Author Image ഡോ. അജയ്ശേഖർ
23 Oct 2026

പ്രധാനമന്ത്രിശ്രീയും മലയാളിശ്രീയും ഗോശ്രീയും

ജാതിവർണഹിന്ദുത്വയിരുട്ടിലേക്ക് വീണ്ടും കൊണ്ടുപോകുന്ന ദേശീയവിദ്യാഭ്യാസനയം നടപ്പിലാക്കില്ലെന്ന് തമിഴ്നാടടക്കം നാലു സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആ സമയത്താണ് ഇടതുപക്ഷം ഭരിച്ച കേരളം ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുന്നത്. വിദ്യാഭ്യാസമേഖല ഭരണഘടനാമൂല്യങ്ങൾ, സാമൂഹികനീതി, തുല്യാവസരം, ജനാധിപത്യബോധം എന്നിവ രൂപപ്പെടുന്ന മതേതര പൊതുമണ്ഡലമാണ്. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനും കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെയും സാമൂഹിക നീതിയുടെയും ഭരണഘടനാ തത്വങ്ങളുടെയും പ്രാധാന്യം ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യത്തെക്കുറിച്ച്, വിദ്യാഭ്യാസരംഗത്തെ സംസ്ഥാനങ്ങളുടെ അധികാരവും സാമൂഹികപ്രാതിനിധ്യത്തിന്റെ ജനാധിപത്യപ്രാധാന്യവും മുൻനിർത്തി കേരളം സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ഡോ. അജയ് എസ്. ശേഖർ എഴുതുന്നു.

"ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തുനിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സമഗ്രാധിപത്യ വർഗീയവാണിജ്യ പദ്ധതികളിൽനിന്നും രക്ഷിക്കാനും ഇന്ത്യൻ ജനായത്തഭരണഘടനയുടെ ആധാരമൂല്യങ്ങളെ തിരിച്ചുപിടിക്കാനും സമഗ്രാധിപത്യകാലത്ത് രാജ്യത്തിനു തന്നെ മാതൃകയാകാനും കേരളത്തിന് അവസരം വന്നിരിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തെ യൂണിയൻ ഭരണകൂടത്തിനു തീറെഴുതി പ്രാഥമികതലം മുതൽ ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുന്ന പി.എം. ശ്രീയെന്ന പദ്ധതിയിൽ നിന്നും മാറിനിൽക്കാൻ നമ്മുടെ ഭരണഘടനയുടെ ഫെഡറൽ സംവിധാനം തന്നെ സ്വാതന്ത്ര്യം തരുന്നുവെന്ന വസ്തുത യൂണിയൻ ഭരണകൂടവക്താക്കൾ തന്നെ നിയമനിർമാണസഭയിൽ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. വിദ്യാഭ്യാസരംഗത്തുള്ള യുവാക്കളുടെ ഭാവിജീവിതത്തെ നിർണയിക്കുന്ന നീറ്റും യുജിസി നെറ്റുമെല്ലാം അഴിമതിയിലൂടെയും പിടിപ്പുകേടിലൂടെയും തകർത്തുതരിപ്പണമാക്കിയ പരിപൂർണ ഭരണകൂടപരാജയവും ദില്ലിയെ പിടിച്ചുകുലുക്കിയ യൂണിയൻവിദ്യാഭ്യാസമന്ത്രിതന്നെ രാജിവയ്ക്കേണ്ടിവന്ന രാഷ്ട്രീയസാമൂഹ്യ സന്ദർഭവുമാണ് ഭരണകൂടത്തെക്കൊണ്ടീ സത്യംപറയിച്ചിരിക്കുന്നത്.

പാർലമെൻറിൽ യൂണിയൻ സർക്കാർ തന്നെ വ്യക്തമാക്കിയിരിക്കുന്നു പി.എം. ശ്രീയിൽ സംസ്ഥാനങ്ങൾക്ക് ഒപ്പുവയ്ക്കാതിരിക്കാനും പിൻവാങ്ങാനും സ്വാതന്ത്ര്യമുണ്ടെന്ന അടിസ്ഥാന ഭരണഘടനാതത്വം. ജനായത്തപ്രാതിനിധ്യം എന്ന മൗലികാവകാശമായ അടിസ്ഥാനഭരണഘടനാതത്വം പോലെ സാമ്പത്തികനഷ്ടവാദങ്ങളും എം.ഓ.യു. എന്ന കോർപ്പറേറ്റ് പദാവലിയും പുകമറകളും ഊഹാപോഹങ്ങളും മിഥ്യാവ്യവഹാരങ്ങളുമിറക്കി മറച്ചുവച്ചിരിക്കുന്നതാണ് ഫെഡറൽ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും. വിദ്യാഭ്യാസം ഭരണഘടനാപരമായി കൺകറൻറ് ലിസ്റ്റിലാണ് ഉള്ളത്. സംസ്ഥാനങ്ങൾക്കുളള തുല്യാവകാശവും സ്വാതന്ത്ര്യവും ഊന്നുകയാണ് വിദ്യാഭ്യാസവിഷയത്തിൽ ഭരണഘടന.

