പ്ലസ് വണ്ണിന് സീറ്റില്ല; വയനാട്ടിൽ പുറത്താകുന്നത് ആയിരത്തോളം ആദിവാസി വിദ്യാർത്ഥികൾ
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ മറ്റ് നാല് ജില്ലകൾക്ക് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചപ്പോൾ വയനാടിനെ പൂർണ്ണമായും ഒഴിവാക്കി. ആദിവാസി വിദ്യാർത്ഥികൾ കൂടുതലായുള്ള വയനാട്ടിലെ സ്കൂളുകളിൽ താല്ക്കാലികമായെങ്കിലും അധിക ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ, ആയിരത്തോളം ഗോത്രവർഗ്ഗ കുട്ടികൾക്ക് ഉപരിപഠന അവസരം നഷ്ടമാകുമെന്ന് ആദിവാസി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ സീറ്റ് അനുവദിക്കുന്നതിൽ വയനാട് ജില്ലയോട് സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയിൽ വ്യാപക പ്രതിഷേധം. ഉത്തരമലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ മറ്റ് നാല് ജില്ലകൾക്ക് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചപ്പോൾ വയനാടിനെ പൂർണ്ണമായും ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് ആദിവാസി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. യഥാർത്ഥത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ അനുവദിക്കേണ്ടിയിരുന്ന വയനാട്ടിൽ നാലായിരത്തിലധികം വിദ്യാർത്ഥികളാണ് പ്രവേശനം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
ജില്ലയിൽ ആകെ പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പ്ലസ് വണ്ണിന് അപേക്ഷ നൽകിയിരുന്നെങ്കിലും, ഒന്നും രണ്ടും ഘട്ട അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ 8,831 വിദ്യാർത്ഥികൾക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. ബാക്കി വരുന്ന നാലായിരത്തോളം വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും അതിപിന്നാക്കം നിൽക്കുന്ന ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഒന്നും രണ്ടും അലോട്ട്മെന്റുകൾ കഴിഞ്ഞപ്പോൾ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വെറും 1005 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം ഉറപ്പാക്കാനായത്. ആവശ്യത്തിന് ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ ഈ വിഭാഗത്തിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഉപരിപഠന അവസരം നഷ്ടമാകും.
മുൻകാലങ്ങളിൽ ആദിവാസി വിദ്യാർത്ഥികളുടെ ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്നാണ് 'സ്പോട്ട് അലോട്ട്മെന്റ്' എന്ന പേരിൽ കുട്ടികളെ സ്വകാര്യ പാരലൽ കോളേജുകളിലേക്ക് തിരിച്ചുവിടുന്ന രീതി സർക്കാർ അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോഴും അവസാനഘട്ട അലോട്ട്മെന്റുകളിൽ വിദൂരങ്ങളിലുള്ള സ്ഥാപനങ്ങളിലോ, വിദ്യാർത്ഥികൾക്ക് താല്പര്യമില്ലാത്ത കോഴ്സുകളിലോ ഗോത്രവർഗ്ഗ കുട്ടികളെ അലോട്ട് ചെയ്യുന്ന രീതിയാണ് തുടരുന്നത്. യാത്രക്ലേശവും താല്പര്യക്കുറവും കാരണം ഇങ്ങനെയെത്തുന്നവരിൽ നല്ലൊരു പങ്കും പകുതിക്കുവെച്ച് പഠനം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
ഈ കൊഴിഞ്ഞുപോക്ക് പൂർണ്ണമായും അവസാനിപ്പിക്കാൻ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ കൂടുതലായി എത്തുന്ന സ്കൂളുകളിൽ ഇവരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ താല്ക്കാലികമായെങ്കിലും അധിക ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. ആദിവാസി മേഖലകളിൽ കൂടുതൽ സീറ്റുകളും ബാച്ചുകളും അനുവദിച്ചുകൊണ്ടേ ഇതിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ.
ഗോത്രവർഗ്ഗ സ്കൂളുകളിലെ മെന്റർ ടീച്ചർ തസ്തികയിലേക്ക് നടത്തുന്ന പരീക്ഷാ സംവിധാനം മതിയായ സമയം നൽകാതെയുള്ളതാണെന്ന ആക്ഷേപവും ശക്തമാണ്. അതിപിന്നാക്കം നിൽക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക, വെട്ടക്കുറുമ തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് ബി.എഡ്., ഡി.എൽ.എഡ്. യോഗ്യതയുള്ളവർ വളരെ കുറവാണ്. അതിനാൽ ഈ സമുദായങ്ങളുടെ ഭാഷയും സംസ്കാരവും കൃത്യമായി അറിയുന്നവരെ മെന്റർ ടീച്ചർമാരാക്കാൻ പ്രത്യേക ഇളവുകൾ നൽകണം.
നിർദിഷ്ട സമുദായങ്ങളിൽ നിന്ന് ബി.എഡ്./ഡി.എ.എൽ.എഡ്. യോഗ്യതയുള്ളവർ ഇല്ലെങ്കിൽ, ആ വിഭാഗങ്ങളിൽ നിന്നുള്ള ഡിഗ്രി, പി.ജി. അല്ലെങ്കിൽ ഇത്തവണ പ്ലസ് ടു പാസ്സായവരെ മാത്രം നിയമിക്കാൻ സർക്കാർ തയ്യാറാകണം. ഇവർക്ക് പിന്നീട് ആവശ്യമായ പ്രത്യേക പരിശീലനം നൽകാനുള്ള പദ്ധതി തയ്യാറാക്കണമെന്നും, യോഗ്യതയുടെ പേരിൽ ആരെയും ഒഴിവാക്കരുതെന്നും നിലവിലുള്ള തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആദിവാസി ഗോത്രമഹാസഭ കോഡിനേറ്റർ എം. ഗീതാനന്ദനൻ, ആദിവാസി അവകാശ പ്രവർത്തകൻ മണികണ്ഠൻ സി., ആദിശക്തി സമ്മർ സ്‌കൂൾ പ്രവർത്തകരായ സൂര്യ ലക്ഷ്മി, സതിശ്രീ ദ്രാവിഡ്, മേരി ലിഡിയ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
അതിപിന്നാക്ക ഗോത്രവിഭാഗങ്ങളിൽ യോഗ്യതയുള്ളവരുടെ കുറവ് പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്. നിലവിൽ വിജ്ഞാപനം ചെയ്തിട്ടുള്ള ഡി.എൽ.എഡ്. (D.El.Ed.) കോഴ്സിൽ ഇവർക്കായി പ്രത്യേക ബാച്ച് ആരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണം. ഇതിനൊപ്പം തന്നെ പ്രീ-പ്രൈമറി ട്രെയിനിംഗ് കോഴ്സുകളിലേക്കും, ജനറൽ നഴ്സിംഗ് കോഴ്സുകളിലേക്കും ഈ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കായി പ്രത്യേക ബാച്ചുകൾ അടിയന്തരമായി അനുവദിക്കണമെന്നും പ്രസ് റിലീസിലൂടെ ആദിവാസി പ്രവർത്തകർ ആവശ്യപ്പെട്ടു.