Author Image ഡോ. സ്മിത പി. കുമാർ | കെ.വി. മനോജ്
25 Jun 2026

ജാതി പുനരുൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ വിദ്യാഭ്യാസ മേഖല

ഇന്ത്യൻ വിദ്യാഭ്യാസം ജാതിയെ തകർക്കുന്നതിൽ പരാജയപ്പെട്ടെന്ന് മാത്രമല്ല, വിദ്യാലയങ്ങളും പാഠ്യപദ്ധതികളും ജാതിവ്യവസ്ഥയെ പുനരുൽപ്പാദിപ്പിക്കുകയാണ് ചെയ്തത്. കീഴ്ത്തട്ട് വിദ്യാർത്ഥികളെ വിദ്യാഭ്യാസപരമായും അക്കാദമികമായും താഴ്ന്നതലങ്ങളിൽ തന്നെ തുടരാൻ നിർബന്ധിതമാക്കുന്ന ഒരു ജാതി ഘടന തൊഴിലിടങ്ങളിലെന്ന പോലെ വിദ്യാലയങ്ങളിലും നിലനിൽക്കുന്നുണ്ട്. എൻഇപിയും പിഎം ശ്രീയും നിർദേശിക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മനുസ്‌മൃതിയിലെ വർണ്ണ വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്ന, ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിൽ വേർതിരിവിലേക്കായിരിക്കും നയിക്കുക. അധ്യാപകരും എഴുത്തുകാരുമായ കെ.വി. മനോജും ഡോ. സ്മിത പി. കുമാറും ചേർന്ന് എഴുതുന്ന 'പിഎം ശ്രീ: ഫെഡറൽ വിദ്യാഭ്യാസത്തിന്റെ ചരമക്കരാർ' ലേഖനപരമ്പരയുടെ അവസാന ഭാഗം.

വിദ്യാഭ്യാസം തൊഴിൽ നേടുക എന്ന ലക്ഷ്യത്തിലേക്ക് മാത്രമായി ചുരുക്കുന്ന ഒരു വീക്ഷണം എൻഇപി-യിൽ പ്രകടമാണ്. നവ ഉദാരീകരണത്തിന്റെ ഭാഷയിലാണ് അത് വിദ്യാഭ്യാസത്തെ നിർവ്വചിക്കുന്നത്. ഗുണമേന്മയുള്ളതും മികച്ചതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനാവശ്യമായ അറിവുകളും നൈപുണികളുമാണ് പിഎം ശ്രീ സ്‌കൂളുകൾ പ്രധാനം ചെയ്യുക എന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ വിഭവ പരിമിതിയാലും മറ്റും ബുദ്ധിമുട്ടുകൾ നേരിടുന്ന സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഏത് തരം തൊഴിൽ പരിശീലനമായിരിക്കും നയത്തിന്റെ ഭാഗമായി നടപ്പിലാക്കുക? നൈപുണി അധിഷ്ഠിത വിദ്യാഭ്യാസം നിർബന്ധമാകുമ്പോൾ അത് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ ആഴത്തിലാക്കാനുള്ള സാധ്യതകൾ ആയിരിക്കും അവശേഷിപ്പിക്കുക. ഇത് തിരിച്ചറിയാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ തൊഴിൽ നയത്തിന്റെ കരടിലെ നിർദ്ദേശങ്ങൾ കൂടി ചേർത്തു വായിക്കേണ്ടതുണ്ട്.

തൊഴിൽശാലയ്ക്ക് അനുരൂപമാക്കുന്ന ക്ലാസ് മുറികൾ

'2025 ആകുമ്പോഴേക്കും സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠിക്കുന്നവരിൽ കുറഞ്ഞത് 50% പേർക്കെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാക്കണം' എന്നത് ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഒരു പ്രധാന ലക്ഷ്യമാണ്. എൻഇപി (Paras 13.8-13.10, NEP) ആറാം ക്ലാസ് മുതൽ തൊഴിൽ അധിഷ്‌ഠിത വിദ്യാഭ്യാസം നടപ്പിലാക്കണം എന്നാണ് നിർദേശിക്കുന്നത്. ഒപ്പം തൊഴിലധിഷ്ഠിത-അക്കാദമിക വിഷയങ്ങൾ തമ്മിൽ കർശനമായ വേർതിരിവുകൾ പാടില്ല എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. കമ്പോളത്തിന് വേണ്ട നൈപുണികളുടെ വികസനം മാത്രം ലക്ഷ്യം വെക്കുന്ന ഒന്നായി വിദ്യാഭ്യാസത്തെ വിഭാവനം ചെയ്യുകയും, അതിന് സൗകര്യപ്രദമാവുന്ന വിധം സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉൾപ്പെടെയുള്ള വിവിധ പഠന മേഖലകളുടെ ഘടനാപരമായ മാറ്റവും, മൾട്ടിപ്പിൾ എൻട്രി എക്സിറ്റ്, ക്രെഡിറ്റ് ബാങ്ക് സംവിധാനങ്ങളുമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നത്.

