Author Image ശ്രുതി സി.ആർ.
22 Apr 2026

ഉന്നത വിദ്യാഭ്യാസം ഉന്നതകുല ജാതർക്ക് മാത്രമോ? നിതിൻ രാജിന്റെ മരണം ഉന്നയിക്കുന്ന ചോദ്യങ്ങൾ

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ആത്മഹത്യ ചെയ്ത രജനി എസ്. ആനന്ദും മരണത്തിലേക്ക് തള്ളിയിടപ്പെട്ട നിതിൻ രാജും ഒരേ വിവേചന വ്യവസ്ഥയുടെ ഇരകളാണ്. എസ്.സി./എസ്.ടി. സെൽ, ഒ.ബി.സി. സെൽ എന്നീ പേരിൽ ഇന്റേണൽ കംപ്ലയിന്റ് സെല്ലുകൾ പല സർവ്വകലാശാലകളിലും കോളേജുകളിലും കാണാം. എന്നാൽ ഇവ കാര്യക്ഷമമായി ഒരിടത്തും പ്രവർത്തിക്കുന്നില്ല. വിദ്യാർത്ഥികൾ നേരിടുന്ന ജാതീയവും വംശീയവും അക്കാദമികവുമായ വിവേചനങ്ങൾ പരിഹരിക്കാൻ ഒരു സംവിധാനം ഇവിടെയില്ല എന്നുള്ളതാണ് ദലിത്-ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന വലിയ പ്രതിസന്ധി. കണ്ണൂർ സർവ്വകലാശാല ഗവേഷക ശ്രുതി സി.ആർ. എഴുതുന്നു.

രജനി എസ്. ആനന്ദ്, കേരളം ഇന്നും ഓർമ്മിക്കുന്ന പേരാണത്. രജനിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ ഇന്നും കേരള സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് കൊണ്ട് തന്നെയാണ് അവരിന്നും വാർത്തകളിൽ നിറയുന്നതും ചർച്ച ചെയ്യപ്പെടുന്നതും.

2004 ജൂലൈ 22-ന് വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് പ്രവേശന കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്ന ഹൗസിംഗ് ബോർഡ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്തത്. 22 വർഷങ്ങൾക്കിപ്പുറം, 2026 ഏപ്രിൽ 11-ന് അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിൽ പഠിക്കുന്ന ബി.ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിൽ നിന്നും നിതിൻ ചാടിയെന്ന് കേട്ടപ്പോൾ അധ്യാപകൻ റാം പറഞ്ഞത് 'ഫൂൾ' എന്നായിരുന്നു എന്ന് നിതിന്റെ സുഹൃത്തുക്കൾ പറയുന്നു. ഒരു വിദ്യാർത്ഥിയുടെ മരണത്തെ അത്രകണ്ട് ലഘൂകരിക്കുന്ന അധ്യാപകന്റെ ചെയ്തി സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്.

നിറത്തിന്റെയും ജാതിയുടെയും പേരിൽ തനിക്ക് കോളേജ് അധ്യാപകരിൽ നിന്നും നേരിടേണ്ടി വന്ന മാനസിക സംഘർഷങ്ങളെ കുറിച്ച് നിതിൻ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിൽ കൃത്യമായി പറയുന്നുണ്ട്. പുഴുത്ത പട്ടിയെന്നും, 'slum dog' എന്നും തന്റെ വിദ്യാർത്ഥിയെ ഒരു അധ്യാപകന് എങ്ങനെയാണ് വിളിക്കാൻ പറ്റുന്നത്? ആരാണ് അതിന് 'അദ്ദേഹത്തിന്' അധികാരം കൊടുത്തിരിക്കുന്നത്?

നിറത്തിന്റെ, രൂപത്തിന്റെ പേരിൽ അപഹസിക്കൽ, അമ്മയുടെ സർജറി കഴിഞ്ഞതിനെ കുറിച്ച് പരിഹസിക്കൽ, ഇതെല്ലാം ചെയ്ത അധ്യാപകൻ റാമിനെതിരെ കൃത്യമായ ഓഡിയോ സന്ദേശം ഉണ്ടെന്നിരിക്കെ തങ്ങൾക്ക് പങ്കില്ലെന്ന് പറയുന്ന കോളേജ് അധികൃതർക്കും വിദ്യാർത്ഥിയുടെ മരണത്തിൽ പങ്കുണ്ട്.

