Author Image ദി റൂട്സ് ഡെസ്ക്
28 Apr 2026

ഹർത്താൽ പൂർണ്ണ വിജയം; ഈ ഐക്യത്തെ തകർക്കാൻ ഇനി ആർക്കും കഴിയില്ല: സണ്ണി എം. കപിക്കാട്

നീതിക്കുവേണ്ടിയുള്ള ഹർത്താൽ വലിയ അക്രമസമരമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് യഥാർത്ഥത്തിൽ ഒരു 'ദേശീയമായ പക'യുടെ ഭാഗമാണ്. ദലിതരും ആദിവാസികളും കേരളത്തിൽ ഒരു ഹർത്താൽ നടത്തിയാൽ അത് പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഉത്കണ്ഠയാണ് ചാനലുകൾ പങ്കുവെക്കുന്നത്. പക്ഷേ ഇനി അത് നടക്കില്ല. സംഘടനകൾ ഐക്യപ്പെടാൻ തയ്യാറാണ്, അവർക്ക് കൃത്യമായ ലക്ഷ്യമുണ്ട്. ഈ സമരം മുന്നോട്ട് പോകുമെന്ന കാര്യത്തിൽ സംശയമില്ല. വിലയ്ക്കെടുക്കാൻ പുന്നല ശ്രീകുമാറിനെപ്പോലുള്ള നേതാക്കൾ ഉണ്ടായേക്കാം, എന്നാൽ അവർക്കൊന്നും ഇനി ഇതിനെ തടഞ്ഞുനിർത്താൻ കഴിയില്ല. അത്രമേൽ ശക്തമാണ് അടിത്തട്ടിലെ ഐക്യത്തിന്റെ വികാരം.

നിതിൻ രാജ് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ പൂർണ്ണ വിജയമായിരുന്നു. മാറിവരുന്ന കാലത്ത് ദലിത്-ആദിവാസികൾ ഒരു രാഷ്ട്രീയ സമൂഹമായി മാറുന്നു എന്നതാണ് ഇത് കാണിക്കുന്നത്. ഹർത്താലിൽ ആക്ഷൻ കൗൺസിൽ പ്രവർത്തകർ ഒരു സ്ഥലത്തും അക്രമം കാണിക്കുകയോ വണ്ടി തല്ലിപ്പൊട്ടിക്കുകയോ കടകൾ ആക്രമിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സമാധാനപരമായാണ് ഹർത്താൽ നടത്തിയത്. എന്നാൽ പോലീസ് ഇടപെടലുകളാണ് പലയിടത്തും കാര്യങ്ങൾ വഷളാക്കിയത്. പോലീസ് പ്രവർത്തകർക്ക് നേരെ ബലം പ്രയോഗിക്കുകയും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയും ബലം പ്രയോഗിച്ച് വണ്ടികൾ കടത്തിവിടാൻ ശ്രമിച്ചതുമാണ് ചിലയിടുത്തെങ്കിലും കാര്യങ്ങൾ വഷളാക്കിയത്. ഇതാണ് യാഥാർത്ഥ്യം.

ഹർത്താൽ ദിനത്തിൽ വണ്ടിയോടുമെന്നും കടകൾ തുറക്കുമെന്നുമൊക്കെയുള്ള വ്യാജവാർത്തകൾ ഇന്നലെ റിപ്പോർട്ടർ ചാനലിലുണ്ടായിരുന്നു. ആക്ഷൻ കൗൺസിൽ അങ്ങനെ പറഞ്ഞിട്ടില്ല. പൊതുജനങ്ങളോട് സഹകരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. സഹകരിക്കാത്ത സ്ഥലങ്ങളിൽ ചിലപ്പോൾ ചെറിയ സംഘർഷങ്ങൾ ഉണ്ടായിക്കാണും. അത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. കേരളത്തിലൊട്ടാകെ ഹർത്താൽ നടന്നിട്ടും വെറും എട്ട് സ്ഥലങ്ങളിൽ മാത്രമാണ് അറസ്റ്റ് നടന്നത്. ഇത് സൂചിപ്പിക്കുന്നത് വ്യാപകമായി അക്രമം നടന്ന ഒരു സമരമായിരുന്നില്ല എന്നാണ്.

ഇതൊരു വലിയ അക്രമസമരമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് യഥാർത്ഥത്തിൽ ഒരു 'ദേശീയമായ പക'യുടെ ഭാഗമാണ്. ദലിതരും ആദിവാസികളും കേരളത്തിൽ ഒരു ഹർത്താൽ നടത്തിയാൽ അത് പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു ഉത്കണ്ഠയാണ് ചാനലുകൾ പങ്കുവെക്കുന്നത്. പക്ഷേ ഇനി അത് നടക്കാൻ പോകുന്നില്ല. സംഘടനകൾ ഐക്യപ്പെടാൻ തയ്യാറാണ്, അവർക്ക് കൃത്യമായ ലക്ഷ്യമുണ്ട്. അതുകൊണ്ട് ഈ സമരം മുന്നോട്ട് പോകുമെന്ന കാര്യത്തിൽ സംശയമില്ല. പഴയതുപോലെ വിലയ്ക്കെടുക്കാൻ പുന്നല ശ്രീകുമാറിനെപ്പോലുള്ള നേതാക്കൾ ഉണ്ടായേക്കാം, എന്നാൽ അവർക്കൊന്നും ഇനി ഇതിനെ തടഞ്ഞുനിർത്താൻ കഴിയില്ല. അത്രമേൽ ശക്തമാണ് അടിത്തട്ടിലെ ഐക്യത്തിന്റെ വികാരം.

ഈ കുറ്റകൃത്യത്തിൽ ഏർപ്പെട്ട മാനേജ്‌മെന്റ് തന്നെയാണ് ഹർത്താൽ പൊളിക്കാൻ വേണ്ടി പുന്നല ശ്രീകുമാറിനെ കളത്തിലിറക്കിയത്. നമ്മൾ ഹർത്താലിൽ നിന്ന് പിൻവാങ്ങിയെന്നുവരെയുള്ള വ്യാജപ്രചാരണങ്ങൾ ഇന്നലെ വൈകുന്നേരം വരെ നടന്നു. ഇത് പരാജയപ്പെടുമെന്നും ആവശ്യമില്ലാത്ത സമരമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ ഉണ്ടായെങ്കിലും അതൊന്നും ബാധിച്ചില്ല. ജനങ്ങൾ വ്യാപകമായി തെരുവിലിറങ്ങി. വരാനിരിക്കുന്ന ഗവൺമെന്റായാലും നിലവിലുള്ള ഗവൺമെന്റായാലും ഈ മുന്നേറ്റത്തെ ഗൗരവമായി കാണേണ്ടി വരും. അവർക്ക് കൃത്യമായ തീരുമാനമെടുക്കേണ്ടി വരും.

Share this link