Author Image ഡോ. രാജേഷ്​ കോമത്ത്
25 Mar 2026

ദൈവ ശരീരങ്ങളും ജാതി ശരീരങ്ങളും: തെയ്യക്കാരുടെ മനുഷ്യാന്തസ്സും തൊഴിലവകാശങ്ങളും

തെയ്യം എന്നത് കേവലം ഒരു അനുഷ്ഠാനകല മാത്രമല്ല, മറിച്ച് ജാതിയും അധികാരവും ആത്മീയതയും ഇഴചേർന്ന സങ്കീർണ്ണമായ ഒരു സാമൂഹിക പ്രക്രിയ കൂടിയാണ്. തെയ്യക്കാവുകളിലെ ജാത്യധികാരത്തിന്റെ വേരുകൾ ഇന്നും അറുത്തുമാറ്റപ്പെട്ടിട്ടില്ല. പഴയ ജാതിവ്യവസ്ഥയിൽ നിന്നും പുത്തൻ മധ്യവർഗ്ഗ ജാതി തറവാടുകളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോൾ, തെയ്യം കെട്ടിയാടുന്ന കനലാടികളുടെ മനുഷ്യാന്തസ്സും തൊഴിലവകാശങ്ങളും എങ്ങനെയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അവർ നേരിടുന്ന ജാതി വിവേചനങ്ങളെക്കുറിച്ചും വിശകലനം ചെയ്യുകയാണ് എം.ജി. സർവ്വകലാശാല സാമൂഹ്യശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. രാജേഷ് കോമത്ത്.

കാലാന്തരത്തിൽ ജാതിതൊഴിലുകൾക്ക് പരിണാമവും മാറ്റിമറിക്കലുകളും സംഭവിച്ചിട്ടുണ്ടെങ്കിലും തെയ്യം കെട്ടുന്നതിലെ ജാതിനിർണ്ണയനവും ജാതിമേൽക്കോയ്മാ സ്വഭാവവും കാര്യമായി മാറിയിട്ടില്ല. തെയ്യം കെട്ടിക്കുന്ന ജാതി തറവാട്ടുകാർക്ക് പുതിയ കാലത്തും അധികാരങ്ങളും മേലാള സ്വഭാവവും നിലനിൽക്കുന്നു. നേരത്തേ സ്വരൂപ വാഴ്ചയുടെ തണലിൽ നാടുവാഴികൾക്കും അവരുടെ പിൻതുടർച്ചാ കുടുംബങ്ങൾക്കുമായിരുന്നു ദേശാധികാരവും താഴ്ന്ന ജാതിക്കാരെ നിയന്ത്രിക്കാനുള്ള ജാത്യാധികാരവും നിലനിന്നിരുന്നതെങ്കിൽ ഇന്ന് അത് അനേകം മധ്യവർഗ്ഗ ജാതികളിലേക്ക് പകർന്നാടിയിട്ടുണ്ട്. സവർണ്ണതയുടെ മേൽക്കോയ്മാശീലങ്ങളോടൊപ്പം ഈ മധ്യവർഗ്ഗ ജാതികളുടെ അംഗബലഹുങ്കും കൂടിയാകുമ്പോൾ മനുഷ്യാന്തസ്സ് പണയം വെച്ച് നടുവൊടിയേണ്ടുന്ന അവസ്ഥയിലാണ് തെയ്യംകെട്ടു ജാതിക്കാരും അവരോടൊപ്പം ചേർന്നുനിൽക്കുന്നവരും. നമ്പൂതിരി-നായർ-നമ്പ്യാർ തറവാട്ടുകാരുടെ അകമ്പടി അധികാരത്തിന്റെ പിന്തുടർച്ച അത്ര ശക്തിയായി ഉത്തരകേരളത്തിന്റെ സാമൂഹിക വ്യവസ്ഥയിൽ തൽക്കാലം നിഴലിക്കുന്നില്ലെങ്കിലും മധ്യജാതികളുടെയും പുത്തൻപണത്തിലൂടെ നിർമ്മിക്കപ്പെട്ട പിന്നോക്ക ജാതി തറവാട്ടുകാരുടെ നിരന്തര നിർണ്ണായകത്വത്തിലൂടെയും തെയ്യക്കാരുടെ കാലികമായ തൊഴിലവകാശങ്ങളും മനുഷ്യാന്തസ്സും ഇല്ലാതാക്കുന്ന ഹിംസാത്മക രൂപമായി പുതിയ കാവ് കമ്മിറ്റികളും മധ്യവർഗ്ഗ ജാതി തറവാടുകളും ഉയർന്നുവന്നിട്ടുണ്ട്.

