ജാതി വിവേചനവും എസ്.സി./എസ്.ടി. വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കും
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ബിരുദ തലത്തിൽ 24 ശതമാനവും ബിരുദാനന്തര തലത്തിൽ 19 ശതമാനവും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കൊഴിഞ്ഞുപോക്കിന്റെ പ്രധാന വില്ലൻ പലരൂപത്തിൽ നിലനിൽക്കുന്ന ജാതി വിവേചനമാണ്. വിദ്യാർത്ഥികൾ നേരിടുന്ന അക്കാദമിക് വിവേചനത്തിന്റെയും അക്കാദമിക് സമ്മർദ്ദത്തിന്റെയും പ്രധാന കാരണം വിദ്യാർത്ഥികളുടെ ജാതിയും അവരുടെ സാമൂഹിക സ്ഥാനവുമാണ്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം നേരിടുന്ന ഏറ്റവും ഗൗരവകരവും എന്നാൽ വേണ്ടത്ര അഭിസംബോധന ചെയ്യപ്പെടാത്തതുമായ ഒരു പ്രതിസന്ധിയാണ് പട്ടികജാതി-പട്ടികവർഗ (SC/ST) വിദ്യാർത്ഥികളുടെ ഉയർന്ന കൊഴിഞ്ഞുപോക്ക്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിന്നും ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്ന (dropouts) വിദ്യാർത്ഥികളിൽ നാലിലൊന്നും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. ഏപ്രിൽ 23 ന് സമർപ്പിച്ച വിവരാവകാശ രേഖക്ക് മറുപടിയായി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ മെയ് 6 ന് നൽകിയ മറുപടിയിലാണ് 2019 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന്റെ കണക്കുകൾ നൽകിയിരിക്കുന്നത്.
ബിരുദ കോഴ്സുകൾക്ക് ഗവൺമെന്റ് കോളേജുകളിലെ എസ്.സി./എസ്.ടി. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് 23.75 ശതമാനവും എയ്‌ഡഡ് കോളേജുകളിലെ കൊഴിഞ്ഞുപോക്ക് 24.89 ശതമാനവുമാണ്. ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഗവൺമെന്റ് കോളേജുകളിലെ കൊഴിഞ്ഞുപോക്ക് 21.47 ശതമാനവും എയ്‌ഡഡ് കോളേജുകളിലെ കൊഴിഞ്ഞുപോക്ക് 15.34 ശതമാനവുമാണ്. കൂടാതെ, പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള (OBC) വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും ഈ സ്ഥാപനങ്ങളിൽ ഗണ്യമായ തോതിലുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള സർവ്വകലാശാലകൾക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, ട്രെയിനിംഗ് കോളേജുകൾ ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഇ-ഗ്രാന്റ് (e-grants) വിതരണത്തിലെ കാലതാമസം, ക്ലാസ് മുറികൾക്കുള്ളിലെ മാനസിക സമ്മർദ്ദങ്ങൾ, അക്കാദമിക് വിവേചനം, പ്രവേശനത്തിനും സ്കോളർഷിപ്പിനും മേൽനോട്ടമുണ്ടെങ്കിലും പ്രവേശനം നേടിയ ശേഷം വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കൃത്യമായ സംവിധാനങ്ങളില്ല എന്നതുമാണ് പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങളെങ്കിലും പ്രധാന കാരണം വിദ്യാർത്ഥികൾ നേരിടുന്ന ജാതി വിവേചനമാണ്.
