പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ കൊലപാതകം അന്വേഷിക്കുക: ആദിവാസി ഗോത്രമഹാസഭ
പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ കൊലപാതകം അന്വേഷിക്കപ്പെട്ടിട്ടില്ല. സമരത്തിന് നേരെ നടന്ന പോലീസ് അതിക്രമങ്ങളിൽ നിരവധി പേർക്ക് അംഗവൈകല്യം സംഭവിക്കുകയും, പോലീസ് മർദ്ദനത്തെ തുടർന്ന് നിരവധി ആദിവാസികൾ രോഗബാധിതരായി മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ക്രൂരമായ മർദ്ദനങ്ങളും ലൈംഗിക അതിക്രമങ്ങളും നടന്നു; എന്നാൽ ഇതേക്കുറിച്ചൊന്നും യാതൊരു അന്വേഷണവും ഉണ്ടായില്ലെന്ന് ആദിവാസി ഗോത്രമഹാസഭ.
മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് ആദിവാസി ഗോത്രമഹാസഭ കോഡിനേറ്റർ എം. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നീ ആദിവാസി നേതാക്കളെ അഞ്ചു വർഷത്തെ കഠിനതടവിന് ശിക്ഷിച്ച കോടതി വിധി വിവേചനപരവും അങ്ങേയറ്റം അനീതിയുമാണെന്ന് ഗോത്രമഹാസഭ നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വംശീയവും വിഭാഗീയവുമായ അന്വേഷണത്തിന്റെ തുടർച്ചയാണ് ഈ വിധി. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വയനാട് ചാലിഗദ്ദ ഊരിലെ ആദിവാസി പ്രവർത്തകൻ ജോഗിയുടെ കൊലപാതകവും ആദിവാസി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങളും ശാരീരിക ആക്രമണങ്ങളും സി.ബി.ഐയും അന്വേഷിച്ചില്ലെന്ന് പത്രസമ്മേളനത്തിൽ ഗോത്രസഭാ നേതാക്കൾ പറഞ്ഞു. ശിക്ഷാ വിധിക്കെതിരെ തിങ്കളാഴ്ച ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ഓഗസ്റ്റ് 9-ന് ലോക ആദിവാസി ദിനത്തിൽ ഈ അനീതിക്കെതിരെ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും നേതാക്കൾ അറിയിച്ചു.
മുത്തങ്ങ സംഭവത്തിൽ സി.ബി.ഐ. ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തിയത് ഏകപക്ഷീയമായ അന്വേഷണമാണ്. ശിക്ഷയ്ക്ക് കാരണമായ കേസിൽ പോലീസിന്റെയും ഡോക്ടറുടെയും മൊഴികൾ മാത്രമാണ് പ്രോസിക്യൂഷൻ ആധാരമാക്കിയത്. 47 പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കിയപ്പോൾ പ്രതിഭാഗത്തുനിന്ന് ഒരാൾ മാത്രമാണ് സാക്ഷിയായി ഉണ്ടായിരുന്നത്. ഇത്തരം വ്യാജ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശിക്ഷാവിധി.
പോലീസ് വെടിയേറ്റ് മരിച്ച ആദിവാസി പ്രവർത്തകൻ ജോഗിയുടെ മരണം കേവലം ഒരു അസ്വാഭാവിക മരണമായി മാത്രമാണ് പോലീസ് FIR രജിസ്റ്റർ ചെയ്തത്. അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനോ അദ്ദേഹത്തിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനോ സർക്കാരും സി.ബി.ഐയും തയ്യാറായിട്ടില്ല. 2003-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധി നിർമ്മല പാണ്ഡെ അവിടെ നടന്നിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ആ ഉത്തരവ് സർക്കാർ കാറ്റിൽ പറത്തുകയാണ് ചെയ്തത്.
സമരത്തിന് നേരെ നടന്ന പോലീസ് അതിക്രമങ്ങളിൽ നിരവധി പേർക്ക് അംഗവൈകല്യം സംഭവിച്ചിട്ടുണ്ട്. പോലീസ് മർദ്ദനത്തെ തുടർന്ന് നിരവധി ആദിവാസികൾ രോഗബാധിതരായി മരണപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ക്രൂരമായ മർദ്ദനങ്ങളും ലൈംഗിക അതിക്രമങ്ങളും നടന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും യാതൊരു അന്വേഷണവും ഉണ്ടായില്ല. ആദിവാസികൾ ഭൂമിക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും വേണ്ടിയാണ് സമരം നടത്തിയത്. ഇത് വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നില്ല എന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.
എന്നാൽ മുത്തങ്ങ ഭൂസമരം കഴിഞ്ഞു 23 വർഷങ്ങൾ പിന്നിട്ടിട്ടും ആദിവാസികളുടെ ഭൂപ്രശ്നത്തിനോ, ആദിവാസി സ്വയംഭരണാവകാശത്തിനോ, വനാവകാശത്തിനോ ശാശ്വതമായ പരിഹാരം കാണാനോ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. ആദിവാസികളെ ഇപ്പോഴും സാമൂഹികമായി പുറംതള്ളുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നത്. ഇതിനെതിരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകും.
ആദിവാസി പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, ജോഗിയുടെ കൊലപാതകം അന്വേഷിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്ന അതിക്രമങ്ങളിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കുക, ഇരകളായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, ആദിവാസികളുടെ ഭൂരഹിത പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആദിവാസി ദിനമായ ഓഗസ്റ്റ് 9-ന് ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. മുത്തങ്ങ സമരപ്രവർത്തകർ, കുടുംബാംഗങ്ങൾ, സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വലിയ പ്രക്ഷോഭത്തിന് അന്നേദിവസം തുടക്കം കുറിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി യുവജനങ്ങളെയും വിദ്യാർത്ഥികളെയും അണിനിരത്തി യുവജന സമ്മേളനം സംഘടിപ്പിക്കും. ഇതിന്റെ മുന്നോടിയായി ഓൺലൈൻ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കമിടുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.ജി. ജനാർദ്ദനൻ, സി.ജെ. തങ്കച്ചൻ, കേസിൽ ശിക്ഷിക്കപ്പെട്ട രമേശൻ കൊയ്യാലിപുരയുടെ മകൾ രേഷ്മ, സതി ദ്രാവിഡ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.