Author Image ശ്രുതി ഹരിലാൽ

അംബേദ്കർ പറഞ്ഞത് ശരിയാണെന്ന് കേരള സർവകലാശാല തെളിയിക്കുന്നു

അക്കാദമിക് മേഖലയിൽ ജാതി ആചരിക്കാൻ ഉപയോഗിക്കുന്ന ഒരു പരോക്ഷ രീതിയാണ് ദലിത് ബൗദ്ധികതയെ ചോദ്യം ചെയ്യുക എന്നത്. താൻ "ധർമ്മത്തിൽ" ഉറച്ചുനിൽക്കുന്നു എന്ന് ഡോ. വിജയകുമാരി ആവർത്തിച്ചു പറയുന്നുണ്ട്. ധർമ്മം എന്ന വാക്കിൽ സാമൂഹിക മേധാവിത്വം അന്തർലീനമാണ്. അംബേദ്കർ പറഞ്ഞതുപോലെ, 'ധർമ്മം' എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം ജാതി നിലനിൽക്കും, കാരണം ജാതി എന്നത് ബ്രാഹ്മണന്റെ ധർമ്മമാണ്,” വിപിൻ്റെ അനുഭവം ഒറ്റപ്പെട്ട ഒരു സംഭവമല്ല, പക്ഷെ അത് ഒരാളുടെ ജാതിയും മതവും അക്കാദമിക മേഖലയിലെ പുറംതള്ളൽ പ്രക്രിയക്ക് എങ്ങനെ കാരണമാകുന്നുവെന്ന വിശാലമായ കാഴ്ചപ്പാടിലേക്ക് നമ്മെ എത്തിക്കുന്നു. ഡൽഹി ഐ.ഐ.ഐ.ടി.യിൽ സോഷ്യോളജിയിൽ ഗവേഷകയായ ശ്രുതി ഹരിലാൽ എഴുതുന്നു.

അറിവധികാരവും ജാതിയും

കേരള സർവകലാശാലയിലെ ജാതി വിവേചനത്തിൻ്റെ ഞെട്ടിക്കുന്ന ഒരു സംഭവം നവംബർ 4 ന് വാർത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. എന്നാൽ, നവംബർ 6-നാണ് ഇത് പൊതുരംഗത്ത് കൂടുതൽ ചർച്ചയായത്. പി.എച്ച്.ഡി. വിദ്യാർത്ഥിയായ വിപിൻ വിജയനും, അദ്ദേഹത്തിൻ്റെ പി.എച്ച്.ഡി. ഗൈഡായ, 2015-ൽ എംഫിലിന് മേൽനോട്ടം വഹിച്ചിട്ടുള്ള ഡോ. സി.എൻ. വിജയകുമാരിയുമാണ് ഈ വിവാദ വിഷയങ്ങളിൽ സൂചിപ്പിക്കപ്പെട്ടിരുന്നത്. ജാതി അധിക്ഷേപ പരാതിയെത്തുടർന്ന് ഡോ. വിജയകുമാരിക്കെതിരെ ജാതി വിവേചനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

