Author Image സണ്ണി എം. കപിക്കാട്
18 Aug 2026

അനഘ ശശി: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തിന്റെയും ഘടനാപരമായ അസമത്വത്തിന്റെയും നേർചിത്രം

ഗവേഷകയായ അനഘ ശശിയോട് മലയാള സർവകലാശാല കൈക്കൊള്ളുന്ന വിദ്വേഷപരമായ സമീപനം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഴത്തിൽ വേരൂന്നിയ ജാതി വിവേചനത്തിൻ്റെയും ഭരണ സംവിധാനങ്ങളുടെ നീതി നിഷേധത്തിൻ്റെയും വ്യക്തമായ നേർചിത്രമാണ്. അവർ നൽകിയ പരാതി   പോലീസിന് കൈമാറുകയും ഗവേഷണം നടത്താനുള്ള അനുമതി നൽകുകയും ചെയ്യുന്നതിനു പകരം പ്രത്യാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അവഹേളിക്കുന്നതിനും പുറംതള്ളുന്നതിനുമാണ് സർവകലാശാല ശ്രമിക്കുന്നത്.  കേരളത്തിലെ നീതിക്കുവേണ്ടി നില കൊള്ളുന്ന മുഴുവൻ സമൂഹവും അനഘ ശശിയുടെ സമരത്തിനൊപ്പം അണിനിരക്കേണ്ടതുണ്ട്. 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമത്വത്തിന്റെയും ജനാധിപത്യപരമായ ചിന്തകളുടെയും കേന്ദ്രങ്ങളാകണമെന്ന ഭരണഘടനാപരമായ കാഴ്ചപ്പാടുകളെ തികച്ചും റദ്ദാക്കുന്ന രീതിയിലാണ് മലയാള സർവകലാശാല പ്രവർത്തിക്കുന്നത്. മലയാള സർവകലാശാലയിൽ ശാസ്ത്ര ഗവേഷകയായി പ്രവേശനം നേടിയ ദലിത് വിദ്യാർത്ഥിനി അനഘ ശശി നേരിട്ട അനുഭവങ്ങൾ കേവലം വ്യക്തിപരമായ പ്രശ്നമോ അക്കാദമിക് വീഴ്ച്ചയോ അല്ല. മറിച്ച്, നമ്മുടെ സർവകലാശാലകളിൽ ആഴത്തിൽ വേരൂന്നിയ ജാതിവിവേചനത്തിന്റെയും ഭരണസംവിധാനങ്ങളുടെ നീതിനിഷേധത്തിന്റെയും വ്യക്തമായ നേർചിത്രമാണ്. പുറത്തുവന്ന വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ഗവേഷകയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത് വലിയ രീതിയിലുള്ള ജാതീയവും അക്കാദമികവുമായ വിവേചനമാണെന്ന് വ്യക്തമാണ്.

അനഘ ശശി താൻ നേരിട്ട വിവേചനങ്ങൾ തുറന്നു പറയുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും വിവാദമാകുകയും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ചർച്ചയാകുകയും ചെയ്തതിന് ശേഷം മലയാള സർവകലാശാല ആഗസ്റ്റ് 11-ന് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. തികച്ചും നിരുത്തരവാദപരമായ വാദങ്ങളാണ് ആ പത്രക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. എന്ന് മാത്രമല്ല, പരാതി നൽകിയ അനഘ ശശിയെ പ്രതിസ്ഥാനത്ത് നിർത്തുകയും ഇപ്പോൾ സംഭവിച്ചിരിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദി അനഘ തന്നെയാണ് എന്ന തരത്തിൽ വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിക്കുകയുമാണ് ആ പത്രക്കുറിപ്പിലൂടെ.