തെയ്യക്കാർ അഭിമുഖീകരിക്കുന്ന നിരന്തര അതിക്രമങ്ങൾ ഇത്തരത്തിൽ രൂപപ്പെട്ടുവരുന്ന പുതിയ അധികാരത്തിന്റെ പ്രയോഗത്തിനുള്ളിലാണ്. തെയ്യം കെട്ടിയാടലുകളുടെ പഴയതും ആത്മീയവുമായ ബന്ധങ്ങളെക്കാൾ പുത്തൻ തറവാട്ടുകാർ തെയ്യത്തെ സ്വന്തം ജാതിമഹിമ കാണിക്കാനുള്ള ഇടമായിട്ടാണ് ഉപയോഗിക്കുന്നത്. മധ്യകാല നാടുവാഴി ജന്മിത്വ കാലത്ത് തൊട്ടുകൂടാത്ത ജാതികൾ പുതിയ കാലത്ത് തങ്ങളുടെ ജാതിസ്വത്വം വീണ്ടെടുക്കുന്നത് തങ്ങൾക്ക് കീഴെയെന്ന് അവർ കരുതുന്ന ജാതികളുടെ മേലുള്ള അധികാര പ്രയോഗത്തിലൂടെയാണ്. ആചാരവും വിശ്വാസവും ജന്മവും ചെറുജന്മവും അതിന്റെ മര്യാദകളും നിർബന്ധപൂർവ്വമായ അതിന്റെ നടത്തിപ്പുകളും കൊണ്ട് പിന്നോക്ക ജാതിക്കാർക്ക് ഇല്ലാതിരുന്ന ജാത്യാധികാരത്തെ ഉണ്ടാക്കിയെടുക്കാൻ തറവാടുകൾ മത്സരിക്കുന്നു. തെയ്യക്കാരനും അവന്റെ ആത്മീയ കടപ്പാടുകളും അവന്റെ യൗവനവും ഉണർവ്വും കെട്ടിയാട്ടവും തെയ്യം കെട്ടിക്കുന്ന ജാതികളുടെ പാരമ്പര്യ സ്വത്താണെന്ന മനോനിലയിലാണ് പല തറവാടുകളും തെയ്യം കെട്ടിയാടിച്ച് സ്വന്തം തറവാട് മഹിമ പൊലിപ്പിക്കുകയും അതുവഴി തെയ്യക്കാരെ ഒരുപകരണമെന്നവിധം ഉപയോഗിക്കുകയും പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും വരെ ചെയ്യുന്നത്.

