ നിർണയം, തൊഴിൽവിപണി കണക്കുകൾ എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നു. ഒരു കുടിയേറ്റ തൊഴിലാളിയുടെ താമസത്തിന്റെയും സേവനങ്ങളുടെയും മുഴുവൻ ചെലവും നഗരം വഹിച്ചാലും, ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ അയാൾ ഇപ്പോഴും സ്വന്തം ഗ്രാമത്തിലെ ജനസംഖ്യയുടെ ഭാഗമായിട്ടായിരിക്കും രേഖപ്പെടുത്തപ്പെടുക.

എന്തുകൊണ്ടാണ് 2027-ലെ സെൻസസ് സാധാരണ സെൻസസ് രീതിയിലുള്ള ഒന്നല്ലാതാകുന്നത്?

2027-ലെ സെൻസസ് അഞ്ച് കാരണങ്ങൾ കൊണ്ട് വളരെ പ്രധാനപ്പെട്ടതാണ്.
ഒന്നാമതായി, ഇത് വരുന്നത് വളരെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ്. കോവിഡ്-19 മഹാമാരിയെത്തുടർന്ന് 2021-ലെ സെൻസസ് മാറ്റിവെച്ചിരുന്നു. അതുകൊണ്ടുതന്നെ, 2011-ന് ശേഷം നടക്കുന്ന ആദ്യത്തെ സമ്പൂർണ്ണ സെൻസസായിരിക്കും 2027-ലേത്. 2027-ലെ ജനസംഖ്യാ സെൻസസിന്റെ ഔദ്യോഗിക റഫറൻസ് തീയതി 2027 മാർച്ച് 1 ആണ്.

രണ്ടാമതായി, ഇത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും. മൊബൈൽ അധിഷ്ഠിത വിവരശേഖരണം, ജിയോ-റെഫറൻസ്ഡ് (ഭൂമിശാസ്ത്രപരമായി അടയാളപ്പെടുത്തിയ) അധികാരപരിധികൾ, തത്സമയ നിരീക്ഷണം (near-real-time monitoring), കൂടാതെ ആളുകൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സ്വയം-എന്യൂമറേഷൻ (self-enumeration) സൗകര്യം എന്നിവ ഇതിലുണ്ടാകും.

മൂന്നാമതായി, ജനസംഖ്യാ കണക്കെടുപ്പ് ഘട്ടത്തിൽ ജാതി തിരിച്ചുള്ള വിവരശേഖരണവും ഇതിൽ ഉൾപ്പെടും. മുൻകാല സെൻസസുകളിൽ പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗങ്ങളെ മാത്രമാണ് വ്യവസ്ഥാപിതമായി എണ്ണിക്കണക്കാപ്പെട്ടിരുന്നത്; എന്നാൽ 2027-ലെ സെൻസസ് കൂടുതൽ വിപുലമായ രീതിയിലുള്ള ജാതി കണക്കെടുപ്പിന് മുതിരും.

നാലാമതായി, ഇത് നഗര പ്രൊജക്ഷനുകൾ (urban projections), അടിസ്ഥാന സൗകര്യ ആസൂത്രണം, ക്ഷേമപദ്ധതികളുടെ ലക്ഷ്യനിർണ്ണയം (welfare targeting), പരിസ്ഥിതി ആസൂത്രണം, കൂടാതെ ഭാവിയിലെ സംസ്ഥാന-നഗര ജനസംഖ്യാ കണക്കുകൂട്ടലുകൾ എന്നിവയ്ക്കുള്ള പുതിയ അടിസ്ഥാനരേഖ (baseline) രൂപീകരിക്കും.

