Author Image ഡോ. സ്മിത പി. കുമാർ | കെ.വി. മനോജ്
22 Jun 2026

പി.എം. ശ്രീ: വാഗ്ദാനങ്ങളും വസ്തുതകളും

പി.എം. ശ്രീയിൽ 2025 ഒക്ടോബറിലാണ് മുൻ ഇടതു സർക്കാർ ഒപ്പുവെക്കുന്നത്. പി.എം. ശ്രീ വ്യവസ്ഥകൾ പ്രകാരം കരാറിൽ നിന്ന് പിന്മാറാൻ ഒപ്പിട്ട ഒരു സംസ്ഥാനത്തിനുമാവില്ല. കേന്ദ്ര ഗവൺമെന്റിനു മാത്രമേ അതിന് അധികാരമുള്ളൂ. പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്ന ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് പോലും വിഹിതത്തിന്റെ 50% മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. 2027-ൽ പദ്ധതി അവസാനിക്കും എന്നിരിക്കെ ഏതാനും ചെറിയ കോടികൾക്ക് വേണ്ടി കേരളം പി.എം. ശ്രീയുമായി മുന്നോട്ട് പോകുന്നത് സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തെ അടിയറവ് വെക്കുന്നതിന് തുല്യവുമായിരിക്കും. 'പിഎം ശ്രീ: ഫെഡറൽ വിദ്യാഭ്യാസത്തിന്റെ ചരമക്കരാർ' ലേഖനപരമ്പരയുടെ രണ്ടാം ഭാഗം.

പി.എം. ശ്രീയിലെ ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ്

പിഎം ശ്രീ (പ്രൈം മിനിസ്റ്റർ സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാനുള്ള തീരുമാനത്തെച്ചൊല്ലി കേരളത്തിൽ അടുത്തിടെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളും, വിമർശനങ്ങളും ആണ് ഈ പദ്ധതിക്ക് പുറകിലുള്ള ജനാധിപത്യ - ഫെഡറൽ ധ്വംസനങ്ങൾ സംവാദ വിഷയമാകുന്നതിനു കാരണമായത്. 'ജനാധിപത്യ' ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രീകൃത നിയന്ത്രണ പ്രവണതകളെ സംബന്ധിച്ചും, ഫെഡറൽ സഹകരണ മാതൃകയിൽ വന്നിട്ടുള്ള ആഴത്തിലുള്ള വിള്ളലുകളും ഇത് പുറമേക്ക് ദൃശ്യമാക്കി. ഒപ്പം, നാളിതുവരെ, കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിലെ ഹിന്ദുത്വ അജണ്ടകളെയും, അതിന്റെ വർഗീയ സ്വഭാവത്തെയും എതിർക്കുകയും, പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്ത കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേന്ദ്രം തടഞ്ഞുവെച്ച എസ്എസ്എ ഫണ്ടുകൾ ലഭിക്കാൻ എന്ന പേരിൽ നിലപാടുകളിൽ മലക്കംമറിച്ചിലുകൾ നടത്തുന്നതും നാം കണ്ടു.  

1935-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട് പ്രകാരം വിദ്യാഭ്യാസം ഒരു വിഷയമായി പ്രവിശ്യാ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോഴാണ് വിദ്യാഭ്യാസ നിർവഹണത്തിൽ ഫെഡറലിസം ഉയർന്നുവന്നത്. അതിനുശേഷം, 'പൊതുവിദ്യഭ്യാസം' സംസ്ഥാന പട്ടികയിൽ സംസ്ഥാന നിയന്ത്രണത്തിലുള്ള വിഷയമായി മാറി. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 246-ന്റെ ഷെഡ്യൂൾ VII പ്രകാരം വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സ്വരൺ സിംഗ് കമ്മിറ്റി വാദിച്ചു. അതിന്റെ ഫലമായി 1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി. ഇതിന്റെ അർത്ഥം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം സംസ്ഥാന അസംബ്ലികളും പാർലമെന്റും പങ്കിടുന്നു എന്നാണ്. എന്നിരുന്നാലും സ്കൂൾ വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്കാണ് പ്രാഥമിക ഉത്തരവാദിത്തം ഉള്ളത്. പാഠ്യപദ്ധതി, ഭാഷാനയം, അധ്യാപക നിയമനം, ആർടിഇ നടപ്പാക്കൽ എന്നിവയിലെല്ലാം സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കാണ് ഭരണഘടനാപരമായ മേൽകൈ അനുവദിച്ചിരിക്കുന്നത്. ഇതിനെ അട്ടിമറിക്കാനുള്ള ശ്രമം കൂടിയാണ് പിഎം ശ്രീ വഴി കേന്ദ്രം ലക്ഷ്യം വെക്കുന്നത്.  

