Author Image ഗീത സുനിൽ പിള്ള

യു.ജി.സി. നിയമാവലി 2026: ജാതിവിരുദ്ധ ചട്ടങ്ങളിൽ ഗുരുതര പിഴവുകളെന്ന് പ്രൊഫ. സുഖദേവ് തൊറാട്ട്

ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിലെ നിർണ്ണായകമായ ഒന്നായിരുന്നു 2012-ലെ യു.ജി.സി. ഇക്വിറ്റി നിയമം. ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ സുരക്ഷാ കവചമായിരുന്ന ഈ ചട്ടങ്ങളെ അപ്രസക്തമാക്കുന്നതാണ് പുതുതായി അവതരിപ്പിച്ച 2026-ലെ യു.ജി.സി. കരട് നിയമം. ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്ന ഐ.ഐ.ടി. (IIT), ഐ.ഐ.എം. (IIM) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളെയും സ്വതന്ത്ര സ്ഥാപനങ്ങളെയും നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയതും, വിവേചനത്തിന്റെ രൂപങ്ങളെ നിർവചിക്കുന്നതിൽ വരുത്തിയ മാറ്റങ്ങളും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ യു.ജി.സി. ചെയർമാനുമായ പ്രൊഫ. സുഖദേവ് തൊറാട്ട് നിരീക്ഷിക്കുന്നു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം തടയുന്നതിനായി യു.ജി.സി. (UGC) പുതുതായി അവതരിപ്പിച്ച 2026-ലെ നിയമാവലിയിലെ ഗുരുതരമായ പിഴവുകളെക്കുറിച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ യു.ജി.സി. ചെയർമാനുമായ പ്രൊഫ. സുഖദേവ് തൊറാട്ട് ചൂണ്ടിക്കാട്ടുന്നു. 'അംബേദ്കർനാമ' എന്ന യുട്യൂബ് ചാനലിൽ പ്രൊഫ. രത്തൻലാലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിഷയങ്ങൾ വിശകലനം ചെയ്തത്.

"2012-ലെ ജാതിവിരുദ്ധ നിയമചട്ടക്കൂടിനെ ദുർബലപ്പെടുത്താനാണോ 2026-ലെ യു.ജി.സി. ആക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്?" എന്ന തലക്കെട്ടിൽ നടന്ന ചർച്ച, പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രകടമായ പോരായ്മകളെ തുറന്നുകാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ അക്കാദമിക് മേഖലയിൽ ദലിത്-പിന്നോക്ക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 118 ശതമാനത്തിന്റെ ഞെട്ടിപ്പിക്കുന്ന വർദ്ധനവ് ഉണ്ടായിട്ടും പുതിയ നിയമം അപര്യാപ്തമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.

2012-ലെ യഥാർത്ഥ നിയമാവലിക്ക് അടിത്തറ പാകിയ 2007-ലെ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത് പ്രൊഫ. തൊറാട്ട് ആയിരുന്നു. പുതിയ നിയമത്തിൽ ചില പോസിറ്റീവ് വശങ്ങളുണ്ടെങ്കിലും, അതിലെ അവ്യക്തതകളും ഒഴിവാക്കലുകളും എസ്.സി. (SC), എസ്.ടി. (ST), ഇപ്പോൾ ഒ.ബി.സി. (OBC) വിഭാഗങ്ങളെയും വ്യവസ്ഥാപിതമായ പക്ഷപാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടേക്കാമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിലെ ജാതി വിവേചനം: ആത്മഹത്യകളും വ്യവസ്ഥാപിത പരാജയങ്ങളും