നൈപുണ്യമുള്ള തൊഴിൽ ശക്തിയുടെ നിരന്തര പ്രവാഹം തൊഴിൽ മേഖലയിലേക്ക് ലഭ്യമാക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടതാണോ ദേശീയ വിദ്യാഭ്യാസ നയമെന്ന് സംശയം ജനിപ്പിക്കുന്നുണ്ട് രാജ്യത്തെ പുതിയ തൊഴിൽ നയത്തിന്റെ കരട്. 2025 ഒക്ടോബർ 8-ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ രാജ്യത്തെ പുതിയ തൊഴിൽ നയത്തിന്റെ കരട് (ശ്രം ശക്തി നീതി 2025 ഡ്രാഫ്റ്റ്) മനുസ്മൃതിയെ പരാമർശിച്ചുകൊണ്ടും അതിനെ ആധാരമാക്കിക്കൊണ്ടുള്ള സാമൂഹിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അധ്വാനത്തെ ഒരു 'ധാർമ്മിക കടമ'യായും 'പവിത്രമായ' ആശയമായും അവതരിപ്പിക്കുന്നു. 2047-ലെ വികസിത് ഭാരതത്തിനു വേണ്ട 'തൊഴിൽ ശക്തി' എന്ന ലക്ഷ്യവുമായി യോജിച്ച്, സർക്കാർ, വ്യവസായം, തൊഴിലാളികൾ എന്നിവർക്കിടയിൽ വ്യക്തിഗത അവകാശങ്ങളെക്കാൾ അവരുടെ കടമയെ ഊന്നിപ്പറയുന്ന ഒരു 'ധാർമ്മിക ഉടമ്പടി'യായാണ് പുതിയ തൊഴിൽ നയം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.

'ഇന്ത്യൻ ലോകവീക്ഷണത്തിൽ, ജോലി എന്നത് കേവലം ഉപജീവനമാർഗ്ഗമല്ല, മറിച്ച് ധർമ്മത്തിന്റെ (നീതിപൂർവ്വകമായ കടമ) വിശാലമായ ക്രമത്തിലേക്കുള്ള സംഭാവനമാണ്. ഈ വീക്ഷണം എല്ലാ തൊഴിലാളിയെയും - ഒരു കരകൗശല വിദഗ്‌ധനോ, കർഷകനോ, അധ്യാപകനോ, വ്യാവസായിക തൊഴിലാളിയോ ആകട്ടെ - സാമൂഹിക സൃഷ്ടിയുടെ ചക്രത്തിലെ ഒരു അനിവാര്യ പങ്കാളിയായി അംഗീകരിക്കുന്നു" എന്ന് തൊഴിൽ നയം അതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. പുരാണ ഹിന്ദു ഗ്രന്ഥങ്ങളെ -  മനുസ്‌മൃതി, യാജ്ഞവൽക്യസ്മൃതി, നാരദസ്‌മൃതി, ശുക്രനീതി, അർത്ഥശാസ്ത്രം എന്നിവ - രാജ്യത്തെ തൊഴിൽ നയത്തിന്റെ മാർഗ്ഗനിർദേശക തത്വമായി സ്വീകരിച്ചിരിക്കുന്നത് എന്നത് അപകടകരമായ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

വളരെ ചെറുപ്പത്തിലേ ഉള്ള തൊഴിൽ പരിശീലനങ്ങളും അതിനായി പ്രാദേശികമായ വ്യവസായ ശാലകളുമായും, നൈപുണി വികസന ലാബുകളുമായും വിദ്യാലയങ്ങളെ ബന്ധപ്പിച്ചു പ്രവർത്തിക്കുന്നതും, ആവശ്യമുള്ളപ്പോൾ പഠനം നിർത്താനും പിന്നീട് തുടരാനുമുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് ഫാക്ടറികളിലേക്ക് തൊഴിലാളികളെ, നൈപുണികളെ റിക്രൂട്ട് ചെയ്യാനുള്ള വഴിയൊരുക്കും എന്ന് കരട് തൊഴിൽ നയം പറഞ്ഞു വെക്കുന്നു. (Recognition of Prior Learning and community-based skilling will enable informal and returning workers to secure formal qualifications, creating a continuous pipeline of educated, adaptable talent).

