ഹിന്ദുത്വ ഭരണകൂടം അതിന്റെ പ്രത്യയശാസ്ത്രപരമായ ആധിപത്യം സ്ഥാപിക്കുന്നതിനായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് പി.എം. ശ്രീ. സംഘപരിവാറിന്റെ വിദ്യാഭ്യാസ ദർശനങ്ങളും, സങ്കല്പങ്ങളും, ദേശീയ നയമായി പരിവർത്തിക്കപ്പെടുന്ന രേഖയാണ് എൻ.ഇ.പി. അത് ഫലപ്രദമായി നടപ്പിലാക്കാനുള്ള പദ്ധതിയാണ് പി.എം. ശ്രീ. 'ഒരു രാജ്യം, ഒരു കരിക്കുലം' എന്ന ഏകശിലാത്മക അജണ്ടയിലൂടെ സംസ്ഥാനങ്ങളുടെ ഫെഡറൽ ഭരണഘടനാ അവകാശങ്ങളെയും സാമൂഹിക നീതിയെയും എങ്ങനെയാണ് കേന്ദ്രം അട്ടിമറിക്കുന്നത് എന്ന് വിലയിരുത്തുകയാണ് അധ്യാപകരും എഴുത്തുകാരുമായ കെ.വി. മനോജും ഡോ. സ്മിത പി. കുമാറും. ഭാഗം-1.
ജനാധിപത്യത്തിന്റെ മറവിൽ ഒരു സ്വേച്ഛാധികാര ഭരണകൂടം അതിന്റെ പ്രത്യയശാസ്ത്രപരമായ ആധിപത്യം സ്ഥാപിക്കുന്നതിനായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് പ്രൈം മിനിസ്റ്റേഴ്സ് സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ അഥവാ പി.എം. ശ്രീ. മതേതര ഫെഡറൽ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയാക്കി വിദ്യാഭ്യാസത്തെ പുനഃക്രമീകരിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയായി അത് മാറുന്നു. കോവിഡിന്റെ മറപറ്റിയും പാർലമെന്റിനെ ഇരുട്ടിലാക്കിയും ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇന്ത്യയിലവതരിച്ച 'എൻ.ഇ.പി.-2020' എന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശ്വരൂപം ആണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. മാനായി വന്ന് മാരീചനായി മാറി എന്നു പറയുന്നതുപോലെ മധുരം പുരട്ടിയ സൂക്തങ്ങളുമായി വന്ന് ഇന്ത്യയിലെ വൈവിധ്യപൂർണമായ വിദ്യാഭ്യാസ വ്യവസ്ഥയെയെല്ലാം ഒരൊറ്റ പദ്ധതിയുടെ കാൽച്ചുവട്ടിൽ കൊണ്ടുവന്നിരിക്കുകയാണ് എൻ.ഇ.പി.-2020. രാജ്യത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒരു പരാമർശം പോലുമില്ലാത്ത ഈ പദ്ധതി സാമൂഹിക നീതിയെയും, ഭരണഘടനാ അവകാശങ്ങളെയും അട്ടിമറിക്കുന്നു.
ബംഗാളും, തമിഴ്നാടും ഒഴികെ ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും പി.എം. ശ്രീ. സ്കീമിൽ ഒപ്പിടാൻ തീരുമാനിച്ചതോടെ, അഥവാ നിർബന്ധിതമായതോടെ, അറിഞ്ഞോ, അറിയാതെയോ അവർ എൻ.ഇ.പി.യുടെ നടത്തിപ്പുകാരായി മാറിയിട്ടുണ്ട്. പി.എം. ശ്രീ. എന്ന വിദ്യാഭ്യാസ സർജിക്കൽ സ്ട്രൈക്കിലൂടെ കേന്ദ്ര ഗവൺമെന്റും അതിനു നേതൃത്വം നൽകുന്നവരും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസഭൂമികയിൽ തീവ്രവലതുവത്ക്കരണത്തിന്റെ പെരുമ്പറ കൊട്ടിയാർക്കുകയാണ്. ഇതോടെ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യപരതയേയും, ഫെഡറലിസത്തേയും, മതനിരപേക്ഷ, ബഹുസ്വരസ്വഭാവത്തെയും കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും ഇല്ലാതാവുകയാണ്. പകരം മതാധിഷ്ഠിത, മാനവികേതര, ശാസ്ത്രവിരുദ്ധത വിദ്യാലയങ്ങളിൽ ആഴത്തിൽ വേരൂന്നുകയാണ്.