പിഎം ശ്രീയുടെ നടപ്പാക്കൽ, ഒരു കൺകറന്റ് വിഷയത്തിൽ ധനപരമായ ആധിപത്യം ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഫെഡറൽ തത്വങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ്. ഗുണനിലവാര മെച്ചപ്പെടുത്തൽ എന്ന ലക്ഷ്യം മുന്നിലേക്കിട്ടുകൊടുത്തുകൊണ്ട് അതിനായി ഫണ്ടുകൾ അനുവദിക്കുമെന്ന വ്യവസ്ഥകൾ നൽകി പ്രലോഭിച്ച് സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കമാണ് പിഎം ശ്രീ. അതിന്റെ നടപ്പിലാക്കൽ രീതി ഏകപക്ഷീയമായി മാറുകയാണ് ചെയ്യുന്നത്. പ്രധാനമായും മുഖ്യ വിദ്യാഭ്യാസ ഫണ്ടുകളെ നയ സ്വീകാര്യതയുമായി ബന്ധപ്പെടുത്തൽ, നിർബന്ധിത ബ്രാൻഡിങ്, സംസ്ഥാനവ്യാപക പ്രതിബദ്ധത ഉറപ്പിക്കൽ എന്നിവ സംസ്ഥാനങ്ങളുടെ ഫെഡറൽ, ജനാധിപത്യ സ്വയംഭരണത്തെ ഗണ്യമായി ദുർബലപ്പെടുത്തുന്നു.  കേരളത്തിലെ ഇടതു സർക്കാർ എൻഇപി-യെ തുടക്കം മുതലേ എതിർത്ത് പോന്നിരുന്നു. 'കേന്ദ്രീകരണം, വാണിജ്യവൽക്കരണം, കാവിവൽക്കരണം, ആർഎസ്എസ് അജണ്ട' എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് ഈ വിയോജിപ്പുകൾ ഉണ്ടായിരുന്നത്. എൻഇപി-യിലെ ഏകീകൃത ഘടന (5+3+3+4), പാഠ്യപദ്ധതി നിർദേശങ്ങൾ, ഭാഷാ നയം എന്നിവ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നായിരുന്നു വാദിച്ചിരുന്നത്. ഇന്ത്യൻ ജьഞാന വ്യവസ്ഥ പോലുള്ള പുരാതന ഹിന്ദു ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങൾ ആർഎസ്എസ്/ബിജെപി അജണ്ടയാണെന്നും മതേതരത്വം, ശാസ്ത്രീയ മനോഭാവം, സാമൂഹിക നീതി എന്നിവ ദുർബലമാകുമെന്നും എതിർപ്പുകൾക്കു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിയോജിപ്പ് സിപിഐ (എം), സിപിഐ, എസ്എഫ്ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതു സംഘടനകളെല്ലാം ശക്തമായി പ്രകടിപ്പിച്ചിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എൻഇപി-യെ 'രാഷ്ട്രത്തിന് അപകടം' എന്നും, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി “ആർഎസ്എസ് അജണ്ടയിലൂടെ" വിദ്യാഭ്യാസ മേഖല തകർക്കാൻ ശ്രമിക്കുന്നതായും ആരോപിച്ചു. തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉയർത്തിയ പ്രതിഷേധങ്ങൾക്കൊപ്പം അന്ന് കേരളവും ഉണ്ടായിരുന്നു. എന്നാൽ 2025 ഒക്ടോബറിൽ പിഎം ശ്രീ പദ്ധതിയുടെ കരാറിൽ ഒപ്പുവെക്കാൻ കേരളം തീരുമാനിക്കുന്നതിലൂടെ, മുൻ പ്രത്യയശാസ്ത്ര നിലപാടുകളിൽ തന്നെ മാറ്റം വരുത്തുകയാണ് മുൻ ഭരണകക്ഷിയായ എൽ ഡി എഫ് ചെയ്തത്. ഇത് സ്വാഭാവികമായും മറ്റു ചില ഇടതു സംഘടനകൾക്കുള്ളിൽ ചില വിയോജിപ്പുകൾക്കു കാരണമാവുകയും, ഒരു രാഷ്ട്രീയ പ്രതിസന്ധിയായി തീരുകയും ചെയ്തു.  

