Author Image എ.ജെ. വിജയൻ
05 Jul 2026

വിഴിഞ്ഞം തുറമുഖം: അട്ടിമറിക്കപ്പെട്ട കേരളത്തിന്റെ താല്പര്യങ്ങളും മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധിയും

വിഴിഞ്ഞം പദ്ധതിയുടെ കരാറിലൂടെയും നടത്തിപ്പിലൂടെയും കേരളത്തിനുണ്ടായ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളെ  'ഓഹരി കൈമാറ്റം' എന്ന വിഷയത്തിലേക്ക് ചുരുക്കുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നടപടി നേരിടുന്ന അദാനി കമ്പനി ഓഹരി കൈവശം വെക്കണോ അതോ ആഗോള ഭീമൻ കമ്പനിയായ എം.എസ്.സി.ക്ക് ഓഹരി കൈമാറ്റം ചെയ്യണോ എന്നത് മാത്രമാണ് തർക്കവിഷയം. കേരളം ചർച്ച ചെയ്യേണ്ട കരാർ അട്ടിമറികൾ, സംസ്ഥാനത്തിനുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം, തൊഴിൽ നഷ്ടം, മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രതിസന്ധി, പുനരധിവാസം, പരിസ്ഥിതി ആഘാതം എന്നിവയെക്കുറിച്ച് സ്വതന്ത്ര ഗവേഷകനായ എ.ജെ. വിജയൻ എഴുതുന്നു. ഭാഗം-2

അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നും രണ്ടും മൂന്നും ഘട്ട വികസനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്, എൽ.ഡി.എഫ്. ഗവൺമെന്റുകൾ ഒപ്പുവെച്ച കരാറുകളിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടവും അദാനി ഗ്രൂപ്പിന് അവിഹിതമായ ലാഭവുമാണ് ഉണ്ടാക്കുന്നതെന്ന് വ്യക്തമാക്കുന്ന വസ്തുതകൾ പുറത്തുവരികയാണ്. മുൻപ് 30 വർഷമായി കേന്ദ്രം തന്നെ നിശ്ചയിച്ചിരുന്ന ഓപ്പറേഷണൽ പീരിയഡ് ഉമ്മൻ ചാണ്ടി ഗവൺമെന്റ് നിയമവിരുദ്ധമായി 40 വർഷമാക്കി നീട്ടി നൽകി.

രണ്ടും മൂന്നും ഘട്ട നടത്തിപ്പ് കരാർ ഒപ്പുവെച്ച മുൻ പിണറായി സർക്കാർ കാലാവധി 45 വർഷമായി വീണ്ടും ഉയർത്തി. ഈ 45 വർഷത്തിന് പുറമെ, 'Extendable by another 25 years' (മറ്റു 25 വർഷത്തേക്ക് കൂടി നീട്ടാം) എന്നൊരു വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തി. അദാനിയുടെ താൽപ്പര്യപ്രകാരം കേന്ദ്ര സർക്കാർ മാതൃകാ കൺസഷൻ കരാറിൽ വരുത്തിയ മാറ്റമാണ് മുൻ പിണറായി സർക്കാരിന് ഇങ്ങനെ ചെയ്യാൻ സഹായകമായത്. ഇതിലൂടെ നടത്തിപ്പ് കമ്പനിയുടെ മൂല്യമാണ് ഫലത്തിൽ ഉയർന്നത്.