തൊഴിൽ നയത്തിന്റെ കരടിൽ ദേശീയ ദൗത്യങ്ങളുമായുള്ള സംയോജനം (6) എന്ന വിഭാഗത്തിൽ വിദ്യാഭ്യാസ നയം ഈ കാര്യം ഉറപ്പു വരുത്തുന്നത് എങ്ങനെയെന്ന് പരാമർശിക്കുന്നുണ്ട്. എൻഇപി-2020, തൊഴിൽവൽക്കരണം, ആജീവനാന്ത പഠനം, വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലുള്ള തടസ്സമില്ലാത്ത പ്രവാഹം എന്നിവയ്ക്ക് ഊർജ്ജം നൽകുന്നുവെന്നും, കൂടാതെ, തൊഴിൽ സുരക്ഷ, നൈപുണ്യ സർട്ടിഫിക്കേഷൻ, സംരംഭകത്വ ഉള്ളടക്കം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന ദാതാക്കൾ, വ്യവസായം എന്നിവയ്ക്കിടയിൽ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെയും ശ്രംശക്തി നീതി 2025 ഈ ബന്ധം പ്രവർത്തനക്ഷമമാക്കുന്നു എന്നും തൊഴിൽ നയം പറയുന്നു. ഈ വിധം വിദ്യാഭ്യാസ നയത്തെ പ്രത്യേകം പരാമർശിക്കുന്ന ഒരു തൊഴിൽ നയം സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തേത് കൂടിയാവും.

സ്‌കൂളുകളിൽ 6-8 വരെയുള്ള ക്ലാസ്സുകളിൽ പ്രതിവർഷം കുറഞ്ഞത് 10 ദിവസങ്ങളിലെങ്കിലും 'ബാഗില്ലാത്ത ദിവസങ്ങൾ' വഴി തൊഴിൽ പരിചയം നൽകണമെന്ന് നിർദ്ദേശിക്കുന്നുണ്ട് ദേശീയ വിദ്യാഭ്യാസ നയം. പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായി മരപ്പണി, മൺപാത്രങ്ങൾ, പൂന്തോട്ട പരിപാലനം തുടങ്ങിയ കരകൗശല മേഖലയിലെ പ്രാദേശിക വിദഗ്ധരുമായി ഇന്റേൺഷിപ്പുകൾ നടത്തുന്നതിനു സഹായകമായ വിധം തൊഴിൽ പരിശീലന പരിപാടി ക്രമീകരിക്കണം എന്നും ദേശീയ വിദ്യാഭ്യാസ നയം കൂട്ടിച്ചേർക്കുന്നു. പാഠപുസ്‌തകങ്ങളേക്കാൾ അനുഭവപരമായ പഠനത്തിന് പ്രാധാന്യം നൽകുന്ന, വഴക്കമുള്ള ഇലക്ടീവുകൾ, ഓൺലൈൻ കോഴ്‌സുകൾ, അപ്രന്റീസ്ഷിപ്പുകൾ എന്നിവയിലൂടെ ഇത് 9-12 ഗ്രേഡുകളിലേക്ക് വ്യാപിക്കുകയും ചെയ്യും.

ദേശീയ വിദ്യാഭ്യാസത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള വഴിയായിട്ടാണ് പിഎം ശ്രീ യുടെ 'മാതൃകാ സ്‌കൂൾ' വികസിപ്പിക്കുന്നത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും സംയോജിപ്പിക്കുക എന്നത് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പിഎം ശ്രീ സ്കൂളുകളിൽ, പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലേക്കുള്ള വിദ്യാർത്ഥികളുടെ തൊഴിൽ ക്ഷമത മെച്ചപ്പെടുത്തുന്നതിനും ആധുനിക ബോധനശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മറ്റ് ഘടകങ്ങൾക്കൊപ്പം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സംയോജിപ്പിക്കുന്നു. നൈപുണ്യ ലാബുകളുടെ നിർമ്മാണം, വ്യവസായങ്ങൾ, സെക്ടർ സ്‌കിൽ കൗൺസിലുകൾ എന്നിവയുമായുള്ള സഹകരണം, വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും നൈപുണ്യ വികസനത്തിനും അവസരങ്ങൾ നൽകൽ എന്നിവയിലൂടെയാണ് പി എം ശ്രീ സ്‌കൂളുകൾ വിദ്യാഭ്യാസത്തിന്റെ തൊഴിൽവൽക്കരണം നടപ്പിലാക്കുക. പശ്ചാത്തല വികസനത്തിന്റെ കാര്യത്തിൽ പിഎം ശ്രീ സ്‌കൂളുകൾ ഇതര സർക്കാർ സ്‌കൂളുകളിൽ നിന്ന് താരതമ്യേന മെച്ചപ്പെട്ടിരിക്കാനുള്ള സാധ്യത ഉണ്ട്. ആയതിനാൽ ഈ രണ്ട് സ്കൂളുകളിലും തിരഞ്ഞെടുക്കുന്ന നൈപുണി പരിശീലന പരിപാടികളും വ്യത്യാസപ്പെടും. സർക്കാർ സ്‌കൂളുകൾ മൺപാത്ര നിർമ്മാണമോ, ആശാരിപ്പണിയോ പോലുള്ള പരിശീലന പരിപാടികളിൽ ഒതുങ്ങാൻ നിർബന്ധിതമാകുകയും ചെയ്യും.