"ആന്റി റാഗിങ് കമ്മിറ്റിയുടെയും എസ്.സി./എസ്.ടി. സെല്ലിന്റെയും അന്തിമ റിപ്പോർട്ടുകൾ സർവകലാശാല ഭരണസമിതി പരിശോധിക്കാൻ ഇരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് വ്യാപകമായി സർവകലാശാലക്കെതിരെ മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുന്നത്" എന്നാണ്  പത്രക്കുറിപ്പിൽ സർവകലാശാല പറയുന്നത്. അനഘ ശശി 2025 ഓഗസ്റ്റ് 8-നാണ് സർവകലാശാല രജിസ്ട്രാർക്കും വൈസ് ചാൻസലർക്കും റിസർച്ച് ഡയറക്ടർക്കും പരാതി നൽകിയത്. എന്നിട്ട്, നിയമപരമായ യാതൊരു നടപടിയും ഒരു വർഷം കഴിഞ്ഞിട്ടും സർവകലാശാല എടുത്തിട്ടില്ല. വിഷയം വിവാദമായപ്പോൾ മാത്രമാണ് സർവകലാശാല പ്രതികരിച്ചത്. അപ്പോഴും അവർ പറയുന്നത് "അന്തിമ റിപ്പോർട്ടുകൾ സർവകലാശാല ഭരണസമിതി പരിശോധിക്കാൻ ഇരിക്കുകയാണ്" എന്നാണ്. ഒരു വിദ്യാർത്ഥിനി താൻ ജാതി വിവേചനവും അക്കാദമിക വിവേചനവും നേരിട്ടുവെന്നും തന്നെക്കൊണ്ട് ക്ലീനിങ് തൊഴിൽ ഉൾപ്പെടെ ചെയ്യിച്ചുവെന്നും ഗുരുതര ആരോപണം ഉന്നയിച്ചിട്ടും അതിൽ നടപടി സ്വീകരിക്കാതെ ഇരിക്കുന്നത് തന്നെയാണ് ജാതി.

സർവകലാശാലകളിൽ എസ്.സി./എസ്.ടി. സെൽ പ്രവർത്തിക്കുന്നത് കേവലം ദലിത് വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നത് കൊണ്ടല്ല. മറിച്ച്, ക്യാമ്പസുകളിൽ ഇത്തരം വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ ജീവനക്കാർക്കോ ജാതി വിവേചനം നേരിടാനുള്ള സാധ്യതയുണ്ടെന്ന ഗവൺമെന്റിന്റെയും സ്റ്റേറ്റിന്റെയും വിലയിരുത്തലിന്റെ ഭാഗമായാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഒരു വ്യക്തിക്കെതിരെ ജാതി വിവേചനം നടന്നു എന്ന് പരാതി ലഭിച്ചാൽ അതിൽ എസ്.സി./എസ്.ടി. അട്രോസിറ്റീസ് ആക്ട് പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിനെ വിവരമറിയിക്കാൻ സർവകലാശാല ബാധ്യസ്ഥരാണ്. എസ്.സി/എസ്.ടി. അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ടത് പോലീസ് ആണ്. സർവകലാശാല പോലീസിനെ അറിയിക്കുന്ന ഉത്തരവാദിത്തം മാത്രമേ ചെയ്യേണ്ടതുള്ളൂ. നാളിതുവരെ അവർ അത് ചെയ്തിട്ടില്ല. ജാതി വിവേചനം ഉണ്ടാകുന്ന വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ സർവകലാശാലക്ക് ആരാണ് അധികാരം നൽകിയിരിക്കുന്നത്? ഇല്ലാത്ത അധികാരമാണ് അവർ പ്രയോഗിക്കാൻ ശ്രമിക്കുന്നത്. ഗവേഷക പോലീസിൽ നേരിട്ട് പരാതി നൽകിയിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ വൈകിയതും പിന്നീട് മാത്രം കേസ് എടുത്തതും നിയമപരമായ വീഴ്ച്ചയാണ്. ഇത് ആ ഗവേഷകയുടെ കുറ്റം കൊണ്ടാണോ?

