Author Image ദി റൂട്സ് ഡെസ്ക്
20 Apr 2026

നിതിൻ രാജിന്റെ ഭരണകൂട കൊലപാതകം: ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ

കണ്ണൂർ ഡെന്റൽ കോളേജ് ബി.ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചും ലോൺ ആപ്പിന്റെ മറവിൽ കേസ് അട്ടിമറിക്കാൻ നടത്തുന്ന നീക്കത്തിനെതിരായും നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ നടത്തുന്നു. നിരവധി ജാതി അധിക്ഷേപ പരാതികൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉയർന്നു വന്നിട്ടും കോളേജിൽ അത്തരം വിവേചന സമീപനങ്ങൾ ഉണ്ടാകുന്നില്ലെന്നും പ്രതികൾ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂർ ഡെന്റൽ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹർത്താൽ നടത്തുന്നതെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, പ്രതികളെ സർവീസിൽ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിൻസിപ്പൽ ഡോ. വിനോദ് മോനിയെ പ്രതി ചേർക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. കണ്ണൂർ ഡെന്റൽ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണൽ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാർ ഹാജിയുടെ പേരിൽ ഇതിനകം നിരവധി കേസുകളുണ്ട്. സർക്കാർ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിർമ്മിക്കുകയും വിദ്യാർത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂർ ഡെന്റൽ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിൻ രാജിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നത്.

കെ.കെ. സുരേഷ് ചെയർമാനും സണ്ണി എം. കപിക്കാട് ജനറൽ കൺവീനറുമായി വിവിധ ദലിത്-ആദിവാസി സമുദായ-രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകൃതമായ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഹർത്താൽ. ഇതിന് മുന്നോടിയായി ഏപ്രിൽ 21 ചൊവാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 2 മണിക്ക് സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.

Share this link