സമഗ്ര ശിക്ഷാ അഭിയാൻ (SSA) ഫണ്ടുകൾ കേന്ദ്രം തടഞ്ഞത് മൂലം അധ്യാപക ശമ്പളം, സ്കോളർഷിപ്പുകൾ, സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ തകരാറിൽ ആയെന്നും, ഇത് ഏതാണ്ട് 40 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുമെന്നുമാണ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. സമഗ്ര ശിക്ഷാ കേരള പ്രതിവർഷം ശരാശരി 750 കോടി രൂപയുടെ പദ്ധതി എസ്റ്റിമേറ്റ് ആണ് കേന്ദ്രത്തിന് സമർപ്പിക്കുന്നത്. ഇതിൽ 360 കോടി മുതൽ 400 കോടി രൂപ വരെയാണ് 60% കേന്ദ്ര വിഹിതമായി കേരളത്തിന് പ്രതിവർഷം ലഭിക്കേണ്ടത്. 2022-23 സാമ്പത്തിക വർഷത്തിൽ 141 കോടി രൂപ നൽകിയതിന് ശേഷം കേന്ദ്ര സർക്കാർ എസ്എസ്എ-യ്ക്കുള്ള ഫണ്ട് അനുവദിച്ചിട്ടില്ല. ഈ ഫണ്ടുകൾ ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലക്കാണ്, കേന്ദ്രത്തിന്റെ സാമ്പത്തിക സമ്മർദ്ദത്തിന് സംസ്ഥാനത്തിന് വഴങ്ങേണ്ടി വന്നത്. തടഞ്ഞുവെച്ച ഈ കേന്ദ്ര ഫണ്ടുകൾ ലഭിക്കാനുള്ള 'തന്ത്രപരമായ നീക്കം' മാത്രമായിരുന്നു പിഎം ശ്രീ കരാറിൽ ഒപ്പുവെക്കൽ എന്നും, എൻഇപി-യുടെ എല്ലാ ഭാഗങ്ങളും അംഗീകരിക്കുന്നില്ലെന്നും, കേരളത്തിന്റെ അക്കാദമിക് ദർശനത്തിന് അനുസൃതമായ ഭാഗങ്ങൾ മാത്രം നടപ്പാക്കുമെന്നും പറഞ്ഞു കൊണ്ട് ഈ വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി ന്യായീകരണം നൽകി.

മുൻപ് സൂചിപ്പിച്ച പോലെ പിഎം ശ്രീ കരാറിൽ എവിടെയും, അതിൽ ഒപ്പുവെച്ച് കഴിഞ്ഞാൽ മുടങ്ങി കിടക്കുന്ന കേന്ദ്ര ഫണ്ടുകൾ ലഭിക്കും എന്ന സൂചനകളോ, തുടർന്നും കേന്ദ്ര ഫണ്ടുകൾ തടസ്സങ്ങൾ കൂടാതെ ലഭിക്കുന്നത് ഉറപ്പു വരുത്താൻ ഈ കരാറിലൂടെ സാധിക്കും എന്ന നിബന്ധനയോ ഇല്ല എന്ന് കാണാം. ഇത് ഒരുതരത്തിൽ കേന്ദ്ര സർക്കാരിന്റെ സ്വേച്ഛാധിപത്യപരമായ സമ്മർദ്ദ തന്ത്രം മാത്രമായിരുന്നു. അതിനു വഴങ്ങേണ്ടി വരുമ്പോൾ കേരളത്തിന് അടിയറവ് വെക്കേണ്ടി വന്നത് ഭരണഘടനാപരമായ സംസ്ഥാനത്തിന്റെ സ്വയം ഭരണാവകാശങ്ങളും, ചില പുരോഗമനപരമായ കാഴ്ചപ്പാടുകളും ആണ്. കേരളം എൻഇപി-യെ പൂർണ്ണമായി അംഗീകരിച്ചിട്ടില്ലെന്നും, തങ്ങളുടെ പൊതു വിദ്യാഭ്യാസ മാതൃക അതിന്റെ സവിശേഷതകളായ സാമൂഹിക നീതി, ശാസ്ത്രീയ മനോഭാവം എന്നിവയുൾപ്പെടെ നിലനിർത്തുമെന്നും ഇടതു സർക്കാർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും, പല കാര്യത്തിലും വിട്ടുവീഴ്ചകളോടെ ചില വ്യവസ്ഥകൾ അംഗീകരിച്ചു നയം സാവകാശത്തിലെങ്കിലും നടപ്പിലാക്കുന്ന പ്രവണതയാണ് ഇടതു സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.  