അനഘ ശശി സർവകലാശാലക്ക് സമർപ്പിച്ച സിനോപ്സിസ്

അനഘ ശശി സിനോപ്സിസ് തിരുത്തി നൽകിയിട്ടില്ല എന്നാണ് സർവകലാശാലയുടെ മറ്റൊരു വാദം. ശാസ്ത്ര ഗവേഷകയായി പ്രവേശനം നേടിയ അനഘ ശശിക്ക് ഗവേഷണ മാർഗ്ഗനിർദ്ദേശത്തിനായി ഒരു ഗൈഡിനെ അനുവദിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ രണ്ടര വർഷമായി സിനോപ്സിസ് അംഗീകരിക്കാൻ സർവകലാശാലയോ ഡിപ്പാർട്ട്മെന്റോ തയ്യാറായിട്ടില്ല. ഗവേഷക മൂന്നിൽ അധികം തവണ സിനോപ്സിസ് തിരുത്തി നൽകിയിട്ടും റിസർച്ച് ഗൈഡ് അത് പരിശോധിക്കാനോ തിരുത്താനോ തയ്യാറാകുന്നില്ല. ഗവേഷണത്തിന്റെ ആദ്യപടി മുതൽ ഫൈനൽ പേപ്പർ സമർപ്പിക്കുന്നതുവരെയുള്ള മുഴുവൻ പഠനപ്രവർത്തനങ്ങളെയും നിരീക്ഷിക്കാനും ആവശ്യമായ അക്കാദമിക് തിരുത്തലുകൾ നിർദ്ദേശിക്കാനും തിരുത്തിക്കാനുമാണ് ഒരു ഗൈഡിനെ നൽകുന്നത്. എന്നാൽ ഈ ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിൽ ഗൈഡ് പൂർണ്ണമായും പരാജയപ്പെടുകയാണ് ഉണ്ടായത്.

വിദ്യാർത്ഥിനി ഗവേഷണം ചെയ്യാൻ യോഗ്യയല്ലെന്ന നിലപാടാണ് സർവകലാശാലക്കുള്ളതെങ്കിൽ, അത് പ്രവേശന ഘട്ടത്തിൽ തന്നെ ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ചെയ്യാതെ രണ്ടര വർഷത്തോളം ഗവേഷകയെ അനിശ്ചിതത്വത്തിലാക്കി പുകച്ചു പുറത്തുചാടിക്കാൻ ശ്രമിക്കുന്നത് കടുത്ത ജാതി വിവേചനമാണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചുപോയ, ആകെയുള്ള ഒരേയൊരു സഹോദരി വീൽചെയറിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന, അമ്മ കൂലിപ്പണിയെടുത്ത് പഠിപ്പിക്കുന്ന ഏറ്റവും പിന്നോക്കമായ സാഹചര്യത്തിൽനിന്ന് വരുന്ന ഒരു ദലിത് ഗവേഷകയ്ക്ക് രണ്ടര വർഷമായിട്ടും സിനോപ്സിസ് അംഗീകരിച്ച് ഗവേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ ഇരിക്കുന്നതിൽ മലയാള സർവകലാശാലക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ? കേവലം വിദ്യാർത്ഥിയിൽ പഴിചാരി സർവകലാശാല രക്ഷപെടാൻ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണ്.

ദലിത് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയാണെന്ന് അറിഞ്ഞിട്ടും അതിൽ ഏത് ജാതിയിൽപ്പെട്ടത് ആണെന്ന് ഗൈഡ് ആവർത്തിച്ച് അന്വേഷിച്ചത് അക്കാദമിക് ആവശ്യങ്ങൾക്കല്ല, മറിച്ച് കുട്ടിയെ അപമാനിക്കാനും അഭിമാനക്ഷതം വരുത്താനുമാണ്. ക്ലാസ് മുറികൾ തൂത്തുവാരുകയും വൃത്തിയാക്കുകയും ചെയ്യുന്ന ജോലികൾ അധ്യാപകർ ആവർത്തിച്ച് അനഘയെ ഏൽപ്പിച്ചു. കൃത്യമായ അവലോകന നടപടിക്രമങ്ങളോ വ്യക്തമായ കാരണമോ നൽകാതെ അനഘ സമർപ്പിച്ച സിനോപ്സിസ് ഗവേഷണ മാർഗ്ഗദർശി നിരന്തരം നിരസിക്കുകയാണുണ്ടായത്. ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ഫെലോഷിപ്പും UGC NET-ഉം നേടിയെടുത്ത അനഘക്ക് യോഗ്യതയില്ലെന്നായിരുന്നു ഗൈഡിന്റെ വിചിത്രവാദം. ഗവേഷണത്തിനായി ലാബ് സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള അനഘയുടെ അവകാശം നിഷേധിക്കുകയും വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഫീൽഡ് വർക്കുകൾ നിരന്തരം തടസ്സപ്പെടുത്തുകയും ഇദ്ദേഹം ചെയ്തുപോന്നു. ജാതി അധിക്ഷേപങ്ങൾക്കും ലാബ് തൂത്തുവാരിപ്പിച്ചതിനും സിനോപ്സിസ് നൽകിയതിനുമുള്ള കൃത്യമായ രേഖകളും തെളിവുകളും വിദ്യാർത്ഥിനിയുടെ പക്കലുണ്ട്.

