Author Image ആർ. അനിരുദ്ധൻ
16 Jun 2026

പി.എസ്. കൃഷ്ണൻ: സാമൂഹ്യ നീതിയുടെ കാവലാൾ

അധികാരത്തിന്റെ ഇടനാഴികളെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശപ്പോരാട്ടങ്ങൾക്കായി തുറന്നുവെച്ച വ്യക്തിത്വമായിരുന്നു പി.എസ്. കൃഷ്ണൻ ഐ.എ.എസ്. ബ്രാഹ്മണനായി ജനിച്ച അദ്ദേഹം ഡോ. അംബേദ്കറുടെ തത്വചിന്തയിൽ ആകൃഷ്ടനാകുന്നതോടുകൂടി ജാതിവിരുദ്ധ മുന്നേറ്റങ്ങളിൽ അചഞ്ചലമായി നിലയുറപ്പിക്കുകയായിരുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കൽ, എസ്‌.സി./എസ്.ടി. അതിക്രമങ്ങൾ തടയൽ നിയമം, പട്ടികജാതി-പട്ടികവർഗ്ഗ ഉപപദ്ധതിയുടെ ആസൂത്രണം, ദലിത് മാനിഫെസ്റ്റോയുടെ രൂപകൽപ്പന തുടങ്ങി രാജ്യം കണ്ട ഏറ്റവും നിർണായകമായ സാമൂഹിക പരിഷ്കരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ദീർഘദർശിയുടെ ജീവിതവും അസാധാരണമായ ഭരണനിർവഹണ ഇടപെടലുകളും അടയാളപ്പെടുത്തുകയാണ് എഴുത്തുകാരനും സർവവിജ്ഞാനകോശം മുൻ അസി. എഡിറ്ററുമായ ആർ. അനിരുദ്ധൻ.

ഇന്ത്യൻ ജനസംഖ്യയിൽ ബഹുഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങൾക്കും സാമൂഹിക നീതിക്കും ശാക്തീകരണത്തിനും സമുദ്ധാരണത്തിനും സർവോപരി വിമോചനത്തിനും വേണ്ടി പോരാടിയ സാമൂഹിക വിപ്ലവകാരികളുടെയും നവോത്ഥാന ശില്പികളുടെയും പട്ടിക ദൈർഘ്യമേറിയതാണ്. മഹാത്മ ജ്യോതിറാവു ഫൂലെ മുതൽ ഡോ. അംബേദ്കർ വരെ ഉൾപ്പെടുന്ന, സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നുവന്ന വിപ്ലവകാരികൾ മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവും അസമത്വാധിഷ്ഠിതമായ ജാതികേന്ദ്രീകൃത സാമൂഹികവ്യവസ്ഥിതിയോടും വിവേചനങ്ങളോടും നിരന്തരം ഏറ്റുമുട്ടി തുല്യനീതിക്കും പൗരാവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയതിന്റെ പരിണതഫലമായിട്ടാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഈ വിഭാഗങ്ങളുടെ അവകാശങ്ങൾ ഭരണഘടനാധിഷ്ഠിതമായി വ്യവസ്ഥാപിതമാക്കാൻ കഴിഞ്ഞത്. എന്നാൽ നിരവധിയായ രാഷ്ട്രീയ കാരണങ്ങളാലും പ്രായോഗിക ഇടപെടലുകളുടെ അപര്യാപ്തത മൂലവും ഭരണഘടനാപരമായ തങ്ങളുടെ അവകാശങ്ങൾ സാക്ഷാൽക്കരിക്കാനും സാമൂഹികനീതി ഒരു യാഥാർഥ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് വികസിക്കാനും ദീർഘകാലം ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് കഴിഞ്ഞില്ല. 