പി.എം. ശ്രീ. എന്ന സമ്മർദ്ദ തന്ത്രം
കേന്ദ്രീകരണത്തിലും, വർഗ്ഗീയ ധ്രുവീകരണത്തിലും, വാണിജ്യവത്ക്കരണത്തിലും ഊന്നുന്ന എൻ.ഇ.പിയെ വിവിധ സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ അംഗീകരിക്കുകയോ, നടപ്പിലാക്കുകയോ ചെയ്തിരുന്നില്ല. തമിഴ്നാട്, കർണ്ണാടക, പശ്ചിമ ബംഗാൾ, കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ കടുത്ത എതിർപ്പാണ് എൻ.ഇ.പി യ്ക്കുനേരെ ഉയർത്തിയത്. ഇതിൽ ബംഗാളും കർണാടകയും തമിഴ്നാടും ബദൽ സംസ്ഥാനനയം രൂപീകരിക്കുകയും ചെയ്തു. എൻ.ഇ.പി നടപ്പിലാക്കാനോ, നടപ്പിലാക്കാതിരിക്കാനോ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതിയും പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ പേരിൽ മറ്റു ഫണ്ടുകൾ തടഞ്ഞുവെക്കാനാവില്ലെന്നും തമിഴ്നാടിന്റെ കേസിൽ കോടതി ഉറപ്പിച്ചു പറയുകയും ചെയ്തു.
ഈയൊരു സാഹചര്യത്തിലാണ് എൻ.ഇ.പി. നടപ്പിലാക്കാനുള്ള സമ്മർദ്ദ തന്ത്രമെന്ന നിലയിൽ പിഎം ശ്രീ പദ്ധതി കേന്ദ്രം അവതരിപ്പിക്കുന്നത്. 2022-23നും 2026-27നും ഇടയിൽ പിഎം. ശ്രീ. പദ്ധതി പ്രകാരം ഇന്ത്യയിലുടനീളമുള്ള 14,500 സ്കൂളുകളെ നവീകരിക്കാനും, അവയെ എൻഇ.പി.-2020ന്റെ ദർശനം പ്രതിഫലിപ്പിക്കുന്ന മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റുക എന്നതാണ് പി.എം. ശ്രീ. പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ചിലവ് 60:40 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടുന്ന വ്യവസ്ഥയാണുള്ളത്. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾ, ജമ്മു & കശ്മീർ എന്നിവയ്ക്ക് ഈ അനുപാതം 90:10 ആണ്. അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക് നിലവാരം, സമഗ്ര വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് പദ്ധതിയുടെ വിശദാംശങ്ങളിൽ പറയുന്നുണ്ട്. സ്കൂളുകൾക്ക് 'സ്മാർട്ട്' ക്ലാസ് മുറികൾ, ലൈബ്രറികൾ, സയൻസ് ലാബുകൾ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) സൗകര്യങ്ങൾ, ഹരിത കാമ്പസുകൾ എന്നിവ ലഭിക്കും. ഡിജിറ്റൽ ഉപകരണങ്ങൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ജീവിത നൈപുണ്യ പരിശീലനം എന്നിവയുടെ സംയോജനം കൂടി ഈ സ്കൂളുകളിലെ പാഠ്യപദ്ധതികൾ പ്രദാനം ചെയ്യും എന്നും അവകാശപ്പെടുന്നുണ്ട്.
