Author Image രജനി ലീല വിനോദ്
08 Aug 2026

ട്രൈബൽ സർവകലാശാല: തദ്ദേശീയ അറിവുകളുടെ വീണ്ടെടുപ്പും ആദിവാസി ജനതയുടെ പ്രതീക്ഷകളും

സർവകലാശാല എന്നത് ഒരു സമൂഹത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങളുടെ കേന്ദ്രബിന്ദുവാണ്. ഈ പശ്ചാത്തലത്തിലാണ് വയനാട്ടിൽ ഒരു ട്രൈബൽ സർവകലാശാല സ്ഥാപിക്കാനുള്ള നിർദ്ദേശം പ്രസക്തമാകുന്നത്. ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെടുകയും ഉന്നതവിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും ചെയ്ത ആദിവാസി ജനതയുടെ അതിജീവനപ്രതീക്ഷകളാണ് പുതിയ സർവകലാശാല. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, വെറുമൊരു അക്കാദമിക് കാമ്പസായി മാത്രം ചുരുങ്ങാതെ, ഭരണ-അക്കാദമിക് മേഖലകളിൽ ആദിവാസികൾക്ക് അവകാശപ്പെട്ട പ്രാതിനിധ്യം വയനാടൻ ഊരുകളിലേക്ക് വികസനത്തിന്റെ പുതിയ വെളിച്ചമെത്തിക്കാൻ ഈ സർവകലാശാല എങ്ങനെ മാറണമെന്ന് വിശകലനം ചെയ്യുകയാണ് പണിയ സമുദായ അംഗവും അധ്യാപികയുമായ രജനി ലീല വിനോദ്.

വയനാട്ടിൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കാനുള്ള നീക്കം പ്രതീക്ഷയോടെയാണ് ആദിവാസി സമൂഹം കാണുന്നത്. ഇത് മറ്റൊരു സർവകലാശാല കൂടി വയനാട്ടിൽ വരുന്നതിന്റെ വാർത്തയായി മാത്രം കാണാനാകില്ല. വിദ്യാഭ്യാസം, തൊഴിൽ, ഗവേഷണം, സംസ്കാരം, സാമൂഹിക ശാക്തീകരണം എന്നിവയിൽ തലമുറകളായി പിന്നാക്കം നിൽക്കുന്ന ആദിവാസി സമൂഹത്തിന് ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കുന്ന അവസരമാണിത്.

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി ജനസംഖ്യയുള്ള ജില്ലകളിലൊന്നാണ് വയനാട്. അത്തരമൊരു ജില്ലയിൽ ആദിവാസി സമൂഹത്തിന്റെ അറിവും സംസ്കാരവും ജീവിതാനുഭവങ്ങളും കേന്ദ്രമാക്കി ഒരു സർവകലാശാല എന്ന ആശയം ഏറെ നേരത്തെ തന്നെ ഉയർന്നുവരേണ്ടതായിരുന്നു. ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത് തന്നെ നമ്മുടെ വിദ്യാഭ്യാസ-വികസന നയങ്ങളിലെ ഒരു വലിയ വിടവാണ്.

എന്നാൽ പ്രഖ്യാപനം ഉണ്ടായാൽ മാത്രം പോരാ. ആ സർവകലാശാല ആരുടേതായിരിക്കും എന്നതാണ് ഇനി നിർണായകമായ ചോദ്യം. വയനാട്ടിൽ ഒരു ട്രൈബൽ സർവകലാശാല സ്ഥാപിച്ചിട്ട് അതിന്റെ പ്രധാനപ്പെട്ട അക്കാദമിക്, ഭരണ, സാങ്കേതിക, ഗവേഷണ, മറ്റ് തൊഴിൽ മേഖലകളിൽ ഭൂരിഭാഗവും പുറത്തുനിന്നുള്ളവർ കൈയടക്കുകയും ആദിവാസി യുവാക്കൾക്ക് ചെറിയ ജോലികളിൽ മാത്രം അവസരം ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. വയനാട്ടിലെ ആദിവാസി സമൂഹം അത്തരമൊരു അനുഭവം ഇതിനകം കണ്ടുകഴിഞ്ഞതാണ്.