എൻഇപി-യുടെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ 2020-ൽ തന്നെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) എന്ന പേരിൽ പ്രഭാത് പട്നായിക് അധ്യക്ഷനായ ഒരു ആറംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. നയം പിന്തിരിപ്പൻ ആണെന്നും, പുറന്തള്ളൽ പ്രവണതയാണ് അതിന്റെ കാതൽ എന്നായിരുന്നു കമ്മിറ്റിയുടെ നിഗമനം. പ്രവേശനം, തുല്യത, സാമൂഹിക നീതി, സംവരണ സംവിധാനം എന്നിവയിൽ പദ്ധതി ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കകളും കമ്മിറ്റി എടുത്തുപറഞ്ഞു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജനാധിപത്യ തത്വങ്ങളെയും ഫെഡറൽ സംവിധാനത്തെയും അവഗണിച്ചുകൊണ്ട്, സ്വകാര്യ നിക്ഷേപത്തിന്റെയും സാങ്കേതിക മുതലാളിത്തത്തിന്റെയും ആവശ്യങ്ങളുമായി രാജ്യത്തിന്റെ വിദ്യാഭ്യാസത്തെ യോജിപ്പിക്കാൻ 2020-ലെ എൻഇപി ശ്രമിക്കുന്നുവെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. പക്ഷേ, നാലുവർഷ ബിരുദവും, ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രൂപീകരിച്ച അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (ABC) രജിസ്റ്റർ ചെയ്യുകയും, ഇന്ത്യൻ ജ്ഞാന വ്യവസ്ഥക്ക് പൂരകമായി കേരളത്തിന്റെ ജ്ഞാന വ്യവസ്ഥ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുത്തുകയും നിലപാടുകളിൽ വെള്ളം ചേർക്കുകയാണ് ഇടത് സർക്കാർ ചെയ്തത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയായ 'റൂസ' (RUSA) ഉൾപ്പെടെയുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക വിഹിതം ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ രംഗത്ത് എൻ ഇ പി വ്യവസ്ഥകൾ നടപ്പിലാക്കേണ്ടി വന്നത് പോലെ, പിഎം ശ്രീയിലൂടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കേണ്ടി വരുന്ന അവസ്ഥയാണ് സംസ്ഥാന സർക്കാരുകൾ അഭിമുഖീകരിക്കുന്നത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുന്ന രീതിയാണ് കേന്ദ്രം അനുവർത്തിക്കുന്നത്.  