2025 ഒക്ടോബറിൽ വിപിൻ്റെ പി.എച്ച്.ഡി. ഓപ്പൺ ഡിഫൻസിനിടെ, വിദ്യാർത്ഥിക്ക് 'സംസ്കൃതം അറിയില്ല' എന്ന് ചൂണ്ടിക്കാട്ടി ഗൈഡ് ഡോ. വിജയകുമാരി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകിയെന്നാണ് ആരോപണം. പ്രൊഫസറുടെ ഈ പരാമർശം തികച്ചും പരസ്പരവിരുദ്ധമാണ്. കാരണം, വിപിന്റെ എംഫിലിന് മാർഗ്ഗനിർദ്ദേശം നൽകിയതും അവർ തന്നെയായിരുന്നു. അദ്ദേഹത്തിൻ്റെ എംഫിൽ സർട്ടിഫിക്കറ്റിൽ പരീക്ഷക (examiner) എന്ന നിലയിൽ അവരുടെ ഒപ്പുണ്ട്. ഇത് വിപിന്റെ മുൻ ഗവേഷണത്തിനുള്ള അംഗീകാരമായി കണക്കാക്കാം. അന്ന് പരീക്ഷകയായി ഒപ്പിടുമ്പോൾ വിപിന് സംസ്കൃതം അറിയില്ലെന്ന് ഡോ. വിജയകുമാരിക്ക് മനസ്സിലായില്ലേ? ഈ ഒരൊറ്റ സംഭവം മതി വിദ്യാർത്ഥിയോടുള്ള അവരുടെ വിവേചനപരമായ രീതി തുറന്നുകാട്ടാൻ. അംബേദ്കർ പറഞ്ഞതുപോലെ, "ജാതി ഒരു മനോഭാവമാണ്, അത് മനസ്സിന്റെ ഒരവസ്ഥയാണ്.” ഇന്ത്യൻ അക്കാദമിക് മേഖലയിലെ സവർണ്ണർ ജാതി ആചരിക്കാൻ ഉപയോഗിക്കുന്ന ഒരു പരോക്ഷ രീതിയാണ് ദലിത് ബൗദ്ധികതയെ ചോദ്യം ചെയ്യുക എന്നത്. അതിന്റെ ഉത്തമ ഉദാഹരണമായി ഈ സംഭവത്തെ കാണാൻ കഴിയും.

ഈ വിഷയം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. എംഫിൽ കാലം മുതൽ തന്നെ താൻ വിജയകുമാരിയിൽ നിന്ന് നിരവധി ജാതി വിവേചനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് വിദ്യാർത്ഥി ആരോപിക്കുന്നു. ദലിത് വിഭാഗത്തിൽപ്പെടുന്ന പറയ, പുലയ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സർവകലാശാലയിലെ സംസ്കൃത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ അധികാരമില്ലെന്ന് വിജയകുമാരി സൂചിപ്പിച്ചതായി അദ്ദേഹം പറയുന്നു. ഇത് അനുവദിച്ചതിലൂടെ വകുപ്പ് 'അശുദ്ധമായി' എന്നും അതിനാൽ ഒരു 'ശുദ്ധീകരണം' ആവശ്യമാണെന്നും അവർ പറഞ്ഞു. ജാതിയുടെ അശുദ്ധി-പരിശുദ്ധി സങ്കൽപ്പം പ്രൊഫസർ പിന്തുടരുന്നു എന്നതിൻ്റെ തെളിവാണ് ഇത്. ഒരു മലയാളം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ "ധർമ്മത്തിൽ" ഉറച്ചുനിൽക്കുന്നു എന്ന് അവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് . ഇതിൻ്റെ ആഴത്തിലുള്ള അർത്ഥം പരിശോധിച്ചാൽ, ഓരോ ജാതിക്കും അതിൻ്റേതായ ധർമ്മം കൽപ്പിക്കുന്ന ബ്രാഹ്മണിക പ്രത്യയശാസ്ത്രവുമായി അവർ സ്വയം യോജിക്കുന്നു എന്നതാണ്. അവർ ഇവിടെ ജാതിയുടെ സംരക്ഷകയായി സ്വയംമാറുകയാണ്.

ബ്രാഹ്മണ ഗ്രന്ഥങ്ങളിലും ആചാരങ്ങളിലും ജാതി വിവേചനം എങ്ങനെ സാധൂകരിക്കപ്പെടുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് പ്രൊഫസർ അഭിമുഖത്തിൽ 'ധർമ്മം' എന്ന പദം ആവർത്തിച്ച് ഉപയോഗിച്ചത്. ധർമ്മത്തെ ഒരു ആത്മീയ ആചാരമായി അവതരിപ്പിച്ച്, സമൂഹത്തിലെ ജാതിശ്രേണിയിലെ ഉന്നത പദവി അവർ ഉറപ്പിക്കുകയാണ്. ധർമ്മം എന്ന വാക്കിൽ സാമൂഹിക മേധാവിത്വം അന്തർലീനമാണ്. അംബേദ്കർ പറഞ്ഞതുപോലെ, “'ധർമ്മം' എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം ജാതി നിലനിൽക്കും, കാരണം ജാതി എന്നത് ബ്രാഹ്മണന്റെ ധർമ്മമാണ്,” പ്രൊഫസർ വിജയകുമാരിയുടെ അഭിപ്രായത്തെ ഈ സന്ദർഭത്തിൽ നിന്ന് വേണം മനസ്സിലാക്കാൻ.

