'ഹിന്ദു' എന്ന പദം ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത് ഒരു ഭൂപ്രദേശത്തെയും അവിടുത്തെ നിവാസികളെയും കുറിക്കാനാണ്. 14-16 നൂറ്റാണ്ടുകൾക്ക് ഇടയിലാണ് മതാത്മകമായ അർത്ഥത്തിൽ ഹിന്ദു എന്ന പ്രയോഗം ഉരുത്തിരിയാൻ തുടങ്ങുന്നത്. അതാവട്ടെ സവർണ വിഭാഗങ്ങളെയും ബ്രാഹ്മണരെയും കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ബഹുഭൂരിപക്ഷം വരുന്ന ബഹുജനങ്ങളെ ഹിന്ദു എന്ന പദത്തിന്റെ മതപരിധിയിൽ ഉൾക്കൊണ്ടിരുന്നില്ല. ഭിന്ന ജാതികളുടെ ശ്രേണീകൃതമായ കൂട്ടത്തെ ഹിന്ദു എന്ന് വിളിച്ചുതുടങ്ങിയതിന്റെ ചരിത്രപരമായ പ്രക്രിയകളെ വിശകലനം ചെയ്യുകയാണ് ഡോ. ടി.എസ്. ശ്യാംകുമാർ.
"ഹിന്ദുക്കൾ മതം എന്നു വിളിക്കുന്നത് കല്പനകളുടെയും നിരോധനങ്ങളുടെയും സമുച്ചയത്തെയാണ്"
-ഡോ. ബി.ആർ. അംബേദ്കർ
സെമറ്റിക് മതങ്ങളുടെ മാതൃകയിൽ ആയിരക്കണക്കിന് വിശ്വാസങ്ങളും ഭിന്നജാതികളുടെ കൂട്ടവുമായ ഒന്നിനെ ഏകശിലാത്മക മതമാക്കി കുറുക്കിയെടുക്കാനുള്ള ശ്രമങ്ങൾ ഹിന്ദുത്വശക്തികൾ നടത്താൻ തുടങ്ങിയിട്ട് കാലമേറെയായി. ഡോ. ബി.ആർ. അംബേദ്കർ അനിഹിലേഷൻ ഓഫ് കാസ്റ്റിൽ ഹിന്ദുക്കൾ എന്നത് ഭിന്ന ജാതികളുടെ ഒരു കൂട്ടം മാത്രമല്ലെന്നും സ്വാർത്ഥ ആദർശങ്ങൾക്കായി സ്വയം വേറിട്ടു ജീവിക്കുന്ന, പരസ്പരം പോരടിക്കുന്ന നിരവധി വിഭാഗങ്ങളുടെ കൂട്ടവും കൂടിയാണെന്ന് എഴുതുന്നുണ്ട്. ഈ പോരടിക്കുന്ന വിഭാഗങ്ങളെ മുസ്ലിം ശത്രുവിനെ നിർമിച്ചുകൊണ്ടാണ് ഒരൊറ്റക്കൽ പ്രതിഷ്ഠയായ "ഹിന്ദു"വിനെ സംഘടിപ്പിക്കാൻ പരിവാര ശക്തികൾ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഭിന്ന ജാതികളുടെ ശ്രേണീകൃത കൂട്ടമായ ഒന്നിനെ എന്ന് മുതലാണ് ഹിന്ദു എന്ന് വിളിക്കാൻ തുടങ്ങിയതെന്ന് അന്വേഷിക്കേണ്ടി വരുന്നത്.