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14-ലൂടെ തുല്യാവകാശം ഉറപ്പ് നൽകുകയും ആർട്ടിക്കിൾ 15-ലൂടെ വിവേചനവും ആർട്ടിക്കിൾ 17-ലൂടെ അയിത്തവും റദ്ദ് ചെയ്തിട്ടുള്ളതുമാണ്. എന്നിട്ടും മലയാളം സർവകലാശാലയിലെ അധ്യാപകരും അധികാരികളും വിവേചനവും അവസര നിഷേധവും അയിത്തവും നടത്തുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് മാത്രമല്ല ശിക്ഷാർഹമായ കുറ്റകൃത്യവുമാണ്.

സീനിയർ റിസർച്ച് സ്കോളറായ ഒരു എസ്.എഫ്.ഐ. നേതാവിൽനിന്ന് വിദ്യാർത്ഥിക്ക് കടുത്ത റാഗിങ് നേരിടേണ്ടി വന്നിട്ടുണ്ട്. റാഗിങ് നിരോധന നിയമപ്രകാരം റാഗിങ് എന്നത് ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റകൃത്യമാണ്. എന്നിട്ടും സർവകലാശാല ഈ വിദ്യാർത്ഥി നേതാവിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

അനഘ ശശിയെക്കൊണ്ട് വൃത്തിയാക്കിക്കുകയും എടുപ്പിച്ചു മാറ്റിക്കുകയും ചെയ്ത പെട്ടികളുടെ ചില ചിത്രങ്ങൾ.

നീതി എന്നത് ഇരയായ വ്യക്തി ആവശ്യപ്പെടുമ്പോൾ അപ്പോൾ തന്നെ ലഭിക്കേണ്ട ഒന്നാണ്. അല്ലാതെ വർഷങ്ങൾക്ക് ശേഷം വിതരണം ചെയ്യപ്പെടേണ്ട ഒന്നല്ല. പരാതി ലഭിച്ചാൽ കൃത്യമായ സമയപരിധിക്കുള്ളിൽ അന്വേഷിച്ച് നീതി ഉറപ്പാക്കാൻ സർവകലാശാലക്ക് ബാധ്യതയുണ്ട്. ജാതി വിവേചനം നടത്തുന്ന അധ്യാപകന്റെയോ ഭരണാധികാരിയുടെയോ ഏകപക്ഷീയമായ വിശദീകരണം കേട്ട് സംതൃപ്തിയടയാനല്ല എസ്.സി./എസ്.ടി. സെൽ പ്രവർത്തിക്കേണ്ടത്. പരാതിക്കാരിയുടെ വാദം പ്രാഥമികമായി അംഗീകരിച്ച് കൃത്യമായ അന്വേഷണം നടത്തുകയും നിയമനടപടികളിലേക്ക് പോകുകയുമാണ് വേണ്ടത്.