ഡോ. അംബേദ്ക്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഭരണഘടനയിൽ ദലിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി തുല്യനീതിയും അവസരസമത്വവും പ്രത്യേക പരിരക്ഷകളും വിഭാവനം ചെയ്യപ്പെട്ടെങ്കിലും അധികാര-വിഭവ പങ്കാളിത്തങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നതിനാൽ ഭരണഘടന അനുശാസിക്കുന്ന സംവരണ പരിരക്ഷകൾ പോലും ഈ വിഭാഗങ്ങൾക്ക് ദീർഘകാലം അന്യമായി തുടരുകയായിരുന്നു. തത്ഫലമായി ഭരണഘടന പ്രാബല്യത്തിൽ വന്നു പതിറ്റാണ്ടുകൾക്കിപ്പുറവും ദലിത് - ബഹുജൻ വിഭാഗങ്ങൾക്ക് അധികാരഘടനക്ക് പുറത്ത് രാഷ്ട്രീയ അഭയാർഥികളായി തങ്ങളുടെ അതിജീവന പോരാട്ടം തുടരേണ്ടിവന്നു. അത്യന്തം പ്രതിവിപ്ലവകരമായ ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ദലിത് - ബഹുജൻ ജനതയുടെ ഭരണഘടനാധിഷ്ഠിത അവകാശങ്ങളുടെ സംരക്ഷകനും സാമൂഹ്യനീതിയുടെ കാവലാളുമായി അധികാരത്തിന്റെ ഇടനാഴികളിലൂടെ പി.എസ്. കൃഷ്ണൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ രംഗപ്രവേശം ചെയ്യുന്നത്. "അധികാരത്തിന്റെ ഇടനാഴികളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ സിവിൽ സർവന്റ് " എന്നാണ് പി.എസ്. കൃഷ്ണൻ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്.

ജനസംഖ്യയിൽ 85 ശതമാനത്തോളമോ അതിലധികമോ ഉൾക്കൊള്ളുന്ന ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യനീതിക്കും ശാക്തീകരണത്തിനും വേണ്ടി തന്റെ ഔദ്യോഗിക ജീവിതം ഒഴിഞ്ഞുവച്ച, അസാധാരണമായ ഭരണനിർവഹണ ഇടപെടലുകളിലൂടെയും മാർഗനിർദേശങ്ങളിലൂടെയും സാമൂഹിക നീതിക്കുവേണ്ടി പ്രയത്നിച്ച പി.എസ്. കൃഷ്ണൻ എന്ന IAS ഓഫീസറുടെ ഔദ്യോഗിക ജീവിതം ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാമൂഹിക മാറ്റത്തിനുവേണ്ടി ഒരു ബ്യൂറോക്രാറ്റ് നടത്തിയ സമാനതകളില്ലാത്ത ഒറ്റയാൾ പോരാട്ടത്തിന്റെ അസാധാരണമായ ചരിത്രത്തെയാണ് രേഖപ്പെടുത്തുന്നത്. 

1932 ഡിസംബർ 30-ന് തിരുവനന്തപുരത്തെ ഒരു തമിഴ്ബ്രാഹ്മണ കുടുംബത്തിലായിരുന്നു പി.എസ്. കൃഷ്ണന്റെ ജനനം. പാലക്കാട് ദേശക്കാരായ സുബ്രഹ്മണ്യ അയ്യരും ലക്ഷ്മി അമ്മാളുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. തിരുവനന്തപുരത്തെ ഉയർന്ന സിവിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. തിരുവനന്തപുരത്തായിരുന്നു പി.എസ്. കൃഷ്ണന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം. വിദ്യാഭ്യാസകാലം മുതൽക്കേ സമൂഹത്തിലെ ജാതീയമായ വിവേചനത്തെയും അധഃസ്ഥിത വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയെപ്പറ്റിയും കൃഷ്ണൻ നേരിട്ടും വായിച്ചും പിതാവിൽ നിന്നും മനസ്സിലാക്കിയിരുന്നു. ജാതിക്കെതിരെ ഡോ. അംബേദ്കർ നടത്തിയ പോരാട്ടങ്ങളെ മനസ്സിലാക്കിയതും ഈ കാലഘട്ടത്തിൽ തന്നെ.