പ്രത്യക്ഷത്തിൽ എൻ.ഇ.പിയെ എതിർക്കുന്ന സംസ്ഥാനങ്ങളെ ഫണ്ടുകളും ആകർഷകമായ മറ്റു വാഗ്ദാനങ്ങളും നൽകി വരുതിയിലാക്കുകയും, അതിലൂടെ എതിർക്കുന്നവരെക്കൊണ്ടുതന്നെ പദ്ധതി നടപ്പിലാക്കിക്കുകയെന്ന ഗൂഢതന്ത്രമാണ് പി.എം. ശ്രീയിലൂടെ നടപ്പിലാകുന്നത്. പിഎം ശ്രീയുടെ ഡാഷ്ബോർഡിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
പി.എം. ശ്രീ. സ്കൂളുകൾ ദേശീയവിദ്യാഭ്യാസനയത്തിന്റെ മികവുകൾ പ്രദർശിപ്പിക്കാനുള്ള വേദികളായിത്തീരുമെന്ന് നയം പറയുന്നു “PM SHRI Scheme (PM Schools for Rising India) aims to qualitatively strengthen the existing schools and showcase the implementation of National Education Policy, 2020 and make them exemplar schools over a period of time". രാജ്യത്തെ പല കേന്ദ്രീയ വിദ്യാലയങ്ങളിലും, നവോദയ സ്കൂളുകളിലും 2022ൽ ത്തന്നെ പദ്ധതി ആരംഭിച്ചിരുന്നു.
സർവശിക്ഷാ അഭിയാൻ പ്രൊജക്ട് 2025-26 വർഷത്തിൽ അവസാനിക്കും. തുടർന്ന് പി.എം. ശ്രീയാവും എൻ.ഇ.പിയുടെ നിർവഹണ പ്രൊജക്ടായി മാറുക. സംസ്ഥാനങ്ങൾക്കു ലഭിക്കാനുള്ള സർവശിക്ഷാ അഭിയാൻ ഫണ്ടു പോലും തടഞ്ഞുകൊണ്ട് സമ്മർദ്ദത്തിലാക്കി പി.എം. ശ്രീയിൽ ഒപ്പിടാൻ കേന്ദ്രം നിർബന്ധിക്കുന്നതിന്റെ പല കാരണങ്ങളിലൊന്ന്, എസ്എസ്എ പദ്ധതി അവസാനിക്കുന്നതോടെ കേന്ദ്രത്തിന്റെ പിടി സംസ്ഥാനങ്ങളിൽ അയയുമെന്നതാവാം. മഴ കഴിഞ്ഞാലും മരം പെയ്യുമെന്നർത്ഥം. എൻ.ഇ.പി വ്യവസ്ഥകൾ നടപ്പിലാക്കാതിരിക്കാനും, കരാറിൽ നിന്നു പിൻമാറാനും ഒപ്പിട്ട ഒരു സംസ്ഥാനത്തിനുമാവില്ല. പി.എം. ശ്രീ. വ്യവസ്ഥകൾ പ്രകാരം കേന്ദ്ര ഗവൺമെന്റിനു മാത്രമേ കരാറിൽ നിന്നു പിൻമാറാൻ അധികാരമുള്ളൂ. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഒപ്പിടുന്ന ഒരു കരാറിൽ നിന്ന് സംസ്ഥാനത്തിന് പിൻമാറാനാവില്ലയെന്ന വ്യവസ്ഥയും സ്വേച്ഛാധിപത്യപരമാണ്.
വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണെങ്കിലും, കേന്ദ്രം ഫണ്ടുകൾ വിതരണം ചെയ്യുന്നത് സംസ്ഥാനങ്ങൾ പദ്ധതിയിൽ ഒപ്പുവെക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും എന്നത് പി.എം. ശ്രീ. പദ്ധതിയുടെ ഏറ്റവും വഞ്ചനാപരമായ ഒരു നീക്കമാണ്. യഥാർത്ഥത്തിൽ MOUയിൽ എവിടെയും ഈ കരാർ വ്യവസ്ഥ ഇല്ല. MoU ഒപ്പിട്ടാൽ സംസ്ഥാനത്തിന് ലഭിക്കേണ്ട തുക നൽകുമെന്നോ, കേന്ദ്ര ഫണ്ടുകൾ ലഭിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്കു കരാറിൽ നിന്ന് പിന്മാറുകയോ, മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്യാനുള്ള വ്യവസ്ഥകളൊന്നും ഇതിൽ ഇല്ല. കേന്ദ്രം സമഗ്ര ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചതും, പി.എം. ശ്രീ. കരാർ ഒപ്പിട്ടതിനു ശേഷം കേരളത്തിന് ഈ തുകയിൽ നിന്നുള്ള ഒരു വിഹിതം അനുവദിച്ചതും, യഥാർത്ഥത്തിൽ കേരളത്തിന്റെ "തന്ത്രപരമായ" നീക്കത്തിന്റെ ഫലമൊന്നുമല്ല എന്ന് സാരം.