അഞ്ചാമതായി, രേഖകളെക്കുറിച്ചുള്ള (documents) വലിയ തോതിലുള്ള ആശങ്കകൾ നിലനിൽക്കുന്ന ഒരു സമയത്താണ് ഇത് നടക്കുന്നത്. ക്ഷേമപദ്ധതികളുടെ ഡാറ്റാബേസുകൾ, സ്വദേശിത്വം (nativity), പൗരത്വം, ജാതി സർട്ടിഫിക്കറ്റുകൾ, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (Special Intensive Revision) എന്നിവയെച്ചൊല്ലിയുള്ള പൊതുചർച്ചകൾ, ഔദ്യോഗിക ലിസ്റ്റുകളിലും രേഖകളിലും പേരുകൾ ഉൾപ്പെടുന്നതിനെക്കുറിച്ച് ആളുകളെ കൂടുതൽ സെൻസിറ്റീവ് ആക്കിയിട്ടുണ്ട്. വോട്ടർപട്ടിക പുതുക്കുന്നതുമായും പേരുകൾ ഒഴിവാക്കുന്നതുമായും ബന്ധപ്പെട്ട് ഈയിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, നിയമപരമായും ഭരണപരമായും സെൻസസ് തികച്ചും വ്യത്യസ്തമാണെങ്കിൽ പോലും, പൗരന്മാർക്ക് എപ്പോഴും ഒരുതരം സർക്കാർ കണക്കെടുപ്പിനെ മറ്റൊരു തരത്തിലുള്ള കണക്കെടുപ്പിൽ നിന്നും വേർതിരിച്ചു കാണാൻ കഴിഞ്ഞെന്നു വരില്ല എന്നാണ്.

സെൻസസ് ആക്ട് (ജനസംഖ്യാ കണക്കെടുപ്പ് നിയമം) വ്യക്തിഗത സെൻസസ് വിവരങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുന്നുണ്ട്. സെൻസസ് നിയമത്തിലെ സെക്ഷൻ 15 പ്രകാരം വ്യക്തിഗത വിവരങ്ങൾ തികച്ചും രഹസ്യമായിട്ടാണ് സൂക്ഷിക്കുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്; ഈ വിവരങ്ങൾ വിവരാവകാശ നിയമ (RTI) പ്രകാരം പരസ്യപ്പെടുത്താനോ, കോടതിയിൽ തെളിവായി ഉപയോഗിക്കാനോ, മറ്റേതെങ്കിലും സ്ഥാപനങ്ങളുമായി പങ്കുവെക്കാനോ കഴിയില്ല. എന്നാൽ നിയമവും ജനങ്ങളുടെ ധാരണയും എപ്പോഴും ഒന്നായിരിക്കണമെന്നില്ല. പാവപ്പെട്ടവരും നിരന്തരം മാറിത്താമസിക്കുന്നവരുമായ കുടുംബങ്ങൾക്ക് തങ്ങൾ തെറ്റായ രീതിയിൽ സെൻസസിൽ കണക്കാക്കപ്പെടുമോ എന്ന ഭയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

തെറ്റായി കണക്കാക്കപ്പെടുമെന്ന ഭയം

കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച്, കണക്കെടുപ്പിൽ തങ്ങൾ വിട്ടുപോകുമോ എന്നത് മാത്രമല്ല ഇവിടുത്തെ റിസ്ക്. മറിച്ച്, വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തപ്പെടുമോ എന്നതാണ്.

ഗ്രാമത്തിൽ പൂട്ടിയിട്ടിരിക്കുന്ന ഒരു വീടുമായി ബന്ധപ്പെട്ട് പിന്നീട് അന്വേഷണങ്ങൾ (follow-up) ഉണ്ടാകുമോ? വീട്ടിൽ ഇല്ലാത്ത ഒരു കുടുംബനാഥന്റെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടുമോ? ജാതിപ്പേര് കൃത്യമായാണോ എഴുതുക? ബെംഗളൂരുവിൽ വെച്ച് കണക്കെടുപ്പിൽ ഉൾപ്പെടുന്ന ഒരു തൊഴിലാളിക്ക് ഒഡീഷയിലെ സ്വന്തം നാട്ടിലുള്ള അംഗീകാരം നഷ്ടപ്പെടുമോ? ഒരു ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന കുടുംബത്തെ അവർ ജോലി ചെയ്യുന്ന സ്ഥലത്താണോ, ജന്മനാട്ടിലാണോ, അതോ എവിടെയുമല്ലാതെയാണോ കണക്കാക്കുക? ഒരു ബഞ്ചാര അല്ലെങ്കിൽ നാടോടി കുടുംബങ്ങളെ അവരുടെ കൃത്യമായ കമ്മ്യൂണിറ്റിയുടെ പേരിൽ തന്നെയാണോ രേഖപ്പെടുത്തുക?