പിഎം ശ്രീ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പല സംസ്ഥാനങ്ങളിലും നിലനിൽക്കുമ്പോൾ തന്നെയാണ് 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം (Skill-Based Learning) നിർബന്ധമാക്കുന്നതിനുള്ള പദ്ധതികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കുന്നത്. കാലങ്ങളായി, ഇന്ത്യൻ സ്കൂളുകളിൽ നൈപുണ്യാധിഷ്‌ഠിത വിദ്യാഭ്യാസം ഓപ്ഷണൽ ആയിരുന്നു, പലപ്പോഴും തിരഞ്ഞെടുത്തതോ അനുബന്ധ കോഴ്സുകളോ ആയിട്ടാണ് ഇത് നൽകുന്നത്. ഇനി 11, 12 ക്ലാസുകൾ മുതൽ നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഔദ്യോഗികവും അവിഭാജ്യവുമായ ഭാഗമാക്കുന്നു എന്നാണ് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2025 സെപ്റ്റംബറിൽ നടന്ന 'ദക്ഷിണപാത ഉച്ചകോടി' (Dakshinapatha Summit) യിൽ പങ്കെടുത്തുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത്. ഇതുപ്രകാരം വിദ്യാർത്ഥികൾ ഇനി നൈപുണ്യ വികസനം ഒരു ഇലക്ടീവ് ആയോ മറിച്ചോ പ്രധാന വിഷയമായി തന്നെ പഠിക്കേണ്ടി വരും. പഠനം കഴിഞ്ഞിറങ്ങുന്ന ദിവസം മുതൽ തന്നെ തൊഴിൽ ശക്തിക്ക് തയ്യാറായ ബിരുദധാരികളെ സൃഷ്ടിക്കുക എന്ന ദീർഘ ലക്ഷ്യം കൂടി മുൻനിർത്തിയുള്ളതാണ് ഈ മാറ്റം എന്ന് മന്ത്രാലയം സൂചിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ദേശീയ വിദ്യാഭ്യാസ നയം ഊന്നൽ നൽകുന്ന ബഹുവിഷയ വിദ്യാഭ്യാസ സമീപനത്തിന് (multidisciplinary approach) കടകവിരുദ്ധമാണ് ഈ നിർബന്ധിത നൈപുണ്യ അധിഷ്‌ഠിത വിദ്യാഭ്യാസ പരിഷ്കാരങ്ങൾ. പാഠ്യ-പഠ്യേതര/ മേജർ-മൈനർ/ കോർ-സബ്‌സിഡിയറി വേർതിരിവുകൾ ഇല്ലാതെ പാഠ്യപദ്ധതിയും, വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള വിഷയങ്ങളിലും, ഒരേസമയം വിവിധങ്ങളായ വിഷയങ്ങളിലും പഠനം തുടരാം (ഈ നിർദേശങ്ങൾക്കെല്ലാം ഒട്ടേറെ പരിമിതികൾ ഉണ്ട് എന്നതിനപ്പുറം) എന്നുമുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തന്നെ വീക്ഷണങ്ങൾക്കു വിരുദ്ധമാണ് നൈപുണ്യ പരിശീലനത്തിന്റെ അടിച്ചേൽപ്പിക്കൽ.

സ്‌കൂൾ തലം തൊട്ടു പന്ത്രണ്ടാം ക്ലാസ് വരെ നീളുന്ന തൊഴിൽ സംയോജിത വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ ശേഷികൾ ആർജ്ജിക്കുക എന്നതൊരു പ്രധാന ഉദ്ദേശ്യമാണ്. ഡിജിറ്റൽ കഴിവുകളിലെ വിടവ് ജാതിയും വർഗ്ഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇപ്പോഴും ഇന്ത്യയിലെ 10 കോടിയിലധികം സ്‌കൂൾ കുട്ടികൾക്ക് വീട്ടിലോ സ്‌കൂളിലോ ഡിജിറ്റൽ ഉപകരണങ്ങളിലേക്കും ഇൻ്റർനെറ്റിലേക്കും അർത്ഥവത്തായ പ്രവേശനം ലഭിച്ചിട്ടില്ല എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ ഡിജിറ്റൽ വിടവ് സാമൂഹിക, സാമ്പത്തിക, പ്രാദേശിക അസമത്വങ്ങളെ കൂടുതൽ ആഴത്തിലാക്കുകയും പൊതുവിദ്യാലയങ്ങളുടെ തുല്യതാ സങ്കൽപ്പങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യും. ഇതിനു പുറമെ സ്‌കൂളുകളിലെ പശ്ചാത്തല വികസനം, അധ്യാപക പരിശീലനം, അപ്രെന്റർഷിപ്പുകൾക്കായുള്ള വ്യവസായ-സ്‌കൂൾ ബന്ധങ്ങളിലെ എന്നിങ്ങനെയുള്ള പരിമിതികൾ കൊണ്ടോ, സവിശേഷ പ്രാദേശിക സാഹചര്യങ്ങൾകൊണ്ടോ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിലെ നിർബന്ധിത ഇന്റേൺഷിപ്പുകളോ പ്രായോഗിക അനുഭവങ്ങളോ ചിലപ്പോൾ ഉപരിപ്ലവമോ ഘടനാരഹിതമോ ചൂഷണ സാധ്യതയുള്ളതോ ആകാനുള്ള സാദ്ധ്യതകൾ ഏറെയാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ അപ്രന്റിഷിപ്പ് പോലുള്ള പരിശീലനപരിപാടികൾ ആറാം ക്ലാസ് മുതൽ തന്നെ നടപ്പിലാക്കുന്നത് സാമൂഹിക അസമത്വങ്ങൾ തുടരുന്നതിനും, കുലത്തൊഴിൽ പോലുള്ള ജാതി അധിഷ്‌ഠിത/ ശ്രേണീബന്ധമായ തൊഴിലുകളിലേക്ക് അതേ സമൂഹത്തിലുള്ള വിദ്യാർത്ഥികൾ പോവാനുള്ള സാധ്യതയും വർധിപ്പിക്കാൻ ഇടയുണ്ട്.