പി.എം. ശ്രീ. ഒരു ബോർഡും ചിത്രവുമല്ല
പി.എം. ശ്രീ. എന്ന ബോർഡും, പ്രധാനമന്ത്രിയുടെ ചിത്രവും പ്രദർശിപ്പിക്കുന്ന സ്കൂളുകളാണ് പി.എം. ശ്രീ. സ്കൂളുകൾ എന്ന രീതിയിലുള്ള നിഷ്കളങ്ക വർത്തമാനങ്ങളിൽ ഒരടിസ്ഥാനവുമില്ല. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ ദേശീയവിദ്യാഭ്യാസനയം പൂർണ്ണമായും നടപ്പിലാക്കേണ്ടിവരും. ചിലത് നടപ്പിലാക്കുകയും, മറ്റ് ചിലത് ഒഴിവാക്കുകയും ചെയ്യുകയെന്ന യുക്തി പി.എം. ശ്രീയിൽ ചെലവാകില്ല. ഏതു ഘട്ടത്തിലും സംസ്ഥാന സിലബസിനു പകരം കേന്ദ്രസിലബസും, പുസ്തകങ്ങളും നടപ്പിലാക്കേണ്ടിവന്നേക്കാം.
"Curriculum in PM SHRI schools shall follow the National Curriculum Framework/State Curriculum Framework developed in accordance with new curricular and pedagogical structure of the new education policy 2020 viz the 5+3+3+4, which will be reflected in the NCF foundational stage and school education" (Page 23, Chapter 1 PM SHRI School Framework on School Transformation).
കരിക്കുലവും, സിലബസും, പുസ്തകങ്ങളും സംസ്ഥാനങ്ങൾക്കു രൂപീകരിക്കാമെങ്കിലും അത് ദേശീയ വിദ്യാഭ്യാസനയത്തിന്റെയും, നയം അവതരിപ്പിക്കുന്ന പെഡഗോജിക്കൽ ഘടനയായ 5+3+3+4-ന്റെയും, അതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകളുടേയും അടിസ്ഥാനത്തിൽ മാത്രമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്ക്കരണങ്ങളിലും, പാഠപുസ്തക നിർമ്മാണത്തിലും കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാവും. 'ഒരു രാജ്യം, ഒരു വിദ്യാഭ്യാസവ്യവസ്ഥ, ഒരു കരിക്കുലം' എന്നത് എൻ.ഇ.പി.-യ്ക്ക് പിന്നിലുള്ളവരുടെ അജണ്ടയാണ്. ഇപ്പോൾ കേന്ദ്ര സിലബസ് തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങൾക്കും, നവോദയ വിദ്യാലയങ്ങൾക്കും, സംസ്ഥാനങ്ങൾക്കും ഇതൊരു പ്രശ്നമാവില്ല. എന്നാൽ സംസ്ഥാന സിലബസ് പിന്തുടരുന്നവരുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന സമീപനമെന്താണെന്നത് കരാറിലെ നിബന്ധനകൾ സൂചനകൾ നൽകുന്നുണ്ട്.
ഇപ്പോൾ തന്നെ ദേശീയ മത്സരപരീക്ഷകളിലൂടെ സംസ്ഥാനങ്ങൾക്കു മേൽ കേന്ദ്രസിലബസ് നടപ്പിലാക്കാനുള്ള വലിയ സമ്മർദ്ദമുണ്ട്. എൻ.ഇ.പിയിൽ കരിക്കുലം രൂപീകരിക്കുന്നത് കേന്ദ്ര നിർദ്ദേശാനുസരണം സംസ്ഥാനങ്ങൾ ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ടെന്നത് ദുർബലമായ ന്യായീകരണമാണ്. അതിൽപ്പോലും സംസ്ഥാനങ്ങൾക്ക് പരിമിതമായ അവകാശങ്ങൾ മാത്രമാണുള്ളത്. പി.എം. ശ്രീ. വിദ്യാലയങ്ങളുടെ ആറ് പ്രധാന തൂണുകളിൽ (pillars) ഒന്ന് പാഠ്യപദ്ധതിയും, അധ്യാപനവും, വിലയിരുത്തലുമാണ് (There are 6 pillars of PM SHRI school derived from chapter 9 of NEP 2020. Pillar 5-Curriculum, Pedagogy and Assessment). ഇതുൾപ്പെടെ, മറ്റെല്ലാം എൻ.ഇ.പി-യിലെ വിവിധ അധ്യായങ്ങളിലെ നിർദേശങ്ങളെ അധിഷ്ഠിതമായി കെട്ടിപ്പൊക്കിയതാണെന്നു തന്നെ പി.എം. ശ്രീ. പാഠ്യപദ്ധതി ചട്ടക്കൂട് വ്യക്തമാക്കുന്നു. കൂടാതെ ഇന്ത്യൻ ജ്ഞാന വ്യവസ്ഥപോലുള്ള ഹിന്ദുത്വ ഇന്ത്യയെ കുറിച്ചുള്ള അറിവുകളും പാഠ്യപദ്ധതിയുടെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാക്കി മാറ്റേണ്ടതുണ്ട് എന്നും ഈ ചട്ടക്കൂട് നിർദേശിക്കുന്നുണ്ട്.