പിഎം ശ്രീ: വാഗ്ദാനവും വസ്തുതകളും

കാലയളവ് പ്രകാരം പദ്ധതി പകുതി വഴി പിന്നിട്ടിട്ടും, അനുവദിച്ച ഫണ്ടിന്റെ മൂന്നിലൊരു ഭാഗത്തിലും അല്പം കൂടുതൽ മാത്രമേ സർക്കാർ ചെലവഴിച്ചിട്ടുള്ളു എന്ന് "ദി ക്വിന്റ്' അതിന്റെ റിപ്പോർട്ടിൽ വിശകലനം ചെയ്യുന്നുണ്ട് (ഏപ്രിൽ 2025). പദ്ധതിക്ക് കൂടുതൽ പണം ലഭിച്ചിട്ടും വിനിയോഗത്തിൽ അത് കുറവാണെന്നു കാണാം. ഇതുവരെ, 33 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കേന്ദ്രീയ വിദ്യാലയം, നവോദയ, എൻസിഎആർടി എന്നിവയുൾപ്പെടെ ആകെ 13,076 സ്കൂളുകൾ ആണ് പിഎം ശ്രീ ആയി തിരഞ്ഞെടുത്തിട്ടുള്ളത്. 2024 സാമ്പത്തിക വർഷത്തിൽ 4,000 കോടി രൂപയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തേക്ക് 7,500 കോടി രൂപയായി പദ്ധതിക്കുള്ള ഫണ്ട് വർധിച്ചിട്ടുണ്ട്.  

സംസ്ഥാനങ്ങൾക്ക് ബജറ്റിൽ അനുവദിച്ച കേന്ദ്ര വിഹിതത്തിന്റെ വിശകലനത്തിൽ 2025 സാമ്പത്തിക വർഷത്തിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച ഫണ്ടിൽ വലിയ അന്തരങ്ങൾ ഉണ്ട്. ബിഹാറിനുള്ള കേന്ദ്ര വിഹിതമായ 360 കോടിയിലധികം രൂപയിൽ നിന്ന് സംസ്ഥാനം സ്വീകരിച്ചത് പൂജ്യം ഫണ്ട് ആണെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ 17 സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ വിഹിതത്തിന്റെ 52.2% മധ്യപ്രദേശിനും, ഗുജറാത്തിന് 41.3% ആണ് ലഭിച്ചിട്ടുള്ളത്. ഫണ്ടുകൾ വിനിയോഗിക്കുന്ന കാര്യത്തിൽ സ്കൂളുകൾ തമ്മിലും ഈ അന്തരം നിലനിൽക്കുന്നുണ്ട്. പൊതുവിൽ കേന്ദ്രീയ വിദ്യാലയങ്ങളും, നവോദയ വിദ്യാലയങ്ങളും ആണ് ഫണ്ട് വിനിയോഗത്തിൽ താരതമ്യേന മെച്ചപ്പെട്ട പ്രവർത്തനം കാണിക്കുന്നത്. ഡിപ്പാർട്ടമെന്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസി (DSEL) ക്കായി അനുവദിക്കുന്ന മൊത്തം ബജറ്റിന്റെ 29% കേന്ദ്രീയ വിദ്യാലയം, നവോദയ, പിഎം ശ്രീ സ്കൂളുകൾക്കായി നീക്കിവെക്കുന്നുവെന്നും (ആകെ 20 ലക്ഷം വിദ്യാർത്ഥികൾ), അതേസമയം, 15.6 കോടിയിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ശേഷിക്കുന്ന 11.6 ലക്ഷം സ്കൂളുകൾക്കായി ഡിഎസ്ഇഎല്ലിന്റെ മൊത്തം ബജറ്റിന്റെ 51% മാത്രമാണുള്ളത്. വർഷങ്ങളായി ഇത് കുറഞ്ഞുവരികയാണ് എന്നും 'റൈറ്റ് റ്റു എഡ്യൂക്കേഷൻ' ഫോറത്തിന്റെ ദേശീയ സെക്രട്ടറിയായ മിത്ര രഞ്ജൻ ചൂണ്ടിക്കാണിക്കുന്നു. സ്വാഭാവികമായും ഇത് സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളുടെ കാര്യത്തിൽ പുരോഗതിയെ സാവധാനത്തിൽ ആക്കുകയും, സ്കൂളുകൾ തമ്മിലുള്ള വേർതിരിവുകൾ വർധിപ്പിക്കുകയും ചെയ്യും. 