ഇവിടെ ഒരു വൈരുദ്ധ്യം ശ്രദ്ധിക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ, സ്ത്രീകൾക്ക്, പ്രത്യേകിച്ച് സംസ്കൃത ഭാഷയും വേദങ്ങളും പഠിക്കുന്നതിൽ, വിശുദ്ധമായ അറിവിലേക്കുള്ള പ്രവേശനം പരിമിതമായിരുന്നു. വേദങ്ങൾ പഠിക്കാനുള്ള അവസരം സവർണ്ണ സ്ത്രീകൾക്കും അവർണ്ണർക്കും പൊതുവെ നിഷേധിക്കപ്പെട്ടിരുന്നു. കാരണം, അത് ആചാരപരമായ പരിശുദ്ധിയുടെ ഒരു അടയാളമായിരുന്നു. സംസ്കൃതം പഠിക്കുന്നതിലെ ലിംഗപരമായ സ്ഥാപനവൽക്കരിക്കപ്പെട്ട ഒഴിവാക്കൽ കണക്കിലെടുക്കുമ്പോൾ, സംസ്കൃത പഠനരംഗത്തെ ഒരു പ്രൊഫസറായ വിജയകുമാരിയെയും ചോദ്യം ചെയ്യാം. 

മറുവശത്ത്, ഇത് അംബേദ്കറിൻ്റെ ശ്രേണീകൃത അസമത്വത്തെ (Graded Inequality) കുറിച്ചുള്ള വിശകലനത്തിൻ്റെ ഉദാഹരണം കൂടിയാണ്. അവർ ഒരു സ്ത്രീയാണെങ്കിലും, അവർക്ക് കൂടുതൽ അധികാരം നൽകുന്നത് അവരുടെ ജാതിയാണ്. ഇവിടെ ഒരു സവർണ്ണ സ്ത്രീക്ക് ഒരു അവർണ്ണ പുരുഷനെക്കാൾ ശ്രേണിയിൽ ഉയർന്ന സ്ഥാനമുണ്ട്. അവിടെ ലിംഗഭേദം പരിഗണിക്കപ്പെടുന്നില്ല. അതായത്, സ്വന്തം സമുദായത്തിൽ തന്നെ അടിച്ചമർത്തപ്പെട്ട ഒരു വ്യക്തി (സ്ത്രീ), ഇവിടെ അടിച്ചമർത്തപ്പെട്ട (അവർണ്ണ വിഭാഗക്കാരനെ) അടിച്ചമർത്തുന്നു. ഇവിടെ പുരുഷൻ്റെ ലിംഗപരമായ മേൽക്കോയ്മ ജാതിയുടെ കാര്യത്തിൽ പൂർണ്ണമായും ഇല്ലാതാകുന്നു.

