ജെ.എൻ.യു. സമരത്തിൽ ഇടത് സംഘടനകളും പുരോഗമന സംഘടനകളും പങ്കാളികളാകാത്തതെന്തേ?
ജനാധിപത്യത്തെ നിലനിർത്താൻ ഇന്ത്യൻ സർക്കാരിനെതിരെ പൊരുതുന്നുവെന്ന് വലിയ വർത്തമാനങ്ങൾ പറയുന്ന പുരോഗമന സംഘടനകൾ ഈ കാമ്പസിനുള്ളിൽ സംവരണം അട്ടിമറിക്കപ്പെടുമ്പോൾ എന്തുകൊണ്ടാണ് നിശ്ശബ്ദരാകുന്നത്? എന്തുകൊണ്ടാണ് ഈ സമരത്തെ നയിക്കാൻ മുന്നോട്ടുവരാത്തത്? ഈ കാമ്പസിനുള്ളിൽ ദലിത്, ആദിവാസി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾ എക്കാലവും നിങ്ങളുടെ വോട്ടുബാങ്ക് മാത്രമായിരിക്കണോ? ജെ.എൻ.യു.വിൽ ഞങ്ങൾ മരിച്ചുവീഴണോ? ഒരു ബനിയയോ താക്കൂറോ രാജ്പുതോ ഞങ്ങളുടെ ശവത്തിന് മുകളിൽ കയറിനിന്ന് നേതാവാകാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കണോ? സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് BAPSA പ്രസിഡന്റ് ക്രാന്തി കുമാർ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു.) 2026–27 അധ്യയനവർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിൽ എസ്.സി/എസ്.ടി സംവരണം അട്ടിമറിച്ചതിനെതിരെ BAPSA ആരംഭിച്ച അനിശ്ചിതകാല സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജെ.എൻ.യു. ഭരണകർത്താക്കൾക്കെതിരെ ഇത്രയും വലിയ പ്രതിഷേധമുണ്ടാകാനുള്ള പ്രധാന കാരണം ഇവിടുത്തെ സംവരണ അട്ടിമറിയാണ്. കുറച്ചുനാൾ മുമ്പ് ഈ കാമ്പസിൽ വന്ന പി.എച്ച്.ഡി. പ്രവേശന വിജ്ഞാപനം ഞങ്ങൾ പരിശോധിച്ചു. ഈ രാജ്യത്ത് ദലിത്, ആദിവാസി, ഒ.ബി.സി. വിഭാഗങ്ങൾക്ക് പഠിക്കാനുള്ള അവസരം ലഭിച്ചത് നീണ്ട സമരത്തിനൊടുവിലാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയാണ് നമുക്ക് ആ അവസരം നൽകിയത്. ഒ.ബി.സിക്ക് 27 ശതമാനവും പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗ വിഭാഗത്തിന് 7.5 ശതമാനവും സംവരണവും അർഹമായ പ്രാതിനിധ്യവും ഭരണഘടന നൽകിയിട്ടുണ്ട്. എന്നാൽ ഈ വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിൽ പട്ടികവർഗ വിഭാഗത്തിന് ലഭിക്കേണ്ടിയിരുന്ന 7.5 ശതമാനം സംവരണം അനുസരിച്ച് 53 സീറ്റുകൾ ലഭിക്കേണ്ടതായിരുന്നു. എന്നാൽ എസ്.ടി. വിഭാഗത്തിന് നൽകിയത് വെറും 38 സീറ്റുകൾ മാത്രമാണ്.