നിതിൻ മാത്രമല്ല മറ്റു വിദ്യാർത്ഥികളും പണ്ടും ഈ അധ്യാപകരെ കുറിച്ച്, പല തരത്തിലുള്ള വിവേചനങ്ങൾ നേരിട്ടപ്പോൾ ഇന്റേണൽ കംപ്ലയിന്റ് സെല്ലിന് പരാതികൾ കൊടുത്തിട്ടുണ്ട്. എങ്കിലും, ഇന്നേവരെ അതിൽ നടപടികൾ ഉണ്ടായിട്ടില്ല എന്ന് കാണാം. ഇവിടെയാണ് ഇന്റേണൽ കംപ്ലയിന്റ് സെല്ലിന്റെ ഗുരുതരമായ വീഴ്ച കിടക്കുന്നത്. വിദ്യാർത്ഥികൾ നൽകുന്ന പരാതികൾ പരിഹരിക്കാൻ ഇന്റേണൽ കംപ്ലയിന്റ് സെൽ കാര്യക്ഷമമായി ഒരിടത്തും വർക്ക് ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യയിൽ ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും ഒരു ഇന്റേണൽ കംപ്ലയിന്റ് സെൽ ഉണ്ടായിരിക്കണമെന്നുണ്ട്. അത് എസ്.സി. സെൽ, എസ്.ടി. സെൽ, ഒ.ബി.സി. സെൽ എന്നീ പേരിൽ പല സർവ്വകലാശാലകളിലും കോളേജുകളിലും കാണാം. പക്ഷേ അവയെല്ലാം കാര്യക്ഷമമാണോ എന്നും പരാതികളിൽ കൃത്യമായ പരിഹാരം കാണുന്നുണ്ടോ എന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

2021-2022 കാലയളവിൽ ഇ-ഗ്രാന്റ്‌സ് ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂർ സർവ്വകലാശാലയുടെ എസ്.സി. സെല്ലിൽ മെയിൽ വഴി ഒരു പരാതി അയച്ചിരുന്നെങ്കിലും അതിന് ഇതുവരെ മറുപടി നൽകാൻ സർവ്വകലാശാല ശ്രമിച്ചിട്ടില്ല. പേരിന് മാത്രമാണ് ഇത്തരം സെല്ലുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇതേ വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാല ഇന്റേണൽ കംപ്ലെയ്ന്റ് സെല്ലിൽ നിന്നും പരാതിക്ക് വേണ്ടുന്ന മറുപടിയും ലഭിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിനായുള്ള ഇത്തരം സെല്ലുകൾ എല്ലായിടത്തും കാര്യക്ഷമമാണോ അല്ലയോ എന്ന് നോക്കാൻ പോലും സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന് സമയമില്ല, അവർക്ക് ഉദ്യോഗസ്ഥരുമില്ല.

രജനിയുടെ ആത്മഹത്യ മുതൽ 22 വർഷക്കാലമായി കേരളം അന്നും ഇന്നും നേരിടുന്ന വെല്ലുവിളികൾ സമാനതകൾ നിറഞ്ഞതാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാതിയെ ആന്തരികവൽക്കരിച്ചിരിക്കുന്നതും ഒരു തരത്തിലും പ്രാതിനിധ്യം ഉറപ്പിക്കുകയോ ജനാധിപത്യവൽക്കരണത്തിന് വിധേയമാകുകയോ ചെയ്യാത്ത ജാതിക്കോട്ടകളാണ്. വിദ്യാഭ്യാസം അവർണ്ണന് തീണ്ടാപ്പാടകലെയല്ല എന്ന് പഠിപ്പിച്ച അയ്യങ്കാളിയുടെ കേരളത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ അവർണ്ണന് ഇന്നും ജാതിയുടേയും നിറത്തിന്റേയും ശരീരഘടനയുടേയും ഒക്കെ പേരിൽ അപമാനിതനായി തലകുനിക്കേണ്ടി വരുന്നത്.

നിതിൻ രാജിന്റെ ജാതിക്കൊലപാതകത്തിൽ പ്രതികളായ ഡോ. കെ. റാമും ഡോ. സംഗീത നമ്പ്യാരും.

സവർണ്ണ മേൽക്കോയ്മയ്ക്ക് എന്ന് അറുതി വരും?

1931-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് അവസാനമായി ഇന്ത്യയിൽ ജാതി സെൻസസ് നടന്നത്. ഒരു നൂറ്റാണ്ടായിട്ടും ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തിയിട്ടും ജാതി സെൻസസ് നടപ്പിലാക്കാൻ ഇനിയും സംസ്ഥാന കേന്ദ്ര സർക്കാരുകൾ തയ്യാറായിട്ടില്ല എന്നത് ഇത്തരം മേൽക്കോയ്മകളെയെല്ലാം തച്ചുടയ്ക്കാൻ ജാതി സെൻസസിന് കഴിയുമെന്ന പൂർണ്ണ ധാരണ ഉള്ളത് കൊണ്ട് തന്നെയാണ്. ഏതൊക്കെ തൊഴിലിടങ്ങളിൽ ഏതെല്ലാം ജനവിഭാഗങ്ങൾ എത്തപ്പെട്ടിട്ടുണ്ട് എന്നറിയാൻ ജാതി സെൻസസ് ഉപകരിക്കും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പിന്നോക്ക ജനവിഭാഗങ്ങൾ ഇന്ന് സാമൂഹികമായി മുന്നേറിയിട്ടുണ്ടോ ഇല്ലയോ എന്ന് തെളിഞ്ഞാൽ സംവരണം നിർത്തണോ അതോ തുടരണോ എന്ന ദീർഘകാല സംവാദത്തിന് ഒരു തീരുമാനമാകും.