രണ്ടും മൂന്നും ഘട്ട വികസനത്തിനായി കരാർ വ്യവസ്ഥകൾ പുതുക്കിയപ്പോൾ എൽ.ഡി.എഫ്. ഗവൺമെന്റ് ചെയ്ത തെറ്റ്, തുടക്കം മുതലുള്ള കരാറിലെ പ്രീമിയം സംബന്ധിച്ച തെറ്റായ വ്യവസ്ഥ മാറ്റാനോ, അങ്ങനെ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനോ കൃത്യമായ വിലപേശൽ നടത്തിയില്ല എന്നതാണ്. വിഴിഞ്ഞം പോർട്ടിന്റെ ഒന്നാം ഘട്ട നിർമ്മിതി (800 മീറ്റർ നീളമുള്ള ബർത്ത്) നിലനിൽക്കണമെങ്കിൽ, അതായത് അവിടെയുള്ള കടലിന്റെ ആഴം മണൽ അടിയാതെ നിലനിർത്തണമെങ്കിൽ, തെക്കോട്ടുള്ള തീരക്കടൽ മേഖലയിൽ ഡ്രഡ്ജിംഗ് നടത്തിയേ മതിയാകൂ എന്ന് അദാനി കമ്പനി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അവർ രണ്ടും മൂന്നും ഘട്ടങ്ങൾ തുടങ്ങാൻ തിടുക്കം കാണിച്ചത്. ഇത് മനസ്സിലാക്കി രണ്ടും മൂന്നും ഘട്ടങ്ങളെ പുതിയ ടെർമിനലുകളായി കണക്കാക്കി സർക്കാരിന് മികച്ച ഉപാധികൾ വെക്കാമായിരുന്നു.

മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ അനുസരിച്ച് ആദ്യത്തെ 800 മീറ്റർ ഉള്ള ടെർമിനലിന് 15 വർഷത്തേക്ക് സർക്കാരിന് പണം നൽകേണ്ടതില്ല. എന്നാൽ, പുതിയ വികസനം വരുമ്പോൾ വൻ വരുമാനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി, അടുത്ത 1200 മീറ്ററിന്റെ പുതിയ ബെർത്തും ടെർമിനലുകളും നടത്തിപ്പിലെ പ്രീമിയം (കുറഞ്ഞത് 33 ശതമാനം) ആദ്യ വർഷം മുതൽ തന്നെ കേരളത്തിന് നൽകണം എന്നൊരു നിബന്ധന ഇടതുപക്ഷ സർക്കാരിന് വെക്കാമായിരുന്നു. ഗത്യന്തരമില്ലാതെ അദാനിക്ക് അത് സമ്മതിക്കേണ്ടി വരുമായിരുന്നു; കാരണം, അല്ലെങ്കിൽ ഒന്നാം ഘട്ടത്തിലെ ബർത്ത് പോലും നിലനിർത്താൻ അദാനിക്ക് വലിയ തുക ചെലവിടേണ്ടി വരുമായിരുന്നു. മാത്രമല്ല, മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയതിനേക്കാൾ കൂടുതൽ കാലത്തേക്ക് അവർക്ക് നടത്തിപ്പ് കാലാവധി നീട്ടി നൽകുകയും ചെയ്തു.

ഈ കരാർ കൃത്യമായി ഓഡിറ്റ് ചെയ്താൽ മാത്രമേ ഇതിലെ യഥാർത്ഥ വിവരങ്ങൾ പുറത്തുവരൂ. മുൻ കരാറിലെ ക്രമക്കേടുകൾ മുൻ യു.പി.എ. സർക്കാരിന്റെ കാലത്തുള്ള സി.എ.ജി. (CAG) റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത്. എന്നാൽ ഇപ്പോൾ സി.എ.ജിയെപ്പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര ഗവൺമെന്റ് വരുതിയിലാക്കിയതിനാൽ (തെരഞ്ഞെടുപ്പ് കമ്മിഷൻ പോലെ) ഇനി അങ്ങനെ സംഭവിക്കണമെന്നില്ല. അദാനി നടത്തുന്ന ക്രമക്കേടുകൾ നമ്മുടെ രാജ്യത്തെ നിയമസംവിധാനങ്ങളിലൂടെ ഒന്നും പുറത്തുവരില്ല എന്ന ആക്ഷേപം ശക്തമാണ്. അദാനിയുടെ എനർജി കമ്പനി യു.എസ്. നിക്ഷേപകരിൽ നിന്നും ഓഹരികൾ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് വൻ തുക കൈക്കൂലി നൽകി നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ നേടുന്നതായി കണ്ടെത്തിയത് യു.എസ്. ഔദ്യോഗിക ഏജൻസികളായിരുന്നു. അതിന്റെ പേരിൽ യു.എസിൽ അദാനി കമ്പനി ഇപ്പോഴും നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും നമുക്കറിയാം.