നീതി ചോദിക്കുന്ന ദലിത് വിദ്യാർത്ഥികൾക്ക് മേൽ "മനോനില ശരിയല്ല" അല്ലെങ്കിൽ "അൺസ്റ്റേബിൾ മൈൻഡ്സെറ്റ്" എന്ന് മുദ്രകുത്തുന്നത് അധികാരികളുടെ പതിവ് കുപ്രചരണ തന്ത്രമാണ്. ഇന്ത്യയിലുടനീളവും കേരളത്തിലും ദലിത് വിദ്യാർത്ഥികൾ പുറന്തള്ളപ്പെടുകയോ ആത്മഹത്യയിലേക്ക് തള്ളപ്പെടുകയോ ചെയ്യുമ്പോൾ ഇത്തരം കഥകൾ പ്രചരിപ്പിക്കപ്പെടാറുണ്ട്.

ഉന്നതവിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങൾക്കെതിരെ പരീക്ഷാഭവന് മുകളിൽനിന്ന് ചാടി രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്തപ്പോൾ ആ വിദ്യാർത്ഥിയുടെ മൃതദേഹത്തോടു പോലും ആദരവില്ലാതെ വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങളാണ് അന്ന് അധികാരികളിൽനിന്നും ഉയർന്നത്. നിധിൻരാജ് ലോൺ ആപ്പിൽനിന്ന് പണം എടുത്തതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന കള്ളക്കഥ പ്രചരിപ്പിക്കാനാണ് ആദ്യഘട്ടത്തിൽ പോലീസ് ശ്രമിച്ചത്. എന്നാൽ ദലിത് സമൂഹത്തിന്റെയും മാനവിക ബോധമുള്ള മനുഷ്യരുടെയും ശക്തമായ ഇടപെടലുകൾക്കും ഹർത്താലിനും ശേഷമാണ് ഇതിലെ പ്രധാന പ്രതിയായ റാം അറസ്റ്റിലായത്.

ജാതി വിവേചനത്തിനും റാഗിങ്ങിനും നേതൃത്വം നൽകിയ അധ്യാപകർ, സീനിയർ വിദ്യാർത്ഥി എന്നിവർക്കെതിരെ എസ്.സി./എസ്.ടി. അട്രോസിറ്റീസ് ആക്ട്, റാഗിങ് നിരോധന നിയമം എന്നിവ പ്രകാരം വിട്ടുവീഴ്ച്ചയില്ലാത്ത ക്രിമിനൽ നടപടികൾ സ്വീകരിക്കണം. ഗവേഷകയുടെ പരാതി ലഭിച്ചിട്ടും നിയമപരമായ നടപടിയെടുക്കാത്ത രജിസ്ട്രാർ, വൈസ് ചാൻസലർ എന്നിവരും ഇതിൽ ഉത്തരവാദികളാണ്. സർവകലാശാല തങ്ങളുടെ വീഴ്ച്ചയ്ക്ക് സമാധാനം പറയണം. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കുകയാണ് ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സർവകലാശാല ചെയ്യേണ്ടത്.

ഈ സമരം ഒരു വിദ്യാർത്ഥിനിയുടെ മാത്രം പ്രശ്നമല്ല, ഉന്നതവിദ്യാഭ്യാസ ക്യാമ്പസുകൾക്കുള്ളിൽ നടക്കുന്ന എല്ലാത്തരം ജാതിവിവേചനങ്ങൾക്കും അസമത്വങ്ങൾക്കും എതിരെയുള്ള സമരമാണ്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായ നിധിൻ രാജിൻ്റെ ആത്മഹത്യയുണ്ടാക്കിയ ആഘാതത്തിൽനിന്ന് സമുദായവും സമൂഹവും ഇനിയും മുക്തരായിട്ടില്ല. ഈയൊരു സാഹചര്യം നിലനിൽക്കെയാണ് വീണ്ടും ഒരു ദലിത് വിദ്യാർത്ഥിയെ സാമൂഹ്യമായി പുറംതള്ളുന്ന സാഹചര്യം സൃഷ്ടിക്കുന്നത് എന്ന കാര്യം സർവകലാശാല ഓർക്കണം. അതിനാൽ കേരളത്തിലെ ദലിത് സമൂഹവും നീതിയും മാനവികതയും ആഗ്രഹിക്കുന്ന പൊതുസമൂഹവും ഈ പോരാട്ടത്തിനൊപ്പം ഉറച്ചുനിൽക്കേണ്ടതുണ്ട്.

Share this link