ജാതിസമൂഹത്തിന്റെ ബലതന്ത്രത്തെ സംബന്ധിക്കുന്ന ഈ ഉൾക്കാഴ്ചയാണ് പില്ക്കാലത്ത് IAS ഉദ്യോഗസ്ഥനായിരിക്കെ സാമൂഹിക നീതിയുടെ വക്താവും പ്രയോക്താവുമായി മാറാൻ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനം ചെലുത്തിയത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം 1956-ൽ ആന്ധ്രാപ്രദേശ് കേഡറിൽ IAS ഓഫീസറായിട്ടായിരുന്നു പി.എസ്. കൃഷ്ണൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇക്കാലത്ത് ആന്ധ്രാപ്രദേശിലെ ഗ്രാമീണ മേഖലകളിൽ അധിവസിച്ചിരുന്ന ദലിതരും മുസ്ലിം സമൂഹത്തിലെ അതിപിന്നോക്ക വിഭാഗങ്ങളും നേരിട്ടിരുന്ന സാമൂഹിക വിവേചനവും അതിക്രമങ്ങളും അദ്ദേഹം നേരിട്ട് മനസ്സിലാക്കിയിരുന്നു. ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിൽ സബ്കളക്ടറും കളക്ടറുമായി സേവനം അനുഷ്ഠിക്കവെ നെല്ലൂർ ഉൾപ്പെടെയുള്ള ജില്ലകളിലെ വൻകിട ഭൂ ഉടമകളിൽ നിന്നും പതിനായിരക്കണക്കിന് ഏക്കർ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങൾക്ക് വിതരണം ചെയ്യുകയും ഗ്രാമങ്ങൾ സന്ദർശിച്ച്, ദിവസങ്ങളോളം ഗ്രാമീണർക്കൊപ്പം താമസിച്ച് അവിടങ്ങളിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും വിവേചനവും ഉന്മൂലനം ചെയ്യാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തത് അക്കാലത്ത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. പിന്നീട് കേന്ദ്രസർക്കാരിന്റെ കീഴിൽ വിവിധ മന്ത്രാലയങ്ങളിൽ വ്യത്യസ്ത പദവികൾ വഹിച്ച അദ്ദേഹം രാജ്യത്തിന്റെ സാമൂഹിക നീതി നയരൂപീകരണത്തിലും ആയതിന്റെ പ്രയോഗത്തിലും നിർണായക സ്വാധീനം ചെലുത്തുകയുണ്ടായി. 

1990-ൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച അദ്ദേഹം ദേശീയ പട്ടികജാതി - പട്ടികവർഗ കമ്മിഷൻ അംഗം, ദേശീയ പിന്നോക്ക വിഭാഗ കമ്മിഷൻ മെമ്പർ സെക്രട്ടറി, കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറി എന്നീ നിലകളിലും വിവിധ സംസ്ഥാനങ്ങളിൽ സാമൂഹ്യ നീതിയുടെ ഉപദേഷ്ടാവായും പ്രശംസനീയമായ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്. ഇക്കാലമത്രയും സാമൂഹ്യനീതിയുടെ പ്രായോഗിക നിർവഹണത്തിനുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരുന്നത്. സർവീസിൽ നിന്നും വിരമിച്ച ശേഷം മനുഷ്യാവകാശ പോരാട്ടങ്ങൾക്കും ദലിത്- ബഹുജൻ മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച അദ്ദേഹം തന്റെ ധൈഷണിക ഇടപെടലുകളിലൂടെയും മാർഗനിർദേശങ്ങളിലൂടെയും സാമൂഹിക നീതിയുടെ വക്താവും ദാർശനികനും സൈദ്ധാന്തികനായും നിലകൊണ്ടു.