ഇത് കാണിക്കുന്നത് 38 സീറ്റുകൾ മാത്രം നൽകി എസ്.ടി. വിഭാഗത്തിന്റെ ബാക്കി 15 സീറ്റുകൾ കവർന്നെടുത്തു എന്നാണ്. അതുപോലെ പട്ടികജാതി വിഭാഗത്തിന്റെ 3 സീറ്റുകളും കവർന്നെടുത്തിരിക്കുന്നു. ഈ കാമ്പസിൽ സംവരണം എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്നും ഈ ഹിന്ദുത്വ ഭരണകൂടം ആ സമൂഹങ്ങളുടെ ജീവിതം തകർക്കാൻ വേണ്ടി എങ്ങനെയാണ് രംഗത്തിറങ്ങിയിരിക്കുന്നതെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. ഈ വർഷം അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള 86 പി.എച്ച്.ഡി. പ്രോഗ്രാമുകളുടെ വിജ്ഞാപനം വന്നപ്പോൾ, അതിൽ 56 ഡിപ്പാർട്ട്മെന്റുകളിലും പട്ടികജാതി വിഭാഗത്തിന് സീറ്റുകൾ പൂജ്യമായിരുന്നു. ഇതിനെക്കുറിച്ച് പഠനം നടത്തി ഞങ്ങൾ ചില കണക്കുകൾ പുറത്തുകൊണ്ടുവന്നു. 2024, 2025 മുതൽ വിവിധ ഘട്ടങ്ങളിലായി നൂറുകണക്കിന് സീറ്റുകൾ ഉണ്ടായിരുന്നിട്ടും എസ്.ടി. വിഭാഗത്തിന് ഒരു സീറ്റ് പോലും ലഭിക്കാത്ത അവസ്ഥയുണ്ടായി.
ഇന്ത്യാ രാജ്യത്ത് യാതൊരു സമരവുമില്ലാതെ നടപ്പിലാക്കിയ ഒന്നാണ് മുന്നോക്ക സമുദായ സംവരണം (EWS). അതിനെക്കുറിച്ച് യാതൊരു ഡാറ്റയും കൈവശമില്ല. എന്നാൽ 2019-ൽ ഇ.ഡബ്ല്യു.എസ്. സംവരണം നിലവിൽ വന്നപ്പോൾ, ജെ.എൻ.യു. മുതൽ ഉന്നതവിദ്യാഭ്യാസ മേഖലകളിലെല്ലാം ആ പോളിസി നൂറുശതമാനവും ഈ രാജ്യത്ത് നടപ്പിലാക്കപ്പെട്ടു. എന്നാൽ ഈ രാജ്യത്തെ ഭൂരിപക്ഷ ജനവിഭാഗമായ ബഹുജൻ സമൂഹത്തിന്റെ പ്രാതിനിധ്യവും സംവരണവും ഇല്ലാതാക്കാൻ വേണ്ടി, ജെ.എൻ.യുവിലെയും പുരോഗമന സർവകലാശാലകളുടെയും പേരിൽ നമ്മുടെ സമുദായത്തിലെ വിദ്യാർഥികളുടെ സ്വപ്നങ്ങൾ തച്ചുടയ്ക്കുന്ന ജോലിയാണ് നടക്കുന്നത്. ഇത് കേട്ട് എനിക്ക് അതിശയം തോന്നുന്നു. ഏത് സർവകലാശാലയാണോ പുരോഗമനപരമാണെന്ന് അവകാശപ്പെടുന്നത്, ഏത് സർവകലാശാലയാണോ സാമൂഹികനീതിക്കായുള്ള പോരാട്ടങ്ങളുടെ വേദിയാണെന്ന് ചിത്രീകരിക്കപ്പെടുന്നത്, ഏത് സർവകലാശാലയാണോ ലോകത്ത് ജനാധിപത്യത്തെ ജീവനോടെ നിലനിർത്താൻ സംസാരിച്ചുവെന്ന് പറയപ്പെടുന്നത്, ആ സർവകലാശാലയുടെ കാര്യങ്ങളാണ് ഡൽഹിയിലെ തെരുവുകളിൽ ഇന്ന് കേൾക്കേണ്ടിവരുന്നത്.