ജാതി ഘടനയെ ആഴത്തിലാക്കുന്ന നൈപുണ്യ/തൊഴിൽ വിദ്യാഭ്യാസം

ഭരണഘടനാപരമായ സമത്വ കൽപ്പനകൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം ജാതി ശ്രേണികളെ അപനിർമ്മിക്കുന്നതിനു സഹായകരമായിട്ടില്ലെന്നു കാണാം. കൊളോണിയൽ ഘടനയിലും സ്വാതന്ത്ര്യാനന്തര വരേണ്യതയിലും വേരൂന്നിയ വിദ്യാഭ്യാസം, പ്രവേശനം, പാഠ്യപദ്ധതി, ബോധന ശാസ്ത്രം, സ്ഥാപന സംസ്കാരം, തൊഴിൽ എന്നിവയിലൂടെ ജാതി അടിസ്ഥാനമാക്കിയുള്ള വേർതിരിക്കലുകളും അരിച്ചുമാറ്റലുകളും തുടർന്ന് പോരുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം ജാതിയെ തകർക്കുന്നതിൽ പരാജയപ്പെടുന്നുവെന്നല്ല മറിച്ച് അത് അങ്ങനെ ചെയ്യാൻ പാകത്തിലല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. ജാതി പുനരുൽപ്പാദിപ്പിക്കുന്ന പ്രക്രിയയായി, സവർണ്ണ സവിശേഷാധികാരങ്ങൾക്ക് കാവൽനിൽക്കുന്ന ഒന്നായി വിദ്യാഭ്യാസം വർത്തിച്ചു പോരുന്നു. അരികുവൽക്കരിക്കപ്പെട്ട ജാതികളിൽ നിന്നുള്ള വിദ്യാർത്ഥികളെ പഠനാന്തരീക്ഷങ്ങളിലും, പ്രവർത്തനങ്ങളിലും താഴ്ന്നതലങ്ങളിൽ തന്നെ തുടരാൻ നിർബന്ധിതമാക്കുന്ന ഒരു ജാതി ഘടന തൊഴിലിടങ്ങളിലെന്ന പോലെ വിദ്യാലയങ്ങളിലും നിലനിൽക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.

അന്റോണിയോ ഗ്രാംഷി നിരീക്ഷിക്കുന്നതുപോലെ, അധീശ പ്രത്യയശാസ്ത്രം കൈമാറുന്നതിനും അത് 'സാമാന്യബുദ്ധിയെന്നോ' സാധുവായ ഒരേയൊരു ലോകവീക്ഷണമാണെന്ന് തോന്നിപ്പിക്കുന്നതിനുമുള്ള 'ആധിപത്യ ഉപകരണനകളായി' (hegemonic devices) പാഠ്യ പദ്ധതികളും, അധ്യാപന രീതികളും, സ്കൂൾ നിയമങ്ങളും മാറുന്നുണ്ട്. വിദ്യാഭ്യാസ നയങ്ങളും പലപ്പോഴും നിലവിലുള്ള സാമൂഹിക അസമത്വങ്ങളെ പുനർനിർമ്മിക്കുകയാണ് ചെയ്യുന്നത്. അക്കാദമിക 'ട്രാക്കിംഗ്' (വിദ്യാർത്ഥികളെ സവിശേഷ നൈപുണ്യാധിഷ്‌ഠിത പഠന മേഖലകളിലേക്കായി വർഗ്ഗീകരിക്കുന്നത്) പോലുള്ള രീതികൾ വിദ്യാർത്ഥികളെ അവരുടെ സാമൂഹിക വർഗ്ഗത്തെ അടിസ്ഥാനമാക്കിയുള്ള കരിയർ പാതകളിലേക്ക് നയിക്കുന്നതിലൂടെ അസമത്വത്തെ സ്ഥാപനവൽക്കരിക്കുന്നു.