ഈ സാമൂഹിക സന്ദർഭത്തിൽ തെയ്യക്കാരുടെ മനുഷ്യാന്തസ്സിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടേണ്ടതാണ്. തെയ്യം പാരമ്പര്യമായി കെട്ടിയാടുന്ന അനുഷ്ഠാനമാണെന്നിരിക്കെ തെയ്യങ്ങൾ ആരൊക്കെ കെട്ടിയാടണം എന്ന് തീരുമാനിക്കുന്നത് തെയ്യക്കാരായിരിക്കണം. അതാത് തെയ്യക്കാവിന് ഇതിനുള്ള പൂർണ്ണാവകാശം കഴിഞ്ഞ കാലങ്ങളിൽ നൽകിവന്നിരുന്നുവെങ്കിൽ ഏതെങ്കിലും തെയ്യക്കാരനോട് ഉണ്ടായിവന്ന വ്യക്തിപരമായ എതിർപ്പിന്റെയോ അടുപ്പത്തിന്റെയോ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതല്ല ഇത്. കണിയാന്മാരെ ഇതിനായി പണം കൊടുത്ത് സ്വാധീനിക്കുന്ന രീതികൾ എന്നും നിലനിന്നതുപോലെ ഇന്നും തുടരുന്നു. കണിയാന്മാർ പണ്ട് പാരമ്പര്യ ജാതിതൊഴിലായിരുന്നുവെങ്കിൽ ഇന്ന് ഏത് ജാതിക്കാർക്കും പിന്തുടരാവുന്ന തൊഴിലായി മാറിയതുകൊണ്ട് സ്വജാതിയിലെ കണിയാൻ സ്വതറവാട്ടിലെ സ്വാധീനമുള്ള വ്യക്തിയാൽ നിർണ്ണയിക്കപ്പെടും. കണിയാൻ വാരിവെക്കുന്നതിന് മുമ്പ് തന്നെ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുമെന്ന് സാരം. എല്ലാം തീരുമാനിക്കുന്നത് രാഹു-ഗുളിക സ്ഥാനമല്ല, മറിച്ച് വ്യക്തികളുടെ നിക്ഷിപ്ത-നിഗൂഢ താത്പര്യങ്ങളുടെ സ്വാധീനമാണ്. കണിയാന്മാർക്ക് പകരം പുതിയ ജ്യോതിഷികൾ പുതിയ താത്പര്യങ്ങളുടെ ഉപകരണമായി തെയ്യക്കാവിലും തെയ്യക്കാരുടെ തലയിലും പതിക്കുന്ന അധികാര ബോംബുകളായി മാറിയിരിക്കുന്നു. തെയ്യക്കാവിലെ മരങ്ങൾ, പഴയ കെട്ടിടങ്ങൾ, ജൈവ കേന്ദ്രങ്ങൾ എന്നിവ നശിപ്പിക്കാൻ തറവാട്ടുകാർക്ക് നീതീകരണം നൽകുന്നതും ഈ ജ്യോതിഷികളാണ്. അവർ ജാതി തറവാട്ടുകാരുടെ കോടാലിക്കൈയായി പ്രവർത്തിക്കുന്നു. ഇത്തരം പുതിയ വിഭാഗങ്ങളെ നിയന്ത്രിക്കുകയും വിനാശകരമായ അവരുടെ ഉപയോഗത്തെ നിലയ്ക്ക് നിർത്തുകയും ചെയ്യാനുള്ള ആർജ്ജവം ആധുനിക അനുഷ്ഠാന-തെയ്യസമൂഹം ഇനിയും നേടേണ്ടതുണ്ട്.