പിഎം ശ്രീ പദ്ധതി, ഇന്ത്യയിലെ മറ്റ് പ്രധാന കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളിൽ നിന്ന് വ്യാപ്തി, ഫണ്ടിംഗ് സംവിധാനം, നടപ്പാക്കൽ ശൈലി, പ്രത്യയശാസ്ത്രപരമായ ഊന്നൽ, ഫെഡറലിസത്തിലുള്ള സ്വാധീനം എന്നിവയിൽ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. സമഗ്ര ശിക്ഷാ അഭിയാൻ (എസ്എസ്എ), മിഡ്-ഡേ മീൽ (ഇപ്പോൾ പിഎം പോഷൻ) തുടങ്ങിയ പദ്ധതികൾ പൊതുവിൽ സാർവത്രിക പ്രവേശം, തുല്യത, പോഷകാഹാരം അല്ലെങ്കിൽ നിർദ്ദിഷ്ട ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പിഎം ശ്രീ തിരഞ്ഞെടുക്കപ്പെട്ടതും, 'മോഡൽ' എന്ന് കരുതുന്നതും ആയ സ്കൂളുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എൻഇപി2020-ന്റെ പ്രദർശന ശാലയായി സ്കൂളുകളെ മാറ്റാനും, നിയന്ത്രണം കേന്ദ്രീകരിക്കുന്നതിനും വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനും ഉള്ള പദ്ധതിയായി മാറുന്നു പിഎം ശ്രീ. എസ്എസ്എ ഫണ്ടുകൾ തടയുന്നതും, മോഡൽ സ്കൂളുകൾ സൃഷ്ടിക്കുന്നതും, പ്രൈവറ്റ്/ ഫിലാന്ത്രോപ്പിക് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതും തുല്യതയോടു കൂടിയ വിദ്യാഭ്യാസത്തിനു വിരുദ്ധമായി തീരുന്നു. ഇതിനെല്ലാം അപ്പുറം പലപ്പോഴും ഇത്തരം പി എം ശ്രീ സ്കൂളുകൾ പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' പരിപാടിയുടെയും, ബിജെപി ഭരണകൂടത്തിന്റെ പ്രൊപ്പഗാണ്ട പരിപാടികളുടെയും 'ലൈവ് ടെലികാസ്റ്റ്' നിർബന്ധമായും പ്രക്ഷേപണം നടത്തേണ്ട ഇടങ്ങളായും മാറുന്നുണ്ട് എന്ന് അധ്യാപകർ തന്നെ വെളിപ്പെടുത്തുന്നു.  

കേന്ദ്രപദ്ധതികൾ ഫെഡറൽ ലംഘനങ്ങളുടെ തുടർച്ചകൾ ആവുമ്പോൾ

ആർടിഇ/സമഗ്ര ശിക്ഷ പോലുള്ള അവകാശാധിഷ്ഠിത പദ്ധതികളുടെ ഫണ്ട് എൻഇപി പോലുള്ള നയത്തിന്റെ സ്വീകാര്യതയുമായി ബന്ധപ്പെടുത്തുന്നത് 'കോർസിവ് ഫെഡറലിസം' (coercive federalism) അഥവാ ധനകാര്യം വഴിയുള്ള ഫെഡറലിസം എന്ന് വിലയിരുത്തപ്പെടുന്നു. "സംസ്ഥാന സ്വയംഭരണം... കേന്ദ്ര ധനസഹായം ലഭിക്കുന്നതിനുള്ള ഒരു വിലപേശൽ പോയിന്റാക്കി മാറ്റുന്ന" ഖേദകരമായ അവസ്ഥ എന്നും, ഫെഡറൽ സന്തുലിതാവസ്ഥയെ ഇല്ലാതാക്കുന്ന 'സോപാധിക ക്ഷേമം' എന്നും വിവിധ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. പലപ്പോഴും സ്ഥാപന ശരീരത്തിന് സ്വാഭാവികമായി തോന്നുന്ന ചില അച്ചടക്ക മാർഗ്ഗങ്ങൾ ആണ് ഇത്തരം നിയന്ത്രണങ്ങൾക്കു വേണ്ടി ആധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾ അനുവർത്തിക്കുന്നത്. പ്രത്യേകിച്ച് സ്ഥാപനപരമായ ബാധ്യതകളും, മൂല്യനിർണ്ണയങ്ങളും 'ഡിജിറ്റലൈസ്' ചെയ്തുകൊണ്ടുള്ള സാങ്കേതിക പരിഷ്കരണങ്ങൾ കേന്ദ്രസ്ഥാനത്ത് നിന്ന് എല്ലാ തലത്തിലും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുംവിധമുള്ള ഒരു 'പാൻഓപ്റ്റിക്കൺ' (J Bentham) സംവിധാനമായി മാറുന്നു.  