എൻഇപി നിർദേശിക്കുന്ന വിദ്യാഭ്യാസത്തിന്റെ ആദ്യകാലങ്ങളിൽ തന്നെയുള്ള നൈപുണ്യ ട്രാക്കിങ് മനുസ്‌മൃതിയിലെ വർണ്ണ വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്ന വിധം, ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിൽ വേർതിരിവ് നിലനിർത്തുന്നതിലേക്കാണ് നയിക്കുക എന്ന് പ്രമുഖ എഴുത്തുകാരനും, മനുഷ്യാവകാശ പ്രവർത്തകനുമായ ആനന്ദ് തെൽതുംബ്ഡെ ചൂണ്ടിക്കാട്ടുന്നുണ്ട്. '11-12 വയസ്സിൽ തൊഴിൽ പരിശീലനം ആരംഭിക്കുന്നത് മനുസ്‌മൃതി തൊഴിൽ വിഭജനത്തെ പുനർനിർമ്മിക്കുന്നു-കരകൗശലവസ്തുക്കൾക്ക് ശൂദ്രർ, അറിവിന് ബ്രാഹ്മണർ'-എന്ന വിധം ജാതിശ്രേണിയുടെ പുനർനിർമാണം ആയിരിക്കും നടക്കുക എന്ന് വിദ്യാഭ്യാസ നയത്തിലെ തൊഴിലധിഷ്‌ഠിത വ്യവസ്ഥകളെക്കുറിച്ചു അദ്ദേഹം വിമർശനം ഉയർത്തുന്നു.

ചരിത്രപരമായി തന്നെ, പാർശ്വവൽക്കരിക്കപ്പെട്ടതോ സാമ്പത്തികമായി ദുർബലരായതോ ആയ വിഭാഗങ്ങളിൽ നിന്നുള്ള 'അക്കാദമിക നിലവാരം കുറഞ്ഞ' (ആരോപിക്കപ്പെടുന്ന) വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നതാണ് തൊഴിലധിഷ്‌ഠിത ട്രാക്കുകൾ എന്ന ഒരു പൊതു കാഴ്ചപ്പാട് ഈ മേഖലയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നുണ്ട്. സമ്പന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾക്കു മെഡിസിൻ, എഞ്ചിനീയറിങ്, സിവിൽ സർവീസ് എന്നീ മേഖലകളിലേക്ക് നയിക്കുന്ന ശുദ്ധമായ അക്കാദമിക ധാരകൾക്ക് മുൻഗണന നൽകുന്നത് തുടരുകയും, അതേസമയം ദരിദ്രരായ വിദ്യാർത്ഥികളെ ജാതിബന്ധിതമായതോ, കുലത്തൊഴിലുകളിലേക്കോ തള്ളിവിടുന്ന പ്രവണതയെ ഉറപ്പിക്കുകയും ചെയ്യുന്നതാണ് വിദ്യാഭ്യാസ നയത്തിന്റെ സമീപനം.

വിദ്യാഭ്യാസത്തിന്റെ ജ്ഞാന-വിമോചന സങ്കല്പങ്ങൾക്കും, അതിന്റെ സർഗാത്മക പ്രയോഗങ്ങൾക്കും പകരം, പഠന പ്രക്രിയകളെ പൂർണ്ണമായും നൈപുണ്യ വികസനത്തിൽ ഊന്നിയതും, തൊഴിൽവൽക്കരണം ലക്ഷ്യമിടുന്നതുമായി പരിമിതപ്പെട്ട ഒരു വിദ്യാഭ്യാസ നയം ഏതുതരം ജനതയെയാണ് സൃഷ്‌ടിക്കുക? അതുറപ്പായും സ്വതന്ത്ര ചിന്തയുള്ള ഒരു ജനതയ്ക്ക് പകരം കുത്തക മുതലാളിത്തത്തിന് വേണ്ട അടിമ തൊഴിലാളികളുടെ കൂട്ടത്തെ സൃഷ്ടിക്കുന്ന ഒരു പ്രക്രിയയായി മാറും എന്ന് നിസ്സംശയം പറയാം. സർക്കാർ വിദ്യാലയങ്ങൾ, ആ പ്രദേശത്ത് നിലനിൽക്കുന്ന പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചു നൈപുണ്യ വികസന പരിശീലന പരിപാടികൾ തിരഞ്ഞെടുത്താൽ ശ്രേണീകൃതമായ ജാതി ഘടനയിലും സമ്പദ്ഘടനയിലും ബന്ധിതമായ തൊഴിൽ സേനയെ ആയിരിക്കും സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പുറത്തിറക്കുന്നുണ്ടാവുക. (2023-24-ലെ ഡാറ്റ പ്രകാരം മൊത്തം വിദ്യാർത്ഥി ജനസംഖ്യയിൽ 50% വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലാണ്, അതോടൊപ്പം മൊത്തം വിദ്യാലയങ്ങളിലെ ഏതാണ്ട് 69%വും സർക്കാർ മേഖലയിലുമാണ് എന്നത് ഓർക്കണം). 