കേരളത്തിൽ നിന്നുള്ള അബ്ദുൾ വഹാബ് എം.പി.യുടെ ചോദ്യത്തിനാണ് യൂണിയൻ വിദ്യാഭ്യാസപരിശീലനസഹമന്ത്രി ജയന്ത് ചൌധരി ഇക്കാര്യം 2026 ജൂലൈയൊടുക്കം പാർലമെൻറിൽ വ്യക്തമാക്കിയിരിക്കുന്നത്. തരുമെന്നുപറയുന്ന ചെറുകിടസാമ്പത്തികാനുകൂല്യങ്ങൾ വേണ്ടെന്നുവച്ചാൽ മതിയാകും കേരള പൊതുവിദ്യാഭ്യാസരംഗത്തെയും കുട്ടികളുടെ ഭാവികളേയും സമൂഹത്തേയും രക്ഷിക്കാൻ. ഇതുവരെ തുകയൊന്നും കിട്ടിയിട്ടില്ല എന്നുമാത്രമല്ല ഈ അക്കാദമികവർഷം ഈ പദ്ധതിയവസാനിക്കുകയുമാണ്. ചുരുക്കത്തിൽ സാമ്പത്തികനഷ്ടം, ഇനിയെന്തെങ്കിലുംകിട്ടിയാലും നിസാരമാണ്, യുവസമൂഹത്തിൻറെ ഭാവിയുമായി താരതമ്യം ചെയ്യുമ്പോൾ. കേരളത്തിനു കൈവന്നിരിക്കുന്ന സുവർണാവസരമാണിത്. അവസാനത്തെ ആശ്വാസാവസരവുമിതാകാം.

ഇന്ത്യയുടെ വിദ്യാഭ്യാസരംഗവും സാമൂഹ്യജനായത്തസംവിധാനവും, നമ്മുടെ ജനായത്തപ്രാതിനിധ്യത്തിലാധാരമായ ഭരണഘടനയുടെ ഫെഡറൽതത്വങ്ങളിലും സ്വാതന്ത്ര്യസമത്തസാഹോദര്യമെന്ന ആധുനികജനായത്ത നൈതികമൂല്യങ്ങളിലുമടിയുറച്ച്, കഴിഞ്ഞ എഴുപതുവർഷത്തിലധികമായി പരിമിതികൾക്കും പാളിച്ചകൾക്കുമിടയിലും പച്ചപിടിച്ചുവന്നതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിനു തുടക്കത്തിൽ ഹിന്ദുദേശീയവാദകക്ഷി യൂണിയൻ തലത്തിൽ അധികാരത്തിലേക്കു വന്നപ്പോൾ വിദ്യാഭ്യാസത്തെയും ചരിത്രപാഠപുത്തകങ്ങളെയും കാവിവൽക്കരിക്കുകയും സങ്കുചിതമതരാഷ്ട്രവാദത്തിനാക്കം കൂട്ടുകയും ചെയ്യുന്ന ഭരണഘടനാമൂല്യങ്ങൾക്കും നീതിക്കും നിരക്കാത്ത കർമപരിപാടികൾ കേരളത്തിൽനിന്നു തന്നെ ഒരു ആസ്ഥാനചരിത്രവിശാരദനെ ഐ.സി.എച്.ആർ. (ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ) അധ്യക്ഷനാക്കിവച്ച് മുരളീമനോഹര ജോഷിയുടെ നേതൃത്തത്തിൽ അരങ്ങേറി. അന്തരിച്ച സുമീത് സർക്കാറും റൊമീള ഥാപറും അടങ്ങുന്ന ചരിത്രരചയിതാക്കൾ ഹിന്ദുദേശീയവാദകക്ഷി നടത്തിയ ഈ വിദ്യാഭ്യാസത്തിൻ കാവിവൽക്കരണത്തെ കുറിച്ച് ഈ നൂറ്റാണ്ടിനു തുടക്കത്തിൽ തന്നെഴുതി (സർക്കാർ 2002).

ഇളംകുളത്തിൻറെ പ്രച്ഛന്നശിഷ്യനായി വന്നു മലയാളികുലീനതയുടെ കണ്ണിലുണ്ണിയായി തിരുവനന്തപുരത്തും കളംപിടിച്ച എം.ജി.എസ്. എന്ന കേരളചരിത്രത്തിലെ ആസ്ഥാനചരിത്രവിദ്വാനായിരുന്നു കൗൺസിൽ നായകനാക്കപ്പെട്ടത് (“ICHR Chairman Defends Saffronisation of History,” ToI 2002).  ഇളംകുളം തുറന്ന കേരളചരിത്രത്തിലെ സത്യനീതിബോധമുള്ള പുത്തൻപാത അഥവാ പുത്തൻ പള്ളിക്കൂടത്തെ അധീശഹിന്ദുത്തസേവയിൽ വെട്ടിനീക്കി, കേരളചരിത്രത്തിനും ചേരനാടിനും സംഘകാലതമിഴകചരിത്രത്തിനുമാധാരമായ അശോകൻ പ്രബുദ്ധതയുടെ ചരിത്രയടയാളങ്ങളെ ഹിംസാത്മകമായി മായിച്ചുവെട്ടിത്തിരുത്തി, പന്ത്രണ്ടാം നൂറ്റാണ്ടോടെ സ്ഥാപിതമായ ബ്രാഹ്മണീയമായ ശൂദ്രിമയുടെ ജാതിഹിന്ദുകേന്ദ്രീകൃതമാക്കി തികച്ചും ഈ വരേണ്യ ചരിത്രാധിനായകൻ. അക്കാദമികളും മാധ്യമങ്ങളും ഭരണഘടനാസ്ഥാപനങ്ങളും കുറ്റകരമായ അമിതപ്രാതിനിധ്യക്കുത്തകയിലൂടെ അട്ടിപ്പേറായും തറവാട്ടുസ്വത്തായും കാലടിയിലമർത്തിയിരിക്കുന്ന ഒളിഗാർക്കിയാണിത്തരം അസ്മാദികളെ  ചരിത്രപണ്ഡിതരാക്കുന്നത്. ബാജ്പേയി-മനോഹരജോഷിമാരുടെ ചാട്ടിൽക്കയറി ദില്ലിയിൽ പോയി ഇന്ത്യാചരിത്രവിദ്യാഭ്യാസത്തിൻ കാവിവൽക്കരണത്തിന് പരിശുദ്ധപരമാധ്യക്ഷം വഹിച്ചത് മലയാളിമാധ്യമങ്ങൾക്കിന്നും ദൈവതുല്യനായ ഈ ആധികാരിക ആസ്ഥാനചരിത്രവിദ്വാനാണ്.