തന്നെയോ, മറ്റ് അവർണ്ണ വിദ്യാർത്ഥികളെയോ ഓഫീസിൽ പ്രവേശിക്കാൻ ഗൈഡ് വിജയകുമാരി അനുവദിച്ചിരുന്നില്ലെന്ന് വിപിൻ പറയുന്നുണ്ട്. അക്കാദമിക സംശയങ്ങൾ പരിഹരിക്കാൻ വേണ്ടി വരുമ്പോൾ, തങ്ങളുടെ സാന്നിധ്യം 'അശുദ്ധി' ഉണ്ടാക്കും എന്ന് അവർ വിശ്വസിച്ചിരുന്നതിനാൽ, മുറിക്ക് പുറത്ത് കാത്തുനിൽക്കാൻ ആവശ്യപ്പെടും . അതിനാൽ, അക്കാദമിക തിരുത്തലുകൾക്കായി അവർക്ക് മുറിക്ക് പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. വിദ്യാർത്ഥികൾ മുറിയിൽ പ്രവേശിച്ച ചില സന്ദർഭങ്ങളിൽ, 'അശുദ്ധമാക്കപ്പെട്ട' ഇടം ശുദ്ധീകരിക്കുന്നതിനായി അവർ 'ശുദ്ധീകരണം' നടത്തിയതായും ആരോപണം നിലനിൽക്കുന്നുണ്ട്. അവർണ്ണ വിദ്യാർത്ഥികൾ സവർണ്ണ പ്രൊഫസറുടെ ഇടത്തിൽ പ്രവേശിക്കുമ്പോൾ, അവർ അതിനെ 'മലിനപ്പെടുത്തുന്നു' എന്ന ധാരണയിൽ നിന്നാണ് ഇത് വരുന്നത്. ഈ പ്രവൃത്തിയിലൂടെ അവർ മുറി ശുദ്ധീകരിക്കുകയല്ല, മറിച്ച് ജാതിയുടെ സാമൂഹിക ക്രമം പിന്തുടരുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. ഇവിടെ സവർണ്ണ ശരീരം വിശുദ്ധമായും ദലിത് ശരീരം അശുദ്ധവുമായാണ് കാണുന്നത്. അതുവഴി, മുൻകാലങ്ങളിൽ പിന്തുടർന്നിരുന്ന ജാതി നിയമങ്ങൾ ഇവിടെ നിലനിർത്തപ്പെടുന്നു.

പി.എച്ച്.ഡി. ഓപ്പൺ ഡിഫൻസിനിടെയാണ് താൻ വിപിൻ്റെ ഡിഗ്രിയിൽ പരസ്യമായി ഒപ്പിടില്ലെന്ന് വിജയകുമാരി പറഞ്ഞത്. കാരണം, അദ്ദേഹത്തിന് സംസ്കൃതം അറിയില്ല എന്ന് അവർ വിശ്വസിച്ചു. വിജയകുമാരിയുടെ വിവേചനപരമായ രീതികളെ പരസ്യമായി ചോദ്യം ചെയ്തതിനുള്ള പ്രതികാരമാണ് ഇതെന്ന് വിദ്യാർത്ഥി ആരോപിച്ചു. കൂടാതെ, അദ്ദേഹത്തിന് പി.എച്ച്.ഡി. ലഭിക്കുകയാണെങ്കിൽ, തൻ്റെ അതേ യോഗ്യതയിൽ എത്തുമെന്നത് ഒരു ബ്രാഹ്മണയായ അവർക്ക് അംഗീകരിക്കാൻ കഴിയില്ല എന്ന വസ്തുതയുമുണ്ട്. ഒരു ദലിത് വിദ്യാർത്ഥിക്ക് പി.എച്ച്.ഡി., അതും സംസ്കൃതത്തിൽ ലഭിക്കുന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല. ഇക്കാര്യം അവർ പലതവണ അദ്ദേഹത്തോട് നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്. സവർണ്ണർ കീഴ്ത്തട്ട് ജനതയെ അടിമപ്പെടുത്താൻ ഉപയോഗിച്ച ഭാഷയെ അടിച്ചമർത്തപ്പെട്ടവർ തിരിച്ചുപിടിക്കുന്നതുതന്നെ ജാതി വ്യവസ്ഥയെ തകർക്കുന്ന ഒന്നാണ്. പ്രൊഫസറുടെ ഈ പ്രസ്താവനയിൽ നിന്ന് ഇത് വ്യക്തമായി വ്യാഖ്യാനിക്കാം.

വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സംസ്കൃതം ബ്രാഹ്മണർക്ക് മാത്രം പഠിക്കാനുള്ളതാണെന്നും, താഴ്ന്ന ജാതിക്കാർക്ക് അത് പഠിക്കാൻ 'അർഹതയില്ലെ'ന്നും ഡോ. വിജയകുമാരി പല സന്ദർഭങ്ങളിലും പറയുകയുണ്ടായി. സവർണ്ണരുടെ ഭാഷയുമായി സംസ്കൃതം എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു, അതിലുള്ള മതപരമായ സങ്കൽപ്പങ്ങളുമായി വളരെയധികം പൊരുത്തപ്പെടുന്നുമുണ്ട്. ഈ ഭാഷ ആര് പഠിക്കണം എന്നതിലുള്ള നിയന്ത്രണം, അതിൽ അന്തർലീനമായ മതത്തിന്റെയും അധികാരത്തിന്റെയും നിയന്ത്രണത്തെയാണ് സൂചിപ്പിക്കുന്നത്. സംസ്കൃതത്തെ അടിച്ചമർത്തുന്നവരുടെ കർമ്മപരമായ പരിശുദ്ധിയുള്ള ഭാഷയായി കണക്കാക്കിയിരുന്നതിനാൽ, താഴ്ന്ന ജാതിക്കാർക്കും സ്ത്രീകൾക്കും അതിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. വിപിൻ്റെ കാര്യത്തിൽ കാണുന്നതുപോലെ, പ്രൊഫസർ വിജയകുമാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഈ വസ്തുതയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യമാണ് അവർ ഇവിടെ നടത്തിയ പ്രസ്താവനകളിൽ പ്രതിധ്വനിക്കുന്നത്. 

പ്രൊഫസറുടെ ഈ പ്രസ്താവന സംസ്കൃത ഭാഷയുടെ ജാതി മേധാവിത്വത്തെ ശക്തിപ്പെടുത്തുകയും, സംസ്കൃത ഭാഷയിന്മേലുള്ള അവകാശം ഒരു പ്രത്യേക സമൂഹത്തിനുള്ളിൽ ഒതുക്കി നിർത്താൻ ശ്രമിക്കുകയുമാണ്. അക്കാദമിക മേഖലയിലെ വരേണ്യതയുടെ കാവൽസംരക്ഷകർ  (savarna gatekeepers) എങ്ങനെയാണ് അറിവിൻമേൽ—ഈ സാഹചര്യത്തിൽ സംസ്കൃതത്തിൽ— നിയന്ത്രണം സ്ഥാപിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. സംസ്കൃത ഭാഷ ബ്രാഹ്മണർക്ക് മാത്രമേ പഠിക്കാൻ കഴിയൂ എന്ന അടിസ്ഥാനപരമായ വിശ്വാസം, സ്ഥാപനപരമായ ഇടങ്ങളിൽ (institutional spaces) അറിവുത്പാദനം (knowledge production) എങ്ങനെയാണ് ഒഴിവാക്കലിനുള്ള (exclusion) ഒരു ഉപകരണമായി മാറുന്നത് എന്ന് വെളിപ്പെടുത്തുന്നു. അംബേദ്കർ പറഞ്ഞതുപോലെ, "ജാതിയെ തകർക്കാൻ അതിന്റെ മതപരമായ സങ്കൽപ്പങ്ങളെ, ജാതി വ്യവസ്ഥയെ, ഉന്മൂലനം ചെയ്യാതെ സാധ്യമല്ല." ചില ജാതിക്കാർക്ക് പവിത്രമായ അറിവ് നേടാൻ ‘അശുദ്ധി’യുണ്ട് എന്ന ആശയം മനുസ്മൃതിയുടെ ചട്ടക്കൂടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. 