2006-ൽ എയിംസിൽ (AIIMS) നിരന്തരമായ പീഡനം മൂലം രണ്ട് ദലിത് വിദ്യാർത്ഥികൾ ജീവനൊടുക്കിയത് മുതൽ രോഹിത് വെമുല (2016, ഹൈദരാബാദ് സർവകലാശാല), അനിത പയ്യപ്പള്ളി (2017, ഐ.ഐ.ടി ബോംബെ), പായൽ തദ്‌വി (2019, മുംബൈ ടോപ്പിവാല മെഡിക്കൽ കോളേജ്) തുടങ്ങിയ ഇന്ത്യൻ ക്യാമ്പസുകളെ ഉലച്ച ആത്മഹത്യകളെ പ്രൊഫ. തൊറാട്ട് വിവരിക്കുകയും "വിവേചനം എന്നത് വെറും വാക്കാലുള്ള അധിക്ഷേപം മാത്രമല്ല; അത് അന്തസ്സിന് മേലുള്ള നിത്യേനയുള്ള കടന്നാക്രമണമാണ്," എന്ന് പ്രൊഫ. തൊറാട്ട് പ്രസ്താവിക്കുകയും ചെയ്തു. സംവരണ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾക്കെതിരെ ഉപയോഗിക്കുന്ന "നീ ക്വോട്ടയിൽ (Quota) നിന്നാണോ അതോ കോത്തയിൽ (Kotha - വേശ്യാലയം) നിന്നാണോ?" എന്ന അങ്ങേയറ്റം അപമാനകരമായ അധിക്ഷേപങ്ങളെയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സംവരണത്തെ ധാർമ്മിക അധഃപതനവുമായി ബന്ധിപ്പിക്കുന്ന ഇത്തരം പദപ്രയോഗങ്ങൾ സർവ്വേകളിൽ കണ്ടെത്തിയിട്ടുള്ളവയാണ്.

ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്തതുപോലെ വിദ്യാഭ്യാസം എന്നത് ഒരു "ഇരട്ടവായ്ത്തലയുള്ള വാളാണ്"; അത് ആര് കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് ഒന്നെങ്കിൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കാം, അല്ലെങ്കിൽ അടിച്ചമർത്തലുകൾ ശാശ്വതമാക്കാം എന്ന് പ്രൊഫ. തൊറാട്ട് ഓർമ്മിപ്പിച്ചു. "സവർണ്ണരായ അധ്യാപകരും ഭരണകർത്താക്കളും പലപ്പോഴും എസ്.സി./എസ്.ടി. വിദ്യാർത്ഥികളെ തുല്യ സൗകര്യങ്ങൾക്ക് അർഹതയില്ലാത്ത 'ക്വോട്ട അഡ്മിഷനുകൾ' ആയിട്ടാണ് കാണുന്നത്". തന്റെ പഠനങ്ങളിലൂടെ കണ്ടെത്തിയ വിവിധ വിവേചന രീതികളെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി: ഹോസ്റ്റലുകളിലെ വേർതിരിവ്; ഉദാഹരണത്തിന്, സവർണ്ണരായ വിദ്യാർത്ഥികളുടെ മുറികളിൽ കയറുന്നതിൽ നിന്ന് ദലിത് കുട്ടികളെ തടയുക), സാംസ്കാരിക-കായിക പരിപാടികളിൽ നിന്നുള്ള ഒഴിവാക്കൽ, അർഹമായ ഗ്രേഡുകൾ നിഷേധിക്കുന്ന രീതിയിലുള്ള പക്ഷപാതപരമായ മൂല്യനിർണ്ണയങ്ങൾ, എസ്.സി./എസ്.ടി. ഫാക്കൽറ്റികൾക്ക് ലാബ് സൗകര്യങ്ങൾ നിഷേധിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2012-ലെ യു.ജി.സി. നിയമാവലിയുടെ ഉത്ഭവം

2007-ൽ എയിംസിനെ (AIIMS) കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രൊഫ. തൊറാട്ട് കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ നിന്നാണ് "UGC (Promotion of Equity in Higher Educational Institutions) Regulations, 2012" എന്നറിയപ്പെടുന്ന ചട്ടങ്ങൾ രൂപപ്പെട്ടത്. എയിംസിലെ രണ്ട് ആത്മഹത്യകളെത്തുടർന്ന് ഹെൽത്ത് സെക്രട്ടറി നിർദ്ദേശിച്ച ഈ അന്വേഷണം, സ്ഥാപന അധികൃതരുടെ കടുത്ത എതിർപ്പിനിടയിലും അവിടെ നിലനിന്നിരുന്ന "വളരെ ഗൗരവമേറിയ" ജാതിവിവേചനങ്ങൾ പുറത്തുകൊണ്ടുവന്നു. വിദ്യാർത്ഥികൾ തമ്മിലും, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലും, ഭരണപരമായ തലത്തിലും വിവേചനം നിലനിൽക്കുന്നുണ്ടെന്ന് സമിതി കണ്ടെത്തി. ക്ലാസ് മുറികളിലെ മാറ്റിനിർത്തൽ, ഹോസ്റ്റലുകളിലെ വേർതിരിവ്, മൂല്യനിർണ്ണയത്തിലെ പക്ഷപാതം എന്നിവയായിരുന്നു പ്രധാന കണ്ടെത്തലുകൾ.