തുടർന്നാണ് മാവാരതത്തിൻറെ കാലനിർണയം അഥവാ ഡേയിറ്റിങ്ങ് നടത്തിയെന്നുപറയുന്ന വൈ. സുദർശനറാവു ചരിത്രഗവേഷണകൗൺസിൽ നായകനായത് (“Time to research traditional sources, says ICHR chief.” The Hindu. 20 May 2015). ഇളംകുളത്തിൻറെ ഭാഷയിൽ പ്രബുദ്ധവും ജൈനവുമായിരുന്ന ചേരനാടിനെ ബ്രാഹ്മണികവും വർണാശ്രമധർമപരവുമാക്കിയത് മധ്യകാലത്തു നടന്ന ബ്രാഹ്മണീയ സംസ്കൃതപണ്ഡിതരുടെ മാവാരതരാമായണ പട്ടത്താനങ്ങളിലൂടെയാണ്. പട്ടൻ എന്നാൽ പ്രൊഫസർ ആണെന്നു വിശദീകരിച്ചത് ഇളംകുളമാണ്. പട്ടരെന്നാൽ പരദേശിയായ ബഹുഭാഷാപണ്ഡിതൻ. ഇന്നും മാവാരതരാമായണ പട്ടത്താനങ്ങൾ മറക്കാനാവാത്ത മലയാളികുലീനർ സുദർശന റാവുവിനെ വിമർശിക്കുന്നതുപോലും കേട്ടിരിക്കാറില്ല, കാരണം അവരാണല്ലോ മാവാരതപട്ടത്താനവും ഗീതാഗിരിയും നിരന്തരമാടി 2018-ലെ ഭരണഘടനായട്ടിമറി നടത്തിയ ശൂദ്രലഹള (ജോസ് 2019) എന്ന തീണ്ടാരി വിശ്വാസി നാമജപ ഘോഷയാത്രയുടെ വ്യവഹാരപരിസരം പുരാണഗീർവാണത്തിലൂടെ പണിപ്പെട്ടുനിർമിച്ചെടുത്തത്.

ജോഷിക്കുശേഷം സ്മൃതി ഇറാനിയും ജാവദേക്കറും മാനവശേഷിമന്ത്രാലയം കയ്യാളിയപ്പോൾ സ്വയംസേവകസംഘത്തിൻറെ മാർഗദർശനത്തിൽ  2016-ൽ ഒരു നവദേശീയ വിദ്യാഭ്യാസനയരേഖ യൂണിയൻ ഭരണകൂടം തന്ത്രപരമായി സാമൂഹ്യശാസ്ത്രവും ഭാഷാമാനവികവിഷയങ്ങളും പഠിക്കാത്ത സാങ്കേതിക(വിദഗ്ധ)രായ സി.എസ്.ആർ. സുബ്രഹ്മണ്യം, കസ്തൂരിരംഗൻ എന്നിവരെ മറയാക്കി ഇറക്കുകയും 2020-ൽ അതു സത്യസന്ധമായ പൗരസമൂഹചർച്ചയും വിമർശവിശകലനവും അവലോകനവുമില്ലാതെ ഭൂരിപക്ഷതന്ത്രങ്ങളിലൂടെ പാർലമെൻറിലൂടെ നിയമമാക്കുകയും ചെയ്തു. 2016-ലാണ് ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ ഇറാനിയും അപ്പാറാവുമെല്ലാവരും വാഴുന്നകാലത്ത് രോഹിത് വെമുലയുടെ സ്ഥാപനജാതിക്കൊല നടന്നത്.

വർഗീയവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും കോപ്പുകൂട്ടുന്ന ഒരു കോർപ്പറേററ് ബ്രാഹ്മണിക ഹിന്ദുദേശീയവാദ വിദ്യാഭ്യാസനയരേഖയാണതെന്ന് 2016 മുതൽ ലേഖകനടക്കമുള്ള പല വിദ്യാഭ്യാസപ്രവർത്തകരും ബോധകരും വിമർശചിന്തകരും എതിർത്തുകൊണ്ട് എഴുതുകയും പറയുകയും ചെയ്തുപോന്നു (ശേഖർ 2016). ഇന്ത്യയുടെ ഭാവിതലമുറകളുടെ ജീവിതത്തെ നിർണയിക്കുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ കുട്ടിച്ചോറും കൊലച്ചോറുമാക്കരുതെന്നു പറഞ്ഞതിൻറെ പേരിൽ, സവർണ ഹിന്ദുത്തയജണ്ടകളെ അക്കാദമികരംഗത്ത് ചെറുത്തതിന്റെ പേരിൽ ലേഖകനടക്കമുള്ള നിരവധി വിമർശവക്താക്കളെ സവർണ-സിറിയൻ ഒളിഗാർക്കിയുടെ തൽസ്ഥിതിസഖ്യങ്ങൾ തൊഴിലിടങ്ങളിൽനിന്നും വ്യക്തിഹത്യയും വ്യാജയാരോപണങ്ങളും കള്ളപ്പരാതികളും വിദ്യാർഥികളേയും സഹപ്രവർത്തകരേയുമെല്ലാം ദുരുപയോഗം ചെയ്തുതരപ്പെടുത്തി വെട്ടിനീക്കുകയും നാവറുത്തുനാടുകടത്തുകയും ചെയ്തുപോന്നു.

