Author Image വി.ആർ. ജോഷി
07 Jun 2026

രജനി എസ്. ആനന്ദ് മുതൽ നിധിൻ രാജ് വരെ: ഇരകളെ സൃഷ്ടിക്കുന്ന ഭരണകൂട സംവിധാനങ്ങൾ

ക്യാമ്പസുകളിൽ ദലിത്-പിന്നാക്ക വിദ്യാർത്ഥികളുടെ ജീവനുകൾ പൊലിയുമ്പോൾ, അത് കേവലമൊരു ആത്മഹത്യയായി ചുരുക്കുകയാണ് ഭരണകൂടവും പൊതുസമൂഹവും. എന്നാൽ, ഇത്തരം ഓരോ മരണത്തിന് പിന്നിലും ജാതിവിവേചനത്തിന്റെയും സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും കാരണങ്ങളുണ്ട്. ഇ-ഗ്രാന്റ് സംവിധാനത്തിലെ അപാകതകളും, ഫണ്ടുകൾ യഥാസമയം വിതരണം ചെയ്യാത്തതും വിദ്യാർത്ഥികളുടെ പഠനത്തെ പ്രതിസന്ധിയിലാക്കുകയും അവരെ പുറംതള്ളാൻ കാരണമാകുകയും ചെയ്യുന്നു. പ്രതികളെ സംരക്ഷിക്കുന്ന പോലീസ് ഇരട്ടത്താപ്പിനെക്കുറിച്ചും അടിയന്തരമായി നടത്തേണ്ടുന്ന പരിഷ്കാരങ്ങളെക്കുറിച്ചും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി എഴുതുന്നു.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത് പൊതുസമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതിഷേധങ്ങളും വിശദീകരണങ്ങളും ശക്തമായി നടക്കുന്നു. നിധിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിട്ട് ഇപ്പോൾ രണ്ട് മാസം ആകുകയാണ്. ഈ 'ഭരണകൂട കൊലപാതകം' നടന്നിട്ട് 60 ദിവസം കഴിഞ്ഞിട്ടും, കേസിലെ ഒന്നാം പ്രതിയായ ഡോ. എ.കെ. റാമിനെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നിഷേധിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും റാം ഇപ്പോഴും ഒളിവിലാണ്.

നിധിൻ രാജ് ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്തിരുന്നുവെന്നും, അടവ് മുടങ്ങിയപ്പോൾ ആപ്പിന്റെ ആളുകൾ കോളേജിലെ അധ്യാപകരെ വരെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഈ ആത്മഹത്യയ്ക്ക് പിന്നാലെ, ലോൺ ആപ്പ് മാഫിയയെ ഉത്തർപ്രദേശിലെ നോയിഡയിൽ വരെ പോയി തന്ത്രപരമായി അറസ്റ്റ് ചെയ്ത കേരളാ പോലീസിനെയാണ് നമ്മൾ കണ്ടത്. എന്നാൽ, ഇതേ പോലീസിന് എന്തുകൊണ്ടാണ് സ്വന്തം മൂക്കിന് താഴെയുള്ള, നിധിൻ രാജിന്റെ ആത്മഹത്യാക്കുറിപ്പിലെ ഒന്നാം പ്രതിയായ ഡോ. റാമിനെ മാത്രം അറസ്റ്റ് ചെയ്യാൻ കഴിയാത്തത്?

എവിടെയാണ് ഡോ. റാം? ഉത്തരേന്ത്യയിൽ പോയി പ്രതികളെ പിടിക്കുന്ന പോലീസിന്റെ 'മിടുക്ക്' ഇവിടെ എവിടെയാണ് മറയുന്നത്? സ്വാധീനമുള്ള പ്രതികൾക്ക് മുന്നിൽ പോലീസ് നട്ടെല്ല് വളയ്ക്കുന്നു എന്നതിന്റെ പരസ്യമായ തെളിവാണ് ഡോ. റാമിന്റെ ഒളിവ് ജീവിതം. ഇവിടെയാണ് പോലീസിന്റെ കടുത്ത അനാസ്ഥയും ഇരട്ടത്താപ്പും വെളിവാകുന്നത്. നിധിൻ രാജിന് നീതി ലഭിക്കും വരെ ഈ ചോദ്യം നമ്മൾ ചോദിച്ചുകൊണ്ടേയിരിക്കണം.

വർഷങ്ങൾക്കു മുമ്പ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ബിൽഡിങ്ങിന് മുകളിൽ നിന്ന് രജനി എസ്. ആനന്ദ് എന്ന വിദ്യാർത്ഥിനി ചാടി മരിച്ചപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. ഒരു വർഷം മുമ്പ് വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ കേസുകളിലെല്ലാം എടുക്കുന്നത്.