2010-ൽ ജെ.എൻ.യു-വിലുണ്ടായ (JNU) ആത്മഹത്യയ്ക്ക് പിന്നാലെ, പ്രൊഫ. തൊറാട്ടിന്റെ ഇടപെടലുകളെത്തുടർന്ന് അന്നത്തെ എച്ച്.ആർ.ഡി. (HRD) മന്ത്രി കപിൽ സിബൽ പ്രത്യേക ചട്ടങ്ങൾ തയ്യാറാക്കാൻ യു.ജി.സിക്ക് നിർദ്ദേശം നൽകി. നാഷണൽ ക്യാമ്പയിൻ ഓൺ ദലിത് ഹ്യൂമൻ റൈറ്റ്‌സിന്റെ (NCDHR) നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പ്രൊഫ. തൊറാട്ടാണ് ഈ ചട്ടക്കൂട് തയ്യാറാക്കിയത്.

പ്രവേശന പ്രക്രിയയിലെ വിവേചനം, ഫീസ് ഇളവുകൾ നിഷേധിക്കൽ എന്നിവ മുതൽ വാക്കാലുള്ള അധിക്ഷേപങ്ങൾ, അപകീർത്തികരമായ പരാമർശങ്ങൾ, ജാതീയമായ റാഗിംഗ്, മുൻവിധികളിലൂടെയുള്ള മാനസിക പീഡനം തുടങ്ങി 21 മുതൽ 28 വരെ വ്യത്യസ്തമായ 'വിവേചന രൂപങ്ങളെ' ഈ നിയമം കൃത്യമായി നിർവചിച്ചിരുന്നു.

പരാതികൾ അന്വേഷിക്കാനും വൈസ് ചാൻസലറെ ഒഴിവാക്കിക്കൊണ്ട് സമിതികൾ രൂപീകരിക്കാനും യു.ജി.സി/ഡി.ഒ.പി.ടി (UGC/DOPT) ചട്ടങ്ങൾ പ്രകാരം ശിക്ഷകൾ ശുപാർശ ചെയ്യാനും അധികാരമുള്ള ഒരു ആന്റി ഡിസ്ക്രിമിനേഷൻ ഓഫീസറെ (ADO) നിയമിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരായിരുന്നു. 1955-ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് ആക്റ്റിലും (മുൻപ് അയിത്തോച്ചാടന നിയമം), എസ്.സി/എസ്.ടി അതിക്രമ വിരുദ്ധ നിയമത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനപ്പുറമുള്ള കാര്യങ്ങളിൽ നിലനിന്നിരുന്ന വിടവുകൾ നികത്താൻ ഈ നിയമം സഹായിച്ചു.

എങ്കിലും, നടപ്പിലാക്കുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ചു. ജിൻഡാൽ യൂണിവേഴ്സിറ്റിയിലെ മതിലുകളിൽ ലിംഗനീതിയെയും ഭിന്നശേഷി അവകാശങ്ങളെയും കുറിച്ചുള്ള നയങ്ങൾ പ്രദർശിപ്പിച്ചിരുന്നെങ്കിലും 2012-ലെ ഈ ചട്ടങ്ങൾ അവിടെ അവഗണിക്കപ്പെട്ടു എന്ന് പ്രൊഫ. തൊറാട്ട് ഓർമ്മിപ്പിച്ചു. ഐ.ഐ.ടി. ബോംബെയിലെ ഒരു ആത്മഹത്യയ്ക്ക് ശേഷമാണ് തങ്ങൾ ഇത്തരമൊരു നിയമത്തെക്കുറിച്ച് അറിയുന്നത് എന്ന് അവിടുത്തെ ഡയറക്ടർ സമ്മതിക്കുകയുണ്ടായി. രാജ്യവ്യാപകമായി ന്യൂപാ (NUEPA) നടത്തിയ പഠനം വിവേചനങ്ങൾ തുടരുന്നുവെന്ന് സ്ഥിരീകരിക്കുകയും ശക്തമായ നിയമപാലനത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

