മലയാള സർവകലാശാലയിലെ അക്കാദമിക വിവേചനവും ജാതീയ അധിക്ഷേപവും
മലയാള സർവകലാശാലയിൽ ഗവേഷകയായി ജോയിൻ ചെയ്തത് മുതൽ അക്കാദമികവും ജാതീയവുമായ വിവേചനങ്ങളാണ് നേരിടേണ്ടി വരുന്നത്. അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ല. ക്ലാസിൽ വെച്ച് ജാതി ചോദിക്കുക, സമർപ്പിച്ച സിനോപ്സിസുകൾ വായിക്കുകയോ തിരുത്തുകയോ ചെയ്യാതിരിക്കുക, സിനോപ്സിസ് നൽകിയില്ല എന്ന് നുണപറയുക, ലാബ് ക്ലീൻ ചെയ്യിക്കുക തുടങ്ങിയവയാണ് ചെയ്യിക്കുന്നത്. ആറു മാസത്തിനുള്ളിൽ നടക്കേണ്ട ഡോക്ടറൽ കമ്മിറ്റി രണ്ടു വർഷം കഴിഞ്ഞിട്ടും നടത്തിയിട്ടില്ല. കൂടാതെ ഫെല്ലോഷിപ്പ് തിരിച്ചടപ്പിക്കുമെന്ന ഭീഷണിയും. ദലിത് ശാസ്ത്ര ഗവേഷകയായ താൻ നേരിടുന്ന നീതിനിഷേധങ്ങളെക്കുറിച്ച് അനഘ ശശി എഴുതുന്നു.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ 2024 മാർച്ച് മാസത്തിലാണ് ദലിത് വിഭാഗത്തിൽപ്പെടുന്ന ഞാൻ ഒരു ഗവേഷകയായി ജോയിൻ ചെയ്യുന്നത്. അന്ന് മുതൽ ഇന്ന് വരെ ഞാൻ നേരിടേണ്ടി വന്ന അക്കാദമിക അടിച്ചമർത്തലുകളും ജാതീയ വിവേചനങ്ങളും തൊഴിൽ ചൂഷണങ്ങളും സർവകലാശാലയ്ക്ക് പരാതി നൽകിയിട്ടും അധികാരികൾ കാണാത്ത ഭാവത്തിൽ നടിക്കുകയാണ്. ഒടുവിൽ പോലീസിന് വരെ പരാതി നൽകി. എന്നാൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. വലിയ അക്കാദമിക സ്വപ്നങ്ങളോടെ സർവകലാശാലയിലേക്ക് വന്ന എനിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനങ്ങളും അതിക്രമങ്ങളുമാണ്.
സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പോലും ഉപയോഗിക്കാൻ കൊള്ളാത്ത ലാബ് സൗകര്യങ്ങളാണുണ്ടായിരുന്നത്. ഞാൻ വന്ന വർഷം പുതുതായി പണികഴിപ്പിച്ച ലാബിലേക്ക് ഗ്ലാസ് വെയറുകളും ഉപകരണങ്ങളും വാങ്ങിയപ്പോൾ, ലാബ് അസിസ്റ്റന്റ് ഇല്ലാത്തതിനാൽ മുഴുവൻ സാധനങ്ങളും കഴുകി തുടച്ചു വെക്കാനും എടുത്താൽ പൊങ്ങാത്ത വലിയ പെട്ടികൾ ചുമക്കാനും എന്നെയും മറ്റൊരു പെൺകുട്ടിയെയുമാണ് ഉപയോഗിച്ചത്. റസ്റ്റ് ഇല്ലാതെ രാവിലെ 9.45 മുതൽ വൈകിട്ട് 5 മണി വരെ പണിയെടുപ്പിക്കുകയും ശനിയാഴ്ചകളിൽ പോലും വന്ന് പൊടി തുടപ്പിക്കുകയും ചെയ്തു. 2015 മുതലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ പൊടിപിടിച്ച റെക്കോർഡുകളും ഡെസേർട്ടേഷൻസും തുടച്ചുവെപ്പിക്കുന്നത് അന്നത്തെ ഡയറക്ടർ ഡോ. അരുൺ ബാബുവും ഡോ. ജൈനി വർഗീസുമായിരുന്നു. രാവിലെ മുതൽ പണിയെടുപ്പിച്ച ശേഷം ഉച്ചഭക്ഷണത്തിനായി വെറും 15 മിനിറ്റ് മാത്രമാണ് നൽകിയിരുന്നത്.