തെയ്യമെന്നത് അടിസ്ഥാനപരമായി അനുഷ്ഠാനമാണ്. അനുഷ്ഠാന സൗന്ദര്യമാണ് അതിന്റെ ചാലകശക്തി. തെയ്യത്തെ കാണാൻ വരുന്നവർ അനുഷ്ഠാന പ്രക്രിയയിൽ പങ്കാളിയാവാനാണ് വരുന്നത്. അനുഷ്ഠാന സൗന്ദര്യം നിലനിർത്തുന്നത് തെയ്യക്കാരാണ്. തെയ്യത്തെ തെയ്യക്കാരുടെ സമർപ്പണത്തിനായി വിട്ടുകൊടുക്കുന്നതാണ് അനുഷ്ഠാന നിർവ്വഹണം. എന്നാൽ പുത്തൻ കാവുകൾ പണിയുന്നവർ അനുഷ്ഠാനത്തിന് അവസാനത്തെ പ്രാധാന്യം മാത്രം നൽകിക്കൊണ്ട് അനുഷ്ഠാന നിർവ്വഹണ സമയത്ത് തന്നെ കാവിൽ ഗാനമേളകളും നാടകങ്ങളും വലിയ തോതിലുള്ള പരസ്യശബ്ദങ്ങളും കമന്ററികളും കൊണ്ട് അനുഷ്ഠാന ഇടത്തെ ഭംഗപ്പെടുത്തുന്നു. ഗാനമേളയുടെയോ മറ്റ് പ്രക്ഷോഭങ്ങളുടെയോ സമയത്തിന് യോജിച്ച് തെയ്യത്തിന്റെ പുറപ്പാടിനെ തന്നെ നേരത്തെയാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന അനേകം തെയ്യക്കാവുകൾ നമുക്ക് ദർശിക്കാം. തെയ്യത്തിന്റെ തോറ്റം ചൊല്ലുന്ന അതേ സമയത്ത് തെയ്യക്കാവിൽ ഗാനമേളയോ മറ്റ് കലാപരിപാടികളോ നടത്തുന്നു. തെയ്യക്കാർക്ക് ഇത് അവരുടെ അനുഷ്ഠാന നിർവ്വഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അറിയിച്ചാലും തെയ്യത്തിനേക്കാളും പണം മുടക്കി വിളിച്ചുവരുത്തിയിരിക്കുന്ന പരിപാടികൾക്ക് പ്രാധാന്യം കൊടുക്കുന്ന പുത്തൻ കാവ് സംസ്കാരം തെയ്യക്കാരുടെ തൊഴിലവകാശങ്ങൾക്ക് എതിരെയുള്ള നീക്കമാണ്. കാവാധികാരികളുടെ സൗകര്യം പ്രമാണിച്ചുള്ള ഇത്തരം പ്രവൃത്തികൾ വലിയ സമ്പ്രദായികത പറയുന്നവർ തന്നെ അനുഷ്ഠാനത്തെ കേന്ദ്രീകരിച്ച് പരിഷ്കരിക്കാൻ തയ്യാറാകുന്നില്ല എന്നത് വിരോധാഭാസമാകുന്നു.

തെയ്യക്കാവുകളെ ഒരു കളിസ്ഥലം പോലെ മാറ്റിത്തീർക്കുന്നതും നമുക്ക് കാണാം. കാണികൾക്ക് തെയ്യം കാണാനുള്ള ഇരിപ്പിടങ്ങൾ, വിനോദസഞ്ചാരികൾക്ക് പ്രത്യേകം ഫീസുകൾ ഈടാക്കുക എന്നിങ്ങനെ കാവിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന രീതികൾ വിനോദസഞ്ചാരികളെ തെയ്യം പോലുള്ള അനുഷ്ഠാന രൂപങ്ങളിലേക്ക് ആകർഷിക്കുകയല്ല ചെയ്യുക. തെയ്യം അതിന്റെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണാനുള്ള തനത് വിനോദസഞ്ചാര രീതികളാണ് നാം അവലംബിക്കേണ്ടത്. തെയ്യത്തിന് ആട്ടം നടത്താൻ പറ്റാത്ത രീതിയിൽ വലിയ ക്യാമറകൾ കൊണ്ട് തെയ്യത്തെ പകർത്താൻ വരുന്നവർ ഒരു ശല്യമായി മാറിയിട്ടുണ്ട്. ക്യാമറക്കാർ തെയ്യക്കാവുടമകൾക്ക് നേരത്തെ പണം കൊടുത്ത് അനുവാദം വാങ്ങുന്നവരായതിനാൽ തെയ്യത്തിനേക്കാൾ അധികാരം പലപ്പോഴും ക്യാമറക്കാർക്കുണ്ട്. തെയ്യത്തറവാട്ടുകാർ അവരുടെ കുടുംബ ക്യാമറക്കാരെ നിർത്തി തെയ്യം ഷൂട്ട് ചെയ്യുകയും വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുവാനായി നേരത്തെ തീരുമാനിച്ചുള്ളതിനാലും തെയ്യക്കാർ ഇതിനുള്ളിലെ ഇടുങ്ങിയ ഇടത്തിലാണ് പലപ്പോഴും തെയ്യങ്ങൾ കെട്ടിയാടുന്നത്. തെയ്യക്കാരന് സ്വന്തം ശരീരം മാത്രമാണ് സ്വന്തമായിട്ടുള്ളത്. തെയ്യക്കാവുകൾ, ആചാരസ്ഥാനികരുടെ ഇടങ്ങൾ, കോമരങ്ങൾ ഇതിനൊക്കെ അകമ്പടിയായി നിൽക്കുന്ന ആണത്ത കാഴ്ചകൾ. തെയ്യക്കാർ നിസ്സഹായരായാൽ തെയ്യങ്ങൾ ചുരുക്കപ്പെടുമെന്ന യാഥാർത്ഥ്യമെങ്കിലും തറവാട്ടുകാരണവന്മാർ ചേർന്ന് ആലോചിക്കണം. പുത്തൻ ജാതി അഹന്ത വിട്ട് മനുഷ്യരായിത്തീർന്ന് നാം പുതിയ കാലത്തെ തെയ്യത്തെയും തെയ്യക്കാരനെയും മാനിക്കാൻ പഠിക്കണം. പഴയതിന്റെ ആവർത്തനമല്ല സമൂഹം. പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കാതലായ മൂല്യങ്ങളെ തള്ളാതെ പുതിയ കാലത്തെ മനുഷ്യാന്തസ്സിന്റെ ധാർമ്മികതകളെ മാനിക്കുന്നിടത്താണ് പുതിയ കാലത്ത് പഴയ അനുഷ്ഠാനങ്ങൾക്ക് മാന്യതയും അർത്ഥവും കൈവരുന്നത്.