ഇത്തരം ആശങ്കകൾ 'കണക്കെടുപ്പ് പ്രേരിത മടക്കക്കുടിയേറ്റം' (enumeration-induced return migration) എന്ന് വിളിക്കാവുന്ന ഒരു പ്രതിഭാസത്തിന് കാരണമായേക്കാം: അതായത്, ലിസ്റ്റുകളിൽ നിന്ന് വിട്ടുപോകുമോ, ജാതി തെറ്റായി വർഗ്ഗീകരിക്കപ്പെടുമോ, അല്ലെങ്കിൽ ഭാവിയിൽ തങ്ങളുടെ അംഗീകാരം നഷ്ടപ്പെടുമോ എന്ന് ഭയന്ന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുകയോ, അല്ലെങ്കിൽ തങ്ങളുടെ വിവരങ്ങൾ ജന്മനാട് കേന്ദ്രീകരിച്ച് തന്നെ രേഖപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തുകയോ ചെയ്യുന്ന അവസ്ഥയാണിത്.

ഇത്തരത്തിലുള്ള പെരുമാറ്റത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. അതിനെ അർഹിക്കുന്നതിലധികം പെരുപ്പിച്ച് കാണിക്കേണ്ടതുമില്ല. എങ്കിൽപ്പോലും, ഇത്തരം ചെറിയൊരു പെരുമാറ്റ വ്യത്യാസം പോലും, കുടിയേറ്റക്കാർ കൂടുതലുള്ള ഇടനാഴികൾ (migrant-heavy corridors), സെൻസസ് ടൗണുകൾ, ചേരികൾ, നിർമ്മാണ ക്യാമ്പുകൾ, വ്യവസായ മേഖലകൾ എന്നിവ കേന്ദ്രീകരിച്ചാണ് സംഭവിക്കുന്നതെങ്കിൽ, അത് സ്ഥിതിവിവരക്കണക്കുകളിൽ വലിയ സ്വാധീനം ചെലുത്തും.

ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് ഈ വിഷയത്തിന്റെ പ്രാധാന്യം കൂടുതൽ വർധിപ്പിക്കുന്നു. ഹ്രസ്വകാലത്തേക്കോ, നിർദ്ദിഷ്ട കാലയളവിലേക്കോ (seasonal), കൃത്യമായ ഇടവേളകളിലോ കുടിയേറ്റം നടത്തുന്ന വലിയൊരു വിഭാഗം തൊഴിലാളികൾ പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ബി.സി., ഡിനോട്ടിഫൈഡ് ഗോത്രങ്ങൾ (Denotified Tribes), നാടോടി സമൂഹങ്ങൾ എന്നിവരിൽ നിന്നുള്ളവരാണ്. ഇവരെ സംബന്ധിച്ചിടത്തോളം ജാതി എന്നത് ഒരു സാമൂഹിക തിരിച്ചറിയൽ മാത്രമല്ല; അത് അവരുടെ അന്തസ്സിനോടും സംവരണാവകാശത്തോടും ക്ഷേമപദ്ധതികളിലേക്കുള്ള പ്രവേശനത്തോടും രാഷ്ട്രീയ പ്രാതിനിധ്യത്തോടും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ജാതിപരമായി പിന്നാക്കം നിൽക്കുന്ന കുടിയേറ്റ തൊഴിലാളികളെ പ്രധാനമായും അവരുടെ സ്വദേശങ്ങളിൽ മാത്രമാണ് കണക്കാക്കുന്നതെങ്കിൽ, നഗരങ്ങളിലെ തൊഴിൽവിപണി യഥാർത്ഥത്തിൽ എത്രത്തോളം ജാതി ഘടനകളാൽ രൂപപ്പെട്ടിരിക്കുന്നുവെന്നത് ഔദ്യോഗിക കണക്കുകളിൽ പ്രതിഫലിക്കാതെ പോകും. അങ്ങനെ നഗരങ്ങൾ യാഥാർഥ്യത്തേക്കാൾ കുറഞ്ഞ ജാതി വൈവിധ്യമുള്ളവയെന്നോ ജാതിഘടനയുടെ സ്വാധീനം കുറവുള്ളവയെന്നോ തോന്നാൻ ഇടയാകും.