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരവും ഉപജീവനവും നഷ്ടപ്പെട്ടതിനെത്തുടർന്ന് വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ സമരം ചെയ്യുന്നു.

കേരളത്തിലെ മുൻകാലത്തെ ഇരു ഗവൺമെന്റുകളും മിക്ക രാഷ്ട്രീയ കക്ഷികളും വിഴിഞ്ഞം പോർട്ട് പദ്ധതിയെ ഒരു വലിയ നേട്ടമായിട്ടാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതിത്തുകയുടെ മൂന്നിൽ രണ്ടു ഭാഗവും സംസ്ഥാനമാണ് മുടക്കിയത്. എന്നാൽ രണ്ടും മൂന്നും ഘട്ടങ്ങളിൽ കേരള ഗവൺമെന്റ് ഒരു പൈസ പോലും മുടക്കേണ്ടതില്ലെന്നും മുഴുവൻ തുകയും അദാനി തന്നെ മുടക്കുമെന്നുമാണ് ഇപ്പോഴത്തെ കരാറിലെ വ്യവസ്ഥയെന്ന് ഇടതു സർക്കാർ അവകാശപ്പെട്ടിരുന്നു.

എന്നാൽ, രണ്ടും മൂന്നും ഘട്ടങ്ങൾക്കായി 9000 കോടി രൂപ മുടക്കുമെന്ന അദാനിയുടെ അവകാശവാദത്തെ അപ്പടി അന്നത്തെ ഇടതു സർക്കാർ അംഗീകരിച്ചത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത് തികച്ചും ഊതിവീർപ്പിച്ച കണക്കാണ്. ഒന്നാം ഘട്ടത്തിൽ 3.2 കി.മീ നീളത്തിൽ ബ്രേക്ക് വാട്ടർ (പുലിമുട്ട്) പൂർത്തിയാക്കിയിട്ടുണ്ട്, ഇനി വെറും 900 മീറ്റർ കൂടി നിർമ്മിച്ചാൽ മതിയാകും. ആദ്യ ഘട്ടത്തിൽ 800 മീറ്റർ ബർത്തും ഡ്രെഡ്ജിംഗ്, റിക്ലമേഷൻ, ക്രെയിനുകൾ എല്ലാമായി 2,400 കോടി രൂപയാണ് അദാനി പോലും സമ്മതിച്ചതെങ്കിൽ, അടുത്ത 1200 മീറ്ററിന് എങ്ങനെയാണ് 9,000 കോടി രൂപ ചെലവാകുന്നത് എന്ന് മനസ്സിലാകുന്നില്ല. ഭാവിയിൽ ലാഭവിഹിതവും മൂല്യവും കണക്കാക്കുമ്പോൾ ഈ വലിയ തുകയായിരിക്കും അടിസ്ഥാനമാക്കുക. അദാനിക്ക് കണക്കിൽ 9,000 കോടി രൂപ ചെലവഴിച്ചതായി കാണിക്കാം, പക്ഷേ യഥാർത്ഥത്തിൽ അതിന്റെ പകുതി പോലും ചെലവാക്കേണ്ടി വരില്ല. ഈ രീതിയിലുള്ള വലിയൊരു സാമ്പത്തിക നേട്ടം അദാനിക്ക് ലഭിച്ചു കഴിഞ്ഞു. എന്നാൽ ഇടതു സർക്കാർ പറഞ്ഞത് രണ്ടും മൂന്നും ഘട്ടങ്ങൾക്കായി സംസ്ഥാന സർക്കാർ പണം മുടക്കേണ്ടതില്ല, അത് വലിയ നേട്ടമാണ് എന്നാണ്.