ഹിന്ദു എന്ന സംജ്ഞ തന്നെ ഒരു കൂട്ടം ദൈവശാസ്ത്രപരമായ വിശ്വാസങ്ങൾക്ക് അപ്പുറത്തോ ഇപ്പുറത്തോ ആയ ഒന്നിനെയാണ് ദ്യോതിപ്പിക്കുന്നതെന്ന് ശശി തരൂർ എഴുതുന്നുണ്ട് (The Hindu Way: An Introduction to Hinduism). ഹിന്ദു എന്ന വാക്ക് വിദേശീയർ നൽകുന്നതു വരെ ഇന്ത്യൻ ഭാഷകളിലൊന്നും തന്നെ അത് ഉണ്ടായിരുന്നില്ലെന്നും ശശി തരൂർ പ്രസ്താവിക്കുന്നു. പ്രാചീന പേർഷ്യയിലെ അഹമെനിസ് ശാസനങ്ങളിലും പിന്നീട് അറബികളുടെ രചനകളിലും ഉപയോഗിച്ചു വന്ന ഹിന്ദുഷ്, അൽ ഹിന്ദു എന്നീ ഭൂമിശാസ്ത്രപരമായ പദങ്ങളിൽ നിന്നാണ് 'ഹിന്ദു' എന്ന വാക്കുണ്ടായതെന്നും ചരിത്ര പണ്ഡിതയായ റൊമില ഥാപ്പർ നിരീക്ഷിക്കുന്നുണ്ട്. പശ്ചിമേഷ്യയുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ സിന്ധു നദിക്കരയും അതിനപ്പുറവും താമസിക്കുന്നവരെ സൂചിപ്പിക്കാനായിരുന്നു ഹിന്ദു എന്ന പദം ഉപയോഗിച്ചിരുന്നതെന്നും ഥാപ്പർ രേഖപ്പെടുത്തുന്നു. മനുഷ്യവിഭാഗങ്ങളെ ഭൂമിശാസ്ത്രപരമായി സൂചിപ്പിക്കാൻ അറബികളാണ് ഹിന്ദു എന്ന പദം ആദ്യം ഉപയോഗിച്ചത്. അതേ സമയം എല്ലാ പ്രദേശങ്ങളിലും ജാതിയിലും പടർന്നു കിടക്കുന്ന പൊതുമത വിശ്വാസം, സമൂഹ മര്യാദകൾ, ചടങ്ങുകൾ മുതലായവകളാൽ നിർണയിക്കപ്പെട്ട ഒരൊറ്റ ഹിന്ദു എന്ന ആശയത്തിന്റെ നേർസാക്ഷ്യം ആദ്യകാല ചരിത്രസ്രോതസ്സുകളിലൊന്നും കാണുന്നില്ലെന്നും ഥാപ്പർ സാക്ഷ്യപ്പെടുത്തുന്നു. റൊമില ഥാപ്പർ സൂചിപ്പിച്ചതു പോലെ ഏറ്റവും പ്രാചീന വൈദിക സാഹിത്യഗ്രന്ഥമായ ഋഗ്വേദത്തിലോ മറ്റിതര വേദങ്ങളിലോ പ്രാചീന ഇതിഹാസ പുരാണ പാഠങ്ങളിലോ "ഹിന്ദു" എന്ന പ്രയോഗം കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഹിന്ദു എന്ന വാക്ക് പ്രാചീന സംസ്കൃതത്തിലോ പ്രാകൃതത്തിലോ തമിഴിലോ ഇല്ല.
ഇന്ത്യക്കാരല്ലാത്തവർ ഉത്തരേന്ത്യയിൽ അധിവസിക്കുന്നവരെ സൂചിപ്പിക്കാനാണ് BCE 500 നും CE 1000 നും ഇടയിൽ "ഹിന്ദു" എന്ന പദം ഉപയോഗിച്ചത്. അതിന് മതാത്മകമായ അർത്ഥം അന്നുണ്ടായിരുന്നില്ല. ഗ്രീക്ക് എഴുത്തുകാരനായ ഹെറോഡോട്ടസ് (5 BCE) ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലകളെ സൂചിപ്പിക്കാൻ പഴയ പേർഷ്യനിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള "ഹിന്ദുഷ്" എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.
പൊതുവർഷം പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലാണ് മതാത്മകമായ അർത്ഥത്തിൽ "ഹിന്ദു" എന്ന പ്രയോഗം ഉരുത്തിരിയാൻ തുടങ്ങുന്നത്. വിദ്യാപതി, കബീർ, ഏക്നാഥ്, ഗുരു നാനാക്, ജോനരാജ, ശ്രീവരൻ തുടങ്ങിയവർ "ഹിന്ദു" എന്ന പ്രയോഗം മതാത്മകമായ അർത്ഥത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ചില പരാമർശങ്ങളിൽ "ഹിന്ദു" എന്നതുകൊണ്ട് ബ്രാഹ്മണരെയാണ് അർത്ഥമാക്കിയത്. ഏക്നാഥ് തന്റെ കാവ്യത്തിൽ ഹിന്ദു, ബ്രാഹ്മണൻ എന്നീ പദങ്ങൾ ഒരേ അർത്ഥത്തിൽ മാറി മാറി പ്രയോഗിക്കുന്നതും കാണാം. കാശ്മീരി ഗ്രന്ഥകർത്താക്കൾ (15 - 16 CE) വിശേഷിച്ച് കൽഹണന്റെ രാജതരംഗിണി തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന് പരാമർശിക്കുന്നത് സവർണരെയും ബ്രാഹ്മണരെയുമാണ്. കാശ്മീരി എഴുത്തുകാരായ ജോനരാജൻ (CE 1459), ശ്രീവരൻ (CE 1486), ശുകൻ (CE 1586) എന്നിവർ "ഹിന്ദുക:" എന്ന് പരാമർശിക്കുന്നത് ദ്വിജരെയാണ്, പ്രത്യേകിച്ച് ബ്രാഹ്മണരെയാണ്. David Lorenzen അദ്ദേഹത്തിന്റെ പഠനത്തിൽ സൂചിപ്പിക്കുന്നത് മുസ്ലീങ്ങളുടെയും മറ്റിതര മതസ്ഥരുടെയും അഭാവത്തിൽ ഹിന്ദുക്കൾ എന്ന് വിളിക്കപ്പെടുന്നവർ വൈഷ്ണവരോ ശൈവരോ മാത്രമാണെന്നാണ്.