ഈ രാജ്യത്തെ സർക്കാരിനെതിരെ സമരം ചെയ്ത് രാജ്യത്തെ നിലനിർത്താൻ വേണ്ടി വലിയ വലിയ വർത്തമാനങ്ങൾ പറയുന്ന പുരോഗമന സംഘടനകൾ ഈ കാമ്പസിന്റെ കോണുകളിൽ പോയി സംസാരിക്കാറുണ്ട്. ആ പുരോഗമന സംഘടനകളോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു: നിങ്ങളാണ് സാമൂഹികനീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത്. എന്നാൽ ഇതേ കാമ്പസിൽ ദലിത്-ആദിവാസി സംവരണങ്ങൾ അട്ടിമറിക്കപ്പെടുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ ഈ സമരത്തെ നയിക്കാൻ മുന്നോട്ടുവരാത്തത്?
ഡോ. അംബേദ്കറുടെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജെ.എൻ.യു. ഭരണകൂടത്തിന്റെ മുഖത്ത് നോക്കിക്കൊണ്ടാണ് ഞങ്ങൾ ഈ പ്രക്ഷോഭം നടത്തുന്നത്. വിദ്യാർഥി സമൂഹത്തിനും ദലിത്-ആദിവാസി-ഒ.ബി.സി. വിദ്യാർഥികൾക്കും ഞങ്ങൾ കാര്യങ്ങൾ വ്യക്തമാക്കിക്കൊടുത്തു. അഡ്മിനിസ്ട്രേഷൻ എങ്ങനെയാണ് നമ്മുടെ കുട്ടികൾക്കും സംവരണത്തിനും എതിരായി പ്രവർത്തിക്കുന്നത് എന്ന് ഞങ്ങൾ ബോധ്യപ്പെടുത്തി.
ഒരുവശത്ത് ഈ കാമ്പസിനെ നശിപ്പിക്കാൻ വേണ്ടിയും ബഹുജൻ സമൂഹത്തെ ഇല്ലാതാക്കാൻ വേണ്ടിയും പ്രവർത്തിക്കുന്ന തീവ്രവലതുപക്ഷത്തെ നമ്മൾ കാണുന്നു. മറുവശത്ത്, പുരോഗമനത്തിന്റെ പേരിൽ ഇടതുപക്ഷത്തിന്റെ കാപട്യം നിറഞ്ഞ രാഷ്ട്രീയവും ഈ കാമ്പസിൽ നമ്മൾ കാണുന്നു. മറ്റ് പാർട്ടികളോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്: ആദിവാസി-ദലിത് വിഭാഗങ്ങളുടെ സംവരണ വിഷയത്തിൽ ഒരു ഔദ്യോഗിക പ്രസ്താവന പോലും പുറത്തിറക്കാൻ നിങ്ങൾക്ക് ഇത്രയും വൈകിയത് എന്തേ? ഞങ്ങൾ ഇവിടെ അനിശ്ചിതകാല സമരം നടത്തുന്ന സ്ഥലത്തിരിക്കുകയാണല്ലോ. ജെ.എൻ.യു.എസ്.യു.വിലെ (JNUSU) വളരെ വലിയൊരു പ്ലാറ്റ്ഫോമാണിത്. മുഴുവൻ വിദ്യാർഥി സമൂഹവും നിങ്ങളുടെ മാർച്ചിൽ പങ്കെടുത്തു. എന്നാൽ ആ സമരപ്പന്തലിലെ മാനിഫെസ്റ്റോയിൽ ആദിവാസി സംവരണവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് വിഷയം ഉൾപ്പെടുത്താത്തത് എന്തേ? എന്തുകൊണ്ടാണ് ഈ വിഷയം അവിടെ വരാത്തത്?