ഇന്ത്യൻ ജനായത്തഭരണഘടനയ്ക്കും അതിൻറെ മൂല്യബോധനമണ്ഡലമായ ഉന്നതവിദ്യാഭ്യാസരംഗത്തിനും സമഗ്രാധിപത്യത്തിനും അധീശത്തത്തിനുമെതിരായ വിമർശവിജ്ഞാനീയമുൽപ്പാദിപ്പിക്കുന്ന സംസ്ഥാനപൊതുസർവകലാശാല ഗവേഷണപഠനരംഗത്തിനുമെതിരായ സ്വയംസേവക-സംഘപരിവാര അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയം 2020, പുരോഗമനപരം എന്നു മേനിനടിക്കുന്ന (സെൻ) കേരളത്തിലാണ് ഏറ്റവും ശുഷ്കാന്തിയോടെയും തിടുക്കത്തിലും നടപ്പാക്കപ്പെട്ടത് എന്നതാണ് വർത്തമാനചരിത്രസത്യം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിഘട്ടവും ഭരണകൂടശക്തികൾ ദുരുപയോഗം ചെയ്തു. ബി.ജെ.പി. ഭരിച്ചപ്പോൾ ഒപ്പിട്ട കർണാടകയും പഞ്ചാബുമടക്കം പിൻമാറിയ കാവിനയമാണിത്. 2017 മുതൽ 2020 വരെ മാധ്യമം, പച്ചക്കുതിര എന്നീ മലയാള ആനുകാലികങ്ങളിലും ലിറ്റ്ക്രിറ്റ് എന്ന ആംഗല രാജ്യാന്തര അക്കാദമിക ജേണലിലും ഈ ഹിന്ദുത്തകാവിനയത്തിന്റെ വിശദമായ വിമർശവും അപകടവും ലേഖകൻ നിരന്തരം എഴുതിപ്രസിദ്ധീകരിച്ചുപോന്നു. അപരവൽക്കരിച്ചുള്ള അക്രമമമായിരുന്നു അധികാരസേവക്കാരായ തൽസ്ഥിതിസഖ്യങ്ങൾ നടത്തിയത്. ഇടതുപക്ഷം അതിനുമുമ്പുതന്നെ കേരളത്തിൽ ദേവസംബോഡിൽ 2018-ൽ ഭരണഘടനയുടെ അടിസ്ഥാന നൈതിക സാമൂഹ്യജനായത്തപ്രാതിനിധ്യഘടനയ്ക്കെതിരായ മുന്നാക്കസവർണരുടെ സാമ്പത്തികസംവരണം എന്ന ഇ.ഡബ്യൂ.എസ്. നടപ്പാക്കുകയും യൂണിയൻ ഭരണകൂടത്തെ അതുനടപ്പാക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.

ഭരണഘടനയുടെ ആധാരമാണ് ജനായത്തപരമായ സാമൂഹ്യ പ്രാതിനിധ്യം. പ്രാതിനിധ്യത്തിൻ രാഷ്ട്രീയമാണ് അധുനിക ജനായത്തം ലോകത്തെവിടെയും. ജാതിവർണാശ്രമ സമൂഹമായ ഇന്ത്യയിൽ ജാതിയുടെ പേരിൽ സാമൂഹ്യരാഷ്ട്രീയസംവിധാനങ്ങളിൽ പ്രാതിനിധ്യം നിഷേധിക്കപ്പെട്ട ബഹുജനവിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ അർഹവും ന്യായവും പര്യാപ്തവുമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ജനായത്തഭരണഘടനാ സംവിധാനമാണ് സാമുദായികസംവരണം (അംബേദ്കർ). അതുസാമ്പത്തികോന്നമന പരിപാടിയോ തൊഴിൽദാനപദ്ധതിയോ അല്ല. സാമ്പത്തികവും വർഗനിലയും സാമുദായികപ്രാതിനിധ്യവ്യവസ്ഥയിൽ ഘടകങ്ങളേയല്ല. നൂറ്റാണ്ടുകളായി ജാതിയുടെ പേരിൽ അമിതപ്രാതിനിധ്യക്കുത്തക പുലർത്തുന്ന പ്രാതിനിധ്യത്തിൽ മുന്നാക്കമായ മുന്നാക്കക്കാർക്ക് ഭരണഘടനാവിരുദ്ധമായ സാമ്പത്തിക കുയുക്തിയും കപടസാധൂകരണയുക്തിയും പറഞ്ഞ് അവരുടെ ജനസംഖ്യയേക്കാൾ കൂടിയ സാമ്പത്തികസംവരണം അവിഹിതമായി കൊടുക്കുന്നത് തികഞ്ഞ അനീതിയും ജനവഞ്ചനയും ഭരണഘടനാജനായത്തലംഘനവുമാണ്. അതാണ് പി.കെ.എസ്. ചട്ടുകങ്ങളെയുൽപ്പാദിപ്പിച്ച് കേരളത്തിൽ ഇടതുപക്ഷം 2018-ലെ തീണ്ടാരി, വിശ്വാസി, ശൂദ്രലഹളകളുടെ കാലത്ത് ഏതാനും ദിവസംകൊണ്ട് നിയമസഭയിലൂടെ ചെയ്തുകൊടുത്തത്. അതും 96 ശതമാനം ഒറ്റജാതിക്കാരായിരുന്ന ദേവസംബോഡിൽ. 1950-ൽ ഭരണഘടന നിലവിൽവന്നകാലം മുതൽ സാമ്പത്തികസംവരണം എന്ന അമിതപ്രാതിനിധ്യക്കുത്തകതന്ത്രം സ്വയംസേവകരുടെ രഹസ്യയജണ്ടയാണെങ്കിലും ബഹുജനവോട്ടുബാങ്കിനെ ബാധിക്കുന്നതിനാൽ പരസ്യമായിപ്പറയാൻ അവർപോലും ധൈര്യപ്പെടാഞ്ഞ ഭരണഘടനായട്ടിമറിയാണ് കേരളത്തിൽ ഇടതുപക്ഷത്തിലൂടെ പുപ്പംപോലെ നടപ്പാക്കപ്പെട്ടത്.