അധ്യാപക മേഖലകളിൽ പ്രത്യേകിച്ച് ഓരോ പഠനവിഭാഗങ്ങളിലും ഉൾപ്പെടേണ്ടുന്ന ജനവിഭാഗങ്ങൾ ഇല്ലാതെ വരുമ്പോൾ സവർണ്ണ മേൽക്കോയ്മ അവിടെ സ്ഥാനം പിടിക്കും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നിരുന്ന ജാതീയ ബോധം ഉള്ളിൽ ഇന്നും കൊണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട് ഈ കേരളത്തിൽ. പ്രത്യക്ഷത്തിൽ വാ തുറന്ന് അത് പ്രകടിപ്പിക്കാൻ കഴിയാത്തത് കൊണ്ട് പല വിധേന അവരത് പലപ്പോഴായി തുറന്ന് കാണിക്കുകയും ചെയ്യും. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. മറ്റ് മത സ്ഥാപനങ്ങളെല്ലാം കൈയടക്കി വെച്ചിരിക്കുന്ന സ്ഥാപനങ്ങളിൽ കൃത്യമായി ഉദ്യോഗസ്ഥർ, അധ്യാപകർ എന്ന് തുടങ്ങി വിവിധ തൊഴിലിടങ്ങളിൽ വിവിധ ജനവിഭാഗങ്ങളിലെ മനുഷ്യർ ഒരുപോലെ ജോലി ചെയ്യുന്ന സ്ഥിതി വിശേഷം വന്നാൽ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രമല്ല മുഴുവൻ ഇൻസ്റ്റിറ്റ്യൂഷൻസിനെയും ജനാധിപത്യവൽക്കരിക്കാനും അവിടെ നിലനിൽക്കുന്ന ജാതി മേൽക്കോയ്മയെ തുടച്ചു നീക്കാനും സാധിക്കുകയുള്ളൂ. ജാതി സെൻസസ് നടത്തിയാൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥ മേഖലകളിലെയും അധികാരത്തിലെയും വിഭവങ്ങളിലെയും സവർണ്ണരുടെ മൃഗീയ മേൽക്കോയ്മ പുറത്ത് വരും. ഇവിടെയുള്ള അധികാര വർഗ്ഗത്തിന്റെ പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴും എന്നുള്ളത് കൊണ്ട് തന്നെയാണ് അവർ ശക്തിയുക്തം ജാതി സെൻസസിനെ എതിർക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15 (4), 16 (4) എന്നിവ പ്രകാരം വിദ്യാഭ്യാസ-ഉദ്യോഗ മേഖലകളിൽ എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് പ്രവേശനത്തിനും നിയമനത്തിനും പ്രത്യേകം സംവരണവും പരിരക്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്. വരുമാനത്തിന്റെ കാര്യത്തിൽ പിന്നോക്കം പോകാതിരിക്കാനായാണ് പദവികളിലും, അധികാരങ്ങളിലും, അവസരങ്ങളിലുമെല്ലാം സമത്വപൂർണ്ണമായി ഇവരെ ഉയർത്തിക്കൊണ്ടുവരാനായി ആർട്ടിക്കിൾ 38 (4) നിലനിൽക്കുന്നത്. എന്നാൽ ഈ അവകാശങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നറിയാനായി സുതാര്യമായ ഒരു ഭരണഘടനാ സംവിധാനം നമുക്കില്ല.

സ്കോളർഷിപ്പുകൾ തടഞ്ഞുവെച്ചും മറ്റ് പ്രോജക്ടുകളിലേക്ക് സ്കോളർഷിപ്പ് ഫണ്ടുകൾ വകമാറ്റിയും സർക്കാരുകൾ വിദ്യാർത്ഥികളെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണ്. മാസന്തോറും അവർക്ക് ലഭിക്കേണ്ടുന്ന അലവൻസ്, സ്കോളർഷിപ്പ് തുകകളെല്ലാം ആറ് മാസമോ, 8 മാസമോ കൊണ്ട് കൊടുത്ത് തീർക്കുന്ന പരിപാടി അവസാനിപ്പിക്കാൻ സർക്കാരുകൾ തയ്യാറാകണം.