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല വയനാട്ടിൽ വന്നപ്പോൾ അതിനെ വലിയ പ്രതീക്ഷയോടെയാണ് ആദിവാസി സമൂഹം കണ്ടത്. എന്നാൽ ഒരു സർവകലാശാല ഒരു പ്രദേശത്ത് സ്ഥാപിക്കപ്പെടുന്നതുകൊണ്ട് മാത്രം ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകില്ലെന്ന യാഥാർഥ്യം പിന്നീട് വ്യക്തമായി. ഉയർന്ന യോഗ്യതയുള്ള തദ്ദേശീയർ ഉണ്ടായിട്ടും പ്രധാനപ്പെട്ട തസ്തികകളിൽ പുറത്തുനിന്നുള്ള ഉദ്യോഗസ്ഥർ എത്തുകയും, പ്രാദേശിക ആദിവാസി സമൂഹത്തിന് പരിമിതമായ തൊഴിലവസരങ്ങൾ മാത്രമായി ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ ആവർത്തിക്കരുത്. ട്രൈബൽ സർവകലാശാലയുടെ കാര്യത്തിൽ ആ ചരിത്രം ആവർത്തിക്കാതിരിക്കാനുള്ള നയം ആദ്യമേ രൂപപ്പെടുത്തണം.

ആദിവാസി യുവതക്ക് ജോലി: ഉപകാരമല്ല, അവകാശം

അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടക്കുറുമ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിലെ യുവജനങ്ങൾക്ക് ഈ സർവകലാശാലയിൽ അർഹമായ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കണം. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയും, പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി., ബി.എഡ്., എം.എഡ്., എൽ.എൽ.ബി., ബി.എസ്‌സി., എം.എസ്‌സി., എം.ബി.എ., എം.സി.എ., മറ്റ് പ്രൊഫഷണൽ കോഴ്സുകൾ തുടങ്ങി വിവിധ യോഗ്യതകളുള്ള വയനാട്ടിലെ ആദിവാസി യുവാക്കൾക്ക് സർവകലാശാലയുമായി ബന്ധപ്പെട്ട നേരിട്ടും പരോക്ഷവുമായ തൊഴിലവസരങ്ങളിൽ മുൻഗണന ലഭിക്കണം.

അക്കാദമിക് തസ്തികകൾക്ക് ആവശ്യമായ യോഗ്യതയുള്ള ആദിവാസി ഉദ്യോഗാർത്ഥികളുണ്ടെങ്കിൽ അവർക്ക് യഥാർഥ അവസരം ലഭിക്കണം. ഭരണവിഭാഗം, ലൈബ്രറി, ലാബ്, ഐ.ടി, ഗവേഷണം, ഫീൽഡ് വർക്ക്, പ്രോജക്ടുകൾ, ഹോസ്റ്റൽ, പരിപാലനം, സുരക്ഷ, ഗതാഗതം, കാന്റീൻ, ശുചീകരണം തുടങ്ങി സർവകലാശാലയുടെ വിവിധ മേഖലകളിലുണ്ടാകുന്ന തൊഴിലവസരങ്ങളിൽ പ്രാദേശിക ആദിവാസി യുവാക്കൾക്ക് മുൻഗണന ഉറപ്പാക്കുന്ന പ്രത്യേക തൊഴിൽ നയം വേണം. 'ആദിവാസികൾക്കായി’ എന്ന പേരിലുള്ള സർവകലാശാലയിൽ ആദിവാസികൾക്ക് ജോലി ചോദിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. അത് അവകാശമായി തന്നെ അംഗീകരിക്കപ്പെടണം.

രണ്ടായിരത്തോളം ആദിവാസി ഊരുകൾക്ക് എന്ത് ലഭിക്കും?