1958-ൽ ഭരണഘടനാപരമായ ജനായത്തസംവിധാനത്തിലൂടെ അധികാരത്തിലേറിയ കാലംമുതൽ ഒന്നാം ഭരണപരിഷ്കാര കമ്മിറ്റിയുടെ ഗുമസ്തക്കുറിപ്പുകളിലൂടെ പുറത്തേക്കുവന്ന ജനായത്തപരമായ സാമൂഹ്യപ്രാതിനിധ്യത്തിനു കടകവിരുദ്ധമായ സാമ്പത്തികസംവരണവാദം ഇം.എം.എസിൻറെ ജീവിതവും സന്ദേശവും ജീവിതോദ്യമവും നിതാന്തസാധനയുമായിരുന്നു. 1990 കളിൽ മണ്ഡൽകേസിൽ സാമൂഹ്യപ്രാതിനിധ്യമില്ലാത്ത സുപ്രീംകോടതിയിലെ ബ്രാഹ്മണികന്യായാധിപർ വെണ്ണപ്പാളിവാദം (Creamy Layer) കണ്ടുപിടിച്ച് ജാതിവർണങ്ങളാൽ നൂറ്റാണ്ടുകളായി അർഹവും ന്യായവുമായ പ്രാതിനിധ്യവും നീതിയും നിഷേധിക്കപ്പെട്ട ഇന്ത്യയുടെ  നട്ടെല്ലായ പിന്നാക്കസമുദായങ്ങളെ വീണ്ടും വിഭജിപ്പിച്ചുവെട്ടിനീക്കിഭരിക്കാനുള്ള സാമ്പത്തികസൂത്രംകണ്ടുപിടിച്ചപ്പോൾ അതുതന്റെ ആശയമാണെന്ന് ഹിന്ദുവിന്റെ ഫ്രണ്ട്ലൈനിൽ എഴുതിയ ലേഖനത്തിൽ നമ്പൂരിപ്പാട് വെണ്ണപ്പാളിയെന്ന ക്രീമീലെയറിൻ പിതൃത്വം ആത്മഹർഷത്തോടെ കൃതാർഥതയോടെ ഏറ്റെടുത്തു. 

1958-ൽ ഇ.എം.എസ്. സാമുദായികസംവരണം സർവീസിന്റെ കാര്യക്ഷമത തകർക്കുമെന്നും സാമ്പത്തികസംവരണമാണിതിവേണ്ടതെന്നും പറഞ്ഞപ്പോൾ അടുത്തദിവസമതേറ്റെടുത്തത് സാമുദായികസംവരണം അക്രമവും അനീതിയും അധർമവുമാണെന്നുപറഞ്ഞു, ഭരണഘടനയെ നോക്കുകുത്തിയാക്കി പഴവങ്ങാടി, മുതുകുളം, ശാസ്തമംഗലം ജാതിത്തെറി പ്രസംഗങ്ങൾ നിർബാധം നടത്തി 1940-ൽ സവർക്കറേയും 1958-ൽ ഗോൾവൾക്കറേയും കേരളത്തിൽ കൊണ്ടുവന്നു പാദപൂജചെയ്തു ഗാന്ധിഘാതകരായ ചിത്തപവന സ്വയംസേവകസംഗികളുമായി മലയാളി നവസംബന്ധംസ്ഥാപിച്ച മന്നംപിള്ളയായിരുന്നു. ചാത്തൻപുലയൻ മന്ത്രിയായ നാട്ടിൽ നായന്മാർക്കുജീവിക്കാനാവില്ല എന്നു പരസ്യമായി പ്രസംഗിച്ച ആ വിമോചനസമരനായകനായ മന്നത്താചാര്യനെയാണ് നവനവോത്ഥാനനായകനാക്കി ഇടതുപക്ഷം ഭരണഘടനയെ വീണ്ടും കാറ്റിൽപ്പറത്തി ജനങ്ങളുടെ ചിലവിൽ പൊതുവവധിയും കൊടുത്തത്. പന്നിപ്പേറും വേലുത്തമ്പിയുടെ രക്തവും മൂത്രവും നിറഞ്ഞ വാങ്മയം വേറേ (വാസവപ്പണിക്കർ).

2018-ലെ ശൂദ്രലഹളയുടെ സ്വയംസേവക-ഭൃത്യജനസമാജ സംയുക്താക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തെരുവിൽ തരാതരംപോലെ ജാതിത്തെറിവിളിച്ച തൊഴിലാളിനായകി മണിപ്പിള്ളയുടെ മണിപ്രവാളം മന്നംപിള്ളയുടെ സ്മരണ നിലനിർത്തുന്നതാണല്ലോ. 2018 നവമ്പറിൽ തന്നെ സാമ്പത്തികസംവരണം കേരളത്തിലങ്ങനെ രായ്ക്കുരാമാനം പാസായി. 2019-ൽ മാത്രമാണ് യൂണിയൻ ഭരണകൂടം മുന്നാക്കരുടെ സാമ്പത്തിക സംവരണം എന്ന ഇ.ഡബ്യൂ.എസ്. കേന്ദ്രസർവീസിലും വിദ്യാഭ്യാസരംഗത്തും നടപ്പാക്കിയത്. ആധുനിക ജനായത്തയിന്ത്യയുടെ ഭരണഘടനയുടെ സത്യനീതിയാധാരങ്ങളെ തകർത്ത മാരകമായ കർമപരിപാടിയായിരുന്നു ഇത്. ഇതിനെ തുടർന്നാണ് എൻ.ഇ.പി. 2020 എന്ന നവ ദേശീയവിദ്യാഭ്യാസനയവും പാസാക്കിയത്.