മറ്റൊരു ക്രൂരമായ പരാമർശം; വിപിൻ "ഡോക്ടർ" പദവി നേടാനുള്ള തൻ്റെ സ്വപ്നം പങ്കുവെച്ചപ്പോൾ ഡോ. വിജയകുമാരി അതിനോട് പ്രതികരിച്ചത്, ഡോക്ടറേറ്റ് പദവിയേക്കാൾ ജീവിതത്തിൽ ഗുണപരം അദ്ദേഹത്തിൻ്റെ ജാതിയുടെ "പുലയവാൽ" പദവി മതിയാകുമെന്നാണ്. അക്കാദമിക രംഗത്ത് കൂടുതൽ പ്രശ്നങ്ങൾ നേരിടാതെ ഡോക്ട്രേറ്റ് നേടാൻ ആഗ്രഹിച്ചതിനാലാണ് വിപിൻ അവർക്കെതിരെ പരാതിയുമായി മുന്നോട്ട് വരാൻ ഏകദേശം പത്ത് വർഷമെടുത്തത് എന്നതും ഓർക്കണം. അങ്ങനെ, തൻ്റെ ആത്മാഭിമാനം ബലികഴിച്ചും, അക്കാദമികപരമായ വളർച്ച നഷ്ടപ്പെടുമെന്ന് ഭയന്നും, അവരിൽ നിന്ന് നേരിടേണ്ടി വന്നതെല്ലാം അദ്ദേഹം സഹിച്ചു. ഈ പ്രൊഫസർക്കെതിരെ കഴിഞ്ഞ വർഷങ്ങളിൽ എത്രയോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടാകണം എന്ന് നാം ചിന്തിക്കണം. മറ്റ് വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി, ദലിത് വിദ്യാർത്ഥികൾക്ക് പലപ്പോഴും തങ്ങളുടെ യോഗ്യത നിരന്തരം തെളിയിക്കേണ്ടി വരുന്നു. ഇവിടെ, വിപിൻ്റെ ഒരു പതിറ്റാണ്ട് നീണ്ട മൗനം പൊതുജനം വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ നാം കാണേണ്ടത്, ഇത് അദ്ദേഹത്തിൻ്റെ ബലഹീനതയല്ല, മറിച്ച് അതിജീവനമായിരുന്നു; അവിടെ അക്കാദമിക പുരോഗതിക്കായി അദ്ദേഹത്തിൻ്റെ ആത്മാഭിമാനവും അന്തസ്സും വിലക്ക് കൊടുക്കപ്പെട്ടു.

മുകളിൽ സൂചിപ്പിച്ച നിരവധി സംഭവങ്ങൾ, ഒരു സ്ഥാപനപരമായ ഇടത്തിൽ വ്യവസ്ഥാപരമായ ജാതി വിവേചനം പിന്തുടർന്നതിൻ്റെ രീതികളെ വിവരിക്കാൻ പര്യാപ്തമാണ്. ഇത് കേരള സർവകലാശാലയിലെ സമത്വം, അക്കാദമിക സത്യസന്ധത (academic integrity), ഉത്തരവാദിത്തം (accountability) എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. വിപിൻ്റെ അനുഭവം ഒരു അപവാദമല്ല, മറിച്ച് ഒരാളുടെ ജാതിയും മതവും സംബന്ധിച്ച് ഇന്ത്യൻ അക്കാദമിക രംഗത്തെ ഒഴിവാക്കൽ സമ്പ്രദായങ്ങളുടെ (exclusionary practices) വിശാലമായ കാഴ്ചപ്പാടിലേക്ക് നമ്മെ എത്തിക്കുന്നു. ഇതിനുമുമ്പ്, കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിനിയായ ദീപ മോഹനൻ, തൻ്റെ ഗൈഡിനെതിരെ ജാതി വിവേചനത്തിൻ്റെ കേസ് റിപ്പോർട്ട് ചെയ്തിരുന്നു, അത് ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. രോഹിത് വെമുല മുതൽ പായൽ തഡ്‌വി വരെ, ജാതി വിവേചനപരമായ സമ്പ്രദായങ്ങൾ നമ്മുടെ അക്കാദമിക ഇടങ്ങളിൽ തുളച്ചുകയറുകയും ദലിത്, ബഹുജൻ, ആദിവാസി വിദ്യാർത്ഥികളെ നിശ്ശബ്ദമാക്കുകയും ചെയ്യുന്നത് തുടരുന്നു. സർവകലാശാലാ ഇടങ്ങളിലെ ഈ പ്രശ്നങ്ങളുടെ ആവർത്തനം, 'പുരോഗമന' അക്കാദമിക ഇടങ്ങളിൽ പോലും ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രങ്ങൾ എത്രത്തോളം ആഴത്തിൽ വേരൂന്നിയരിക്കുന്നു എന്ന് പ്രതിഫലിപ്പിക്കുന്നു. അംബേദ്കർ പറഞ്ഞതുപോലെ, “വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമായിരിക്കണം; അത് ഒരുവന്റെ ജാതിയെ പരിഗണിക്കാതെയുള്ള ഒരു മൗലികാവകാശമാണ്".

 

The Roots Media - TOWARDS SOCIAL DEMOCRACY