വയനാട്ടിലെ ഏകദേശം രണ്ടായിരത്തോളം ആദിവാസി ഊരുകളിലും കോളനികളിലും താമസിക്കുന്ന കുടുംബങ്ങൾക്ക് ഈ സർവകലാശാലയുടെ ഗുണഫലം എത്തണം. ഒരു സർവകലാശാലയുടെ ഗുണം അതിന്റെ കാമ്പസിന്റെ മതിലുകൾക്കുള്ളിൽ മാത്രം ഒതുങ്ങിയാൽ അതിനെ ആദിവാസി സർവകലാശാല എന്ന് വിളിക്കുന്നതിന്റെ അർത്ഥം തന്നെ നഷ്ടപ്പെടും. ഓരോ ഊരിലും നിന്ന് വിദ്യാർത്ഥികളെ കണ്ടെത്തി ഉയർന്ന വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുന്ന പ്രത്യേക സംവിധാനം വേണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കോളർഷിപ്പ്, ഹോസ്റ്റൽ, യാത്രാസൗകര്യം, പഠനസഹായം, ഭാഷാ പിന്തുണ, കരിയർ മാർഗനിർദേശം എന്നിവ ഉറപ്പാക്കണം. ആദിവാസി യുവജനങ്ങളെ സർവകലാശാലയുടെ വിദ്യാർത്ഥികളായി മാത്രം കാണാതെ ഗവേഷകരായും അധ്യാപകരായും ഭരണനിർവാഹകരായും സംരംഭകരായും വിദഗ്ധരായും വളർത്തുക എന്നതായിരിക്കണം ലക്ഷ്യം.

അറിവിന്റെ ഉടമകൾ ഗവേഷണത്തിന്റെ ഭാഗമാകണം

വയനാട്ടിലെ ആദിവാസി സമൂഹങ്ങൾക്ക് തലമുറകളായി കൈമാറിക്കിട്ടിയ അറിവ് ഒരു പുസ്തകത്തിൽ മാത്രം വായിച്ചറിയാവുന്ന അറിവല്ല. വനത്തെയും ഔഷധസസ്യങ്ങളെയും മണ്ണിനെയും കാലാവസ്ഥയെയും കൃഷിയെയും ഭക്ഷണത്തെയും ചികിത്സാരീതികളെയും ജൈവവൈവിധ്യത്തെയും കുറിച്ചുള്ള അനുഭവജ്ഞാനമാണത്. പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടക്കുറുമ തുടങ്ങി വിവിധ സമൂഹങ്ങളുടെ ഭാഷ, പാട്ട്, നൃത്തം, ആചാരം, വിശ്വാസം, ഭക്ഷണരീതി, കൃഷിരീതി, ചികിത്സാ അറിവ്, വനവിജ്ഞാനം, ജീവിതരീതി എന്നിവ ശാസ്ത്രീയമായി രേഖപ്പെടുത്തണം.

എന്നാൽ അതിൽ ഒരു അടിസ്ഥാന തത്വം ഉറപ്പാക്കേണ്ടതുണ്ട്. ആദിവാസി അറിവ് പഠിക്കപ്പെടേണ്ട ഒരു ‘വിഷയം’ മാത്രമാകരുത്; ആ അറിവിന്റെ ഉടമകൾ തന്നെ ഗവേഷണത്തിന്റെ പങ്കാളികളാകണം. ഗവേഷണം നടത്തി പുസ്തകം പ്രസിദ്ധീകരിച്ച് അംഗീകാരം നേടുന്നത് പുറത്തുനിന്നുള്ള ഗവേഷകർ മാത്രമാകുന്ന സാഹചര്യം ഒഴിവാക്കുകയും ആദിവാസി യുവജനങ്ങളെ ഗവേഷണത്തിലേക്ക് കൊണ്ടുവരാൻ പ്രത്യേക ഫെല്ലോഷിപ്പുകളും ഗവേഷണപദ്ധതികളും ആരംഭിക്കണം.