ഔദ്യോഗിക രംഗത്തെ പി.എസ്. കൃഷ്ണന്റെ സംഭാവനകളെ ചുവടെ ചേർക്കും വിധം ക്രോഡീകരിക്കാവുന്നതാണ്‌:

1. പട്ടിക ജാതി, പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, പ്രത്യേകിച്ചും ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലും എൺപതുകളിലും ദലിത്, ആദിവാസി വിഭാഗങ്ങൾക്കെതിരെയുള്ള ജാതീയമായ അതിക്രമങ്ങളും വിവേചനവും രാജ്യവ്യാപകമായി വർദ്ധിക്കുകയുണ്ടായി. ഭരണഘടനയുടെ 17-ാം അനുച്ഛേദം തൊട്ടുകൂടായ്മ നിയമംമൂലം നിരോധിച്ചിരുന്നെങ്കിലും ജാതിയുടെ പേരിൽ പട്ടികവിഭാഗങ്ങൾക്കുനേരെ അരങ്ങേറിക്കൊണ്ടിരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുവാൻ ഫലപ്രദമായ നിയമങ്ങൾ യാതൊന്നും തന്നെ പ്രാബല്യത്തിൽ ഉണ്ടായിരുന്നില്ല. 1950-ലെ പൗരാവകാശ നിയമം മാത്രമായിരുന്നു ഒരേയൊരു അപവാദം. ഈയൊരു പശ്ചാത്തലത്തിലാണ് പട്ടികജാതി, പട്ടികവർഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി ഫലപ്രദമായൊരു കേന്ദ്ര നിയമം നിർമിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഗൗരവമായി ആലോചിക്കുന്നതും തദ്വാരാ 1989-ൽ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം രൂപകല്പന ചെയ്യപ്പെടുന്നതും. ദലിത്, ആദിവാസി വിഭാഗങ്ങൾക്ക് സാമൂഹ്യസുരക്ഷ വ്യവസ്ഥ ചെയ്ത സവിശേഷമായ ഈ നിയമത്തിന്റെ കരട് തയ്യാറാക്കിയത് പി.എസ്. കൃഷ്ണനായിരുന്നു. പല കാലങ്ങളിൽ പരിഷ്കരിക്കപ്പെട്ട ഈ നിയമം രാജ്യത്തെ നിയമനിർമാണ ചരിത്രത്തിലെ ഏറ്റവും പ്രയോഗക്ഷമതയുള്ള നിയമമായി ഇന്നും നിലനിൽക്കുന്നു. പട്ടിക വിഭാഗങ്ങളുടെ സംവരണവും പ്രൊമോഷനിലെ സംവരണവും സംവരണത്തിന്റെ പ്രതിയോഗികളാൽ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ പട്ടിക വിഭാഗക്കാർക്ക് പ്രൊമോഷനിൽ സംവരണം നിലനിർത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതികൾക്കായി (ഉദാ: 77, 81, 82, 85 ഭേദഗതികൾ) കേന്ദ്ര സർക്കാരിന് വ്യക്തമായ നിയമോപദേശവും മാർഗനിർദ്ദേശവും നൽകിയതും പി.എസ്.കൃഷ്ണനായിരുന്നു.