The local and Indian context, our traditions and practises, Indian Knowledge systems shall also form an integral part of the curriculum. (Page 34).
അധ്യാപകനിയമനം, യോഗ്യത മാനദണ്ഡങ്ങൾ, മോണിറ്ററിംഗ് സംവിധാനങ്ങൾ ഇവയെല്ലാം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കണം നടത്തേണ്ടത്. മോദി ഭരണകൂടം നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ ഈ വിധം സംസ്ഥാനങ്ങളുടെ അധികാര പരിധികളിലേക്ക് ഓരോന്നിലേക്കും കേന്ദ്ര നിയന്ത്രണങ്ങൾ സ്വാഭാവികതയോടെ വ്യാപിപ്പിക്കാനുള്ള വഴികൾ ആയി മാറുന്നു.
പി.എം. ശ്രീ. വിദ്യാലയങ്ങൾ കേന്ദ്രത്തിന്റെ സവിശേഷ മേഖലകളായി മാറുകയും അടിസ്ഥാന സൗകര്യ വികസനവും, അക്കാദമിക പ്രവർത്തനങ്ങളും, ആഘോഷങ്ങളുമുൾപ്പെടെ കേന്ദ്രം നിരീക്ഷണം ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും. നിലവിൽ പി.എം. ശ്രീയുടെ ഭാഗമായിത്തീർന്ന സ്കൂളുകൾ കേന്ദ്ര ഗവൺമെന്റിന്റെയും, അതിലൂടെ സംഘപരിവാറിന്റെയും ആശയ പ്രചാരണ വേദികളാവുകയാണ്. പൊതുസമൂഹത്തോടും, പ്രാദേശിക ഭരണ സ്ഥാപനങ്ങളോടും ഒരു ഉത്തരവാദിത്തവുമില്ലാത്ത പ്രത്യേക വിദ്യാലയങ്ങളാണ് നിലവിലെ പി.എം. ശ്രീ. സ്കൂളുകൾ. പിഎം ശ്രീ വ്യവസ്ഥകളനുസരിച്ച് പദ്ധതി അവസാനിക്കുന്ന 2027-നുശേഷവും കേന്ദ്രത്തിന്റെ ഇടപെടലും നിരീക്ഷണവും തുടരും.
ചുരുക്കത്തിൽ സംസ്ഥാനങ്ങളുടെ ചെലവിൽ കേന്ദ്രത്തിന്റെ ബ്രാൻഡിംഗും, അക്കാദമിക താല്പര്യങ്ങളും നടപ്പിലാക്കുന്ന ഇടങ്ങളായി പി.എം. ശ്രീ. സ്കൂളുകൾ മാറും. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ തുടരവേ തന്നെ സംസ്ഥാനങ്ങൾക്കുള്ളിൽ കേന്ദ്രം നിരന്തരം ഇടപെടും. അതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. ഓരോ ബിആർസി-കളിലേയും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ലീഡ് സ്കൂളുകളിലൂടെ മറ്റെല്ലാ സ്കൂളുകളേയും നയിക്കാനും, നിയന്ത്രിക്കാനും പി.എം. ശ്രീ. വിദ്യാലയങ്ങൾക്ക് കഴിക്കും. ആ വിധം ഒരു സംസ്ഥാനത്തെ ഇതര വിദ്യാലയങ്ങളെയും പരോക്ഷമായി കേന്ദ്ര സർക്കാരിന്റെ നിയന്ത്രണ പരിധിയിൽ കൊണ്ട് വരുന്നതിനു പി.എം. ശ്രീ. പദ്ധതിക്ക് സാധിക്കും. വിദ്യാഭ്യാസ ഫെഡറലിസം എന്ന ആശയം കൊല ചെയ്യപ്പെടും. ജനാധിപത്യത്തിനുള്ളിൽ ജനാധിപത്യേതര ഒളിയിടങ്ങളും, നിശ്ശബ്ദതയും രൂപപ്പെടും.