ഗവേഷണത്തിനിടയിൽ ശാസ്ത്ര സാങ്കേതിക കൗൺസിലിൻ്റെ (KSCSTE) ഫെല്ലോഷിപ്പും UGC NET-ഉം എനിക്ക് ലഭിച്ചു. എന്നാൽ ഇത് ഡിപ്പാർട്ട്മെന്റിലെ അധ്യാപകരെ കൂടുതൽ അസ്വസ്ഥരാക്കുകയാണുണ്ടായത്. ഇതോടെ എനിക്ക് കസേര നിഷേധിക്കപ്പെടുകയും, ഇരിക്കാൻ ഇടമില്ലാതെ ലൈബ്രറിയിൽ പോകുമ്പോൾ "ലൈബ്രറിയിൽ അടയിരിക്കുന്നു" എന്ന് അധിക്ഷേപിക്കുകയും ചെയ്തു. കസേരയുടെ പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ "കസേരയില്ലെങ്കിൽ വരാന്തയിൽ നിന്നോളണം" എന്നായിരുന്നു അരുൺ ബാബു സാറിന്റെ മറുപടി.
പരസ്യമായി ജാതി ചോദിക്കുന്ന സ്വഭാവമുള്ളയാളാണ് ഡോ. അരുൺ ബാബു. ക്ലാസുകളിൽ വെച്ച് എൻ്റെ ജാതി ചോദിച്ച് പറയിപ്പിക്കുകയും എനിക്ക് ഫെല്ലോഷിപ്പ് കിട്ടിയത് ജാതി കാരണമാണെന്ന് അധിക്ഷേപിക്കുകയും ചെയ്തു. കോഴ്സ് സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോൾ, "നിന്നെയൊക്കെ പി.എച്ച്.ഡി ചെയ്യിച്ചോളാം എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ വന്ന് വിളിച്ചിട്ട് വന്നതല്ലല്ലോ. ഇവിടെ പഠിക്കണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്ന പലതും അനുസരിക്കേണ്ടി വരും. അല്ലെന്നുണ്ടെങ്കിൽ നിർത്തി പൊക്കോ, നിന്നെപ്പോലെയുള്ളവര് വല്ല IGNOU-വിലോ ഒക്കെ പഠിച്ചാൽ മതി" എന്ന് പറഞ്ഞ് ആക്ഷേപിച്ചു. വെളുത്തിരിക്കുക എന്നത് മാത്രമാണ് അരുൺ ബാബുവിൻ്റെ കണ്ണിൽ പെൺകുട്ടികൾക്ക് ആകെയുള്ള ഗുണം. സ്ത്രീകൾ സ്വർണത്തിനോടും, പണത്തിനോടും, വസ്ത്രങ്ങളോടും മറ്റും ആർത്തിയുള്ള ഭർത്താവിനെ അലക്കുന്ന ആളുകൾ ആയിട്ടാണ് ഇദ്ദേഹത്തിൻറെ സങ്കല്പം. അരുൺ ബാബു അത് നാണമില്ലാതെ ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.
ഫെല്ലോഷിപ്പ് തടഞ്ഞുവെക്കുമെന്നും ഫസ്റ്റ് ഇയർ കിട്ടിയ തുക തിരിച്ചടപ്പിക്കുമെന്നും, അതുകൂടാതെ മറ്റൊരു തുക നഷ്ടപരിഹാരമായും അടപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുവരുന്ന എന്നെ ഈ ഭീഷണികൾ കടുത്ത വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. പലവിധ പ്രശ്നങ്ങളായപ്പോൾ എനിക്ക് മടുത്തു, അങ്ങനെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ രണ്ടുതവണ ജീവനൊടുക്കാൻ പോലും ഞാൻ ശ്രമിച്ചു. അങ്ങനെ ഡിപ്രഷൻ മരുന്നിന്റെ ഡോസ് ഡോക്ടർ വീണ്ടും കൂട്ടി. ഇതെല്ലാം ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റ് 8-ന് സർവകലാശാല രജിസ്ട്രാർക്കും വൈസ് ചാൻസിലർക്കും റിസർച്ച് ഡയറക്ടർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
അനഘ ശശിയെക്കൊണ്ട് വൃത്തിയാക്കിക്കുകയും എടുപ്പിച്ചു മാറ്റിക്കുകയും ചെയ്ത പെട്ടികളുടെ ചില ചിത്രങ്ങൾ.