വിദ്യാഭ്യാസ മേഖലയിൽ ജാതിയുടെയും നിറത്തിന്റെയും ശരീരഘടനയുടേയും പേരിൽ അവഹേളിക്കുന്ന അധ്യാപകരെ കുറിച്ച് പരാതികൾ പറയാനോ പരിഹാരം ഉണ്ടാക്കാനോ സുതാര്യമായ ഒരു സംവിധാനം ഇന്ന് കേരളത്തിലില്ല. മാത്രമല്ല പരാതി ഉന്നയിക്കുന്നവർ പിന്നീട് നേരിടേണ്ടി വരുന്നത് അക്കാദമിക് പീഡനങ്ങളും ആലോചിക്കാൻ പോലും കഴിയാത്തത്ര സമ്മർദ്ദങ്ങളുമായിരിക്കും. പരാതികൾ ഉന്നയിക്കുന്നവർ പിന്നീട് 'നോട്ടപ്പുള്ളികൾ' ആയി മാറും. ക്ലാസിൽ കൂടുതലും ചോദ്യങ്ങൾ ചോദിച്ച് അവരെ കളിയാക്കുക, ഇന്റേണൽ മാർക്ക് വെട്ടിക്കുറയ്ക്കുക, അറ്റൻഡൻസ് നൽകാതിരിക്കുക, കൂടുതൽ വർക്ക് ലോഡ് കൊടുക്കുക തുടങ്ങി ഏതു വിധേനയും അവരെ പീഡിപ്പിക്കാൻ തക്കം നോക്കി നിൽക്കുന്ന പ്രാപ്പിടിയന്മാരാണോ അധ്യാപകർ എന്ന് പോലും തോന്നിപ്പോകും. ഇത്തരം അധ്യാപകർ തങ്ങളുടെ മാനസിക നിലവാരം അളക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

എയ്ഡഡ് സ്ഥാപനങ്ങളും കോളേജുകളും യൂണിവേഴ്സിറ്റികളും ഇന്ന് ഒരു സവർണ്ണ കോളനിയായാണ് നിലനിൽക്കുന്നത്. ഓരോ പഠനവിഭാഗങ്ങളിലും ഇന്നും അധ്യാപക ഒഴിവുകൾ നികത്തിയിട്ടില്ല എന്നത് വേദനാജനകമായ കാര്യമാണ്. റോസ്റ്റർ നിയമങ്ങൾ അട്ടിമറിച്ചും, സ്വജനപക്ഷപാതപരമായ നീക്കങ്ങൾ നടത്തിയുമെല്ലാം ഇന്ന് പല പഠനവിഭാഗങ്ങളിലേയും അധ്യാപക ഒഴിവുകൾ നികത്താൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർ ഒരു തൊഴിൽ മേഖലയിൽ ഉണ്ടായാൽ മാത്രമേ അവിടെ സാമൂഹിക നീതി നിലനിൽക്കുകയുള്ളൂ. അതുപോലെ തന്നെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പല ജനവിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ വന്നാൽ മാത്രമേ ജാതിയുടെ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാൻ ഒരു ജനാധിപത്യവൽക്കരണ പ്രക്രിയയ്ക്ക് തുടക്കം കുറിക്കാൻ കഴിയൂ.

ക്യാമ്പസുകളിലും യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും നിലനിൽക്കുന്ന ജാതീയതയെയും സാമൂഹിക പുറന്തള്ളലിനെയും ചോദ്യം ചെയ്യാൻ കേരളം 'രോഹിത് ആക്ട്' നടപ്പാക്കേണ്ടതുണ്ട്. ദലിത്-ആദിവാസി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുക, സ്കോളർഷിപ്പുകൾ അനാവശ്യമായി തടഞ്ഞുവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുക, ജാതീയമായ അധിക്ഷേപങ്ങൾ നടത്തുക, ഹോസ്റ്റൽ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുക, ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുക തുടങ്ങിയവയെല്ലാം വിവേചനത്തിന്റെ പരിധിയിൽ വരുന്നതും ശിക്ഷാർഹവുമാക്കുന്ന തരത്തിൽ നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരണം. ഏറ്റവും പ്രധാനം ജാതിയെ നിലനിർത്തുന്ന എല്ലാത്തരം സ്ഥാപനങ്ങളെയും ജനാധിപത്യവൽക്കരിക്കാനുള്ള സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടൽ കേരളം നടത്തേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഇവിടെ നിലനിൽക്കുന്ന ജാതി മേൽക്കോയ്മയുടെ അധികാരത്തെ തടയാനും എല്ലാവർക്കും അവസരസമത്വവും നീതിയും ഉറപ്പാക്കുന്ന ഒരു ജീവിത സാഹചര്യം സൃഷ്ടിക്കാൻ കഴിയൂ.

Share this link