പ്രതിഷേധങ്ങളും സമരങ്ങളും എല്ലാം വൈകാതെ കെട്ടടങ്ങും. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മാത്രം അനുഭവിച്ച് എരിഞ്ഞടങ്ങും. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും ഇനി ഇത് ആവർത്തിക്കരുത്; ഇത് അവസാനത്തേതാകണം എന്ന പൊതുവികാരം പ്രകടിപ്പിക്കപ്പെടുകയും ചെയ്യും. പ്രശ്നങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുവാനും അതിന് ശാശ്വത പരിഹാരമുണ്ടാക്കാനും നിരന്തരമായ ഇടപെടലുകൾ ആത്മാർത്ഥമായി ആരും നടത്തുന്നില്ല എന്നതാണ് വാസ്തവം.

ഈ സംഭവങ്ങളുടെ എല്ലാം അടിസ്ഥാന കാരണം ജാതിവിവേചനവും സാമ്പത്തിക പ്രശ്നങ്ങളുമാണ്. ജാതിവിവേചനവും ഒറ്റപ്പെടുത്തലും സമ്മതിക്കാൻ ആരും തയ്യാറാവില്ല. മതേതരത്വത്തിന്റെയും പുരോഗമനത്തിന്റെയും കപട മുഖംമൂടി അണിഞ്ഞവരാണ് ഏറെയും. ഭരണഘടനാപരമായ പ്രത്യേക പരിരക്ഷയ്ക്ക് അർഹതയുള്ളവരാണ് പീഡിപ്പിക്കപ്പെടുന്നതും ജീവൻ ത്യജിക്കേണ്ടി വരുന്നവരും. അവർക്ക് ഭരണഘടന ഉറപ്പുനൽകുന്ന നീതി ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഭരണഘടന എത്രതന്നെ നന്നായിരുന്നാലും അത് കൈകാര്യം ചെയ്യുന്നവർ നീതിബോധമുള്ളവരും പ്രതിബദ്ധതയുള്ളവരും അല്ലെങ്കിൽ ഭരണഘടനയാൽ ഒരു ഗുണവും ചെയ്യില്ല എന്ന് ഭരണഘടനാ ശില്പി മഹാനായ ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ ഭരണഘടനാ അസംബ്ലിയുടെ അവസാന യോഗത്തിൽ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറിയുമാണ് ഭരണഘടന കൈകാര്യം ചെയ്യുന്നത്. ഇവിടെ ഭരണസംവിധാനങ്ങളുടെ പരാജയമാണ് വ്യക്തമാവുന്നത്.

നിധിൻ രാജ് കേസിലെ പ്രതികളായ ഡോ. എ.കെ. റാമും ഡോ. സംഗീത നമ്പ്യാരും.

പട്ടികജാതിക്കാർക്കെതിരെ അതിക്രമം ഉണ്ടായാലും അയിത്തവും വിവേചനവും ഉണ്ടായാലും അടിയന്തരമായി ഇടപെടേണ്ടത് ബന്ധപ്പെട്ട വകുപ്പും മന്ത്രിയും പോലീസ് സംവിധാനങ്ങളുമാണ്. മുൻ മന്ത്രിസഭയിൽ പിന്നാക്ക-പട്ടികവിഭാഗ ക്ഷേമ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി രാധാകൃഷ്ണന് ഒരു ഔദ്യോഗിക ചടങ്ങിൽ ക്ഷേത്ര സങ്കേതത്തിൽ വെച്ച് അയിത്തം നേരിട്ടപ്പോൾ നിയമപരമായ ഒരു നടപടിയും ആ മന്ത്രി സ്വീകരിച്ചില്ല. താൻ അയിത്ത ജാതിക്കാരനായതുകൊണ്ടാണ് നിലവിളക്ക് തെളിയിക്കാൻ കൈവിളക്ക് ശാന്തിക്കാരൻ തനിക്ക് തരാതെ നിലത്തുവെച്ചതെന്ന് മന്ത്രി അവിടെ പ്രസംഗിച്ചു. ആ പ്രസംഗം കേട്ടുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ആ നിമിഷം തന്നെ "പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമ നിരോധന നിയമത്തി"ന്റെ പരിധിയിൽ അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ല. ദേവസ്വം വകുപ്പിന്റെ ചുമതല കൂടി ഉണ്ടായിരുന്ന മന്ത്രി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോട് തന്നോട് അയിത്തം കാണിച്ച ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതുമില്ല.

ആർ.എൽ.വി. രാമകൃഷ്ണൻ എന്ന അനുഗ്രഹീത കലാകാരന്റെ കറുപ്പ് നിറത്തെ അധിക്ഷേപിക്കുകയും പുച്ഛിക്കുകയും ചെയ്ത ഒരു അധ്യാപികയ്ക്കെതിരെ കേരളത്തിലെ സാംസ്കാരിക നായകർ ആരും കാര്യമായി പ്രതികരിച്ചില്ല. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും എതിരെ വിവേചനവും അയിത്തവും നടന്നിട്ടും ഭരണസംവിധാനങ്ങൾ ആ സ്ഥാപനത്തിന്റെ മേധാവികളെ സംരക്ഷിക്കുകയാണ് ചെയ്തത്.