ഓരോ വിദ്യാർത്ഥിയെ സംബന്ധിച്ചും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിന് വ്യത്യസ്തമാർന്ന കാരണങ്ങളുണ്ടാകാമെങ്കിലും, കൊഴിഞ്ഞുപോക്കിന്റെ പ്രധാന വില്ലൻ പലരൂപത്തിൽ നിലനിൽക്കുന്ന ജാതി വിവേചനമാണ്. വിദ്യാർത്ഥികൾ നേരിടുന്ന അക്കാദമിക് വിവേചനത്തിന്റെയും അക്കാദമിക് സമ്മർദ്ദത്തിന്റെയും പ്രധാന കാരണം വിദ്യാർത്ഥികളുടെ ജാതിയും അവരുടെ സാമൂഹിക സ്ഥാനവുമാണ്. ജാതിയുടെ സവിശേഷ സ്വഭാവം കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി വിവേചനം പ്രത്യക്ഷത്തിൽ അല്ലാതെ അക്കാദമിക് രൂപത്തിലാണ് പുറത്ത് വരുന്നത്. ഇതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് "മെറിറ്റ്" എന്ന പേരിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ നേരിടുന്ന ആക്ഷേപം. സംവരണത്തിലൂടെ കടന്നു വരുന്ന വിദ്യാർത്ഥികൾ "മെറിറ്റോറിയസ്" അല്ല എന്ന ആക്ഷേപം നിരന്തരം കേൾക്കുന്ന ഒന്നാണ്. ഈ പൊതുബോധം തങ്ങൾ രണ്ടാംതരം വിദ്യാർത്ഥികളാണെന്ന ബോധം സംവരണ വിദ്യാർത്ഥികളിൽ, സവിശേഷമായി പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ ജനിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ പല രൂപത്തിൽ നേരിടുന്ന ജാതി വിവേചനങ്ങളാണ് വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതും പാതി വഴിയിൽ പഠനം ഉപേക്ഷിക്കുന്നതിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതും.
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റെ മറ്റൊരു പ്രധാന കാരണം വിദ്യാർത്ഥികൾ നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാണ്. ഇതിന്റെയും പ്രധാന കാരണം ജാതി തന്നെയാണ്. ജാതീയത കൊണ്ട് നൂറ്റാണ്ടുകൾ സ്വത്തിൽ നിന്നും വിഭവങ്ങളിൽ നിന്നും അധികാരത്തിൽ നിന്നും പുറംതള്ളപ്പെട്ട ജനതയുടെ ബഹുഭൂരിപക്ഷവും ജീവിക്കുന്നത് കടുത്ത സാമ്പത്തിക പരാധീനതകളിലാണ്. എസ്.സി./എസ്.ടി. വിദ്യാർത്ഥികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചരിത്രപരമാണ്. ഈ സാമ്പത്തിക പ്രതിസന്ധികളോട് പൊരുതി ഉന്നത വിദ്യാഭ്യാസം നേടി വ്യക്തിപരമായും സാമൂഹികമായും രക്ഷ നേടാൻ എത്തുന്ന വിദ്യാർത്ഥികൾക്കാണ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത്.
ഉന്നതവിദ്യാഭ്യാസത്തിലേക്ക് എത്തിച്ചേരുന്ന ദലിത്-ആദിവാസി വിദ്യാർത്ഥികളുടെ എണ്ണം ഇപ്പോഴും പരിമിതമാണ്. അത്തരത്തിൽ എത്തുന്നവർ പോലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് കേരളത്തിന്റെ "പുരോഗമന" വിദ്യാഭ്യാസ മാതൃകയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം വലുതാണ്. ഈ വിഷയത്തിൽ ഭരണകൂടത്തിന്റെയും സർവ്വകലാശാലകളുടെയും അടിയന്തര ശ്രദ്ധയും നയരൂപീകരണവും അനിവാര്യമാണ്.
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് പഠനം നടത്തേണ്ടതുണ്ട്. ജാതി വിവേചനം, അക്കാദമിക് പ്രതിസന്ധികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ മൂലമുള്ള കൊഴിഞ്ഞുപോക്കിന് പുതിയ നയം രൂപീകരിക്കുകയും കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികൾക്ക് പഠനം വീണ്ടും തുടരുന്നതിനും അക്കാദമികമായ പിന്തുണ നൽകുന്നതിനും മുന്നോട്ട് പോകുന്നതിനും നയവും പദ്ധതിയും ആവിഷ്കരിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികളെ പിന്തുണക്കുന്നതിനും പഠനം തുടരുന്നതിനും ബഡ്ജറ്റിൽ പ്രത്യേകം ഫണ്ട് വകയിരുത്തുകയും പദ്ധതി ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്. വിദ്യാഭ്യാസവകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും കാര്യക്ഷമവും ക്രിയാത്മകവുമായ ഇടപെടലുണ്ടെങ്കിൽ ഘട്ടംഘട്ടമായി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാൻ കഴിയും. അതിനുള്ള നയപരമായ ഇച്ഛാശക്തിയാണ് സർക്കാർ കാണിക്കേണ്ടത്.