2. പട്ടികജാതി ഉപപദ്ധതിയും പട്ടികവർഗ ഉപപദ്ധതിയും

ഭരണഘടനയിൽ വ്യവസ്ഥകൾ (ഉദാ: ' അനുച്ഛേദം: 46) ഉണ്ടെങ്കിലും ദലിത്, ആദിവാസി വിഭാഗങ്ങളുടെ സമഗ്രമായ പുരോഗതിയെയും വികസനത്തെയും സംബന്ധിച്ച് 1976 - വരെ വ്യക്തമായ യാതൊരുവിധ രൂപരേഖയും പദ്ധതികളും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പട്ടിക വിഭാഗങ്ങൾക്ക് അവരുടെ വികസനത്തിനായി ജനസംഖ്യാനുപാതികമായി ബജറ്റ് വിഹിതം നേരിട്ട് നീക്കിവയ്ക്കാൻ നിർദേശിക്കുന്ന ഷെഡ്യൂൾഡ് കാസ്റ്റ് ഉപപദ്ധതിയും (Scheduled Caste Sub Plan) ട്രൈബൽ ഉപപദ്ധതിയും (TSP) രൂപകല്പന ചെയ്യുന്നത്. ഈ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ പിന്നിലെ പ്രധാന ശില്പിയും പി.എസ് കൃഷ്ണനായിരുന്നു.

3. തോട്ടിപ്പണി നിരോധനം

തൊഴിൽ മേഖലയിലെ ഇടപെടലുകളായിരുന്നു പി.എസ്. കൃഷ്ണന്റെ ശ്രദ്ധേയമായ മറ്റൊരു സംഭാവന. മനുഷ്യത്വരഹിതമായ തോട്ടിപ്പണി (Manual scavenging) നിരോധിക്കുന്നതിനും ആ ജോലിയിൽ ഏർപ്പെട്ടിരുന്നവരുടെ പുനരധിവാസം യാഥാർഥ്യമാക്കുന്നതിനും അനുയോജ്യമായ ചട്ടങ്ങൾ നിർമ്മിക്കുന്നതിനും പി.എസ് .കൃഷ്ണൻ നൽകിയ സംഭാവനകൾ ശ്ലാഘനീയമായിരുന്നു. ഈ മേഖലയിൽ പി.എസ്.കൃഷ്ണൻ നടത്തിയ നിർണായകമായ ഭരണനിർവഹണാധിഷ്ഠിത ഇടപെടലുകളായിരുന്നു പില്ക്കാലത്ത് തോട്ടിപ്പണി നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനും ഈ മേഖലയിൽ പണിയെടുത്തിരുന്നവരുടെ പുനരധിവാസം ഉറപ്പാക്കാനും വഴിയൊരുക്കിയത്.

4. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കൽ

1990-ലെ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് ജനസംഖ്യയിൽ 52 ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർവീസിൽ 27% സംവരണം ശിപാർശ ചെയ്യുകയുണ്ടായി. ചരിത്രം തിരുത്തിക്കുറിച്ച മണ്ഡൽ കമ്മിഷൻ ശിപാർശകൾ നടപ്പിലാക്കാൻ വ്യക്തമായ കർമ്മപദ്ധതി തയ്യാറാക്കുന്നതിലും നടപ്പിലാക്കുന്നതിലും പി.എസ് കൃഷ്ണന്റെ നിർണായകമായ ഇടപെടലുകൾ ഉണ്ടായിരുന്നു. വി.പി. സിംഗ് സർക്കാരിന്റെ കാലഘട്ടത്തിൽ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് കേന്ദ്ര സർവീസിൽ പിന്നോക്ക വിഭാഗക്കാർക്ക് 27% സംവരണം നടപ്പിലാക്കുന്നതിനുള്ള കർമ്മപദ്ധതി അദ്ദേഹം തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നത്. ദേശീയ പിന്നോക്കവിഭാഗ കമ്മിഷന്റെ രൂപീകരണത്തിലും കമ്മിഷന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിലും പി.എസ്. കൃഷ്ണൻ നൽകിയ നിയമനിർദേശങ്ങളും ഇടപെടലുകളും നിർണായകമായിരുന്നു. ദേശീയ പിന്നോക്ക വിഭാഗ കമ്മിഷന്റെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം ആന്ധ്രാപ്രദേശിൽ മുസ്ലിം വിഭാഗത്തിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിനുവേണ്ടി രൂപീകരിച്ച വിദഗ്ധ സമിതിയുടെ തലവനായും പ്രവർത്തിച്ചു. 2001-ൽ IIT, IIM ഉൾപ്പെടെയുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നോക്ക വിഭാഗ സംവരണം നടപ്പിലാക്കാൻ അനുശാസിക്കുന്ന 93-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാരിന് നിയമോപദേശം നൽകിയതിലും പി.എസ്.കൃഷ്ണൻ എന്ന മനുഷ്യാവകാശ പോരാളിയുടെ ഇടപെടലുകൾ സുപ്രധാനമായിരുന്നു.