എന്തുസംഭവിച്ചാലും ഫണ്ടുനിഷേധിച്ചാലും ഭാവിതലമുറകളെ ഇത്തരം ബ്രാഹ്മണീയക്ഷുദ്രതയുടെ ജാതിവർണഹിന്ദുത്തയിരുട്ടിലേക്കുവീണ്ടും കൊണ്ടുപോകുന്ന ദേശീയവിദ്യാഭ്യാസനയം നടപ്പിലാക്കില്ലെന്നു തമിഴ്നാടടക്കം ഇന്ത്യയിലെ നാലു സംസ്ഥാനങ്ങൾ അന്നുതന്നെ പ്രഖ്യാപിക്കുകയും ഇപ്പോഴും ഈ ഹിന്ദുദേശീയവാദവേദാന്തവിദ്യാഭ്യാസപദ്ധതിയെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കുകയും ചെയ്യുന്നു. ആ സമയത്താണ് ഇടതുപക്ഷം ഭരിച്ച കേരളം സവർണമുന്നാക്കരുടെ സാമ്പത്തികസംവരണം ആദ്യം പാസാക്കി കേന്ദ്രത്തിനു മാതൃകയായ പോലെ ഏറെ ശുഷ്കാന്തിയോടെ ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുകയും നാലുകാശുവാങ്ങി കേരളവിദ്യാഭ്യാസത്തേയും ഇന്ത്യൻ ഭരണഘടനാമൂല്യങ്ങളേയും തീറെഴുതിക്കൊടുക്കുകയും ചെയ്തത്. മാറ്റങ്ങളോടെ ഒരു നവകേരള വിദ്യാഭ്യാസനയം ഉണ്ടാക്കുമെന്നു പുറമേ പറഞ്ഞെങ്കിലും കേരള വിജ്ഞാന വ്യവസ്ഥയെന്ന പേരിൽ തികച്ചും വൈദികവേദാന്തപരമായ ഒരു പാഠപുത്തകമാണ് ഇറക്കിയത്. മതേതര മാനവിക ജനായത്തപ്രാതിനിധ്യചിന്തയിൽ ലോകത്തിനു മാതൃകയായ കേരളപുത്തരായ ഗുരുവിനെ ഒരു അദ്വൈതവേദാന്തിയായിട്ടാണതിൽ ചുരുക്കിയൊതുക്കിയിരിക്കുന്നത്. അദ്വൈതവേദാന്തത്തിന്റേയും ശൂന്യവാദത്തിന്റേയും അനിത്യവാദത്തിന്റേയും പ്രച്ഛന്നബുദ്ധന്റേയും വംശാവലികളോ ഇന്ത്യയുടേയും ചേരനാടായ കേരളത്തിന്റേയും തമിഴകസംഘസംസ്കാരത്തിന്റേയും പ്രാചീനപ്രബുദ്ധമായ അശോകൻ ബഹുജനചരിത്രങ്ങളോ ഇവർ പുറത്തുമിണ്ടില്ല (ശേഖർ 2012, 2016 2018, 2021). എല്ലാത്തിനേയും വൈദികവേദാന്തത്തിലും പരിഷത്തുകളുടെ വേദങ്ങളുടെനാട്ടിലും ജാതിഹിന്ദുമിഥ്യയിലും ബ്രഹ്മസത്യമാക്കി അധീശമായൊതുക്കുന്ന കുടിലജാതിഹിന്ദുമനോനിലയാണ് കേരളവിദ്യാഭ്യാസനയനേതൃത്വം കയ്യാളിയ ഇടുപക്ഷമെന്ന മേലങ്കിയിട്ട പണ്ഡിതമന്യരും പട്ടക്കാരും വർഗസമരക്കാരായ പുരാണപട്ടത്താനികളും കൂടി ചെയ്തത്. ആധുനികജനായത്തഭരണഘടനയട്ടിമറിച്ച മുന്നാക്കസാമ്പത്തികസംവരണവും ദേശീയവിദ്യാഭ്യാസനയവുമെല്ലാം  മതത്തിനും സമുദായത്തിനും പാർട്ടിക്കും കുറുകേയാണ് സവർണ-സിറിയൻ ഒളിഗാർക്കിയുടെ ക്ഷുദ്രമായ അധീശബ്രാഹ്മണീയസഖ്യം എന്ന സത്യംവെളിപ്പെടുത്തുന്നു.

ഇവർ തന്നെയാണ് സഖ്യകക്ഷികൾ പോലുമറിയാതെ ദില്ലിയിൽ പോയി കേന്ദ്രസർവീസുകാരായ അതിനാൽ കൂടുതലടിമകളായ ഉദ്യോഗസ്ഥപ്രഭൃതികളെക്കൊണ്ട് രഹസ്യമായി പി.എം. ശ്രീയെന്ന പള്ളിക്കൂടവിദ്യാഭ്യാസപദ്ധതിയും കൂടി ഒപ്പിട്ടുവന്നത് 2025 സെപ്തംബറിൽ. വിവാദമായപ്പോൾ കരാർ മരവിപ്പിച്ചു മുന്നോട്ടുപാകാമെന്നായി. ഈ കൊലച്ചതിയെല്ലാം വൈകിയെങ്കിലും തിരിച്ചറിഞ്ഞ്, ഭരണം മാറാൻ ജനത സമ്മതിദാനം ചെയ്തിട്ടും ഇപ്പോഴും പ്രധാനമന്ത്രിശ്രീയിൽ രഹസ്യമായി കളവുപോലുംപറഞ്ഞ് ഒതുക്കത്തിലൊപ്പിട്ട് പള്ളിക്കൂടംപോലും തീറെഴുതിക്കൊടുക്കാനാണ് മലയാളിശ്രീമാൻമാർക്കു തിടുക്കവും ശുഷ്കാന്തിയും. ഗോബ്രാഹ്മണേഭ്യ ശുഭമസ്തുനിത്യം ലോകാസമസ്താസുഖിനോഭന്തുവെന്ന ഏഭ്യസ്വർഗം, രാമരാജ്യം സമാഗതമാകാനിനി താമസമില്ല. മുങ്ങിച്ചാകുമ്പോഴും കലക്കിക്കുടിക്കടായേഭ്യാ... എന്ന ആ പിതൃശാസന മുഴങ്ങുന്നു.