പ്രാദേശിക കോളേജുകൾക്ക് സർവകലാശാലയുമായി പുതിയ ബന്ധം

ട്രൈബൽ സർവകലാശാലയുടെ പ്രവർത്തനം വയനാട്ടിലെ നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിനിർത്തിയല്ല, അവയെ കൂടി ശക്തിപ്പെടുത്തിയാകണം. പുൽപ്പള്ളി, ചീതലയം പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സോഷ്യൽ സയൻസ് പഠനരംഗത്തെയും വിദ്യാർത്ഥികൾക്ക് സർവകലാശാലയുമായി അക്കാദമിക് സഹകരണവും സാധ്യമാക്കണം. അതുപോലെ, കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ സോഷ്യോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പഠനം നടത്തുന്ന ആദിവാസി വിദ്യാർത്ഥികൾക്കും പുതിയ സർവകലാശാലയുടെ ഗവേഷണ-അക്കാദമിക് സംവിധാനവുമായി ബന്ധപ്പെടാനുള്ള അവസരം ഉണ്ടാകണം. കണ്ണൂർ സർവകലാശാലയുടെ കീഴിൽ എം.എ. സോഷ്യോളജി പോലുള്ള ഉന്നതപഠനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ട്രൈബൽ സർവകലാശാലയുമായി അക്കാദമിക് സഹകരണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കണം.

വയനാട്ടിൽ ഏറ്റവും കൂടുതൽ ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കോളേജുകൾക്കും മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പോലുള്ള സ്ഥാപനങ്ങൾക്കും സർവകലാശാലയുമായി അക്കാദമിക് പങ്കാളിത്തം സാധ്യമാക്കണം. സർവകലാശാല ഒരു ഒറ്റപ്പെട്ട കാമ്പസാകരുത്; വയനാട്ടിലെ മുഴുവൻ ആദിവാസി വിദ്യാഭ്യാസ ശൃംഖലയുടെയും കേന്ദ്രമായി മാറണം. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, പ്രോജക്ട്, ഗവേഷണം, എക്സ്ചേഞ്ച് പ്രോഗ്രാം, സെമിനാർ, പരിശീലനം, സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയ്ക്കുള്ള അവസരങ്ങൾ ഈ സഹകരണത്തിലൂടെ സൃഷ്ടിക്കാം.

വനവും വയനാടും സർവകലാശാലയുടെ ഗവേഷണശാലയാകണം. വയനാട്ടിന്റെ ജൈവവൈവിധ്യം ലോകോത്തര ഗവേഷണ സാധ്യതകളുള്ളതാണ്. വനപരിപാലനം, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ഔഷധസസ്യങ്ങൾ, പരമ്പരാഗത കൃഷി, വനവിഭവങ്ങൾ, ഭക്ഷ്യസുരക്ഷ, ആദിവാസി ആരോഗ്യപരമ്പരകൾ, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കണം. പ്രാദേശിക ആദിവാസി അറിവിനെയും ആധുനിക ശാസ്ത്രത്തെയും കൂട്ടിയിണക്കി വയനാടിന് അനുയോജ്യമായ വികസന മാതൃകകൾ രൂപപ്പെടുത്താൻ സർവകലാശാലയ്ക്ക് കഴിയണം. ഇത് ഗവേഷണത്തിൽ മാത്രം ഒതുങ്ങരുത്. ആ ഗവേഷണത്തിന്റെ ഫലം ആദിവാസി കുടുംബങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചെത്തണം.