1990-ൽ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിനുകീഴിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് പി.എസ്. കൃഷ്ണൻ എന്ന ദാർശനിക ബ്യൂറോക്രാറ്റ് സർവീസിൽ നിന്നും വിരമിക്കുന്നത്. വിരമിക്കലിന് ശേഷം ജീവിതാന്ത്യം വരെ അദ്ദേഹം ദലിത്- ബഹുജൻ ജനവിഭാഗങ്ങളുടെ സാമൂഹ്യനീതിയും അവകാശങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടി നിരന്തരം ഇടപെടലുകൾ നടത്തി. സാമൂഹിക നീതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാർ സമിതികളിലും കമ്മിഷനുകളിലും അംഗമായിരുന്ന അദ്ദേഹം അക്കാലത്ത് രാജ്യത്ത് വികസിച്ചുകൊണ്ടിരുന്ന ദലിത്- ബഹുജൻ മുന്നേറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ടിരുന്നു. 

അധഃസ്ഥിത വിഭാഗങ്ങളുടെ ശാക്തീകരണത്തിൽകൂടി മാത്രമേ ഇന്ത്യയുടെ യഥാർഥ പുരോഗതി സാക്ഷാൽക്കരിക്കാൻ കഴിയൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മാനവികവാദിയായിരുന്നു പി.എസ്.കൃഷ്ണൻ. 1996-ൽ അദ്ദേഹം രൂപകല്പന ചെയ്ത "ദലിത് മാനിഫെസ്റ്റോ" (Dalit Manifesto) യും "Empowering Dalits for empowering India" എന്ന തലക്കെട്ടിൽ 2009-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ അദ്ദേഹം നടത്തിയ പ്രഥമ ഡോ.അംബേദ്കർ അനുസ്മരണ പ്രഭാഷണവും സാമൂഹ്യനീതിയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ നിദർശനമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ സംഭാവനയായിരുന്നു ദലിത് മാനിഫെസ്റ്റോയുടെ രൂപകല്പന. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം തീഷ്ണമായ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ദലിത് ശാക്തീകരണത്തിന്റെ ബ്ലൂ പ്രിന്റായി വിലയിരുത്താവുന്ന ദലിത് മാനിഫെസ്റ്റോ രൂപകല്പന നിർവഹിച്ചിട്ടുള്ളത്. കേവലമൊരു രാഷ്ട്രീയ പ്രഖ്യാപനത്തിനപ്പുറം ദലിത്-ആദിവാസി വിഭാഗങ്ങളുടെ സമഗ്രമായ വികസനവും പുരോഗതിയും യാഥാർഥ്യമാക്കാൻ വേണ്ട കാതലായ നിർദേശങ്ങളാണ് ദലിത് മാനിഫെസ്റ്റോയുടെ ഉള്ളടക്കം.

ദലിത് മാനിഫെസ്റ്റോയിലെ സുപ്രധാന നിർദേശങ്ങൾ ചുവടെ ചേർക്കുന്നു:

1. സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി, ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് ആവശ്യമായ ഭൂമി വിതരണം ചെയ്തു ഭൂമിയിന്മേലുള്ള അവകാശം സംരക്ഷിക്കുക. ഇതിനായി സമഗ്ര ഭൂപരിഷ്കരണം നടപ്പിലാക്കുക. ആദിവാസികളുടെ വനാവകാശം സംരക്ഷിക്കുക. കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും ഈ വിഭാഗങ്ങൾക്ക് ന്യായമായ വേതനവും അവകാശങ്ങളും ഉറപ്പാക്കുക. കാർഷിക പരിഷ്കരണ നിയമങ്ങൾ പരിഷ്കരിച്ച് കർശനമായി നടപ്പിലാക്കുക.