സുപ്രീം കോടതി ഇടപെടലും യു.ജി.സി. 2026-ന്റെ രൂപീകരിക്കലും

പായൽ തദ്‌വി, രോഹിത് വെമുല എന്നിവരുടെ കുടുംബങ്ങൾ ഇന്ദിര ജയ്‌സിംഗ് മുഖേന നൽകിയ ഹർജികളാണ് ഇതിന് നിർണ്ണായകമായത്. 2023-2024 കാലഘട്ടത്തിൽ, ചട്ടങ്ങൾ നടപ്പിലാക്കുന്നതിലെ വീഴ്ചയ്ക്ക് സുപ്രീം കോടതി യു.ജി.സിയെ രൂക്ഷമായി വിമർശിക്കുകയും പരിഷ്കരിച്ച ചട്ടക്കൂട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ സമ്മർദ്ദഫലമായാണ് യു.ജി.സി 2026-ലെ കരട് പുറത്തിറക്കിയത്.

ഒ.ബി.സി. (OBC) വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയത് പ്രൊഫ. തൊറാട്ട് പ്രശംസിക്കുകയും വാർഷിക റിപ്പോർട്ടുകൾ, ഇക്വിറ്റി പരിശീലനം, ക്യാമ്പസുകളിൽ നിരീക്ഷണം നടത്താനുള്ള 'ഡിസ്ക്രിമിനേഷൻ സ്പോട്ടേഴ്സ്' തുടങ്ങിയ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. എങ്കിലും, ഇതിനെ 2012-ലെ നിയമത്തിന്റെ 'വെള്ളം ചേർത്ത രൂപം' (Watered-down version) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

യു.ജി.സി. 2026-ലെ പ്രധാന പഴുതുകൾ

1. സ്ഥാപനങ്ങളുടെ പരിധിയിലെ അവ്യക്തത: പ്രമുഖ സ്ഥാപനങ്ങളെയും സ്വതന്ത്ര സ്ഥാപനങ്ങളെയും (Stand-Alone Institutes) ഒഴിവാക്കൽ.

യു.ജി.സി.യുടെ പരിധിയിൽ വരുന്ന 1,168 സർവ്വകലാശാലകളെയും 2(f)/12(B) അംഗീകാരമുള്ള 45,473 കോളേജുകളെയും മാത്രമാണ് പുതിയ നിയമം "ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ" (Higher Educational Institutions) എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, 1961-ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആക്റ്റിന് കീഴിലുള്ള 23 ഐ.ഐ.ടി.കളെയും (IIT), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആക്റ്റിന് കീഴിലുള്ള 21 ഐ.ഐ.എം.കളെയും (IIM), ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും നൽകുന്ന 12,000-ഓളം സ്വതന്ത്ര സ്ഥാപനങ്ങളെയും (പോളിടെക്നിക്കുകൾ, ടീച്ചർ ട്രെയിനിംഗ്, നഴ്സിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവ) ഈ നിയമം പാടെ അവഗണിക്കുന്നു.

"വളരെ ധൃതിപിടിച്ച് ഒരു വലിയ മേഖലയെ തന്നെ സംരക്ഷണ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്" എന്ന് പ്രൊഫ. തൊറാട്ട് പറഞ്ഞു. ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തപ്പോൾ തങ്ങൾ യു.ജി.സി. നിയമങ്ങളുടെ പരിധിയിൽ വരുന്നില്ലെന്ന് ഐ.ഐ.ടി. ഡൽഹി അവകാശപ്പെട്ട കാര്യവും  അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഒരു മാസത്തിനകം യു.ജി.സി.ക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

2. വിവേചനത്തിന്റെ പ്രത്യേക രൂപങ്ങളുടെ ഒഴിവാക്കൽ: ബോധപൂർവമായ ലഘൂകരണമോ?