മറ്റൊരു സ്ഥാപനത്തിൽ നിന്നും വിരമിച്ച പരിസ്ഥിതി ശാസ്ത്ര വിദഗ്ധൻ എൻ്റെ ഗവേഷണ ആശയത്തെ അഭിനന്ദിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ "ആ ഗവേഷണം നിന്നെക്കൊണ്ട് ഞാൻ ചെയ്യിക്കില്ല" എന്ന നിലപാടാണ് അരുൺ ബാബു സ്വീകരിച്ചത്. ഞാൻ സമർപ്പിച്ച പല സിനോപ്സിസുകളും വായിക്കുകയോ തിരുത്തുകയോ ചെയ്യാതെ തിരിച്ചുമേൽപ്പിച്ചു. വേറെ സിനോപ്സിസ് കൊണ്ടുവരാൻ പറയുകയും, കൊണ്ടുവന്നാൽ തിരുത്തുകയും ഇല്ല. "നിങ്ങൾക്ക് ഐഡിയ തരലും തിരുത്തലും അല്ല എൻറെ ജോലി" എന്ന് അദ്ദേഹം പറഞ്ഞു. ഒടുവിൽ കോഴ്സ് വർക്കിന്റെ അവസാന നിമിഷം 'സമുദ്ര മലിനീകരണം' എന്ന വിഷയത്തിലേക്ക് മാറ്റി നൽകിയെങ്കിലും, സിനോപ്സിസ് നൽകിയില്ല എന്ന് നുണ പറഞ്ഞ് ഇതുവരെ എൻ്റെ ഡോക്ടറൽ കമ്മിറ്റി നടത്തിയിട്ടില്ല. രണ്ടു വർഷം കഴിഞ്ഞിട്ടും ആറു മാസത്തിനുള്ളിൽ നടക്കേണ്ട ഡോക്ടറൽ കമ്മിറ്റി നീട്ടിവെക്കുകയോ ശാസിക്കുകയോ ആണ് ചെയ്യുന്നത്.
പൈലറ്റ് സ്റ്റഡി നടത്താൻ ആവശ്യപ്പെട്ട ശേഷം അതിനുള്ള ഉപകരണങ്ങൾ തരാതെ, "ഫെല്ലോഷിപ്പ് ഉള്ളതല്ലേ, ലക്ഷങ്ങൾ വിലയുള്ള മെഷീനുകൾ ഒറ്റയ്ക്ക് വാങ്ങി ചെയ്തോളണം" എന്ന നിലപാടാണ് ഡോ. ജൈനി വർഗീസും അരുൺ ബാബുവും എടുത്തത്. പിന്നീട് അങ്ങനെ ഒരു സ്റ്റഡി നടത്താൻ പറഞ്ഞിട്ടേയില്ലെന്ന് അരുൺ ബാബു നിഷേധിച്ചെങ്കിലും അത് തെളിയിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ എൻ്റെ കൈവശമുണ്ട്.
യൂണിവേഴ്സിറ്റി അധികാരികളിൽ നിന്നുള്ള അടിച്ചമർത്തൽ മുതലെടുത്തുകൊണ്ട് റൂംമേറ്റിൽ നിന്നും കടുത്ത മാനസിക പീഡനങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. റൂമിൽ മേശ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക, ഞാൻ പഠിക്കുന്നത് അവർക്ക് പാനിക് അറ്റാക്ക് ഉണ്ടാക്കുന്നു, അങ്ങനെ അവരെ ബുദ്ധിമുട്ടിച്ചാൽ പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്നു ആക്രമിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക, ടോയ്‌ലറ്റിൽ രണ്ടു കപ്പുകളിലായി ഒരാഴ്ചയിലധികമായി ഉപയോഗിച്ച നിരവധി സാനിറ്ററി നാപ്കിനുകളും, ഷേവ് ചെയ്ത രോമങ്ങളും വൃത്തിയാക്കാതെ പോകുക, പുഴുവരിച്ച ഭക്ഷണ സാധനങ്ങളും ഇട്ട് മുറി വിട്ട് വീട്ടിൽ പോവുക തുടങ്ങി ക്രൂരമായ പ്രവർത്തികളാണ് അവർ ചെയ്തത്. എൻ്റെ പുസ്തകങ്ങളും വസ്ത്രങ്ങളും ചെരിപ്പുകളും നശിപ്പിക്കുകയും അപ്രത്യക്ഷമാക്കുകയും ചെയ്തു. എൻറെ വസ്ത്രങ്ങളാണ് അവർ ചവിട്ടിയായി ഉപയോഗിച്ചിരുന്നത്. മൊബൈൽ ഫോണിന്റെ ചാർജർ, ലാപ്ടോപ്പ് മുതലായവ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നാഥനില്ലാ കളരി പോലെ, നീതി നിഷേധിച്ച് പാവ പോലെ നിൽക്കുന്ന സർവകലാശാല അധികാരികളാണ് ഈ അവസ്ഥയ്ക്കൊക്കെ കാരണം.