ചുരുക്കത്തിൽ, നഗരം അവരുടെ അദ്ധ്വാനം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, അവരുടെ സാമൂഹിക പശ്ചാത്തലത്തെ (social location) പൂർണ്ണമായി രേഖപ്പെടുത്തുന്നുണ്ടാകില്ല.

ഒരു ചെറിയ ശതമാനം എന്നാൽ ലക്ഷക്കണക്കിന് മനുഷ്യരാകാം

ദേശീയ തലത്തിൽ നോക്കുമ്പോൾ, കുടിയേറ്റ തൊഴിലാളികളെ തെറ്റായ സ്ഥലത്ത് കണക്കാക്കുന്നതിന്റെ പ്രത്യാഘാതം ആദ്യനോട്ടത്തിൽ താരതമ്യേന ചെറുതായി തോന്നാം. ഉദാഹരണത്തിന്, ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 145 കോടി ആണെന്ന് കരുതുക. പ്രവർത്തനപരമായി നഗരങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു കോടി കുടിയേറ്റ തൊഴിലാളികളെ അവർ താമസിക്കുന്ന നഗരങ്ങൾക്ക് പകരം അവരുടെ ഗ്രാമീണ സ്വദേശങ്ങളിൽ കണക്കാക്കിയാൽ, രാജ്യത്തിന്റെ നഗരജനസംഖ്യയുടെ അളക്കപ്പെട്ട വിഹിതം ഏകദേശം 0.69 ശതമാന പോയിന്റ് കുറയും. അത്തരം തൊഴിലാളികളുടെ എണ്ണം രണ്ട് കോടി ആണെങ്കിൽ ഈ കുറവ് ഏകദേശം 1.38 ശതമാന പോയിന്റ് ആയിരിക്കും. അതുപോലെ 5 കോടി പേരെ നഗരങ്ങൾക്ക് പകരം ഗ്രാമങ്ങളിൽ കണക്കാക്കിയാൽ, നഗരജനസംഖ്യയുടെ വിഹിതം ഏകദേശം 3.45 ശതമാന പോയിന്റ് വരെ താഴ്ന്നതായി രേഖപ്പെടുത്തപ്പെടും.

ഇതൊരു പ്രവചനമല്ല. കണക്കുകളിലെ വ്യത്യാസങ്ങൾ എങ്ങനെയെല്ലാം ബാധിക്കാമെന്ന് പരിശോധിക്കുന്ന ഒരു വിശകലനം (sensitivity exercise) മാത്രമാണ്.

എന്നാൽ നഗരസാമ്പത്തിക ശാസ്ത്രത്തിന്റെ (Urban Economics) കാഴ്ചപ്പാടിൽ, 0.5 ശതമാന പോയിന്റ് എന്ന വ്യത്യാസം പോലും നിസ്സാരമല്ല. കാരണം, അത് ദശലക്ഷക്കണക്കിന് ജനങ്ങളെ പ്രതിനിധീകരിക്കുന്നു. ഒരു നഗരത്തിന്റെ തലത്തിൽ, കണക്കെടുപ്പിൽ ഉൾപ്പെടാതെ പോകുന്ന ഏതാനും ലക്ഷം കുടിയേറ്റ താമസക്കാർ പോലും വാടകവീടുകളുടെ ആവശ്യകത, പൊതുബസ് യാത്രക്കാരുടെ എണ്ണം, ശുചിത്വ സേവനങ്ങളുടെ ഭാരം, ആശുപത്രികളുടെ ശേഷി, സ്കൂൾ പ്രവേശന നിരക്ക്, അതിതീവ്ര ചൂട് (Heat Exposure) നേരിടുന്ന ജനസംഖ്യ എന്നിവയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളെ ഗണ്യമായി മാറ്റിമറിക്കാൻ കഴിയും. അങ്ങനെ സംഭവിച്ചാൽ, 2027-ലെ തെറ്റായ ജനസംഖ്യാ അടിസ്ഥാനത്തെ ആശ്രയിച്ചുകൊണ്ട് 2047-ലെ ഇന്ത്യയുടെ നഗര അടിസ്ഥാനസൗകര്യങ്ങൾ രൂപകൽപ്പന ചെയ്യേണ്ട സാഹചര്യം രാജ്യത്തിന് നേരിടേണ്ടിവരും.