ആദിവാസി മേഖലകളിൽ, പരമ്പരാഗത ജാതി-ബന്ധിത തൊഴിലുകളെ പ്രതിഫലിപ്പിക്കുന്ന തൊഴിൽ പരിശീലന പ്രവർത്തനങ്ങളായിരിക്കും (കരകൗശലവസ്തുക്കൾ, വനവൽക്കരണം, ചെറുകിട വനവിഭവ ശേഖരണം) സ്‌കൂളുകൾ ഏറ്റെടുക്കേണ്ടി വരിക. ബസ്തറിൽ നിന്നുള്ള 2024-ലെ ഒരു റിപ്പോർട്ട് കാണിക്കുന്നത്, ആദിവാസി മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന തൊഴിലധിഷ്ഠിത 'എക്സ്പോഷറിന്റെ' 82%വും മുളകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണത്തിലും ടെൻഡു-ലീഫ് ശേഖരണത്തിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ്.

തൊഴിലിനെ വിശുദ്ധ പശുവാക്കുന്ന വിദ്യാഭ്യാസം

തൊഴിൽ വിപണിയിലെ വൈദഗ്ധ്യമുള്ള മനുഷ്യശക്തിയുടെ ആവശ്യകതയെ നേരിട്ട് അഭിസംബോധന ചെയ്യുന്ന വിധം ചെറുപ്പം മുതലേ ഇന്റേൺഷിപ്പുകളും അപ്രെന്റീസ്ഷിപ്പുകളും ഉൾപ്പെടെ വിദ്യാഭ്യാസത്തിലുടനീളം തൊഴിലധിഷ്ഠിത ബോധനവും പ്രായോഗിക പരിശീലനങ്ങളും സംയോജിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഏതുതരം തൊഴിലാളി വർഗ്ഗത്തെ ആയിരിക്കും പാകപ്പെടുത്തിയെടുക്കുക എന്നതിന് ചരിത്രത്തിൽ ഉദാഹരണമുണ്ട്.

തൊഴിലാളികളുടെ വർഗബോധം നശിപ്പിക്കുന്നതിന് തൊഴിൽ പരിശീലനം എങ്ങനെ ആയുധമായി ഉപയോഗിക്കാമെന്ന് ഹിറ്റ്ലറുടെ കാലത്ത് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്കരണം സൂചന നൽകുന്നുണ്ട്. തൊഴിൽ പരിശീലനത്തോടൊപ്പം രാഷ്ട്രീയ പ്രബോധനവും (political indoctrination) ചേർന്നുള്ളതായിരുന്നു അവിടുത്തെ തൊഴിലധിഷ്ഠിത പാഠ്യപദ്ധതി. 1936 അവസാനത്തോടെ ഹിറ്റ്ലർ ഒരു ദേശീയ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസ സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ ഊർജിതമാക്കി. യുദ്ധ സമ്പദ്വ്യവസ്ഥയുടെ സഹായികളായി സേവിക്കാൻ സൃഷ്ടിക്കപ്പെട്ടതാണെങ്കിലും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉടൻ തന്നെ ഈ റോളിനെ മറികടന്നു. ആ തൊഴിൽ പരിശീലന പരിപാടി അങ്ങിനെ വളരെ പെട്ടെന്ന് ഒരു പുണ്യപശുവായി മാറി; വിമർശനങ്ങൾ ഉന്നയിക്കാൻ കഴിയാത്തത്ര ജനപ്രിയമായി. പാഠ്യപദ്ധതികൾ (ഉൽപ്പാദനേതര പഠന കോഴ്‌സുകളിലുള്ളവർ ഉൾപ്പെടെ) കൃത്യത, ക്ഷമ, അനുസരണം എന്നിവ പരിശീലിപ്പിക്കുന്നതായിരുന്നു.

വ്യക്തി വിമോചനമോ, മനുഷ്യന്റെ സമഗ്ര വികസനമോ അല്ല മറിച്ച് വംശീയ വിശുദ്ധി, സൈനികത, തീവ്ര ദേശീയത എന്നിവയുടെ പ്രത്യയശാസ്ത്രം എല്ലാവിഷയങ്ങളിലും ഉൾപ്പെടുത്തി വിദ്യാഭ്യാസത്തെ അനുസരണയുള്ള സൈനികരെയും രാജ്യത്തിനായുള്ള തൊഴിലാളികളെയും സൃഷ്ടിക്കുന്ന വിധമാണ് നാസി ജർമ്മനിയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ചിട്ടപ്പെടുത്തിയത്. ഇന്ത്യൻ സാഹചര്യത്തിലും സംഘപരിവാർ ഭരണകാലയളവിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ വിശകലനം ചെയ്യുമ്പോൾ വിദ്യാഭ്യാസം പ്രത്യയശാസ്ത്ര അടിച്ചേൽപ്പിക്കലിനും അതിദേശീയതാ ബോധം വളർത്തിയെടുക്കാനും ആധുനിക ഘടനാപരമായ സമാനതകൾ കാണാം. രണ്ടും ബഹുസ്വരതയുടെ അന്വേഷണത്തേക്കാൾ ഭരണകൂട പ്രത്യയശാസ്ത്രത്തിന് മുൻഗണന നൽകുകയും ഒരു പ്രബല (ആര്യൻ/ ഹിന്ദു) സ്വത്വത്തോടുള്ള വിശ്വസ്തത വളർത്തിയെടുക്കാൻ ചരിത്രം/ ശാസ്ത്രം എന്നിവയെ ഉപയോഗിക്കുകയും ചെയ്യുന്നു.