പുത്തൻ കാലത്തിന്റെ വൈദ്യുതി വിസ്ഫോടനത്തിൽ പവർകട്ടില്ലാത്ത കാലത്തിന്റെ മേന്മകൾ നാം കൊട്ടിഘോഷിക്കുമ്പോഴും തെയ്യം പോലുള്ള അനുഷ്ഠാനങ്ങൾക്ക് വൈദ്യുതി വെളിച്ചങ്ങൾ അത്ര മികവ് നൽകില്ലെന്ന പാഠം നാം പഠിക്കണം. തെയ്യത്തിന്റെ കാലം കൃത്രിമ വെളിച്ചത്തിന്റേതല്ല. ആ വെളിച്ചം പ്രകൃതിയുടേതാണ്, ചൂട്ടിന്റേതാണ്. ഇരുട്ടിനെ മുറിക്കുന്നതാണ് ആ ചൂട്ടുവെളിച്ചം. കാവ് മുഴുവനും അതിന് ചുറ്റും കിലോമീറ്ററുകളോളം വൈദ്യുതി വെളിച്ചത്തിന്റെ വർണ്ണാഭമായ ധാരാളിത്തം തെയ്യത്തിന്റെ കാര്യത്തിൽ അഭികാമ്യമല്ല. ഇരുട്ടിൽ ചൂട്ടുവെളിച്ചം തട്ടി തിളങ്ങുന്ന അണിയലങ്ങളാണ് തെയ്യത്തിന്റെ വിശേഷം. ഈ കാലത്തും നാം തെയ്യം കെട്ടിയാടിക്കുന്നുണ്ടെങ്കിൽ പഴയ കാലത്തിന്റെ ചില ദൃശ്യാനുഭവങ്ങൾ നമുക്ക് മനസ്സിലാവണം. തെയ്യം പുതിയ വിനോദസഞ്ചാര ഉല്പന്നമായി നിലനിൽക്കണമെങ്കിലും തെയ്യത്തിന്റെ ഈ പ്രകൃത്യധിഷ്ഠിത ഭംഗി നിലനിർത്തണം. തെയ്യത്തിന്റെ ഭംഗി തെയ്യക്കാരന്റെ സുഖത്തിലും സമാധാനത്തിലും ഉണ്ടായിവരുന്നതാണെന്നും, ആധുനിക കാലത്തിനനുസരിച്ച് പുതിയ തെയ്യക്കാരനെ മനസ്സിലാക്കാൻ ജാതിക്കണ്ണുകൾ കൊണ്ട് ഒരിക്കലും കഴിയില്ലെന്നും നാം തിരിച്ചറിയണം.