നിധിൻ രാജിന്റെ ജീവത്യാഗവും വിവേചനത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും കുറ്റപ്പെടുത്തലുകളുടെയും ഫലമായി സംഭവിച്ചതാണ്. അയിത്തവും വിവേചനവും അനുഭവിക്കുന്നവർക്ക് മാത്രമേ അത് തിരിച്ചറിയാൻ കഴിയൂ. മരണകാരണം ബ്ലേഡ് പലിശയ്ക്ക് എടുത്ത വായ്പയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. വായ്പ എടുക്കേണ്ടി വരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോഴാണ്. നിധിൻ രാജിന് പഠനത്തിന് ആവശ്യമായ എല്ലാ സാമ്പത്തിക സഹായവും സൗജന്യ താമസ സൗകര്യങ്ങളും പഠനോപകരണങ്ങളും യൂണിഫോമുകളും സംഘടിപ്പിക്കുവാൻ മുൻകൂർ തുക ലഭിക്കുവാനും അർഹതയുണ്ട്. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഈ നിലയിൽ എന്ത് സഹായമാണ് ഈ വിദ്യാർത്ഥിക്ക് നൽകിയത് എന്ന് പരിശോധിക്കപ്പെടണം.

മുൻവർഷങ്ങളിൽ പട്ടികവിഭാഗ വിദ്യാർത്ഥികൾക്കനുവദിച്ച സാമ്പത്തിക സഹായം ഈ കോളേജിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യപ്പെടാതെ ഇപ്പോഴും കെട്ടിക്കിടക്കുന്നു എന്ന് മനസ്സിലാക്കുന്നുണ്ട്. ഇത് കേരളത്തിലെ മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിശേഷിച്ച് സ്വാശ്രയ സ്ഥാപനങ്ങളിലും ഉണ്ടായിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും നിയമവിരുദ്ധമായ രീതിയിൽ പല പേരുകളിൽ തുക ഈടാക്കാറുണ്ട്. വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അർഹതയുള്ള വിദ്യാർത്ഥികൾ യാതൊരു ഫീസും നൽകേണ്ടതില്ല എന്ന് വ്യവസ്ഥയുണ്ടെങ്കിലും സ്ഥാപന മേധാവികൾ തുക ഈടാക്കുന്നുണ്ട് എന്ന വസ്തുത ഭരണാധികാരികൾക്കും വകുപ്പിനും നല്ല ബോധ്യമുള്ള കാര്യമാണ്. പക്ഷേ ആരും ഇടപെടാറില്ല. പല ഭരണാധികാരികൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും സ്വാശ്രയ സ്ഥാപനങ്ങളുമായി അവിഹിതമായ പല ബന്ധങ്ങളുമുണ്ട് എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ അഡ്മിഷൻ സംബന്ധിച്ചും ഫീസ് ഇളവ് സംബന്ധിച്ചും മറ്റും പല ഇടപാടുകളും ഉണ്ടെന്നാണ് കേൾക്കുന്നത്.

യഥാസമയം വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും അത് വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ പരാജയപ്പെടുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ഫീസ് അനുവദിക്കലും വിതരണം ചെയ്യുന്നത് സംബന്ധിച്ചും എല്ലാ വിവരങ്ങളും ഇ-ഗ്രാന്റ് സോഫ്റ്റ്‌വെയറിൽ ലഭ്യമാകുമെന്ന് പറയുമെങ്കിലും ആ സോഫ്റ്റ്‌വെയർ ഒട്ടേറെ അപാകതകൾ നിറഞ്ഞതാണ്. നിധിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനും ജനകീയ പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നടക്കട്ടെ.

പ്രതികളായ ഡോ. എ.കെ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും അറസ്റ്റ് ചെയ്യണമെന്നും കോളേജിൽ നിന്ന് പുറത്താക്കണമെന്നും നിധിൻ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 28-ന് 'നിധിൻ രാജ് ആക്ഷൻ കൗൺസിൽ' പ്രഖ്യാപിച്ച ഹർത്താലിൽ സമര പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുന്നു.

വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും അടിസ്ഥാന പ്രശ്നങ്ങളായ വിദ്യാഭ്യാസാനുകൂല്യങ്ങളുടെയും സാമ്പത്തിക സഹായങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് ആവശ്യമായ ശക്തമായ ഇടപെടലുകളും ഈ സന്ദർഭത്തിൽ നടത്തേണ്ടതുണ്ട്. നിധിൻ രാജിന്റെ ജീവത്യാഗം അതിനു നിമിത്തമാകട്ടെ. പട്ടികജാതി വികസന വകുപ്പിൽ 25 വർഷത്തിലേറെയുള്ള സേവന പരിചയത്തിന്റെയും ആ വകുപ്പിലെ അഡീഷണൽ ഡയറക്ടർ എന്ന നിലയിലുള്ള അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ പ്രശ്നപരിഹാരങ്ങൾക്കായി ഇനി പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നു:

  • പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് അർഹമായ തുക എത്ര? വിതരണം ചെയ്തത് എത്ര? കുടിശ്ശിക എത്ര? ബാങ്കുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്ന തുക എത്ര? അടിയന്തരമായി ഇത് കണ്ടെത്തി പരസ്യമായി പ്രഖ്യാപിക്കണം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും ഉണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണം.

  • വീഴ്ച വന്ന തുക അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഒപ്പം ബാങ്കുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന തുക അർഹരായ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനും സമയബന്ധിതമായ നടപടി സ്വീകരിക്കുക.

  • കോഴ്സുകൾ തുടങ്ങി ഒരു മാസത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് അർഹമായ തുക ലഭ്യമാക്കുന്നതിനും അത് വീഴ്ച കൂടാതെ ഉറപ്പാക്കുന്നതിനും എന്തു നടപടി വേണം എന്ന് കണ്ടെത്തി നടപ്പാക്കുക.

  • അപേക്ഷകളുടെ പരിശോധനയും തീർപ്പുകൽപ്പിക്കലും വേഗത്തിൽ നിർവഹിക്കുന്നതിനും അർഹമായ തുക വിദ്യാർത്ഥികൾക്ക് ലഭ്യമാവുന്നു എന്ന് ഉറപ്പാക്കുന്നതിനും കഴിയുംവിധം ഇ-ഗ്രാന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുക.

  • സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപേക്ഷകളുടെ പരിശോധന സ്ഥാപന മേധാവികളെ ഏൽപ്പിക്കുക. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന അർഹമായ തുക ക്ലെയിം ചെയ്യുവാൻ ചുമതലപ്പെടുത്തുക. അതുവഴി ഡിപ്പാർട്ട്മെന്റിൽ ലഭ്യമാകുന്ന ഉദ്യോഗസ്ഥരുടെ സേവനം സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധിക്കുന്നതിനും വീഴ്ചകൾ ഒഴിവാക്കുന്നതിനും പ്രയോജനപ്പെടുത്തുക.

  • സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിശ്ചയിക്കുന്ന ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് അടക്കമുള്ള എല്ലാ ഫീസുകളുടെയും വിവരങ്ങൾ മുൻകൂട്ടി എൻട്രൻസ് പരീക്ഷ പ്രോസ്പെക്ടസിൽ രേഖപ്പെടുത്തുക.

  • സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ വകുപ്പ് തന്നെ പരിശോധിക്കുകയും അർഹമായ തുക അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിക്കുക. സ്വാശ്രയ സ്ഥാപനങ്ങളിൽ നേരിട്ടുള്ള പണം കൈപ്പറ്റൽ നിരോധിക്കുക. അനാവശ്യ തുക ഈടാക്കൽ തടയാനും നിയന്ത്രിക്കാനും അതുവഴി കഴിയും.

  • വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കും സമുദായ സംഘടനാ നേതാക്കൾക്കും വിദ്യാഭ്യാസാനുകൂല്യങ്ങളെ സംബന്ധിച്ചും അത് ലഭ്യമാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളെ സംബന്ധിച്ചും ബോധവൽക്കരണ പരിപാടികൾ നടത്തുകയും അത് കുട്ടികൾക്ക് പകർന്നുനൽകാൻ നിർദ്ദേശിക്കുകയും ചെയ്യുക.

  • വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ലഭ്യതയും പ്രവേശനത്തിലെ സംവരണം ഉറപ്പാക്കലും സംബന്ധിച്ച് മോണിറ്റർ ചെയ്യുന്നതിനുള്ള വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റികളെ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലും നിയോഗിക്കുക. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധിയും പട്ടികജാതി വികസന ഓഫീസറും പട്ടികജാതി വികസന ഉപദേശക സമിതി അംഗവും ഈ കമ്മിറ്റിയിൽ ഉണ്ടാവണം.

  • വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് ആവശ്യമായ ഫണ്ട് തികയാതെ വന്നാൽ പദ്ധതി വിഹിതത്തിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന തുകയിൽ നിന്നും കണ്ടെത്തണം.

പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കെട്ടടങ്ങിയാലും ഈ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിനായും ഭരണഘടനാ അവകാശങ്ങൾ നേടിയെടുക്കുന്നതിനായും ഒത്തൊരുമയോടെ പ്രവർത്തിക്കുക എന്ന ആവശ്യമാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്.

Share this link