രണ്ടും മൂന്നും ഘട്ടങ്ങൾ കഴിഞ്ഞ് ഘട്ടം നാല് കൂടി തുടങ്ങാനുള്ള വ്യവസ്ഥയും മുൻ എൽ.ഡി.എഫ്. സർക്കാർ കരാറിൽ ചേർത്തിട്ടുണ്ട്. ഇതിനായി മൊത്തം 2000 മീറ്റർ നീളത്തിന് പുറമേ 200 മീറ്റർ കൂടി തീരം നികത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അനുമതി നൽകിയെന്നത് അദാനിക്ക് കേന്ദ്രത്തിലുള്ള സ്വാധീനത്തെ വെളിവാക്കുന്നു. ഇനിയുള്ള തീരമാകട്ടെ മീൻപിടുത്ത സമൂഹങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ്. മാത്രമല്ല, ബീച്ചിനോട് ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി റിസോർട്ടുകളും മറ്റുമുണ്ട്. ഇവരുടെയെല്ലാം ഉപജീവനവും, കടലിലെ തൊഴിലിടങ്ങളും, മത്സ്യ ആവാസ വ്യവസ്ഥകളും, കരയിലെ വാസസ്ഥലങ്ങളും നഷ്ടപ്പെടുത്തി മാത്രമേ തുറമുഖ വികസനം നടത്താൻ കഴിയൂ. ഇതിന്റെ സാമൂഹ്യ-സാമ്പത്തിക-പരിസ്ഥിതി പ്രത്യാഘാതങ്ങളും നിലവിലുള്ള തൊഴിലുകളുടെ നഷ്ടവും മുൻ എൽ.ഡി.എഫ് സർക്കാർ കണക്കിലെടുക്കാത്തത് തെറ്റായിരുന്നു. ഇങ്ങനെ അദാനിക്ക് വഴിവിട്ട ഭാവി നേട്ടങ്ങളുണ്ടാകാൻ അനുവദിച്ചതിന് അദാനി പ്രത്യുപകാരവും നൽകിയിട്ടുണ്ടാകണം. മുൻ സർക്കാരിന്റെ കാലത്ത് അയ്യപ്പ സംഗമം നടത്താനും അദാനി ഒരു കോടി രൂപ നൽകി സഹായിച്ചത് ഹൈക്കോടതിയിലെ ഒരു കേസ് വഴി മാത്രമാണ് വെളിവായതെന്ന് നമുക്കറിയാം.

അദാനി തുറമുഖ നിർമ്മാണ-നടത്തിപ്പ് കമ്പനിക്ക് അടുത്ത ഘട്ടങ്ങൾക്ക് മുതൽ മുടക്ക് നടത്താൻ ഇപ്പോൾ തന്നെ അതിന്റെ 49 ശതമാനം ഓഹരികൾ വിദേശ കമ്പനിയായ എം.എസ്.സിക്ക് (MSC) വിൽക്കുന്നതിലൂടെ 13,000 കോടിയോളം രൂപ അദാനിയുടെ കൈകളിൽ എത്താൻ പോവുകയാണ്. അതായത് പദ്ധതിയിൽ അവർ മുടക്കേണ്ട തുകയേക്കാൾ കൂടുതൽ പണം പകുതിയോളം ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ അവർക്ക് ലഭിക്കും. കേരള ഗവൺമെന്റിന് ഇതിലൂടെ സാമ്പത്തികമായി യാതൊരുവിധ നേട്ടമോ ആനുകൂല്യമോ ലഭിക്കുന്നില്ല. അദാനി ഒരു വൻകിട കുത്തക കമ്പനിയാണ്. അവർക്കാണ് പണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ഒരു 'വിദേശ നിക്ഷേപം' എന്ന് വിശേഷിപ്പിക്കാനും കഴിയില്ല.

വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവർ ഇതിനെ കേരളത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായാണ് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി കേരളത്തെ ഉയർത്തുക, തൊഴിൽസാധ്യത വർധിപ്പിക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക തുടങ്ങിയ നേട്ടങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ ഗവണ്മെന്റും ആ വഴിക്കാണ് ചിന്തിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാണ്. എന്നാൽ, വിഴിഞ്ഞം പദ്ധതി ആരംഭിച്ചതുമുതൽ തീരശോഷണം, മത്സ്യബന്ധന മേഖലകളിലെ മാറ്റങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രതിസന്ധി, പുനരധിവാസം, പരിസ്ഥിതി ആഘാതം തുടങ്ങിയ വിഷയങ്ങൾ തുടർച്ചയായി ഉയർന്നുവരുമ്പോഴും അവയെ വേണ്ടത്ര പരിഗണനയിലെടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചതിന് ശേഷം വലിയതുറ, ശംഖുമുഖം തുടങ്ങിയ വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങൾ വലിയ തോതിലാണ് കടലെടുത്ത് പോകുന്നത്. വലിയതുറയിൽ നിന്നുള്ള ചിത്രം.

ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് വിഴിഞ്ഞം മോഡൽ കേരളമാകെ വ്യാപിപ്പിച്ച് കേരളത്തെ പോർട്ട് സിറ്റി ആക്കും എന്നാണല്ലോ. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ രണ്ട് വലിയ തെറ്റുകൾ അടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കടലും കടലിലെ വിഭവങ്ങളും ഇതുവരെയും ഉപയോഗപ്പെടുത്താത്ത ഒരു വലിയ ധനസ്രോതസ്സ് ആണെന്നും, കടൽ സർക്കാരിന്റെ വകയാണ്, അവിടെ എന്ത് ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനുണ്ട് എന്നുമാണ് മുഖ്യമന്ത്രി കരുതുന്നത്.

മേൽപ്പറഞ്ഞിരിക്കുന്ന രണ്ട് ധാരണകളുടെ അടിസ്ഥാനത്തിലാണ് പുതിയ ബജറ്റിൽ മിഷൻ സമുദ്രയും, കടൽ ധാതു മണൽ കോറിഡോറുകളും ഇടംപിടിച്ചിരിക്കുന്നത്. ഈ ധാരണകൾ തെറ്റാണെന്ന് മാത്രമല്ല, കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മീൻപിടുത്ത, അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ പങ്കിനെ പൂർണ്ണമായും മറന്നുകൊണ്ടുള്ളതുമാണ്.

കടലിൽ പ്രധാനമായും രണ്ടു തരം വിഭവങ്ങളാണുള്ളത്. ജീവനുള്ള, പുനരുൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മത്സ്യങ്ങളും മറ്റു ജീവജാലങ്ങളുമാണ് ഒരു വിഭവം (living and renewable natural resource). മറ്റൊന്നാകട്ടെ, കടലിന്റെ അടിത്തട്ടിലുള്ള ജീവനില്ലാത്തതും എടുത്തുമാറ്റുന്നതോടെ ഇല്ലാതാകുന്നതുമായ ധാതുക്കളും, എണ്ണയും, പ്രകൃതി വാതകങ്ങളുമാണ് (non-renewable natural resource).