ഞങ്ങൾ നിങ്ങളുടെ മുഖത്ത് നോക്കിക്കൊണ്ട് ചോദിക്കുകയാണ്. വലതുപക്ഷക്കാരോടും ഞങ്ങൾ ഇത് ചോദിക്കുന്നു, ഇടതുപക്ഷത്തോടും ഞങ്ങൾ ഇത് ചോദിക്കുന്നു: ഈ കാമ്പസിനുള്ളിൽ ദലിത്, ആദിവാസി, ഒ.ബി.സി., മൈനോറിറ്റി വിഭാഗങ്ങൾ എക്കാലവും നിങ്ങളുടെ വോട്ടുബാങ്ക് മാത്രമായിരിക്കണോ? ഈ കാമ്പസിനുള്ളിൽ ഞങ്ങൾ മരിച്ചുവീഴണോ? ഒരു ബനിയയോ താക്കൂറോ രാജ്പുതോ നമ്മുടെ ശവത്തിനു മുകളിൽ കയറി നിന്ന് നേതാവാകാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കണോ? അവരോടാണ് ഞാൻ ഇത് ചോദിക്കുന്നത്, അവരോട് കാര്യങ്ങൾ വ്യക്തമാക്കാനാണ് ഞാനിത് പറയുന്നത്.
ഇനി ഈ കാമ്പസിനുള്ളിലോ ഈ രാജ്യത്തോ ഒരു ദലിതോ ആദിവാസിയോ ഒ.ബി.സി.ക്കാരനോ മുസ്ലിമോ അപമാനിതനായി മരിച്ചുവീഴില്ല. നിങ്ങളുടെ ഈ ബ്രാഹ്മണ്യവ്യവസ്ഥയെ ഈ കാമ്പസിനുള്ളിൽ ഞങ്ങൾ കത്തിച്ചുകളയും. ഇത് നന്നായി ഓർത്തുവെച്ചോളൂ, ഇത് നന്നായി മനസ്സിൽ വെച്ചുകൊള്ളൂ.
ബാപ്സയുമായി ജെ.എൻ.യു. അഡ്മിനിസ്ട്രേഷൻ രണ്ട് തവണ ഡെലിഗേഷൻ മീറ്റിംഗ് നടത്തി. ഞങ്ങൾ ഭരണകൂടത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സംവരണ അട്ടിമറിയുമായി ബന്ധപ്പെട്ട് രൂപീകരിക്കാൻ പോകുന്ന കമ്മിറ്റിയിൽ ഏത് പ്രൊഫസർ വേണമെന്ന് ബാപ്സ നിർദ്ദേശിക്കുമെന്നും ആ പ്രൊഫസർമാരായിരിക്കും കമ്മിറ്റിയെ നിരീക്ഷിക്കുകയെന്നും. ആ കമ്മിറ്റിയിൽ ബാപ്സയുടെ സ്വന്തം പ്രതിനിധികളും ഉണ്ടായിരിക്കും. ഏത് ഡിപ്പാർട്ട്മെന്റിലാണ്, ഏത് സെന്ററിലാണ് നിങ്ങളുടെ ജാതിവെറി പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തി ഈ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടും. അഡ്മിനിസ്ട്രേഷനോട് ഞങ്ങൾ ഇതും വ്യക്തമാക്കിയിട്ടുണ്ട്: പട്ടികവർഗ വിഭാഗത്തിന് 15 സീറ്റുകളും പട്ടികജാതി വിഭാഗത്തിന് 3 സീറ്റുകളും വീണ്ടും വിജ്ഞാപനം (re-notify) ചെയ്യണമെന്ന്.