സുതാര്യത ഉറപ്പു വരുത്തുന്നതിനും, കാര്യക്ഷമത വർധിപ്പിക്കുന്നതിനും കേന്ദ്ര ഭരണകൂടം നടപ്പിലാക്കിയ 'സാങ്കേതിക-സാമ്പത്തിക പശ്ചാത്തല സൗകര്യങ്ങൾ' (techno-financial infrastructure) എന്ന ടെക്നോ-ഗവേണൻസ് സംവിധാനം ഫെഡറലിസത്തിന്റെ രാഷ്ട്രീയ ഉപരിഘടനയെ മാത്രമല്ല, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളുടെ അടിത്തറയെയും അട്ടിമറിച്ചു കൊണ്ട്, സംസ്ഥാനങ്ങളെ ഒരു 'സാമ്പത്തിക സർവെയ്ലൻസി' നു കീഴിൽ ആക്കി (Arun Kumar P.K. and Anivar Aravind The Wire, Oct/2025) എന്ന് നിരീക്ഷിക്കപ്പെടുന്നു.  മുൻകാലങ്ങളിൽ കേന്ദ്ര പദ്ധതികൾക്കുള്ള വിഹിതം മുൻകൂർ ആയിത്തന്നെ സംസ്ഥാനങ്ങൾക്ക് നൽകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. 2021-ൽ ആണ് കേന്ദ്ര സർക്കാർ സുതാര്യത ഉറപ്പാക്കുന്നുവെന്ന പേരിൽ സിംഗിൾ നോഡൽ ഏജൻസി (SNA) മോഡൽ നടപ്പിലാക്കിയത്. ഈ പുതിയ സാങ്കേതിക-സാമ്പത്തിക പശ്ചാത്തല സൗകര്യത്തിന്റെ പ്രത്യേകത എന്നത് സംസ്ഥാന ട്രഷറി സോഫ്റ്റ്‌വെയറിനെ (ഐഎഫ്എംഎസ്) കേന്ദ്ര ട്രഷറി സോഫ്റ്റ്‌വെയറുമായി (പിഎഫ്എംഎസ്) നിർബന്ധിതമായി സംയോജിപ്പിക്കുന്നു എന്നതാണ്. ഐഎഫ്എംഎസ്-പിഎഫ്എംഎസ് സംയോജനം ഒരു സ്വയം നിയന്ത്രണ ശിക്ഷാ സംവിധാനമായി പ്രവർത്തിക്കുന്നു. ഈ സംവിധാനത്തിന് ആവശ്യമായ 'തീരുമാന ഘടകങ്ങൾ' സംസ്ഥാനങ്ങൾ നിർബന്ധിതമായി ഒപ്പിടുന്ന ധാരണാപത്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മറ്റ് വ്യവസ്ഥകളിൽ നിന്നുമാണ് ലഭിക്കുന്നത്. സ്വാഭാവികമായും സംസ്ഥാനം എസ്എസ്എ ഫണ്ട് ആവശ്യപ്പെട്ട് ഒരു ക്ലെയിം അയയ്ക്കുമ്പോൾ, കേന്ദ്രത്തിന്റെ പിഎഫ്എംഎസ് സോഫ്റ്റ്‌വെയർ സംസ്ഥാനവുമായുള്ള ധാരണാപത്രങ്ങളിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്ന് തത്സമയം പരിശോധിക്കുകയും, ഉത്തരം 'ഇല്ല' എന്നാണെങ്കിൽ ഫണ്ടിനായുള്ള അഭ്യർത്ഥന സാങ്കേതികമായി തന്നെ നിരസിക്കപ്പെടുകയും ചെയ്യുന്നു. ഒരു രാഷ്ട്രീയ ഉത്തരവിനോ, വിശദീകരണത്തിനോ മുകളിൽ ഇത്തരം സാങ്കേതിക അച്ചടക്ക സംവിധാനങ്ങൾ കൂടുതൽ ആഘാതശേഷിയുള്ളതാണ്. വിദ്യാഭ്യാസ ഫെഡറൽ വ്യവസ്ഥയ്ക്ക് മീതെ ഒട്ടും ജനാധിപത്യപരമല്ലാത്ത വിധം ആധിപത്യം സ്ഥാപിക്കാനും നിരന്തരം സംസ്ഥാനങ്ങളെ 'നിരീക്ഷണ പരിധിയിൽ' നിർത്താനും കേന്ദ്ര അധികാര ശക്തികൾക്ക് ഇത് അപകടകരമായ സാധ്യതകൾ നൽകുന്നു.  