വ്യക്തിപരമായി സർവകലാശാലയോടോ അധികാരികളോടോ എനിക്ക് പ്രശ്‌നമൊന്നുമില്ല, അവർക്ക് എന്നോടാണ്. നമ്മുടെ സിസ്റ്റം പ്രവർത്തിക്കുന്നത് ജാതീയ മൂല്യങ്ങളിൽക്കൂടിയാണ്. ഇത് വ്യക്തിപരമായി എന്റെ പ്രശ്‌നം മാത്രമല്ല എന്ന ഉത്തമ ബോധ്യവുമുണ്ട്. ഒരു ഒന്നാം തലമുറ ഗവേഷക എന്ന നിലയിൽ ഗവേഷണം പൂർത്തിയാക്കേണ്ടത് വ്യക്തിപരമായ എന്റെ ആവശ്യത്തോടൊപ്പം എന്റെ സമൂഹത്തിന്റെയും കൂടി ആവശ്യമാണ്.
ഡോക്ടറൽ കമ്മിറ്റി ഉടനടി നടത്തുക, രണ്ടര വർഷമായി നീളുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് സ്ഥിരം ഗൈഡിനെയും ഗവേഷണ വിഷയത്തെയും ഔദ്യോഗികമായി അംഗീകരിക്കുക, ലാബ് സൗകര്യങ്ങൾ ലഭ്യമാക്കുക, ഗവേഷണത്തിന് ആവശ്യമായ ലാബ് ഉപയോഗിക്കാൻ അനുമതി നൽകുക, സർവകലാശാലയിൽ സൗകര്യങ്ങളില്ലാത്ത രാമൻ സ്പെക്ട്രോസ്കോപ്പി (Raman Spectroscopy), FTIR തുടങ്ങിയവയും മറ്റ് അഡ്വാൻസ്ഡ് മെഷീനുകളും ഉപയോഗിക്കുന്നതിനായി പുറത്തുള്ള ലാബുകളിലേക്ക് സർവകലാശാലയിൽ നിന്നും ഔദ്യോഗിക അനുമതി നൽകുക (ഫെല്ലോഷിപ്പ് തുക ഉപയോഗിച്ച് ഇതിനുള്ള ചെലവ് വഹിക്കാൻ ഞാൻ തയ്യാറാണ്), ഫെല്ലോഷിപ്പ് തടസ്സപ്പെടാതിരിക്കാൻ KSCSTE-യിലേക്കുള്ള ആനുവൽ റിപ്പോർട്ട് ഉടൻ നൽകുക തുടങ്ങിയവ മാത്രമാണ് എന്റെ ആവശ്യം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഇത്തരം ജാതീയ വിവേചനങ്ങൾക്കും അക്കാദമിക നീതിനിഷേധങ്ങൾക്കുമെതിരെ ശക്തമായ അന്വേഷണവും അടിയന്തര നടപടിയും ഉണ്ടാകേണ്ടതുണ്ട്. ഭരണഘടന ഒരു ദലിത് വിദ്യാർത്ഥിക്ക് നൽകുന്ന അവകാശങ്ങൾ മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. അത് നൽകാൻ സർവകലാശാലക്കും ഡിപ്പാർട്ട്മെന്റിനും സർക്കാരിനും ഉത്തരവാദിത്തവും ബാധ്യതയുമുണ്ട്.