വൈവിധ്യങ്ങളായ അക്കാദമിക വിഷയങ്ങൾക്കുള്ള പ്രാധാന്യം കുറക്കുകയും സ്‌കൂൾ കാലയളവിൽ തന്നെ വ്യവസായ/വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോവാനുള്ള ശേഷികൾ ആർജ്ജിക്കാൻ പാകത്തിൽ പരുവപ്പെടുത്തുന്ന ഭാവി തൊഴിലാളി സേനയ്ക്ക് നഷ്ടമാവുക 'തൊഴിലാളി വർഗ്ഗ ബോധം' ആയിരിക്കും. നിലവിൽ തന്നെ "തൊഴിലാളികൾ" എന്ന വിഭാഗത്തിൽ ഉൾപ്പെടാത്ത അനേകായിരങ്ങൾ രാജ്യത്തിന്റെ അനൗപചാരിക തൊഴിൽ മേഖലയിൽ പണിയെടുക്കുന്നുണ്ട്. 'തൊഴിലാളികൾ' ആയി അവരെ പരിഗണിക്കാത്തതുകൊണ്ടുതന്നെ മാന്യമായ വേതനത്തിനും, തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി നിരന്തരം ഭരണകൂടങ്ങളോട് സമരം ചെയ്യേണ്ടി വരുന്നവരാണ് അവർ. തൊഴിലിനെ രാജധർമ്മമായി കണക്കാക്കുന്ന മനുസ്‌മൃതിയെ മാർഗ്ഗരേഖയായി കണക്കാക്കുന്നവർക്ക് തൊഴിലവകാശങ്ങൾ, ന്യായമായ വേതനം തുടങ്ങിയ ആധുനിക കാഴ്‌ചപ്പാടുകളെ ഉൾക്കൊള്ളാൻ കഴിയില്ലെന്നതിന്റെ തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞ എട്ട് വർഷക്കാലയളവിൽ ഒരിക്കൽപ്പോലും മിനിമം വേതനത്തിൽ വർധനവ് വരുത്താൻ മോദി സർക്കാർ തയ്യാറാകാത്തതിന് പിന്നിലെ കാരണങ്ങൾ വേറെ തിരയേണ്ടതില്ല.

വിദ്യാഭ്യാസ മേഖല കൂടുതൽ കൂടുതൽ കാവിവൽക്കരിക്കപ്പെടുകയും, അത് വളരെ കൃത്യമായി പാഠ്യപദ്ധതിയിലൂടെയും അതിന്റെ പ്രയോഗവൽക്കരണത്തിലൂടെയും 'അപരവൽക്കരണത്തെ' നോർമലൈസ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ അക്കാദമിക സാഹചര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ കൂടിയാണ് വർണ്ണാശ്രമത്തെ മാർഗനിർദേശക തത്വമായി പ്രഖ്യാപിക്കുന്ന തൊഴിൽ നയങ്ങൾ രാജ്യത്തു നടപ്പിലാവുക എന്നത് തീർത്തും അപകടകരമായ അവസ്ഥയാണ്. വിദ്യാഭ്യാസ അവകാശവും തൊഴിൽ അവകാശങ്ങളും നേരിട്ട് കൊണ്ടിരിക്കുന്ന ഈ വെല്ലുവിളികളെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാനും പ്രതിരോധിക്കാനും തയ്യാറാവേണ്ടതുണ്ട്. അത് ഉറപ്പായും ജനാധിപത്യത്തിന്റെയും, ഭരണഘടനാപരമായ അവകാശങ്ങളുടെയും നിലനിൽപ്പിനു വേണ്ടിയുള്ള പ്രതിഷേധങ്ങൾ കൂടിയാവും.

ലേഖന പരമ്പര അവസാനിച്ചു.

ലേഖനത്തിന്റെ ഒന്നാം ഭാഗം: പി.എം. ശ്രീ: ഫെഡറൽ വിദ്യാഭ്യാസത്തിന്റെ ചരമക്കരാർ https://www.therootsmedia.in/blogs/144/pm-shri-the-death-knell-of-federal-education 

ലേഖനത്തിന്റെ രണ്ടാം ഭാഗം: പി.എം. ശ്രീ: വാഗ്ദാനങ്ങളും വസ്തുതകളും  https://www.therootsmedia.in/blogs/145/pm-shri-promises-and-realities

Editor's Note: This article series, titled 'PM SHRI: The Death Knell of Federal Education', is a chapter from the book 'സ്വേച്ഛാധിപത്യത്തിന്റെ ബോധനശാസ്ത്രം' co-authored by K.V. Manoj and Dr. Smitha P. Kumar, and published by Transition Studies.

Share this link