സിലബസും പുസ്തകങ്ങളും
കേന്ദ്ര സിലബസിലെ പാഠപുസ്തകങ്ങളിൽ ആയിരക്കണക്കിന് തിരുത്തലുകളും, വെട്ടിമാറ്റലുകളുമാണ് ഇക്കഴിഞ്ഞ പത്തുവർഷക്കാലയളവിൽ നടന്നത്. മുറിച്ചു മാറ്റിയ പാഠപുസ്തകങ്ങളുടെ നിലവിളികളാണെവിടെയും. പാഠ്യപദ്ധതിയുടെ ഭാഗമായി വ്യത്യസ്ത വിഷയങ്ങളിൽ കുട്ടികൾ നിർബന്ധമായും പഠിച്ചിരിക്കേണ്ട ഉള്ളടക്കങ്ങളെല്ലാം തന്നെ വെട്ടിമാറ്റിക്കഴിഞ്ഞു. എൻ.ഇ.പിയ്ക്കു ശേഷം പുറത്തുവന്ന പുസ്തകങ്ങളിലെല്ലാം ശാസ്ത്രത്തിന്റെ മിത്തിഫിക്കേഷനും, ചരിത്രത്തിന്റെ മഹത്വവൽക്കരണവുമാണ് ദൃശ്യമാവുന്നത്. ഭരണഘടന മുന്നോട്ടു വെക്കുന്ന ശാസ്ത്രീയാന്വേഷണവും, യുക്തിപരതയുമെല്ലാം നിരാകരിക്കുന്ന പുസ്തകങ്ങൾ ആണ് ഇതെല്ലാം. ദേശീയനയരേഖ തന്നെ സൂചിപ്പിക്കുന്ന, യുക്തിചിന്തയും, അനുകമ്പയും, തൻമയീഭാവവും, ഉത്പതിഷ്ണുതയും ശാസ്ത്രബോധവും സർഗാത്മകതയും കൈമുതലായ നൈതികതയിലധിഷ്ഠിതമായ മൂല്യങ്ങളുള്ള മനുഷ്യരെ സൃഷ്ടിക്കാനുതകുന്ന പാഠ്യപദ്ധതിയും, പുസ്തകങ്ങളുമാണോ പുറത്തുവന്നിട്ടുള്ളത് എന്ന ചോദ്യം പ്രസക്തമാണ്.
പി.എം. ശ്രീ. മുന്നോട്ടുവെക്കുന്ന എൻ.ഇ.പിയുടെ 60% ആശയങ്ങളും നയങ്ങളുടേതാണെന്നു പറഞ്ഞത് ആർഎസ്‌എസ്സാണ്. സംഘപരിവാറിന്റെ വിദ്യാഭ്യാസ ദർശനങ്ങളും, സങ്കല്പങ്ങളും, ദേശീയ നയമായി പരിവർത്തിക്കപ്പെടുന്ന രേഖയാണ് എൻ.ഇ.പി. അത് ഫലപ്രദമായി നടപ്പിലാക്കാനുള്ള പദ്ധതിയാണ് പി.എം. ശ്രീ. അതിലാർക്കെങ്കിലും സംശയമുണ്ടെങ്കിൽ പി.എം. ശ്രീ. നടപ്പിലാക്കിയ വിദ്യാലയങ്ങളുടെ അക്കാദമിക പ്രവർത്തനങ്ങളും പി.എം. ശ്രീ. വ്യവസ്ഥകളും സൂക്ഷ്മമായി വിലയിരുത്തിയാൽ മതി.