ഭരണഘടനാപരമായി, കേന്ദ്രത്തിന് നയങ്ങളും പദ്ധതികളും രൂപകൽപ്പന ചെയ്യാനും നിബന്ധനകൾ വയ്ക്കാനും അധികാരമുണ്ടെങ്കിലും, അവകാശാധിഷ്ഠിത പദ്ധതികളെ ആശയപരമായ സ്വീകാര്യതയുമായി ബന്ധപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധവും ഫെഡറൽ ഘടനയ്ക്ക് എതിരുമാണ്. സംസ്ഥാന-സർക്കാരുമായി കുറഞ്ഞ ഔദ്യോഗിക കൂടിയാലോചനകൾ മാത്രം നടത്തിയാണ് കമ്മിറ്റി എൻഇപി 2020 തയ്യാറാക്കിയത്; പിഎം ശ്രീ, സ്റ്റാർസ് പോലുള്ള പദ്ധതികൾ വഴിയുള്ള അതിന്റെ പ്രയോഗം യഥാർത്ഥത്തിൽ കേന്ദ്രത്തിന്റെ ഏകാധിപത്യ പ്രവണതയായി തന്നെ വിശേഷിപ്പിക്കാം. സംസ്ഥാനത്തുടനീളം 'പൂർണ്ണമായും എൻഇപി' എന്ന ധാരണാപത്രത്തിന്റെ ആവശ്യകത, ഒരു ഓപ്ഷണൽ നയത്തെ പങ്കെടുക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ഒരു ദേശീയ മാൻഡേറ്റാക്കി (de facto) മാറ്റുകയാണ് ചെയ്യുന്നത്. നിർബന്ധിത പ്രയോഗവൽക്കരണങ്ങൾ ബദൽ മാതൃകകളുള്ള ആശയപരമായ വ്യത്യാസമുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്നു. സഹകരണ ഫെഡറലിസത്തെ ഒരു കേന്ദ്രാധിപത്യ സംവിധാനമായി അത് പരിവർത്തിക്കും. തമിഴ്നാടിന്റെ കേസും കേരളത്തിലെ ആഭ്യന്തര പ്രതിസന്ധിയും ഈ പിരിമുറുക്കങ്ങൾ വെളിവാക്കുന്നു. ധനപരമായ നിബന്ധനകളുടെ പരിധികളെക്കുറിച്ച് വ്യക്തമായ നീതിന്യായ/ രാഷ്ട്രീയ പരിഹാരം ആവശ്യമാണ്. സാമ്പത്തിക സമ്മർദ്ദം മൂലം നിയമപരമായ ബാധ്യതകൾ ഇല്ലെങ്കിൽ പോലും കേന്ദ്രം ആവിഷ്കരിക്കുന്ന ഓരോ പദ്ധതികളും, സംസ്ഥാനത്തിന്റെ പ്രാദേശിക സാഹചര്യങ്ങളോടും, വിദ്യാഭ്യാസ പശ്ചാത്തലങ്ങളോടും യോജിക്കുന്നില്ലെങ്കിൽ പോലും ഏറ്റെടുക്കാൻ നിർബന്ധിതമാക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ആ വിധം വിദ്യാഭ്യാസം സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ മർദ്ദനോപകരണമായി ഇന്ത്യയിലും മാറിയിരിക്കുന്നു.

തുടരും...

ലേഖനത്തിന്റെ ഒന്നാം ഭാഗം: പി.എം. ശ്രീ: ഫെഡറൽ വിദ്യാഭ്യാസത്തിന്റെ ചരമക്കരാർ https://www.therootsmedia.in/blogs/144/pm-shri-the-death-knell-of-federal-education

Share this link