എന്നാൽ ജെ.എൻ.യു.എസ്.യുവും ജെ.എൻ.യു. അഡ്മിനിസ്ട്രേഷനും ചേർന്ന് എങ്ങനെയാണ് വഞ്ചന കാണിച്ചതെന്ന് നമ്മൾ കാണുന്നുണ്ട്. പക്ഷേ ഞങ്ങൾ ഭയപ്പെടാൻ പോകുന്നില്ല. അഡ്മിനിസ്ട്രേഷൻ വിജ്ഞാപനവുമായി മുന്നോട്ടുവന്ന അതേ രാത്രി തന്നെ ബാപ്സ ഒരു പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഞങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറായില്ലെങ്കിൽ ഈ കാമ്പസിൽ വൈവ എങ്ങനെ നടക്കുമെന്ന് ഞങ്ങൾ കാണിച്ചുതരാമെന്ന്. ഇത് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന സംഘടനയല്ല. നിക്കർ ധരിച്ച് മാപ്പ് ചോദിച്ചു നടക്കുന്ന ബി.ജെ.പിയുടെ സംഘടനയല്ല ഞങ്ങൾ. ഞങ്ങൾ ബാബാസാഹേബ് അംബേദ്കറുടെ പാതയിലൂടെ സഞ്ചരിക്കുന്ന അംബേദ്കറൈറ്റുകളാണ്!
ആദരണീയനായ ജയറാംജിയുടെ വാക്കുകൾ ഓർക്കുക. ഈ കാമ്പസിൽ ദലിത്, ആദിവാസി, ഒ.ബി.സി. വിദ്യാർഥികൾക്കൊപ്പം ബാപ്സ ഉറച്ചുനിൽക്കുന്നു. ഞങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്, നിങ്ങൾ വൈവ നടത്തുകയാണെങ്കിൽ ആ സെന്ററുകളിലേക്ക് ഞങ്ങൾ ഇരച്ചുകയറും, ആ അഡ്മിനിസ്ട്രേഷനുള്ളിലേക്ക് ഞങ്ങൾ കയറിച്ചെല്ലും, ആ ഡിപ്പാർട്ട്മെന്റുകളിലേക്ക് ഞങ്ങൾ പ്രവേശിക്കും. ഏത് ഡിപ്പാർട്ട്മെന്റിലാണോ വൈവ നടക്കുന്നത്, ആ മുഴുവൻ പ്രക്രിയയും ഞങ്ങൾ തടസ്സപ്പെടുത്തും. ഈ കാമ്പസിനുള്ളിൽ പട്ടികജാതി വിഭാഗത്തിനായി 3 സീറ്റുകളും പട്ടികവർഗ വിഭാഗത്തിനായി 15 സീറ്റുകളും പുനർവിജ്ഞാപനം (re-notify) ചെയ്യുന്നത് വരെ ഈ കാമ്പസിൽ ഒരു വൈവയും നടത്താൻ ഞങ്ങൾ അനുവദിക്കില്ല. ഈ കാമ്പസിൽ ഒരു വൈവയും നടക്കില്ല. ഞങ്ങൾ ഈ നിലപാടിൽ ഉറച്ചുനിൽക്കും.
ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ബാപ്സ രാപ്പകലില്ലാതെ ഈ അനിശ്ചിതകാല സമരത്തിലൂടെ പോരാടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ ആദിവാസി സമൂഹത്തിന്റെ പ്രാതിനിധ്യത്തിനുവേണ്ടിയാണ് പോരാടുന്നത്, ദലിത് പ്രാതിനിധ്യത്തിനുവേണ്ടിയാണ് പോരാടുന്നത്. ഈ കാമ്പസിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പ്രാതിനിധ്യം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അവിടങ്ങളിലെല്ലാം വിവേചനങ്ങളാണ് നടക്കുന്നത്. എസ്.സി., എസ്.ടി., ഒ.ബി.സി. പ്രൊഫസർമാരുടെ പ്രമോഷനുകൾ അവർ തടഞ്ഞുവെക്കുന്നു. ദലിത്-ആദിവാസി-ഒ.ബി.സി. വിദ്യാർഥികൾ ഇവിടെ സമരം ചെയ്യുന്നുണ്ടെങ്കിൽ അവരോട് സംസാരിക്കേണ്ടതില്ലെന്നും ഞങ്ങളുടെ കാര്യങ്ങൾ നിങ്ങൾ നോക്കിക്കൊള്ളാമെന്നുമാണ് നിങ്ങളുടെ വിചാരമെങ്കിൽ, അത് നടക്കില്ല!