തെയ്യക്കാരായ കനലാടികൾ തീയിൽ ചവിട്ടിയോ തുള്ളിയോ അപകടമുണ്ടായാൽ അത് സമൂഹത്തിന്റെ പ്രശ്നമായി കാണണം. കനലാടി തെയ്യമായാൽ ദൈവമായി കാണുകയും അവന് എന്തെങ്കിലും അപകടം സംഭവിച്ചാൽ അവന്റെ കുറ്റമായി ചിത്രീകരിക്കുകയും ചെയ്യുന്ന ക്രൂരത തെയ്യം കെട്ടിക്കുന്ന ജാതി സമൂഹങ്ങൾ വെടിയണം. തെയ്യം ഒരു സമൂഹത്തിന്റെ സ്വത്താണ്. അതുകൊണ്ടുതന്നെ തെയ്യം കെട്ടലെന്നതിനെ ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കാൻ നാം പഠിക്കണം.

തെയ്യം കെട്ടുന്നവർക്ക് ക്ഷേമനിധിയും പെൻഷൻ പോലുള്ള പദ്ധതികളും ആവിഷ്കരിക്കാൻ തെയ്യത്തറവാട്ടുകാരും തയ്യാറാവണം. കോലധാരികൾക്കും കോമരങ്ങൾക്കും പ്രത്യേകം ക്ഷേമനിധി തുക നൽകുന്നതിലെ വിവേചനം ഗവൺമെന്റ് തലത്തിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. രണ്ട് വിഭാഗങ്ങൾക്കും ഒന്നുകിൽ തുകകൾ ഏകീകരിക്കുകയോ അല്ലെങ്കിൽ ജീവൻ പണയം വെച്ച് യൗവനം മുഴുവൻ തെയ്യത്തിനായി ഉഴിഞ്ഞുവെക്കുന്ന തെയ്യക്കാർക്ക് ഈ സംഖ്യ കൂട്ടുകയോ ചെയ്യണം. അർഹിക്കുന്ന എല്ലാ തെയ്യക്കാർക്കും ഈ ക്ഷേമപ്രവർത്തനം ലഭ്യമാക്കണം. സാംസ്കാരിക വകുപ്പ് വഴി നൽകുന്ന അവശകലാകാരന്മാർക്കുള്ള ക്ഷേമനിധി വിരലിലെണ്ണാവുന്നവർക്കേ കൊടുക്കുന്നുള്ളൂ. അതിന് പുതിയ മാനദണ്ഡം ഉണ്ടാക്കുകയും തെയ്യക്കാരുടെ പട്ടിക ദേശാടിസ്ഥാനത്തിൽ പുതുക്കുകയും ചെയ്യണം. ഫോക്ലോർ അക്കാദമിക്ക് ഒരുപാട് കാര്യങ്ങൾ ഇത്തരത്തിൽ ചെയ്യാനുണ്ട്. ഫോക്ലോർ അവാർഡുകൾ നൽകുന്നതിൽ നിയതമായ മാനദണ്ഡങ്ങൾ ഉണ്ടാവുകയും അതിന്റെ എണ്ണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ കാര്യമായ രാഷ്ട്രീയ ബന്ധമൊന്നുമില്ലാത്ത നല്ല തെയ്യക്കാർ തഴയപ്പെടും. അനേകം ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.