ഇന്ത്യയിലെ ജനസംഖ്യ എത്രത്തോളം വലുതാണെന്നത് മാത്രമല്ല ഇവിടുത്തെ ചോദ്യം. മറിച്ച്, ഇന്ത്യയ്ക്ക് അതിന്റെ ജനസംഖ്യയെ കൃത്യമായ സ്ഥാനങ്ങളിൽ അടയാളപ്പെടുത്താൻ സാധിക്കുന്നുണ്ടോ എന്നതാണ്.

2027-ലെ സെൻസസ് ഇന്ത്യയിൽ എത്ര ആളുകൾ ജീവിക്കുന്നുണ്ടെന്ന് മാത്രമല്ല നമ്മോട് പറയുക. ഇന്ത്യ യഥാർത്ഥത്തിൽ എത്രത്തോളം നഗരവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നും, എത്ര തൊഴിലാളികളാണ് ഇവിടുത്തെ നഗരങ്ങളെ താങ്ങിനിർത്തുന്നതെന്നും, ജനവാസ മേഖലകൾ എങ്ങനെയെല്ലാമാണ് മാറിമറിയുന്നതെന്നും, കാലാവസ്ഥാ-അടിസ്ഥാന സൗകര്യ പ്രതിസന്ധികൾ എങ്ങനെയെല്ലാമാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നും അത് നമ്മോട് പറയും.

ഒരു സെൻസസ് (ജനസംഖ്യാ കണക്കെടുപ്പ്) കുടിയേറ്റ തൊഴിലാളികളെ നഗരത്തിലെ ദൃശ്യതയ്ക്കും (Urban Visibility) സ്വന്തം ഗ്രാമത്തോടുള്ള സാമൂഹിക ബന്ധത്തിനും (Rural Belonging) ഇടയിൽ ഒരു തിരഞ്ഞെടുപ്പ് നടത്താൻ നിർബന്ധിതരാക്കരുത്. ബെംഗളൂരുവിൽ കണക്കാക്കപ്പെടുന്നതിലൂടെ ഒഡീഷയിലെ തന്റെ ജാതിപരമായ തിരിച്ചറിയലും അവകാശങ്ങളും ദുർബലമാകുമോ എന്ന ആശങ്ക ഒരു തൊഴിലാളിക്കുണ്ടാകാൻ പാടില്ല. ഒരു ഗ്രാമത്തിനും തൊഴിലിടത്തിനുമിടയിൽ ജീവിതം നയിക്കുന്നതിനാൽ ഒരു കുടുംബം ഔദ്യോഗിക കണക്കുകളിൽ നിന്ന് അപ്രത്യക്ഷമാകാനും പാടില്ല. സ്ഥിരതാമസ മാതൃകയിൽ ഒതുങ്ങുന്നില്ല എന്ന കാരണത്താൽ ഒരു നാടോടി സമൂഹം സ്ഥിതിവിവരക്കണക്കുകളിൽ വിഭജിക്കപ്പെടുകയും അദൃശ്യരാകുകയും ചെയ്യരുത്.

2047-ലെ ഇന്ത്യയുടെ നഗരങ്ങൾ നിർമ്മിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. എന്നാൽ അതിന് മുമ്പ്, ആ നഗരങ്ങൾ ഇന്ന് പണിതുയർത്തിക്കൊണ്ടിരിക്കുന്ന മനുഷ്യരെ ആദ്യം കൃത്യമായി കണക്കാക്കാൻ ഇന്ത്യയ്ക്ക് കഴിയണം.

 

Editor's Note: This article was originally published in DownToEarth

https://www.downtoearth.org.in/governance/counting-indias-urban-future-why-census-2027-must-get-migration-right

Share this link