പതിനെട്ടാം നൂറ്റാണ്ടു മുതൽ യൂറോപ്യന്മാർ "ഹിന്ദു" എന്ന പ്രയോഗത്തെ മുൻ നിർത്തി ചർച്ച ചെയ്തിരുന്നത് ബ്രാഹ്മണരെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ചാണ്. ഉദാഹരണമായി Alexander Dow 1770 ൽ "Hindoo Faith", "Hindu Religion" എന്നത് കൊണ്ട് അർത്ഥമാക്കിയത് ബ്രാഹ്മണരെയും അവരുടെ വേദങ്ങളെയുമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ "Gentoo" എന്ന് പരാമർശിച്ചുകൊണ്ട് യൂറോപ്യൻമാർ ചർച്ച ചെയ്തിരുന്നത് ബ്രാഹ്മണ്യ പാരമ്പര്യത്തെ കുറിച്ചായിരുന്നു. Nathaniel Halhed പ്രസിദ്ധീകരിച്ച A Code of Gentoo Laws ൽ ഉള്ളടങ്ങിയിരുന്നത് ബ്രാഹ്മണർ സംസ്കൃതത്തിൽ രചിച്ച മനുസ്മൃതി പോലുള്ള ധർമശാസ്ത്ര പുസ്തകങ്ങളാണ്. A Code of Gentoo Laws ന്റെ ആമുഖത്തിൽ "Hindoo" എന്നത് കൊണ്ട് Halhed അർത്ഥമാക്കിയത് ബ്രാഹ്മണമതത്തെയാണ്.
പത്തൊൻപതാം നൂറ്റാണ്ടിലാണ് "ഹിന്ദു" എന്ന പദം ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും പ്രചുരപ്രചാരത്തിലാവുന്നത്. അപ്പോൾ പോലും യൂറോപ്യന്മാർ "Hindoo" എന്ന് പരാമർശിച്ചത് ഇന്ത്യയിലെ ദേശവാസികൾ എന്ന അർത്ഥത്തിലും ഹിന്ദുസ്ഥാൻ നിവാസികൾ എന്നർത്ഥത്തിലുമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ചാപ്ലെയിനായിരുന്ന Edward Terry, "Hindoo" എന്നതുകൊണ്ട് അർത്ഥമാക്കിയത് ഹിന്ദുസ്ഥാൻ നിവാസികൾ (Inhabitants of indostan) എന്നാണ്. Webster ടെ 1828 ലെ നിഘണ്ടുവിൽ "Hindoo" എന്നത് കൊണ്ട് ഹിന്ദുസ്ഥാൻ (ആദിമ) നിവാസികൾ (An Aboriginal of Hindoostan) എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. 1823 ലെ സെൻസസിനായാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഹിന്ദു എന്ന ഉപയോഗിച്ചത്.
1921-ൽ സെൻസസ് കമ്മീഷണർ ഇങ്ങനെ രേഖപ്പെടുത്തി: "The chief hindrance to the obtaining of accurate returns is the fact that the terms used to classify the religions unfamiliar to the people of the country.... No Indian is familiar with the term Hindu as applied to his religion. If asked what his religion is, he usually replies with the name of the sect (e. g, Saivite) to which he belongs." (കൃത്യമായ കണക്കുകൾ ലഭിക്കുന്നതിനുള്ള പ്രധാന തടസ്സം മതങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് പരിചിതമല്ല എന്നതാണ്. ഒരു ഇന്ത്യക്കാരനും തന്റെ മതവുമായി ബന്ധപ്പെട്ട് ഹിന്ദു എന്ന പദം പരിചിതമല്ല. തന്റെ മതം ഏതാണെന്ന് ചോദിച്ചാൽ അവൻ താൻ ഉൾപ്പെടുന്ന വിഭാഗത്തിന്റെ (ഉദാ: ശൈവ) പേരിലാണ് മറുപടി നൽകുന്നത്). ഇത് കാണിക്കുന്നത് 1921 ൽ പോലും "ഹിന്ദു" ഒരു മതമായി ഇന്ത്യയിലെ വിവിധ ജാതിവിഭാഗങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല എന്ന് തന്നെയാണ്.