കേരളത്തിലെ തീരക്കടലിൽ നിന്നും (12 മൈൽ വരെ) ഓരോ വർഷവും പരമാവധി 6 ലക്ഷം ടൺ വരെ പിടിച്ചെടുക്കാവുന്ന മത്സ്യ സമ്പത്ത് ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. കേരളത്തിൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി പ്രതിവർഷം കടലിൽ നിന്നും നമ്മുടെ മീൻപിടുത്തക്കാർ പിടിച്ചുകൊണ്ടിരിക്കുന്ന മത്സ്യത്തിന്റെ അളവും ശരാശരി 6 ലക്ഷം ടൺ ആണ്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 2021-ലെ കണക്കനുസരിച്ച് കേരളത്തിൽ കടലിൽ പോയി മീൻപിടുത്തം നടത്തുന്നവരുടെ എണ്ണം 1.89 ലക്ഷമാണ്. ഇതിൽ 1.02 ലക്ഷം പേർ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണുള്ളത്. ഫിഷറീസ് വകുപ്പിന്റെ തന്നെ 2021-ലെ കണക്കനുസരിച്ച് കേരളത്തിന്റെ കടലിൽ മീൻപിടുത്തം നടത്തുന്ന ആകെ ഉരുക്കളുടെ എണ്ണം 43,000 ആണ്. ഇതിൽ ചെറുകിട മോട്ടോർ ഘടിപ്പിച്ചതും അല്ലാത്തതുമായ ഉരുക്കൾ 37,000 ആണ്. ഈ മീൻപിടുത്തക്കാരും, അനുബന്ധ തൊഴിലുകളിലേർപ്പെടുന്നവരും, അവരെ ആശ്രയിച്ചു ജീവിക്കുന്നവരും അടങ്ങുന്ന കടലോര മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആകെ ജനസംഖ്യ 8.08 ലക്ഷമാണ്.

കേരളത്തിലെ ജനങ്ങളേറെയും അവരുടെ പ്രോട്ടീൻ ഭക്ഷണത്തിന് ആശ്രയിക്കുന്നത് ഇവർ പിടിച്ചുകൊണ്ടു വരുന്ന മീനിനെയാണ്. കരയിൽ വസിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്കും കടലിൽ തൊഴിൽ ചെയ്യുന്നവരും കടലിലെ മത്സ്യ സമ്പത്തും അദൃശ്യമായിരിക്കാം. ഇപ്പോൾ ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിയും വലിയൊരു വിഭാഗം തൊഴിലാളികളുടെ ഉപജീവന ഇടം എന്ന നിലയിലും ഒരു പ്രധാന ഉൽപ്പാദന മേഖല എന്ന നിലയിലും നമ്മുടെ കടൽ മേഖലയെ കാണാത്തതുകൊണ്ടാണ്, ഇതുവരെ പ്രയോജനപ്പെടുത്താത്ത ഒരു മേഖല എന്ന നിലയിൽ തീരക്കടലിനെ പുതിയ നിക്ഷേപ ഇടമാക്കാൻ ശ്രമിക്കുന്നത്.

600 കി.മീ നീളം വരുന്ന കേരള തീരത്തിന് സമീപത്തായുള്ള കടലിൽ രാത്രിയും പകലും എന്നില്ലാതെ അര ലക്ഷത്തോളം ഉരുക്കൾ മീൻ തേടി സഞ്ചരിക്കുകയും പിടിച്ച ശേഷം മീനുമായി തിരികെ കരയിലേക്ക് വരികയും ചെയ്യുന്നിടത്താണ്, കരയിലെ റോഡ്-റെയിൽ സംവിധാനങ്ങൾക്ക് ഉപരിയായി കൂടുതൽ ചരക്ക്, യാത്രാ ഗതാഗതത്തിനായി കടലിനെയും, കപ്പലുകളുടെ അറ്റകുറ്റപ്പണി, കപ്പൽ നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് തീരദേശത്തെയും ഉപയോഗപ്പെടുത്തുക എന്ന സ്വപ്നവുമായി മുഖ്യമന്ത്രി ബജറ്റിലൂടെ വരുന്നത്.

കേരളത്തെ ഒരു പോർട്ട് സിറ്റി ആക്കുന്നതിലൂടെ സിംഗപ്പൂർ പോലെ വികസിപ്പിക്കാമെന്ന് സ്വപ്നം കാണുന്ന മുഖ്യമന്ത്രി സിംഗപ്പൂരിലെയും കേരളത്തിലെയും കടൽ മത്സ്യ മേഖല കൂടി താരതമ്യപ്പെടുത്തുന്നത് നന്നായിരിക്കും. സിംഗപ്പൂരിലെ കടലിൽ നിന്നും പ്രതിവർഷം മത്സ്യ ഉൽപ്പാദനം 600 ടണ്ണിന് താഴെയാണ്. ഇതിന് കാരണം പോർട്ടുകളുടെ വികസനത്തോടെ കടലിലെ മത്സ്യ ആവാസ വ്യവസ്ഥകൾ നശിച്ചതും അങ്ങനെ മീൻപിടുത്ത മേഖല തകർന്നതുമാണ്. സിംഗപ്പൂരിലെ ജനങ്ങൾ കഴിക്കുന്ന മത്സ്യത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നു. കേരളത്തെ പോർട്ട് സിറ്റിയായി വികസിപ്പിച്ച് ഈ സ്ഥിതിയിൽ എത്തിക്കുന്നതാണോ വികസനം?