2. എല്ലാ ദലിത്- ആദിവാസി വിദ്യാർഥികൾക്കും ഉയർന്ന ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുക. പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയും പ്രൊഫഷണൽ കോഴ്സുകളിലും ദലിത് വിദ്യാർഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകളും ഹോസ്റ്റൽ സൗകര്യങ്ങളും വിപുലീകരിക്കുക.

3. സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗങ്ങൾക്കായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ പ്രത്യേക ഡ്രൈവിലൂടെ നികത്തുക.

4. സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കുക.

5. ദലിത്- ആദിവാസി സംരംഭകർക്ക് ബാങ്ക് വായ്പയും സാമ്പത്തിക സഹായവും നൽകുക.

6. പട്ടിക വിഭാഗങ്ങൾക്കായി മാറ്റിവയ്ക്കുന്ന ബജറ്റ് വിഹിതം ഫലപ്രദമായി വിനിയോഗിക്കുക. ഈ വിഹിതം വകമാറ്റി ചെലവഴിക്കുന്നത് തടയുന്നതിനും അത് പൂർണ്ണമായും ഈ വിഭാഗങ്ങളുടെ വികസനത്തിന് മാത്രമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിയമ പരിരക്ഷ ഉറപ്പാക്കുക (ഉദാ. തെലങ്കാന എസ്.സി., എസ്.ടി. ഡെവലപ്‌മെന്റ് ആക്ട്).

ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള ജാതീയമായ അതിക്രമങ്ങൾ തടയാൻ 1989-ലെ പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ (തടയൽ) നിയമം കർശനമായി നടപ്പിലാക്കുക. ചുരുക്കത്തിൽ കേവലം പ്രതീകാത്മക ക്ഷേമ പ്രവർത്തനങ്ങൾക്കപ്പുറം അധികാരത്തിലും വിഭവങ്ങളിലും (ഭൂമി, വിദ്യാഭ്യാസം, തൊഴിൽ) ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക പങ്കാളിത്തം ഉറപ്പാക്കി തുല്യതയും സാമൂഹ്യ നീതിയും സ്ഥിരീകരിക്കുകയാണ് പി.എസ്. കൃഷ്ണൻ വിഭാവനം ചെയ്ത ദലിത് മാനിഫെസ്റ്റോയുടെ കാതൽ. നിയമപിന്തുണയില്ലാതെയും ക്രിയാത്മകമായ പദ്ധതികളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും അപര്യാപ്തത മൂലവും ദലിത്-ആദിവാസി വിഭാഗങ്ങളുടെ ക്ഷേമവും വികസനവും ഏറ്റവും സങ്കീർണ്ണസമസ്യയായി നിലനിൽക്കുന്ന വർത്തമാനകാലഘട്ടത്തിൽ പി.എസ്. കൃഷ്ണൻ എന്ന സാമൂഹ്യ നീതിയുടെ കാവലാൾ നടത്തിയ ഒറ്റയാൾ പോരാട്ടം നമ്മുടെ ആസൂത്രകർക്കും ഭരണാധികാരികൾക്കും വഴി വെളിച്ചമാകേണ്ടതുണ്ട്.

സഹായക ഗ്രന്ഥങ്ങൾ

Social exclusion and justice in India - P.S.Krishnan
2 . A Crusade for Social Justice : P.S. Krishnan - Bending governance towards the deprived - Dr. V. Vasanthi devi
3 .Empowering Dalits for Empowering India: A road map - P.S.Krishnan
4. Dalit Manifesto - P.S. Krishnan

Share this link