ഇങ്ങനെ നോക്കിയാൽ "ഹിന്ദു" എന്ന പദത്തെ മുൻ നിർത്തി, അത് ചിരപുരാതനമായ മതമാണെന്ന് വാദിച്ചാൽ അതിൽ അർത്ഥമില്ലെന്ന് കാണാം. ഹിന്ദു എന്ന പദം ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത് ഒരു ഭൂപ്രദേശത്തെയും അവിടുത്തെ നിവാസികളെയും കുറിക്കാനാണ്. ഹിന്ദു എന്ന പദം മതാത്മകമായി ഉപയോഗിക്കാൻ തുടങ്ങിയ ഘട്ടത്തിലാവട്ടെ അത് സവർണരെയും ബ്രാഹ്മണരെയുമാണ് കുറിക്കാൻ ഉപയോഗിച്ചിരുന്നത്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന അവർണ ബഹുജനങ്ങളെ ഹിന്ദു എന്ന പദത്തിന്റെ മതപരിധിയിൽ ഉൾക്കൊണ്ടിരുന്നില്ല. 1911 ലെ ഇ എ ഗെയ്റ്റ്സിന്റെ കാനേഷുമാരി റിപ്പോർട്ടിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സവർണജാതികൾ ന്യൂനപക്ഷമാണെന്ന് കണ്ടെത്തിയതോടെയാണ് അവർണരെ കൂടി ഉൾപ്പെടുത്തി ഹിന്ദു മതത്തെ സവർണമേധാവിത്വം നിർമിച്ചെടുത്തത്. ഹിന്ദു എന്ന പദം ഒരു ഇന്ത്യക്കാരനും പരിചിതമായിരുന്നില്ല എന്ന 1921 ലെ കാനേഷുമാരി റിപ്പോർട്ട് സൂചിപ്പിക്കുന്നത് അക്കാലത്ത് മതാത്മകമായ അർത്ഥത്തിൽ ഹിന്ദു നിലനിന്നിരുന്നില്ല എന്ന് തന്നെയാണ്.
ദിവ്യ ദ്വിവേദിയും ഷാജ് മോഹനും ശരിയായി നിരീക്ഷിച്ചത് പോലെ "ഇന്ത്യയിലെ യഥാർത്ഥ ഭൂരിപക്ഷം അവർണജാതി ജനങ്ങളാണെന്ന വസ്തുത മറച്ചു വയ്ക്കുന്നതിനായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ടെത്തിയതാണ് ഹിന്ദു മതം". "ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ" എന്ന നാരായണ ഗുരുവിന്റെ അരുളുകൾ ഈ ചരിത്രത്തെ അഗാധമായി തിരിച്ചറിഞ്ഞതിൽ നിന്നും ഉരുവം കൊണ്ടതാണ്. അവർണജനതയുടെ ജാതിവിരുദ്ധ സംഘാടനങ്ങളെയും അവകാശ പോരാട്ടങ്ങളെയും എതിർക്കാനും തമസ്ക്കരിക്കാനും നിഷേധിക്കാനും ഹിന്ദു എന്ന പദത്തിന്റെ ബ്രാഹ്മണ്യ മേധാവിത്വ സ്ഥാപനത്തിലൂടെ ഹിന്ദുത്വശക്തികൾക്ക് കഴിയുന്നുണ്ട് എന്നത് അവിതർക്കിതമാണ്. കരാളമായി ഇന്ത്യയിലെ അവർണജനതയെ വിഴുങ്ങുന്ന ഈ ഭീകര ബ്രാഹ്മണ്യ മതയുക്തിയെ ചോദ്യം ചെയ്യാനും മറി കടക്കാനും പുറത്ത് വരാനും കഴിയണമെങ്കിൽ ജാതിവിരുദ്ധ സാമുദായികത ശക്തിപ്പെടുകയും തിരിച്ചറിയുകയും ബ്രാഹ്മണ്യ മതയുക്തികൾക്കതീതമായി സാഹോദര്യ രാഷ്ട്രീയത്തിന്റെ വിശാല ജനാധിപത്യ തുറസുകൾ നിർമിക്കുകയും ചെയ്യേണ്ടത് ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനും അവർണജനതയുടെ സ്വാതന്ത്ര്യത്തിനും തീർത്തും അനിവാര്യമാണ്.