കടലിലെ ജീവനില്ലാത്ത വിഭവങ്ങളെ എടുത്തു മാറ്റി ലാഭമുണ്ടാക്കാവുന്ന സ്രോതസ്സായി കാണുന്നതും തെറ്റാണ്. കടലിലെ ജീവനുള്ള വിഭവങ്ങളുടെ ആവാസ വ്യവസ്ഥകളാണ് കടലിന്റെ അടിത്തട്ടും മറ്റും. ഇതിൽ പвиഴപ്പുറ്റുകളും റീഫുകളും പെടുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ ഇതെല്ലാം എടുത്തുമാറ്റുന്നതിന് ഒത്താശ ചെയ്യുന്ന കോറിഡോർ പദ്ധതികളിലൂടെ കടലിന്റെ ജൈവ ആവാസ വ്യവസ്ഥകളാണ് നശിപ്പിക്കുക.

കടൽ സർക്കാരിന്റെ വകയാണെന്ന (state property) ധാരണയിലാണ് അവിടം സ്വകാര്യ നിക്ഷേപകരുടെ പ്രവൃത്തികൾക്ക് വിട്ടുകൊടുക്കാൻ ഈ ബജറ്റിലൂടെ സർക്കാർ ശ്രമിക്കുന്നത്. പരമ്പരാഗത മീൻപിടുത്തക്കാർ കടലിനെയും കടലിലെ സമ്പത്തിനെയും സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചിരുന്നില്ല. അതിനെ എല്ലാവരുടെയും സ്വത്തായി (common property) കണ്ടുകൊണ്ടാണ് അവർ തൊഴിൽ ചെയ്തിരുന്നത്. ഇപ്പോൾ ബജറ്റിലെ നിർദ്ദേശങ്ങളിലൂടെ, കേരളത്തെ പോർട്ട് സിറ്റി ആക്കുമെന്ന് പറയുന്നതിലൂടെ കടലിനെ സ്വകാര്യ സ്വത്തും (private property) കോർപ്പറേറ്റ് സ്വത്തും ആക്കി മാറ്റാനാണ് നീക്കം.

കേരളത്തിലെ തീരദേശ ജനതയുടെ മുഖ്യ തൊഴിലിനും അവരുടെ വാസ സ്ഥലങ്ങൾക്കും നാശം വരുത്താനാണ് ഈ സമീപനം ഇടയാക്കുക. വിഴിഞ്ഞം കടലും തീരവും അദാനിക്ക് കൈമാറിയ നടപടി കേരളമാകെ വ്യാപിപ്പിക്കാനാണ് നീക്കം. അദാനിമാർക്കും കരിമണൽ കർത്തമാർക്കും വേണ്ടി സംസ്ഥാനത്തിന്റെ കടലിനെയും കടൽ സമ്പത്തിനെയും പരിസ്ഥിതിയെയും ഒട്ടാകെ തീറെഴുതുന്നതാണ് മിഷൻ സമുദ്രയും കോറിഡോറും.

ലേഖനത്തിന്റെ ഒന്നാം ഭാഗം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: കരാർ അട്ടിമറികളും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക നഷ്ടങ്ങളും https://www.therootsmedia.in/blogs/149/vizhinjam-port-share-transfer-contract-subversions-and-socio-economic-losses-of-kerala

Share this link