ഉന്നതവിദ്യാഭ്യാസം 2020-ൽ എൻ.ഇ.പി. മുഖ്യയജണ്ടകളും മൈനർമേജർ ജാർഗണും പാത്തുവേ(ല)കളും പേരുമാറ്റി ചില്ലറമാറ്റങ്ങളോടെ ചില്ലറതരപ്പെടുത്താമെന്നു പറഞ്ഞു നടപ്പാക്കിയപ്പോൾതന്നെ കൊലച്ചോറാക്കിയിരുന്നു. ദേശീയമാതൃകയിൽ നാലുവർഷബിരുദവും, പി.ജി. പഠനങ്ങളും ഗവേഷണപഠനങ്ങളും തകർക്കുന്ന പി.ജി. വെയ്റ്റേജ് റദ്ദാക്കുന്ന സാമ്പത്തികസേവന പരിപാടിയുമെല്ലാം തകൃതിയായി നടപ്പാക്കി പൊതുസർവകലാശാലകളേയും കോളേജുകളേയും പൂട്ടിക്കുന്ന അവസ്ഥയാക്കുകയും സ്വകാര്യ, വിദേശയക്കാദമികളെ കേരളത്തിൽപോലും കുടിയിരുത്തുകയും ചെയ്തുകഴിഞ്ഞു. പി.ജി. വെയ്റ്റേജ് റദ്ദാക്കിയപ്പോൾ തന്നെ 25000 ലധികം ഉന്നതവിദ്യാഭ്യാസ അധ്യാപന ഒഴിവുകളാണ് ഒറ്റയടിക്ക് ഇല്ലാതായത്. പി.ജി. പഠന, ഗവേഷണ ഗുണനിലവാരവും സാമൂഹ്യപ്രാതിനിധ്യതുല്യതയും കേന്ദ്രീകൃതധികാരവിമർശവും ജാതിലിംഗമതാധീശവിമർശവും ഇല്ലാതാക്കുകയും കൂടിയാണുദ്ദേശിക്കുന്നത്. 

ഗവേഷണ, പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങളുള്ള യുവജനങ്ങൾക്ക് തൊഴിലില്ലാത്തയവസ്ഥയുണ്ടാക്കി. സ്കൂളിൽ മോദിയുടേയും ഷായുടേയും പടവും പട്ടത്താനവും ചാർത്തി ദേശീയഗീതമായാടണമെന്നു വന്നപ്പോഴാണ് പലർക്കും ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭീഷണികളും അപകടങ്ങളും ബോധ്യമായത്. അന്ന് എൻ.ഇ.പി.യേയും പി.എം. ശ്രീയേയും വിമർശിച്ചുനിന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശനുംകൂട്ടരും 2026-ൽ അധികാരത്തിലേക്ക് വന്നതോടെ കേരളവിദ്യാഭ്യാസഭാവികളുടെ പ്രശ്നത്തെ കേവലസാമ്പത്തികക്കരാർ വിഷയമായി കാണുകയും പണംവാങ്ങിയതിനാൽ പിൻമാറാനാവില്ല എന്നമുട്ടാപ്പോക്കുകളളം പറയുകയും ചെയ്തു. യഥാർഥ കരാറിലല്ല കേവലം ധാരണാപത്രമെന്ന എം.ഒ.യു.വിൽ മാത്രമാണ് പിണറായിഭരണകൂടം രഹസ്യമായി ഒപ്പിട്ടതെന്ന യാഥാർഥ്യം പോലും അറിവില്ലെന്നു നടിച്ച് പ്രധാനമന്ത്രിശ്രീയിലേക്ക് കൈയ്യെത്തിപ്പിടിക്കാൻ മുഖ്യമന്ത്രിയുടെ മലയാളിശ്രീത്തം വെമ്പൽകൊള്ളുകയാണ്.  

യഥാർഥത്തിൽ ദേശീയനേതാക്കളായ രാഹുലും ഖാർഗേയും തിരഞ്ഞെടുപ്പിൽ ജനങ്ങളെ നേരിട്ടത് തങ്ങൾ അധികാരത്തിലേക്കു വരുന്നിടത്തെല്ലാം ഭരണഘടനാപരമായ ഫെഡറൽ അധികാരവും ജനേച്ഛയും ബഹുജനാഭിപ്രായവും ഉപയോഗിച്ച് എൻ.ഇ.പി. യും ഇ.ഡബ്യൂ.എസും. റദ്ദാക്കുമെന്നു പറഞ്ഞാണ്. ജനങ്ങൾ വോട്ടുചെയ്തതിനായതിനാൽ കോൺഗ്രസുകാർ കേരളത്തിലും ആദ്യം ചെയ്യേണ്ടതതാണ്. ഖാർഗേ പ്രസംഗിച്ചിടത്ത് സംഘികൾ ചാണകവെള്ളംതളിച്ചു പണ്ടു പണ്ഡിറ്റ് ജഗ്ജീവൻറാമിനെ അപമാനിച്ചപോലെ ഗോഗവ്യംവാരിമെഴുകുന്ന ഈയവസരത്തിലെങ്കിലും ചരിത്രനീതിബോധമുള്ള കോൺഗ്രസുകാർ ചാണകസംഘിത്തത്തെ തള്ളിപ്പറയേണ്ടതല്ലോ.