വിദ്യഭ്യാസഘടനയും മാറിയേക്കാം
എൻ.ഇ.പി.-യനുസരിച്ച് സംസ്ഥാനങ്ങളിലെ പി.എം. ശ്രീ. സ്കൂളുകളുടെ ഘടനയിലും മാറ്റമുണ്ടായേക്കാം. കേന്ദ്ര നയമനുസരിച്ച് പ്രീ സ്കൂൾ മുതൽ രണ്ടാം ക്ലാസുവരെയാണ് ആദ്യ ഘട്ടം. മൂന്നുമുതൽ അഞ്ചാം ക്ലാസുവരെ രണ്ടാം ഘട്ടം. ആറുമുതൽ എട്ടുവരെ മൂന്നാം ഘട്ടം. ഒമ്പതു മുതൽ 12-ാം ക്ലാസുവരെ ഘട്ടം. 5+3+3+4 എന്ന രീതിയാണ് കേന്ദ്ര നയത്തിൽ പറയുന്നത്. ഇത് കേരളം അംഗീകരിച്ച വിദ്യാഭ്യാസ ഘടനയുമായി ചേർന്നു പോകുന്നില്ലെങ്കിലും സ്കൂൾ ഏകീകരണമുൾപ്പെടെ പി.എം. ശ്രീയിലൂടെ കൊണ്ടുവരാൻ കഴിഞ്ഞേക്കും. പി.എം. ശ്രീയിൽ ഹയർ സെക്കന്ററിയുൾപ്പെടുന്ന സ്കൂളുകളെ സെക്കന്ററി സ്കൂളുകളായാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ ഗുണമേന്മാ റിപ്പോർട്ടിലും ഒമ്പതുമുതൽ പന്ത്രണ്ടു വരെ സെക്കന്ററിയാണെന്നിരിക്കെ പി.എം. ശ്രീ. സ്കൂളുകളിൽ ഘടനാമാറ്റത്തിനു സാധ്യതയേറെയാണ്. സ്കൂളുകളെ സംയോജിപ്പിക്കുന്ന സ്കൂൾ കോംപ്ലക്സ് എന്ന എൻ.ഇ.പി. നിർദ്ദേശത്തിലേക്കും പി.എം. ശ്രീ. വഴിതെളിക്കാനിടയുണ്ട്. ദേശീയഘടനയിലേക്കു മാറാതെ ദേശീയ വിദ്യാഭ്യാസനയം സമ്പൂർണ്ണമായും, സമഗ്രമായും നടപ്പിലാക്കാനാവില്ല.
രാജ്യത്ത് നിലനിൽക്കുന്ന അടിസ്ഥാന വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കുകയല്ല, മറിച്ച് എൻ.ഇ.പി.-യിലൂടെ ഹിന്ദുത്വ വിദ്യാഭ്യാസാശയങ്ങൾക്ക് ഔപചാരിക പരിവേഷം നൽകുകയാണ് പി.എം. ശ്രീ. ലക്ഷ്യമിടുന്നതെന്നാണ്.