തെയ്യക്കാരെ ഊരുവിലക്കുന്ന ജാതി

ജാതി-ജന്മിത്വ കാലത്ത് തെയ്യക്കാർ ദേശത്തിന്റെയും തറവാട്ടുകളുടെയും രക്ഷാകർതൃത്വത്തിലായിരുന്നു ഉപജീവനം നടത്തിയിരുന്നത്. ദേശവാഴിയുടെയും തറവാട്ടുകാരുടെയും ധാർമ്മിക ഉത്തരവാദിത്തമായിരുന്നു തെയ്യക്കാരുടെ സംരക്ഷണം. തറവാട്ടിലെ ഏത് ഉല്പന്നത്തിന്റെയും ഒരു പങ്ക് തെയ്യക്കാരുടെ കുടുംബത്തിന് കൊടുക്കേണ്ടത് ചെറുജന്മാവകാശ പാലനത്തിന്റെ മര്യാദയായിരുന്നു. തെയ്യക്കാർ അതുകൊണ്ടുതന്നെ ഊരുകളുടെ നാമത്തിലാണ് അറിയപ്പെടാറുള്ളത്. ഇന്ന് ഈ സാമൂഹികക്രമം മുഴുവനായി ഇല്ലാതായി. പഴയ തറവാട്ടുകാർ ചെറുകുടുംബങ്ങളായി മാറി. എന്നാൽ പഴയ തൊട്ടുകൂടാത്ത പിന്നോക്ക ജാതികൾ പുതിയ തറവാട്ടുകളെ പുനഃപ്രതിഷ്ഠിക്കുന്ന തിരക്കിലുമാണ്. തെയ്യക്കാർ മുഴുവൻ സമയവും തെയ്യവും അനുബന്ധ ജോലികളിലുമല്ല വ്യാപൃതരായിരിക്കുന്നത്. തെയ്യക്കാലത്ത് മാത്രം തെയ്യത്തിന്റെ മേഖലയിൽ വന്നുചേരുന്നവരായി അവരും മാറി. അല്ലാത്ത കാലത്ത് നാനാവിധ തൊഴിലുകളിൽ ഏർപ്പെടുന്ന കൈത്തൊഴിലാളികളായി അവർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.

പഴയ നായർ-നമ്പ്യാർ തറവാട്ടുകാർ തെയ്യത്തിന്റെ ആചാരപ്പഴമയിൽ നിന്നും പുതിയ കാലത്തിനനുസരിച്ച് മാറി. ദേശത്തിന്റെ നികുതിപിരിവുകാരായും അകമ്പടി നായന്മാരായും പ്രവർത്തിച്ചവർ പുതിയ കാലത്തിന്റെ വ്യക്തിഗത ജീവിതത്തിൽ ദേശം വിട്ട് പുതിയ ദേശങ്ങളിലും നഗരങ്ങളിലും കുടിയേറി. തെയ്യത്തിന്റെ കെട്ടിയാട്ട ദിവസങ്ങളിൽ മാത്രം സ്വന്തം തറവാട്ടിലേക്ക് വരുന്നവരായി. എല്ലാ ജാതി വിഭാഗങ്ങളിലും ഇത്തരം മാറ്റങ്ങൾ ഉണ്ടായെങ്കിലും പുത്തൻ പണക്കാരായി മാറിയ പഴയ പിന്നോക്ക മധ്യവർഗ്ഗ ജാതികൾ തെയ്യത്തെ പുതിയ അധികാര കേന്ദ്രത്തിന്റെ മൂലധനമാക്കി മാറ്റുന്നു. പഴമയിൽ തങ്ങളുടെ കൂട്ടത്തിന് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ജാതിമഹിമയ്ക്കായി തെയ്യാട്ടക്കാവിലൂടെ മേൽജാതിപ്പട്ടം കെട്ടി താല്ക്കാലികമായി അണിഞ്ഞൊരുങ്ങി തെയ്യത്തിന്റെ പാരമ്പര്യ മൂലധനത്തെ പുതിയ ജാതി തറവാടുകളുടെ ആഢ്യതയാക്കി മാറ്റുമ്പോൾ തെയ്യക്കാരെ കൂടുതൽ കീഴാളരായി ചിത്രീകരിച്ചാണ് സാമൂഹിക അധികാരം പ്രയോഗിക്കുന്നത്. കുടുംബത്തെയും ദായക്രമത്തെയും സാമ്പത്തികമായ മാറ്റത്തിലൂടെ അവർ തറവാടുകളായി ഉണ്ടാക്കിയെടുക്കുന്നു. ഇതിലൂടെ ഇല്ലാതിരുന്ന ജാതിമഹിമ നിർമ്മിച്ചെടുക്കുന്നു. ഈ ഇടത്തട്ട് ജാതിതറവാടുകൾ തെയ്യത്തെ പുതുതായി വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നു. അവരുടെ കുലതെയ്യങ്ങളെ ദേശത്തിന്റെ ദൈവമാക്കി മാറ്റുന്നതിൽ നായർ-നമ്പ്യാർ തറവാടുകളോടുള്ള മത്സരമെന്നോണം പഴയ ജാതി മാമൂലുകളുടെ വിവേചനങ്ങളുടെ ഭാഷ നിർമ്മിച്ചെടുക്കുന്നു.