ഈ കാമ്പസിനുള്ളിൽ ആദിവാസി വിദ്യാർഥികൾക്കായി ഒഴിവുണ്ടായിരുന്ന 15 സീറ്റുകളും എസ്.സി. വിഭാഗത്തിന് ഒഴിവുണ്ടായിരുന്ന 3 സീറ്റുകളും എത്രയും പെട്ടെന്ന് വീണ്ടും വിജ്ഞാപനം ചെയ്യണമെന്നും ഈ വർഷം തന്നെ ഈ സെഷനിൽ അഡ്മിഷൻ നടത്തണമെന്നും ഞങ്ങൾ പറയുന്നു. ഇത് നടന്നില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ നിങ്ങൾ അനുഭവിക്കേണ്ടിവരും.
കൂട്ടുകാരേ, മറ്റൊരു കാര്യം കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്ന രീതിയും ബാപ്സയുടെ പ്രസ്താവനയ്ക്ക് ശേഷം തുടർച്ചയായി ഓരോ സംഘടനയുടെയും ലഘുലേഖകൾ വരുന്നതും നാം കാണുന്നുണ്ട്. ജെ.എൻ.യു.എസ്.യു. (JNUSU) ഈ കാമ്പസിനുള്ളിൽ ഈ വിഷയം നയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ജെ.എൻ.യു.എസ്.യുവിന് ഒരു പ്രസ്താവന പുറത്തിറക്കാൻ ഇത്രയും ദിവസങ്ങൾ എടുത്തത് എന്തുകൊണ്ടാണ്? ഞങ്ങളുടെ ഈ വിഷയത്തിനും സമരത്തിനും വേണ്ടി ഈ കാമ്പസിനുള്ളിൽ ജെ.എൻ.യു.എസ്.യു. എന്തുകൊണ്ട് ആഹ്വാനം നൽകിയില്ല? ഈ സമരവുമായി ബന്ധപ്പെട്ട് ഒരു സംഘടന പോലും നമ്മുടെ കൂടെ നിന്നിട്ടില്ല. നമ്മുടെ സമരം വരുമ്പോൾ ആരും കൂടെയുണ്ടാവില്ലെന്ന യാഥാർഥ്യമാണ് ഇത് വ്യക്തമാക്കുന്നത്.
നാം മരിക്കുന്നത് കാത്തിരുന്ന്, നമ്മുടെ ശവത്തിന്മേൽ രാഷ്ട്രീയം കളിക്കാൻ ഇവർ ശ്രമിക്കും. അതുകൊണ്ടാണ് ഇന്ന് ആരും നമ്മുടെ കൂടെയില്ലെങ്കിലും നമ്മൾ ഇവിടെ ഇരിക്കുന്നത്. ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകും. ഈ സമരം ഇനി 15 സീറ്റുകളിൽ മാത്രം ഒതുങ്ങില്ല. ഈ രാജ്യത്ത് നടക്കുന്ന സ്ഥാപനപരമായ വിവേചനത്തിനെതിരെ, സാഹിലിനെപ്പോലെയുള്ള വിദ്യാർഥികളെ ഉപദ്രവിക്കുന്നതിനെതിരെ, ഞങ്ങൾ ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകും. ഈ കാമ്പസിനുള്ളിൽ യുവജനങ്ങൾക്കെതിരെ നടക്കുന്ന വിവേചനത്തിനെതിരെ ഞങ്ങൾ പോരാടും. പ്രമോഷൻ തടയുന്നവർക്കെതിരെ ഞങ്ങൾ പോരാടും. ഈ കാമ്പസിൽ ഏറ്റവും കൂടുതൽ ഡ്രോപ്പ് ഔട്ട് റേറ്റ് ഉള്ളത് ബഹുജൻ വിദ്യാർഥികൾക്കാണ്. അവർക്കുവേണ്ടി ഞങ്ങൾ പോരാടും. ബാപ്സയുടെ ആവശ്യങ്ങൾ മുഴുവൻ നിറവേറ്റപ്പെടുന്നതുവരെ ബാപ്സ ഇവിടെത്തന്നെ നിൽക്കും, ഈ കാമ്പസിനുള്ളിൽ അനിശ്ചിതകാല സമരം തുടരും.