പ്രത്യേക കേന്ദ്ര ചട്ടക്കൂട്
പി.എം. ശ്രീ. സ്കൂളുകളെ നിയന്ത്രിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഫ്രെയിംവർക്കാണ് 'സ്കൂൾ ക്വാളിറ്റി അസസ്മെന്റ് ഫ്രെയിംവർക്ക്' എന്ന SQAF. അടിസ്ഥാന സൗകര്യ വികസനം, മാനവ വിഭവ ശേഷിയും നേതൃത്വവും, മാനേജ്മെന്റും നിരീക്ഷണവും, ഗുണഭോക്ത സംതൃപ്തി, പാഠ്യപദ്ധതിയും, ബോധനശാസ്ത്രവും, വിലയിരുത്തലും, ഉൾക്കൊള്ളലും, ലിംഗസമത്വവും എന്നിങ്ങനെ ആറ് ഘടകങ്ങളിലൂടെ ഗുണനിലവാര ചട്ടക്കൂട് പി.എം. ശ്രീ. പദ്ധതിയെ നിയന്ത്രിക്കും. സംസ്ഥാനങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളെ നിശ്ശബ്ദമാക്കി, നിശ്ചിത മാനദണ്ഡങ്ങളും, സൂചകങ്ങളുപയോഗിച്ച് കേന്ദ്രം സ്കൂളുകളെ വിലയിരുത്തും. ഒരു പ്രദേശത്തിനുള്ളിലെ പി.എം. ശ്രീ. വിദ്യാലയങ്ങൾ വരേണ്യ സ്കൂളുകളാവുകയും അവയും മറ്റു സ്കൂളുകളും തമ്മിൽ സാമൂഹികമായ വലിയ അന്തരം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
പി.എം. ശ്രീയ്ക്കന്താണ് കുഴപ്പമെന്നും, സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും, കുട്ടികൾക്കുള്ള ആനുകൂല്യങ്ങളും ലഭ്യമാകുന്നതിൽ അസ്വസ്ഥരാവുന്നവർ വിദ്യാഭ്യാസ വിരുദ്ധരാണെന്നും വാദിക്കുന്നവരോട് ചില ചോദ്യങ്ങളുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ 14,910 സർക്കാർ സ്കൂളുകൾ പൂട്ടിയെന്ന് പാർലമെന്റുകളിൽ പറഞ്ഞതാരാണ്? രാജ്യത്തെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമകാലികാവസ്ഥ എന്താണ്? പത്തുലക്ഷം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നും, അധ്യാപക ക്ഷാമം രൂക്ഷമാണെന്നും സൂചിപ്പിച്ച വിദ്യാഭ്യാസത്തിനുള്ള പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്താണ്? പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ പ്രവേശന നിരക്ക് കുറയുന്നുവെന്നും, കൊഴിഞ്ഞുപോക്ക് രൂക്ഷമാണെന്നും കേന്ദ്രപഠനങ്ങൾ തന്നെ പുറത്തുവന്നില്ലേ? എഴുത്തിലും, വായനയിലും, ഗണിതത്തിലും കുട്ടികൾ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുവെന്നും 50% അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കും രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാനറിയില്ലെന്നും റിപ്പോർട്ട് ചെയ്തതാരാണ്? എസ്.സി., എസ്.ടി., ഒ.ബി.സി., മതന്യൂനപക്ഷങ്ങൾ എന്നിവരുടെ സ്കോളർഷിപ്പുകൾ വ്യാപകമായി വെട്ടിക്കുറയ്ക്കുകയും, നിർത്തലാക്കുകയും ചെയ്തതാരാണ്? ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിനു മാറ്റിവയ്ക്കണമെന്ന് ദേശീയ നയം പ്രഖ്യാപിച്ചതു നടപ്പിലായോ? കഴിഞ്ഞ പത്തു വർഷത്തെ ബജറ്റുകളിൽ വിദ്യാഭ്യാസത്തിനായി 4% എങ്കിലും മാറ്റിവെക്കാൻ കഴിഞ്ഞുവോ? ലക്ഷക്കണക്കിന് അങ്കണവാടികളിലും, പ്രൈമറി വിദ്യാലയങ്ങളിലും ശൗചാലയങ്ങളും, കുടിവെള്ളവും, ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ടോ? ഈ പ്രശ്നങ്ങളുടെയെല്ലാം ഒറ്റമൂലി പരിഹാരമായി പി.എം. ശ്രീ. മാറുമോ?
ഇപ്പോൾത്തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളും, അക്കാദമിക നിലവാരവുമുള്ള 14500 സ്കൂളുകളിലൂടെ കേന്ദ്രഗവൺമെന്റിന്റെയും എൻ.ഇ.പി.യുടെയും വിചാരധാര നടപ്പിലാക്കുകയും, അതിലൂടെ സാംസ്കാരിക ഫാസിസത്തെ ഒളിച്ചുകടത്തുകയും ചെയ്യുകയല്ലാതെ മറ്റെന്താണ് പിഎം ശ്രീ. അത് തിരിച്ചറിയാനുള്ള സാമാന്യബോധമാണ് നമുക്കുണ്ടാവേണ്ടത്.
തുടരും...
Editor's Note: This article series, titled 'PM SHRI: The Death Knell of Federal Education', is a chapter from the book 'സ്വേച്ഛാധിപത്യത്തിന്റെ ബോധനശാസ്ത്രം' co-authored by K.V. Manoj and Dr. Smitha P. Kumar, and published by Transition Studies.