തൊഴിൽ സൃഷ്ടിക്കുന്ന സർവകലാശാല

ഒരു സർവകലാശാല നേരിട്ടുള്ള തൊഴിൽ മാത്രമല്ല സൃഷ്ടിക്കുന്നത്. അതിനോട് ചേർന്ന് താമസം, ഗതാഗതം, ഭക്ഷണം, പ്രസാധനം, ഗവേഷണം, ടൂറിസം, കൈത്തൊഴിൽ, പ്രാദേശിക ഉൽപ്പന്നങ്ങൾ, സാംസ്കാരിക പരിപാടികൾ, സംരംഭകത്വം തുടങ്ങി നിരവധി മേഖലകൾ വളരും. ഇതിന്റെ ഗുണഫലനങ്ങൾ ആദിവാസി കുടുംബങ്ങൾക്കും ലഭികുന്നതായിരിക്കണം. ആദിവാസി യുവജനങ്ങൾക്ക് സംരംഭകത്വ പരിശീലനം നൽകി സർവകലാശാലയുമായി ബന്ധപ്പെട്ട സേവന മേഖലകളിൽ സഹകരണ സംഘങ്ങളും സാമൂഹിക സംരംഭങ്ങളും ആരംഭിക്കാൻ സഹായിക്കുന്ന തരത്തിൽ വികസന കാഴ്ച്ചപാടുകളെ മാറ്റേണ്ടതുണ്ട്. സർവകലാശാല വരുമ്പോൾ കാമ്പസിന്റെ പുറത്തുള്ള ഓരോ ആദിവാസി ഊരിലും അതിന്റെ മാറ്റങ്ങൾ കാണുമ്പോഴാണ് അതാണ് വിജയത്തിന്റെ യഥാർഥ അളവുകോൽ. 

ആദിവാസി സംസ്കാരത്തെ പ്രദർശന വസ്തുവാക്കുന്ന സമീപനം ഒരു നിലയിലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ആദിവാസി നൃത്തം, പാട്ട്, ഭാഷ, വേഷം, കല, പാരമ്പര്യം എന്നിവ സർവകലാശാലയുടെ പരിപാടികളിൽ അവതരിപ്പിക്കുന്നതിൽ മാത്രം കാര്യമില്ല. അവ പഠിക്കാനും ഗവേഷണം നടത്താനും സംരക്ഷിക്കാനും അവയുടെ അവകാശം ബന്ധപ്പെട്ട സമൂഹങ്ങൾക്ക് ഉറപ്പാക്കാനും സർവകലാശാല സംവിധാനമുണ്ടാക്കണം.

പണിയരുടെ കലാരൂപങ്ങൾ പണിയർ തന്നെ പഠിപ്പിക്കുന്ന കേന്ദ്രം, കാട്ടുനായ്ക്കരുടെ അറിവ് കാട്ടുനായ്ക്കർ തന്നെ രേഖപ്പെടുത്തുന്ന സംവിധാനം, അടിയരുടെ ഭാഷയും ചരിത്രവും അടിയ യുവജനങ്ങൾ തന്നെ ഗവേഷണം ചെയ്യുന്ന പദ്ധതികൾ—ഇങ്ങനെയായിരിക്കണം പുതിയ മാതൃക. 

ആദിവാസി സംസ്കാരം സർവകലാശാലയുടെ അലങ്കാരമാകരുത്; അതിന്റെ അക്കാദമിക് ആത്മാവാകണം. ഇത് വയനാടിന്റെ മാത്രം ആവശ്യമല്ല. ട്രൈബൽ സർവകലാശാല വയനാട്ടിൽ സ്ഥാപിക്കപ്പെടുന്നത് കേരളത്തിലെ ആദിവാസി സമൂഹത്തിനാകെ പുതിയ സാധ്യതകൾ തുറക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഗവേഷകരും അധ്യാപകരും വയനാട്ടിലേക്ക് എത്തും. അതിലൂടെ വയനാട്ടിന്റെ ആദിവാസി ചരിത്രവും സംസ്കാരവും ലോകശ്രദ്ധ നേടും. പക്ഷേ ആ ലോകശ്രദ്ധയുടെ കേന്ദ്രത്തിൽ വയനാട്ടിലെ ആദിവാസി സമൂഹം തന്നെ ഉണ്ടാകണം.

