Author Image കെ. സന്തോഷ് കുമാർ
09 Jun 2026

ഹാരിസൺസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഭൂമി കൈയേറ്റം നിയമവിരുദ്ധം: സർക്കാർ ഉത്തരവ്

ഹാരിസൺസ് മലയാളം ലിമിറ്റഡ് ഉൾപ്പെടെയുള്ള വൻകിട പ്ലാന്റേഷൻ കമ്പനികൾ 78,626 ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്നത് അനധികൃതമായും നിയമവിരുദ്ധവുമായാണെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്. കരാർ നിബന്ധനകൾ ലംഘിച്ച് കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം സർക്കാരിനാണെന്നും കമ്പനികളുടെ ഈ നിയമവിരുദ്ധ കൈയേറ്റം മൂലം സംസ്ഥാന സർക്കാരിന് വൻ വരുമാന നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും റവന്യൂ വകുപ്പ് സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം ജൂൺ 8-ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഹാരിസൺസ് മലയാളം ലിമിറ്റഡ് (HML) ഉൾപ്പെടെയുള്ള വൻകിട പ്ലാന്റേഷൻ കമ്പനികൾ സംസ്ഥാനത്ത് കൈവശം വെച്ചിരിക്കുന്ന 78,626 ഏക്കർ ഭൂമി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്. ബ്രിട്ടീഷ് ഭരണകാലത്തെ കരാർ നിബന്ധനകൾ ലംഘിച്ച് കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം കേരള സർക്കാരിനാണെന്ന് റവന്യൂ വകുപ്പ് ജൂൺ 8-ന് പുറപ്പെടുവിച്ച G.O.(Rt)No.1069/2026/RD ഉത്തരവിൽ പറയുന്നു. കമ്പനികളുടെ ഈ നിയമവിരുദ്ധ കൈവശാവകാശം മൂലം സംസ്ഥാന ഖജനാവിന് വൻ വരുമാന നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും റവന്യൂ വകുപ്പ് സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ പ്ലാന്റേഷൻ വിളകളുടെ കൃഷിക്കായി കർശന നിബന്ധനകളോടെയാണ് ഇംഗ്ലീഷ് കമ്പനികൾക്കും വ്യക്തികൾക്കും വൻതോതിൽ ഭൂമി ഗ്രാന്റായും പാട്ടമായും നൽകിയിരുന്നത്. "ഓരോ കൈമാറ്റവും സർക്കാരിനെ അറിയിക്കേണ്ടതാണ്" എന്നതായിരുന്നു ഭൂമി നൽകിയപ്പോൾ വെച്ചിരുന്ന പ്രധാന വ്യവസ്ഥ.

കാലക്രമേണ, ഗ്രാന്റുകളും പാട്ടങ്ങളും കൈപ്പറ്റിയവർ ഈ നിബന്ധനകൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട് രഹസ്യമായി ഭൂമി കൈമാറ്റം ചെയ്തു. ഈ ഭൂസ്വത്തുക്കളിൽ ഭൂരിഭാഗവും ആദ്യം 'മലയാളം പ്ലാന്റേഷൻസ് (യുണൈറ്റഡ് കിംഗ്ഡം)' എന്ന വിദേശ കമ്പനിയുടെ കൈവശത്തിലും, ഒടുവിൽ അതിന്റെ പിൻഗാമിയായ 'ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ' കൈകളിലും എത്തിച്ചേരുകയായിരുന്നു.

ഹാരിസൺസിന് പുറമെ ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി, പാരിസൺസ് കമ്പനി, ഹോപ്പ് പ്ലാന്റേഷൻസ്, ആർ.ബി.റ്റി, സി.ബി.എസ്, പോബ്സ്, എം.എം.ജെ തുടങ്ങിയ പ്രമുഖ കമ്പനികളും ഇത്തരത്തിൽ സർക്കാർ ഗ്രാന്റ്/പാട്ടഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ദീർഘകാലത്തെ കൈവശാവകാശവും റവന്യൂ രേഖകളിലെ നികുതി ഒടുക്കലും കാണിച്ച് കമ്പനികൾ ഉടമസ്ഥാവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും, ഈ ഭൂമിയുടെ യഥാർത്ഥ ടൈറ്റിൽ സർക്കാരിൽ നിന്നും ഒരിക്കലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.

ഹാരിസൺസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഭൂമി കൈയേറ്റം നിയമവിരുദ്ധമാണെന്നും, ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം കേരള സർക്കാരിനാണെന്നും കാണിച്ച് റവന്യൂ വകുപ്പ് ജൂൺ 8-ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ്.

മുൻപ് പ്ലാന്റേഷൻ കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെച്ചിരുന്ന തോട്ടംഭൂമികൾ തിരിച്ചുപിടിക്കുന്നതിനായി സംസ്ഥാന സ്പെഷ്യൽ ഓഫീസർ പുറപ്പെടുവിച്ച ഉത്തരവുകൾ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ടൈറ്റിൽ നിർണ്ണയിക്കുന്നതിനായി സിവിൽ കോടതിയെ സമീപിക്കാൻ കോടതി സംസ്ഥാനത്തിന് നിർദ്ദേശവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഹാരിസൺസും മറ്റുള്ളവരും ഫയൽ ചെയ്ത കേസിൽ 11.04.2018-ലെ ഹൈക്കോടതി വിധിയെ തുടർന്ന് സർക്കാർ ജി.ഒ. (എം.എസ്) 172/2019/ആർ.ഡി (Dtd 06.06.2019) ഉത്തരവ് പുറപ്പെടുവിച്ചു. തർക്കഭൂമിക്ക് മേൽ സർക്കാരിന്റെ ടൈറ്റിൽ സ്ഥാപിച്ചെടുക്കാൻ സിവിൽ കേസുകൾ ഫയൽ ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് ഈ ഉത്തരവിലൂടെ നിർദ്ദേശം നൽകി.

കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, തിരുവനന്തപുരം, വയനാട് എന്നീ ജില്ലകളിലായി കളക്ടർമാർ ബന്ധപ്പെട്ട സിവിൽ കോടതികളിൽ 38 സിവിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി കമ്പനികൾ കൈവശം വെച്ചിരിക്കുന്ന 78,626 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് ഈ കേസുകൾ. മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ ഹർജികൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

വർഷങ്ങൾ പഴക്കമുള്ളതും സങ്കീർണ്ണവുമായ റവന്യൂ രേഖകൾ പരിശോധിക്കുന്നതിലും, വൻകിട സിവിൽ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള ഹർജികൾ തയ്യാറാക്കുന്നതിലും "മികച്ച പ്രവർത്തനം" കാഴ്ചവെച്ച റവന്യൂ (എ) വകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ തോമസ് സി.ഐ. എന്ന ഉദ്യോഗസ്ഥന് റവന്യൂ സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം "ഗുഡ് സർവീസ് എൻട്രി" പ്രഖ്യാപിച്ച ഉത്തരവിലാണ് ഹാരിസൺ മലയാളം ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ അനധികൃതമായും നിയമവിരുദ്ധമായുമാണ് സർക്കാർ തോട്ടംഭൂമി കൈവശം വെച്ചിരിക്കുന്നതെന്നും ഇത് സർക്കാർ ഖജനാവിന് വൻ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുന്നത്.

Share this link