ഈ സന്ദർഭത്തിലാണ് തെയ്യക്കാരെ നിസ്സാരമായ കുറ്റം പറഞ്ഞ് ഊരുവിലക്കുന്നത്. തെയ്യക്കാരൻ താണുനിന്ന് വന്ദിക്കുന്നില്ല, ദേശത്തുനിന്ന് കാവുടമകളുടെ സമ്മതമില്ലാതെ പുറത്ത് തെയ്യം ചെയ്തു, തെയ്യക്കാരൻ അന്യജാതിയിൽ നിന്നും കല്യാണം കഴിച്ചു എന്നിങ്ങനെ പുറത്തുപറയാവുന്നതും അല്ലാത്തതുമായ കാരണങ്ങൾ നിരത്തി അപ്രഖ്യാപിത വിലക്കുകൾ ഉണ്ടാക്കിയെടുക്കുന്നു. തെയ്യക്കാരന് ആധുനിക ഇന്ത്യയിൽ നിലനിൽക്കുന്ന ഭരണഘടന അനുശാസിക്കുന്ന പൗരത്വമുള്ളതായി മറന്നുപോകുന്ന മനുഷ്യരായി കാവുടമകൾ മാറുന്നു. ആചാര ഭ്രാന്തും ജാതി ഭ്രാന്തും കൂടിച്ചേരുമ്പോൾ തെയ്യ ശരീരങ്ങൾ വെറും ജാതി ശരീരങ്ങളായി മാത്രം കാണുന്ന ജാതി കോമരങ്ങൾ തെയ്യക്കാരന്റെ നിത്യജീവിതം ദുസ്സഹമാക്കുന്നു. ഊരുവിലക്കുകൾ തൊഴിൽ ചെയ്യാനുള്ള അവകാശത്തെ ലംഘിക്കുന്നു. മനുഷ്യാവകാശ പ്രശ്നമായി ഇത്തരം വിലക്കുകളെ നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ജാതി പീഡനങ്ങൾ തെയ്യക്കാരന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ പട്ടികജാതി-വർഗ്ഗ കമ്മീഷനുകൾ സ്വമേധയാ ശ്രദ്ധിച്ച് ഇത്തരം സന്ദർഭങ്ങളിൽ ഇടപെടേണ്ടതാണ്. തെയ്യക്കാർ ഒരു കാവിൽ വന്നാൽ അവർ കാവുകാരുടെ അതിഥികളായി കാണേണ്ടതാണ്. കാരണം കാവുകൾ ക്ഷണിച്ചിട്ടും പാരമ്പര്യമായി തെയ്യം ചെയ്യുന്ന സമുദായമായതിനാലുമാണ് തെയ്യക്കാർ ഈ അനുഷ്ഠാന നിർവ്വഹണം ഒരു തൊഴിലായി നടത്തിപ്പോരുന്നത്. കാവുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഭക്ഷണം പോലും നൽകാതെ തെയ്യങ്ങൾ കെട്ടിയാടിക്കുന്ന കാവുകൾ ഇന്നും വടക്കേ മലബാറിലുണ്ട്. തെയ്യക്കാരുടെ ശരീരത്തിന് വിശക്കുമെന്ന സാമാന്യകാര്യം പോലും മറന്നുപോകുന്ന ജാതി തറവാടുകൾ ഏത് കാലത്താണ് ജീവിക്കുന്നത്? ഏത് മനസ്സാണ് ഇവരെ നയിക്കുന്നത്? ഈ മനസ്സ് രൂപപ്പെടുന്നത് ജാതിയുടെ വിവേചന പെരുമാറ്റങ്ങളിൽ നിന്നാണ്. ഇത് തെയ്യം കെട്ടിക്കുന്ന കാവുകാരും കീഴൊതുങ്ങുന്നുണ്ടെങ്കിൽ തെയ്യക്കാരും ഒരുപോലെ മനസ്സിലാക്കേണ്ട കാര്യമാണ്.

Share this link