അവരുടെ ഭൂമി, അറിവ്, സംസ്കാരം, ഭാഷ, ചരിത്രം എന്നിവയെ പഠിച്ചുകൊണ്ട് മറ്റുള്ളവർ മുന്നേറുന്ന ഒരു സംവിധാനം ഇനി ഉണ്ടാകരുത്. അറിവിന്റെ സ്രഷ്ടാക്കളായി ആദിവാസി യുവത ഉയർന്നുവരുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്.

ഒരു സർവകലാശാലയുടെ മതിലുകൾക്കപ്പുറത്തേക്ക്

വയനാട്ടിലെ ട്രൈബൽ സർവകലാശാലയുടെ വിജയം എത്ര കെട്ടിടങ്ങൾ പണിതു എന്നതുകൊണ്ട് അളക്കരുത്. എത്ര ആദിവാസി വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിലെത്തി? എത്ര പേർ ഗവേഷകരായി? എത്ര ആദിവാസി യുവാക്കൾക്ക് ജോലി ലഭിച്ചു? എത്ര കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടു? എത്ര ആദിവാസി ഭാഷകളും കലാരൂപങ്ങളും അറിവുകളും രേഖപ്പെടുത്തി? എത്ര ഊരുകൾക്ക് സർവകലാശാലയുടെ ഗുണം ലഭിച്ചു? എത്ര ആദിവാസി യുവാക്കൾ അധ്യാപകരും ശാസ്ത്രജ്ഞരും ഭരണനിർവാഹകരും സംരംഭകരുമായി മാറി? ഇവയായിരിക്കണം വിജയത്തിന്റെ മാനദണ്ഡങ്ങൾ. വയനാട്ടിൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കുന്നതിനെ ആദിവാസി സമൂഹം പ്രതീക്ഷയോടെ സ്വീകരിക്കുന്നു. എന്നാൽ ആ പ്രതീക്ഷ വെറും ഒരു കാമ്പസിനോടുള്ള പ്രതീക്ഷയല്ല.

വിദ്യാഭ്യാസം ഞങ്ങളിലേക്ക് വരണം.
തൊഴിൽ ഞങ്ങളിലേക്ക് വരണം.
ഗവേഷണത്തിന്റെ വാതിൽ ഞങ്ങൾക്കായി തുറക്കണം.
ഞങ്ങളുടെ അറിവിന് അംഗീകാരം ലഭിക്കണം.
ഞങ്ങളുടെ സംസ്കാരം സംരക്ഷിക്കപ്പെടണം.
ഞങ്ങളുടെ കുട്ടികൾക്ക് ലോകോത്തര വിദ്യാഭ്യാസം ലഭിക്കണം.
ഞങ്ങളുടെ ഊരുകളിലേക്ക് വികസനത്തിന്റെ വെളിച്ചം എത്തണം.

വയനാട്ടിൽ സ്ഥാപിക്കപ്പെടുന്ന ട്രൈബൽ സർവകലാശാല ആദിവാസികളെക്കുറിച്ച് പഠിക്കുന്ന സർവകലാശാല മാത്രമാകരുത്. ആദിവാസികൾക്ക് പഠിക്കാനും പഠിപ്പിക്കാനും ഗവേഷണം നടത്താനും തൊഴിൽ നേടാനും സ്വന്തം അറിവിന്റെ ഉടമകളായി ലോകത്തിന് മുന്നിൽ നിൽക്കാനും കഴിയുന്ന സർവകലാശാലയാകണം. അങ്ങനെ സംഭവിച്ചാൽ മാത്രമേ വയനാട്ടിലെ ട്രൈബൽ സർവകലാശാല ഒരു പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കമല്ല, ഒരു പുതിയ ആദിവാസി തലമുറയുടെ തുടക്കമാണ് എന്ന് പറയാൻ കഴിയൂ.

Share this link