ഇപ്പോൾ പാർലമെൻറിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നു, കരാറിൽെ നിന്നു പിൻവാങ്ങിയാൽ തുച്ഛമായ തരുമെന്നുപറയുന്ന ഫണ്ടുമാത്രമാണ് നഷ്ടം. ഇതാണ് അവസാന അവസരം. ഇനിയും സവർണകുൽസിതയജണ്ടയോടെ രാജാവിനേക്കാൾവലിയ രാജഭക്തിയും ബ്രാഹ്മണരേക്കാൾ വലിയ ഹിന്ദുക്കളുമായി ചമഞ്ഞുകൊണ്ട് സാമ്പത്തികലാഭംപറഞ്ഞ് സ്വയംസേവകരുടെ വിദ്യാഭ്യാസയജണ്ട നടപ്പാക്കാൻ വെമ്പുന്നവർ തെറ്റുതിരുത്തുകയും പി. എം. ശ്രീയിൽ നിന്നും എൻ.ഇ.പി.യിൽ നിന്നും ഇ.ഡബ്ല്യൂ.എസി.ൽ നിന്നും അടിയന്തിരമായി മാറി കേരളത്തേയും ഇന്ത്യയേയും ബഹുജനഹിതത്തേയും ജനായത്തഭരണഘടനയേയും സംരക്ഷിക്കേണ്ടതാകുന്നു. പ്രധാന്റെ രാജിയിൽ യൂണിയൻ ഭരണകൂടത്തെ മുട്ടുകുത്തിച്ച ഇന്ത്യയിലെ യുവജനവിദ്യാർഥി പ്രസ്ഥാനങ്ങളും പോരാവകാശ ജനായത്തപ്രക്ഷോഭകരും വിമർശചിന്തകരും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്ന കാലത്തിൻ നൈതികമായ നേരെഴുത്തും ചുവരെഴുത്തുമാണിത്. ഹിന്ദുദേശീയവാദത്തിനും സമഗ്രാധിപത്യ അമിതാധികാര അമിതപ്രാതിനിധ്യ കുത്തകകുലീനഭരണത്തിനും എതിരായ ജനായത്തമതേതരപ്രാതിനിധ്യബോധമുള്ളവരുടെ വമ്പിച്ച ബഹുജനപ്പോരാട്ടങ്ങളുടെ തുടക്കം അടുത്തുവരുന്നു.

പുത്തകസൂചി:

Ambedkar, B R.  Essential Writings of B R Ambedkar. Ed. Valerian Rodriguez. New Delhi: Oxford UP, 2002.
Gandhi, M K. Varnasramadharma. Bombay: Navjivan, 1962.
Griffin, Roger. Fascism. London: Oxford U P, 1995.
Ilaiah, Kancha.  “Macaulay Is Very Relevant Today and Helps Dalits, OBCs Join the Global Economy.”  https://thewire.in/education/macaulay-english-medium-new-education-policy.

Jaffrelot, Christophe.  Hindu Nationalism: A Reader.  New York: Princeton UP, 2009.
Jose, N K. Sudra Lahala. Hobby Publications, 2019.
Omvedt, Gail. Buddhism in India: Challenging Brahmanism and Caste. New Delhi: Sage, 2006.
Mahajan, Nitin. “RSS Calls Shots on Educational Policy.” Asian Age, 21 Jun 2016. Web. 25 July 2016.  http://www.asianage.com/india/rss-calls-shots-education-policy-867
Misra, Amalendu. Identity and Religion: Foundations of Anti Islamism in India. New Delhi: Sage, 2005.
Ratnagar, Shereen. The End of Great Harappan Tradition. New Delhi: Manohar, 2000.
Sarkar, Sumit.  Beyond Nationalist Frames: Relocating Post Modernism, Hindutva, History.  New Delhi: Permanent Black, 2002.
Sekher, Ajay. Representing the Margin: Caste and Gender in Indian Fiction. New Delhi: Kalpaz/Gyan, 2008.
—.  Sahodaran Ayyappan: Towards a Democratic Future. Calicut: Other, 2012.
—.  Dr B R Ambedkar.  Kottayam: SPCS, 2015.
—. Nanuguruvinte Atmasahodaryavum Matetara Bahuswara Darsanavum: Anukambayute Neetisastram.  Trivandrum: Mythri, 2016.
---.  Putan Keralam: Kerala Samskaratinte Baudha Adithara. Kerala Bhasha Institite, 2018.
---.  “Saffronising and Corporatizing Indian Education: Critique of the National Educational Policy 2016 Draft.” Web. 13 Aug 2016. https://www.sabrangindia.in/article/saffronising-and-corporatising-indian-education-critique-national-educational-policy-2016.
Sen, Amartya. “Restoring Nalanda.” Web. 25 Jul 2016.  http://asiasociety.org/restoring-nalanda-lecture-amartya-sen
—.     “Basic Education: India’s Backwardness and the Lessons of Kerala.”  New Trends.  Kottayam: D C Books, 2002. 3-8.
Sharma, Jyotirmaya. Hindutva: Exploring the Idea of Hindu Nationalism. New Delhi: Viking and Penguin, 2003.
Thapar, Romila.  Narratives and the Making of History: Two Lectures.  New Delhi: Oxford UP, 2000.
Vasavapaniker, Kumbalamchirayil. Sarasakavi Mooloor S Padmanabha Paniker. M S Printers Quilon, 1976.
“Time to research traditional sources, says ICHR chief.” The Hindu. 20 May 2015.  [suspicious link removed]
“ICHR Chairman Defends Saffronisation of History.” Times of India. 19 March 2002. web. http://timesofindia.indiatimes.com/city/hyderabad/ICHR-chairman-defends-saffronisation-of-history/articleshow/4209980.cms
NEP 2016 Draft Inputs and TSRSC Report by MHRD, Govt of India. pdf
NEP 2019 Draft by MRRD, Govt of India. https://www.mhrd.gov.in/sites/upload_files/mhrd/files/nep/English1.pdf.
NEP 2020 Final by Ministry of Education/MHRDS, Govt of India. https://www.mhrd.gov.in/sites/upload_files/mhrd/files/NEP_Final_English_0.pdf

Share this link