ഈ കാമ്പസിനുള്ളിൽ, ഈ വർഷത്തെ ജെ.എൻ.യു.എസ്.യു. നേതൃത്വത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായ ഒരു കാര്യം, ഈ ജെ.എൻ.യു.എസ്.യു. നേതൃത്വം ഏറ്റവും കഴിവുകെട്ട നേതൃത്വമാണ് എന്നതാണ്. അവർ അവരുടെ രാഷ്ട്രീയത്തിനുവേണ്ടി മാത്രം വർഷം മുഴുവൻ നാടകം കളിച്ച് ഇവിടെയും അവിടെയും നടന്നു. പെട്ടെന്ന് രാത്രിക്കുരാത്രി തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ പോകുകയാണെന്ന് കരുതി ഇവിടെ വന്ന് സമരത്തിലിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് കണ്ട് അവർ പെട്ടെന്ന് ഓടിപ്പോയി.
ബാപ്സ ചോദിക്കുന്നു: നിങ്ങൾ എന്തിനാണ് ഓടിപ്പോകുന്നത്? എന്തുകൊണ്ട് നിങ്ങൾക്ക് വിദ്യാർഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ കഴിയാത്തത്? വിദ്യാർഥികളെ എന്തുകൊണ്ട് അണിനിരത്താൻ കഴിയുന്നില്ല? വിദ്യാർഥി മുന്നേറ്റവും വിദ്യാർഥി വിഷയങ്ങളും മുൻനിർത്തി ഒരു വലിയ വിദ്യാർഥി പ്രസ്ഥാനം എന്തുകൊണ്ട് രൂപീകരിക്കാൻ കഴിയുന്നില്ല? വരുന്ന കാലത്ത് ബാപ്സ ഈ കാമ്പസിനുള്ളിലെ ഓരോ കുട്ടിയോടും സംസാരിക്കും. ഈ ജെ.എൻ.യു.വിനുള്ളിൽ ഒരു വലിയ റാഡിക്കൽ വിദ്യാർഥി പ്രസ്ഥാനം കെട്ടിപ്പടുക്കും. വരുന്ന കാലത്ത് ഈ കാമ്പസിൽ ഞങ്ങൾ ഇത് കാണിച്ചുതരും. ജെ.എൻ.യു. തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ശക്തമായ ഒരു നേതൃത്വം ആവശ്യമാണ്. ആ നേതൃത്വം ഈ കാമ്പസിൽ ഒരു ബഹുജൻ-അംബേദ്കറൈറ്റ് സംഘടനയ്ക്ക് നൽകാൻ കഴിയും. ഞങ്ങൾ ഈ കാമ്പസിനുള്ളിൽ വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും കണ്ടിട്ടുണ്ട്. വർഷങ്ങളായി നമ്മങ്ങൾ കാണുന്നു, ഇവരുടെ നേതൃത്വം ഏറ്റവും ദുർബലമായ നേതൃത്വമാണിപ്പോൾ.
ഈ കാമ്പസിനുള്ളിൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ ശബ്ദം മുഴങ്ങേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിന് നീതി ലഭിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു സംഘടന നമ്മളുടെ കൂടെ നിൽക്കുമ്പോഴേ, നമ്മുടെ പ്രസ്ഥാനത്തെ നയിക്കുമ്പോഴേ, നമ്മുടെ പ്രസ്ഥാനത്തിൽ നിന്ന് സ്വന്തം നേതാക്കൾ ഉണ്ടാകുമ്പോഴേ ഈ പ്രസ്ഥാനം മുന്നോട്ട് പോകൂ. ഈ വാക്കുകളോടെ ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.