പ്രവേശന പ്രക്രിയയിലെ പക്ഷപാതം, ക്ലാസ്സ്റൂമുകളിലെ പീഡനം, ലാബ് സൗകര്യങ്ങൾ നിഷേധിക്കൽ, വിവേചനപരമായ ഇന്റർവ്യൂകൾ, ജാതീയമായ റാഗിംഗ് തുടങ്ങി വിവേചനത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ച് 2012-ലെ ചട്ടങ്ങളിൽ വ്യക്തമായി പ്രതിപാദിച്ചിരുന്നു. എന്നാൽ 2026-ലെ പുതിയ നിയമത്തിൽ ഇവ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പകരം, വി.സി (VC) അധ്യക്ഷനായ 'ഇക്വിറ്റി കമ്മിറ്റി' ഒരു 'മാതൃകാ പട്ടിക' (Illustrative list) തയ്യാറാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. "ജാതീയ പെരുമാറ്റങ്ങളെ നിർവചിക്കാൻ ഇവർ ആരാണ്? ഇത് ഇരകളെ ഇരുട്ടിലാക്കാൻ മാത്രമേ സഹായിക്കൂ," പ്രൊഫ. തൊറാട്ട് വാദിച്ചു. പാഠപുസ്തകങ്ങളിൽ നിന്ന് അംബേദ്കറുടെയും ദലിത് പാന്തേഴ്സിന്റെയും ഭാഗങ്ങൾ ഒഴിവാക്കിയതുപോലെ, ജാതിയുടെ 'അഴുക്കുകളെ' (filth) മറച്ചുപിടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അദ്ദേഹം സംശയിക്കുന്നു.

3. ഇക്വിറ്റി കമ്മിറ്റി ഘടനയിലെ താൽപ്പര്യ വിരുദ്ധത (Conflict of Interest)

പുതിയ ചട്ടപ്രകാരം വിവേചന പരാതികൾ പോകുന്നത് വി.സി. അധ്യക്ഷനായ സമിതിയിലേക്കാണ്. ഈ സമിതിയിൽ ഡിപ്പാർട്ട്‌മെന്റ് മേധാവികളും പ്രിൻസിപ്പൽമാരും അംഗങ്ങളായിരിക്കും. ഇവർ ശുപാർശ ചെയ്യുന്ന ശിക്ഷ നടപ്പിലാക്കേണ്ടതും ഇതേ വി.സി. തന്നെയാണ്. "പ്രതി തന്നെ ജഡ്ജിയാകുന്ന അവസ്ഥയാണിത്; ഇത് തികച്ചും നിയമവിരുദ്ധമാണ്," ഹിന്ദു കോളേജ് പ്രിൻസിപ്പലിന്റെ സാഹചര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 2012-ലെ 'ആന്റി ഡിസ്ക്രിമിനേഷൻ ഓഫീസർ' (ADO) മാതൃക നിഷ്പക്ഷമായിരുന്നു. എന്നാൽ 2026-ലേത് പിഴവുകൾ നിറഞ്ഞതാണ്. ഈ സമിതികളിൽ 50% എസ്.സി/എസ്.ടി/ഒ.ബി.സി (SC/ST/OBC) പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

4. ക്രിമിനൽ നടപടികളിലെയും അധ്യാപക സംരക്ഷണത്തിലെയും അവ്യക്തത

വിവേചനത്തെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഒരു 'വെമുല ആക്ട്' (Vemula Act) വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം (റാഗിംഗ് വിരുദ്ധ നിയമങ്ങൾ ജയിൽ ശിക്ഷ ഉറപ്പാക്കിയതിലൂടെ അത്തരം സംഭവങ്ങൾ കുറഞ്ഞത് പോലെ). പ്രൊഫ. തൊറാട്ട് അധ്യക്ഷനായ കമ്മീഷന്റെ ശുപാർശ പ്രകാരം കർണാടകയിൽ രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ഇത്തരമൊരു നിയമം നടപ്പിലാക്കുന്നുണ്ട്. എന്നാൽ 2026-ലെ യു.ജി.സി. നിയമാവലിയിൽ "ക്രിമിനൽ ആംഗിൾ" ഉണ്ടെങ്കിൽ പോലീസിനെ അറിയിക്കാം എന്ന് പറയുന്നുണ്ടെങ്കിലും, അത് ആര് തീരുമാനിക്കും എന്നതിൽ വ്യക്തതയില്ല.

