ആദിവാസി പ്രവർത്തകരെ കഠിനതടവിന് ശിക്ഷിച്ച കോടതി വിധി അനീതിയും വിവേചനപരവും
എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള ആദിവാസി പ്രവർത്തകരെ അഞ്ചു വർഷത്തെ കഠിനതടവിന് ശിക്ഷിച്ച വിധി, ആദിവാസികൾ ഭൂമിക്കു വേണ്ടി നടത്തിയ സമരത്തോടും ആദിവാസികളോടും ഭരണകൂടം വീണ്ടും നടത്തുന്ന ഒരു അതിക്രമമാണ്. പോലീസിന്റെയും ഡോക്ടറുടെയും മൊഴികളാണ് കേസിലെ പ്രധാന തെളിവ്. ആദിവാസികൾക്കു നേരെ വെടിയുതിർക്കുകയും കുടിലുകൾ കത്തിക്കുകയും കുഞ്ഞുങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്ത പോലീസിന്റെ മൊഴി വിശ്വാസയോഗ്യമല്ല. ഡോക്ടറാകട്ടെ, സംഭവസ്ഥലത്തുണ്ടായിരുന്ന ആളുമല്ല. ആരാണ് തല്ലിയതെന്നോ വെട്ടിയതെന്നോ അവർക്ക് അറിയില്ല. അതിനാൽ ഇത് പോലീസ് തന്നെ നിർമ്മിച്ചെടുത്ത ഒരു വ്യാജ കേസാണ്. സണ്ണി എം. കപിക്കാട് എഴുതുന്നു.
മുത്തങ്ങ സമരത്തിൽ പോലീസ് നടത്തിയ വെടിവെപ്പിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 57 പ്രതികളിൽ 56 പേരെയും വെറുതെവിട്ടത്. കൊലപാതകം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട അശോകൻ മരണപ്പെടുകയും ചെയ്തു.
രണ്ടാമത്തെ കേസിലാണ് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാലുപേരെ സെഷൻസ് കോടതി അഞ്ചു വർഷത്തെ കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇതൊരു ഫാബ്രിക്കേറ്റഡ് കേസാണ്. പോലീസുകാർ നൽകിയ മൊഴിയും പിന്നീട് ഡോക്ടർ പറഞ്ഞ മൊഴിയുമാണ് ഈ കേസിൽ തെളിവായി എടുത്തിട്ടുള്ളത്. തടഞ്ഞുവെച്ചു, വെട്ടി, പോലീസുകാരനെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നതിനൊന്നും യഥാർത്ഥത്തിൽ വ്യക്തമായ തെളിവുകളില്ല. എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവരാണ് ഇത് ചെയ്തതെന്നതിനും ഒരു തെളിവുമില്ല.
പോലീസിന്റെയും ഡോക്ടറുടെയും മൊഴികളാണ് കേസിലെ പ്രധാന തെളിവ്. ആദിവാസികൾക്കു നേരെ വെടിയുതിർക്കുകയും കുടിലുകൾ കത്തിക്കുകയും കുഞ്ഞുങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്ത പോലീസിന്റെ മൊഴി വിശ്വാസയോഗ്യമല്ല. ഡോക്ടറാകട്ടെ, സംഭവസ്ഥലത്തുണ്ടായിരുന്ന ആളുമല്ല. ആരാണ് തല്ലിയതെന്നോ വെട്ടിയതെന്നോ അവർക്ക് അറിയില്ല. അതിനാൽ ഇത് പോലീസ് തന്നെ നിർമ്മിച്ചെടുത്ത ഒരു വ്യാജ കേസാണ്.
കേരളത്തിൽ ആദിവാസികൾ നടത്തിയ ഭൂസമരത്തിനിടയിലാണ് ഈ സംഭവം നടക്കുന്നത്; അവരുടെ വ്യക്തിപരമായ കാര്യമല്ല അത്. ഇക്കാര്യം കോടതിയും സമ്മതിക്കുന്നുണ്ട്. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ, ഇത്തരം ഒരു സാഹചര്യത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നിരിക്കെ ഗീതാനന്ദൻ ഉൾപ്പെടെയുള്ളവരെ ശിക്ഷിക്കുന്നതിൽ എന്തർത്ഥമാണുള്ളത്?
മുത്തങ്ങ കേസിൽ സി.ബി.ഐ. അന്വേഷണം തികച്ചും ഏകപക്ഷീയമായിരുന്നു. ആദിവാസി പ്രവർത്തകൻ ജോഗി പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിഷയം. എന്നാൽ ആ കൊലപാതകത്തെക്കുറിച്ചോ അവിടെ നടന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ചോ സി.ബി.ഐ. അന്വേഷിച്ചില്ല. മറിച്ച്, ആദിവാസി പ്രവർത്തകർ ചെയ്തുവെന്ന് ആരോപിക്കുന്ന മൂന്ന് കുറ്റങ്ങൾ മാത്രമാണ് അന്വേഷിച്ചത്. ജോഗിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഒരു ഭാഗവും അവർ അന്വേഷിച്ചില്ല. അതുകൊണ്ടുതന്നെ, സി.ബി.ഐ.യുടെ ഏകപക്ഷീയമായ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായിട്ടുള്ള ഈ ശിക്ഷ, വ്യാജ തെളിവുകളെ മാത്രം ആശ്രയിച്ചുള്ളതാണ്. ഇത് ആദിവാസികളോട് കാണിക്കുന്ന അനീതിയായി മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ട് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള ആദിവാസി പ്രവർത്തകരെ ശിക്ഷിച്ച കോടതി വിധി അങ്ങേയറ്റം അനീതിയും വിവേചനപരവുമാണ്.
ആദിവാസികൾ ഭൂമിക്കു വേണ്ടി നടത്തിയ സമരത്തോടും അവരോടും ഭരണകൂടം വീണ്ടും നടത്തുന്ന ഒരു അതിക്രമമാണിത്. ആദിവാസികളുടെ ഭൂമിയിൻമേലുള്ള അവകാശം ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കില്ല എന്ന നിലപാടിന്റെ തുടർച്ചയാണിത്. ഇതിനു പിന്നിൽ വേറെ കാരണങ്ങളൊന്നുമില്ല. ഈ വിധി തികച്ചും പ്രതിഷേധാർഹമാണ്. മേൽക്കോടതിയിൽ അപ്പീലിന് പോകുമ്പോൾ ഈ കാര്യങ്ങൾ ഗൗരവമായി പരിഗണിക്കപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.