വി.സിമാരിൽ നിന്നോ പ്രിൻസിപ്പൽമാരിൽ നിന്നോ വിവേചനം നേരിടുന്ന ദലിത് അധ്യാപകരുടെ കാര്യത്തിൽ (ഉദാഹരണത്തിന് 2025-ലെ ജമ്മു പ്രൊഫസറുടെ ആത്മഹത്യ) പുതിയ നിയമം മൗനം പാലിക്കുകയാണ്. 2012-ലെ ചട്ടങ്ങളിൽ അധ്യാപകർ നേരിടുന്ന വിവേചനങ്ങൾ (മൂല്യനിർണ്ണയം, സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയവ) പ്രത്യേകം വിവരിച്ചിരുന്നു. എന്നാൽ 2026-ൽ ഇതില്ല. ഇരകളായവർ നേരിട്ട് അട്രോസിറ്റി ആക്ട് (Atrocities Act) പ്രകാരം പരാതിപ്പെടേണ്ടി വരും; ഇതിനായി സ്ഥാപനത്തിനുള്ളിൽ പ്രത്യേക സംവിധാനങ്ങളില്ല. "പുതിയ നിയമം പൂർണ്ണമായും വിദ്യാർത്ഥികളിൽ കേന്ദ്രീകരിച്ചുള്ളതാണ്, അവിടെപ്പോലും ഭരണപരമായ വിവേചനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങളില്ല," അദ്ദേഹം ചൂണ്ടിക്കാ ട്ടുന്നു.

5. ശിക്ഷാനടപടികളിലെ പോരായ്മകൾ

റാഗിംഗ് വിരുദ്ധ നിയമം വിജയിച്ചത് നിർബന്ധിത ജയിൽ ശിക്ഷ ഉറപ്പ് വരുത്തിയത് കൊണ്ടാണ്. എന്നാൽ ജാതി വിവേചനത്തിനുള്ള ശിക്ഷകൾ പിഴയൊടുക്കൽ, സെമസ്റ്റർ റദ്ദാക്കൽ തുടങ്ങിയ സിവിൽ നടപടികളിൽ ഒതുങ്ങുന്നു.

നിർബന്ധിത ഇക്വിറ്റി പ്രോഗ്രാമുകൾ, വാർഷിക വിവേചന ഓഡിറ്റുകൾ, ക്യാമ്പസ് പട്രോളിംഗ് തുടങ്ങിയ പ്രതിരോധ നടപടികളെ പ്രൊഫ. തൊറാട്ട് പ്രശംസിച്ചു. ഒ.ബി.സി (OBC) വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയത് "ഒരു പരിധിവരെ" വിവേചനം നേരിടുന്ന ആ വിഭാഗത്തിലെ ആൺകുട്ടികൾക്ക് ഗുണകരമാകും. എങ്കിലും, ഈ പഴുതുകൾ അടച്ചില്ലെങ്കിൽ "നിയമങ്ങൾ നിലനിൽക്കുമ്പോഴും വിവേചനം തുടരും, ഇത് എസ്.സി/എസ്.ടി/ഒ.ബി.സി യുവാക്കളുടെ-പ്രത്യേകിച്ച് പെൺകുട്ടികളുടെ- ജീവിതം തകർക്കും."

വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൃത്യമായി നിർവചിക്കുക, വിവേചനത്തിന്റെ വിവിധ രൂപങ്ങൾ പുനഃസ്ഥാപിക്കുക, സമിതികളിൽ നിഷ്പക്ഷത ഉറപ്പാക്കാൻ പരിഷ്കാരങ്ങൾ കൊണ്ടുവരിക, എസ്.സി/എസ്.ടി/ഒ.ബി.സി പ്രതിനിധികളെ സമിതികളിൽ നിർബന്ധമാക്കുക, ക്രിമിനൽ നടപടികളിൽ വ്യക്തത വരുത്തുക യു.ജി.സിക്ക് സമർപ്പിക്കാനുള്ള തന്റെ നിർദ്ദേശങ്ങളിൽ പ്രൊഫ. തൊറാട്ട് പ്രധാനമായും ആവശ്യപ്പെടുന്നത് ഇവയാണ്. 

 

Editor's Note: This article was originally published in The Mooknayak 

( https://en.themooknayak.com/education/ugc-regulations-2026-vs-2012-prof-thorat-reveals-critical-loopholes-in-new-anti-caste-discrimination-rules )

The Roots Media - TOWARDS SOCIAL DEMOCRACY